കുട്ടുകുടുംബ ജീവിതത്തെ ഇന്നും കൈവിടാൻ മടിക്കുന്ന മാഹിയിലെ
പുരാതനമായ തറവാടാണ് ചാലക്കരയിലെ കണ്ടോത്ത് പൊയിൽ തറവാട്.
വർഷങ്ങളായി മുറതെറ്റാതെയുള്ള സംഗമങ്ങളും, ജീവകാരുണ്യ പ്രവർത്ത നങ്ങളും , ദിവസങ്ങൾ നീളുന്ന പഠന - വിനോദ യാത്രകളും നടത്തിവരുന്ന ഈ തറവാട്ടിലെ അംഗങ്ങൾക്ക് കഴിഞ്ഞ ദിവസം നടത്തിയ ഏകദിന യാത്ര മറക്കാനാവില്ല.
നഗരത്തിന്റെ ആൾക്കൂട്ട തിരക്കുകൾക്കുമപ്പുറം, വന്യമായ ഏകാന്തത യുടെ ശാന്തി തീരം കൊതിക്കുന്ന ആർക്കും കർണ്ണാടകയിലെ കുടക് ജില്ലയിലേക്കുള്ള യാത്ര കുളിരാർന്ന അനുഭവമായിരിക്കും.
കാട്ടുപൂക്കളുടെ സുഗന്ധം ശ്വസിച്ച് . ഇണക്കിളികളുടെ താരാട്ടും കേട്ട് , കല്ലോലിനിയുടെ കളകളാരവങ്ങളും ആസ്വദിച്ച് , മലനിരകളുടെ മടിത്തട്ടിലൂടെ പച്ചപ്പിന്റെ കുളിരും നുകർന്ന്, സൂര്യ കിരണങ്ങൾ മണ്ണിൽ പതിക്കും മുമ്പേയുള്ള കുടക് യാത്ര അവാച്യമായ അനുഭൂതിയാണ്. കുരങ്ങുകളും, മാൻകൂട്ടങ്ങളും, കാട്ടുജീവികളും രഹസ്യങ്ങൾ പറയുന്ന കാഴ്ചകൾ ആസ്വദിച്ചുള്ളയാത്ര..
മഴ തെല്ല് വിട്ടൊഴിഞ്ഞ , ജൂലായ് 19 ന് കോടമഞ്ഞിൽ കുളിച്ചു നിന്ന കുന്നുകളും, വയലുകളും ,മലയും, അരുവികളുമെല്ലാം കടന്ന്, കാപ്പിപ്പുവിന്റെയും, ഏലക്കയുടേയും സുഗന്ധം പേറി വന്ന കന്നടക്കാറ്റിന്റെ ശീതളിമയിൽ , കാവേരിയിലെ കൊച്ചോളങ്ങളുടെ ഈണവും വെള്ളച്ചാട്ടങ്ങളുടെ കമനീയ കാഴ്ചകളും
ആസ്വദിച്ചുള്ള സ്വപ്ന സഞ്ചാരം.
ആദ്ധ്യാത്മിക വിശുദ്ധിയുടെ തീർത്ഥക്കരയായ കുശാൽ നഗറിലെ സ്വർണ്ണക്ഷേത്രത്തിലെത്തിയപ്പോൾ , നേപ്പാളിലെ അസംഖ്യം പെഗോഡ കളിലൊന്നിലെത്തിയത് പോലുള്ള പ്രതീതി. പ്രാർത്ഥനാ ഗീതങ്ങളുടേയും, പ്രത്യേക വാദ്യോപകരണങ്ങളുടേയും വ്യതിരിക്തമായ ഈണങ്ങൾ കാതുകളിലേക്ക് ഒഴുകിയെത്തി. ആരാധനാലയത്തിന്റെ വിശാലമായ അൾത്താരയിൽ ഗൗതമബുദ്ധന്റെ ശാന്തമായ സാമീപ്യം എങ്ങും അനുഭവപ്പെട്ടു. മധുമന്ത്രണം പോലുള്ള സ്വരങ്ങൾ എവിടെയൊക്കെയോ ഘനീഭവിച്ചു കിടക്കുന്നു. ബുദ്ധന്റെ സുവർണ്ണ നിറമുള്ളകൂറ്റൻ പ്രതിമകളും, കമനീയമായ ചുമർ ചിത്രങ്ങളും, തിബറ്റൻ വാസ്തുശിൽപ ചാരുതയാർന്ന വസ്തുക്കളും ഒരു വേള കാണികളുടെ കണ്ണുകളെ ഉടക്കി നിർത്തുക തന്നെ ചെയ്യും. കന്നട ദേശത്തെ ഈ തിബറ്റൻ കോളനി തീർത്തും വ്യത്യസ്തമായ സാംസ്ക്കാരിക വൈവിധ്യമാർന്ന ഒരു ലോകത്തിന്റെ വാതായനങ്ങൾ നമുക്ക് മുന്നിൽ തുറന്ന് വെക്കുന്നു.
പശ്ചിമഘട്ടത്തിന്റെ തണലിൽ സ്ഥിതി ചെയ്യുന്ന കുശാൽനഗറിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ തണുത്ത കാറ്റും കാപ്പിയുടെ സുഗന്ധവും നമ്മെ വരവേൽക്കും.
ചരിത്രപരമായും സാംസ്കാരികമായും ഏറെ പ്രാധാന്യമുള്ള ഈ പട്ടണം കേവലം പ്രകൃതിലാവണ്യമുള്ള ഒരു സ്ഥലം മാത്രമല്ല, മറിച്ച് വൈവിധ്യ മാർന്ന ജീവിതരീതികളുടെ ഒരു വലിയ സംഗമഭൂമിക കൂടിയാണ്. കർണാടകയുടെ തനത് സംസ്കാരത്തിനൊപ്പം, തന്നെ ഇവിടെ നിലനിൽക്കുന്ന ടിബറ്റൻ കോളനിയും അവരുടെ ആചാരങ്ങളും ഈ പ്രദേശത്തിന് ഒരു അന്താരാഷ്ട്ര സ്വഭാവം നൽകുന്നുണ്ട്. ഒരു സഞ്ചാരിക്ക് ആവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഹോട്ടലുകളും റിസോർട്ടുകളും നിറഞ്ഞ ഒരു മികച്ച താവളമാണ് കുശാൽനഗർ.
പ്രധാന ആരാധനാലയ ത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ , നമ്മെ അത്ഭുതപ്പെടുത്തുന്നത് അമ്പത് അടിയിലധികം ഉയരമുള്ള ബുദ്ധന്റെയും മറ്റ് ഗുരുക്കന്മാരുടെയും സ്വർണ്ണനിറത്തിലുള്ള കൂറ്റൻ പ്രതിമകളാണ് .
ക്ഷേത്രവളപ്പിൽബുദ്ധ ഭിക്ഷുക്കൾ മന്ത്രോച്ചാരണങ്ങൾ നടത്തുന്നതും, പ്രാർത്ഥനാ ചക്രങ്ങൾ തിരിക്കുന്നതും കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സമാധാനവും ആത്മീയ അനുഭൂതിയും കൈവരും. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ടിബറ്റൻ വസ്ത്രങ്ങളും കരകൗശലവസ്തുക്കളും പരമ്പരാഗത ഭക്ഷണവിഭവങ്ങളായ മോമോസ്, തുക്പ എന്നിവയൊക്കെ ആസ്വദിക്കാനുള്ള അവസരവുമുണ്ട്. കർണാടകയുടെ മണ്ണിൽ ഇരുന്ന് ഒരു കൊച്ചു ടിബറ്റ് നേരിട്ട് അനുഭവിക്കാൻ സാധിക്കുന്നു എന്നത് കുശാൽനഗറിനെ മറ്റ് . വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് വേറിട്ടു നിർത്തുന്നു.
കുശാൽനഗറിലെ വിനോദസഞ്ചാരം എന്നത് വെറും കാഴ്ചകളിൽ മാത്രം ഒതുങ്ങുന്നതല്ല, ഇവിടുത്തെ ഭക്ഷണ സംസ്കാരവും ഷോപ്പിംഗും യാത്രയുടെ മാറ്റ് കൂട്ടുന്നു. കുടകിന്റെ തനത് വിഭവങ്ങളായ കടുമ്പുട്ട്, പണ്ടി കറി അഥവാ പന്നിയിറച്ചി വിഭവങ്ങൾ എന്നിവ ഇവിടെ വളരെ പ്രശസ്തമാണ്. കൂടാതെ നല്ല ശുദ്ധമായ കുടക് കാപ്പിപ്പൊടി, ഏലക്ക, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ, ജൈവരീതിയിൽ ഉണ്ടാക്കിയ തേൻ എന്നിവയെല്ലാം ഇവിടെ കുറഞ്ഞ വിലയിൽ വാങ്ങാൻ കിട്ടും. ബൈലക്കുപ്പെയിലെ ടിബറ്റൻ മാർക്കറ്റുകളിൽ നിന്ന് നല്ല കമ്പിളി വസ്ത്രങ്ങളും , പരവതാനികളും മറ്റ് അലങ്കാരവസ്തുക്കളും വാങ്ങാം. വർഷത്തിൽ ഏത് സമയത്തും സന്ദർശിക്കാൻ അനുയോജ്യമായ കാലാവസ്ഥയാണ് ഇവിടെയുള്ളതെങ്കിലും, ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് ഏറ്റവും ഉചിതം. പച്ചപ്പും ആത്മീയതയും സാഹസികതയും ഒത്തുചേരുന്ന കുശാൽനഗറും അതിന്റെ പരിസരപ്രദേശങ്ങളും സന്ദർശിക്കുന്ന ഏതൊരു സഞ്ചാരിയുടെയും മനസ്സിൽ ഒരിക്കലും മായാത്ത ഒരു സുന്ദരമായ ഓർമ്മയായി ഈ യാത്ര അവശേഷിക്കും എന്നതിൽ യാതൊരു സംശയവുമില്ല.
കുശാൽനഗറിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന കാവേരി നിസർഗധാമ എന്ന പ്രകൃതിദത്ത ദ്വീപ് കാവേരി നദിയുടെ കൈവഴികളാൽ ചുറ്റപ്പെട്ട ഒരു മനോഹരമായ പാർക്കാണ്. മുളങ്കാടുകളും ചന്ദനമരങ്ങളും നിറഞ്ഞ ഈ ദ്വീപിലേക്ക് പ്രവേശിക്കുന്നത് നദിക്ക് കുറുകെയുള്ള ഒരു ആകർഷകമായ തൂക്കുപാലത്തിലൂടെയാണ്. ആ പാലത്തിലൂടെ നടക്കുമ്പോൾ താഴെ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന കാവേരി നദിയുടെ ഭംഗി ആസ്വദിക്കാൻ കഴിയും. ദ്വീപിനുള്ളിൽ സഞ്ചാരികൾക്കായി ബോട്ടിംഗ് സൗകര്യങ്ങളും ആനപ്പുറത്തുള്ള സവാരിയും ഒരുക്കിയിട്ടുണ്ട്. മാനിൻകൂട്ടങ്ങളെയും പലതരത്തിലുള്ള പക്ഷികളെയും ഇവിടെ വളരെ അടുത്തായി കാണാൻ സാധിക്കും. മരങ്ങൾക്ക് മുകളിൽ നിർമ്മിച്ചിട്ടുള്ള ഏറുമാടങ്ങളിൽ ഇരുന്ന് പ്രകൃതിയെ നിരീക്ഷിക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആനന്ദം നൽകുന്ന കാര്യമാണ്. തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി കുടുംബത്തോടൊപ്പം കുറച്ചു സമയം ചിലവഴിക്കാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലമാണ് നിസർഗധാമ. പ്രകൃതി ഒരുക്കിയ ഒരു വലിയ പച്ചക്കുടയായി ഈ കൊച്ചു ദ്വീപിനെ വിശേഷിപ്പിക്കാം.
പ്രകൃതിസ്നേഹികളെയും വന്യജീവി പ്രേമികളെയും ഒരുപോലെ ആകർഷിക്കുന്ന മറ്റൊരു പ്രധാന കേന്ദ്രമാണ് ദുബാരെ ആന ക്യാമ്പ്. കാവേരി നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ ക്യാമ്പിലേക്ക് നദി കുറുകെ കടന്ന് വഞ്ചികളിലോ വേനൽക്കാലത്ത് നടന്നു തന്നെയോ വേണം എത്തിച്ചേരാൻ. പച്ചപ്പുനിറഞ്ഞ കാടിനുള്ളിൽ ആനകളെ അവയുടെ സ്വാഭാവിക പരിസ്ഥിതിയിൽ കാണാൻ സാധിക്കുക എന്നത് വല്ലാത്തൊരു അനുഭവമാണ്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ആനകളെ കുളിപ്പിക്കുന്നതിലും അവയ്ക്ക് ഭക്ഷണം നൽകുന്നതിലും പങ്കാളികളാകാൻ കഴിയും. കാവേരി നദിയിലൂടെയുള്ള റിവർ റാഫ്റ്റിംഗ് ആണ് ദുബാരെയിലെ മറ്റൊരു വലിയ ആകർഷണം. ഒഴുക്കുള്ള നദിയിലൂടെ വഞ്ചി തുഴഞ്ഞു നീങ്ങുന്നത് സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിക്കും.
നദിയുടെ തീരത്തുള്ള കാട്ടുപക്ഷികളുടെ കളകൂജനങ്ങളും തണുത്ത കാറ്റും പ്രകൃതിയുടെ വന്യമായ ഭംഗി നമുക്ക് മുന്നിൽ തുറന്നു കാട്ടുന്നു. ദുബാരെയിലെ ശാന്തതയും നദിയുടെ ഒഴുക്കും ഏതൊരു സഞ്ചാരിക്കും മാനസിക ഉല്ലാസം നൽകുന്നതാണ്. വെള്ളക്കുതിരപ്പുറത്തേറിയുള്ള യാത്രക്കും സൗകര്യമുണ്ട്.
കുശാൽനഗറിൽ നിന്നും മടിക്കേരിയിലേക്കുള്ള യാത്രയിൽ കാണാവുന്ന ഏറ്റവും സുന്ദരമായ വെള്ളച്ചാട്ടമാണ് അബി ഫോൾസ്. പച്ചപ്പുനിറഞ്ഞ സ്വകാര്യ കാപ്പിത്തോട്ടങ്ങൾക്കും കുരുമുളക് വള്ളികൾക്കും നടുവിലൂടെയുള്ള ചെറിയ പാതയിലൂടെ നടന്ന് വേണം ഈ വെള്ളച്ചാട്ടത്തിനരികിലേക്ക് എത്തുവാൻ. മലമുകളിൽ നിന്നും വലിയ ശബ്ദത്തോടെ പാറക്കെട്ടുകളിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യം ഏതൊരു സഞ്ചാരിയെയും ആകർഷിക്കുന്ന ഒന്നാണ്. വെള്ളച്ചാട്ടത്തിന് തൊട്ടുമുന്നിലായി നിർമ്മിച്ചിട്ടുള്ള തൂക്കുപാലത്തിൽ നിന്നാൽ അബി ഫോൾസിന്റെ പൂർണ്ണമായ ഭംഗി ആസ്വദിക്കാനും മനോഹരമായ ചിത്രങ്ങൾ പകർത്താനും സാധിക്കും. മഴക്കാലത്തും അതിനു ശേഷവുമുള്ള മാസങ്ങളിൽ വെള്ളച്ചാട്ടം അതിന്റെ പൂർണ്ണരൂപത്തിൽ അതിശക്തമായി ഒഴുകാറുണ്ട്. ഇവിടെ ദൂരദർശിനിക്കുഴലിലൂടെ അങ്ങകലെ മഞ്ഞുമലകളിൽ വെളളിയരഞ്ഞാണം പോലെ വളഞ്ഞ് കിടക്കുന്ന വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യം തിരയാം. വെള്ളച്ചാട്ടത്തിൽ നിന്നുള്ള ജലകണങ്ങൾ വായുവിൽ പടരുമ്പോൾ ഉണ്ടാകുന്ന തണുപ്പ് ശരീരത്തിനും മനസ്സിനും ഒരുപോലെ ഉന്മേഷം പകരും. കുടക് യാത്രയിൽ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത പ്രകൃതിയുടെ ഒരു വലിയ അനുഗ്രഹമാണ് അബി ഫോൾസ്.
മടിക്കേരി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന രാജാ സീറ്റ് (രാജാ സ്ട്രീറ്റ് ) പ്രദേശം കുശാൽനഗർ യാത്രയിൽസന്ദർശിക്കേണ്ട മറ്റൊരു പ്രധാന ഇടമാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് കൊടഗു ഭരിച്ചിരുന്ന രാജാക്കന്മാർ അവരുടെ രാജ്ഞിമാർക്കൊപ്പം അസ്തമയ സൂര്യന്റ വർണ്ണഭംഗി ആസ്വദിക്കാനെത്തിയിരുന്ന ഹിൽ ടോപ്പിലെ മനോഹരമായ പൂന്തോട്ടമാണിത്. ഉയർന്ന കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന ഈ പാർക്കിൽ നിന്നാൽ ഹരിതകാന്തി പടർന്ന വിശാലമായ താഴ്‌വരകളുടെയും വളഞ്ഞുപുളഞ്ഞു പോകുന്ന റോഡുകളുടെയും അതിശയകരമായ ദൃശ്യം കാണാൻ കഴിയും. വൈകുന്നേരങ്ങളിൽ താഴ്‌വരകളെ മൂടുന്ന മഞ്ഞും പശ്ചാത്തലത്തിൽ, ചുവന്നുതുടുക്കുന്ന സൂര്യനും രാജാ സീറ്റിലെ കാഴ്ചകളെ അതിമനോഹരമാക്കുന്നു. പാർക്കിനുള്ളിൽ കുട്ടികൾക്കായി ഒരു ചെറിയ ടോയ് ട്രെയിൻ സർവീസും വൈകുന്നേരങ്ങളിൽ സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യുന്ന ജലധാരയും ഒരുക്കിയിട്ടുണ്ട്. രാജാ സീറ്റിന് ചുറ്റുമുള്ള തെരുവുകളിൽ കുടകിലെ പരമ്പരാഗത വിഭവങ്ങളും.കരകൗശല വസ്തുക്കളും വിൽക്കുന്ന നിരവധി കടകൾ കാണാം.
ഇവ കൂടാതെ മറ്റൊരു മനോഹരമായ സ്ഥലമാണ് ഹാരംഗി അണക്കെട്ട്. കാവേരി നദിയുടെ പോഷകനദിയായ ഹാരംഗിക്ക് കുറുകെ നിർമ്മിച്ചിട്ടുള്ള ഈ അണക്കെട്ട് മഴക്കാലത്ത് നിറഞ്ഞൊഴുകുമ്പോൾ കാണാൻ വല്ലാത്തൊരു ഭംഗിയാണ്. ഡാമിന്റെ പരിസരത്തുള്ള മനോഹരമായ പൂന്തോട്ടവും ശാന്തമായ അന്തരീക്ഷവും വൈകുന്നേരങ്ങൾ :ചിലവഴിക്കാൻ അനുയോജ്യമാണ്. കുശാൽനഗറിൽ നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ചിക്കിലഹോളെ റിസർവോയറും, സഞ്ചാരികളുടെ പ്രിയപ്പെട്ട ഒളിത്താവളമാണ്.
പ്രകൃതി ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്ക് നിരവധി നല്ല ചിത്രങ്ങൾ പകർത്തുവാൻ ഈ സ്ഥലം അവസരമൊരുക്കും
മനമില്ലാ മനമോടെ കുടകിനോട് വിടപറയുമ്പോൾ സഹ്യന്റെ മടിത്തട്ടിൽ തുഷാര ബിന്ദുക്കൾ പെയ്തിറങ്ങുന്നുണ്ടായിരുന്നു. മഞ്ഞു മേഘങ്ങളെ ചുംബിച്ച് നിൽക്കുന്ന ഈ കാനന സ്വർഗ്ഗത്തെ പ്രണയിക്കാത്തവരായി ആരുണ്ട്? ഋതുഭേദങ്ങൾക്ക് നിറച്ചാർത്ത് നൽകി കുടക് പൂത്തുലഞ്ഞ് നിൽക്കുകയാണ്.
ഒരു വേള തിരിഞ്ഞ്നോക്കി... വരിക, വീണ്ടും വരിക. ഞാൻ നിങ്ങളെ കാത്തിരിക്കും... ഉപബോധ മനസ്സിലെ ഉൾവിളിയെന്നപോൽ കുടകിലെ കാറ്റ് കാതുകളിൽ മന്ത്രിച്ചു....
:ചാലക്കര പുരുഷു
മാഹിയിലും ജൂലൈ 24-ന്
വിദ്യാഭ്യാസ ബന്ദ്; എസ്.എഫ്.ഐ
മാഹി: കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കും നീറ്റ് (NEET) പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കുമെതിരെ ജൂലൈ 24-ന് രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദിന് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ) ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി മാഹിയിലും വിദ്യാഭ്യാസ ബന്ദ് ബാധകമായിരിക്കുമെന്ന് എസ്.എഫ്.ഐ ഭാരവാഹികൾ അറിയിച്ചു.
NEET പരീക്ഷ അട്ടിമറിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കുക,
നീറ്റ് പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബന്ദ് സംഘടിപ്പിക്കുന്നതെന്ന് സംഘടന അറിയിച്ചു.
ബന്ദിന്റെ ഭാഗമായി മാഹിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനങ്ങൾ, സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർ വിദ്യാഭ്യാസ സംരക്ഷണ പോരാട്ടത്തിന്റെ ഭാഗമാകണമെന്ന് എസ്.എഫ്.ഐ അഭ്യർത്ഥിച്ചു.
യു കെ സലീം
രക്തസാക്ഷി ദിനം ആചരിച്ചു.
ന്യൂമാഹി : എൻഡിഎഫുകാർ കൊലപ്പെടു ത്തിയ ഡിവൈഎഫ്ഐ പ്രവർത്തകൻ യു കെ സലീമിൻ്റെ 18 -ാം രക്തസാക്ഷിത്വ വാർഷിക ദിനം ആചരിച്ചു. ന്യൂമാഹി ടൗൺ കേന്ദ്രീകരിച്ച് പ്രകടനവും കിടാരൻകുന്നിൽ പൊതുയോഗവും നടന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ വി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. ഡി വൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് മുഹമ്മദ് ഫാസിൽ, എസ് കെ വിജയൻ, അർജുൻ പവിത്രൻ സംസാരിച്ചു. ദില്ലി ജന്തർ മന്ദിറിൽ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി അംഗം ഫിദ പ്രദീപിന് യാത്രയയപ്പ് നൽകി.
രാവിലെ സലിം കുത്തേറ്റ് വീണ ഉസ്സൻമൊട്ടയിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. ഡിവൈഎഫ്ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി പി വി സച്ചിൻ ഉദ്ഘാടനം ചെയ്തു. അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു.. കെ ജയപ്രകാശൻ, എസ് കെ വിജയൻ, ഫിദ പ്രദീപ്, സി വി ഹേമന്ത് , കെ എം പ്രജിത്ത് സംസാരിച്ചു.
ചിത്രവിവരണം: കെ വി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോഗ്രാഫർ വിപിലേഷ് നിര്യാതനായി
മാഹി: പന്തക്കൽ ഇടയിൽ പീടികയിലെ തുണ്ടിയിൽ വിപിലേഷ് (42) നിര്യാതനായി.. ഫോട്ടോ ഗ്രാഫാറാണ്.അച്ഛൻ: പരേതനായ തുണ്ടിയിൽ വിശ്വനാഥൻ. അമ്മ: ബേബിഉമ.സഹോദരങ്ങൾ: വിനീഷ്, വിജോയ്, വിജിത്ത് (മൂലക്കടവ് എമിറേറ്റ്സ് പെട്രോൾ പമ്പ് ജീവനക്കാരൻ), വിപിൻ (ഗൾഫ്) സംസ്ക്കാരം വെള്ളിയാഴ്ച്ച രാവിലെ 11ന് മാഹി പൊതു ശ്മശാനത്തിൽ
മയ്യഴിയിൽ റേഷനരി വിതരണം നിർത്തി വെച്ചു.ശക്തമായപ്രക്ഷോഭമെന്ന്
കോൺഗ്രസ്
മാഹി: മാസങ്ങളായി മയ്യഴി ജനതയ്ക്ക് ലഭിക്കേണ്ട റേഷനരി ഗോഡൗണുകളിൽ കെട്ടിക്കിടന്നിട്ടും, വിതരണം ചെയ്യാത്ത സിവിൽ സപ്ലൈസ് വകുപ്പിന്റെ നിരുത്തരവാദപരമായ നടപടിക്കെതിരെ മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സമരത്തിലേക്ക്.. ഈ ആഴ്ചയ്ക്കുള്ളിൽ കെട്ടിക്കിടക്കുന്ന അരി വിതരണം ചെയ്തില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ. മോഹനൻ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ഡിസംബർ മാസം മുതൽ മയ്യഴിക്കാർക്ക് ലഭിക്കേണ്ട റേഷനരി ഇവിടെ എത്തിയിട്ടും വിതരണം ചെയ്യാതെ കെട്ടിക്കിടക്കുകയാണ്.
ഉഴവൂർ വിജയനെ
അനുസ്മരിച്ചു.
ന്യൂമാഹി:എൻ.സി.പി. മുൻ സംസ്ഥാന പ്രസിഡണ്ടും തൊഴിലാളി സംഘടന നേതാവുമായിരുന്ന ഉഴവൂർ വിജയന്റെ ഒൻപതാമത് ചരമ വാർഷിക ദിനം എൻ.സി.പി. (എസ്.പി ) മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.പുഷ്പാർച്ചനയും, അനുസ്മരണയോഗവുമുണ്ടായി. ബ്ലോക്ക് പ്രസിഡണ്ട് പുരുഷു വരക്കൂൽ അദ്ധ്യക്ഷത വഹിച്ചു. കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു, എം,സുരേഷ് ബാബു വി.എൻ. വത്സരാജ്, കെ.പി.ശിവപ്രസാദ്,സന്ധ്യാ സുകുമാരൻ, രാഗേഷൻ പി.കെ,രജിന പ്രവീൺ, കെ.ആനന്ദൻ, എ.കെ.സുഭാഷിണി , സ്മിജിത്ത് സംസാരിച്ചു
ചിത്ര വിവരണം: കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു
മാഹിയിൽ യൂത്ത് കോൺiഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
മാഹി: ഡൽഹിയിൽ വിദ്യാർത്ഥി മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരം ചെയ്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റു നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മാഹിയിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സംഗമവുംസംഘടിപ്പിച്ചു
മാഹി മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി മുൻസിപ്പാൽ മൈതാനത്ത് നിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്.
തുടർന്ന് നടന്ന പ്രതിഷേധ സംഗമം മാഹി ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പി. വിനോദൻ ഉദ്ഘാടനം ചെയ്തു. മാഹി മേഖലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ പി .രജിലേഷ് അധ്യക്ഷത വഹിച്ചു.
പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.കെ. ശ്രീജേഷ് , മാഹി മേഖലാ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് മുഹമ്മദ് സർഫാസ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്യാംജിത്ത് പാറക്കൽ, സെക്രട്ടറി അജയൻ പുഴിയിൽ, മുഹമ്മദ് മുബാഷ്, അൻസിൽ അരവിന്ദ്, കെ. രവീന്ദ്രൻ, ജിജേഷ് കുമാർ ചാമേരി, കെ.വി.സന്ദീപ് , ശ്രീജേഷ് വളവിൽ, ഷെജിൻ, നിഖിൽ രവീന്ദ്രൻ , സംസാരിച്ചു.
ആന്റണി ലിജോയ്, ജിജോ വളവിൽ, റോയ് നെവെസ്, ബാബു എ.പി.,നേതൃത്വം നൽകി.
ചിത്രവിവരണം:മാഹിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം
കോടികളുടെ തട്ടിപ്പ്: സിക്രട്ടറിയെ ബലിയാടാക്കുന്നുവെന്ന് ആക്ഷേപം.
തലശേരി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിലെ നിക്ഷേപ തട്ടിപ്പിൽ ഇരകളായവരും കുടുംബാംഗങ്ങളും വ്യാപാരി ഭവന് മുന്നിൽ ധർണ നടത്തി. സാമൂഹിക പ്രവർത്തകൻ എ.ദിനേശൻ ധർണ ഉദ്ഘാടനം ചെയ്തു.
സിക്രട്ടറിയെ ബലിയാടാക്കി സഹകരണ സംഘം ഭരണ സമിതി രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണ് നടക്കുന്നത്. സൊസൈറ്റിക്ക് ലഭിച്ച നിക്ഷേപങ്ങളിൽ കോടിക്കണക്കിന് രൂപ സംഘം നിയന്ത്രിക്കുന്ന വൻകിട കച്ചവടക്കാരുടെ കൈകളിലാണെന്നും ഇവർക്ക് സംരക്ഷണം നൽകുന്നത് ഏകോപനസമിതി ജില്ലാ പ്രസിഡൻ്റ് ദേവസ്യ മേച്ചേരിയാണന്നും ദിനേശൻ ആരോപിച്ചു. കോടികൾ നഷ്ടപ്പെട്ടവരുടെ കണ്ണീരിന് അറുതി വരുത്താൻ സംസ്ഥാന കമ്മിറ്റി മുന്നോട്ട് വരണം
കണ്ണൂരിലെ ജില്ല കമ്മിറ്റി ഓഫീസായ വ്യാപാരി ഭവന് മുന്നിലും നിക്ഷേപകർ ധർണ നടത്തി
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,
വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,
ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം
വാർത്തകളും വിശേഷങ്ങളും
പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































