മാഹി: മാഹി മണ്ഡലത്തിൽ നിന്ന് പോണ്ടിച്ചേരി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ടി. അശോക് കുമാറിനെ കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ പൊന്നാട അണിയിച്ച് ആദരിച്ചു.
അശേക് കുമാറിൻ്റെ വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിക്കുകയും, നിയമനിർമ്മാണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ കഴിയട്ടെയെന്ന് സ്പീക്കർ ആശംസിക്കുകയും ചെയ്തു.
ചിത്രവിവരണം: അഡ്വ. ടി. അശോക് കുമാറിനെ കേരള സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ പൊന്നാട അണിയിച്ച് അനുമോദിക്കുന്നു
ജഗന്നാഥ ക്ഷേത്രം: രണ്ടാം ശിവഗിരി
ചാലക്കര പുരുഷു
തലശ്ശേരി: ശ്രീനാരായണ ഗുരു ജീവിച്ചിരിക്കുമ്പോൾ തന്നെ സ്ഥാപിതമായ ലോകത്തിലെ ആദ്യ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠക്ക് നൂറ് വയസ്സാവുന്നു. ഗുരു വിഗ്രഹപ്രതിഷ്ഠയുടെ ശതാബ്ദി ആഘോഷവും ഇതിനകം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി നടന്നു വരികയാണ്.. ഗുരുവിന് 71 വയസ്സ് പൂർത്തിയായ ദിനത്തിൽ
1926 മാർച്ച് 12 ന് വൈകിട്ട് തലശ്ശേരി തുറമുഖത്തു നിന്നും ആയിരങ്ങൾ അനുധാവനം ചെയ്താണ് ആത്മീയതയും, ആവേശവും തിരയടിച്ച , ആഘോഷ യാത്രയായി മഹാഗുരുവിന്റെ വിഗ്രഹം ജഗന്നാഥ ക്ഷേത്രത്തിലെത്തിയിരുന്നതെന്ന് ദൃക്സാക്ഷിയായിരുന്ന മൂർക്കോത്ത് കുമാരന്റെ മകനും ,പ്രമുഖ ആംഗലേയ പത്രപ്രവർത്തകനുമായിരുന്ന മൂർക്കോത്ത് ശ്രീനിവാസൻ ഈ ലേഖകനോട് പറഞ്ഞത് ഇന്നലെയെന്നപോൽ ഓർക്കുന്നു. ഇറ്റലിയിൽ നിന്നും കപ്പൽ മാർഗ്ഗം വിഗ്രഹമെത്തും മുൻപു തന്നെ ശിൽപ്പി പ്രൊഫ:ത വ് റലി മാതൃകയായി ചെറു പ്രതിമകൾ മൂർക്കോത്ത് കുമാരനയച്ചിരുന്നു. അത്തരം പ്രതിമകൾ പലരും ഇന്നും സൂക്ഷിച്ച് വെച്ചിട്ടുമുണ്ട്. ഗുരുവിനെനേരിൽ കാണാതെ , ഫോട്ടോ ഗ്രാഫർ പി. ശേഖരൻ എടുത്ത പടത്തെ മാത്രം അവലംബമാക്കി തവ് റലി സായ്പ് പഞ്ചലോഹത്തിൽ വാർത്തെടുത്ത ഈ വിഗ്രഹത്തെ വെല്ലുന്ന യഥാ തഥമായ മറ്റൊരു വിഗ്രഹം ലോകത്തെങ്ങുമില്ല. ഗുരുവിന്റെ പടമെടുക്കാൻ ശിവഗിരിയിലെത്തിയ ശേഖരനോട് ഗുരു ചോദിച്ചത് രസ പടമെടുക്കാൻ കഴിയുമോ എന്നായിരുന്നു. എന്നാൽ വിഗ്രഹം നിർമ്മിക്കപ്പെട്ട പ്പോൾ , അത് ഗുരുവിന്റെ ആന്തരിക സ്വത്വമുൾച്ചേർന്ന ജീവസ്സുറ്റ, ധ്യാനാവസ്ഥയിലുള്ള
വിഗ്രഹമായി ഉരുവം പ്രാപിക്കുകയായിരുന്നു. വിഗ്രഹ നിർമ്മാണവേളയിൽ താൻ ഗുരുവിനെ സ്വപ്നത്തിൽ ദർശിച്ചതായിശിൽപ്പി രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഗുരുവിന്റെ ആത്മാവ് എവിടെയാണെന്ന ചോദ്യത്തിന് ഉത്തരമാണ് തലശ്ശേരി എന്ന് പറയാം.
ഗുരു ചൈതന്യത്തിൻ്റെ പ്രകാശകിരണങ്ങളേൽക്കാത്ത മണ്ണും മനുഷ്യരും തലശ്ശേരിയിലില്ലെന്ന് തന്നെ പറയാം. ശ്രീ നാരായണ ദർശനങ്ങളോട് അത്രമേൽ ആത്മബന്ധമുണ്ട് ഈ പ്രദേശത്തിന് ' ഇത്രയേറെ ഗൃഹസ്ഥ ശിഷ്യരും, നൂറു കണക്കിന് ശ്രീ നാരായണ മഠങ്ങളും മറ്റെങ്ങുമില്ല.
ഗുരുവിനെ ആദ്യമായി തലശ്ശേരിയിൽ എഴുന്നള്ളിച്ച വരതൂർ കാണിയിൽ കുഞ്ഞിക്കണ്ണൻ, ജഗന്നാഥ ക്ഷേത്രത്തിന് മുഹൂർത്ത ക്കല്ല് സ്ഥാപിക്കാൻ ഗുരു നിയോഗിച്ച കൊറ്റിയത്ത്
രാമുണ്ണി വക്കീൽ, ഗുരു ജിവിച്ചിരിക്കെ തന്നെ ഗുരുവിൻ്റെ പഞ്ചലോഹ പ്രതിമ സ്ഥാപിക്കാൻ നേതൃത്വം നൽകുകയും, ഗുരുവിൻ്റെ ആധികാരിക ജീവചരിത്രം രചിക്കുകയും ചെയ്ത മൂർക്കോത്ത് കുമാരൻ, ശിവഗിരി ധർമ്മസംഘത്തിൻ്റെ ബൈലോ എഴുതാൻ ഗുരു നിയോഗിച്ച റാവു ബഹദൂർ സി.വി.ഗോപാലൻ മുൻസീഫ് ,ഗുരുദേവ കൃതികൾ ആദ്യമായി ക്രോഡീകരിക്കാനും, ഗുരുവിനെ കസേരയിലിരുത്തി ചുമന്ന് കൊണ്ട് പോകാനുമുള്ള ഭാഗ്യം സിദ്ധിക്കുകയും ചെയത കെ.എം.കുമാരസ്വാമി സന്യാസി , ഗുരുവിൻ്റെ ഏക മത സിദ്ധാന്തം നാടെങ്ങും പ്രചരിപ്പിക്കാൻ ഗുരുവിൽ . നിന്നും അനുഗ്രഹം കിട്ടിയ സാധു ശിവ പ്രസാദ്, ഗുരുദേവൻ ഏറ്റവും ഒടുവിൽ സന്യാസം നൽകി അനുഗ്രഹിച്ച സ്വാമി ആനന്ദ തീർത്ഥർ, ഗുരുവിൻ്റെ സമാധി വേളയിൽ ശുശ്രൂഷിക്കാൻ അവസരം ലദിച്ച സ്വാമി ഗുരുപ്രസാദ്, ആലുവ അദ്വൈത ആശ്രമത്തിൽ അദ്ധ്യാപകനാക്കി ഗുരു നിയോഗിച്ച ആത്മാനന്ദ സ്വാമികൾ തുടങ്ങി അതിപ്രശസ്തരായ ഒട്ടേറെ ഗൃഹസ്ഥ ശിഷ്യരെ സംഭാവന ചെയ്ത നാടാണിത്.
എസ്.എൻ.ഡി.പി.യോഗങ്ങളിൽ പലവട്ടം അദ്ധ്യക്ഷ പദവി അലങ്കരിച്ചവരാണ് തലശ്ശേരിക്കാരായ കൊറ്റ്യത്ത് രാമുണ്ണി വക്കീൽ, മൂർക്കോത്ത് കുമാരൻ, പനങ്ങാടൻ രാമൻ തുടങ്ങിയവർ '
ഗുരുവിൻ്റെ കൈകളാൽ പ്രതിഷ്ഠിതമായ
ഉത്തര മലബാറിലെ ആദ്യ ക്ഷേത്രമാണ് ജഗന്നാഥ ക്ഷേത്രം. ലോകത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ടതാണ്, ഇറ്റാലിയൻ ശിൽപ്പി തവ്റല്ലി പഞ്ചലോഹത്തിൽ നിർമ്മിച്ച ഇവിടുത്തെ ഗുരുദേവപ്രതിമ.
ജഗന്നാഥ ക്ഷേത്ര പ്രതിഷ്ഠാ വേളയിൽ പ്രതിഷ്ഠ നടത്താനുള്ള യോഗ്യതയെക്കുറിച്ച് ചോദ്യം ചെയ്യാനെത്തിയ സവർണ്ണ പണ്ഡിതൻ മണ്ണന്തല നീലകണ്ഠൻ മൂസ്സത്, ഒടുവിൽ ഗുരുവിനെ അംഗീകരിക്കുകയും, ക്ഷേത്രത്തെ പ്രകീർത്തിച്ച് രുദ്രപഞ്ചകം എഴുതി സമർപ്പിക്കുകയും ചെയ്യുകയായിരുന്നു.
ഗുരു നടത്തിയ പല പ്രബോധനങ്ങളും ഇവിടെ വെച്ചായിരുന്നു.
ഭാരിച്ച ചുമതലയുള്ള ക്ഷേത്ര നിർമ്മാണ ചിലവിന് മുന്നിൽ പാവപ്പെട്ട ജനങ്ങൾ നിസ്സഹായരായി നിന്നപ്പോഴാണ് 'ക്ഷേത്രം തന്നെ, ക്ഷേത്രത്തെ ഉണ്ടാക്കിക്കൊള്ളു'മെന്ന് ഗുരു പറഞ്ഞത്. അത് തന്നെ സംഭവിക്കയും ചെയ്തു.
തലശ്ശേരിയിലേക്കുളള തൻ്റെ പൂർണ്ണകായ പ്രതിമ കപ്പലിൽ കൊണ്ട് വരവെ, സിലോൺ തുറമുഖത്ത് വെച്ച് ഇത് കാണാനിടയായ ഗുരു മൊഴിഞ്ഞതിങ്ങനെ 'ആഹാരം വേണ്ടല്ലോ. ജീവിച്ചുകൊള്ളും'
ക്ഷേത്ര നിർമ്മിതിക്ക് ശേഷം മൂന്നാം വർഷം ഇളനീരാട്ടത്തിന് തുടക്കം കുറിക്കാൻ ഗുരുവിനെ ക്ഷണിക്കാൻ ശിവഗിരിയിലേക്ക് പോയ റാവു ബഹദൂർ ഗോപാലൻ മുൻസിഫിനോട് ,ആലുവയിൽ ആശ്രമം പണിയാനുള്ള ഭൂമി വാങ്ങാനുള്ള ധനസമാഹരണ തിരക്കിലായതിനാൽ, വരാൻ വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു. നിർബന്ധം കലശലായപ്പോൾ, ഗുരു പറഞ്ഞു 'സ്ഥലത്തിൻ്റെ പകുതി പണം നൽകിയാൽ അവിടേക്ക് വരാം.' ഇക്കാര്യം കൊററിയത്ത് രാമുണ്ണി വക്കീലിനെ അറിയിച്ചപ്പോൾ, പെട്ടെന്ന് മറുപടി ഉണ്ടായില്ല. അപ്പോൾ ഗുരുപ്രതിവചിച്ചത് ഇങ്ങിനെയായിരുന്നു' 'പണത്തോടടുക്കുമ്പോൾ എല്ലാം ഇങ്ങിനെ..'
എന്നാൽ തൊട്ടുപിറകെ പകുതി പണം തരാമെന്ന് രാമുണ്ണി വക്കീൽ അറിയിച്ചപ്പോൾ ' നാം കുഴങ്ങിയല്ലോ, പണത്തിൻ്റെ കാര്യം പറഞ്ഞാലെങ്കിലും ,നമ്മെ ഒഴിവാക്കുമെന്ന് വിചാരിച്ചിരുന്നു' എന്നാണ് '
ഒരിക്കൽ ഗുരു ,ഫ്രഞ്ച്മയ്യഴിയിലെ മേയറായിരുന്ന പുന്നരാമോട്ടിയുടെ വീട്ടിൽ, വിശ്രമിക്കുകയായിരുന്നു. തൊട്ടടുത്ത വിവാഹ വീട്ടിൽ നിന്നുള്ള അസഹ്യമായ മത്സ്യഗന്ധം ഉയർന്നപ്പോൾ ഗുരു പറഞ്ഞു.' വിവാഹം പോലുള്ള ശുഭ കർമ്മ വേളകളിൽ മത്സ്യ മാംസാദികൾ വർജ്ജിക്കുന്നതാണ് ഉത്തമം' ഈ ഉപദേശം മയ്യഴിക്കാർ ഇന്നും നെഞ്ചേറ്റുന്നു.
പുലയ സമുദായക്കാരെ ഇപ്പോൾ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചാൽ തീയ്യ സമുദായത്തിൽ അത് വലിയ പ്രശ്നം ഉണ്ടാക്കുമെന്നും, ഒരു വർഷം കഴിഞ്ഞ് ആലോചിച്ചു കൂടേയെന്നും, ജ്ഞാനോദയ യോഗം പ്രസിഡണ്ട് അറക്കളത്ത് രാഘവൻ റൈറ്റർ ഗുരുവിൻ്റെ ശ്രദ്ധയിൽ പെടുത്തി. തത്സമയം തന്നെ ഒരു ചാറ്റൽ മഴ പെയ്തൊഴിഞ്ഞു - ഗുരു പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു ' എന്താ റൈട്ടറേ.. വർഷം ഒന്ന് കഴിഞ്ഞില്ലേ?ഇനി അവരെ പ്രവേശിപ്പിച്ചുകൂടേ?'
ഗുരുവിൻ്റെ പ്രതിമ സ്ഥാപിക്കുന്നതറിഞ്ഞ് അതിനെ ശക്തിയുക്തം എതിർക്കാനെത്തിയതായിരുന്നു മഹാ പണ്ഡിതൻ കൂടിയായ സ്വാമി ബോധാനന്ദൻ.വിഗ്രഹാരാധനക്കെതിരായി ഗുരുവിൻ്റെ മുന്നിൽ വാദമുഖങ്ങളുയർത്താനെത്തിയ ബോധാനന്ദ സ്വാമികൾ, പക്ഷെ, ഗുരുവിൻ്റെ യോഗ നയനങ്ങളുടെ ആഴത്തിന് മുന്നിൽ പതറിപ്പോവുകയായിരുന്നു. ഗുരു കൈ കൊണ്ട് അദ്ദേഹത്തെ മാടി വിളിച്ചിട്ട് ഇങ്ങിനെ പറഞ്ഞു 'മത ഖണ്ഡനം നന്നല്ല. കാണുന്നവർക്കെല്ലാം സന്യാസം കൊടുക്കരുത്' "ബോധാനന്ദ സ്വാമികൾ തന്നെയാണ് പ്രതിമയുടെ പ്രതിഷ്ഠ നടത്തിയത്. ! ഗുരു തൻ്റെ വിൽപ്പത്രത്തിൽ പിൻഗാമിയായി നിശ്ചയിച്ചതും ബോധാനന്ദ സ്വാമികളെയായിരുന്നു. ബോധാനന്ദനെ ഗുരു ആദ്യമായി കണ്ടതും തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ വെച്ചായിരുന്നു..
ചിത്രവിവരണം: ലോകത്താദ്യമായി പ്രതിഷ്ഠിച്ച ജഗന്നാഥ സവിധത്തിലെ ഗുരുദേവ വിഗ്രഹം
അഖണ്ഡ സംഗീത ആരാധന
യജ്ഞം സംഘടിപ്പിച്ചു
തലശ്ശേരി: നരസിംഹ ജയന്തിയോടും ബുദ്ധ പൗർണ്ണിമയോടും അനുബന്ധിച്ച് കേരളത്തിൽ നരസിംഹ മൂർത്തി സങ്കൽ പത്തിലുള്ള എടക്കാട് മഹാവിഷ്‌ണു ക്ഷേത്രത്തിൽ സംഗീത ത്രിമൂർത്തികൾ അനുസ്‌മരണ ചടങ്ങായി അഖണ്ഡ സംഗീത ആരാധന യജ്ഞം സംഘടിപ്പിച്ചു. സംഗീതജ്ഞൻ ടി.ശ്രീജയൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് സംഗീതാർച്ചന സംഘടിച്ചത്. ടി. ശ്രീജയൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ത്യാഗരാജ സ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമസാസ്ത്രികൾ എന്നിവരുടെ കൃതികൾ അവതരിപ്പിച്ചു കൊണ്ട് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 25 ഓളം സംഗീത വിദ്യാലയങ്ങളിൽ നിന്നുള്ള കർണാടക സംഗീത വിദഗ്‌ധരും വിദ്യാർത്ഥികളും ചേർന്ന് എടക്കാട് വിഷ്‌ണു ക്ഷേത്ര സന്നിധിയിയെ സംഗീത സാന്ദ്രമാക്കി. ശ്രീജയൻ മാസ്റ്റർ, രാധാകൃഷ്‌ണൻ ടെമ്പിൾ ഗേറ്റ്, പ്രശാന്ത് നമ്പൂതിരി, വത്സൻ മാസ്റ്റർ, ഡോ. അനീന എന്നിവർ പങ്കെടുത്തു.
കണ്ണൂർ ജില്ലാ ജൂനിയർബോയ്സ് / ഗേൾസ് ഹോക്കി ലീഗ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾമെയ് -9 ,10 , തീയ്യതികളിൽ
പാതിരിയാട് സ്കൂളിൽ
തലശ്ശേരി:കണ്ണൂർ ജില്ലയിലെ ജൂനിയർ ആൺകുട്ടികളുടെയും , പെൺകുട്ടികളുടെയും ടീമുകൾ മാറ്റുരക്കുന്ന
ജില്ലാ ലീഗ് മത്സരങ്ങൾ2026 - മെയ് 9,10, ശനിഞായർ ദിവസങ്ങളിൽ
പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾഗ്രൗണ്ടിൽ നടക്കും .
2007- ജനുവരി 1 ന് ശേഷംജനിച്ചവർക്ക് പങ്കെടുക്കാം
മെയ് മൂന്നാം വാരത്തിൽനടക്കുന്ന സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ
പങ്കെടുക്കേണ്ട കണ്ണൂർജില്ലാ ബോയ്സ് /ഗേൾസ്
ടീമുകളെ ഈ ലീഗ്ചാമ്പ്യൻഷിപ്പിൽ നിന്ന് തെരഞ്ഞെ
ടുക്കും .പങ്കെടുക്കുന്ന ടീമുകൾ(ബോയ്സ് &ഗേൾസ് )
മെയ് 7 വ്യാഴാഴ്ചയ്ക്ക് മുമ്പ് ടീം പേരുകൾ രജിസ്ത്രർ ചെയ്യുകയോ ,
താഴെ കാണുന്ന ഫോൺനമ്പറുകളിൽ ബന്ധപ്പെടു
കയോ വേണം .Mob Nos 90377 67338, 984710741.
കളിക്കാൻ വരുന്ന താരങ്ങൾ അവരുടെവയസ്സ് തെളിയിക്കുന്ന രേഖയോ ,ആധാർകാർഡോ നിർബ്ബന്ധമായുംകൊണ്ടു വരേണ്ടതാണ് .
ഇ.മുകുന്ദൻ നിര്യാതനായി.
മാഹി .പള്ളൂർ നടവയൽ റോഡിൽ കമ്മ്യുണിറ്റി ഹാളിന് സമീപമുള്ള പ്രശാന്തി നിലയത്തിൽ ഇ മുകുന്ദൻ (89 ) നിര്യാതനായി. പള്ളൂർ സ്പിന്നിങ്ങ് മില്ലിൽ ഇലട്രീഷ്യനായിരുന്നു. ഭാര്യ: കേളൻക്കണ്ടിയിൽ ദേവി.മക്കൾ :സീന, ലീന, ശ്രീജിത്ത് മരുമക്കൾ: സുർജിത്ത് ശിവദാസ് (ഫാക്കൽറ്റി) ടെമ്പിൾ ഗേറ്റ് ,നിനോജ് ( ജില്ലാ പ്ലാനിങ്ങ് ഓഫീസർ കണ്ണൂർ )
സംസ്ക്കാരം ഇന്ന് രാത്രി 7.30 ന് വീട്ടുവളപ്പിൽ
പന്ന്യന്നൂർ ഭാസിനിര്യാതനായി
ചൊക്ലി: റിട്ട. സഹകരണ ഡപ്യൂട്ടി രജിസ്ട്രാറും പ്രമുഖ സാഹിത്യകാരനും, നാടൻ കലാഗവേഷകനുമായ ഭാസ്ക്കരൻ ( പന്ന്യന്നൂർ ഭാസി - 82)നിര്യാതനായി.
രണ്ട് ഡസനിലേറെ ഗ്രന്ഥങ്ങളുടെ കർത്താവും, നാടക രചയിതാവും സംവിധായകനുമാണ്. പന്ന്യന്നൂർ പി.ടി.കെ.അനന്തൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിൻ്റെ അരനൂറ്റാണ്ടിലേറെക്കാലം സാരഥിയായിരുന്നു. സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് അവഗാഹമായ പാണ്ഡിത്യമുണ്ടായിരുന്ന ഇദ്ദേഹം സഹകരണ പ്രസ്ഥാനങ്ങൾക്ക് മുതൽക്കൂട്ടായ ഒട്ടേറെ ഗ്രന്ഥങ്ങളും രചിച്ചിരുന്നു.
ഭാര്യ : പരേതയായ വി.പി.ഭവാനി
മക്കൾ : കെ.പി.ബീന (റിട്ട. എക്സിക്യുട്ടീവ് എഞ്ചിനിയർ, കെ.എസ്. ഇ.ബി), കെ.പി.ബിജു (എഞ്ചിനിയർ, യു.എ.ഇ.), ബൈജു ഭാസ്‌കർ (നാടക-ചലച്ചിത്ര നടൻ,
അസി. സെക്രട്ടറി, പന്ന്യന്നൂർ സർവ്വീസ് സഹകരണ ബേങ്ക്)
മരുമക്കൾ: വി.പി.നാദിയ. (രാമവിലാസം എച്ച്.എസ്.എസ്, ചൊക്ലി), പി.സി.പ്രനിഷ.( കാരാറത്ത് യു.പി. എസ്,നിടുമ്പ്രം), പരേതനായ എം. എസ്.സുഗുണൻ (റിട്ട. ഡപ്യൂട്ടി ചീഫ് എഞ്ചിനിയർ, കെ.എസ്.ഇ.ബി ), സഹോദരങ്ങൾ: കെ.പി. വിശ്വനാഥൻ(ചിത്രകാരൻ, റിട്ട. അദ്ധ്യാപകൻ, വി.പി. ഓറിയൻ്റൽ എച്ച്. എസ്, ചൊക്ലി), കെ.പി രവീന്ദ്രൻ (പാറാൽ)
സംസ്‌കാരം : ഇന്ന് ഉച്ചയ്ക്ക് 12-30 ന് വീട്ടുവളപ്പിൽ.
ഗ്രാമ ദീപമണഞ്ഞു ..
വടക്കൻ വീരഗാഥകളുടെ
ശീലുകൾ നിലച്ചു
ചാലക്കര പുരുഷു
മാഹി: മഹാപ്രതിഭകളായ മൊയാരത്ത് ശങ്കരൻ്റേയും, എം.വി.ദേവൻറേയും അയൽക്കാരനായ മറ്റൊരു മഹാപ്രതിഭ കൂടി വിടവാങ്ങി.
വടക്കൻപാട്ടിലെ വീരകഥകൾ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തിയ നാടൻ കലാ ഗവേഷകൻ, ബാല മനസ്സുകളുടെ ഉള്ളറകൾ തൊട്ടറിഞ്ഞ ബാലസാഹിത്യകാരൻ സഹകരണ പ്രസ്ഥാനത്തിൻ്റെ ചരിത്രവും, നാൾവഴികളും നാടിന് ബോധ്യപ്പെടുത്തിയ സഹകാരി, സ്വാതന്ത്ര്യ സമരത്തിൻ്റെ ത്യാഗോജ്വലമായ ഏടുകളും, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഗതകാല സ്മൃതികളും പകർത്തിയ ചരിത്രകാരൻ, പ്രണയവും വിരഹവും, കാൽപ്പനിക ഭാവനകളും യുവമനസ്സുകളിൽ കൊത്തിവെച്ച നാടകക്കാരൻ, വിഷയമേതായാലും സാംസ്ക്കാരിക വേദികളിലെ തിളക്കമാർന്ന പ്രഭാഷകൻ ...അങ്ങിനെ പോകുന്നു പന്ന്യന്നൂർ ഭാസിയുടെ വ്യക്തിവിശേഷങ്ങൾ.
'വാളും ചുരികയും ഉറുമി യും കൊണ്ട് ഇതിഹാസ രചന നടത്തിയ പാലാട്ട് കോമനേയും ഉണ്ണിയാർച്ചയേയും, തച്ചോളി ഒതേനനേയും, പയ്യമ്പള്ളി ചന്തുവിനേയും, ' പോലുള്ളവരുടെ പോരാട്ട വീര്യത്തിൻ്റെ അപദാനങ്ങളാണ് അര ഡസനിലേറെ ഗ്രന്ഥങ്ങളിൽ.. നാട്ടുവഴക്ക് തീർക്കാനും, രക്തബന്ധങ്ങൾ പോലും മറന്ന് അങ്കം കുറിച്ചവർ, പെണ്ണിനും മണ്ണിനും വേണ്ടി ആയുധമെടുത്തവർ.. കുടിപ്പകയെ സ്നേഹം കൊണ്ടും, കൗശലം കൊണ്ടും മെരുക്കിയവർ, വടക്കൻ പാട്ടുകളിലെ വീരഗാഥകളുടെ ചാരുത തെല്ലും ചോർന്ന് പോകാതെ രചിക്കപ്പെട്ടവയാണ് വടക്കൻപാട്ടിലെ വീരാംഗനമാർ, തച്ചോളി' ഒതേനൻ, വടക്കൻ പാട്ടുകൾ കുട്ടികൾക്ക്, അങ്കം, അഞ്ച് വടക്കൻ പാട്ടുകൾ, വടക്കൻ പാട്ടുകഥകൾ കുട്ടികൾക്ക്, തുടങ്ങിയവ വടക്കൻപാട്ട് കഥകളിലെ അപൂർവ്വ ഗ്രന്ഥങ്ങളാണ്. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാർ എന്ന നിലയിൽ പരിണിതപ്രജ്ഞനായ പന്ന്യന്നൂർ ഭാസി രചിച്ച സഹകരണ പഠന സഹായി ,വാഗ്ഭടാനന്ദ ഗുരു:സഹകാരിയും, നവോഥാന നായകനും, സഹകരണ വിജ്ഞാനം വിദ്യാർത്ഥികൾക്ക്, ഇ.നാരായണൻ സഹകരണത്തിൻ്റെ സാരഥി, പിൻവിളി , സഹകരണ പ്രസ്ഥാനത്തിൻ്റെ കഥ, സംക്ഷിപ്ത സഹകരണ വിജ്ഞാന ബോധിനി,
തുടങ്ങിയ ഗ്രന്ഥങ്ങൾ കേരളീയ സഹകരണ പ്രസ്ഥാനങ്ങളെക്കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവർക്കുള്ള അമൂല്യ പാഠപുസ്തകങ്ങളാണ്.
തൻ്റെ ആരാധനാപാത്രവും, അയൽക്കാരനുമായ മൊയാരത്ത് ശങ്കരനെക്കുറിച്ചെഴുതിയ സ്വാതന്ത്ര്യം മോഹിച്ച സമര സേനാനി, കഴിഞ്ഞ വർഷമാണ് നാട്ടുത്സവത്തിൻ്റെ പ്രതീതിയിൽ പ്രകാശനം ചെയ്യപ്പെട്ടത്. ചാപ്പനെ കണ്ടോ കുട്ട്യോളേ.. എന്ന ഗ്രന്ഥത്തിൻ്റെ പണിപ്പുരയിലായിരുന്നു.
1960-ൽ 18-ാമത്തെ വയസ്സിൽ മാതൃഭൂമി വാരാന്തപ്പതിപ്പിൽ എഴുതിയ കഥയ്ക്ക് ആറുരൂപ പ്രതിഫലം കിട്ടിയതാണ് സാഹിത്യ രംഗത്ത് കാലുറപ്പിക്കാൻ ഭാസ്കരന് പ്രചോദനമായത്. 1963-ൽ ജനയുഗം വാരികയിൽ ചങ്ങാതികൾ എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച ബാലസാഹിത്യ കൃതിയാണ് ആദ്യപുസ്തകം. ആനുകാലികങ്ങളിൽ വിവിധ വിഷയങ്ങളെ അധികരിച്ച് പന്ന്യന്നൂർ ഭാസി തുടർച്ചയായി എഴുതാറുണ്ട്.
കോഴിക്കോട് ആകാശവാണി നിലയം ഭാസിയുടെ നിരവധി റേഡിയോ നാടകങ്ങൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
ഒരു ജനതയുടെ സാംസ്ക്കാരിക പൈതൃകത്തിൻ്റെ വർണ രേണുക്കളാണ് ഭാസിയുടെ നാടോടി സാഹിത്യം നാടൻ പാട്ടുകളും, നാടോടിക്കഥകളുമെല്ലാം ഈ ഗണത്തിലെ സൂക്ഷിച്ചു വെക്കേണ്ട കൃതികളാണ്. കലാപരമായ അവതരണത്തിൻ്റെ ഉള്ളറകളെക്കുറിച്ച് അജ്ഞാതരായ ഗ്രാമീണ ജനതയുടെ സർഗ്ഗാത്മക ചൈതന്യത്തിൻ്റെ പ്രതിഫലനങ്ങളാണ് ഭാസിയേട്ടൻ്റെ ഓരോ കൃതിയും
ഇന്ദിരാ ഗാന്ധി പോളിടെക്നിക് കോളേജ് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു
മാഹി : ഇന്ദിരാ ഗാന്ധി പോളിടെക്നിക് കോളേജ് മാഹിയിലെ 2026-27 അദ്ധ്യയനവർഷത്തേക്കു താഴെ പറയുന്ന എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിച്ചു:
1. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്
2. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
3. ഇൻസ്ട്രുമെന്റഷൻ ആൻഡ് കൺട്രോൾ എഞ്ചിനീയറിംഗ്
4. കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്
മുകളിൽ പറഞ്ഞ കോഴ്സുകളിലേക്ക് ദ്വിവത്സര (ലാറ്ററൽ എൻട്രി) കോഴ്സുകളിലേക്കുള്ള അപേക്ഷകളും ക്ഷണിച്ചുകൊള്ളുന്നു. കോഴ്സുകളുടെ വിശദ വിവരങ്ങളും അപേക്ഷ ഫോമും കോളേജ് വെബ് സൈറ്റായ www.igptc-mahe.in ൽ നിന്നും ഡൌൺലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ്
പുതുച്ചേരി സംസ്ഥാനത്തെ അപേക്ഷകരെ പരിഗണിച്ച ശേഷം ബാക്കി വരുന്ന സീറ്റുകളിലേക്ക് കേരളം ഉൾപ്പടെയുള്ള ഇതര സംസ്ഥാനക്കാർക്കും പ്രവേശനം നൽകുന്നതാണ്.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആവശ്യമായ എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, റജിസ്റ്റേഡ് പോസ്റ്റായോ, സ്പീഡ് പോസ്റ്റായോ, കൊറിയര്‍ ആയോ കോളേജ് വിലാസത്തിലേക്ക് അയക്കേണ്ടതാണ്. അപേക്ഷകൾ നേരിട്ടും സ്വീകരിക്കുന്നതാണ്.
അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി
ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനുള്ള അപേക്ഷകൾ : 05-06-2026
ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള അപേക്ഷകൾ : 19-06-2026
കൂടുതൽ വിവരങ്ങൾക്കായി *0490-2935777 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
https://www.igptc-mahe.in/admissions
വൈദ്യൂതി മുടങ്ങും
ഹൈ ടെൻഷൻ ലൈനിൽ പ്രവർത്തി നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന കോഹിനൂർ, കസ്തൂർബാ ഗാന്ധി സ്ക്കൂൾ, PMT ഷെഡ്, പോന്തയാട്ട്, മൈദ കമ്പനി, കിഴന്തൂർ, ചാലക്കര വയൽ, കുഞ്ഞിപ്പുര മുക്ക്, സെന്റ് തേരേസാ സ്ക്കൂൾ, ബാർകോഡ്, ചെമ്പ്ര, അയ്യപ്പൻ കാവ്, പൊതുവാച്ചേരി, പാറാൽ എന്നി പ്രദേശങ്ങളിൽ നാളെ (7/5/26) രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു.
ബൈപ്പാസിൽ ലോറി അപകടം: വാഹനങ്ങൾ തിരിച്ചുവിടുന്നു
മാഹി:തലശ്ശേരി-മാഹി ബൈപ്പാസിന്റെ ഈസ്റ്റ് പള്ളൂർ മങ്ങാട് ഭാഗത്ത് ലോറി ബ്രേക്ക്ഡൗൺ ആയതിനെ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു .ഇന്നലെ പുലർച്ചെ നാലുമണിയോടെ കോഴിക്കോട്ഭാഗത്തേക്ക് പോവുകയായിരുന്ന കല്ല് കയറ്റിയലോറിനിയന്ത്രണം വിട്ടു ആക്സിൽ പൊട്ടി ഡിവൈഡറിലിടിച്ച് പിന്നിലെ രണ്ട് ടയറുകളും ഊരി തെറിക്കുകയായിരുന്നു . ബൈക്കുകാരൻ കുറുകെ പോയപ്പോൾ അയാളെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് ലോറിയുടെ നിയന്ത്രണം പോയതെന്ന് ഡ്രൈവർ പറഞ്ഞു. വാഹനങ്ങൾ പിന്നെ ചൊക്ലി , മേക്കുന്ന് മോന്താൽ വഴിയാണ് കോഴിക്കോട് ഭാഗത്തേക്ക് കടത്തിവിട്ടത്
ചിത്രവിവരണം: 'അപകടത്തിൽ പെട്ട ലോറിയുടെ ടയറുകൾ വേർപെട്ട നിലയിൽ
കുഞ്ഞികൃഷ്ണൻ നിര്യാതനായി
മാഹി:ഈസ്റ്റ് പള്ളൂർ വിവേകാനന്ദ സേവ കേന്ദ്രത്തിനു സമീപം പറമ്പത്ത് ജിഷീന നിവാസിൽ
കുഞ്ഞികൃഷ്ണൻ സ്രാപ്പ്(75) നിര്യാതനായി.
പരേതരായ കുഞ്ഞികണ്ണൻ -കല്യാണി എന്നിവരുടെ മകനാണ്.
ഭാര്യ: പരേതയായ ധർമ്മിണി.
മക്കൾ :ജഷീന, ജിഷിത്ത്(കുട്ടൂട്ടി ).
മരുമകൾ :ഹരി, ശ്യാമിനി.
സഹോദരങ്ങൾ: പരേതരായ വാസു, രാധ, രേവതി, വിമല, ശശി, സുരേന്ദ്രൻനിര്യാതനായി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















