നെയ്യാട്ടം മെയ് 28 ന്
ചൊക്ലി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൻ്റെ പ്രധാന ചടങ്ങായ നെയ്യാട്ടം മെയ് 28 ന് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ സ്വയംഭുവിൽ നടക്കുന്നതോടെ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന മഹോത്സവത്തിന് തുടക്കം കുറിക്കും. ഇതിനു മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് കഴിഞ്ഞ ദിവസം നടന്നു. വില്ലിപ്പാലൻ വലിയ കുറുപ്പിൻ്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്വത്തിലുള്ള നെയ്യാമൃത് വ്രതക്കാർ നെയ്യ് നിറച്ച കലശപാത്രവും നെയ്യ് കിണ്ടികളുമായി നിടുമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്രത്തിൽ നിന്നും യാത്ര പുറപ്പെട്ടു. ഇരുവനാട് വില്ലിപാലൻ വലിയകുറുപ്പായ ഗോപി കുറുപ്പിൻ്റെ നേതൃത്വത്തിലുള്ള വിവിധ മഠങ്ങളിലെ നെയ്യാമ്യത് ഭക്തർ വിഷു പിറ്റേന്ന് മുതൽ കഠിനവൃതം നോറ്റാണ് സുപ്രധാന ചടങ്ങിന് നേതൃത്വം നൽകുന്നത്.
നിടുമ്പ്രം, ചെമ്പ്ര, വയലളം, വടകര, തിരുമന, കണ്ണൂക്കര, ലോകനാർ കാവ്, എടച്ചേരി നോർത്ത്, ഓമന പള്ളൂർ, കോടിയേരി തുടങ്ങി 10 ഓളം മഠങ്ങളിൽ നിന്നായി100 ൽ പരം വ്രതക്കാർ കഴിഞ്ഞ മൂന്നു ദിവസമായി നിടുമ്പ്രം നെള്ളകണ്ടി, ഇളത്തോടത്ത് സങ്കേതങ്ങളിലായിട്ടാണ് തങ്ങിയത്. 23 ന് കാലത്താണ് കലശം കുളിച്ച് മoത്തിൽ പ്രവേശിച്ചത്. അന്നേ ദിവസം വൈകുന്നേരം നീരേഴുന്നള്ളത്തിന്നായി ഓംകാര മന്ത്രമുരുവിട്ട് എളന്തോടത്ത് മഠം കാരണവർ ഇ.വി.മാധവ കുറുപ്പിൻ്റെ നേതൃത്വത്തിലാണ് കരാറത്ത് ക്ഷേത്രത്തിൽ നിന്നും കലശ പാത്രം വില്ലിപാലൻ വലിയ കുറുപ്പായ കെ.വി.ഗോപി കുറുപ്പിന് കൈമാറിയത്. ചൊക്ലിയിലെ നിടുമ്പ്രം കുറ്റിപ്പുറം ശിവക്ഷേത്രത്തിൽ നിന്നും ഇരുവനാട് വില്ലിപാലൻ വലിയ കുറുപ്പിൻ്റെ നേതൃത്തിൽ നെയ്യ് നിറച്ച കലശപാത്രവും നെയ്യ് കിണ്ടികളും തലയിലേന്തി ഓംകാര മന്ത്രം ഉരുവിട്ട് കാൽനടയായി കൊട്ടിയൂരിലേക്ക് യാത്ര തിരിച്ചു. ഇന്നലെ (26/5/26 ) എടയാറ്റിൽ തങ്ങിയ വ്രതക്കാർ ഇന്ന് മണത്തണയിൽ തങ്ങും. നാളെ (28/5/26 ഉച്ചയോടെ കൊട്ടിയൂരിലെത്തും. വൈകുന്നേരം ഇക്കര കൊട്ടിയൂരിലെത്തുന്ന വാൾ വരവിനു ശേഷമാണ് അക്കര കൊട്ടിയൂരിലേക്ക് ഇരുവനാട് വില്ലിപ്പാലൻകുറുപ്പിൻ്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്വത്തിലുള്ള നെയ്യാമൃത് ഭക്തർ കലശപാത്രവും കിണ്ടികളുമായി പ്രവേശിക്കുക. രാത്രി പത്തു മണിയോടെ നെയ്യാട്ടത്തിനായുള്ള ചടങ്ങുകൾ ആരംഭിക്കും. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വൈശാഖ മഹോത്സവത്തിന് ഇതോടെയാണ് തുടക്കം കുറിക്കുക.
മെയ് 29ന് രാത്രി നടക്കുന്ന ഭണ്ഡാര എഴുന്നള്ളത്തോടെയാണ് സ്ത്രീകൾ ഉൾപ്പെടെയുളള ഭക്തർ അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശിക്കുക. ജൂൺ 5 ന് തിരുവോണം ആരാധന, 7 ന് ഇളനീർവയ്‌പ്, 8 ന് ഇളനീരാട്ടം, അഷ്ടമി ആരാധന. 10 ന് രേവതി ആരാധന, 14 ന് രോഹിണി ആരാധന, 16 ന് തിരുവാതിര ചതുശതം, 17 ന് പുണർതം ചതുശതം, 19 ന് ആയില്യം ചതുശതം. 20 ന് മകം കലം വരവും പൂജയും, 23 ന് അത്തം ചതുശതം, വാളാട്ടം, കലശപൂജ എന്നിവയാണ് മറ്റ് പ്രധാന ഉത്സവദിന ചടങ്ങുകൾ. 24 ന് തൃക്കലശാട്ടോടെയാണ് വൈശാഖ മഹോത്സവം സമാപിക്കുക. മെയ് 30 ന് രാവിലെ മുതൽ ജൂൺ 20 ന് ഉഷ ശീവേലി വരെ മാത്രമേ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശനം ഉണ്ടാവുകയുള്ളു.
ചിത്രം: വില്ലിപ്പാലൻ വലിയ കുറുപ്പിന്റെ നേതൃത്വത്തിലുള്ള നെയ്യാമൃത് സംഘം നെയ്യ് നിറച്ച കലശപാത്രവും നെയ്യ് കിണ്ടികളുമായി യാത്ര പുറപ്പെടുന്നു
റൈസിങ്ങ് സ്റ്റാർസ് ക്രിക്കറ്റ് ലീഗ് : ഈഗിൾസിനും പാന്തേഴ്സിനും വിജയം
കണ്ണൂർ ജില്ല ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടത്തിവരുന്ന റൈസിങ്ങ് സ്റ്റാർസ് ക്രിക്കറ്റ് ലീഗ് (അണ്ടർ 16 ബോയ്സ്) ടൂർണമെന്റിൽ ഇന്ന് രാവിലെ നടന്ന മത്സരത്തിൽ റൈസിങ്ങ് ഈഗിൾസ് 2 റൺസിനു റൈസിങ്ങ് ടൈറ്റൻസിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത ഈഗിൾസ് നിശ്ചിത 25 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു.മറുപടിയായി ടൈറ്റൻസിന് നിശ്ചിത 25 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എടുക്കുവാനേ സാധിച്ചുള്ളൂ.ഈഗിൾസിന് വേണ്ടി 58 റൺസും 2 വിക്കറ്റും നേടിയ കിരൺ എസ് ഉദയിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു .ഈഗിൾസിന് വേണ്ടി ആര്യാദേവ് ഷിംജിത് പുറത്താകാതെ 54 റൺസും അനുനന്ദ് കെ 4 വിക്കറ്റും വീഴ്ത്തി.ടൈറ്റൻസിനു വേണ്ടി അലോക് കൃഷ്ണ 56 റൺസെടുത്തു.
രണ്ടാം മത്സരത്തിൽ റൈസിങ്ങ് പാന്തേഴ്സ് 13 റൺസിനു റൈസിങ്ങ് ഫിനിക്സിനെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത പാന്തേഴ്സ് നിശ്ചിത 25 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു.മറുപടിയായി ഫിനിക്സിനു നിശ്ചിത 25 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് എടുക്കുവാനേ സാധിച്ചുള്ളു.പാന്തേഴ്സിനുവേണ്ടി പുറത്താകാതെ 85 റൺസും 3 വിക്കറ്റും നേടിയ നീൽ എസ് എസിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ഫിനിക്സിനുവേണ്ടി ആദിദേവ് അവിനാഷ് 50 റൺസെടുത്തു.
ഇന്ന് ആദ്യ സെമി ഫൈനൽ മത്സരത്തിൽ റൈസിങ്ങ് റോയൽസ് റൈസിങ്ങ് ഫിനിക്സിനെയും രണ്ടാം സെമിയിൽ റൈസിങ്ങ് പാന്തേഴ്സ് റൈസിങ്ങ് ഈഗിൾസിനെയും നേരിടും .
പ്ലസ് ടു ഫലം: എ പ്ലസ് കരസ്ഥമാക്കി ജവഹർ ബാല മഞ്ച് ദേശിയ പ്രസിഡണ്ട് ഇഷാനി
മാഹി:ജവഹർ ബാലമഞ്ച് ദേശിയ പ്രസിഡണ്ട്എസ്. ഇഷാനി , പ്ലസ് ടൂ പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എപ്ലസ് കരസ്ഥമാക്കി.
1200 ൽ 1179 മാർക്കോടെ ഉന്നത വിജയമാണ് നേടിയത്. മാഹി എക്സൽ പബ്ബിക് സ്കൂൾ വിദ്യാർത്ഥിനിയായ ഇഷാനി ചാലക്കര സ്വദേശിനിയാണ്.
തയ്യിൽ ഹരീന്ദ്രൻ രക്തസാക്ഷി ദിനാചരണം
ന്യൂമാഹി : തയ്യിൽ ഹരീന്ദ്രന്റെ 40-ാം രക്ത സാക്ഷിത്വ വാർഷിക ദിനം ആചരിച്ചു. ന്യൂമാഹി ടൗണിൽ നടന്ന പൊതുയോഗം സി പിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം
എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി കെ പ്രകാശൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എം സി പവിത്രൻ, കെ ജയപ്രകാശൻ, പി പി രഞ്ചിത്ത് എന്നിവർ സംസാരിച്ചു.
കിടാരൻകുന്നിൽ നിന്ന് ബാൻ്റ് മേളത്തിൻ്റെ അകമ്പടിയോടെ പ്രകടനവും ബ്രാഞ്ചുകളിൽ പ്രഭാതഭേരിയും നടന്നു.
ചെറുകല്ലായി രക്തസാക്ഷി മണ്ഡപത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.
സിപിഐ എം ഏരിയാ സെക്രട്ടറി സി കെ രമേശൻ ഉദ്ഘാടനം ചെയ്തു. കെ പി നൗഷാദ് അധ്യക്ഷനായി മാഹി എം എൽ എ അഡ്വ: ടി അശോക് കുമാർ,വടക്കൻ ജനാർദനൻ, കെ ജയപ്രകാശൻ,
വി പി ശ്രീകാന്ത് എന്നിവർ സംസാരിച്ചു.
1986 മെയ് 26 ന് മാഹിപ്പാലത്തിന് സമീപത്ത് വെച്ചാണ് ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂനിയൻ ന്യൂമാഹി ഡിവിഷൻ സെക്രട്ടറിയും ഡി വൈ എഫ് ഐ പ്രവർത്തകനുമായ തയ്യിൽ ഹരീന്ദ്രനെ ആർ എസ് എസുകാർ കൊലപ്പെടുത്തിയത്.
കാര്യാട്ടിൽ സരോജിനി നിര്യാതയായി
പന്തക്കൽ കാര്യാട്ടിൽ ബി.സരോജിനി (82) (റിട്ട. സീനിയർ ക്ലാർക്ക്, പോണ്ടിച്ചേരി കോടതി) നിര്യാതയായി. ഭർത്താവ് : തോട്ടോളിൽ എ.കെ.ബാലകൃഷ്ണൻ (റിട്ട. ഓർത്തോട്ടിസ്റ്റ്, ജിപ്മർ, പോണ്ടിച്ചേരി). മക്കൾ: ബി.ഗോപാലകൃഷ്ണൻ, (ലക്ചറർ, പോളിടെക്നിക് കോളേജ്, കാരയ്ക്കൽ), ഡോ.ബി.സുനിത (ഡെൻ്റൽ സർജൻ, പി.എച്ച്.സി, കരികലമ്പാക്കം). മരുമക്കൾ: ദീപ മണ്ണിൽ (എൽഎൽബി), അവിനാഷ് സിംഗ്, (ഡിജിഎം, ഇൻ്റഗ്രാ സോഫ്റ്റ്‌വെയർ സർവീസസ്, പോണ്ടിച്ചേരി). സംസ്കാരം ചെറുപുളശ്ശേരിയിലെ വീട്ടു വളപ്പിൽ നടന്നു.
വി.എം സുരേന്ദ്രൻ നിര്യാതനായി
ചൊക്ളി : കവിയൂർ ഗവ:ആയുർവേദ ആശുപത്രിക്ക് സമീപം കാങ്ങാൻ്റവിട വി .എം .സുരേന്ദ്രൻ (64) നിര്യാതനായി. ചൊക്ലി തലശ്ശേരി എന്നീ പോസ്റ്റോഫീസുകളിൽ പോസ്റ്റ് മാനായും മിനിസ്റ്റീരിയൽ സ്റ്റാഫായും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ : ഉമ . മക്കൾ : വർഷ, സ്നേഹ (കാനഡ) മരുമക്കൾ: പ്രമീഷ് (ഖത്തർ) ദീപക്ക് (കാനഡ ) സഹോദരങ്ങൾ: പരേതനായ ബാലൻ (അലഹബാദ് ) രാധ, പ്രകാശൻ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















