മാഹി .ദളപതി വിജയ് തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമ്പോൾ മയ്യഴിക്കാർക്കും അഭിമാനിക്കാം.ദളപതിയുടെ വിശ്വസ്തനായ അംഗരക്ഷകൻ മയ്യഴി പെരിങ്ങാടി സ്വദേശി നെയിംമൂസ്സയാണ് ' ദുബായിലെ ബിലാൽ ഹുസൈൻ കമ്പനിയിൽ 2000 ലാണ് നയിം മൂസ്സ ജോലി തേടിയെത്തിയത്. അമിതാബ് ബച്ചൻ, സെൽമാൻ ഖാൻ തുടങ്ങിയ സൂപ്പർ സ്റ്റാറുകളുടെയും, ഭരണത്തലവന്മാരുടേയും അംഗരക്ഷകനായി നെയിം മൂസ്സ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സഹോദരൻ നാജിസ് മൂസ്സക്കൊപ്പം ജന്തൂർ എന്ന പേരിൽ സ്വന്തമായി കമ്പനി തുടങ്ങി.ദളപതി വിജയ് ഗൾഫിലെത്തിയപ്പോൾ ജന്തൂർ കമ്പനിയാണ് സുരക്ഷാ ചുമതല ഏറ്റെടുത്തത്.വിജയിന്നയിം മൂസ്സയെ വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു പോയി. ഒപ്പം കൂട്ടുകയും ചെയ്തു.അതോടെ ദളപതിയുടെ വിശ്വസ്തനുമായി.
ചിത്രവിവരണം:നയിം
മൂസ്സ, ദളപതിക്കൊപ്പം
ബിജോയ്ക്ക് ചുറ്റിലും ദളപതി മാത്രം.!
:ചാലക്കര പുരുഷു
മാഹി: അങ്ങ് തമിഴ്നാട്ടിൽ ദളപതി വിജയ് മുതലൈ അമച്ചറായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, ഇങ്ങ് ഒളവിലം നാരായണൻ പറമ്പിലെ തിരുപ്പാച്ചി സ്റ്റോർ ഉടമ ബിജോയ്ക്ക് സന്തോഷം പ്രകടിപ്പിക്കാനാവുന്നില്ല.
അകവും പുറയും വിജയ് ചിത്രങ്ങൾ കൊണ്ട് നിറഞ്ഞ സ്റ്റേഷനറി കടയ്ക്ക് മുന്നിൽ നിറയെ തമിഴകവെട്രികഴകത്തിൻ്റെ കൊടികളും, ബാനറും, ബോർഡും, ഫോട്ടോകളും നിരന്നിരിക്കുന്നു. തൻ്റെ ഹൃദയത്തിൽ പ്രതിഷ്ഠിക്കപ്പെട്ട പ്രിയനടൻ ദളപതി തമിഴകത്ത് പെരും തലൈവരായി അധികാരമേറ്റത് ടെലിവിഷൻ സ്ക്രീനിൽ തെളിഞ്ഞപ്പോൾ, കടയ്ക്ക് മുന്നിൽ ബിജോയ് അടക്കമുള്ള വിജയ് ഫാൻസുകാർ പടക്കം പൊട്ടിച്ച് മധുര പലഹാരങ്ങൾ വിതരണം ചെയ്ത്, ആർപ്പ് വിളിച്ച്, ആനന്ദനൃത്തമാടുകയായിരുന്നു.
ബിജോയുടെ ഒളവിലം നാരായണൻ പറമ്പിലെ ബിന്ദു ഭവൻ എന്ന വീടിനകവും, പുറവുമെല്ലാം പല രൂപത്തിലും,ഭാവത്തിലുമുള്ള ദളപതിയുടെ ആക്ഷൻ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഭാര്യ ജീസ്നയും വിജയ് ആരാധികയാണ്.ദളപതിയുടെ മക്കളുടെ പേര് തന്നെയാണ് ബിജോയ് യുടെ മക്കൾക്കും ഇട്ടിരിക്കുന്നത്. സഞ്ജയും, സാക്ഷയും.
വിവാഹ വേളയിൽ പോലും വിജയ് ചിത്രത്തിന് മുന്നിൽ വെച്ചായിരുന്നു ചടങ്ങ്. ദശകങ്ങളായി വിജയ് ചിത്രങ്ങൾ ഒന്നൊഴിയാതെ കണ്ടിട്ടുണ്ട്. ഫാൻസുകാർക്കുള്ള ഫാമിലി പാസ്സുമായി ആദ്യ ദിവസം തന്നെ തിയേറ്ററിലെത്തും.കരിയാട്ട് ബിജോയ് ഉൾപ്പടെയുള്ളവരുടെ ഫാൻസ് അസോസിയേഷനുണ്ട്.അവരോടൊപ്പമാണ് 'ടാക്കീസിലെത്തുക. പിന്നെ ഉത്സവമാണ് '
സന്തോഷത്തിൽ സ്വയം മറന്ന് നടനമാടുമ്പോഴും, വിജയ് ഇനി സിനിമയിലുണ്ടാവില്ലല്ലോ എന്നോർത്ത് ഈ ചെറുപ്പക്കാരൻ വിതുമ്പുകയാണ്.
വിജയ് യെ നേരിൽ കാണാൻ ഉൽക്കടമായ ആഗ്രഹമുണ്ടെങ്കിലും , ഇതേവരെ സാധിച്ചിട്ടില്ല'ഒരുനാൾ കാണാനാവുമെന്ന പ്രതീക്ഷ ,ബിജോയുടെ വാക്കുകൾക്ക് ദൃഢതയേറ്റുന്നു.
ചിത്രവിവരണം: തിരുപ്പാച്ചി സ്റ്റോറിന് മുന്നിൽ ബിജോയ്
മനസ്സിലെ മാലിന്യങ്ങളകറ്റാൻ പ്രാർത്ഥനക്ക് കഴിയും: സ്വാമി ശുഭാംഗാനന്ദ
മാഹി : പ്രാർത്ഥിക്കുന്ന മനസ്സിനെ ഒഴുകുന്ന നദിയോടാണ് നാം ഉപമിക്കാറുള്ളതെന്നും, മനസ്സിലെ മാലിന്യങ്ങളെ ഒഴുക്കിക്കളയാൻ പ്രാർത്ഥന കൊണ്ടാവുമെന്നും ധർമ്മസംഘം ട്രസ്റ്റ് ചെയർമാൻ ശുഭാംഗാനന്ദ സ്വാമികൾ ഉദ്ബോധിപ്പിച്ചു.
മാഹി ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ ഗുരുധർമ്മ പ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശ്രീ ശാരദാ പ്രതിഷ്ഠാവാർഷികവും, ശ്രീനാരായണധർമ്മമീമാംസ പരിഷത്തും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമികൾ
ഈശ്വര ചിന്ത കൊണ്ടർത്ഥമാക്കുന്നത് മനസ്സിനെ
ശുചീകരിക്കാനും, പവിത്രീകരിക്കാനുമാണ്.
ദൈവത്തിനും ദേവാലയത്തിനുമപ്പുറമാണ് മനുഷ്യരെന്ന് ഗുരു ലോകത്തെ പഠിപ്പിച്ചു.
ജ്ഞാനത്തിൻ്റെ പാതയിലേക്ക് മനുഷ്യരെ നയിക്കാനാണ് അറിവിൻ്റെ ദേവതയായ ശാരദാംബയെ പ്രതിഷ്ഠിച്ചത്. അറിവ് ലഭിച്ചു കഴിഞ്ഞാൽ എല്ലാ ദുരിതങ്ങൾക്കും അറുതിയാകുമെന്ന് ഗുരു വിശ്വസിച്ചു.
ജനനീ നവരത്നമജ്ഞരി എന്ന കൃതി ശാരദാ പ്രതിഷ്ഠയിയിലൂടെ ലക്ഷ്യമിട്ടതെന്താണെന്ന് ഗുരു വ്യക്തമാക്കുന്നുണ്ട്. ഈശ്വര ചിന്തയിലധിഷ്ഠിതമായ ജീവിതത്തിലൂടെ മാത്രമേ
മനുഷ്യ മനസ്സിനെ നിർമ്മലമാക്കാനാവൂ.
കല്ല് മുതൽ കണ്ണാടി വരെ പ്രതിഷ്ഠിച്ച് കൊണ്ട്, ശാസ്ത്രീയ വീക്ഷണത്തിലൂടെ ആദ്ധ്യാത്മിക ദർശനത്തിൻ്റെ ഔന്നത്യം നമ്മെ പഠിപ്പിച്ചു.
പ്രാപഞ്ചിക വിഷയങ്ങളിൽ നിന്ന് ഒളിച്ചോടാതെ, സമൂഹത്തോടൊപ്പം സഞ്ചരിച്ച ഋഷിവര്യനാണ് മഹാഗുരുവെന്ന് സ്വാമികൾ ചൂണ്ടിക്കാട്ടി.
റോഡിലൂടെ നടക്കാൻ
പട്ടിക്കും,പൂച്ചക്കുമുണ്ടായിരുന്ന സ്വാതന്ത്ര്യം പോലും പിന്നോക്ക വിഭാഗത്തിനുണ്ടായിരുന്നിട്ടില്ലത്ത ഒരു കാലഘട്ടത്തെയാണ് ഗുരു നിർമ്മാർജ്ജനം ചെയ്തതെന്ന് നിയുക്ത മാഹി എം എൽ എ അഡ്വ: ടി .അശോക് കുമാർ അഭിപ്രായപ്പെട്ടു.
ഗുരു മയ്യഴി സന്ദർശിക്കുമ്പോൾ മയ്യഴിയിൽ ഫ്രഞ്ച് ഭരണമായിരുന്നു. അവർ മയ്യഴിക്കാർക്ക്തത്തുല്യമായ അവകാശവും സ്വാതന്ത്ര്യവും നൽകിയത് നേരിൽക്കണ്ട ഗുരു ഏറെ സന്തുഷ്ടനായിരുന്നു. മാഹിക്ക് അയിത്തവും, അനാചാരങ്ങളും അന്യമായിരുന്നുവെന്നത് ഗുരുവിനെ ഏറെ സന്തോഷിപ്പിച്ചുവെന്ന് അശോക് കുമാർ പറഞ്ഞു.ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് സി.കെ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.രവീന്ദ്രൻ പൊയിലൂർ,
വി.പി.ദാസൻ, എം.കെ.രാജീവൻ, ശാന്താ സുരേന്ദ്രൻ, ജയചന്ദ്ര ബോസ്, സരള ടീച്ചർ, മനോജൻ കല്ലായി, പി.ജെ.ബിജു, ഷൈന പ്രമോദ്, സവിത രവീന്ദ്രൻ, പി.കെ.ഗൗരി ടീച്ചർ, മന്മഥൻ മുണ്ടപ്പാക്കൻ, പി.കെ.രമ ടീച്ചർ, എം ബാലൻ തുടങ്ങിയവർ സംസാരിച്ചു.കേന്ദ്രസമിതി അംഗം സജിത് നാരായണൻ സ്വാഗതവും, ജില്ലാ വൈസ് പ്രസിഡണ്ട് പി.സി.ദിവാനന്ദൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യുന്നു.
ഗുരു മുനി നാരായണ പ്രസാദിനെ അനുസ്മരിച്ചു.
ന്യൂ മാഹി : ഏടന്നൂർ ശ്രീ നാരായണ മഠത്തിൻ്റെ ആഭിമുഖ്യത്തിൽ ഗുരു മുനി നാരായണ പ്രസാദ് അനുസ്‌മരണം സംഘടിപ്പിച്ചു.
മഠം ഹാളിൽ ഗുരു ധർമ്മ പ്രചാരകൻ ജയരാജ് ഭാരതി ഉദ്ഘാടനം ചെയ്തു.
ശ്രീ ജ്ഞാനോദയോഗം പ്രസിഡൻ്റ് അഡ്വ: കെ സത്യൻ അധ്യക്ഷത വഹിച്ചു . ശ്രീ ജ്ഞാനോദ യോഗം ഡയരക്ടർ ടി സി ദിലീപ് മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീകാന്ത് ചെറുകല്ലായി, കെ പ്രീജ സംസാരിച്ചു.
ചിത്രവിവരണം:ഗുരു ധർമ്മ പ്രചാരകൻ ജയരാജ് ഭാരതി ഉദ്ഘാടനം ചെയ്യുന്നു.
ചൊക്ലിയിൽ മെഗാ ശുചീകരണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയായി
ചൊക്ലി: ടൗണിൽ ഇന്നലെ ശുചിത്വ ഹർത്താൽ പ്രഖ്യാപിച്ച് കൊണ്ടാണ് രാവിലെ ഏഴു മണിമുതൽ ശുചീകരണ പ്രവർത്തനം ആരംഭിച്ചത്,
ചൊക്ലി ഗ്രാമപഞ്ചായത്തിലെ ജീവനക്കാരുടെയും, ജനപ്രതിനിധികളുടെയും, ആസൂത്രണ സമിതി അംഗങ്ങളും ,ഹരിത കർമ്മസേന അംഗങ്ങളുടെയും,
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെയും,കുടുംബശ്രീ പ്രവർത്തകരുടെയും , ആശാവർക്കർമാരുടെയും നേതൃത്വത്തിലാണ് വിപുലമായ ശുചീകരണ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.
കൂടാതെ ടൗണിലെ ചുമട്ടുതൊഴിലാളികളുടെയും, പീടിക തൊഴിലാളികളും ,ഓട്ടോറിക്ഷ തൊഴിലാളികളും , ശുചീകരണത്തിൽ പങ്കാളികളായി.
ചൊക്ലി പഞ്ചായത്തിലെ പ്രധാന റോഡായ ഗ്രാമത്തി മുതൽ മേക്കുന്ന് വരെ 3 കിലോമീറ്റർ ആയിരുന്നു മെഗാ ശുചീകരണം നടത്താൻ തീരുമാനിച്ചത്
നാല് മേഖല തിരിച്ചുകൊണ്ടാണ് ശുചീകരണ പ്രവർത്തനം നടത്തിയത് ഗ്രാമത്തി മുതൽ താഴെചൊക്ലി വരെയും താഴെ ചൊക്ലി മുതൽ കിച്ചൻ ഹോട്ടൽ വരെയും , കിച്ചൻ ഹോട്ടൽ മുതൽ പെട്ടിപ്പാലം വരെയും , പൊട്ടിപ്പാലം മുതൽ മേൽക്കുന്ന് വരെയും,
വാർഡ് മെമ്പർമാർ മുൻകൈയെടുത്ത് മുകളിൽ പറഞ്ഞ മുഴുവൻ ആളുകളെയും ഏകോപിപ്പിച്ചുകൊണ്ട് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ്,
വൈസ് പ്രസിഡന്റ് കെ.എം സപ്ന,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൻ കെ.ടി.കെ പ്രദീപൻ
മെമ്പർമാരായ
സാദിഖ് ഒ, ജനീബ ഷംസാന , സജിത പി എം , റിജിന
വിനി,ഷിജിൽ എം സി എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നത്തെ പ്രവർത്തനം നടന്നത്
കൂടാതെ പഞ്ചായത്തിലെ ജീവനക്കാരും , ഹെൽത്തിലെ ജീവനക്കാരും പ്രവർത്തനങ്ങൾക്ക് കൃത്യമായ മാർഗ്ഗനിർദേശം നൽകുകയും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളാവുകയും ചെയ്തു.
ഒന്നാം ഘട്ടം നടത്തിയ പ്രവർത്തനം മാതൃക പരമായിരുന്നു തുടർന്നും ബാക്കിയുള്ള മേഖലയിൽ അടുത്ത ഞായറാഴ്ച ശുചീകരിച്ച്
ടൗൺ ശുചീകരണം പൂർത്തീകരിക്കാനും,നാളെ (മെയ് 10 ന് ).ഞായറാഴ്ച പഞ്ചായത്തിലെ മുഴുവൻ വീടുകളും ശുചിത്വ ഹർത്താൽ ആയി പ്രഖ്യാപിച്ചു വീടും പരിസരവും കുടുംബാംഗങ്ങളും വീട്ടിലെ മറ്റ് അംഗങ്ങളും ചേർന്ന് ശുചീകരിക്കാനുള്ള
പ്രവർത്തനങ്ങൾസംഘടിപ്പിക്കുമെന്നും പ്രസിഡന്റ് എൻ. അനുപ് പറഞ്ഞു.
പി.സി.ദിവാനന്ദൻ
ജില്ലാ വൈ.. പ്രസിഡണ്ട്
മാഹി: ഗുരുധർമ്മസഭ ജില്ലാ വൈസ് പ്രസിഡണ്ടായി പി.സി.ദിവാനന്ദൻ മാസ്റ്ററെ തെരഞ്ഞെടുത്തു.ജി ഡി പി.എസ് മാഹി മേഖലാ പ്രസിഡണ്ടാണ്. വിദ്യാഭ്യാസ വിചക്ഷണനും, കലാ-സാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമാണ്.
ഭീമറാവ് റാംജി അബേദ്ക്കറെ ശരിയായി വായിക്കപ്പെടണം
മാഹി:നിലവിലുള്ള സാമൂഹ്യ വ്യവസ്ഥിതിക്കെതിരെ ഒറ്റയ്ക്ക് പടപൊരുതി മുന്നോട്ട് വന്ന മഹാവ്യക്തിയായിരുന്നു ഭീമറാവ് റാംജി അംബേദ്ക്കർ എന്ന് ഭാരതീയവിചാരകേന്ദ്രം കണ്ണൂർ ജില്ലാ ജോയൻ്റ് സെക്രട്ടറി പൂവ്വച്ചേരി വിജയൻ അഭിപ്രായപ്പെട്ടു. ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി സഘടിപ്പിച്ച വൈചാരിക സദസ്സിൽ "അബേദ്ക്കർ വായിക്കപ്പെടുമ്പോൾ" എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബേദ്കറിസ്റ്റുകൾ എന്ന പേരിൽ അബേദ്ക്കറെ തെറ്റായ രീതിയിൽ അവതരപ്പിക്കപ്പെടുകയും, ഏത് വ്യവസ്ഥിതിക്കെതിരെയാണോ അദ്ദേഹം പോരാടിയത് 1അത്തരം വ്യവസ്ഥിതികൾ നിലനിർത്താൻ അവർ ശ്രമിക്കുകയും ചെയ്യുന്നതായി അദ്ദേഹം ചൂണ്ടികാട്ടി.
പി.ടി ദേവരാജൻ അദ്ധ്യക്ഷം വഹിച്ചു.
കാണി രാമകൃഷ്ണൻ, അഡ്വ. കെ. അശോകൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ജനനി പ്രകാശൻ സ്വാഗതവും വിജേഷ് വിജയമന്ദിരം നന്ദിയും പറഞ്ഞു.
ചിത്രവിവരണം: ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി സംഘടിപ്പിച്ച വൈചാരിക സദസിൽ വിജയൻ പൂവ്വച്ചേരി പ്രബന്ധം അവതരിപ്പിക്കുന്നു
കെ പി ഉമ്മർകുട്ടി ഹാജി
അന്തരിച്ചു
തലശ്ശേരി: ചേറ്റംകുന്നിലെ സനാബിലിൽ താമസിക്കും മുൻ ടെലികമ്മ്യൂണിക്കേഷൻ ഉദ്യോഗസ്ഥൻ K P ഉമ്മർ കുട്ടി (82 വയസ്സ്) . അന്തരിച്ചു .തലശ്ശേരി ഒ വി റോഡ് തഖ്വ മസ്ജിദ് സെക്രട്ടറി, സംയുക്ത മുസ്ലിം ജമാഅത്ത് നിർവാഹക സമിതി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ : ഖൈറുന്നിസ.
മക്കൾ :റിയാസ്, തൻവീർ, ഫർസാന, ഫത്താഹ്, ജാബിർ, ജബ്ബാർ.
മരുമക്കൾ : തസ്‌നി, ഷമീന, ഡോ: കെ.പി. മുഹമ്മദ് (അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ അൽബിർ സ്കൂൾസ്) സജ്‌ന, ഹാജിറ, ബുനീറ.
കാണ്‍മാനില്ല.
ഈ ഫോട്ടോയില്‍ കാണുന്ന ഷനില്‍. T (35 വയസ്സ്) S/O ചന്ദ്രന്‍ & രാജലക്ഷ്മി - തയ്യുള്ളതില്‍ ഹൗസ് (PO) പള്ളൂര്‍ , മാഹി എന്ന വ്യകതിയെ 9/5/2026 ശനിയാഴ്ച വൈകുന്നേരം മുതല്‍ കാണ്‍മാനില്ല.
ജന്മനാ വൈകല്യമുള്ളയാളാണ്.വെളുത്ത നിറം. മെലഞ്ഞ ശരീരം. ഏകദേശം ആറടി ഉയരം. കറുപ്പും പച്ചയും കലര്‍ന്ന ചെക്ക് ഷര്‍ട്ടും, കറുപ്പ് ജീന്‍സ് പേന്റുമാണ് ധരിച്ചിരിക്കുന്നത്.
ഇയാളെ കണ്ടു കിട്ടുന്നവര്‍ താഴെ പറയുന്ന നമ്പറിലോ, തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു 9846345277, 9745936338 -9037374615
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















