അടവുകൾ പയറ്റുന്നത് തമിഴകത്തേത്.. തന്ത്രങ്ങൾ മെനയുന്നത് കേരളക്കരയിലേതും... ചാലക്കര പുരുഷു

അടവുകൾ പയറ്റുന്നത് തമിഴകത്തേത്.. തന്ത്രങ്ങൾ മെനയുന്നത് കേരളക്കരയിലേതും... ചാലക്കര പുരുഷു
അടവുകൾ പയറ്റുന്നത് തമിഴകത്തേത്.. തന്ത്രങ്ങൾ മെനയുന്നത് കേരളക്കരയിലേതും... ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Mar 26, 10:39 PM
SAMUDRA
NISH

മയ്യഴിയങ്കത്തിൽ ഇത്തവണ അടവുകൾപതിനെട്ടും പോരാതെ വരും

മാഹി: മാഹിയിൽ വീശുന്ന രാഷ്ട്രീയ കാറ്റിന് കേരളത്തിന്റെഗന്ധം..

പുതുച്ചേരി അസംബ്ലിയിലേക്ക് ആര് കടന്നുവരണമെന്ന് തീരുമാനിക്കാ നുള്ള അവകാശം മയ്യഴിക്കാർക്കാണെങ്കിലും, ചരട് വലിക്കുന്നത് അങ്ങ് 700 കി.മീ.അകലെ പുതുച്ചേരിയിൽ നിന്നും.

ഒരേ സമയം കേരളക്കരയുടേയും തമിഴകത്തിന്റയും രാഷ്ട്രീയ അലയൊലികളും അടിയൊഴുക്കുകളും തിരയടിക്കുന്ന മയ്യഴിപ്പുഴയുടെ തീരങ്ങളിലെ കേന്ദ്ര ഭരണപ്രദേശത്തിലെ ഏക അസംബ്ലി മണ്ഡലത്തിൽ, അഗ്നി ചിതറുന്ന പോരാട്ടത്തിന് അങ്കത്തട്ടുണർന്നു.

ഇന്നലെ പത്രിക പിൻവലിക്കൽ പൂർത്തിയായതോടെ, മതേതര പുരോഗമന

mla

മുന്നണി ബാനറിൽ മത്സരിക്കുന്ന സിറ്റിങ് എം എൽ എ യും കോൺഗ്രസ് നേതാവുമായ രമേശ് പറമ്പത്തും, ഇടത് സ്വതന്ത്രനായി രംഗത്തുള്ള അഡ്വ.ടി. അശോക് കുമാറും, എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കു ന്ന ബി.ജെ.പി.യിലെ അങ്കവളപ്പിൽ ദിനേശനും കച്ചമുറുക്കി അങ്കത്തട്ട് നിറഞ്ഞ് പോരാടുകയാണ്.

തച്ചോളി പാട്ടുകൾ കേട്ട്, കടത്തനാടൻ കളരിയിലെ യോദ്ധാക്കളുടെ രണഗീതങ്ങൾ മന:പാഠമാക്കി വളർന്നു വന്ന മയ്യഴിക്കാരുടെ പോരാട്ടവീര്യം ഏറെ പ്രസിദ്ധമാണ്.

വിചിത്രമായ സഖ്യങ്ങളാണ് മാഹിയിലുള്ളത്. ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികൾ മാഹിയിൽ പരസ്പരം അങ്കം വെട്ടുകയാണ്. ഗ്രൂപ്പ് വഴക്കിനെത്തുടർന്ന് ഒരു വിഭാഗം മുസ്ലിം ലീഗുകാർ മുഹമ്മദ് സാമിൽ കാസിമിനെ സ്ഥാനാർത്ഥിയാക്കി നിർത്തി. ദേശീയ-സംസ്ഥാന നേതൃത്വം തള്ളി പറയും, തങ്ങൾ മാഹിയിൽ ലീഗിന്റെ സ്ഥാനാർത്ഥി യെ നിർത്തുന്നില്ലെന്നും, രേഖാമൂലം വരണാധികാരിയെ അറിയിച്ചിട്ടും, ഇയാൾക്ക് തന്നെ ഏണി ചിഹ്നവും ലഭിച്ചിരിക്കുകയാണ്.!


ദേശീയ നേതൃത്വവും, കേരള നേതൃത്വവുമെല്ലാം ഈ സ്ഥാനാർത്ഥിയെ രേഖാമൂലം എതിർത്തിരുന്നുവെങ്കിലും ,റിട്ടേണിങ്ങ് ഓഫീസർ പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥിയായി ഇയാളെ തന്നെ അംഗീകരിക്കുകയായിരുന്നു. ഇത് നിയമപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കുമെന്നറിയുന്നു. കോൺഗ്രസ്റ്റ് മുന്നണിക്ക് ഇത് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. 

ഇത്തവണ മാഹിയിൽ സി.എംകെ കക്ഷികളോ പാട്ടാളി മക്കൾ കക്ഷിയോ ഇല്ലെങ്കിലും, നടൻ വിജയിന്റെ തമിഴ് വെട്രി കഴകം സ്ഥാനാർത്ഥിയായി നടൻ വിജയ്ന്റെ കടുത്ത ആരാധകൻ മള്ളായി പ്രജീഷും, രണ്ട് അപരൻമാരും ഉൾപടെ 8 പേർ മാറ്റുരക്കുന്നുണ്ട്. കോൺഗ്രസ്സിന് ദശകങ്ങളായി രാഷ്ട്രീയ മേൽക്കോയ്മയുള്ള ഈ മണ്ഡലം ഏത് വിധേനയും പിടിച്ചെടുക്കാനുള്ള അടവ് മുറകളത്രയും എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പയറ്റുന്നുണ്ട്.


asssshok

സിറ്റിങ് എം എൽ എ രമേശ് പറമ്പത്തിന് കനത്ത വെല്ലുവിളിയാണ് അഡ്വ: ടി. അശോക് കുമാർ ഉയർത്തുന്നത്.

നഴ്സിങ്ങ് കോളജ്, പള്ളൂർ ആശുപത്രി സമുച്ചയത്തിന്റെ നിർമ്മാണം, പാതിവഴിയിൽ നിലച്ച വൻകിട പദ്ധതികളുടെ നിർമ്മാണത്തുടർച്ച തുടങ്ങി തന്റെ വാഗ്ദാനങ്ങളെല്ലാം നിറവേറ്റാനായി എന്ന അവകാശവാദത്തോടെയാണ് രമേശ് പറമ്പത്ത് വോട്ടഭ്യർത്ഥിക്കുന്നത്., കേരളത്തിലെ യു.ഡി.എഫ്. തരംഗം മയ്യഴിയിലും പ്രതിഫലിക്കുമെന്ന് രമേശ് പറമ്പത്ത് ചുണ്ടിക്കാട്ടുന്നു.

എന്നാൽ പുതുച്ചേരിയിലെ എൻ.ഡി.എ. സർക്കാർ മാഹിയോട് കാണിക്കുന്ന പ്രത്യേക താൽപ്പര്യമാണ് വികസന പ്രവർത്തനങ്ങളത്രയും കൊണ്ടുവരാനായതെന്ന് എൻ.ഡി.എ.സ്ഥാനാർത്ഥി എ. ദിനേശൻ കട്ടായം പറയുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടാനായ 7500 ഓളം വരുന്ന വോട്ടുകൾ നിലനിർത്തുകയും ,മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ, ശക്തമായ ത്രികോണ മത്സരം നടക്കുമ്പോൾ , രണ്ടായിരം വോട്ടുകൾ കൂടി നേടാനായാൽ താമര ആദ്യമായി മാഹിയിൽ വിരിയിക്കാനാവുമെന്ന് കണക്കുകൾ നിരത്തി ,പുതിയ വോട്ടർമാരെ മനസ്സിൽ കണ്ട്, എ.ദിനേശൻ പറയുന്നു. രാഷ്ട്രീയക്കാർക്കും, ഭരണാധികാരികൾക്കും സാധിക്കാതെ പോയ ഒട്ടേറെ പൊതു പ്രശ്നങ്ങൾക്ക് ഹൈക്കോടതി,/സുപ്രീം കോടതി വിധികളിലൂടെ പരിഹാരം കണ്ടെത്താനായതാണ് അഡ്വ. അശോക് കുമാർ വിജയ സാദ്ധ്യതയായി ചാണ്ടിക്കാട്ടുന്നത്. മാഹി നഗരസഭാ ചെയർമാൻ, അസംബ്ലി, ലോക്സഭാ തെരഞ്ഞെടുപ്പുകളിലെല്ലാം മത്സരിച്ച അനുഭവ സമ്പത്തുള്ള വക്കീൽ , ഇത്തവണ വിജയം ഉറപ്പാണെന്ന് അവകാശപ്പെടുന്നു.


mahe

മണ്ഡലത്തിൽ മൊത്തം 30,237 വോട്ടർമാരാണുള്ളത്. അതിൽ 14, 049 പുരുഷ വോട്ടർമാരും, 16 ,188 സ്ത്രീ ' വോട്ടർമാരുമാണുള്ളത്. എസ്.ഐ.ആറിൽ ആയിരത്തോളം വോട്ടുകൾ തള്ളപ്പെട്ടിരുന്നു.. 21 ഇടങ്ങളിലായി 31 പോളിങ്ങ് ബൂത്തുകളാണുള്ളത്. 19 സർവ്വീസ് വോട്ടുകളുണ്ട് 1225പ്രവാസിവോട്ടുകളിൽ227സ്ത്രീവോട്ടർമാരാണ്.

ദേശവിദേശങ്ങളിലുള്ള സാദ്ധ്യമായ മുഴുവൻ വോട്ടർമാരേയും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ മുന്നണികൾ നടത്തിവരികയാണ്. മൂന്നക്ക വോട്ടുകളിലായിരിക്കും, ഇത്തവണയും ജയാപജയങ്ങൾ തീരുമാനിക്കപ്പെടുകയെന്നിരിക്കെ, ഏറെ കരുതലോടെയാണ് മുന്നണികൾ മുന്നോട്ട് പോകുന്നത്. അതെ, മയ്യഴിയിലെ ഓരോ വോട്ടും 'വിലയേറിയ 'താണ്!


ചിത്ര വിവരണം:

അഡ്വ.ടി. അശോക് കുമാർ

രമേശ് പറമ്പത്ത് എം.എൽ എ,

അങ്കവളപ്പിൽ ദിനേശൻ

whatsapp-image-2026-03-26-at-8.41.54-pm

സ്ഥാനാർത്ഥികളുമായി

മുഖാമുഖം 28 ന്

മാഹി:ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ മയ്യഴി മണ്ഡലത്തിലെ മുന്നണി സ്ഥാനാർത്ഥികളെ പങ്കെടുപ്പിച്ച് മയ്യഴിയങ്കം-2026 സംഘടിപ്പിക്കുന്നു.

പ്രമുഖ സ്ഥാനാർത്ഥികളുമായി മുഖാമുഖം,

 മാർച്ച് 28 ന് ശനിയാഴ്ച ഉച്ചക്ക് ശേഷം 2 മണിക്ക്

മാഹി ശ്രീനാരായണ ബി.എഡ്. കോളജിൽ നടക്കും.

രമേശ്പറമ്പത്ത് എം എൽ എ (കോൺ:) അഡ്വ.ടി. അശോക് കുമാർ (ഇടത് - സ്വതത്രൻ ) എ. ദിനേശൻ (ബി.ജെ.പി ) എന്നിവർ സമ്മതിദായകരോട് 

മനസ്സ് തുറക്കുന്നു.

vvvbbb

ജനപഥങ്ങളിലൂടെ

അഡ്വ: ടി. അശോക് കുമാർ


മാഹി:ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ടി. അശോക് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പുതിയ .ഘട്ടത്തിലേക്ക്. ജനവികാരം തൊട്ടറിഞ്ഞും വികസന മുരടിപ്പിനെതിരെ വോട്ടർമാരെ അണിനിരത്തിയുമാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി മണ്ഡലത്തിൽ പര്യടനം നടത്തുന്നത്.


ബുധനാഴ്ച ചൂടിക്കോട്ട ടൗണിലെ വീടുകൾ സന്ദർശിച്ചുകൊണ്ടാണ് അദ്ദേഹം പ്രചാരണം ആരംഭിച്ചത്. ജനകീയ പ്രശ്നങ്ങളിൽ എന്നും മുന്നിലുണ്ടാകുമെന്നുള്ള ഉറപ്പുമായാണ് സ്ഥാനാർഥി വോട്ടർമാരെ സമീപിക്കുന്നത്. ഓരോ വീടുകളിലും നിന്നും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് മാഹി ശ്രീകൃഷ്ണ ക്ഷേത്രം, മാഹി എംഎംസി എന്നിവിടങ്ങളിലും ടൗണിലെ വീടുകളും സന്ദർശിച്ചു. 


മയ്യഴിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ജനക്ഷേമത്തിനുമായി താൻ നടത്തുന്ന പോരാട്ടങ്ങൾ തുടരുമെന്ന് വ്യക്തമാക്കിയാണ് പര്യടനം പുരോഗമിക്കുന്നത്. എൽഡിഎഫ് നേതാക്കളായ കെ പി നൗഷാദ്, റംഷി സന്ദീപ്, യതീന്ദ്രൻ, കെ ജി രാഗേഷ്, രാജലക്ഷ്മി, നിഖിലേഷ്, പ്രേമകുമാരി, പ്രജില, ശ്രീപിന എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. വ്യാഴാഴ്ച മാഹി സ്പിന്നിംഗ് മിൽ പരിസരത്ത് ഗൃഹ സന്ദർശനം നടത്തും.

capture

മാഹിയിൽ ഐക്യ മതേതര പുരോഗമന സഖ്യം സ്ഥാനാർത്ഥി രമേശ് പറമ്പത്തിൻ്റെ പര്യടനത്തിന് ആവേശകരമായ സ്വീകരണം


മാഹി: ഐക്യ മതേതര പുരോഗമന സഖ്യത്തിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥി രമേശ് പറമ്പത്ത് മാഹിയിലെ മുണ്ടോക്ക്, മഞ്ചക്കൽ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. പ്രദേശത്തെ വീടുകളും വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ച സ്ഥാനാർത്ഥിക്ക് ജനങ്ങളിൽ നിന്നും മികച്ച സ്വീകരണമാണ് ലഭിച്ചത്. നാടിൻ്റെ വികസനം, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരിന്നു പര്യടനം. പ്രദേശവാസികൾ തങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും സ്ഥാനാർത്ഥിയുമായി പങ്കുവെച്ചു. വോട്ടർമാരുടെ പ്രോത്സാഹനത്തിൽ സന്തോഷം പ്രകടിപ്പിച്ച രമേശ് പറമ്പത്ത്, തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ പ്രദേശത്തെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകുമെന്നും ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നും ഉറപ്പുനൽകി.

whatsapp-image-2026-03-26-at-9.08.39-pm

വോട്ടർ ബോധവൽക്കരണം ശക്തമാക്കി മാഹിയിൽ സ്വീപ് പരിപാടി സംഘടിപ്പിച്ചു


മാഹി: പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ‘SVEEP’ (SVEEP - Systematic Voters' Education and Electoral Participation) പദ്ധതിയുടെ ഭാഗമായി മാഹിയിൽ വോട്ടർ ബോധവൽക്കരണ പരിപാടിയും ഒപ്പുശേഖരണവും സംഘടിപ്പിച്ചു.

മാഹി പുഴയോര നടപ്പാതയിൽ നടന്ന പരിപാടിയിൽ വോട്ടർമാർ പ്രതിജ്ഞ ചൊല്ലി പങ്കെടുത്തു. തിരഞ്ഞെടുപ്പ് ദിനത്തിൽ കൂടുതൽ ആളുകളെ പോളിംഗ് ബൂത്തുകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.

മാഹി അഡ്മിനിസ്ട്രേറ്ററും റിട്ടേണിംഗ് ഓഫീസറുമായ അങ്കിത്കുമാർ ഐ എ എസ് ഉദ്ഘാടനം ചെയ്തു. 

സ്വീപ് നോഡൽ ഓഫീസർ സി. സജീന്ദ്രൻ സ്വാഗതം ആശംസിച്ചു.

​എ.ആർ.ഒ പ്രശാന്ത് കുനിയിൽ,ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ, സെക്ടർ ഓഫീസർ സദാനന്ദൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു


വോട്ടവകാശത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പരിപാടി ശ്രദ്ധേയമായി.

മാഹിയിൽ തിരഞ്ഞെടുപ്പ്: ചിഹ്നങ്ങൾ പ്രഖ്യാപിച്ചു


മാഹി: 2026ലെ പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാഹി മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ പ്രഖ്യാപിച്ചു. മണ്ഡലത്തിൽ ആകെ എട്ട് സ്ഥാനാർത്ഥികളാ ണ് രംഗത്തുള്ളത്.

ബി.ജെ.പിസ്ഥാനാർത്ഥിയായ അങ്കവളപ്പിൽ ദിനേശന് . ‘താമര’യാണ് ചിഹ്നമായി ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി രമേഷ് പറമ്പത്തിന് ‘കൈ’ ചിഹ്നം ലഭിച്ചു. ടി.വി.കെ പാർട്ടിയുടെ പ്രീജേഷിന് ‘വിസിൽ’ ചിഹ്നമാണ് അനുവദിച്ചത്.

മുസ്ലിം ലീഗ് സ്ഥാനാർത്ഥി മുഹമ്മദ് സമീൽ ‘ഏണി’ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായ അഡ്വ. അശോക് കുമാറിന് ‘ടെലിവിഷൻ’ ചിഹ്നവും, അശോകൻ എംക്ക് ‘ബേബി വാക്കർ’ ചിഹ്നവും ലഭിച്ചു.

മറ്റു സ്വതന്ത്ര സ്ഥാനാർത്ഥികളായ രമേഷ് ‘വാലറ്റ്’ ചിഹ്നത്തിലും, സരസ്വതി ‘ചക്ക’ ചിഹ്നത്തിലും മത്സരിക്കും. ഇതോടെ

തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ശക്തി യേറിയി രിക്കുകയാണ്.

mmmkkk

ക്ഷയരോഗ ദിനം ആചരിച്ചു.


മാഹി:ലോക ക്ഷയരോഗ ദിനത്തിന്റെ ഭാഗമായി മാഹി ആരോഗ്യവകുപ്പ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 

ടി ബി കൺട്രോളർ ഡോ: ആദിൽ വാഫിയുടെ അധ്യക്ഷതയിൽ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ :എ പി ഇസഹാഖ് ഉദ്ഘാടനം ചെയ്തു. ആരോഗ്യപ്രവർത്തർക് 100 ദിന ടി.ബി. കേമ്പ് രണ്ടാം ഘട്ടത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. ടി.ബി.ചാമ്പ്യൻ മാരെയും നിക്ഷയ് മിത്രമാരെയും അനുമോദിച്ചു.

മാഹി ആശുപത്രിയിൽ നടന്ന ചടങ്ങിന് 

ടുബക്കോ കൺട്രോൾ നോഡൽ ഓഫീസർ ഡോക്ടർ സതീഷ്, ഡിസ്ട്രിക് എപ്പിടെമിയോളജിസ്റ്റ് ആദർശ്, ടി.ബി.ഹെൽത്ത്‌ വിസിറ്റർ റെനിത നേതൃത്വം നൽകി.


ചിത്രവിവരണം..

ടി ബി കൺട്രോളർ ഡോ: ആദിൽ വാഫി അദ്ധ്യക്ഷ ഭാഷണം നടത്തുന്നു

capture_1774545756

ഇംഗ്ലീഷ് സാഹിത്യത്തിൽ

പിഎച്ച്ഡി നേടി സഞ്ജു പ്

മാഹി: പന്തക്കൽ പന്തോക്കൂലോത്തിന് സമീപം 'ദയ'ഹൗസിൽ കെ.പി.സഞ്ജുപ് ഇംഗ്ലീഷ് സാഹിത്യത്തിൽ പി എച്ച്‌ ഡി നേടി. കർണ്ണാ കയിലെ മംഗള ഗംഗോത്രിയിലെ മംഗളൂരു സർവകലാശാലയിൽ നിന്നാണ് സഞ്ജുപ് പഠനം പൂർത്തിയാക്കിയത്.

    'സമകാലീന കേരളവും, ആധിപത്യ പുരുഷത്വങ്ങളുടെ ഉത്പ്പാദനവും' (Con temporary Kerala and the Production of Hege monic Masculinities) എന്നതാണ് ഗവേഷണ പ്രബന്ധത്തിൻ്റെ ശീർഷകം. ഈ സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായ ഡോ. പരിണിതയുടെ ശിക്ഷണത്തിലാണ് സഞ്ജൂപ് തൻ്റെ ഗവേഷണം പൂർത്തിയാക്കിയത്.അശോകൻ - വത്സല ദമ്പതികളുടെ മകനാണ്. സഹോദരി: അഞ്ജന

capture_1774545849

നൂറു വർഷം പിന്നിടുന്ന

തലശ്ശേരി മോഡേൺ ഹോട്ടൽ

:പ്രൊഫ: എ.പി. സുബൈർ

തലശ്ശേരിക്കാരുടെ വികാരമായി മാറിയ മോഡേൺ ഹോട്ടലിന് നൂറ് വയസ്സാവുന്നു.

1926 ൽ കുഞ്ഞിക്കണ്ണൻ ബട്ലർ തുടങ്ങിയതായിരുന്നു മഹത്തായ ഈ ഭക്ഷണശാല. ഇംഗ്ലീഷ് ഉദ്യോഗസ്ഥ വസതിയിലെ പാചകക്കാരാണ് ബട്ലർ എന്നറിയപ്പെടുന്നത്. തലശ്ശേരിയിൽ ഈസ്റ്റിന്ത്യാ കമ്പനി ഉദ്യോഗസ്ഥരുടെ വീടുകളിൽ തദ്ദേശിയ തീയ്യ കുടുംബങ്ങളിൽ നിന്നുള്ളവർ ബട്ലർമാർ ആയിരുന്നിട്ടുണ്ട്. കുഞ്ഞിക്കണ്ണനും അങ്ങനെ ബട്ലർ ആയതാണ്. അതിൽ നിന്ന് വിരമിച്ചതിനു ശേഷം കണ്ണൂർ റോഡിൽ (ഇപ്പോഴത്തെ എം.ജി. റോഡിൽ) മമ്മു കേയിയുടെ വാടക കെട്ടിടങ്ങളിൽ ഒന്നിൽ കുഞ്ഞിക്കണ്ണൻ ചായയും പലഹാരങ്ങളും ലഭ്യമായ ഹോട്ടൽ ആരംഭിച്ചു. മമ്മുക്കേയിയുടെ സൗധം ഈ കടമുറികളുടെ പിന്നിലായിരുന്നു. അദ്ദേഹത്തിൻ്റെ മകളുടെ ഭർത്താവായിരുന്നു രാഷ്ട്രീയ തന്ത്രജ്ഞനായ സി.കെ. പി. ചെറിയ മമ്മുക്കേയി. മോഡേൺ ഹോട്ടൽ പിന്നീട് ഉച്ചയൂണിന് പ്രശസ്തിയാർജ്ജിച്ചു. മട്ടൻ ചാപ്സ് ആയിരുന്നു വിശേഷ വിഭവം കുഞ്ഞിക്കണ്ണനു ശേഷം ഭാര്യ ദേവൂട്ടി തുടർന്നു നടത്തി. ഹോട്ടലിൽ ജോലിക്ക് വന്ന ചെറുപ്പക്കാരൻ ദാമോദരൻ ദേവൂട്ടിയുടെ മകളെ കല്യാണം കഴിക്കുകയും ഹോട്ടലിൻ്റെ ഉടമസ്ഥനാവുകയും ചെയ്തു. ഇതിന്നകം ഹോട്ടലിൻ്റെ ജന്മാവകാശവും വാങ്ങിയിരുന്നു. 2014 ൽ ദാമാദരൻ്റെ മരണ ശേഷം പുത്രന്മാരായ മുരളിധരനും , ബാബുവും( പുഷ്പമിത്രൻ) ഹോട്ടൽ നടത്തിപ്പ് ഏറ്റെടുത്തു. 2021 ൽ ബാബു മരിച്ചതോടെ ഹോട്ടൽ നടത്തിപ്പ് മുരളി ധരൻ്റെ എഞ്ചിനിയറിംഗ് ബിരുദധാരിയായ മകൻ അക്ഷയ് ഏറ്റെടുത്ത് നടത്തുന്നു. ഇപ്പോൾ വൈകുന്നേരങ്ങളിൽ സ്പെഷൽ മസാല ദോശയും പൂരിയും ലഭ്യമാകുന്ന തരത്തിൽ ആകർഷണിയമാക്കിയിട്ടുണ്ട്. പാരിസ്, വെസ്റ്റെൻഡ്. മല്ലേസ് കഫെ എന്നിവയെ പോലെ തലശ്ശേരിയുടെ ഭക്ഷണപ്പെരുമയുടെ നാഴികക്കല്ലാണ് ഇന്നും മോഡേൺ ഹോട്ടൽ.


ചിത്രവിവരണം: സൈക്കിൾ പിടിച്ചു നിൽക്കുന്ന ആളാണ് കുഞ്ഞിക്കണ്ണൻ ബട്ലർ.

വൈദ്യൂതി മുടങ്ങും

മാഹിയിലേക്കുള്ള ഹൈട്ടെൻഷൻ ലൈനിൽ ലൈൻ ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ 27 - 03-2026 ന് വെള്ളിയാഴ്ച്ച കാലത്ത് 8 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന കമ്മ്യൂണിറ്റി ഹാൾ, നെല്ലിയാട്ട്, ശ്രീകല ഫർണ്ണിച്ചർ, കാഞ്ഞിരമുള്ള പറമ്പ്, അറവിലത്ത് പാലം, മുക്കുവൻ പറമ്പ്, മണ്ട പറമ്പ്, എന്നി പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

അനധികൃത ഡീസൽ പിടികൂടി.


മാഹി: പെർമിറ്റോ ബില്ലോ ഇല്ലാതെ ,ബസ്സിൽ കേനിൽ കൊണ്ടുപോകുകയായിരുന്ന നൂറ് ലിറ്റർ ഡീസൽ മൂലക്കടൽ വെച്ച് ഇലക്ഷൻ റോളിങ്ങ് സ്റ്റാറ്റിറ്റിക്സ് ടീം പിടികൂടി.

whatsapp-image-2026-03-26-at-8.39.57-pm

ലോകനാടക ദിനം ഇന്ന് ആചരിക്കും.


തലശ്ശേരി:നാടക് തലശേരി മേഖലയുടെ ആഭിമുഖ്യത്തിൽ ലോക നാടകദിനത്തോടനുബന്ധിച്ച് തലശ്ശേരി ആർട്ട് സൊസൈറ്റി പരിസരത്ത് പ്രഭാഷണവും, നാടക ഗാന ആലാപനവും നടക്കുംവൈ:.5 മണിക്ക് കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യും.

സ്ഥാനാർത്ഥിയെയടക്കം ആറ് പേരെ മുസ്ലിം ലീഗ് സസ്പന്റ് ചെയ്തു: മുൻസിപ്പാൽ ഘടകം പിരിച്ചു വിട്ടു


മാഹി: പാർട്ടി നിർദ്ദേശം മറികടന്ന് മാഹി അസംബ്ലി മണ്ഡലത്തിൽ മുന്നണി മര്യാദകൾ പാലിക്കാതെ നോമിനേഷൻ നൽകിയ സ്ഥാനാർത്ഥിയടക്കം ആറ്റപേരെ

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സസ്പന്റ് ചെയ്തു.

മാഹി ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു; പുനഃസംഘടന പ്രഖ്യാപിച്ചു

പുതുച്ചേരി യൂണിറ്റിൽ ഉൾപ്പെടെ മാഹിയിൽ നിന്നുള്ള നിരവധി നേതാക്കൾക്കെതിരെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ശക്തമായ ശാസന നടപടി സ്വീകരിച്ചിട്ടുണ്ട്.

ഐയുഎംഎൽ ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം. ഖാദർ മൊയ്തീനും (Ex.M.P)യും ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം എൽ എ യും പുറത്തിറക്കിയ സംയുക്ത പ്രസ്താവന പ്രകാരം, ദേശീയ കമ്മിറ്റിയുടെ നിർദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് താഴെപ്പറയുന്ന നേതാക്കളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

എ. മുഹമ്മദ് അലി മരയ്ക്കാർ (ഐയുഎംഎൽ പുതുച്ചേരി സംസ്ഥാന പ്രസിഡന്റ്)

മുഹമ്മദ് സമീൽ കാസിം – (എംവൈഎൽ പുതുച്ചേരി സംസ്ഥാന ജനറൽ സെക്രട്ടറി)

പി.ടി.കെ. റഷീദ് (പുതുച്ചേരി സംസ്ഥാന ജനറൽ സെക്രട്ടറി (മാഹി മേഖല) & മാഹി ജില്ലാ പ്രസിഡന്റ്

എ.വി. ഇസ്മായിൽ (ഐയുഎംഎൽ മാഹി ജില്ലാ ജനറൽ സെക്രട്ടറി)

അയ്യൂബ് പി. പന്തക്കൽ – (ഐയുഎംഎൽ മാഹി ജില്ലാ ട്രഷറർ)

എം.പി. അഹമ്മദ് ബഷീർ (ഐയുഎംഎൽ പുതുച്ചേരി സംസ്ഥാന ജനറൽ കൗൺസിൽ അംഗം)

അൻസീർ പള്ളിയത്ത് (എംവൈഎൽ മാഹി ജില്ലാ ജനറൽ സെക്രട്ടറി) എന്നിവർക്കെതിരെയാണ് നടപടി.

കൂടാതെ, പുതുച്ചേരി സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന നിലവിലെ മാഹി ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി, പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തെ തുടർച്ചയായി അവഗണിച്ചതിനെ തുടർന്ന് പിരിച്ചുവിട്ടതായി പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംഘടനാപരമായ ഒരു പ്രധാന പുനഃസംഘടനയുടെ ഭാഗമായി, ഇനി മുതൽ മാഹി യൂണിറ്റ് കേരള സംസ്ഥാനത്തിലെ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കീഴിൽ ‘മാഹി മണ്ഡലം മുസ്ലിം ലീഗ് അഡ്ഹോക് കമ്മിറ്റി’ ആയി പ്രവർത്തിക്കണമെന്ന് ദേശീയ കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.

പാർട്ടി ശാസനയും ഐക്യവും നിലനിർത്തുന്നതിനായി ഈ കർശന നടപടി അനിവാര്യമാണെന്ന് നേതൃത്വം വ്യക്തമാക്കി. ദേശീയ കമ്മിറ്റിയുടെ നിർദേശങ്ങളിൽ നിന്ന് യാതൊരു വ്യതിയാനവും സഹിക്കില്ലെന്നും ആവർത്തിച്ചറിയിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA