"പുതുച്ചേരിയിൽ തുടർ ഭരണം സാദ്ധ്യമോ?
ചാലക്കര പുരുഷു
മാഹി .. പുതുച്ചേരിയിലെ ഭരണമുന്നണിയായ എൻ.ആർ.കോൺഗ്രസ്സ് - ബി.ജെ.പി.സഖ്യത്തിന് തുടർ ഭരണം സാദ്ധ്യമാകുമോ? അത് അത്ര എളുപ്പമാകില്ലെന്നാണ് ' ആന്ധ്രയിലും, തമിഴ് നാട്ടിലും, കേരളക്കരയിലുമായി ചിതറിക്കിടക്കുന്ന 30 അസംബ്ലി മണ്ഡലങ്ങൾ നൽകുന്ന സൂചനകൾ വ്യക്തമാക്കുന്നത്.
ബി.ജെ.പി. നേരത്തെ കളത്തിലിറങ്ങി പക്ഷെ...
30 മണ്ഡലങ്ങളാണ് കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരി അസംബ്ലിയിലുള്ളത്.ഈ 30 മണ്ഡലങ്ങളിലും ആറ് മാസങ്ങൾക്ക് മുമ്പുതന്നെ ബി.ജെ പി.ശക്തമായ പ്രചാരണം ആരംഭിച്ചിരുന്നു.എന്നാൽ മുന്നണി സീറ്റ് വിഭജനത്തിൽ 10 സീറ്റുകൾ മാത്രമാണ് ഒടുവിൽ ബി.ജെ.പി.ക്ക് ലഭിച്ചത്. മറ്റ് മണ്ഡലങ്ങളിൽ സീറ്റുകിട്ടാതെ പോയ പലരും മറ്റ് പാർടികളിലേക്ക് ചേക്കേറി.. ഒഴുവർകരെയിൽ ബി.ജെ.പി.നേതാവ് എൻ. ശരവണൻ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ സായ് ശരവണ കുമാർ വിജയ് പാർടിയായ തമിഴ് വെട്രി കഴകത്തിന്റെ സ്ഥാനാർത്ഥിയാണ്. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡണ്ട് സ്വാമിനാഥൻ വിജയ് പാർടി ടിക്കറ്റിലും, മറ്റൊരു ബി.ജെ.പി നേതാവ് ഡോ: വിഘ്നേഷ് സ്വതന്ത്രനായും മത്സരിക്കുന്നുണ്ട് '
എൻ.ആർ. കോൺഗ്രസ്സിലും ആഭ്യന്തര കലഹം
മുഖ്യ ഘടകകക്ഷിയായ -എൻ.ആർ കോൺഗ്രസ്സിലെ പ്രമുഖ നേതാക്കളും, സീനിയർ മന്ത്രിമാരുമായ ലക്ഷ്മി നാരായണൻ , തേനി ജയകുമാർ, എംഎൽഎമാരായ ലക്ഷ്മി കാന്തൻ , ഭാസ്ക്കരൻ എന്നിവർക്ക് ഇത്തവണ സീറ്റ് ലഭിച്ചില്ല. ഇത് കടുത്ത പടലപിണക്കത്തിന് കാരണമാക്കിയിട്ടുണ്ട്. ഒരു കാലത്ത് സംസ്ഥാനം ഭരിച്ചിരുന്ന എ.ഐ.എ.ഡി.എം.കെ. ക്ക് കേവലം രണ്ട് സീറ്റുകൾ മാത്രമാണ് നൽകിയിട്ടുള്ളൂ. സ്ഥാനാർത്ഥി മോഹികളായ പലരും മറ്റ് പാർട്ടികളിലേക്ക് ചേക്കറി. മുൻ എം എൽ എ മാരായ വയ്യാവലി മണികണ്ഠൻ, നെട്ടപ്പാക്കത്തെ പെരിയ സ്വാമി എന്നിവർ വിജയ് പാർട്ടിയായ തമിഴ് വെട്രി കഴകത്തിൽ ഇടം നേടി..
മുഖ്യമന്ത്രി എൻ. രംഗസ്വാമി പതിവ് പോലെ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്. സ്വന്തം മണ്ഡലമായ തട്ടാൻ ചാവടിയിലും, മംഗലത്തുമാണ് മത്സരിക്കുന്നത്.
കാരിക്കലിൽ എൻ.ആർ. കോൺഗ്രസ് സ്ഥാനാർത്ഥികളായ പി.ആർ.എൻ. തിരുമുരുകനും, മുൻ മന്ത്രി ചന്ദ്രപ്രിയങ്കയും, കോൺഗ്രസ്സിന്റെപുതുമുഖ സ്ഥാനാർത്ഥികളിൽ നിന്ന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. യാനത്ത് മുൻമന്ത്രി മല്ലാടി കൃഷ്ണറാവുവിനെ നേരിടാൻ കോൺഗ്രസ് രംഗത്തിറക്കിയത് , മുഖ്യമന്ത്രി രംഗസ്വാമിയെ കന്നിയങ്കത്തിൽ
കഴിഞ്ഞ തവണ പരാജയപ്പെടുത്തിയ യുവ നേതാവ് ഗോലപള്ളിഅശോകാ ണ്.
മാഹിയിൽ മുമ്പെങ്ങുമില്ലാത്ത വിധം മൂന്ന് മുന്നണികളും ജീവന്മരണ പോരാട്ടമാണ് നടത്തുന്നത്. സിറ്റിങ്ങ് എം എൽ എ രമേശ് പറമ്പത്ത് (കോൺ) അഡ്വ ടി. അശോക് കുമാർ (ഇടത് - സ്വതന്ത്രൻ )അങ്കവളപ്പിൽ ദിനേശൻ (ബി.ജെ.പി ) എന്നിവരാണ് മാഹി പിടിക്കാനുള്ള വാശിയിൽ രാപകലില്ലാതെ പ്രവർത്തിക്കുന്നത്.
സാന്റിയാഗോ മാർട്ടിന്റെ അദൃശ്യ സാന്നിദ്ധ്യം
ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ മകൻ ജോസ് ചാർലസ് മാർട്ടിൻ നയിക്കുന്ന ലക്ഷ്യ ജനനായക കക്ഷി രണ്ട് സീറ്റിൽ മത്സരിക്കുന്നുണ്ട്. കാമരാജ് നഗറിൽ ചാർലസ് മാർട്ടിനും , നെല്ലിത്തോപ്പിൽ , ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന ജയകുമാർ റെഢിയാറും എൽ.ജെ.കെ. സ്ഥാനാർത്ഥികളായി മത്സരിക്കുന്നുണ്ട്. എൽ.ജെ.കെ. പാർട്ടി ഒരു വർഷം മുമ്പു തന്നെ പത്ത് മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ,കോടികൾ ചെലവഴിച്ച് വൻ പരിപാടികൾ നടത്തിവന്നിരുന്നുവെങ്കിലും രണ്ട് സീറ്റുകളിൽ ഒതുങ്ങേണ്ടിവന്നു.
സംസ്ഥാനത്തെ ശക്തരായ നേതാക്കളായ മുഖ്യമന്ത്രി എൻ. രംഗസ്വാമിയും, മുൻ മുഖ്യമന്ത്രി വി.വൈദ്യലിംഗം എം.പി.യും തട്ടാൻ ചാവടിയിൽ അഗ്നി ചിതറുന്ന പോരാട്ടത്തിലാണ്.
ഇടത് പാർട്ടികൾ ഇന്ത്യാ സഖ്യത്തിന് പുറത്ത്
കോൺഗ്രസ്-ഡി.എം.കെ ഉൾപ്പെട്ട ഇന്ത്യാ.മുന്നണിയിൽ ഇത്തവണ ഇടത് പാർട്ടികളില്ല. 30 മണ്ഡലങ്ങളിൽ 16 സീറ്റുകളിൽ കോൺഗ്രസും 14 സീറ്റുകളിൽ ഡി.എം.കെയും മത്സരിക്കും. സീറ്റ് ചർച്ചകൾ വൈകിയതിനാൽ 4 മണ്ഡലങ്ങളിൽ കൂടി മൊത്തം 20 മണ്ഡലങ്ങളിൽ കൈ ചിഹ്‌നത്തിൽ സ്ഥാനാർത്ഥികളുണ്ട്. ധാരണ വന്നതിനെത്തുടർന്ന് ഇതിൽ 4 സീറ്റുകൾ കോൺഗ്രസ് ,ഡി.എം.കെ ക്ക് വിട്ടു നൽകിയെങ്കിലും, നാലിടത്ത് ബാലറ്റിൽ കൈ ചിഹ്നം നിലനിൽക്കുന്നത് വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്..
ഇന്ത്യാ സഖ്യത്തിലെ സി.പി.ഐ.,സി.പി.എം. കക്ഷികൾ നാല് സീറ്റുകൾ വീതം തനിച്ച് മത്സരിക്കുന്നുണ്ട്.
മോദിജിയും അമിത് ഷായും പുതുചേരിയിൽ
എൻ.ഡി.എ.പ്രചാരണത്തിന് കൊഴുപ്പ് കൂട്ടാൻ ഏപ്രിൽ 3 ന് പ്രധാനമന്ത്രി മോദിജിയും, 6 ന് അമിത് ഷായും പുതുച്ചേരിയിലെത്തും. പ്രചാരണ പ്രവർത്തനങ്ങൾ ഏകീകരിക്കാൻ കേന്ദ്ര മന്ത്രി മണ്ടുഖ്മാണ്ഡവ്യ പുതുചേരിയിൽ ക്യാമ്പ് ചെയ്താണ് നേതൃത്വം നൽകുന്നത്.
-വിജയ് പാർട്ടി വിജയം നിർണ്ണയിക്കും
രണ്ട് മുന്നണികൾക്കും ഭീഷണിയായി വിജയ് പാർട്ടി 30 മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. മറ്റ് പാർട്ടികളിൽ ഇടം കിട്ടാത്ത മുൻ മന്ത്രിമാരും, എം എൽ എമാരും, മുൻപൊലീസ് ഐ. ജി വി.ജെ ചന്ദ്രനും വിജയ് പാർടിയിൽ സ്ഥാനാർത്ഥികളാണ്. ഇവർക്ക് ലഭിക്കുന്ന വോട്ടുകളാണ് ഇരുമുന്നണികളുടേയും ജയാപജയങ്ങൾ നിർണ്ണയിക്കുക.
അഡ്വ ടി. അശോക് കുമാർ പന്തക്കലിൽ
‘മാഹി:നാട്ടിലെന്ത് പ്രശ്നമുണ്ടായാലും നമുക്ക് വേണ്ടി സംസാരിക്കാനും നീതി വാങ്ങിത്തരാനും വക്കീൽ കൂടെയുണ്ടാകും എന്നൊരു ഉറപ്പുണ്ട്, ആ വിശ്വാസമാണ് ഞങ്ങളുടെ വോട്ട്...' പന്തക്കൽ ടൗണിലും മൂലക്കടവിലും സന്ദർശനത്തിനെത്തിയ അഡ്വ. ടി അശോക് കുമാറിനെ സ്വീകരിച്ചുകൊണ്ട് നാട്ടുകാർ പറയുന്ന വാക്കുകളാണിത്. വോട്ടു ചോദിച്ചെത്തുന്ന സ്ഥാനാർഥിയെന്നതിലുപരി നാടിന്റെ പ്രതിസന്ധികളിൽ തണലായിനിന്ന ഒരാളെന്ന പരിഗണനയാണ് അശോക് കുമാറിന് ലഭിക്കുന്നത്. പന്തക്കൽ ടൗണിൽനിന്നാരംഭിച്ച പര്യടനത്തിൽ ജനങ്ങളുടെ ഈ സ്നേഹവാക്കുകൾ വലിയ ആവേശമായി. പന്തക്കൽ ഗവ. എൽപി സ്കൂൾ, ഗവ. ആശുപത്രി, ശ്രീനാരായണ മഠം എന്നിവിടങ്ങളിലെ സന്ദർശനവേളയിലും അധ്യാപകരും ജീവനക്കാരും ഊഷ്മളമായാണ് സ്വീകരിച്ചത്. ടി കെ ഗംഗാധരൻ, സി വി അജിത, എം ദാസൻ, കെ എം ശശീന്ദ്രൻ, നവീഷ് എന്നിവർ സ്ഥാനാർഥിയെ വിവിധ കേന്ദ്രങ്ങളിൽ അനുഗമിച്ചു.
ചിത്രവിവരണം: അശോക് കുമാർ പന്തക്കലിൽ ഗൃഹസന്ദർശനത്തിൽ
ഇന്ന് മാഹിയിൽ റോഡ് ഷോ യും ,
പൊതു സമ്മേളനവും നടക്കും
ഐക്യ മതേതര പുരോഗമന സഖ്യത്തിൻ്റെ റോഡ് ഷൊ ഇന്ന് (വ്യാഴം)
മാഹി: മാഹി നിയോജക മണ്ഡലം ഐക്യ മതേതര പുരോഗമന ഖ്യം സ്ഥാനാർഥി രമേശ് പറമ്പത്തിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം ഇന്ന് മാഹിയിൽ റോഡ് ഷോ യും ,പൊതു സമ്മേളനവും നടക്കും -പരിപാടിയിൽ കോൺഗ്രസ് നേതാവ് കെ.സുധാകരനും, മുസ്ലീം യൂത്ത് ലീഗ് നേതാവ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും പങ്കെടുക്കും.
മുണ്ടോക്ക് പഴയ പോസ്റ്റോഫീസ് പരിസരത്ത് നിന്ന് വൈകിട്ട് 3ന് റോഡ് ഷൊ ആരംഭിക്കും. ബൈക്കുകളിലും, മറ്റു വാഹനങ്ങളിലുമായി പ്രവർത്തകർ അനുഗമിക്കും. പൂഴിത്തലയിൽ സമാപിച്ച ശേഷം പൊതു സമ്മേളനം നടക്കും -കെ.സുധാകരൻ എംപി, മുനവ്വറലി ശിഹാബ് തങ്ങൾ, മുൻ പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ്, സ്ഥാനാർഥി രമേശ് പറമ്പത്ത്, കോൺഗ്രസിൻ്റെ മാഹിയിലേയും, കേരളത്തിലേയും മറ്റു നേതാക്കളും യോഗത്തിൽ പങ്കെടുക്കും
എല്ലാ സ്വജന പക്ഷപാതത്തിനും അഴിമതി ക്കും കൂട്ടുനിൽക്കുന്ന നാണം കെട്ട
സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കെ പി സി.സി അംഗം സജീവ് മാറോളി
മാക്കുനി : എല്ലാ സ്വജന പക്ഷപാതത്തിനും അഴിമതിക്കും കൂട്ടുനിൽക്കുന്ന നാണം കെട്ട നെറികെട്ട പിണറായി വിജയൻ്റെ ഗവൺമെൻ്റാണ് കേരളം ഭരിക്കുന്നതെന്ന് കെ പി സി.സി അംഗം സജീവ് മാറോളി പറഞ്ഞു. പോളിറ്റ് ബ്യൂറോ മെമ്പറുടെ ഭാര്യ മന്ത്രി, മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവ് മന്ത്രി ഈ സർക്കാറിനെതിരായ തിരിച്ചറിവ് ഈ നാട്ടിലെ ജനങ്ങൾക്കുണ്ടായിട്ടുണ്ടെന്നും പറഞ്ഞു. ഇതു വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും തെരഞ്ഞെടുപ്പിൽ
കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്നും അതോടൊപ്പം
തലശ്ശേരി നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി സാജു കെ പിയെ വൻ ഭൂരിപക്ഷത്തോടുകൂടി വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ് ചെയർമാൻ പികെ ഹനീഫ അധ്യക്ഷത വഹിച്ചു. ബഷീർ ചെറിയാണ്ടി, ഷാജിന ചൊക്ലി, പി കെ റഫീഖ്, ടി പി പ്രേമനാഥൻ, ഷാജി ചൊക്ലി,
കെ പി ഭാർഗവൻ മാസ്റ്റർ, റഹീം ചമ്പാട്, നാസർ കെവി , റഫീഖ് പാറയിൽ, മുഹമ്മദ് മാമ, സരീഷ് കുമാർ മാക്കുനി,ജാഫർ ചമ്പാട്,
പി പി റഫ്നാസ്.എന്നിവർ സംസാരിച്ചു.
മാക്കുനിയിൽ ഗൃഹ സന്ദർശനം നടത്തുന്ന യു ഡി എഫ് സ്ഥാനാർത്ഥി സാജു കെ പി
മാഹിയിൽ എൻ.ഡി.എ സ്ഥാനാർഥി എ. ദിനേശന്റെ ഗൃഹസമ്പർക്കം പുരോഗമിക്കുന്നു
മാഹി: എൻ.ഡി.എ. സ്ഥാനാർത്ഥി എ. ദിനേശന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗൃഹസമ്പർക്ക പരിപാടികൾ പുരോഗമിക്കുന്നു. ചാലക്കരയിൽ പി.കെ. ഉസ്മാൻ മാസ്റ്റർയുടെ അർദ്ധകായ പ്രതിമയിൽ പുഷ്പാർച്ചന നടത്തി പരിപാടിക്ക് തുടക്കമായി.
തുടർന്ന് മണ്ടപറമ്പ് കോളനി, മുക്കുവൻപറമ്പ് കോളനി എന്നിവ കേന്ദ്രീകരിച്ച് ഗൃഹസമ്പർക്കം സംഘടിപ്പിച്ചു. പ്രദേശവാസികളുമായി നേരിട്ട് ഇടപെട്ട സ്ഥാനാർഥിയും പ്രവർത്തകരും വിവിധ പ്രശ്നങ്ങൾ കേട്ടറിഞ്ഞു.
ഗൃഹസമ്പർക്കത്തിൽ സത്യൻ ചാലക്കര, കെ.പി. മനോജ്, ജയസൂര്യ ബാബു, പനത്തറ ഹരി, കെ. ചിത്രൻ, കെ. മുരളി, എം.പി. ചന്ദ്രൻ, കാവിൽ രാജൻ, ജയചന്ദ്രൻ ചെമ്പ്ര, റോഷ്‌നി ലതീപ് പങ്കെടുത്തു.
39 വർഷത്തെ സേവനത്തിന് വിട; ലിസി ഫെർണാണ്ടസിന് യാത്രയയപ്പ് നൽകി
പള്ളൂർ: കസ്തൂർബ ഗാന്ധി ഗവൺമെന്റ് ഹൈസ്കൂൾ പള്ളൂരിൽ നിന്നും 39 വർഷത്തെ ദീർഘകാലവും സ്തുത്യർഹവുമായ സേവനത്തിന് ശേഷം വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ലിസി ഫെർണാണ്ടസിന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സ്നേഹാദരങ്ങളോടെ യാത്രയയപ്പ് നൽകി.
എസ്.എം.സി ചെയർപേഴ്സൺ കെ. സി. ജോഷ്നയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സുലേഖ ലിസി ഫെർണാണ്ടസിനെ ആദരിച്ചു. പി. കെ. സതീഷ് കുമാർ, എ. ടി. പത്മജ, ബ്രിജിന, പി. കെ. സത്യഭാമ എന്നിവർ ആശംസകൾ അർപ്പിച്ചു.
വൈസ് ചെയർപേഴ്സൺ കെ. സന്തോഷ് സ്വാഗതവും സുലൈമാൻ നന്ദിയും അറിയിച്ചു.
സെൻ സായി വിനോദ് കുമാറിനെ ആദരിച്ചു.
മാഹി: ചാലക്കര പി.എം.ശ്രീ ഉസ്മാൻ ഗവ.ഹൈസ്കൂളിൽ കേന്ദ്ര സർക്കാറിൻ്റെ റാണി ലക്ഷമീഭായി ആത്മരക്ഷാപ്രഷിക്ഷൻ്റെ ഭാഗമായി പെൺകുട്ടികൾക്കായി സെൽഫ് ഡിഫൻസ് പ്രോഗ്രാം സർട്ടിഫിക്കറ്റ് വിതരണം കരാത്തെ പുതുച്ചേരി -കേരള ചീഫ് ഇൻസ്ട്രക്ടർ സെൻസായി കെ.വിനോദ് കുമാർ നിർവ്വഹിച്ചു . ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ.വി.മുരളീധരൻ അധ്യക്ഷതവഹിച്ചു. ഷൈജ.പി.പി.സ്വാഗതവും പി.ശ്രേയനന്ദിയും പറഞ്ഞു . സുജിത രയരോത്ത് , ശ്വേത, മാനസ ,എന്നിവർ നേതൃത്വം നൽകി വേൾഡ് കരാത്തെ ഫെഡറേഷൻ കോച്ച് സെൻസായ് കെ. വിനോദ് കുമാറിനെ പ്രധാനഅദ്ധ്യാപകൻ കെ വി മുരളീധരൻ പൊന്നാട അണിയിച്ച് ആദരിച്ചു
ചിത്ര വിവരണം: പ്രധാന അദ്ധ്യാപകൻ കെ.വി.മുരളിധരൻ സെൻ സായ് കെ.വിനോദ് കുമാറിനെ പൊന്നാടയണിയിക്കുന്നു.
ഹ്യൂമൻ ചാരിറ്റി & കൾച്ചർ സെന്റർ പത്താമത് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
തലശ്ശേരി:ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെ നേതൃത്വത്തിൽ മലബാർ കാൻസർ സെൻറർ ബ്ലഡ് സെന്ററിലേക്ക് ഹ്യൂമൻ ചാരിറ്റിയുടെ ഓഫീസിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
ഹ്യൂമൻ ചാരിറ്റിയുടെ രക്ഷാധികാരിയും മുതിർന്ന അംഗവുമായ പി കെ അഹമ്മദിന്റെ അദ്ധ്യക്ഷതയിൽ തലശ്ശേരി ഹെൽത്ത് ഇൻസ്പെക്ടർ അനിൽ വിലങ്ങിൽ രക്തദാനം ചെയ്തുകൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു .ഹ്യൂമൻ പ്രസിഡന്റ് സാമിർ (എമ്മി )സ്വാഗതം പറഞ്ഞ ചടങ്ങ് മലബാർ കാൻസർ സെൻറർ ബ്ലഡ് സെന്റർ ഡോക്ടർ മോഹൻ ദോസ് മുരുകൻ കൗൺസിലർ റോജ ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന കമ്മിറ്റി അംഗം സമീർ പെരുങ്ങാടി തലശ്ശേരി താലൂക്ക് പ്രസിഡണ്ട് പി പി റിയാസ് മാഹി എന്നിവർ സംസാരിച്ചു
തുടർച്ചയായ ഇടവേളകളിൽ കൃത്യമായി സന്നദ്ധ രക്തന ക്യാമ്പുകൾ സംഘടിപ്പിക്കുന്ന ഹ്യൂമൻ ചാരിറ്റി ആൻഡ് കൾച്ചർ സെന്ററിനെ ബി ഡി കെ യും മലബാർ കാൻസർ സെന്റർ ബ്ലഡ് സെന്ററും അഭിനന്ദിച്ചു.ഒരു ചാരിറ്റി സംഘടന തുടർച്ചയായി 10 ക്യാമ്പുകൾ നടത്തുന്നതും ഓരോ ക്യാമ്പിലും ആദ്യ രക്തദാനം ചെയ്യുന്ന വിദ്യാർത്ഥികളുടെയും സന്നദ്ധ രക്തദാതാക്കളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യുന്നത് ചരിത്രം
ക്യാമ്പിന് ഷാൻ, വിനീഷ് വിജയൻ,സനൂബ് അഷ്റഫ് കെ ഇ പർവീസ്, ഫയാദ്, താലിഷ്, ഷിഹാബ്, അഷ്ഫാദ്,സൈനബ് ഫിനോസ്, അരുൺ എം സി സി, സാഹിറ എം സി സി,അലി മണ്ടോളി എന്നിവർ നേതൃത്വം നൽകി. 75 പേർ പങ്കെടുത്ത ക്യാമ്പിൽ 44. പേർ ജീവരക്തം നൽകി. ഡോ : മോഹൻ ദോസ് മുരുകനിൽ നിന്നും പ്രസിഡന്റ് സാമിർ ക്യാമ്പ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഹ്യൂമൻ സെക്രട്ടറി അജിത നന്ദി പറഞ്ഞു.
പെസഹാ വ്യാഴം, ആഘോഷമായ തിരുവത്താഴപൂജ ഇന്ന്
മാഹി: ക്രിസ്തു,വിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെ ഓർമ്മകൾ പുതുക്കിക്കൊണ്ട് ലോക ക്രൈസ്തവർ ഇന്ന് പെസഹാ വ്യാഴം കൊണ്ടാടുന്നു. യേശു ശിഷ്യന്മാരുടെ കാലുകൾ കഴുകി ചുംബിച്ചത് പോലെ ഇന്ന് പ്രധാന പുരോഹിതൻ പ്രത്യേകം തെരഞ്ഞെടുത്ത 12 പേരുടെ കാലുകൾ കഴുകി ചുംബിക്കുന്നു. മാഹി സെൻറ് തെരേസ ബസിലിക്കയിൽ,റെക്ടർ റവ. ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് ചടങ്ങുകൾക്ക് മുഖ്യധാർമികത്വം വഹിക്കും, തുടർന്ന് രാത്രി 12 മണി വരെ വിവിധ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ ആരാധന നടക്കും. ദുഃഖവെള്ളിയാഴ്ചയായ നാളെ രാവിലെ 7 മണിക്ക് കുരിശിന്റെ വഴി സിമിത്തേരി റോഡ് ആനവാതുക്കൽ റെയിൽവേ സ്റ്റേഷൻ റോഡ് വഴി ദേവാലയത്തിൽ എത്തിച്ചേരുന്നു, തുടർന്ന് പീഢാനുഭവ പ്രസംഗം.
മൂന്നു മണിക്ക് വചനപ്രഘോഷണവും, കുരിശ് ആരാധനയും, ദിവ്യകാരുണ്യ സ്വീകരണത്തിനും ശേഷം നഗരി കാണിക്കൽ ഉണ്ടാകും ദേവാലയത്തിൽ നിന്ന് പുറപ്പെട്ട പള്ളി മൈതാനം ചുറ്റി ദേവാലയത്തിൽ തന്നെ സമാപിക്കും തുടർന്ന് പൊതുവണക്കം.
അഭയ ഫൗണ്ടേഷൻ വാർഷികാഘോഷവും
സ്നേഹ സംഗമവും'5 ന്
തലശ്ശേരി:കഴിഞ്ഞ 12 വർഷമായികോടിയേരി മലബാർ കാൻസർ സെൻ്ററിലെത്തുന്ന രോഗികൾക്കും കുട്ടിരിപ്പുകാർക്കും സൗജന്യ താമസവും ഭക്ഷണവുമൊരുക്കി നൽകുന്ന അഭയ ഫൗണ്ടേഷൻ
'അതിജീവനത്തിന് അഭയമേകിയ 12വർഷങ്ങൾ'
12ാം വാർഷികാഘോഷവും സ്നേഹസംഗമവും'
തലശ്ശേരി ടൗൺ ബാങ്ക് ബങ്ക്വിറ്റ് ഹാളിൽ ഏപ്രിൽ 5ന് നടക്കും.
വൈകു. 4.30 ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ
പി. മുജീബ് റഹ്മാൻ ഉദ്ഘാടനം നിർവ്വഹിക്കും കാരായി ചന്ദ്രശേഖരൻ (മുനിസിപ്പൽ ചെയർമാൻ -തലശ്ശേരി) ഡോ :ജോണി സെബാസ്റ്റ്യൻ ( പ്രസിഡൻ്റ് -IMA തലശ്ശേരി) ഡോ : ചന്ദ്രൻ (ഹെമറ്റോളജി ഡിപ്പാർട്ട്മെൻ്റ് ഹെഡ് -MCC) സുനിൽ മാങ്ങാട്ടിടം ( സംസ്ഥാന സെക്രട്ടറി -ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും
സാന്ത്വന - സേവന പാതയിലെ 12 വ്യക്തി മുദ്രകൾക്ക് സ്നേഹാദരം
അർപ്പിക്കും.
നിസ്താർ കീഴുപറമ്പ് രചിച്ച 'വെയിലും നിലാവും പുസ്തകത്തിൻ്റ
പ്രകാശ നകർമ്മവും പരിപാടിയിൽ നടക്കും
ന്യൂമാഹി : ന്യൂമാഹി പോലീസ് സ്റ്റേഷന് സമീപം പാറാൽ ആച്ചുകുളങ്ങരയിൽ
പാറേമ്മൽ കുറ്റ്യൻ ബാലഗംഗാധരൻ (കുന്നുമ്മൽ ഹൌസ്) (79) അന്തരിച്ചു. ശ്രീനാരായണ മഠം രക്ഷാധികാരിയും മുൻ പ്രസിഡൻ്റും ഗുരുധർമ്മ പ്രചരണസഭ യൂണിറ്റ് പ്രസിഡൻ്റുമായിരുന്നു.
ഭാര്യ : വിനോദിനി.
മക്കൾ : ദീപ, ദീപ്തി, ദീപ്ന, ദൃശ്യ. മരുമക്കൾ: രമേശൻ, രാജേഷ്, ജ്യോതിഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് കണ്ടിക്കൽ നിദ്രാ തീരം ശ്മശാനത്തിൽ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














