തലശ്ശേരി: ശ്രീനാരായണ ഗുരു ജീവിച്ചിരിക്കുമ്പോൾ തന്നെ സ്ഥാപിതമായ ലോകത്തിലെ ആദ്യ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠക്ക് മാർച്ച് 13 ന് 99 വയസ്സ് തികയുന്നു.
മലയാളക്കറയിലെ തന്നെ പ്രമുഖ മഹോത്സവമായ ജഗന്നാഥ ക്ഷേത്ര ഉത്സവം കഴിഞ്ഞ് അഞ്ചാം നാളിലാണ് മറ്റൊരു മഹോത്സവം കണക്കെ ഇന്നും നാളെയുമായി ഗുരു വിഗ്രഹപ്രതിഷ്ഠയുടെ ശതാബ്ദി ആഘോഷവും നടക്കുന്നത്. ഗുരുവിന് 71 വയസ്സ് പൂർത്തിയായ ദിനത്തിൽ
1926 മാർച്ച് 12 ന് വൈകിട്ട് തലശ്ശേരി തുറമുഖത്തു നിന്നും ആയിരങ്ങൾ അനുധാവനം ചെയ്താണ് ആത്മീയതയും ആവേശവും തിരയടിച്ച ആഘോഷ യാത്രയായി മഹാഗുരുവിന്റെ വിഗ്രഹം ജഗന്നാഥ ക്ഷേത്രത്തിലെത്തിയിരുന്നതെന്ന് ദൃക്സാക്ഷിയായിരുന്ന മൂർക്കോത്ത് കുമാരന്റെ മകനും ,പ്രമുഖ പത്രപ്രവർത്തകനുമായിരുന്ന മൂർക്കോത്ത് ശ്രീനിവാസൻ ഈ ലേഖകനോട് പറഞ്ഞത് ഇന്നലെയെന്നപോൽ ഓർക്കുന്നു. ഇറ്റലിയിൽ നിന്നും കപ്പൽ മാർഗ്ഗം വിഗ്രഹമെത്തും മുൻപു തന്നെ ശിൽപ്പി പ്രൊഫ:ത വ് റലി മാതൃകയായി ചെറു പ്രതിമകൾ മൂർക്കോത്ത് കുമാരനയച്ചിരുന്നു. അത്തരം പ്രതിമകൾ പലരും ഇന്നും സൂക്ഷിച്ച് വെച്ചിട്ടുമുണ്ട്. ഗുരുവിനെനേരിൽ കാണാതെ , ഫോട്ടോ ഗ്രാഫർ പി. ശേഖരൻ എടുത്ത പടത്തെ മാത്രം അവലംബമാക്കി തവ് റലി സായ്പ് പഞ്ചലോഹത്തിൽ വാർത്തെടുത്ത ഈ വിഗ്രഹത്തെ വെല്ലുന്ന യഥാ തഥമായ മറ്റൊരു വിഗ്രഹം ലോകത്തെങ്ങുമില്ല. ഗുരുവിന്റെ പടമെടുക്കാൻ ശിവഗിരിയിലെത്തിയ ശേഖരനോട് ഗുരു ചോദിച്ചത് രസ പടമെടുക്കാൻ കഴിയുമോ എന്നായിരുന്നു. എന്നാൽ വിഗ്രഹം നിർമ്മിക്കപ്പെട്ട പ്പോൾ , അത് ഗുരുവിന്റെ ആന്തരിക സ്വത്വമുൾച്ചേർന്ന ജീവസ്സുറ്റ, ധ്യാനാവസ്ഥയിലുള്ള
വിഗ്രഹമായി ഉരുവം പ്രാപിക്കുകയായിരുന്നു. വിഗ്രഹ നിർമ്മാണവേളയിൽ താൻ ഗുരുവിനെ സ്വപ്നത്തിൽ ദർശിച്ചതായിശിൽപ്പി രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഗുരുവിന്റെ ആത്മാവ് എവിടെയാണെന്ന ചോദ്യത്തിന് ഉത്തരമാണ് തലശ്ശേരി എന്ന് പറയാം.
ഗുരു ചൈതന്യത്തിൻ്റെ പ്രകാശകിരണങ്ങളേൽക്കാത്ത മണ്ണും മനുഷ്യരും തലശ്ശേരിയിലില്ലെന്ന് തന്നെ പറയാം. ശ്രീ നാരായണ ദർശനങ്ങളോട് അത്രമേൽ ആത്മബന്ധമുണ്ട് ഈ പ്രദേശത്തിന് ' ഇത്രയേറെ ഗൃഹസ്ഥ ശിഷ്യരും, നൂറു കണക്കിന് ശ്രീ നാരായണ മഠങ്ങളും മറ്റെങ്ങുമില്ല.
ഗുരുവിനെ ആദ്യമായി തലശ്ശേരിയിൽ എഴുന്നള്ളിച്ച വരതൂർ കാണിയിൽ കുഞ്ഞിക്കണ്ണൻ, ജഗന്നാഥ ക്ഷേത്രത്തിന് മുഹൂർത്ത ക്കല്ല് സ്ഥാപിക്കാൻ ഗുരു നിയോഗിച്ച കൊറ്റിയത്ത്
രാമുണ്ണി വക്കീൽ, ഗുരു ജിവിച്ചിരിക്കെ തന്നെ ഗുരുവിൻ്റെ പഞ്ചലോഹ പ്രതിമ സ്ഥാപിക്കാൻ നേതൃത്വം നൽകുകയും, ഗുരുവിൻ്റെ ആധികാരിക ജീവചരിത്രം രചിക്കുകയും ചെയ്ത മൂർക്കോത്ത് കുമാരൻ, ശിവഗിരി ധർമ്മസംഘത്തിൻ്റെ ബൈലോ എഴുതാൻ ഗുരു നിയോഗിച്ച റാവു ബഹദൂർ സി.വി.ഗോപാലൻ മുൻസീഫ് ,ഗുരുദേവ കൃതികൾ ആദ്യമായി ക്രോഡീകരിക്കാനും, ഗുരുവിനെ കസേരയിലിരുത്തി ചുമന്ന് കൊണ്ട് പോകാനുമുള്ള ഭാഗ്യം സിദ്ധിക്കുകയും ചെയത കെ.എം.കുമാരസ്വാമി സന്യാസി , ഗുരുവിൻ്റെ ഏക മത സിദ്ധാന്തം നാടെങ്ങും പ്രചരിപ്പിക്കാൻ ഗുരുവിൽ . നിന്നും അനുഗ്രഹം കിട്ടിയ സാധു ശിവ പ്രസാദ്, ഗുരുദേവൻ ഏറ്റവും ഒടുവിൽ സന്യാസം നൽകി അനുഗ്രഹിച്ച സ്വാമി ആനന്ദ തീർത്ഥർ, ഗുരുവിൻ്റെ സമാധി വേളയിൽ ശുശ്രൂഷിക്കാൻ അവസരം ലദിച്ച സ്വാമി ഗുരുപ്രസാദ്, ആലുവ അദ്വൈത ആശ്രമത്തിൽ അദ്ധ്യാപകനാക്കി ഗുരു നിയോഗിച്ച ആത്മാനന്ദ സ്വാമികൾ തുടങ്ങി അതിപ്രശസ്തരായ ഒട്ടേറെ ഗൃഹസ്ഥ ശിഷ്യരെ സംഭാവന ചെയ്ത നാടാണിത്.
എസ്.എൻ.ഡി.പി.യോഗങ്ങളിൽ പലവട്ടം അദ്ധ്യക്ഷ പദവി അലങ്കരിച്ചവരാണ് തലശ്ശേരിക്കാരായ കൊറ്റ്യത്ത് രാമുണ്ണി വക്കീൽ, മൂർക്കോത്ത് കുമാരൻ, പനങ്ങാടൻ രാമൻ തുടങ്ങിയവർ '
ഗുരുവിൻ്റെ കൈകളാൽ പ്രതിഷ്ഠിതമായ
ഉത്തര മലബാറിലെ ആദ്യ ക്ഷേത്രമാണ് ജഗന്നാഥ ക്ഷേത്രം. ലോകത്ത് ആദ്യമായി സ്ഥാപിക്കപ്പെട്ടതാണ്, ഇറ്റാലിയൻ ശിൽപ്പി തവ്റല്ലി പഞ്ചലോഹത്തിൽ നിർമ്മിച്ച ഇവിടുത്തെ ഗുരുദേവപ്രതിമ.
ജഗന്നാഥ ക്ഷേത്ര പ്രതിഷ്ഠാ വേളയിൽ പ്രതിഷ്ഠ നടത്താനുള്ള യോഗ്യതയെക്കുറിച്ച് ചോദ്യം ചെയ്യാനെത്തിയ സവർണ്ണ പണ്ഡിതൻ മണ്ണന്തല നീലകണ്ഠൻ മൂസ്സത്, ഒടുവിൽ ഗുരുവിനെ അംഗീകരിക്കുകയും, ക്ഷേത്രത്തെ പ്രകീർത്തിച്ച് രുദ്രപഞ്ചകം എഴുതി സമർപ്പിക്കുകയും ചെയ്യുകയായിരുന്നു.
ഗുരു നടത്തിയ പല പ്രബോധനങ്ങളും ഇവിടെ വെച്ചായിരുന്നു.
ഭാരിച്ച ചുമതലയുള്ള ക്ഷേത്ര നിർമ്മാണ ചിലവിന് മുന്നിൽ പാവപ്പെട്ട ജനങ്ങൾ നിസ്സഹായരായി നിന്നപ്പോഴാണ് 'ക്ഷേത്രം തന്നെ, ക്ഷേത്രത്തെ ഉണ്ടാക്കിക്കൊള്ളു'മെന്ന് ഗുരു പറഞ്ഞത്. അത് തന്നെ സംഭവിക്കയും ചെയ്തു.
തലശ്ശേരിയിലേക്കുളള തൻ്റെ പൂർണ്ണകായ പ്രതിമ കപ്പലിൽ കൊണ്ട് വരവെ, സിലോൺ തുറമുഖത്ത് വെച്ച് ഇത് കാണാനിടയായ ഗുരു മൊഴിഞ്ഞതിങ്ങനെ 'ആഹാരം വേണ്ടല്ലോ. ജീവിച്ചുകൊള്ളും'
ക്ഷേത്ര നിർമ്മിതിക്ക് ശേഷം മൂന്നാം വർഷം ഇളനീരാട്ടത്തിന് തുടക്കം കുറിക്കാൻ ഗുരുവിനെ ക്ഷണിക്കാൻ ശിവഗിരിയിലേക്ക് പോയ റാവു ബഹദൂർ ഗോപാലൻ മുൻസിഫിനോട് ,ആലുവയിൽ ആശ്രമം പണിയാനുള്ള ഭൂമി വാങ്ങാനുള്ള ധനസമാഹരണ തിരക്കിലായതിനാൽ, വരാൻ വിസമ്മതം പ്രകടിപ്പിക്കുകയായിരുന്നു. നിർബന്ധം കലശലായപ്പോൾ, ഗുരു പറഞ്ഞു 'സ്ഥലത്തിൻ്റെ പകുതി പണം നൽകിയാൽ അവിടേക്ക് വരാം.' ഇക്കാര്യം കൊററിയത്ത് രാമുണ്ണി വക്കീലിനെ അറിയിച്ചപ്പോൾ, പെട്ടെന്ന് മറുപടി ഉണ്ടായില്ല. അപ്പോൾ ഗുരുപ്രതിവചിച്ചത് ഇങ്ങിനെയായിരുന്നു' 'പണത്തോടടുക്കുമ്പോൾ എല്ലാം ഇങ്ങിനെ..'
എന്നാൽ തൊട്ടുപിറകെ പകുതി പണം തരാമെന്ന് രാമുണ്ണി വക്കീൽ അറിയിച്ചപ്പോൾ ' നാം കുഴങ്ങിയല്ലോ, പണത്തിൻ്റെ കാര്യം പറഞ്ഞാലെങ്കിലും ,നമ്മെ ഒഴിവാക്കുമെന്ന് വിചാരിച്ചിരുന്നു' എന്നാണ് '
ഒരിക്കൽ ഗുരു ,ഫ്രഞ്ച്മയ്യഴിയിലെ മേയറായിരുന്ന പുന്നരാമോട്ടിയുടെ വീട്ടിൽ, വിശ്രമിക്കുകയായിരുന്നു. തൊട്ടടുത്ത വിവാഹ വീട്ടിൽ നിന്നുള്ള അസഹ്യമായ മത്സ്യഗന്ധം ഉയർന്നപ്പോൾ ഗുരു പറഞ്ഞു.' വിവാഹം പോലുള്ള ശുഭ കർമ്മ വേളകളിൽ മത്സ്യ മാംസാദികൾ വർജ്ജിക്കുന്നതാണ് ഉത്തമം' ഈ ഉപദേശം മയ്യഴിക്കാർ ഇന്നും നെഞ്ചേറ്റുന്നു.
പുലയ സമുദായക്കാരെ ഇപ്പോൾ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചാൽ തീയ്യ സമുദായത്തിൽ അത് വലിയ പ്രശ്നം ഉണ്ടാക്കുമെന്നും, ഒരു വർഷം കഴിഞ്ഞ് ആലോചിച്ചു കൂടേയെന്നും, ജ്ഞാനോദയ യോഗം പ്രസിഡണ്ട് അറക്കളത്ത് രാഘവൻ റൈറ്റർ ഗുരുവിൻ്റെ ശ്രദ്ധയിൽ പെടുത്തി. തത്സമയം തന്നെ ഒരു ചാറ്റൽ മഴ പെയ്തൊഴിഞ്ഞു - ഗുരു പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു ' എന്താ റൈട്ടറേ.. വർഷം ഒന്ന് കഴിഞ്ഞില്ലേ?ഇനി അവരെ പ്രവേശിപ്പിച്ചുകൂടേ?'
ഗുരുവിൻ്റെ പ്രതിമ സ്ഥാപിക്കുന്നതറിഞ്ഞ് അതിനെ ശക്തിയുക്തം എതിർക്കാനെത്തിയതായിരുന്നു മഹാ പണ്ഡിതൻ കൂടിയായ സ്വാമി ബോധാനന്ദൻ.വിഗ്രഹാരാധനക്കെതിരായി ഗുരുവിൻ്റെ മുന്നിൽ വാദമുഖങ്ങളുയർത്താനെത്തിയ ബോധാനന്ദ സ്വാമികൾ, പക്ഷെ, ഗുരുവിൻ്റെ യോഗ നയനങ്ങളുടെ ആഴത്തിന് മുന്നിൽ പതറിപ്പോവുകയായിരുന്നു. ഗുരു കൈ കൊണ്ട് അദ്ദേഹത്തെ മാടി വിളിച്ചിട്ട് ഇങ്ങിനെ പറഞ്ഞു 'മത ഖണ്ഡനം നന്നല്ല. കാണുന്നവർക്കെല്ലാം സന്യാസം കൊടുക്കരുത്' "ബോധാനന്ദ സ്വാമികൾ തന്നെയാണ് പ്രതിമയുടെ പ്രതിഷ്ഠ നടത്തിയത്. ! ഗുരു തൻ്റെ വിൽപ്പത്രത്തിൽ പിൻഗാമിയായി നിശ്ചയിച്ചതും ബോധാനന്ദ സ്വാമികളെയായിരുന്നു. ബോധാനന്ദനെ ഗുരു ആദ്യമായി കണ്ടതും തലശേരി ജഗന്നാഥ ക്ഷേത്രത്തിൽ വെച്ചായിരുന്നു..
ചിത്രവിവരണം: ലോകത്താദ്യമായി പ്രതിഷ്ഠിച്ച ജഗന്നാഥ സവിധത്തിലെ ഗുരുദേവ വിഗ്രഹം
ദേശീയ മായാജാല സമ്മേളനവും, പ്രദർശനവും15ന് മാഹിയിൽ
മാഹി: അന്തരിച്ച മാന്ത്രിക ആചാര്യൻ ദാമോധർ എൽ ഭണ്ടാരിയുടെ ഓർമ്മയിൽ മലബാർ മാജിക്ക് സർക്കിൾ ഇരുപത്തിയൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി എംഎം സി ഫെസ്റ്റ് -2026 എന്ന പേരിൽ അഖിലേന്ത്യാ മായാജാല സമ്മേളനം മാർച്ച് 15ന് ഫിഷർമെൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 9 മുതൽ രജിസ്ട്രേഷൻ ചെയ്ത മാന്ത്രികർക്കായി പഠന ക്ലാസുകളും ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മായാജാല മത്സരങ്ങളും നടക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രശസ്തരും പ്രഗത്ഭരുമായ മാന്ത്രികൻമാർ പഠന ക്ലാസുകൾ കൈകാര്യം ചെയ്യും.
വൈകിട്ട് 5ന് ആരംഭിക്കുന്ന സമാപനച്ചടങ്ങിൽ മത്സര വിജയികൾക്ക് സമ്മാനദാനവും വിസ്മയകരമായ മായാജാല കാഴ്ചകളോടെ ഗാലാ ഷോയും ഉണ്ടായിരിക്കും. സമാപനച്ചടങ്ങിലേക്ക് പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശന മായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ രാജേഷ് ചന്ദ്ര , പ്രദീപ് കേളോത്ത് , എം . പി . വിജയകുമാർ പങ്കെടുത്തു.
എം. സി. സി യ്ക്കായുള്ള സ്ഥലം
ഏറ്റെടുപ്പ് വേഗത്തിലാക്കും
തലശ്ശേരി:മലബാർ കാൻസർ സെന്റർ (പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓകോളജി സയൻസസ് ആൻഡ് റിസർച്ച്), തലശ്ശേരിയുടെ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനായി കാമ്പസ്സിനു ചുറ്റുമായി 5.95 ഏക്കർ സ്ഥലം കിഫ്ബി മുഖേന വിലയ്ക്ക് വാങ്ങിക്കുന്ന നടപടികൾ വേഗത്തിലാക്കുന്നതിനായി നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ.ഷംസീർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം മലബാർ കാൻസർ സെന്ററിൽ വിളിച്ചു ചേർത്തു.
കെട്ടിടങ്ങളുടെയും, കാർഷിക വിഭവങ്ങളുടെയും, മരങ്ങളുടേയും, മൂല്യനിർണ്ണയം അടുത്ത ദിവസം തന്നെ പൂർത്തീകരിച്ച് റിപ്പോർട്ട് വെള്ളിയാഴ്ചക്കുളിൽ സമർപ്പിക്കാനും, റവന്യൂ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന അടുത്ത ആഴ്ച പൂർത്താകരിച്ച് സ്ഥലം വാങ്ങിക്കുന്ന നടപടികൾ പൂർത്തീകരിക്കാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ, സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, അർജുൻ എസ്. കുമാർ, ഡെപ്യൂട്ടി താഹിൽദാർ എ.കെ അനീഷ് കെ.എ.എസ്, സീനിയർ റവന്യു ക്ലാർക്ക് ഷൈജു സി.ടി, പിഡബ്ല്യുഡി, എക്സിക്യൂട്ടീവ് എഞ്ചിനീയർ സവിത സി പ്രിൻസിപ്പൽ കൃഷി ഓഫീസർ തുളസി സി., കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രേണു. പി ., വാർഡ് കൗൺസിലർ ബിജേഷ് യു, ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രമണ്യം എന്നിവർ പങ്കെടുത്തു
ഇഫ്താർ സ്നേഹവിരുന്ന്
സംഘടിപ്പിച്ചു.
മാഹി: ചാലക്കര ദേശവാസികൾ മാനവ സൗഹൃദത്തിന്റെ സന്ദേശമുയർത്തി ഇഫ്താർ സ്നേഹവിരുന്ന് സംഘടിപ്പിച്ചു.
ചാലക്കര സരോനിലയത്തിൽ നടന്ന
സംഗമം ടി.ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.
ഐ. രാമചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു.
ചാലക്കര പുരുഷു, ഷാജി പിണക്കാട്ടിൽ, റീന അനിൽ സംസാരിച്ചു.
സഹദേവൻ അച്ചമ്പത്ത് സ്വാഗതവും കെ.ടി.സജീവൻ നന്ദിയും പറഞ്ഞു
വിരുന്നിന് സി.ആർ.ഡബ്ലു എ അംഗങ്ങൾ നേതൃത്വം നൽകി.
ചിത്രവിവരണം: ടി. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
മാഹി സ്പിന്നിങ് മിൽ അടച്ചിട്ട് ആറു വർഷം; പ്രഖ്യാപനങ്ങൾ മാത്രം, നടപടിയില്ല
മാഹി: മാഹിയിലെ ഏക പൊതുമേഖലാ വ്യവസായ സ്ഥാപനമായ മാഹി സ്പിന്നിങ് മിൽ അടച്ചിട്ട് ആറു വർഷം കഴിഞ്ഞിട്ടും പുനരാരംഭിക്കാൻ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നൂറുകണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗമായിരുന്ന സ്ഥാപനത്തിന്റെ ഭാവി ഇന്നും അനിശ്ചിതത്വത്തിലാണ്.
മിൽ പുനരുജ്ജീവിപ്പിക്കുമെന്ന് പലതവണ പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവ യാഥാർഥ്യമായില്ലെന്നാണ് നാട്ടുകാരും മുൻ തൊഴിലാളികളും ആരോപിക്കുന്നത്. പിന്നീട് സ്പിന്നിങ് മില്ലിന് പകരം ജിപ്മർ ഹോസ്പിറ്റൽ യൂണിറ്റ് തുടങ്ങുമെന്നുമുള്ള പ്രഖ്യാപനങ്ങളും ഉയർന്നിരുന്നെങ്കിലും, അതുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.
തിരഞ്ഞെടുപ്പ് അടുക്കുമ്പോഴൊക്കെ പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ ഉയരുന്നുണ്ടെങ്കിലും, പിന്നീട് അവ വാഗ്ദാനങ്ങളിൽ മാത്രമായി തുടരുകയാണെന്നാണ് വിമർശനം. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ സ്ഥലം ഉപയോഗപ്പെടുത്തി ഒരു തൊഴിലവസര പദ്ധതി നടപ്പാക്കാൻ സർക്കാർ അടിയന്തരമായി തീരുമാനമെടുക്കണമെന്നാണ് നാട്ടുകാരുടെയും മുൻ തൊഴിലാളികളുടെയും ആവശ്യം.
ചിത്ര വിവരണം: അടച്ചിട്ട മാഹി സ്പിന്നിങ്ങ് മിൽ
ഉത്സവം അലങ്കോലപ്പെടുത്തിയതായി പരാതി
മുഴപ്പിലങ്ങാട് കൂറുമ്പ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവ ത്തിൻ്റെ ആചാരം ലംഘിച്ച് അലങ്കോലമാക്കിയ സി.പി.എം - ബി.ജെ.പി പ്രവർത്തകർക്കെതി രെ കർശന നടപടി സ്വീകരിക്കണമെന്ന് മുഴപ്പിലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ആചാരപരമായ കലശത്തിന് പകരം പയ്യാമ്പലം ശ്മശാനത്തിലെ സ്മാരക സ്തൂപങ്ങളുമായി വന്ന് തെരുവിൽ പോരടിച്ചപ്പോൾ വെടിക്കെട്ട് ഉൾപ്പെടെയുള്ള ക്ഷേത്രാചാരങ്ങൾ സമയനിഷ്ഠ പാലിക്കാനാവാതെ മഹോത്സവം പര്യവസാനിച്ചതിൽ ക്ഷേത്ര വിശ്വാസികൾക്കുണ്ടായ ആശങ്കക്ക് പരസ്യമായി മാപ്പ് പറയണം.
നേർച്ചക്കലശത്തിന് ചെണ്ട അല്ലാതെ ഡി ജെ പാട്ടിന് അനുമതി നല്കില്ലെന്ന് പറഞ്ഞ പോലീസിന് മുന്നിലൂടെയാണ് അവ കടന്ന് പോയത്. സ്തൂപങ്ങളുമായി വന്ന് റോഡിൽ മാർഗ തടസ്സം സൃഷ്ടിച്ചപ്പോൾ പോലീസ് നടപടി എടുത്തില്ലെന്ന് മാത്രമല്ല മറുപക്ഷത്തെയും. നിയമലംഘിക്കാൻ പോലീസ് കൂട്ടുനിന്ന് വെന്ന് മണ്ഡലം കമ്മിറ്റി ആക്ഷേ പിച്ചു
ശുചിത്വ പഠനോത്സവം
ചൊക്ലി: ഗ്രാമ പഞ്ചായത്ത് ഇക്കോസെൻസ് സ്കോളർഷിപ്പ് ശുചിത്വ പഠനോത്സവും, 2025 - 26, വർഷത്തെ മഹാത്മ പുരസ്ക്കാരം ലഭ്യമാക്കാൻ പ്രവർത്തിച്ച ജീവനക്കാരെയും, തൊഴിലാളികളെയും ഭാരതിയർ യുണിവേഴ്സിറ്റിയിൽ നിന്ന് കോമേഴ്സ് വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ചൊക്ലി ഗ്രാമപഞ്ചായത്ത് അംഗം ഡോ.എം.സി .ഷിജീലിനെയും ആദരിക്കുന്ന പരിപാടി പഞ്ചായത്ത് ഹാളിൽ (ഇ.കെ.നായനാർ ഹാൾ) സംഘടിപ്പിച്ചു. എ. പ്രദീപൻ (. പൊതു മാരമത്ത് ജീല്ല സ്റ്റാന്റിംഗ് കമ്മിറ്റി , ചെയർമാൻ) ഉദ്ഘാടനം നിർവ്വഹിച്ചു. എൻ. അനൂപ് അധ്യക്ഷത വഹിച്ചു. കെ.എം സ്വപ്ന (വൈസ്.പ്രസിഡണ്ട് ചൊക്ലി ഗ്രാമ പഞ്ചായത്ത്), സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായായ പി.ജയചന്ദ്രൻ,കെ.ടി.കെ പ്രദീപൻ ഷമിന.കെ.പി, ഷിബിൻ പി ( VEO),ഫെമിന ഫ്രങ്കോ (VEO), ഡോ.ഷിജിൽ,ആരതി പവിത്രൻ ( അക്രഡിറ്റഡ് എഞ്ചിനിയർ), പ്രവീണ കെ.പി (AITA ),രാഹുൽ രാജ്.പി (ഓവർസീയർ ) തുടങ്ങിയവർ സംസാരിച്ചു. അനിഷ വി (സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്) സ്വാഗതം പറഞ്ഞു.
പച്ചക്കറി വിളവെടുപ്പ് നടത്തി
ചൊക്ലി:മേക്കുന്ന് വാർഡ് 8 ൽ കണ്ണോത്ത് തറവാട്ടുവീട്ടുപരിസരത്ത് സീസൺ പച്ചക്കറി കൃഷിയിൽ നിന്നുള്ള വിളവെടുപ്പ് നടത്തി. വെള്ളേരി, പൊട്ടിക്കാ,പയർ, കയ്പക്ക, പച്ചമുളക്, തക്കാളി, വെണ്ട തുടങ്ങിയവായണ് കൃഷി ചെയ്തത്. കണ്ണോത്ത് ചന്ദ്രനും കുടുംബാഗങ്ങളുമാണ് ഏവരുടെയും കണ്ണിന് കുളിർമയേകൂന്ന കൃഷി ചെയ്തത്. ചൊക്ളി കൃഷി ഓഫീസറുടെ നിർദേദശാനുസരണം കർഷക സംഘം കുടുതൽ സ്ഥലത്ത് കൃഷി വ്യാപിപ്പിച്ചു. ആദ്യ വിളവെടുപ്പ്ബഹു: ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ അനൂപ് നിർവ്വഹിച്ചു. കൃഷി ഓഫീസർ ആർ ശരത്കൃഷ്ണ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ജയചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി ഉദയൻ, പി.ഭാസ്ക്കരൻ, പി.സി വിശാന്ത്, കെ. അനിൽകുമാർ,. വാസു കോളായ്, ജലജ കണ്ണോത്ത്, കെ അജിത തുടങ്ങിയവർ വിളവെടുപ്പ് ചടങ്ങിൽ സംസാരിച്ചു.
രാഘവൻ നിര്യാതനായി
മാഹി: ഈസ്റ്റ് പള്ളൂർ വളപ്പിനകത്ത് രാഘവൻ (70) പന്തക്കൽ കുന്നുമ്മൽപ്പാലത്തിന് സമീപത്തെ പുത്തൻപുരയിൽ അന്തരിച്ചു. ദീർഘകാലം ചൊക്ലി കുത്തുബി പള്ളിക്ക് സമീപം ഹോട്ടൽ നടത്തിയിരുന്നു. ഭാര്യ: വത്സല .മക്കൾ: റിനീഷ(മൈസൂരു), റിനീഷ് .മരുമക്കൾ: സച്ചിൻ (ഇലക്ട്രീഷ്യൻ, മൈസൂരു), അക്ഷയ (പാനൂർ) സഹോദരങ്ങൾ: ചന്ദ്രി, നാരായണി, പരേതരായ കരുണാകരൻ, പത്മിനി .
സാൻവിയക്ക് ജെം ഓഫ് സീഡ് പുരസ്ക്കാരം
മാഹി: തലശ്ശേരി വിദ്യഭ്യാസ ജില്ലയിലെ ലക്ഷക്കണക്കിനു വിദ്യാർത്ഥികളിൽ നിന്ന് തെരഞ്ഞെടുക്കുന്നഏറ്റവും മികച്ച വിദ്യാത്ഥിക്കുള്ള ജെം ഓഫ് സീഡ് പുരസ്കാരം ലഭിച്ചു.
കഴിഞ്ഞ 4 വർഷമായി വി.എൻ പുരുഷോത്തമൻ ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ ഡീഡ് റിപ്പോർട്ടറും സീഡ് പോലീസ് അംഗവും, നല്ല ഒരു കർഷകയും ആണ് ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന സാൻവിയ.എം. മാഹി മേഖലാതലത്തിലും കേരളത്തിലുംപങ്കെടുത്ത മത്സരങ്ങളിലൊക്കെ സമ്മാനം നേടിയ സാൻവിയ നല്ലൊരു കവിതയെഴുത്തുകാരി കൂടിയാണ്. ഉപന്യാസ മത്സരങ്ങൾ ,ക്വിസ്, മറ്റു രചനാമത്സരങ്ങൾ, സയൻസ് സെമിനാർ എന്നിവയിലൊക്കെ തൻ്റെ മികവ് തെളിയിച്ച സാൻവിയ സ്കൂളിൻ്റെ അഭിമാനമാണ്. സമൂഹ സേവനത്തിൻ്റെ ബാലപാഠങ്ങൾ ചെറുപ്പത്തിലേതന്നെ സ്വായത്തമാക്കിയ സാൻവിയ കാരുണ്യപ്രവർത്തനങ്ങളിലും പങ്കാളിയാണ്. നല്ലൊരു നൃത്തക്കാരിയും നാടൻപാട്ടുകാരിയുമായ സാൻവിയ പഠിത്തത്തിലും മുൻപന്തിയിലാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









