മാഹി: ലോക ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ‘തണുപ്പേറിയ ഭൂമിക്കായി ഓസോൺ സംരക്ഷണവും കാലാവസ്ഥാ പ്രവർത്തനവും’ എന്ന വിഷയത്തിൽ ശേഷിവികസന ശിൽപ്പശാല മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്സ് കോളേജിൽ സംഘടിപ്പിച്ചു. പുതുച്ചേരി മലിനീകരണ നിയന്ത്രണ സമിതിയുടെയും പുതുച്ചേരി EIACP പി.സി. ഹബ്ബിന്റെയും സഹകരണത്തോടെ കോളേജിലെ പി.ജി. ബോട്ടണി വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്.
കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കെ. ശിവദാസൻ അധ്യക്ഷനായി. മാഹി എംഎൽഎ അഡ്വ. ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ബോട്ടണി വിഭാഗം മേധാവിയും പ്രോഗ്രാം കോഓർഡിനേറ്ററുമായ ഡോ. ജി. പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പി.ടി.എ. സെക്രട്ടറിയുമായ ഷിജിത്ത് ടി. ആശംസ നേർന്നു. ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ. ശശികല നന്ദി പറഞ്ഞു.
തുടർന്ന് നടന്ന സാങ്കേതിക സെഷനുകളിൽ കാലിക്കറ്റ് സർവകലാശാല പരിസ്ഥിതി ശാസ്ത്ര വിഭാഗം മേധാവിയും റിസർച്ച് ഡയറക്ടറുമായ പ്രൊഫ. (ഡോ.) സി.സി. ഹരിലാൽ, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഫിസിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. നിഷാന്ത് ടി., മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്സ് കോളേജ് സുവോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറും ഐക്യുഎസി കോഓർഡിനേറ്ററുമായ ഡോ. കെ.എം. ഗോപിനാഥൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.
അന്തരീക്ഷത്തിന്റെ പരിണാമം, ഓസോൺ പാളിയുടെ പ്രാധാന്യം, അന്തരീക്ഷ ഓസോണിന്റെ രസതന്ത്രം, വായുഗുണനിലവാരം, പരിസ്ഥിതി ആഘാതങ്ങൾ, ഓസോൺ ശോഷണം ജൈവവൈവിധ്യത്തെ ബാധിക്കുന്ന വിധം, പ്രതിരോധ നടപടികൾ തുടങ്ങിയ വിഷയങ്ങൾ ശിൽപ്പശാലയിൽ ചർച്ച ചെയ്തു. സംവാദവും അഭിപ്രായശേഖരണവും വാലഡിക്ടറി സെഷനും നടന്നു.
കസ്തൂർബാഗാന്ധി ഗവ. ഹൈസ്കൂളിൽ ശാസ്ത്രമേള
പള്ളൂർ: കസ്തൂർബാഗാന്ധി ഗവ. ഹൈസ്കൂളിൽ ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്രമേള സംഘടിപ്പിച്ചു. റിട്ട. എ.ഇ.ഒ. കെ. തിലകൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി. സീതാലക്ഷ്മി അധ്യക്ഷയായി. ശാസ്ത്രാധ്യാപിക വി.പി. ഷമീദ സ്വാഗതവും സീനിയർ അധ്യാപിക കെ.ടി. രാധിക നന്ദിയും പറഞ്ഞു.
വിദ്യാർഥികൾ തയ്യാറാക്കിയ ഓസോൺ ദിന ചുവർപത്രികകൾ സമർപ്പിച്ചു. ശ്രീനന്ദ, റിയ ഫാത്തിമ, ലക്ഷ്മിക എന്നിവർ ഓസോൺ ദിന സന്ദേശം അവതരിപ്പിച്ചു. വിദ്യാർഥികൾ തയ്യാറാക്കിയ കൗതുകകരമായ ശാസ്ത്ര എക്സിബിറ്റുകളും മേളയിൽ പ്രദർശിപ്പിച്ചു.
തലശ്ശേരിയുടെ ശാസ്ത്രജ്ഞ ജാനകിയമ്മാൾ, മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം, സർ സി.വി. രാമൻ, മേരി ക്യൂറി എന്നിവരുടെ വേഷമണിഞ്ഞ വിദ്യാർഥികളും മേളയുടെ ഭാഗമായി.
സാങ്കേതികവിദ്യകളുടെ വാണിജ്യവൽക്കരണം: മാഹി കോ-ഓപ്പറേറ്റീവ് കോളേജിൽ സെമിനാർ സംഘടിപ്പിച്ചു
മാഹി: പള്ളൂർ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജിയിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലന സെമിനാർ സംഘടിപ്പിച്ചു. കോളേജിലെ ഗവേഷണ വികസന വിഭാഗവും ഇന്നവേഷൻ കൗൺസിലും സംയുക്തമായാണ് സാങ്കേതികവിദ്യകളുടെ വാണിജ്യവൽക്കരണം, ലൈസൻസിങ് രീതികൾ, കൈമാറ്റ തന്ത്രങ്ങൾ എന്നീ വിഷയങ്ങളിൽ പരിപാടി നടത്തിയത്. കോളേജ് പ്രിൻസിപ്പൽ ഡോ. സി.ജി. ലക്ഷ്മിദേവി അധ്യക്ഷത വഹിച്ച സെമിനാറിൽ തലശ്ശേരി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ഗണിതശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി. ഉമേഷ് മുഖ്യപ്രഭാഷണം നടത്തി. പുതിയ കണ്ടെത്തലുകളെയും സാങ്കേതികവിദ്യകളെയും എങ്ങനെ വിജയകരമായി വിപണിയിലെത്തിക്കാമെന്നും അതിന്റെ നിയമപരമായ വശങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും, കേവലം ആശയങ്ങളിൽ ഒതുങ്ങാതെ അവയെ സമൂഹത്തിന് ഉപകാരപ്രദമായ രീതിയിൽ മാറ്റിയെടുക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പരിപാടിയുടെ കോർഡിനേറ്ററുമായ അനഘ അച്യുതൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ചിത്ര വിവരണം:കോളേജ് പ്രിൻസിപ്പൽ ഡോ. സി.ജി. ലക്ഷ്മിദേവി അധ്യക്ഷഭാഷണം നടത്തുന്നു
മയ്യഴി പൗരാവലിയുടെ സ്വീകരണത്തിൽ ജനശബ്ദം മാഹി പ്രതിനിധി ആർട്ടിസ്റ്റ് സതി ശങ്കർ എം.മുകുന്ദന് ഉപഹാരം സമർപ്പിക്കുന്നു..
തലശ്ശേരി ജില്ലാ രൂപീകരണം കാലഘട്ടത്തിന്റെ ആവശ്യം :കെ കെ മാരാർ
തലശ്ശേരി :ജില്ലാ രൂപീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചരിത്രകാരനും ചിത്രകാരനുമായ കെ കെമാരാർപ്രസ്താവിച്ചു.തലശ്ശേരി ജില്ലാ രൂപീകരണ ആക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരിയുടെ പ്രൗഢമായ ചരിത്ര പാരമ്പര്യവും 160 വർഷക്കാലം വടക്കേ മലബാറിന്റെ ആസ്ഥാനവുമായിരുന്ന കാര്യവും പരിഗണിച്ച് തലശ്ശേരി ജില്ലാ രൂപീകരണം നടക്കേണ്ടതുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. ജില്ലാരൂപീകരണത്തിന്റെ ആവശ്യകതയും ആയതിന്റെരൂപരേഖയും വിശദമായി സമർപ്പിച്ചുകൊണ്ട് ഡോക്ടർ രാജീവ് നമ്പ്യാർ മുഖ്യപ്രഭാഷണം നടത്തി.
മേജർപി. ഗോവിന്ദൻ , തലശ്ശേരി മുനിസിപ്പൽ കൗൺസിലർ റാഷിദ ടീച്ചർ തുടങ്ങി തലശ്ശേരിയിലെ വിവിധ .സാംസ്കാരിക സാമൂഹിക സംഘടനാ പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു. ജില്ലാ ആക്ഷൻ ഫോറം സെക്രട്ടറി മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് രഞ്ജിത്ത് രാഘവൻ സ്വാഗതവും, കോഡിനേറ്റർ മുഹമ്മദ് അലി നന്ദിയും പറഞ്ഞു.
ചിത്ര വിവരണം: കെ.കെ. മാരാർ ഉദ്ഘാടനം ചെയ്യുന്നു
എം സജികുമാർ നിര്യാതനായി
പൊന്ന്യം: ചുണ്ടങ്ങാപൊയിൽ കടമ്പിൽ ക്ഷേത്രത്തിനു സമീപം എം സജികുമാർ (55) നിര്യാതനായി. യംഗ്സ്റ്റാറിന് സമീപം സി എം സ്റ്റോർ ഉടമ ആയിരുന്നു.. ഭാര്യ മിനി മകൾ നിയ സഹോദരങ്ങൾ കൗസു. ശ്രീധരൻ. മുകുന്ദൻ.മോഹനൻ. വസന്ത. ബാലകൃഷ്ണൻ.
സംസ്ക്കാരം വ്യാഴം ഉച്ചയോടെ
വ്യാപാരി ദ്രോഹ നയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു
മാഹി:മുനിസിപ്പാലിറ്റിയുടെ വ്യാപാരികളോടുള്ള ദ്രോഹ നടപടികൾ അവസാനിപ്പിക്കുക,
മാഹി സെന്റ് തെരേസാ ബസിലിക്ക തിരുനാളോടനുബന്ധിച്ച് നടത്തുന്ന ചന്തകൾക്കുള്ള ലേലം വിളിയിൽ മുനിസിപ്പൽ ഷോപ്പിംഗ്കോംപ്ലെക്സിനു മുൻപിലുള്ള സ്ഥലം ലേലം ചെയ്യുന്നത് നിർത്തി വെക്കുക,
തിരുനാളോടനുബന്ധിച്ച് പുഴയോര നടപ്പാതയിലും, .പാർക്കിങ് ഗ്രൗണ്ടിലും വഴിയോരങ്ങളിലും വ്യാപാരംനടത്തുന്നവരെടെമ്പററിലൈസൻസിന്റെ പേരിൽ ബുദ്ധിമുട്ടിപ്പിക്കുന്നതു ഒഴിവാക്കുക ..
മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്‌സിലെ ടോയ്ലറ്റ് സംവിധാനം ഉപയുക്തമാക്കുക,
തീർത്ഥാടകരിൽ നിന്നും വാഹനങ്ങളുടെ പാർക്കിങ് ഫീസ് ഈടാക്കുന്നത് ഒഴിവാക്കുക.
തിരുനാളിനു മുൻപായി ടൗണിൽ അലഞ്ഞു തിരിയുന്ന തെരുവ് നായ ശല്യത്തിന് പരിഹാരം കാണുകയും ചെയ്യണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ അടങ്ങിയ നിവേദനം മാഹി റീജിയണൽ അഡ്മിനിനിസ്ട്രേറ്റർക്കും, മാഹി എം.എൽ.എ ക്കും നൽകുകയും ചെയ്തതായി
വാർത്താ സമ്മേളനത്തിൽ ചെയർമാൻ
കെ.കെ.അനിൽകുമാർ അറിയിച്ചു. പ്രശ്നപരിഹാരമുണ്ടാകുന്നില്ലെങ്കിൽ, പെരുന്നാൾ വേളയിൽ ശക്തമായ പ്രതിഷേധം നടത്താൻ നിർബ്ബന്ധിതമാകുമെന്ന്
ഷാജി പിണക്കാട്ട് (വൈസ് ചെയർമാൻ )
കെ.കെ. ശ്രീജിത്ത് (വൈസ് ചെയർമാൻ )
ഷാജു കാനത്തിൽ (ജനറൽ സെക്രട്ടറി )
സമീർ അഹമ്മദ് (ട്രഷറർ )എന്നിവർ മുന്നറിയിപ്പ് നൽകി.
പവർകട്ട് ഒഴിവാക്കുക
:എൻ.സി.പി (എസ്.പി )
കണ്ണൂർ. ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്ന പവർകട്ട് അടിയന്തിരമായി പരിഹരിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് എൻ.സി.പി (എസ്.പി)ജില്ലാ നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. അനിൽ പുതിയവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.എം സുരേഷ് ബാബു,പി.കെ.രവീന്ദ്രൻ
എം.പി മുരളി, ഷീബ ലിയോൺ, പി.കെ അബ്ദുറഹ്മാൻ , കെ ജയാനന്ദൻ , വി.വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ,വരക്കൂൽ പുരുഷു, കെ.മുകുന്ദൻ മാസ്റ്റർ, ഒ. സുജേഷ്,
വി.പി.ജയദേവൻ, കെ.എം സുരേഷ് ബാബു, കെ.മുഹമ്മദലി എന്നിവർ സംസാരിച്ചു.
ശൈലജ നിര്യാതയായി.
ന്യൂമാഹി: പെരിങ്ങാടി പോസ്റ്റോഫീന് സമീപം മണ്ടോത്തിൽ ശൈലജ (64) നിര്യാതയായി. പരേതരായ മണ്ടോത്തിൽകേളൻ, നാണിയുടെ മകളാണ്. സഹോദരങ്ങൾ പുരുഷു പരേതരായ നാണു, കുമാരൻ
നിവേദനം നൽകി
വെസ്റ്റ് പള്ളൂർ ഒരുമ റസിഡൻസ് വെൽഫെയർ അസോസിയേഷൻ പരിധിയിലെ പി എം ട്ടി ഷെഡ് - കമ്മ്യൂണിറ്റി ഹാൾ റോഡിലെ നീരുറവ വരുന്ന ഭാഗത്ത്
ഇന്റർ ലോക്ക് ഇടുന്ന പ്രവർത്തിയും മേൽ പ്രദേശത്തുള്ള ജനങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും
ആവശ്യം ഉന്നയിച്ചുകൊണ്ട് ഒരുമ പ്രസിഡണ്ട് രാജൻ കെ പള്ളൂർ, വൈസ് പ്രസിഡണ്ട് കെ എൻ സന്തോഷ് എന്നിവർ മാഹി MLA ടി അശോക് കുമാറിന് നിവേദനം നൽകി.
എത്രെയും പെട്ടെന്ന് അനുഭാവപൂർണ്ണമായ നടപടികൾ സ്വീകരിക്കുമെന്ന് MLA ഉറപ്പ് നൽകി
സുവനിറിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു
മാഹി പ്രസ്സ് ക്ലബ്ബിന്റെ 30ാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീറിലേക്ക് കലാസൃഷ്ടികൾ ക്ഷണിക്കുന്നു. താത്പര്യമുള്ളവർ സൃഷ്ടികൾ സപ്തംബർ 30 നകം മാഹി പ്രസ്സ് ക്ലബ്ബ്, റെയിൽവേ സ്റ്റേഷൻ റോഡ്, ആനവാതുക്കൽ. മാഹി എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് 9846031108.949501553 എന്ന നമ്പറിൽ വിളിക്കുക.
ഭൂമിയുടെ കുടയായ ഓസോൺ പാളിയെ സംരക്ഷിക്കാൻ കുട്ടികൾ പ്രതീകാത്മകമായി കുട നിവർത്തി
മാഹി:ഈസ്റ്റ് പള്ളൂർ ഗവ മിഡിൽ സ്കൂൾ അവറോത്ത് ഓസോൺ ദിനാചരണം വിവിധ പരിപാടികളോടെ നടത്തി ഓസോൺ പാളിയെസംരക്ഷിക്കേണ്ടആവശ്യകതയെക്കുറിച്ച്ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത് ഓസോൺ പാളിക്ക് ദോഷകരവുന്ന വസ്തുക്കളുടെ ഉപയോഗംകുറക്കുകയും പ്രകൃതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് പ്രതിജ്ഞയും എടുത്തു കെ ഷിജിന, വി ജസിയ ടി.എം സജീവൻ ,ശ്രീനന്ദ് കൃഷ്ണ എ പി റിഫാന സംസാരിച്ചു
ചിത്രവിവരണം 'കുട്ടികൾപ്രതീകാത്മകമായി കുട നിവർത്തുന്നു
ചൊക്ലിയിൽ ജനകീയ പ്രശ്നങ്ങൾ കേട്ട് എം.എൽ.എ; 'പറയാം... കേൾക്കാം' ശ്രദ്ധേയമായി
ചൊക്ലി: ജനപങ്കാളിത്തം കൊണ്ടും മിടുറ്റ സംഘാടനം കൊണ്ടും ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 'പറയാം... കേൾക്കാം' പരിപാടി നാടിന് പുതിയ അനുഭവമായി. തലശ്ശേരി എം.എൽ.എ കാരായി രാജന്റെ മുൻപാകെ 62 നിവേദനങ്ങളും 76 നിർദ്ദേശങ്ങളും ഉൾപ്പെടെ നൂറിലധികം ആവശ്യങ്ങളാണ് ബഹുജനങ്ങൾ മൂന്ന് മണിക്കൂർ നീണ്ട പരിപാടിയിൽ അവതരിപ്പിച്ചത്.
ത്രിതല ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ഒന്നിച്ച് വേദിയിലിരുന്ന് ജനങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധയോടെ കേട്ടത് ജനകീയ കൂട്ടായ്മയുടെ മാതൃകയായി.
നിശബ്ദമായി സദസ്സ്; വിങ്ങിപ്പൊട്ടി വിദ്യാർത്ഥികൾ
കഴിഞ്ഞ 38 ദിവസമായി കാണാതായ പ്ലസ് വൺ വിദ്യാർത്ഥി ശിവസൂര്യയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സഹപാഠികളായ മുഴുവൻ കുട്ടികളും ഒപ്പിട്ട നിവേദനം കണ്ണീരോടെ അവതരിപ്പിച്ചപ്പോൾ സദസ്സ് ഒന്നാകെ നിശബ്ദമായി.
പ്രധാന ആവശ്യങ്ങളും നിർദ്ദേശങ്ങളും:
ഭവന നിർമ്മാണം: മേക്കുന്ന് ഉന്നതിയിൽ കാർഡ്ബോർഡ് മറച്ചു ജീവിക്കുന്ന കുടുംബങ്ങൾക്ക് പകരം എട്ട് മാസം മുൻപ് പട്ടയം ലഭിച്ചവർക്കെല്ലാം ആധുനിക രീതിയിലുള്ള വീടുകൾ നിർമ്മിച്ചു നൽകണം.
റോഡ് വികസനം: കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിൽ 2 കോടി അനുവദിക്കുകയും പിന്നീട് റിവൈസ്ഡ് ബജറ്റിൽ ഒഴിവാക്കപ്പെടുകയും ചെയ്ത മേനപ്രം അമ്പലം - കീഴ്മാടം റോഡിന് തുക വകയിരുത്താൻ സർവ്വകക്ഷി ഇടപെടൽ വേണം.
പരിസ്ഥിതിയും കൃഷിയും: കനകമലയിലെ വറ്റാത്ത നീരുറവ ചൊക്ലിയിലെ കൃഷിക്ക് പ്രയോജനപ്പെടുത്തണം. ഔഷധഗുണമുള്ള ശുദ്ധജലം ഒഴുകുന്ന തോടിന്റെ ഇരു കരകളും കെട്ടി സംരക്ഷിക്കണം.
നാടിന്റെ വികസനം: ഒളവിലത്തെ 300 ഏക്കർ കാലിസ്ഥലം അനുയോജ്യമായ രീതിയിൽ ഉപയോഗപ്പെടുത്തുക, പാലാഴി തോടിന്റെ ബാക്കി ഭാഗം വീതികൂട്ടുക, പൂട്ടി കിടക്കുന്ന അപ്പാരൽ പാർക്ക് തുറന്നു പ്രവർത്തിപ്പിക്കുക.
കായിക മേഖല: തലശ്ശേരി മണ്ഡലത്തിലെ സ്കൂളുകളെയും കോളേജുകളെയും ബന്ധപ്പെടുത്തി ജനകീയ സഹകരണത്തോടെ സമഗ്ര കായിക പദ്ധതി ആരംഭിച്ച് വിദ്യാർത്ഥികളെ ദേശീയ-അന്തർദേശീയ മത്സരങ്ങൾക്ക് പ്രാപ്തരാക്കുക.
മറ്റ് ആവശ്യങ്ങൾ: അപകടാവസ്ഥയിലുള്ള ചൊക്ലി പോലീസ് സ്റ്റേഷന്റെ ചുറ്റുമതിൽ പുനർനിർമ്മിക്കുക, സ്കൂളിന് മുന്നിലെ സീബ്രാ ലൈൻ പുതുക്കുക, ബഡ്സ് സ്കൂൾ ജീവനക്കാരുടെ ജോലി സുരക്ഷ ഉറപ്പാക്കുക, കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക വായനശാലക്ക് ഫണ്ട് അനുവദിക്കുക.
ക്ഷേമ പെൻഷൻ: ആഡംബര വസ്തുവല്ലാത്ത എ.സി ഉപയോഗിക്കുന്ന വീടുകളിൽ സാമൂഹ്യ പെൻഷൻ നിഷേധിക്കുന്നത് ഒഴിവാക്കണം. വർഷം തോറുമുള്ള മസ്റ്ററിംഗ് ഒഴിവാക്കി വാർഡ് എൽ.ഡി.സി റിപ്പോർട്ട് പ്രകാരം പെൻഷൻ നൽകണം.
ഉയർന്നുവന്ന മുഴുവൻ ആവശ്യങ്ങൾക്കും എം.എൽ.എ കാരായി രാജൻ വിശദമായി മറുപടി നൽകി. ഓരോ വിഷയവുമായി ബന്ധപ്പെട്ട മന്ത്രിമാരെ നേരിട്ട് കണ്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിക്കുമെന്ന അദ്ദേഹത്തിന്റെ ഉറപ്പിനെ നിറഞ്ഞ കൈയടികളോടെയാണ് നാട് സ്വീകരിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































