മാഹി.. ഋഷികേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നഇന്ത്യൻ കമ്മ്യൂണിറ്റി
ഓഫ് ആർട്ട് ആന്റ് കൾച്ചർ ഏർപ്പെടുത്തിയ ഫ്ലെയിം പവർ അവാർഡിന് പ്രമുഖ ചിത്രകാരി കലൈമാമണി സതീ ശങ്കർ അർഹയായി.
സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരൻമാർക്ക് ദേശീയ തലത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ അവാർഡാണിത്.
10,001 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് വനിതാ ദിനാചരണത്തിന്റെ ഭാഗമായി വനിതകൾക്ക് നൽകപ്പെടുന്ന അവാർഡ്.
മാർച്ച് 10 ന് കാലത്ത് 11 മണിക്ക് പ്രസ്സ് ക്ലബ് സി.എച്ച്. ഗംഗാധരൻ ഹാളിൽ നടക്കുന്ന ചടങ്ങ് രമേശ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്യും.
പ്രശസ്ത നർത്തകി ഷർമ്മിള മഹേഷ് അവാർഡ് ദാനം നിർവഹിക്കും.
വനിതാ ദിനം ആഘോഷിച്ചു
.മാഹി:അഖില ഭാരതീയ വിശ്വകർമ്മ മഹാസഭ മാഹി ശാഖയുടെ ആഭിമുഖ്യത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു.
ചാലക്കര വായനശാലയിൽ വെച്ച് ധീര വനിതാ സ്വാതന്ത്ര്യസമരസേനാനികളെ അനുസ്മരിച്ചുകൊണ്ടായിരുന്നു ചടങ്ങിന് തുടക്കംകുറിച്ചത്.
വൈസ് പ്രസിഡന്റ് പ്രീത ജനാർദനൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം പ്രസിഡന്റായ രമ്യ സജീഷ് സ്വാഗതവും, പ്രസിഡന്റ് അങ്ങാടിപ്പുറത്ത് അശോകൻ, ന്യൂ മാഹി വിശ്വകർമ്മ സംഘം വനിതാ വിഭാഗം വൈസ് പ്രസിഡന്റ് ചന്ദ്രിക ഭാസ്കരൻ, വനിതകളുടെ തൊഴില്‍ പരിശീലക, സെല്‍വി വനിതാ വിഭാഗം ജനറൽ സെക്രട്ടറി നിഖില രാജേഷ്
മുഖ്യാതിഥികളുടെ സാന്നിധ്യത്തിൽ ദീപം തെളിയിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
രാജീവ് ഗാന്ധി ഗവ: ആയുർവേദ മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. കെ.എസ്. ബിനു വനിതാരോഗ്യത്തെക്കുറിച്ചുള്ളബോധവൽക്കരണ പ്രഭാഷണം നടത്തി. കൂടാതെ വനിതകളുടെ ക്ഷേമത്തിനായുള്ള സർക്കാർ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മിഷൻ ശക്തി കോർഡിനേറ്റർമാരായ ദൃശ്യ കെ.എം, ഐശ്വര്യ ബാബു ടി.കെ ക്ലാസുകൾ നടത്തി..
എ ബി വി എം ട്രഷറർ മധുസൂദനൻ, യുവജന വിഭാഗം പ്രസിഡന്റ് വിവേക് , സെക്രട്ടറി റെജിൻ, വനിതാ വിഭാഗം എക്സിക്യൂട്ടീവ് മെമ്പർമാർ നേതൃത്വം നൽകി.
ചിത്ര വിവരണം:വിശ്വകർമ്മ സംഘത്തിന്റെ വനിതാ ദിനാഘോഷം
ഇടവിള കിറ്റ് വിതരണം നടത്തി
ന്യൂ മാഹി: കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഇടവിള കൃഷി പ്രോത്സാഹനം എന്ന പദ്ധതിയുടെ ഭാഗമായി ഇരുന്നോറോളം കർഷകർക്ക് ഇടവിള കിറ്റ് വിതരണം നടത്തി. പദ്ധതിയുടെ വിതരണ ഉദ്‌ഘാടനം ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ നിർവഹിച്ചു. ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി 2025-26 ൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ, കൂവ്വ, കൂർക്ക, ചെറു കിഴങ്ങ് തുടങ്ങിയവരുടെ നടീൽ വസ്തുക്കളാണ് വിതരണം ചെയ്തത്. ചടങ്ങിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ സെയിത്തു അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി എ ഷർമിരാജ്, വാർഡ് മെമ്പർമാരായ കെ എം അപർണ, എ സി രേഷ്മ, കൃഷി ഓഫീസർ എം ഒ അങ്കിത തുടങ്ങിയവർ പങ്കെടുത്തു.
ചിത്രവിവരണം..പദ്ധതിയുടെ വിതരണ ഉദ്‌ഘാടനം ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ നിർവഹിക്കുന്നു
ഗൾഫ് യുദ്ധപ്രതിസന്ധി: പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികൾക്കെതിരെ നടപടി വേണം; ഷാഫി പറമ്പിൽ എംപി
തലശ്ശേരി : പശ്ചിമേഷ്യയിലെ നിലവിലെ യുദ്ധസാഹചര്യങ്ങൾക്കിടയിൽ നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്ന ഗൾഫ് പ്രവാസികളെ വിമാനക്കമ്പനികൾ കൊള്ളയടിക്കുന്നതിനെതിരെ ഷാഫി പറമ്പിൽ എംപി രംഗത്ത്. ഇന്ത്യൻ പ്രവാസികളോടുള്ള വിമാനക്കമ്പനികളുടെ ചൂഷണത്തിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ രാംമോഹൻ നായിഡുവിന് സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കത്തയച്ചു. ഗൾഫ് രാജ്യങ്ങളിൽ യുദ്ധം സൃഷ്ടിച്ച ആശങ്കാജനകമായ അന്തരീക്ഷത്തിൽ ആയിരക്കണക്കിന് പ്രവാസികൾ നാട്ടിലേക്ക് തിടുക്കത്തിൽ മടങ്ങാൻ ആഗ്രഹിക്കുമ്പോൾ, അവർക്ക് സഹായമെത്തിക്കുന്നതിന് പകരം വിമാനക്കമ്പനികൾ അമിത നിരക്ക് ഈടാക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
സാധാരണ ഗതിയിൽ ഗൾഫ് സെക്ടറുകളിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന നിരക്ക് 10,000 രൂപ മുതൽ 15,000 രൂപ വരെയായിരിക്കെ, നിലവിൽ 50,000 രൂപയ്ക്ക് മുകളിലാണ് പല വിമാനക്കമ്പനികളും ഈടാക്കുന്നത്. ഏകദേശം 300 മുതൽ 400 ശതമാനം വരെയുള്ള ഈ വിലവർദ്ധനവ് സാധാരണക്കാരായ തൊഴിലാളികളുടെ നിസ്സഹായാവസ്ഥയെ മുതലെടുക്കലാണെന്ന് എംപി കുറ്റപ്പെടുത്തി. പല വിമാനക്കമ്പനികളും നേരത്തെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്ത ഷെഡ്യൂൾഡ് വിമാനങ്ങൾ റദ്ദാക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പകരം ഇതേ റൂട്ടുകളിൽ 'റിലീഫ് ഫ്ലൈറ്റുകൾ' എന്ന പേരിൽ നാലിരട്ടി വരെ ചാർജ് ഈടാക്കിയാണ് സർവീസുകൾ നടത്തുന്നത്. ഇത്തരത്തിലുള്ള അധാർമ്മികമായ ബിസിനസ്സ് രീതികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യുദ്ധം കാരണം ഇതിനോടകം തന്നെ ഉപജീവനമാർഗ്ഗം തടസ്സപ്പെട്ട കുറഞ്ഞ വേതനക്കാരായ പ്രവാസികളെ ഈ സാമ്പത്തിക സമ്മർദ്ദത്തിൽ നിന്ന് രക്ഷിക്കാൻ മന്ത്രാലയം കർശന നടപടികൾ സ്വീകരിക്കണം. ഗൾഫ് സെക്ടറുകളിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന നിരക്കുകൾക്ക് ഈ കാലയളവിൽ ഒരു താൽക്കാലിക പരിധി (Ceiling price) ഏർപ്പെടുത്തണമെന്നും റദ്ദാക്കപ്പെട്ട വിമാനങ്ങളിൽ നേരത്തെ ബുക്ക് ചെയ്തവർക്ക് പുതിയ സർവീസുകളിൽ അധിക തുക നൽകാതെ തന്നെ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും എംപി കത്തിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായ പ്രവാസികളെ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും ഷാഫി പറമ്പിൽ എംപി ഓർമ്മിപ്പിച്ചു
മുകുന്ദൻ നിര്യാതനായി
മേലൂർ :കലാമന്ദിരം വായനശാലക്ക് സമീപം ജനനി നിവാസിൽ മമ്മാലി മുകുന്ദൻ (80) നിര്യാതനായി. പരേതരായ ഗോവിന്ദന്റെയും മമ്മാലി ജാനകിയുടെയും മകനാണ്. ഭാര്യ സുമതി. മക്കൾ: സുമോദ്,സുമേഷ്,സുധീഷ്, രോഷിത്ത്. മരുമക്കൾ രഹന, സൗമ്യ. പ്രജിഷ സഹോദരങ്ങൾ ചന്ദ്രി, പരേതരായ നാരായണി, ഗോപാലൻ, ഭാസ്ക്കരൻ.
ബൈക്ക് അപകടത്തിൽ മരിച്ചു.
ചൊക്ലി : ചൊക്ലി ക്ലസ്റ്റർ എസ് കെ എസ് എസ് എഫ് ട്രെഷററും ബംഗ്ളൂരു എ ഐ കെ എം സി സിയുടെ സജീവ പ്രവർത്തകനുമായ ചൊക്ലി ഗ്രാമത്തിയിലെ തയ്യിൽ അബൂബക്കർ (45) ബംഗ്ലൂരിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു.
പുതുച്ചേരി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകൻ, ഗ്രാമത്തി ജുമാ മസ്‌ജിദ് ക മ്മറ്റി മെമ്പർ, സമസ്‌തയുടെ സജീവ പ്രവർത്തകനും പള്ളൂർ സിഎച്ച് സെന്റർ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. ഗ്രാമത്തിയിലെ വ്യാപാരിയായിരുന്ന പരേതനായ എകരത്ത് കാസിമിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: നാതിറ. മകൾ: ദുഹ. സഹോദരങ്ങൾ: പരേതനായ ശമ്മാസ്, ഷംസീർ, സഫീർ (ദുബായ്). സംസ്‌കാരം ചൊവ്വ രാവിലെ 7 മണിക്ക് ഗ്രാമത്തി ജുമ മസ്ജിദിൽ
അബൂബക്കർ സിദ്ദിഖിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു
മയ്യഴി: പുതുച്ചേരി സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറിയായിരുന്ന പള്ളൂർ ഗ്രാമത്തിയിലെ അബൂബക്കർ സിദ്ദിഖിൻ്റെ നിര്യാണത്തിൽ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം. ഖാദർ മൊയ്തീൻ സാഹിബ് എന്നിവർ അനുശോചിച്ചു. ബംഗളുരുവിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്.
മുസ്ലിം ലീഗ് പുതുച്ചേരി സംസ്ഥാന കമ്മിറ്റിയും മാഹി ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.
സത്യപ്രതിജ്ഞ ചെയ്തു
തലശ്ശേരി.ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ കണ്ണൂർ ജില്ലയുടെ 2025-28 വർഷത്തെ ഭരണ സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ, ശ്രീ ജഗന്നാഥ ക്ഷേത്രം ഗുരുസന്നിധിയിൽ നടന്നു. ശിവഗിരി മഠത്തിലെ ശ്രീമദ് അംബികാനന്ദ സ്വാമികൾ സത്യവാചകം ചൊല്ലിക്കൊടുത്തു.
പൊതുസമ്മേളനത്തിൽ സി.കെ.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ജ്ഞാനോദയ യോഗം പ്രസിഡൻ്റ് അഡ്വക്കറ്റ് കെ.സത്യൻ, ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠാ ശതാബ്ദി സന്ദേശം നൽകി.ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര രജിസ്ട്രാർ കെ .ടി സുകുമാരൻ മുഖ്യപ്രസംഗം നടത്തി. പി.കെ.ഗൗരി, സജിത്ത് നാരായണൻ, എം. വി.രാജീവൻസംസാരിച്ചു പി.ജെ.ബിജു സ്വാഗതവും വി.പി ദാസൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി
സി.കെ സുനിൽകുമാർ (പ്രസിഡൻ്റ്)
വി.പി.ദാസൻ (സെക്രട്ടരി )
എം വി രാജീവൻ (ട്രഷറർ)
എം.ജി. മന്മഥൻ, പി.സി.ദിവാനന്ദൻ (വൈസ് പ്രസിഡൻ്റ്)
സി.ജയചന്ദ്ര ബോസ്, മനോജൻ കല്ലായി (ജോയിൻ്റ് സെക്രട്ടറി)എന്നിവരെ തെരഞ്ഞെടുത്തു.
ചിത്രവിവരണം:ശിവഗിരി മഠത്തിലെ ശ്രീമദ് അംബികാനന്ദ സ്വാമികൾ അനുഗ്രഹ ഭാഷണം നടത്തുന്നു.
കേരളം ഭരിക്കുന്നത് സമസ്ത മേകളകളിലും പരാജയപ്പെട്ട സര്‍ക്കാർ. ടി. ജയകൃഷ്ണന്‍.
ന്യൂമാഹി: സമസ്ത മേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ഡി. സി. സി ജനറല്‍ സെക്രട്ടറി ടി. ജയകൃഷ്ണന്‍ പ്രസ്താവിച്ചു. മഹിള കോണ്‍ഗ്രസ് കോടിയേരി ബ്ലോക്ക് കമ്മിറ്റി മാടപ്പീടികയില്‍ സംഘടിപ്പിച്ച ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാറിന്റെ കഴിഞ്ഞ 10 വര്‍ഷത്തെ ഭരണത്തില്‍ വിലയക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന സാധാരണ ജനസമൂഹമാണ് കേരളത്തിലെ ജനസമൂഹം. തെരഞ്ഞെടുപ്പിന് മുന്‍പ് ഇടതു പക്ഷത്തിന്റെ മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന മുഖപ്രസംഗത്തില്‍ ഭരണത്തില്‍ ഇരിക്കുന്ന കാലഘട്ടത്തില്‍ ഒരു തരത്തിലുള്ള വിലയക്കയറ്റവും സംസ്ഥാനത്ത് വിലക്കയറ്റം ഉണ്ടാകില്ലെന്നാണ്. എന്നാല്‍ ഈ ഭരണത്തില്‍ 4 തവണയാണ് വില വര്‍ദ്ധിപ്പിച്ചത്. സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ത്തുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലാണെങ്കില്‍ ബി കോമിന് പരാജയപ്പെട്ട എസ്. എഫ്. ഐയുടെ നേതാവിന് എം. കോമിന് അപേക്ഷ നല്‍കി സീറ്റുകള്‍ ലഭിക്കുന്ന സ്ഥിതിവിശേഷമാണ് കണ്ടു വരുന്നതെന്നും ജയകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. മഹിള കോണ്‍ഗ്രസ് കോടിയേരി ബ്ലോക്ക് പ്രസിഡണ്ട്
ദീപ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍, വി. സി പ്രസാദ്, കെ. ശശിധരന്‍ മാസ്റ്റര്‍ സംസാരിച്ചു. കെ. എം പവിത്രന്‍ മാസ്റ്റര്‍, പി. ദിനേശന്‍, സി. പി പ്രസില്‍ ബാബു, സന്ദീപ് കോടിയേരി, കെ. പി കുശലകുമാരി ടീച്ചര്‍, ന്യൂമാഹി പഞ്ചായത്തംഗം പി കെ സുനിത, എന്‍ പി സരോജിനി, വി. കെ സുചിത്ര സംബന്ധിച്ചു. പി രാഗിണി സ്വാഗതവും ഷീബ പ്രസില്‍ ബാബു നന്ദിയും പറഞ്ഞു.
കുഴിപ്പങ്ങാട് ക്ഷേത്രോത്സവത്തിന് കൊടിയേറിയപ്പോൾ
മഹാത്മ റസിഡൻസ് അസോസിയേഷനിൽ
ഇഫ്താർ സംഗമം
മാഹി: വെസ്റ്റ് പള്ളൂരിലെ മഹാത്മ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുണ്യമാസമായ റമദാനോടനുബന്ധിച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ചാലക്കര ജുമാ മസ്ജിദ് ഇമാം അഷ്കർ പ്രഭാഷണം നടത്തിയ ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് സിയാദ് ടി. അധ്യക്ഷത വഹിച്ചു.
JFRA പ്രസിഡന്റ് ഷാജി പിണക്കാട്ട് ആശംസകൾ നേർന്നു. സെക്രട്ടറി രുപേഷ് സ്വാഗതവും ട്രഷറർ രസ്ന അരുൺ നന്ദിയും പറഞ്ഞു.
എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രവീൺ കെ.വി., പ്രദീപൻ കെ.വി., രാജൻ ടി.പി., കലേഷ്, ശ്രീജു എന്നിവരും അസോസിയേഷനിലെ മറ്റ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി. ഇരുന്നൂറിലധികം പേർ പങ്കെടുത്ത ഇഫ്താർ സംഗമം സൗഹൃദവും ഐക്യവും പങ്കുവെച്ച ശ്രദ്ധേയമായ പരിപാടിയായി.
തലശ്ശേരി കടല്‍പ്പാലം എലിവേറ്റഡ് വാക്ക് വേ പ്രോജക്ടിന്റെ പ്രവൃത്തി ഉദ്ഘാടനം മാര്‍ച്ച് 12-ന്
കണ്ണൂര്‍ ജില്ലയുടെ ടൂറിസം രംഗത്ത് പുതിയ സാധ്യതകള്‍ക്ക് വഴിതുറക്കുന്ന തലശ്ശേരി കടല്‍പ്പാലം എലിവേറ്റഡ് വാക്ക് വേ പ്രോജക്ടിന്റെ പ്രവൃത്തി ഉദ്ഘാടനം 2026 മാര്‍ച്ച് 12-ന് വൈകുന്നേരം ജവഹര്‍ഘട്ടില്‍ വച്ച് നടത്തും.
എലിവേറ്റഡ് വാക്ക്‌വേ അടക്കം കിഫ്ബി ധനസഹായത്തോടെ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍(KIIDC) മുഖേന നടപ്പാക്കുന്ന ഹെറിറ്റേജ് ടൂറിസം പ്രോജക്ടുകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
കന്യാകുമാരിയില്‍ രാജ്യത്തെ ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജ് ഡിസൈന്‍ ചെയ്ത ജിന്‍ഡാല്‍ സ്റ്റെയിന്‍ലസ് ലിമിറ്റഡാണ് ഈ പ്രോജക്ടിന്റെ ഡിസൈന്‍ തയ്യാറാക്കിയത്.
ഇ.പി.സി മോഡിലുളള പ്രോജക്ടിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങളുണ്ടാകണമെന്ന് സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കി.
ഇല്ലിക്കുന്ന് ചര്‍ച്ച് നവീകരണം, മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തലശ്ശേരി ഹെറിറ്റേജ് ടൂറിസം ആസ്ഥാന ഓഫീസ് തുടങ്ങിയ പ്രവൃത്തികളും കേക്ക്, ക്രിക്കറ്റ്, സര്‍ക്കസ് - മൂന്ന് 'സി' കളുടെ നാടെന്ന തലശ്ശേരിയുടെ ഔന്നത്യം വെളിവാക്കുന്ന മോണുമെന്റ് പ്രധാന ജംഗ്ഷനുകളില്‍ സ്ഥാപിക്കുന്ന പ്രോജക്ടും വേഗത്തില്‍ പൂര്‍ത്തിയാക്കും.
കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ശോഭ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എസ്. ബിജു അര്‍ജ്ജുന്‍ എസ്. കെ. തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് : കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ്ബിന് 3 വിക്കറ്റ് വിജയം.
ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി കണ്ണൂർ ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ്ബ് 3 വിക്കറ്റിന് ധർമ്മടം സീഗൾസ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത സീഗൾസ് ക്രിക്കറ്റ് ക്ലബ്ബ് നിശ്ചിത 45 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 262 റൺസെടുത്തു. സീഗൾസ് ക്രിക്കറ്റ് ക്ലബിന് വേണ്ടി ജിയാൻ ദേവ്.സി 77 പന്തിൽ 52 റൺസെടുത്തു. ഫോർട്ട് ക്രിക്കറ്റ് ക്ലബ്ബിനായി വിലാസ്.എൻ കുട്ടി 5 വിക്കറ്റ് വീഴ്ത്തി. മറുപടിയായി ബാറ്റിങ്ങിന് ഇറങ്ങിയ ഫോർട്ട് ക്രിക്കറ്റ് ക്ലബ് നിശ്ചിത 45 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 263 റൺസ് നേടി വിജയിച്ചു. ഫോർട്ട് ക്രിക്കറ്റ് ക്ലബിനായി ദേവാനന്ദൻ എസ്.വി 59 പന്തിൽ 65 റൺസും ഷദാബ് അലം 54 പന്തിൽ 63 റൺസുമെടുത്തു.
കളിയിലെ കേമനായി കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ്ബിലെ വിലാസ്.എൻ കുട്ടിയെ തെരഞ്ഞെടുത്തു.
11-03-2026 (ബുധനാഴ്ച്ച ) ധർമ്മടം സീഗൾസ് ക്രിക്കറ്റ് ക്ലബ്ബ് തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് അക്കാദമിയെ നേരിടും.
ഫ്ലാറ്റിലെ മലിനജലം ഡ്രെയിനേജിലേക്ക്: ഒരാഴ്ച സമയം; ഇല്ലെങ്കിൽ സമരം – ബിജെപി
മാഹി: ചാലക്കരയിലെ ഫ്രഞ്ച് റിവേര ഫ്ലാറ്റിൽ നിന്ന് മലിനജലം ഡ്രെയിനേജിലേക്ക് ഒഴുക്കുന്നതായി നാട്ടുകാരുടെ പരാതിയെ തുടർന്ന് ബിജെപി നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ മലിനജലം ഡ്രെയിനേജിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയതായി നേതാക്കൾ പറഞ്ഞു.
റോഡിന്റെ ഭാഗത്ത് സ്ലാബിന്റെ താഴെ മണ്ണ് അടിഞ്ഞുകൂടിയ നിലയും ശ്രദ്ധയിൽപ്പെട്ടതായി അവർ അറിയിച്ചു. പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്കു പാർട്ടി ഒരാഴ്ച സമയം നൽകി. ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി മുന്നറിയിപ്പ് നൽകി.
പരിശോധനയ്ക്കിടെ പള്ളൂർ സ്റ്റേഷൻ എസ്.ഐ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും മുനിസിപ്പൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ബിജെപി മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ, സംസ്ഥാന സമിതി അംഗം ദിനേശ് അങ്കവളപ്പിൽ, മണ്ഡലം സെക്രട്ടറിമാരായ മഗ്‌നീഷ് മഠത്തിൽ, തൃജേഷ് കെ എം എന്നിവർ പങ്കെടുത്തു.
ലോറി ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ഡ്രൈവർ ചന്ദ്രന്റെ സംസ്കാരം ഇന്ന്
മാഹി: ലോറി ഓടിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട് മരിച്ച പള്ളൂർ പോസ്റ്റ് ഓഫിസിനു സമീപം വെസ്റ്റ് പള്ളൂർ കണ്ണോത്ത് ഹൗസിൽ ചന്ദ്രൻ (72)ന്റെ സംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
പരേതരായ ഉണ്ണികൃഷ്ണൻ–മാധവി ദമ്പതികളുടെ മകനാണ്.
ഭാര്യ: മാലതി (ഉഷ).
മകൾ: ചാർമ്മിള (ഓസ്ട്രേലിയ).
മരുമകൻ: വിജു നാഥ്.
സഹോദരങ്ങൾ സരള, വിജയൻ (Hp ന്യൂ മാഹി ഗ്യാസ് ഹൗസ് )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group








