കൊടിയേറി.. ഇനി എട്ടുനാൾ ജഗന്നാഥന് മഹോത്സവം

കൊടിയേറി.. ഇനി എട്ടുനാൾ ജഗന്നാഥന് മഹോത്സവം
കൊടിയേറി.. ഇനി എട്ടുനാൾ ജഗന്നാഥന് മഹോത്സവം
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Mar 01, 12:31 AM

കൊടിയേറി.. ഇനി എട്ടുനാൾ ജഗന്നാഥന് മഹോത്സവം


തലശ്ശേരി:പ്രാർത്ഥനാമന്ത്രങ്ങളുയർന്നു:ആത്മീയ നിർവൃതിയിൽ ജഗന്നാഥക്ഷേത്രോത്സവത്തിന് കൊടിയേറി

വർണ്ണദീപങ്ങളുടെആലക്തിക പ്രഭയിൽകുളിച്ച് നിൽക്കുന്ന ജഗന്നാഥ ക്ഷേത്രത്തിൽ, പ്രാർത്ഥനാ മുഖരിതമായ അന്തരീക്ഷത്തിൽ ., ആയിരങ്ങളെ സാക്ഷി നിർത്തി, എട്ട് രാപകലുകൾ നീളുന്ന മഹോത്സവത്തിന് ഇന്നലെ രാത്രി 10.55 ന് പ്രൗഢമായ തുടക്കമായി. പരവൂർ രാകേഷ് തന്ത്രിയാണ്പീതവർണ്ണത്തിലുള്ള ഉത്സവക്കൊടി ഉയർത്തിയത്. ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യനും ബോർഡ് അംഗങ്ങളും സ്വാമി പ്രേമാനന്ദയും ചടങ്ങിൽ സംബന്ധിച്ചു. ഉദ്ദിഷ്ട കാര്യസിദ്ധിക്കും, ഉപകാരസ്മരണ്ടയ്ക്കുമായി അഭൂതപൂർവ്വമായ ജനാവലിയാണ് ക്ഷേത്രസന്നിധിയിൽ ഒഴുകിയെത്തിയത്.

1909 ൽ ഗുരുവിൻ്റെ കാലത്ത് നടന്ന ആദ്യ ഉത്സവത്തിന് കൊടിയേറ്റാനുള്ള കൊടിക്കയർ തലായിലുള്ള അരയസമുദായത്തിന്‌കൽപ്പിച്ച്നൽകുകയായിരുന്നു. ഒൻപത് പേർ ചേർന്ന് വ്രതമനുഷ്‌ഠിച്ച് കയർ പിരിച്ചാണ് കൊടിക്കയർ എത്തിച്ചിരുന്നത്. ഒരു പ്രദേശത്തിന്റെ കുണ്ഡലനി ശക്തിയെ വളർത്തിക്കൊണ്ട്, സഹസ്രാരത്തിലെത്തിക്കുന്ന ചടങ്ങാണ് കൊടിയേറ്റം. ഓരോ വ്യക്തിയിലും ധ്യാനാത്മകതയിലൂടെ മാനസികമായും, ആദ്ധ്യാത്മികവുമായും ഉയർത്താനുള്ള ആന്തരിക ചോദനയാണ് ഗുരു വിവക്ഷിച്ചത്. ശങ്കരൻപരദേശിയെയാണ് കൊടിയേറ്റത്തിന് ആദ്യ തൻത്രിയായി ഗുരു നിയോഗിച്ചിരുന്നത്. കൊടിയേറ്റ ദർശനത്തിന് ആയിരങ്ങളാണ് ക്ഷേത്രാങ്കണത്തിലും വയലിലുമടക്കം നിറഞ്ഞ് കവിഞ്ഞത്.

ടി.വി. വസുമിത്രൻ എഞ്ചിനീയർക്ക് ഇന്ന്

ശ്രേഷ്ഠാദരം


ചാലക്കര പുരുഷു


തലശ്ശേരി:ഗുരുദേവ ദർശനങ്ങളെ ആഴത്തിൽ പഠിക്കുകയും, അവ തനിക്ക് ചുറ്റിലുമുള്ള സമൂഹത്തിലേക്ക്,പ്രസരിപ്പിക്കുകയും,ചെയ്യുന്ന ടി.വി. വസുമിത്രൻ എഞ്ചിനീയർക്ക് ജഗന്നാഥ ക്ഷേത്രത്തിന്റെ ശ്രേഷ്ഠാദരം ഇന്ന് . . ജഗന്നാഥ ക്ഷേത്രത്തിന്റെ ആദ്ധ്യാത്മികവും ഭൗതികവുമായ വികാസത്തിന് ഒരു നിയോഗം പോലെ, വ്രതമെടുത്ത് വേല ചെയ്യുന്ന ഗുരുദേവ ദാസനാണ്, എഞ്ചിനീയർ ടി.വി. വസുമിത്രൻ

ഇന്ന് വൈകീട്ട് 7 മണിക്ക് സാംസ്ക്കാരിക സമ്മേളനത്തിൽ സ്വാമി അവ്യയാനന്ദ ( ശിവഗിരി ) സ്നേഹാദരംസമർപ്പിക്കും.. സംസ്കൃത പണ്ഡിതനായ വിദ്വാൻ കെ.ടി. കൃഷ്ണൻ ഗുരിക്കളുടേയും, വടക്കെയിൽ വേലാണ്ടി ദേവകിയുടെയും മകനായി ജനിച്ച വസുമിത്രൻ , നന്നെ ചെറുപ്പത്തിൽ തന്നെ ശ്രീനാരായണ ഗുരു ചിന്തകൾ നെഞ്ചേറ്റിയ കർമ്മയോഗിയാണ്. ഗുരുവിന്റെ ഒടുവിലത്തെ സന്യാസി ശിഷ്യനായ സ്വാമി ആനന്ദതീർത്ഥരുടെ ശിഷ്യത്വം സ്വീകരിച്ച ഇദ്ദേഹം ദീർഘകാലമായി പയ്യന്നൂരിൽ സ്വാമി ആനന്ദതീർത്ഥൻ സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയത്തിന്റെയും, ട്രസ്റ്റിന്റേയും പ്രസിഡണ്ടാണ്. ജഗന്നാഥ ക്ഷേതവുമായി ദശകങ്ങമായി ആത്മബന്ധം പുലർത്തുന്ന ഇദ്ദേഹം ക്ഷേത്രം ശതാബ്ദി ആഘോഷകമ്മിറ്റിയുടെയും നവീകരണ കമ്മാറ്റിയുടേയും ജനറൽ കൺവീനറായിരുന്നു. ഉത്സവാഘോഷ കമ്മറ്റികളുടെ ദീർഘകാല സാരഥിയായിരുന്നു.

ഗുരുദേവന്റെ മൊഴിമുത്തുകൾ, ജഗന്നാഥ ക്ഷേത്രവും നവീകരണവും, സ്വാമി ആനന്ദതീർത്ഥൻ,: ശ്രീനാരായണ ഗുരു ജീവചരിത്രഗ്രാഫങ്ങൾ, ഗുരുവിന്റെ ഉത്തര മലബാർ സന്ദർശനചരിത്രരേഖകൾ, ഗുരുസ്വാമികളുടെ മഹാസമാധി, തലശ്ശേരിയിലെ ശ്രീനാരായണ മഠങ്ങൾ, പഞ്ചലോഹപ്രതിമ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്താവും നിരവധി സുവനീറുകളുടെ എഡിറ്ററുമാണ്. പ്രഭാഷണം പോലെ മധുരിതമാണ് ആനുകാലികങ്ങളിൽ അദ്ദേഹം എഴുതുന്ന ലേഖനങ്ങളും.

ഗുരുവിന്റെ അനുഗ്രഹം സിദ്ധിച്ച എഞ്ചിനീയറുടെ കുടുംബത്തിൽ കൃഷി ശാസ്ത്രജ്ഞൻ ഡോ.ടി.വി. ശ്രീനിവാസൻ , പ്രൊഫ: ടി.വി. വിശ്വനാഥൻ, ടി.വി.ശാരദാമണി,ഡോ.ടി.വി. വസുമതി എന്നിവർ സഹോദരങ്ങളാണ്. പുതുതലമുറയിൽ ഒട്ടേറെ ഡോക്ടർമാരും എഞ്ചിനീയർമാരുമുണ്ട്.

whatsapp-image-2026-02-28-at-8.49.41-pm

പുതുച്ചേരിയിൽ ഭരണ മാറ്റം ഉറപ്പ് - പദയാത്ര നടത്തുന്നത് എൻ.ഡി.എ.സർക്കാരിൻ്റെ അഴിമതി ഭരണം തുറന്നു കാട്ടാൻ

  പുതുച്ചേരി സംസ്ഥാന നേതാക്കൾ

മാഹി: അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ്സ് നടത്തി വരുന്ന പദയാത്രകൾ എൻ.ഡി.എ. സർക്കാരിൻ്റെ അഴിമതിയും, പോരായ്മകളും തുറന്നു കാട്ടാനാണെന്ന് പുതുച്ചേരി പ്രദേശ് കോൺഗ്രസ്സ് നേതാക്കളും മുൻ മുഖ്യമന്ത്രിമാരുമായ വി.നാരായണ സാമിയും, വി. വൈദ്യലിംഗം എം.പി.യും മാഹിയിൽ നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞു. മാഹിയിൽ ബ്ലോക്ക് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ നടക്കുന്ന പദയാത്രയിൽ പങ്കെടുക്കുവാനെത്തിയതായിരുന്നു നേതാക്കൾ. പുതുച്ചേരിയിൽ ഭരണമാറ്റം ഉറപ്പാണെന്നും കോൺഗ്രസ്സ് മുന്നണി അധികാരത്തിൽ വരുമെന്നും പറഞ്ഞു.

  മാഹിയിൽ നിന്ന് സർക്കാരിന് വരുമാനം കൂടുതൽ ലഭിക്കുന്നു. എന്നാൽ അത്ര പോലും തുക മാഹിക്ക് വേണ്ടി എൻ.ഡി.എ. സർക്കാർ ചെലവാക്കുന്നില്ല.എന്നാൽ കോൺഗ്രസ്സ് ഭരണകാലത്ത് മാഹിയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കുടിവെള്ളം മുതൽ ആശുപത്രികൾ, പുഴയോര നടപ്പാത എന്നിങ്ങനെയുള്ള നിരവധി വികസന പദ്ധതികൾ സർക്കാർ കൊണ്ടു വന്നു. പദയാത്രകളിൽ ജനവികാരം മനസ്സിലാവുന്നുണ്ടെന്നും നേതാക്കൾ പറഞ്ഞു.

ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കപ്പെടുന്നില്ലെന്ന വിഷയത്തിൽ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ ഗൗരവമായ നടപടി ഉണ്ടായിട്ടില്ല. 

  സംസ്ഥാനത്ത് നിർമ്മിച്ച വ്യാജമരുന്നുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്തതായി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഉത്തരപ്രദേശ് ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിൽ അന്വേഷണം നടന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേക അന്വേഷണ സംഘം ചിലരെ അറസ്റ്റ് ചെയ്തെങ്കിലും കേസ് സിബിഐയ്ക്ക് കൈമാറിയതിന് ശേഷം അന്വേഷണം മന്ദഗതിയിലായതായി ആരോപിച്ചു. സിബിഐ അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രതികരണം ലഭിച്ചിട്ടില്ലെന്നും പറഞ്ഞു.

ഏകദേശം 12 കോടി കൈമാറിയെന്നാരോപിക്കുകയും, ജിഎസ്ടി ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം ₹20,000 കോടി രൂപയുടെ അഴിമതി നടന്നുവെന്ന വിലയിരുത്തലും ഉന്നയിച്ചു.

ക്ഷേത്രഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ഒരു എംഎൽഎ ക്ഷേത്രഭൂമി സ്വന്തമാക്കി വിതരണം ചെയ്തുവെന്നും പിന്നീട് മന്ത്രിയായി നിയമിക്കപ്പെട്ടുവെന്നും ആരോപിച്ചു. കാരക്കലിലെ ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ടും സമാന സംഭവങ്ങൾ ഉണ്ടായതായി പറഞ്ഞു. വരുമാന-സർവേ വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും രാഷ്ട്രീയ തലത്തിലെ ഉത്തരവാദിത്തം പരിശോധിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പൊതുമരാമത്ത് വകുപ്പിൽ റോഡുകൾ, പാലങ്ങൾ തുടങ്ങിയ വികസനപദ്ധതികളിൽ 30% കമ്മീഷൻ വാങ്ങപ്പെടുന്നുവെന്നാരോപിച്ചു. ₹1,200 കോടി രൂപയുടെ സ്മാർട്ട് സിറ്റി പദ്ധതിയിൽ ₹600–700 കോടി വരെ തട്ടിപ്പ് നടന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 26 അഴിമതി ആരോപണങ്ങൾ സർക്കാരിനെതിരെ ഉന്നയിച്ചിട്ടുണ്ടെന്നും, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതി നിവേദനം സമർപ്പിച്ചതായും വ്യക്തമാക്കി. എന്നാൽ ഇതുവരെ നടപടിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

 പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച അഴിമതി വിരുദ്ധ നിലപാട് പുതുച്ചേരിയിൽ നടപ്പാകുന്നില്ലെന്നും നേതാക്കൾ പറഞ്ഞു.

സംസ്ഥാനത്ത് തൊഴിലില്ലായ്മ ഗുരുതര പ്രശ്നമാണെന്നും, യുവാക്കൾക്ക് തൊഴിൽ സൃഷ്ടിക്കാനുള്ള അടിയന്തര നടപടികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കമ്മീഷൻ ഭരണകൂടമല്ല, സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്രസമേളനത്തിൽ

എ.ഐ.സി.സി. സെക്രട്ടറി ഇൻ ചാർജ് ഡോ. അഞ്ജലി നിമ്പലകാർ,  മുൻ ആഭ്യന്തര മന്ത്രി ഇ വത്സരാജ്, എം എൽ എ മാരായ രമേശ്‌ പറമ്പത്ത്, വൈദിനാഥ്, പി.സി.സി.വൈസ് പ്രസിഡൻ്റ് പി കെ ദേവദാസ് ആനന്ദ് ബാബു ,മാഹി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.മോഹനൻഎന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു

whatsapp-image-2026-02-28-at-8.51.03-pm-(1)

പുതുച്ചേരി സർക്കാരിൻ്റെ അവഗണനക്കെതിരെ സി.പി.എം ജനമുന്നേറ്റ ജാഥ നടത്തി


മാഹി:പുതുച്ചേരി സർക്കാരിന്റെ അവഗണനയും ജനവിരുദ്ധ നടപടികളും തുറന്നുകാട്ടി സി.പി.എം മാഹി മണ്ഡലം ജനമുന്നേറ്റ ജാഥ നടത്തി. അഞ്ചുവർഷം മയ്യഴി അനുഭവിച്ച വികസന മുരടിപ്പിനും അവഗണനക്കുമെതിരായ ജനരോഷമുയർത്തിയാണ് ജനമുന്നേറ്റ ജാഥ നടത്തിയത്. 

പുതുച്ചേരി സംസ്ഥാനത്ത്‌ സ്‌റ്റാറ്റ്യൂട്ടറി റേഷൻ സംവിധാനം പുനഃസ്ഥാപിക്കുക, വിലക്കയറ്റം നിയന്ത്രിക്കാൻ കേരളത്തിലെ സപ്ലൈകോ മാതൃകയിൽ സംവിധാനം ഏർപ്പെടുത്തുക തുടങ്ങി ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങൾ ഉയർത്തിയാണ് ജാഥ നടത്തിയത്.

വളവിൽ കടപ്പുറത്ത്‌ ജില്ലാ സെക്രട്ടറിയറ്റംഗം എം. സുരേന്ദ്രൻ ജാഥാലീഡർക്ക്‌ പതാക കൈമാറി ഉദ്‌ഘാടനംചെയ്‌തു. കെ.പി. ന‍ൗഷാദ്‌ അധ്യക്ഷത വഹിച്ചു. പുതുച്ചേരി സംസ്ഥാന സെക്രട്ടറി രാമചന്ദ്രൻ, സി.കെ. രമേശൻ, ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജൻ, ജാഥാ മാനേജർ വി.ജനാർദനൻ, അഡ്വ.ടി. അശോക് കുമാർ എന്നിവർ സംസാരിച്ചു. 

മാഹി പുത്തലം, മുണ്ടോക്ക്‌, ചെറുകല്ലായി, ചാലക്കര, കോഹിന്നൂർ, ഇ‍ൗസ്‌റ്റ്‌പള്ളൂർ, പള്ളൂർ, കോയ്യോട്ടുതെരു, പന്തക്കൽ, മൂലക്കടവ്‌ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പന്തക്കൽ വായനശാല പരിസരത്ത്‌ ജാഥ സമാപിച്ചു. 

whatsapp-image-2026-02-28-at-8.51.02-pm

സമാപന പൊതുയോഗത്തിൽ ടി.കെ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സി.പി.എം.തലശ്ശേരി ഏരിയ സിക്രട്ടറി സി.കെ. രമേശൻ ഉദ്ഘാടനം ചെയ്തു. ജാഥ ലീഡർ എം.സി. പവിത്രൻ, എൻ. ഹരിദാസൻ, അഭിഷേക് പന്തക്കൽ, വടക്കൻ ജനാർദ്ദനൻ, എ. രമേശ് ബാബു എന്നിവർ സംസാരിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കെ.പി സുനിൽകുമാർ, വി. ജയബാലു, ടി. സുരേന്ദ്രൻ, ഹാരീസ്‌ പരന്തിരാട്ട്‌, ടി.കെ. ഗംഗാധരൻ, പി.പി. വിജീഷ്‌, എം.എം. അഭിഷേക്‌, കെ. രോഷിത്ത്‌, എ.കെ. സിദ്ദീഖ്‌, കെ. ജയപ്രകാശൻ എന്നിവരും സംസാരിച്ചു.



whatsapp-image-2026-02-28-at-8.52.22-pm-(1)

പി.എം. ശ്രീ. സ്കീം മേഖലാതല പ്രശ്നാത്തരി മത്സരം സംഘടിപ്പിച്ചു


മാഹി: പ്രധാനമന്തി സ്കൂൾ ഫോർ റൈസിംങ്ങ് ഇന്ത്യ സ്കീമിൻ്റെ ഭാഗമായി മാഹി പി.എം. ശ്രീ.കേന്ദ്രീയ വിദ്യാലയയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾക്കായി മേഖലതല പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു.

മാഹി പി.എം. ശ്രീ.കേന്ദ്രിയ വിദ്യാലയ പ്രിൻസിപ്പൾ എൻ.ഗിനീഷ് കുമാർ പ്രശ്നോത്തരി മത്സരം ഉദ്ഘാടനം ചെയ്തു.

വിദ്യാർഥികളിൽ ദേശീയ പാഠ്യപദ്ധതിയെ (എൻ. ഇ.പി.2020)കുറിച്ചും പി.എം. ശ്രീ. വിദ്യാലയ പദ്ധതിയെ കുറിച്ചും അവബോധമുണർത്തുക എന്ന ലക്ഷ്യത്തിലൂന്നിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.

മേഖലയിലെ മൂന്നു പിം.എം. ശ്രീ സ്കീം സ്ക്കൂളുകൾ ഉൾപ്പെടെ എട്ടു വിദ്യാലയങ്ങളിലെ കുട്ടികളുടെ രണ്ടംഗ ടീമാണ് മത്സരത്തിൽ മാറ്റുരച്ചത്.

ക്വിസ് മാസ്റ്റർമാരായ എസ്. സുമനേഷ് , നീനു ബിജോയ് എന്നിവർ പ്രശ്നോത്തരി നയിച്ചു.

മത്സരാർഥികളുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായ ക്വിസ് മത്സരത്തിൽ പള്ളൂർ വി.എൻ. പുരുഷോത്തമൻ ഹയർ സെക്കൻഡറി സ്കൂളിനെ പ്രതിനിധീകരിച്ചെത്തിയ എം. സാൻവിയ, വി.ശിവാനി എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പന്തക്കൽ ഐ. കെ.കെ.ജി.എച്ച്.എച്ച് എസ് എസിൽ നിന്നെത്തിയ സൂര്യതിലക് , ഹാദി ഇഷാൻ ടീം രണ്ടാം സ്ഥാനവും മാഹി പി.എം..എസ് കെ.വി.യിലെ വൈഗാരഞ്ജിത്ത്, പി.ബി. നന്ദിത ടീം മൂന്നാം സ്ഥാനവും നേടിയെടുത്തു

വിജയികൾക്കുള്ള ഉപഹാരങ്ങളും സർട്ടിഫിക്കറ്റും സ്കൂൾ പ്രിൻസിപ്പാൾ എൻ.ഗിനീഷ് കുമാർ വിതരണം ചെയ്തു.

പി.ആശാകൃഷ്ണൻ നായർ, പ്രസന്ന ബാബു എന്നിവർ മത്സര പരിപാടി നിയന്ത്രിച്ചു.

സൗരഭ് ശുക്ല , ഷുഹൈബ് അക്തർ, ലോകേശ് കുമാവത്ത് എന്നിവർ പരിപാടിക്ക് സാങ്കേതിക സഹായം നല്കി.

capture

വിവര സാങ്കേതിക വിദ്യയെ കുറിച്ച് ഏകദിന ശില്പശാല നടത്തി.


മാഹി:ശ്രീനാരായണ കോളേജ് ഓഫ് എഡ്യൂക്കേഷനിൽ ഡിഎൽ എഡ്ഡി ൻ്റെ ഭാഗമായി സംഘടിപ്പിച്ച വിവര സാങ്കേതികവിദ്യയെക്കുറിച്ചുള്ള ഏകദിന ശില്പ ശാല , ഡയറ്റ് സീനിയർ ലക്ചറർ ഡോ. എസ്. കെ ജയദേവൻ ഉദ്ഘാടനം ചെയ്തു. കോളജ് ചെയർമാൻ ഡോ. എൻ. കെ രാമകൃഷ്ണൻ ആധ്യക്ഷം വഹിച്ചു.

 ഡി.എൽ.എഡ് പ്രിൻസിപ്പാൾ എൻ .കെ കമലാവതി,

ഡോ. ഇ.വി .സന്തോഷ് കുമാർ, ഡോ. വി.ആർ രമ്യ , ഉത്തമരാജ് മാഹി,

വി.വി.ഷൈനി, നാസർ. സംസാരിച്ചു.


ചിത്ര വിവരണം:ഡോ. എസ്. കെ ജയദേവൻ ഉദ്ഘാടനംചെയ്യുന്നു

capture_1772303380

ദിശാ ബോർഡുകൾ കളഞ്ഞ നിലയിൽ


ന്യൂമാഹി:പെരിങ്ങാടി കവിയൂർ ചൊക്ലി റോഡിൽ വിവിധയിടങ്ങളിൽ പിഴുതെറിഞ്ഞ നില്ലിൽ ദിശാസൂചക ബോർഡുകൾ. പലയിടത്തും പതിനായിരങ്ങൾ മുടക്കിയാണ് പി.ഡബ്ലു.ഡി. ബോർഡുകൾ സ്ഥാപിച്ചത്. ജലജീവൻ മിഷൻ പൈപ്പുകൾ സ്ഥാപിക്കുന്നതിൻ്റെ ഭാഗമായാണ് മാസങ്ങൾക്ക് മുമ്പ് ബോർഡുകൾ പിഴുതെറിഞ്ഞത്.


ചിത്ര വിവരണം: പിഴുതെറിയപ്പെട്ട ബോർഡുകൾ

capture

പ്രധാനമന്ത്രിയുടെ പുതുച്ചേരി സന്ദർശനം - മാഹിയിലെ ബി ജെ പി പ്രവർത്തകർ പുതുച്ചേരിക്ക് തിരിച്ചു.

മാഹി: നാളെ പുതുച്ചേരിയിൽ ഏക ദിന സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികളിൽ പങ്കെടുക്കുവാൻ മാഹി മേഖലയിലെ ബി.ജെ.പി. പ്രവർത്തകർ ഇന്ന് രാവിലെ പുതുച്ചേരിക്ക് തിരിച്ചു.220 ൽ പരം പ്രവർത്തകരാണ് നാല് ബസ്സുകളിലായി പുതുച്ചേരിക്ക് പോയത്. ബി ജെ പി മാഹി മണ്ഡലം പ്രസിഡൻ്റ് പി.പ്രഭീഷ് കുമാർ,സംസ്ഥാന എക്സ്ലിക്യൂട്ടിവ് മെമ്പർ ദിനേശൻ അങ്കവളപ്പിൽ എന്നിവർ /സംഘത്തോടപ്പമുണ്ട്. നാളെ പ്രധാന മന്ത്രിയുടെ പരിപാടികളിൽ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങും

capture_1772303577

ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് : ആദം ആദിലിന് സെഞ്ച്വറി കണ്ണൂർ എസ്.എൻ കോളേജിന് 14 റൺസ് വിജയം.


ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി കണ്ണൂർ ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ കണ്ണൂർ എസ്.എൻ കോളേജ് 14 റൺസിന് തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് അക്കാദമിയെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത എസ്.എൻ കോളേജ് നിശ്ചിത 45 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുത്തു . എസ്.എൻ കോളേജിന് വേണ്ടി ആദം ആദിൽ പുറത്താകാതെ 108 പന്തിൽ 122 റൺസും സായന്ത് രാജീവൻ 67 പന്തിൽ 55 റൺസുമെടുത്തു. മറുപടിയായി ബാറ്റിങ്ങിന് ഇറങ്ങിയ ബി.കെ 55 ക്രിക്കറ്റ് അക്കാദമി 38.4 ഓവറിൽ 252 റൺസിന് ഓൾ ഔട്ട് ആയി. ബി.കെ 55 ക്രിക്കറ്റ് അക്കാദമിക്കായി ആദിത്യൻ.എസ്.രാജ് 82 പന്തിൽ 72 റൺസും കാർത്തിക് പ്രസാദ് 34 പന്തിൽ 53 റൺസുമെടുത്തു.

കളിയിലെ കേമനായി കണ്ണൂർ .എസ്.എൻ കോളേജിലെ ആദം ആദിലിനെ തെരഞ്ഞെടുത്തു.


01-03-2026 (ഞായറാഴ്ച്ച ) പഴയങ്ങാടി എരിപുരം ക്രിക്കറ്റ് ക്ലബ്ബ് ധർമ്മടം ക്രിക്കറ്റ് ക്ലബ്ബിനെ നേരിടും.

whatsapp-image-2026-02-28-at-8.59.13-pm

ഹിന്ദു ഐക്യം കാലത്തിന്റെ ആവശ്യം: മാഹിയിൽ ഹിന്ദു ഏകതാ സമ്മേളനം


മാഹി: ഹിന്ദുക്കളുടെ ഐക്യവും അതിന്റെ അനിവാര്യതയും സംബന്ധിച്ച് ദേശീയ നേതാക്കളടക്കമുള്ള നിരവധി പ്രമുഖർ എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആർ.എസ്.എസ് ഉത്തരപ്രാന്ത സഹ ബൗദ്ധിക്ശിക്ഷൺ പ്രമുഖ് കെ.എസ്. അനീഷ് കുമാർ പറഞ്ഞു. മാഹി ഹിന്ദു ഏകതാ സമിതി മാഹി മുനിസിപ്പൽ മൈതാനിയിൽ സംഘടിപ്പിച്ച ഹിന്ദു ഏകതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇന്നത്തെ സാഹചര്യത്തിൽ ഹിന്ദു ഐക്യം കാലത്തിന്റെ നിർബന്ധിത ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1848-ൽ തന്നെ കാറൽ മാർസ് ഹിന്ദു ഐക്യത്തെക്കുറിച്ച് പരാമർശിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിൽ നിന്ന് പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന പ്രബന്ധത്തിൽ ഹിന്ദുക്കൾ സംഘടിച്ച് ബ്രിട്ടീഷുകാരെ പുറത്താക്കണമെന്ന് മാർക്‌സ് പറഞ്ഞിട്ടുണ്ടെന്നും, “ഭാരതത്തിലെ ജനങ്ങൾ” എന്ന അർത്ഥത്തിലാണ് ആ പരാമർശമുണ്ടായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതുപോലെ, സുഭാഷ് ചന്ദ്ര ബോസ് രചിച്ച ദി ഇന്ത്യൻ സ്ട്രഗിൽ എന്ന ഗ്രന്ഥത്തിലും സ്വാതന്ത്ര്യം നേടുന്നതിനായി ഭാരതത്തിലെ ജനങ്ങളെ ഒരുമിച്ച് നിർത്തുന്ന ഘടകം ഹിന്ദുത്വമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.

ശിവഗിരി മഠത്തിലെ പ്രേമാനന്ദ സ്വാമി അനുഗ്രഹഭാഷണം നടത്തി. അഡ്വ. അശോകൻ പള്ളൂർ അധ്യക്ഷത വഹിച്ചു. അമൃതാനന്ദമയി തലശ്ശേരി മഠാധിപതി അഭേദാനന്ദപുരി, അഡ്വ. ബി. ഗോകുലൻ, ജനനി പ്രകാശൻ, എ. സുനിൽ എന്നിവർ പ്രസംഗിച്ചു.

കുഞ്ഞിപ്പുര മുക്കിലെ കലാകാരികളുടെ തിരുവാതിരയും മാഹി ശ്രീധരൻ ഗുരിക്കൾ സ്മാരക കളരി അഭ്യാസ പഠനകേന്ദ്രത്തിന്റെ കളരി പ്രകടനവും അരങ്ങേറി. വിവിധ പ്രദേശിക സമിതികൾ സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

പള്ളൂർ-പന്തക്കൽ മേഖലയിൽ

ജനജീവിതം ദു:സ്സഹമായി


മാഹി:തണ്ണീർത്തടങ്ങളും വയലേലകളും നഗ്നമായ നിയമലംഘനത്തിലൂടെ വ്യാപകമായി നികത്തിയും , പുഴയോട് ചേർന്നും പെട്രോൾ പമ്പുകൾ അനുവദിച്ചത് ജനജീവിതം ദുരിതമയമാക്കുമെന്ന് ജനശബ്ദം പ്രസിഡണ്ട് ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു. പത്തായിരത്തിൽ താഴെ വാഹനങ്ങൾ മാത്രമുള്ള കേവലം 9 ചതുരശ്ര കി.മീ. വിസ്തീർണ്ണമുള്ള മാഹിയിൽ നിലവിൽ തന്നെ 25 പൊട്രാൾ പമ്പുകളുണ്ട്. ഇതിന് പുറമെയാണ് 49 പുതിയ പെട്രോൾ പമ്പുകൾ കൂടി അനുവദിക്കപ്പെടുകയാണ്. ഇത്തരമൊരു ഭീതിതമായ സാഹചര്യം ഒഴിവാക്കപ്പെടുന്നില്ലെങ്കിൽ നിലവിൽ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ജനസാന്ദ്രമായ മാഹിയിൽ നിലവിലുള്ള കിണറുകൾ മലീമസമാകുമെന്ന് ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു.

ജലം, ജീവൻ, ജലധി 

സംരക്ഷണ സമിതിയുടെ കൺവൻഷൻ ഈസ്റ് പള്ളൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പള്ളിയൻ പ്രമോദ്അദ്ധ്യക്ഷത വഹിച്ചു.പി.ടി. ദേവരാജ് സംസാരിച്ചു.

കെ.ഇ.സുലോചന സ്വാഗതം പറഞ്ഞു.

whatsapp-image-2026-02-28-at-10.11.07-pm

പി.എൻ.മനോജ്‌ നിര്യാതനായി.


മാഹി: പള്ളൂർ കനറബേങ്കിന് മുൻവശം കൃഷ്ണാലയത്തിൽ താമസിക്കും കൂത്തുപറമ്പ് നരവൂർ എൻ.പി.എസ് നിവാസിൽ പി.എൻ.മനോജ്‌ (62) നിര്യാതനായി. പരേതനായ ശേഖരന്റെയും രത്നവല്ലിയുടെയും മകനാണ്. ഭാര്യ: സലില (പള്ളൂർ). മക്കൾ: സായൂജ്, സാവന്ത്. സഹോദരങ്ങൾ: റീജ, റോഷി, അനൂപ്. സംസ്കാരം മാഹി മുനിസിപ്പൽ ശ്മാശാനത്തിൽ 

(1/3/26 ) ഉച്ചക്ക് 12 മണിക്ക്. നാളെ കാലത്ത് 8 മണിക്ക് പള്ളൂരിലെ വീട്ടിൽ നിന്നും കൂത്തുപറമ്പിലെ തറവാട്ട് വീട്ടിൽ കൊണ്ടുപോകും.

kkkk

കെ. ശിവദാസൻ നായർ

(കെ. എസ്. നായർ) അന്തരിച്ചു.


അഴിയൂർ ശാന്തിഭവനിൽ ശ്രീ. കെ. ശിവദാസൻ നായർ (കെ. എസ്. നായർ) അന്തരിച്ചു. ഇന്ന് ഫെബ്രുവരി 28, 2026) രാവിലെ 6 മണിക്ക് ബാംഗ്ളൂരിൽ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.


സംസ്‌കാരം തിങ്കളാഴ്‌ച (മാർച്ച് 2, 2026) ഉച്ചയ്ക്ക് ശേഷം 2 മണിയ്ക്ക്, ബംഗളൂരു കുഡ്‌ലു ക്രിമറ്റോറിയത്തിൽ വച്ച് നടക്കും.


മുൻ ബാസ്ക്‌കറ്റ്ബോൾ കോച്ചും, ഇൻ്റർനാഷണൽ റഫറിയും, കേരളാ സ്പോർട്‌സ് കൗൺസിൽ കോഴിക്കോട് സ്പോർട്‌സ് ഡവലപ്മെന്റ് ഓഫീസറുമായിരുന്നു.

nn

മാലതി നിര്യാതയായി.


തലശ്ശേരി നങ്ങാറത്ത് പിടികയിലെ റീഷ്മയിൽ കരിമ്പിൽ കാരായി മാലതി.(' 70 ) നിര്യാതയായി.

പരേതനായ കരിമ്പിൽ നാരായണൻ്റെറെയും, - നാരായണിയുടേയും മകളാണ്. ഭർത്താവ് ..രതീഷ് ബാബു എ.കെ.ടി.എ. തലശ്ശേരി ഏരിയാ പ്രസിഡണ്ടും, എസ്.എൻ.ഡി.പി.യോഗത്തിൻ്റെ ഡയറക്ടറുമാണ്.

മക്കൾ .. റീജേഷ്,, റിനീഷ്, റീഷ് മ,

മരുമക്കൾ: സജ് മ,വിനോദ് ,(ബഹ്റൈൻ) ദിൽഷ

സഹോദരങ്ങൾ: ലതിക, പ്രമീള /ബേബി, അനിത, അനിൽകുമാർ,

സംസ്ക്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കണ്ടിക്കൽ നിദ്രാ തീരം.

ennakkatikal
bhakshyasree-large
MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles