എക്സൽ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര കൊമേഴ്‌സ് ദിനാഘോഷം
മാഹി: എക്സൽ പബ്ലിക് സ്കൂൾ കോമേഴ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) കണ്ണൂർ ബ്രാഞ്ച്, SIRC-യുടെ സഹകരണത്തോടെ അന്താരാഷ്ട്ര കൊമേഴ്‌സ് ദിനാഘോഷം 2026 സംഘടിപ്പിച്ചു.
ബുധനാഴ്ച രാവിലെ 11 മണിക്ക് നടന്ന പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ സതി എം. കുറുപ്പ് അധ്യക്ഷത വഹിച്ചു. ICAI കണ്ണൂർ ബ്രാഞ്ച് ചെയർമാൻ CA ദിനേഷ് കെ. കുമാർ പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി.
GKME ട്രസ്റ്റ്, മാഹി ചെയർമാൻ CA പി. മോഹൻ മുഖ്യപ്രഭാഷണം നടത്തി. SICASA കണ്ണൂർ ബ്രാഞ്ച് ചെയർമാൻ CA ജെറാൾഡ് തോമസ് പ്രത്യേക പ്രഭാഷണം നടത്തി.
വിദ്യാർത്ഥികൾക്കായി CA കോഴ്സും കരിയർ സാധ്യതകളും എന്ന വിഷയത്തിൽ CA, CMA, CS ശ്രീഹരി എ. സി. കീ നോട്ട് സെഷൻ നയിച്ചു. വിദ്യാർത്ഥികളായ ലൈബ സീനത്ത് (XI D) സ്വാഗതവും കൃഷ്ണപ്രിയ മനോജ് (XI D) നന്ദിയും രേഖപ്പെടുത്തി.
വാണിജ്യ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും CA ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകളിലെ തൊഴിൽ സാധ്യതകളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. പരിപാടി വിദ്യാർത്ഥികൾക്ക് ഉപകാരപ്രദവും അറിവ് പകരുന്നതുമായ അനുഭവമായി.
ഹൈമാവതി നിര്യാതയായി
മാഹി:കോടിയേരിയിലെ കണ്ടോത്ത് ശ്രേയസ്സിൽ ഹൈമാവതി (83)
നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മകൾ: ചാന്ദിനി. സഹോദരങ്ങൾ: സൗമിനി, ശ്യാമളവല്ലി, മോഹനൻ, പരേതരായ നിർമ്മല, രോഹിണി.
ജയന്ത് കുമാർ നിര്യാതനായി.
മാഹി:സെമിത്തേരി റോഡിൽ ലീല നിവാസിൽ പരേതനായ വിജയന്റെ മകൻ ജയന്ത്‌കുമാർ (60) നിര്യാതനായി.
ഭാര്യ : പാറമ്മൽ കമല
സഹോദരങ്ങൾ: ഗീത, ദീപ, സന്തോഷ്, വിനീത, ബിന്ദു, വിദ്യ, ബീന.
സംസ്കാരം ഇന്ന് (വെള്ളി) വൈകിട്ട് 4 മണിക്ക് മാഹി മുനിസിപ്പൽ വാതക ശ്മശാനത്തിൽ നടക്കും..
വാക്ക് ടുഗെദർ, സ്റ്റേ ടുഗെദർ' റാലി
ധർമ്മടം:ലഹരിക്കെതിരെ ജനസാഗരമായി 'വാക്ക്മേറ്റ്സ് ധർമ്മടം' സംഘടിപ്പിച്ച റാലി ശ്രദ്ധേയമായി. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ നാടൊന്നാകെ കൈകോർത്തപ്പോൾ ധർമ്മടത്ത് വമ്പൻ ജനകീയ റാലി അരങ്ങേറി. ധർമ്മടം ഗവ. ബ്രണ്ണൻ കോളേജ് സിന്തറ്റിക് ട്രാക്കിലെ പ്രഭാതസവാരി കൂട്ടായ്മയായ'വാക്ക്മേറ്റ്സ്' സംഘടിപ്പിച്ച ബോധവൽക്കരണ റാലിയിൽ ആയിരത്തോളം പേർ അണിനിരന്നു.ലഹരിയെന്ന മഹാവിപത്തിൽ നിന്ന്യുവതലമുറയെയും നാടിനെയും സംരക്ഷിക്കുക, ആരോഗ്യപൂർണ്ണമായ നാളെയ്ക്കായി ഒന്നിക്കുക എന്നീ സന്ദേശങ്ങൾ ഉയർത്തിയായിരുന്നു പരിപാടി.
തലശ്ശേരി എ.എസ്.പി. ഡോ. നന്ദഗോപൻ ഐ.പി.എസ്. റാലി ഫ്ലാഗ് ഓഫ് ചെയ്തു. ധർമ്മടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ നാരായണൻ, ബ്രണ്ണൻ കോളേജ് വൈസ്പ്രിൻസിപ്പൽ ഡോ. ടി.വി.ജയകൃഷ്ണൻ , മദേഴ്സ് ആർമി ജനറൽ സെക്രട്ടറിവാക്ക് ടുഗെദർ, സ്റ്റേ ടുഗെദർ' ഷബാന ജംഷീദ്, നവാസ് മേത്തർസംസാരിച്ചു.
ജനപ്രതിനിധികൾ, കുടുംബശ്രീ, ഹരിതകർമ്മസേന, അങ്കണവാടി പ്രവർത്തകർ, ലയൺസ് ക്ലബ് ധർമ്മടം എന്നിവർ റാലിയിൽ പങ്കാളികളായി.
പാലയാട് ഹയർ സെക്കൻഡറി സ്കൂൾ, ഹോളി ഏഞ്ചൽസ് ഇംഗ്ലീഷ് സ്കൂൾ, ഹോളി ഫാമിലി കോളേജ്, നഴ്സിംഗ് കോളേജ്, ഡയറ്റ് ,, സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, എൻ.ടി.ടി.എഫ് , കണ്ണൂർ സർവ്വകലാശാല പാലയാട് ക്യാമ്പസ്, ഗവ. ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അണിനിരന്നു.
കായികവിനോദങ്ങളും വ്യായാമവും ജീവിതചര്യയാക്കാൻ ആഹ്വാനം ചെയ്യുന്ന 'വാക്ക് ടുഗെദർ, സ്റ്റേ ടുഗെദർ' എന്ന മുദ്രാവാക്യമുയർത്തിയാണ് റാലി സംഘടിപ്പിച്ചത്. സമാപന വേദിയായ അബു ചാത്തുക്കുട്ടി സ്റ്റേഡിയത്തിൽ വെച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു. വാക്ക്മേറ്റ്സ് കൺവീനർ വി. മുകുന്ദൻ നന്ദിപറഞ്ഞു.
ചിത്രവിവരണം: ധർമ്മത്ത് നടന്ന ലഹരിമുക്ത റാലി
രാധ നിര്യാതയായി
മാഹി:വടക്കേകണ്ടിയിൽ രാധ(80) നിര്യാതയായി. ഭർത്താവ് :പരേതനായ ബാലൻ മക്കൾ : രതീശൻ, രഞ്ജിനി, രാജിനി, രജനി, രമ മരുമക്കൾ : അജിത്ത് കുമാർ, മുരളീധരൻ, ശ്രീജിത്ത്, സീന, പരേതനായ മോഹനൻ.
മികച്ച അധ്യാപക അവാർഡ് എ.വി.സിന്ധുവിന്
മാഹി: മികച്ച അധ്യാപികക്കുള്ള പുതുച്ചേരി സർക്കാരിൻ്റെ റീജ്യണൽ അവാർഡ് ചെമ്പ്ര ഗവ.എൽ.പി. സ്കൂൾ പ്രഥമാധ്യാപിക എ.വി.സിന്ധുവിന് ലഭിച്ചു.
സ്വച്ഛതയും പരിസ്ഥിതി സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കുള്ള സ്വച്ഛ് ഏവം ഹരിത വിദ്യാലയ റേറ്റിംഗ്' കാറ്റഗറി-ഒന്നിൽ 2025-26-ലെ ദേശീയ തലത്തിലുള്ള രണ്ടാം റാങ്ക് ഗവ. ലോവർ പ്രൈമറി സ്കൂൾ ചെമ്പ്ര, മാഹിക്ക് ലഭിച്ചിരുന്നു. എ.വി.സിന്ധുവിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ നടന്ന പ്രവർത്തനങ്ങളാണ് ദേശീയ പുരസ്കാരത്തിന് അർഹയാക്കിയത്
ശ്രീകൃഷ്ണ ക്ഷേത്രത്തിൽ
ശ്രീകൃഷ്ണ ജയന്തി ആഘോഷം
മാഹി: മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം വെള്ളിയാഴ്ച രാവിലെ 6.30 ന് വിശേഷാൽ പൂജ, സോപാന സംഗീതം, മഹാഗണപതിഹോമം, എട്ടിനും 12 നും ഭജന, ഒമ്പതിന് ഭക്തിഗാനസുധ, അഖണ്ഡനാമജപം, 12.30ന് അന്നദാനം, 6.30 ന് ചെണ്ടമേളം, 6.45 ന് ദീപാരാധന, 7.30 ന് കുട്ടികളുടെ നൃത്തനൃത്ത്യങ്ങൾ, എട്ടിന് ശ്രീകൃഷ്ണലീല ഉറിയടി, ഭജന, 12 ന് അവതാര പൂജ, ശീവേലി, തൊട്ടിലാട്ടം എന്നിവ നടക്കും.
പുതുച്ചേരിക്ക് മയ്യഴിയുടെ വർണ്ണ സമ്മാനം: ലോക് നിവാസിൽ ചുമർചിത്ര രചനയുടെ നേത്രോന്മീലനം ഇന്ന്
മാഹി: പുതുച്ചേരിക്ക് മയ്യഴിയുടെ വർണ്ണ സമ്മാനം എന്ന പേരിൽ ചിത്രകാരി കെ.ഇ. സുലോചനയുടെ നേതൃത്വത്തിൽ ലോക് നിവാസിന്സമർപ്പിക്കുന്നചിത്രരചന പൂർത്തിയായി.
വെള്ളിയാഴ്ച നേത്രോന്മീലനം നടക്കും.
പുതുച്ചേരിയുടെ നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിൽ ഊന്നി കേരളം, തമിഴ്നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളുടെ കലയും സംസ്കാരവും ഇഴചേർന്നു നിൽക്കുന്ന ചിത്രമാണ് ഒമ്പത് മീറ്റർ നീളം വരുന്ന ചുമരിൽ ഒരുങ്ങിയത്.
ലെഫ്. ഗവർണറുടെ ചേമ്പറിലെ ചുമരിൽ അനന്ത ശയനവും ഒരുങ്ങി. ഇവ യഥാക്രമം പുതുച്ചേരി ലെഫ്. ഗവർണ്ണർകെ.കൈലാസനാഥനും മുഖ്യമന്ത്രി എൻ.രംഗസ്വാമിയും നേത്രോന്മീലനം നടത്തും.
ഒരു മാസത്തോളം നീണ്ടു നിന്ന ഈ ഉദ്യമത്തിൽ ഇരുപതോളം ചിത്രകാരൻമാരാണ് പങ്കാളിത്തം വഹിച്ചത്.
മയ്യഴിയുടെ മൈതാനങ്ങളിൽ ഇന്നും മുഴങ്ങുന്ന ആ ശബ്ദം.....
ജയന്ത് കുമാർ ഷർമ ; ഓർമ്മകളിൽ മരിക്കാത്തൊരു സൗഹൃദം
: പി. പി. റിയാസ്, മാഹി
പേര് ജയന്ത്.
പക്ഷേ, ജയന്ത് കുമാർ ഷർമ — JKS എന്ന് വിളിക്കപ്പെടാനായിരുന്നു ആ മനുഷ്യന് കൂടുതൽ ഇഷ്ടം.
ഒരു പേര് മാത്രമായിരുന്നില്ല ജയന്ത് കുമാർ ഷർമ. മയ്യഴിയുടെ ഒരു കാലഘട്ടത്തിന്റെ ഓർമ്മയായിരുന്നു അദ്ദേഹം. ക്രിക്കറ്റിനോടുള്ള അതിരുകളില്ലാത്ത സ്നേഹവും കായികരംഗത്തോടുള്ള അടുപ്പവും കൊണ്ട് മയ്യഴിയുടെ ക്രിക്കറ്റ് ചരിത്രത്തിൽ സ്വന്തം ഒരിടം നേടിയ മനുഷ്യൻ.
ക്രിക്കറ്റ് അദ്ദേഹത്തിന് ഒരു കളി മാത്രമായിരുന്നില്ല; അതൊരു ആവേശമായിരുന്നു, ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായിരുന്നു. മയ്യഴിയുടെ മൈതാനങ്ങളിൽ ക്രിക്കറ്റിന്റെ ആവേശം പടരുമ്പോൾ അവിടെയൊക്കെ ജയന്തിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. തലമുറകളിലേക്ക് ആ ആവേശം പകർന്നുനൽകുന്നതിലും യുവത്വത്തെ കായികരംഗത്തേക്ക് കൈപിടിച്ചുകൊണ്ടുവരുന്നതിലും അദ്ദേഹത്തിന്റെ പങ്ക് ചെറുതായിരുന്നില്ല.
എന്നാൽ ജയന്തിന്റെ ജീവിതത്തെ ക്രിക്കറ്റിൽ മാത്രം ഒതുക്കാനാവില്ല.
മയ്യഴിയുടെ ഒരു കാലഘട്ടമായിരുന്ന തന്റെ അച്ഛന്റെ ശബ്ദം, അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് ജയന്തും മുന്നോട്ടുകൊണ്ടുപോയി. കൊല്ലം ജോണിലൂടെയും മറ്റും ആ ശബ്ദം മയ്യഴിയുടെ ആഘോഷങ്ങളിലേക്ക് പടർന്നു. പള്ളി പെരുന്നാളിന്റെ തിരക്കിലും ആഘോഷത്തിലും ആ ശബ്ദത്തിന് ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നു. മയ്യഴിയുടെ ഉത്സവങ്ങളെ കൂടുതൽ ജനകീയമാക്കുന്നതിൽ ജയന്തിന്റെ സാന്നിധ്യം അത്രമേൽ സ്വാഭാവികമായിരുന്നു.
JKS… I Love You Man!
ഇത് വെറുമൊരു സ്നേഹവിളിയല്ല. വർഷങ്ങളിലൂടെ വളർന്ന ഒരു സൗഹൃദത്തിന്റെ അടയാളമാണ്. ഒരുമിച്ച് ചിരിച്ചും സംസാരിച്ചും ആഘോഷിച്ചും കടന്നുപോയ കാലത്തിന്റെ സ്നേഹസാക്ഷ്യം.
ആരെയും വേദനിപ്പിക്കാതെ, തന്റെ ജോലിയെ ആത്മാർത്ഥമായി സ്നേഹിച്ച്, തന്റെ കഴിവുകളിലൂടെ നാടിനെ ഉണർത്തിയ മനുഷ്യനായിരുന്നു ജയന്ത്. തനിക്കു ലഭിച്ച കഴിവുകളെ സ്വന്തം മാത്രം നേട്ടത്തിനായി സൂക്ഷിക്കാതെ, ചുറ്റുമുള്ള യുവത്വത്തിലേക്കും അതിന്റെ ഊർജം പകരുകയായിരുന്നു അദ്ദേഹം.
മയ്യഴിക്ക് ക്രിക്കറ്റ് നൽകിയ മനുഷ്യൻ എന്നതിലുപരി, ക്രിക്കറ്റിനെ സ്നേഹിക്കാൻ ഒരു തലമുറയെ പഠിപ്പിച്ച മനുഷ്യൻ എന്നായിരിക്കും ജയന്തിനെ ഓർക്കേണ്ടത്.
ജീവിതത്തിൽ ചില സൗഹൃദങ്ങൾ കാലം കടന്നുപോകുമ്പോൾ ഓർമ്മകളായി മാറും. എന്നാൽ ചിലർ അങ്ങനെയല്ല. അവർ നമ്മോടൊപ്പമില്ലാതായാലും, അവർ നടന്ന വഴികളിലും അവർ ഉണർത്തിയ ചിരികളിലും അവർ പകർന്ന ആവേശത്തിലും അവർ ജീവിച്ചുകൊണ്ടേയിരിക്കും.
ജയന്തും അങ്ങനെയൊരാളാണ്.
പിരിഞ്ഞുപോകൽ നിർബന്ധമായ ഈ ലോകത്ത്, ചില വേർപാടുകൾക്ക് ഒരിക്കലും ഒരു അവസാനമുണ്ടാകില്ല. കാരണം, അവരുടെ സാന്നിധ്യം നമ്മുടെ ഓർമ്മകളിൽ തുടർന്നുകൊണ്ടിരിക്കും.
മയ്യഴിയുടെ മൈതാനങ്ങളിൽ ക്രിക്കറ്റിന്റെ ആവേശം ഉയരുമ്പോൾ, പഴയൊരു ശബ്ദം കാതിൽ വീണ്ടും മുഴങ്ങുമ്പോൾ, ഏതെങ്കിലും ഒരു ആഘോഷത്തിന്റെ ഓർമ്മ മനസ്സിലേക്ക് കടന്നുവരുമ്പോൾ — അവിടെയെല്ലാം JKS ഉണ്ടാകും.
ജയന്ത് കുമാർ ഷർമ…നിങ്ങൾ പോയിട്ടില്ല.മയ്യഴിയുടെ ഓർമ്മകളിൽ, സൗഹൃദത്തിന്റെ ഇടവഴികളിൽ, ക്രിക്കറ്റിന്റെ ആവേശത്തിൽ ... നിങ്ങൾ എന്നും കൂടെയുണ്ട്.
മയ്യഴിയുടെ പ്രിയപ്പെട്ട JKS-ന്മരിക്കാത്ത ഓർമ്മകളോടെ വിട.
: പി. പി. റിയാസ്, മാഹി
മഠത്തുംഭാഗം കൂട്ടായ്മയുടെ പതിനൊന്നാം വാർഷികാഘോഷം,
‘ഇടം 2026’ മാഗസിൻ പ്രകാശനം.
തലശ്ശേരി : കഴിഞ്ഞ 11 വർഷമായി എരഞ്ഞോളി പഞ്ചായത്തിലെ മഠത്തുംഭാഗത്തും പരിസരപ്രദേശങ്ങളിലും പ്രവർത്തിക്കുന്ന കലാ-സാംസ്കാരിക പരിസ്ഥിതി സംഘടനയാണ് മഠത്തുംഭാഗം കൂട്ടായ്മ .35 അംഗങ്ങൾ അടങ്ങുന്ന ഈ കൂട്ടായ്മ സമൂഹത്തിൻ്റെ സമസ്തമേഖല കളിലും ഇടപെട്ട് പ്രവർത്തിച്ചു വരികയാണ്.
പ്രവർത്തന പന്ഥാവിൽ 11 വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്..മഠത്തുംഭാഗം കൂട്ടായ്മയുടെ പതിനൊന്നാം വാർഷികാഘോഷവും മാഗസിൻ പ്രകാശനവും സെപ്റ്റംബർ 5 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് മഠത്തുഭാഗം കൂട്ടായ്മ ഓഫീസ് പരിസരത്ത് നടക്കും.
വാർഷികാഘോഷം കൂട്ടായ്മ പ്രസിഡണ്ട് അരുൺ നാരായണൻ്റെ അധ്യക്ഷതയിൽ അഡ്വക്കേറ്റ് പി സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്യും.
ദശവാർഷികത്തോടനുബന്ധിച്ച് കണ്ണൂർ കോഴിക്കോട് കാസർഗോഡ് ജില്ലകളിലെ എഴുത്തുകാരുടെ രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ മാഗസിൻ ‘ഇടം 2026’ പ്രശസ്ത എഴുത്തുകാരൻ പി ഷാജി കുമാർ പ്രകാശനം ചെയ്ത ഗ്രന്ഥശാല സംഘം കണ്ണൂർ ജില്ലാ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ ഏറ്റുവാങ്ങും. കൂട്ടായ്മ വൈസ് പ്രസിഡണ്ട് സി കെ മദനൻ മാഗസിൻ പരിചയപ്പെടുത്തി സംസാരിക്കും.
ചടങ്ങിൽ വിവിധ മത്സരയിനങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.സഫീറ നിർവഹിക്കും. ചടങ്ങിൽ ഹരിത കർമ്മ സേനാംഗങ്ങൾക്ക് സ്നേഹാദരം നൽകും.വാർഡ് മെമ്പർ കെ പി മനോജ് കുമാർ,പ്രേമൻ പൊന്ന്യം, രംന വികാസ് കാരായി, ദിലീപ് പാറമേൽ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിക്കും.
മഠത്തുംഭാഗം കൂട്ടായ്മ സെക്രട്ടറി സന്തോഷ് മൂർക്കോത്ത് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജീവൻ വടക്കേടത്ത് നന്ദിയും പ്രകാശിപ്പിക്കും. തുടർന്ന് മഠത്തുംഭാഗം കൂട്ടായ്മ അംഗങ്ങൾ അവതരിപ്പിക്കുന്ന കരോക്കെ ഗാനാലാപനം, ദേശവാസികൾ അവതരിപ്പിക്കുന്ന വിവിധ നൃത്ത നൃത്യങ്ങൾ എന്നിവ അരങ്ങേറും.
ശേഷം ബ്ലാക്ക് മീഡിയ നാടകവീട് ഇരിവേരി അവതരിപ്പിക്കുന്ന ദ്വിപാത്ര നാടകം മത്തായിയുടെ മരണം അരങ്ങേറും.
പത്ര സമ്മേളനത്തിൽ സി അരുൺ നാരായൺ സന്തോഷ് മൂർക്കോത്ത്എം എൻ വിശ്വനാഥൻ രാജീവൻ വടക്കേടത്ത്
വി.രൂപേഷ് തുടങ്ങിയവർ പങ്കെടുത്തു
മാഹി പൊലീസിൻ്റെ ഓണാഘോഷം
മാഹി: മാഹി പൊലീസ് സബ് ഡിവിഷൻ ഓണാഘോഷം മാഹി പൊലീസ് സൂപ്രണ്ട് ബി. ധനശേഖർ ഉദ്ഘാടനം ചെയ്തു. പൂക്കളം, പുലികളി, തിരുവാതിര, മാവേലിത്തമ്പുരാൻ എന്നിവയും ഉണ്ടായി. മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കോസ്റ്റൽ സി.ഐ. എസ് ആടൽ അരശൻ പ്രസംഗിച്ചു.വിവിധ വിനോദ മത്സരങ്ങൾ നടന്നു. മത്സര വിജയികൾക്ക് മുഖ്യാതിഥികൾ സമ്മാനങ്ങൾ നൽകി. ഓണസദ്യയും ഉണ്ടായി.
ചിത്രവിവരണം:മാഹി എസ്.പി.ബി. ധനശേഖരൻ ഉദ്ഘാടനം ചെയ്യുന്നു
ഓണനിലാവ് 2026 ൻ്റെ ഭാഗമായി മഠത്തുംഭാഗം കൂട്ടായ്മ സംഘടിപ്പിച്ച
ചട്ടിയും ബോളും കളി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
