തീക്കാറ്റായ് .. പെരുമഴയായ്.. കൊടുങ്കാറ്റായ്... ഒതേനനും, കതിരൂർ ഗുരിക്കളും ഇവിടെ തന്നെയുണ്ട്.. :ചാലക്കര പുരുഷു

തീക്കാറ്റായ് .. പെരുമഴയായ്.. കൊടുങ്കാറ്റായ്... ഒതേനനും, കതിരൂർ ഗുരിക്കളും ഇവിടെ തന്നെയുണ്ട്..  :ചാലക്കര പുരുഷു
തീക്കാറ്റായ് .. പെരുമഴയായ്.. കൊടുങ്കാറ്റായ്... ഒതേനനും, കതിരൂർ ഗുരിക്കളും ഇവിടെ തന്നെയുണ്ട്.. :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Feb 22, 12:10 AM

കതിരൂരിന്റെ ഉൾനാടൻ ഗ്രാമമായ പൊന്ന്യത്തേക്ക് ഒരാഴ്ചക്കാലമായി വിദൂരങ്ങളിൽ നിന്നും നാട്ടിൻപുറങ്ങളിൽ നിന്നുമുള്ള പുരുഷാരം വൈകുന്നേരങ്ങളിൽ കൈ വഴികളായി ഒഴുകിയെത്തിക്കൊണ്ടിരുന്നത് ഇന്ന് രാത്രിയോടെ നിലയ്ക്കും.. ശാന്തമായിരുന്ന പൊന്ന്യത്തെ കൈ വഴികളത്രയും ഒരാഴ്‌ചക്കാലമായി കവിഞ്ഞൊഴുകുകയായിരുന്നു. എം എൽ എ മാർ തൊട്ട് മന്ത്രിമാരും മുഖ്യമന്ത്രി വരെയും ഇവിടെയെത്തി. സംസ്ഥാന ദേശീയ താരങ്ങൾ മാത്രമല്ല, അന്തർദേശീയ റെക്കോർഡുകളുള്ള അഭ്യാസികൾ വരെ കളരി ചരിത്രമുറങ്ങുന്ന ഈ മണ്ണിൽ നവചരിതം കുറിക്കാനെത്തി. ദേശവിദേശികൾക്ക് ഏഴരക്കണ്ടം കായിക തീർത്ഥക്കരയായി. പോസിറ്റിവ് എനർജിയുടെ പ്രഭവ കേന്ദ്രമായി കളരിമുറകളുറഞ്ഞ ഈ മണ്ണ് മാറി.


ധീരതയുടേയും സ്നേഹത്തിൻ്റേയും, ചതിയുടേയും കണ്ണിരിൻ്റേയും കഥകൾ ഏഴരക്കണ്ടത്തിൽ വടക്കൻ പാട്ടുകളായി തലമുറകൾക്കിപ്പുറവും അലയടിക്കുമ്പോൾ, പിന്നിട്ട ഏഴ് രാപകലുകളിൽ അനേകായിരം കണ്ണുകൾ പൊന്ന്യത്തങ്കത്തട്ടിൽ പരതി നടന്നത്, തച്ചോളി ഒതേനനേയും, കതിരുർ ഗുരിക്കളേയും മാത്രമായിരുന്നില്ല., ആരോമൽ ചേകവരേയും, ഉണ്ണിയാർച്ചയേയും ചന്തുവിനേയും, അരിങ്ങോടരേയുമൊക്കെയായിരുന്നു. ഇതിഹാസ കഥാപാത്രങ്ങളായി മാറിയ കളരി നക്ഷത്രങ്ങൾ, പിന്നിട്ട നാളുകളിൽ മാരുതി, എ.പി.എം. സി.വി. എൻ , ഗജനാക ,

കടത്തനാട്,.

 ഗുരുകൃപ, യോദ്ധാ ,എ.പി.എം,കെ.ജി.എസ്,,, പയ്യമ്പള്ളി, ഗുരുകുലം,ജയകേരള, ദുബൈ, വി.കെ.എം. കളരി, ഏകവീര . വിശ്വഭാരത്,

അൽ മുബാറക്, എച്ച്.ജി.എസ് ഭാർഗ്ഗവ,. നിത്യചൈതന്യ, എച്ച്.ജി. എസ്.എടപ്പാൾ, പണിക്കേഴ്സ് , അഗസ്ത്യ കളരിസംഘങ്ങളിലെവിടെയൊക്കെയോ മറഞ്ഞിരിക്കുന്നതായി കളരി പ്രേമികൾക്ക് തോന്നിപ്പോയെങ്കിൽഅതിശയപ്പെടാനില്ല. കാരിരുമ്പിന്റെ കരുത്തും, പതിനെട്ടടവുകൾക്കുമപ്പുറം പ്രയോഗിക്കപ്പെട്ട ആയോധനമുറകൾ ഏഴരക്കണ്ടത്തിന്റെ ആകാശത്ത് ഇടിമിന്നൽ തീർക്കുകയായിരുന്നു.


whatsapp-image-2026-02-21-at-10.07.23-pm


ഓരോ അങ്കത്തിന് പുറപ്പെടുമ്പോഴും, കടത്തനാട് രാജാക്കൻമാരുടെ പരദേവത ക്ഷേത്രമായ ലോകനാർ കാവിൽ നിന്നും കരുത്തിന്റെ ശക്തിമന്ത്രങ്ങൾ ആവാ ഹിച്ച് ,നെഞ്ച് വിരിച്ച്, പൗരുഷം തുളുമ്പുന്ന മുഖവുമായി ഉറുമീൻ്റെ വിടേയും,സർപ്പത്തറയിലും പ്രാർത്ഥിച്ചാണ് ഒതേനൻ പുറപ്പെട്ടിരുന്നത്. നിമിത്തങ്ങൾക്കും ആചാരങ്ങൾക്കുമപ്പുറം, തളർത്താനാവാത്ത കരുത്തും, തകർക്കാനാവാത്ത ശുഭാപ്തിവിശ്വാസവുമായിരുന്നു എന്നും ഒതേനനെ വിജയപീഠത്തിൽ ഉയർത്തി നിർത്തിയിരുന്നത് പന്തിരായിരം ശിഷ്യഗണങ്ങളുള്ള, നിരവധികളരികൾക്കാശാനായ കതിരൂർഗുരിക്കളുമായി ഏറ്റുമുട്ടാൻ ,പൊന്ന്യം ഏഴരക്കണ്ടത്തിലേക്ക് യാത്ര പുറപ്പെടുമ്പോൾ , 32കാരനും 64 അങ്കം ജയിച്ചവനുമായ ഒതേനനെ ജേഷ്ഠൻ കോമക്കുറുപ്പ് അടക്കമുള്ളവർ പിന്തിരിപ്പിച്ചിരുന്നു. ഓരോ ചുവടിലും ദുർന്നിമിത്തങ്ങൾ തച്ചോളി ഒതേനനെ പിന്തുടർന്നിരുന്നു. ഉണ്ണാനിരുന്നപ്പോൾ ആദ്യം വാരിയ ചോറിൽ പ്രത്യക്ഷപ്പെട്ടത് കരിക്കട്ട . അത് മാറ്റി രണ്ടാമതും ചോറ് വാരിയപ്പോൾ കൈയിൽ വന്നത് കല്ല്. മൂന്നാം വാരലിൽ മുടി. പിന്നെ ഉണ്ടില്ല ഒതേനൻ . കൈ കുടഞ്ഞ് എഴുന്നേറ്റ് മുഖവും കഴുകി. പിന്നെ വെറ്റില മുറുക്കി . കാവിലെ ചാത്തോത്ത്കുഞ്ഞിക്കുങ്കി പാലവിളക്ക് കൊളുത്തി. ഒതേനൻ വിളക്കിലരിയിട്ടു. മൂന്നടി മുന്നോട്ട് വച്ചു. പിന്നെ ..ഏഴടി പിന്നോട്ട് മാറി നിന്നു. ഉറുമി, പരിച തൊഴുതെടുത്തു. മൂന്ന് തവണ പട വിളിച്ചു. 101 കുറ്റി ആചാര വെടിവെപ്പിച്ചു. പൊന്ന്യം പടയ്ക്കുള്ള വഴിയിൽ ഒലവന്നൂർ കാവിൽ കയറി ശ്രീകോവിൽ തുറപ്പിച്ചു. ഏഴു തട്ടുള്ള പൊൻ വിളക്കിൽ ദീപം കൊളുത്തി .പൂജ .ചെയ്യുന്ന നമ്പൂതിരിക്ക് പരദേവത മെയ്യിൽ ഉറഞ്ഞു. അരുളപ്പാടുണ്ടായി. ജാതകത്തിൽ പിഴവുണ്ട്. ജന്മ ശനിയാണ്. പൊന്ന്യത്ത് പോവണ്ട. വാക്കുകേട്ട് ഒതേനന് അരിശം വന്നു. ഭഗവതിയെ പഴി പറഞ്ഞു.. കാവ് നിരത്തി, എള്ള് വിതക്കുമെന്നായി പുലമ്പൽ. എന്നാൽ ഭക്തന്റെ മനോഗതം കേട്ട ഭഗവതി കോപിച്ചില്ല. അങ്ങിനെയെങ്കിൽ കേൾക്ക് . 'ഏഴരക്കണ്ടത്തിലെത്തിയാൽഅരയാൽത്തറയ ഇരിക്കണം. ചുവന്ന നിറത്തിലൊരു പക്ഷിയായി ഞാനും കൂടെ പുതിയ ഭഗവതി പച്ച നിറത്തിലുള്ള പക്ഷിയായും അരയാൽ കൊമ്പിൽ വരും. പക്ഷികളെത്തിയാൽ മാത്രം പടക്കളത്തിൽ ഇറങ്ങിയാൽ മതി. പുറപ്പെട്ടോളൂ .ഒന്നിച്ച് ഞങ്ങളുണ്ടാവുമെന്ന് പറഞ്ഞ് അരുളപ്പാട് മൂകമായി. ഒതേനൻ തൊഴുത് മാറി . പിന്നെ വേഗം പൊന്ന്യത്തേക്ക് പുറപ്പെട്ടു. അപ്പോഴും തന്റെ രക്ഷാ കവചമെന്ന് കരുതിയ ഉറുക്ക് ധരിക്കാൻ മറന്നിരുന്നു. പൊന്ന്യം പുഴ ചാടിക്കടന്ന് ഏഴരക്കണ്ടത്തിലെ അരയാൽ തറയിൽ കയറി ഇരുന്നു. 10,001 വെടി പൊട്ടി. ഹൂങ്കാരം മുഴക്കി കതിരൂർ ഗുരിക്കളും ശിഷ്യരും കൊടുങ്കാറ്റ് പോലെ പാഞ്ഞെത്തി. കൂടെ ജനസമുദ്രവും. ഒതേനൻ അരയാൽ കൊമ്പത്തേക്ക് നോക്കി. പച്ചയും ചുവപ്പും നിറത്തിൽ രണ്ട് പക്ഷികൾ ഒതേനന്റെ തലക്ക് മുകളിലെ ചില്ലയിൽ പ്രത്യക്ഷപ്പെട്ടു. പിന്നെ വൈകിയില്ല. കടത്തനാട്ടു തമ്പുരാന്റെയും,ചേട്ടൻ കോമക്കുറുപ്പിൻ്റെയും കാല് തൊട്ടു വന്ദിച്ചു ഒതേനൻ മുറുക്കി. പരിസരം വിറച്ച പടവിളി മുഴങ്ങി. നിന്ന നിൽപ്പിൽ നിന്നും ഓതിരം കടകം മറിഞ്ഞ് ഒതേനൻ കതിരൂർ ഗുരിക്കൾക്ക് മുന്നിൽ ചാടിയെത്തി- പിന്നെ മൂന്ന് നാൾ തളർച്ചയില്ലാത്ത, ജയാപജയങ്ങളില്ലാത്ത, ഒരു പോറൽ പോലുമേൽക്കാത്ത . പൊയ്ത്ത്.. ഗത്യന്തരമില്ലാതെ പഠിച്ച പണി പതിനെട്ടും പയറ്റിയ കതിരൂർ ഗുരുക്കൾ പറഞ്ഞു. ഒതേനാ, ഞാൻ കള്ള ചുവടു വയ്ക്കും - നോക്കിത്തടുത്തോ നീയ്യ് മുന്നറിയിപ്പ് തീരും മുൻപെ കതിരൂർ ഗുരിക്കൾ കള്ളച്ചുവട് വച്ചു. ഒട്ടും കൂസാതെ ഒതേനൻ ഓരോ ചുവടും തടുത്തു..പിന്നെ ഒതേനന്റെ വാക്കുകൾ മുഴങ്ങി. ഗുരുക്കളേ, പൂഴിക്കടകനടിക്കും ഞാൻ. നോക്കി ത്തടുത്തോ - പറഞ്ഞു തീരും മുൻപേ അങ്കത്തട്ടിൽ പൂഴിക്കടകൻ മേഘാവൃതം പോലെ പടനിലംപൊടിയാൽ നിറഞ്ഞു കതിരൂർ ഗുരിക്കൾ നില തെറ്റി വീണു.. ഒതേനന്റെ ആയുധം നിമിഷം കൊണ്ടുയർന്നുതാണപ്പോൾ ഗുരുക്കൂടെ ദേഹം രണ്ടായിഛേദിക്കപ്പെട്ടിരുന്നു. ചുടുനിണം വാർന്നൊഴുകി. . പട നിലത്തിൽ ഗുരിക്കൾക്കൊപ്പമുള്ളവർപെട്ടെന്ന് പിൻവാങ്ങി. ഒതേനൻ നിന്നിടത്തു നിന്നും കരണം മറിഞ്ഞു അരയാൽത്തറയിലെത്തി. ചാപ്പൻ ഇളനീർ കൊത്തി നൽകി .ദാഹം തീർത്ത ഒതേനനോട് ചേട്ടനും ചങ്ങാതിമാരും പടക്കളത്തിൽ ഇനി ഒട്ടും നിൽക്കരുതെന്ന് ഓർമ്മിപ്പിച്ചു.. ഉടനെ പോവണം. എല്ലാവരും മടങ്ങുന്നു. ഇതിനിടയിലാണ് ആയുധം അങ്കത്തട്ടിൽ മറന്ന കാര്യം ഒതേനൻ ഓർത്തത് . അത് ഉപേക്ഷിച്ചു പോകുന്നത് യോദ്ധാവിന് ചേർന്നതല്ലെന്ന് വിശ്വസിച്ചിരുന്ന ഒതേനൻ വീണ്ടും അങ്കത്തട്ടിലേക്ക് മടങ്ങി. വളർന്ന് നിന്ന നെൽപാടങ്ങൾക്കിടയിൽ ഒളിച്ചു നിന്ന ,ഗുരിക്കളുടെ പ്രിയ ശിഷ്യൻ ചുണ്ടങ്ങാപ്പൊയിലിലെ മായൻപക്കി ഒതേനന്റെ നെറ്റിത്തടത്തിൽ നാടൻ താക്ക് കൊണ്ട് വെടിയുതിർത്തു.



whatsapp-image-2026-02-21-at-10.07.23-pm-(1)

ആയുധമെടുക്കാൻ, ധീരനും അഭിമാനിയുമായ ഒതേനൻ തിരിച്ചു വരുമെന്ന് മായൻ പക്കിക്ക്അറിയാമായിരുന്നു. ഒതേനന്റെ സന്തതസഹചാരിയായിരുന്ന പുള്ളുവൻ, മായൻ പക്കിയെ തൽക്ഷണം അമ്പെയ്‌ത്‌ വീഴ്ത്തി . .വടകര തച്ചോളി മാണിക്കോത്ത് ഒതേനനും കോമക്കുറുപ്പിനും, പുള്ളുവനും ക്ഷേത്രങ്ങളുണ്ട്. അവിടെ കുംഭം 10 ന് ഇവരുടെ തെയ്യങ്ങളും കെട്ടിയാടുന്നുണ്ട്. ക്ഷേത്രാങ്കണത്തിൽ കളരിയുമുണ്ട്. കുംഭം 10 ന് ഒതേനന്റെ ആയുധങ്ങൾ സൂക്ഷിച്ച മുറി തുറന്ന് പൊതുജനങ്ങൾക്ക് പ്രദർശിപ്പിക്കാറുമുണ്ട്.ഋതുക്കൾ പലവ്യം മാറി മറിഞ്ഞിട്ടും ഞാറ്റു പാട്ടുകളിലും, കല്യാണത്തലേന്നും പൊന്ന്യത്തങ്കത്തിന്റെ വീരഗാഥകൾ ഗ്രാമീണ സ്ത്രീകൾ വാമൊഴിയായി ഈണത്തിൽ തലമുറകൾക്കായി പകർന്നേകി.

whatsapp-image-2026-02-21-at-10.12.52-pm

തച്ചോളി മാണിക്കോത്ത് കെട്ടിയാടുന്ന തച്ചോളി ഒതേനൻ തെയ്യം

യോദ്ധാക്കളുടെ പോരാട്ടവീര്യത്തിൽ ഏഴരക്കണ്ടത്തിൽ ആയിരങ്ങൾ ആർത്തലച്ചു


പൊന്ന്യം:പതിനെട്ടടവുകൾക്കുമപ്പുറം, മനോധർമ്മ മുറകളടക്കം പ്രയോഗിച്ച് മലയാളം ഒരു കാലത്തും കണ്ടിട്ടില്ലാത്ത അഭ്യാസ മുറകളും പയറ്റും കാഴ്ചവെച്ച്, പൊന്ന്യത്തെ ഏഴരക്കണ്ടത്തെ പോർക്കളത്തിൽ പൊരുതിമരിച്ച തച്ചോളി ഒതേനന്റേയും, കതിരൂർ ഗുരിക്കളുടേയും ചുടുനിണം വാർന്നൊഴുകിയ മണ്ണിൽ, പിൻമുറക്കാരും പുതുതലമുറയി ലുള്ളവരും അങ്കം വെട്ടിയപ്പോൾ, അത് മൂന്നര നൂറ്റാണ്ടിന് മുമ്പത്തെ രണധീരതയുടെ ത്രസിക്കുന്ന സ്മൃതി ദൃശ്യമായി മാറി.

അങ്കക്കലി മൂത്ത് പ്രാണനുകൾ വെടിയേണ്ടി വന്ന പൊന്ന്യത്തങ്കത്തട്ടിൽ കാലങ്ങൾക്കിപ്പുറം, ശത്രു വ്യൂഹത്തെ വെൺ മഴു പ്രയോഗത്തിലൂടെ നിഷ്‌പ്രയാസം കീഴ്പ്പെടുത്തിയ അഹല്യ .

പൊന്ന്യത്തങ്കത്തിൻ്റെ വീരാംഗനയായി മാറി.


അത്യന്തം അപകടകരമായ ഗദായുദ്ധംകാണികളെ വിസ്മയ ഭരിതരാക്കി.

അങ്കത്തട്ട് നിറഞ്ഞ് അഭ്യാസികൾ . അവതരിപ്പിച്ച അഗ്നി ചിതറിയ ഉറുമി പയറ്റുംശ്വാസമടക്കിപ്പിടിച്ചാണ് കാണികൾ. നോക്കിക്കണ്ടത്.

 തച്ചോളി ഒതേനൻ, കതിരൂർ ഗുരിക്കൾ അനുസ്മരണ സമ്മേളനം

പൊലീസ് കമ്മീഷണർ നിധിൻ രാജ് ഐ.പി.എസ്

ഉദ്ഘാടനം ചെയ്തു. സ്പീക്കർ അഡ്വ. എ എൻ ഷംസീർ വിശിഷ്ടാതിഥിയായി.

ജില്ലാ പഞ്ചായത്ത് വൈ: പ്രസിഡണ്ട്

പി.ഷബ്നം അദ്ധ്യക്ഷത വഹിച്ചു.

കീച്ചേരി രാഘവൻ സ്‌മാരക ഭാഷണം നടത്തി. കടത്തനാട്കളരി ചാലപ്പുറം, വി.കെ.എം. കളരി പൊന്നാനി, നിത്യചൈതന്യ കളരി ഡൽഹി , എച്ച്.ജി.എസ്. കളരി എടപ്പാൾ, എന്നിവരുടെ കളരി അഭ്യാസ പ്രകടനങ്ങളും , വില്ല് പാട്ടും, സംഘനൃത്തമത്സരങ്ങളും അരങ്ങേറി. തുടർന്ന് ഹരിശങ്കർ ലൈവ് പ്രോഗ്രാമുണ്ടായി.

whatsapp-image-2026-02-21-at-10.14.30-pm-(1)

കളരി സ്പീക്കർക്ക്

ലഹരി...


പൊന്ന്യത്തങ്കവും ഏഴരക്കണ്ടവും ഇവിടുത്തെ കർമ്മധീരരായ പോരാളികളും കായികപ്രേമികളുമെല്ലാം നിയമസഭാ സ്പീക്കർ അഡ്വ.എ. എൻ . ഷംസിറിന് വല്ലാത്തൊരു ലഹരിയാണ്. അങ്കത്തിന് നാൾ കുറിക്കപ്പെടുന്ന ദിവസം തൊട്ട് അവസാനിക്കും വരെയുള്ള നാളുകളിൽ സ്പീക്കറുടെ മനസ്സും ശരീരവുമെല്ലാം ഇവിടെ തന്നെയാണ്. അത് കഴിഞ്ഞേയുള്ളൂ വർഷങ്ങളായി മറ്റെന്തും. രാജ്യാന്തരങ്ങളിലടക്കമുള്ള ഒട്ടുമിക്ക ആയോധന കലാനക്ഷത്രങ്ങളെയും , പ്രമുഖ വ്യക്തിത്വങ്ങളേയും, ഉന്നത ഭരണാധികാരികളേയും പൊന്ന്യത്തിന്റെ മണ്ണിലെത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് സ്പീക്കറാണ്. ഔദ്യോഗിക പരിവേഷമൊന്നുമില്ലാതെ മുഖ്യസംഘാടകനെന്നനിലയിൽ കളരിക്കണ്ടമാകെ ഓടി നടക്കുന്ന സ്പീക്കർ പരിപാടിയുടെ ഓരോ ചെറുകാര്യങ്ങളിൽ പോലും ശ്രദ്ധാലുവാണ്. കുറ്റമറ്റ നിലയിൽ, കടുത്ത അച്ചടക്കത്തോടെ, ആയിരങ്ങൾ തിങ്ങിനിറയുമ്പോഴും , ഒരപസ്വരം പോലുമില്ലാതെ, സുഗമമായി സംഘാടനം കാഴ്ചവെക്കാൻ , ഇദ്ദേഹത്തിന്റെ നേതൃത്വപരമായ പങ്ക് പരക്കെ വാഴ്ത്തപ്പെടുകയാണ്.

whatsapp-image-2026-02-21-at-10.16.34-pm

പ്രാണൻ പിടഞ്ഞ മണ്ണിൽ ഓർമ്മകൾക്ക് വാൾത്തലപ്പിന്റെതിളക്കം.

"ശ്രീജിത്ത് ചോയൻ .


ഏഴരക്കണ്ടത്തിന്റെ മണ്ണിലും വിണ്ണിലുംമനസ്സിലും അങ്കക്കലിയുടെ തിരമാലകൾ.ഇടിമിന്നലിന്റെ ശബ്ദഘോഷം..

തീക്കാറ്റിന്റെ തീഷ്ണത..

ചോരയിൽ കുതിർന്ന . രണഗാഥകളിൽ നിന്നുയിർ കൊണ്ട് വളർന്ന പുത്തൻ തലമുറ നാളിതേവരെ കണ്ട ഇതിഹാസ സമാനമായ അങ്കത്തട്ടിൽ ഒതേനനും, കതിരൂർ ഗുരിക്കളുമായി പുനർ ജൻമം പൂണ്ടു . കാലത്തിന് മായ്ക്കാനാവാത്ത രണസ്മരണകൾ വാൾത്തലപ്പുകളിൽ അഗ്നിസ്ഫുലിംഗങ്ങളായി. ഉറുമിയുടെ ശിൽക്കാരങ്ങളിൽ കൊടുങ്കാറ്റായി.

കളരി ദൈവങ്ങളായി മൂന്നര നൂറ്റാണ്ടുകൾക്ക് മുമ്പ് അവതരിച്ച തച്ചോളി ഒതേനനും, കതിരൂർ ഗുരിക്കളും പ്രാണൻ വെടിഞ്ഞ മണ്ണിൽ കുംഭച്ചൂടിലും ചോരപ്പൂക്കൾ വിരിഞ്ഞത് പോലെ...

ഏഴരക്കണ്ടം... നിത്യേന

പൊന്ന്യത്തങ്കത്തിനെത്തുന്നആയിരങ്ങളെയാണ് ഈ അങ്കത്തട്ട് അതിശയലോകത്ത് എത്തിക്കുന്നത്.... അതിവിശാലമായ പാടത്തിൻ്റെ നാല് ദിക്കുകളിലും പ്രതിധ്വനിക്കുന്ന ഉച്ചഭാഷിണിയിലൂടെയുള്ളവടക്കൻ പാട്ടിന്റെശീലുകൾ.. പൊന്നാപുരം കോട്ടയെ ഓർമ്മിപ്പിക്കുന്ന പ്രവേശനകവാടം..

ഇരുവശങ്ങളിലുമായി കത്തി നിൽക്കുന്ന പന്തങ്ങൾ.. ജയദേരി, മുഴക്കി, വാദ്യഘോഷങ്ങളോടെ നീങ്ങുന്ന രണധീരന്മാർ.. കളരിയുടെ പതിനെട്ടടവുകളും സ്വായത്തമാക്കിയ, ജീവിതം കളരിക്കായി ഉഴിഞ്ഞ് വെച്ച ആശാന്മാർ.. കച്ചമുറുക്കി വാളും ഉറുമിയുമായി ആകാശത്ത് മിന്നൽപ്പിണരുകൾ തീർക്കുന്ന ഉണ്ണിയാർച്ച യുടേയും തുമ്പോലാർച്ചയുടേയും പിൻമുറക്കാരികൾ...

ഉറുമിയുടെ ശീൽക്കാരങ്ങളും, വാൾത്തലപ്പുകൾ ഉതിർക്കുന്ന തീപ്പൊരികളും, കാണികളുടെ ആർപ്പ് വിളികളും കൊണ്ട്, ഏഴരക്കണ്ടം പിന്നിട്ട ആറ് നാളുകളിൽ രാപകലില്ലാതെ തിളച്ചുമറിയുകയാണ്.. അങ്കത്തട്ടിലേക്കുള്ള വഴികളുടെ ഇരുഭാഗങ്ങളിലുമായി ഗതകാല കളരി ആയുധങ്ങൾ, പുരാവസ്‌തുക്കൾ, അമുല്യനാണയ ശേവരം, പച്ച മരുന്നുകളുടെ ഗന്ധം പേറുന്ന കളരിമർമ്മ ചികിത്സാ ഡെമോൺസ്ട്രേഷനുകൾ, നാവിലെ രസമുകുളങ്ങളെ ഉണർത്തുന്ന നാടൻ ഭക്ഷണ ശാലകൾ, കളരി മ്യൂസിയം സ്റ്റാൾ, നിയമസഭാ മ്യൂസിയം സ്റ്റാൾ എന്നിവ കാണികളെ മാടി വിളിക്കുന്നു. വാമൊഴി ചരിത്രത്തിലൂടെ, വടക്കൻ വീരഗാഥ ഇന്നും ഈ നാടിൻ്റെ ഹൃദയ ധമനികളിൽ ഒഴുകിക്കൊണ്ടിരിക്കുന്നു..

32 വയസ്സിനിടയിൽ 64 അങ്കങ്ങൾ ജയിച്ച്,

പയറ്റുമുറകളിൽ അമാനുഷികപാടവം പുലർത്തിയ തച്ചോളി ഒതേനനും, കളരിമുറക ളിലെ വിസ്‌മയപ്രകടനം കൊണ്ട് നാടിന്റയാകെ ആരാധാനാപാത്രമായി മാറുകയും ചെയ്ത‌, ആയിരം കളരികൾക്കധിപനായ കതിരൂർ ഗുരുക്കളും, അങ്കം കുറിച്ച് പ്രാണൻ വെടിഞ്ഞ പൊന്ന്യം കളരിക്കളം ഇന്ന് ലോക ശ്രദ്ധയാകർഷിച്ച ആയോധന കലയുടെ ജീൻ സംഭരണ കേന്ദ്രമാണ്. കളിക്കാരായും, കാണികളായും ദേശവിദേശങ്ങളിൽ നിന്ന് ആയിരങ്ങളാണ് നിത്യേന കടത്തനാട്ടിലെ ഈകളരി തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നത്.

കതിരൂർ ഗുരുക്കൾ വീശിയ ഉറുമിയുടെ വായുവേഗനീക്കങ്ങളുടെ ശീൽക്കാരം, കാലാന്തരങ്ങൾ കഴിഞ്ഞിട്ടും കായിക പ്രേമികളുടെ മനസ്സിൽ ഇന്നും മായാതെ നിൽപ്പുണ്ട്. കുംഭം 10, 11 തിയ്യതികളിൽ പൊന്ന്യത്ത് നടന്ന അങ്കത്തിൽ കളരിയുടെ കുലപതിയായ കതിരൂർ ഗുരുക്കളെ അടവുകളത്രയും പയറ്റിയിട്ടും.വീഴ്ത്താനാകാതെ വന്നപ്പോൾ, പൂഴിക്കടകൻ പ്രയോഗിച്ചാണ് ഒതേനൻ വധിച്ചെതെന്ന് ഗുരിക്കളുടെ ശിഷ്യൻമാർ വിശ്വസിച്ചു. ഗുരുക്കളുടെ അന്ത്യം താങ്ങാനാവാതെ ശിഷ്യനായ മായൻപക്കി നെൽപ്പാടത്തിൽ ഒളിച്ചിരുന്ന് നാടൻ തോക്ക് ഉപയോഗിച്ച് ഒതേനന്റെ നെറ്റിക്ക് വെടിവെക്കുകയായിരുന്നു. മായൻപക്കിയെ ഉടൻ അമ്പെയ്തു വീഴ്ത്തിയ പുള്ളുവൻ്റെ ഇളനീരാണ് തനിക്ക് വേണ്ടതെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഒതേനന് , പുള്ളുവന്റെ ഇളനീരെത്തിച്ച ജ്യേഷ്ഠൻ കോമപ്പക്കുറുപ്പിനോട് "നെറ്റിത്തടത്തിൽ ഒരുണ്ട കൊണ്ടാൽ മരിച്ചുപോകുകയില്ലെന്ന്" പുഞ്ചിരിച്ച് 'കാണ്ട് ആശ്വസിപ്പിച്ച ഒതേനന്റെ വാക്കുകൾ കേട്ട് കോമപ്പക്കുറുപ്പിന്റെ കണ്ണു നിറഞ്ഞ് പോയതായി വടക്കൻപാട്ടിൽ ഹൃദയഭേദകമായി ആലേഖനം ചെയ്തിട്ടുണ്ട്. കടത്തനാട്ടിന്റെ കളരി പാരമ്പര്യം അന്യംനിന്ന് പോകാതിരിക്കാനാണ് ഏഴരക്കണ്ടത്തിൽ പുതുതലമുറയിലെ കായികപ്രേമികളും, കളരി അഭ്യാസികളും ഇവിടെ കളരിപ്പയറ്റുംസകലമാന നാടൻ കലാപ്രകടനങ്ങളും ഒരുക്കിയിട്ടുള്ളത്.

 കളരി പാരമ്പര്യം ഇന്നും കാത്തുസൂക്ഷിക്കുന്ന കതിരൂരിൽ ഇന്നും ഒട്ടേറെ കളരിക്കുണ്ടുകളുണ്ട്. പുല്ലോട് അടക്കം കതിരൂരിന്റെ പല ഭാഗങ്ങളിലും ഏതാണ്ട് മിക്കവറും കളരി അഭ്യസിച്ചവരാണെന്ന് കാണാം.  ഒതേനന് അപൂർവങ്ങളായ ചില പയറ്റു മുറകൾ പഠിപ്പിച്ച പയ്യമ്പള്ളി ചന്തു ഇന്നാട്ടുകാരനാണ്. കളരി ഇതിഹാസമായ മതിലൂർ ഗുരിക്കളുടെ ജൻമദേശവും ഇതു തന്നെ.

മാഹി കൃഷി വകുപ്പ് കാർഷിക പഠനയാത്ര,കാർഷിക പരിശീലനം എന്നിവ സംഘടിപ്പിക്കുന്നു

മാഹി : പുതുച്ചേരി കൃഷിവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ആത്മ പദ്ധതി പ്രകാരം കാർഷിക പഠനയാത്ര, കാർഷിക പരിശീലനം എന്നിവ സംഘടിപ്പിക്കുന്നു. ഇതിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള കർഷകർ പള്ളൂർ, കൃഷി ഓഫീസിൽ പേര് നൽകേണ്ടതാണ്. ഏതെങ്കിലും പ്രത്യേക കൃഷി അനുബന്ധ പഠന ക്ലാസുകൾ ആവശ്യമുള്ളവർ വിവരം കൃഷിവകുപ്പിൽ അറിയിക്കേണ്ടതാണ്.പഠനയാത്രയിൽ ഇതുവരെ പങ്കെടുക്കാത്ത കർഷകർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.കർഷക തിരിച്ചറിയൽ കാർഡിന് അപേക്ഷ നൽകിയവർ മാത്രം അപേക്ഷിക്കുക.

കുടുബ സംഗമം '


മാഹി :ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രണ്ടാം വാർഡ് കമ്മിറ്റി കുടുബസംഗമം ഇന്ന് 22-2-26 ന് ഞായർകാലത്ത് 10 മണിക്ക് ചൂടിക്കോട്ട രണ്ടാം വാർഡ്

 ബൂത്ത് പ്രസിഡൻ്റ് കെ രവീന്ദ്രൻ്റെ ഭവനാങ്കണത്തിൽ

വൈദ്യൂതി മുടങ്ങും

22-02-2026,

02:00 pm - 04:00 pm

പള്ളൂർ പുനത്തിൽ, ശുരുസന്നിധി, മാർവെൽ റോഡ്, താഴെ ചൊക്ലി,രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐ,

ഡാഡിമുക്ക്,സ്പിനിംങ് മിൽ,ഇ,എസ്,ഐ ഈസ്റ്റ് പള്ളൂർ പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

പള്ളൂർ സബ്സ്റ്റേഷൻ റോഡിൽ വാഹനങ്ങൾ അമിത വേഗതയിൽ പറക്കുന്നു. നാട്ടുകാർ ഭീതിയിൽ


മാഹി : പള്ളൂർ സബ്സ്റ്റേഷൻ റോഡിൽ വാഹനങ്ങൾ അമിത വേഗതയിൽ പറക്കുന്നത് നാട്ടുകാർ ഭീതി ഉളവാക്കുന്നു. കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള ചെറുപ്പക്കാരാണ് പള്ളൂർ വയൽ - സബ്സ്റ്റേഷൻ റോഡിൽ വാഹനങ്ങൾ അമിതവേഗത്തിൽ ഓടിക്കുന്നത്. മുഴപ്പിലങ്ങാട് മാഹി ബൈപ്പാസിൽ പള്ളൂർ സിഗ്നലിൻ്റെ ഭാഗത്ത് പണി നടക്കുന്നതിനാൽ സർവീസ് റോഡ് വഴിയാണ് വാഹനങ്ങൾ ഇപ്പോൾ പോകുന്നത്. ഈ രണ്ടു സർവീസ് റോഡുകളും പള്ളൂർ വയൽ - സബ്സ്റ്റേഷൻ റോഡിനെ ക്രോസ് ചെയ്താണ് പോകുന്നത്. അതിനാൽ തന്നെ ഇവിടെ വൻ തിരക്കാണ് ഇപ്പോൾ ഉള്ളത്. ഇതിനിടയിൽ കൂടിയാണ് യാതൊരു മാനദണ്ഡവും ഇല്ലാതെ ചെറുപ്പക്കാർ നാലു ചക്ര വാഹനങ്ങളിലും, ഇരുചക്ര വാഹനങ്ങളും ഇവിടെ മത്സര ഓട്ടം നടത്തുന്നത്. ഹൈവേ വരുന്നതിനു മുമ്പുതന്നെ ഈ റോഡ് മത്സരയോട്ടങ്ങൾക്ക് കുപ്രസിദ്ധി കേട്ടതാണ്. ഇത്തരത്തിൽ ഇതുവഴി പോകുന്ന ഇരുചക്ര വാഹനങ്ങളിലെ വിദ്യാർത്ഥികൾക്ക് നാട്ടുകാർ പലതവണ താക്കീത് നൽകിയെങ്കിലും മത്സരയോട്ടം ഇപ്പോഴും തുടരുകയാണ്. ഇരു ചക്ര വാഹനങ്ങളിൽ മൂന്നും, നാലും പേരാണ് ഹെൽമറ്റ് പോലും ഇല്ലാതെ യാത്ര ചെയ്യുന്നത്. കഴിഞ്ഞദിവസം ഒരു ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തിരുന്ന മൂന്ന് പെൺകുട്ടികൾ അപകടത്തിൽപ്പെട്ട പള്ളൂർ ഗവ. ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മോഡിഫിക്കേഷൻ വരുത്തിയ ബൈക്കുകളിൽ ഹെൽമറ്റ് പോലുമില്ലാതെ രണ്ടിലധികം പേർ യാത്ര ചെയ്യുന്ന നിയമലംഘനം പൊലീസുകാർ കാണാത്തതോ അതോ കണ്ടില്ലെന്ന് നടിക്കുന്നതാണോ എന്നാണ് നാട്ടുകാരുടെ സംശയം. ഇനിയും മത്സര ഓട്ടം തുടരുകയാണെങ്കിൽ പൊതുജനങ്ങൾ തന്നെ ഇവരെ കൈകാര്യം ചെയ്യേണ്ടുന്ന അവസ്ഥയാണ് വന്നിരിക്കുന്നത് എന്നാണ് പരിസരവാസികൾ പറയുന്നത്

whatsapp-image-2026-02-21-at-10.18.51-pm

രഭിജിത് മെമ്മോറിയൽ ട്രോഫി പള്ളൂർ നോർത്ത് ഗവ.എൽ. പി സ്കൂളിന്


പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന മാഹിയിലെ ഏറ്റവും വലിയ കലോത്സവമായ മയ്യഴി മേളത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സർക്കാർ വിദ്യാലയത്തിനായി ഏർപ്പെടുത്തിയ പ്രഥമ രഭിജിത് മെമ്മോറിയൽ ട്രോഫി പള്ളൂർ നോർത്ത് ഗവ.എൽ പി സ്കൂൾ കരസ്ഥമാക്കി. ഏഴിമല നാവിക അക്കാദമിയില പരിശീലനത്തിനിടെ അകാല മൃത്യുവരിച്ച അസിസ്റ്റന്റ് കമാൻറ്റർ രഭിജിത്തിന്റെ ഓർമ്മയ്ക്കായി മാതാപിതാക്കൾ ഏർപ്പെടുത്തിയ ട്രോഫി രഭിജിത് പഠിച്ച വിദ്യാലയത്തിന് തന്നെ നേടാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ഫെസ്റ്റീവ് വേദിയിൽ ട്രോഫി ഏറ്റുവാങ്ങിയത്തിന് ശേഷം അധ്യാപകരും വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു. മയ്യഴിയിലെ സ്കൂളുകൾ സി ബി എസ് ഇ ആയതിനു ശേഷം സർക്കാർ തലത്തിൽ നടന്ന ആദ്യ സ്കൂൾ കലോത്സവത്തിലും പ്രൈമറി തലത്തിൽ ഇതേ വിദ്യാലയത്തിനായിരുന്നു ഒവർഓൾ ചാമ്പ്യൻഷിപ് ലഭിച്ചത്.

capture

മാഹി: പാറക്കൽ വളപ്പിൽ ഹൗസിൽ അമ്മാളു വീട്ടിൽ പ്രീത (58) അന്തരിച്ചു.

മാഹി ഗവ.ജനറൽ ആശുപത്രി ജീവനക്കാരിയാണ്.പരേതരായ അമ്പാടിയുടെയും നളിനിയുടെയും മകളാണ്. ഭർത്താവ് : പരേതനായ മാധവൻ. മക്കൾ: പ്രജിഷ ,മിഥുൻ (ചുമട്ട് തൊഴിലാളി മാഹി), കാർത്തിക്ക് (തായ്ലൻഡ്).മരുമക്കൾ: സനൂപ്, നേഹ 

സഹോദരങ്ങൾ: പ്രതാപൻ, പ്രമീള, വിനീത ( മാഹി ഗവ. ജനറൽ ആശുപത്രി ജീവനക്കാരി)

whatsapp-image-2026-02-21-at-10.19.33-pm

ഉത്തരവാദിത്വബോധവും സേവനമനോഭാവവും ആയിരിക്കണം സർക്കാർ ജീവനക്കാരന്റെ മുഖമുദ്ര : രമേശ് പറമ്പത്ത് എംഎൽഎ


മാഹി: ഉത്തരവാദിത്വബോധവും സേവനമനോഭാവവും ആയിരിക്കണം സർക്കാർ ജീവനക്കാരന്റെ മുഖമുദ്ര എന്ന് രമേശ് പറമ്പത്ത് എംഎൽഎ അഭിപ്രായപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥ കൂട്ടായ്മ്മ കൗൺസിൽ ഓഫ് സർവീസ് ഓർഗനെെസേഷൻ്റെയും ഗവ. ടീച്ചേഴ്സ് ഓർഗനെെസേഷൻ്റെയും പ്രസിഡൻ്റ് ആയിരുന്ന കെ രാധാകൃഷ്ണനേയും ഗവ. ടീച്ചേഴ്സ് ഓർഗനെെസേഷൻ നേതാവ് വി പി പ്രഭയേയും അനുസ്മരിക്കുന്നതിനായിസംഘടിപ്പിച്ച സ്മൃതി സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാധാകൃഷ്ണൻ മാസ്റ്ററും പ്രഭ ടീച്ചറും അതിൽ മാതൃകയായിരുന്നു എന്നും രമേശ് പറമ്പത്ത് കൂട്ടിച്ചേർത്തു. കൗൺസിൽ ഓഫ് സർവീസ് ഓർഗനെെസേഷൻ പ്രസിഡൻ്റ് ജയിംസ് സി ജോസഫ് അധ്യക്ഷനായി. കെ ഹരീന്ദ്രൻ, ഉത്തമരാജ് മാഹി, പി സി ദിവാനന്ദൻ, കെ കെ രാജീവ്,കെ പ്രശോഭൻ, ടി പി ഷൈജിത്ത്, കെഎം പവിത്രൻ, കെ കെ രാജീവ്, പി കെ രാജേന്ദ്രകുമാർ, പി പുഷ്പലത, ഡോ. കെ ചന്ദ്രൻ, ടി എം പവിത്രൻ എന്നിവർ സംസാരിച്ചു. ആൻറണി മാത്യു,പി ആനന്ദ്,ടിവി സജിത,രവിശങ്കർ, പി അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

whatsapp-image-2026-02-21-at-10.21.35-pm

പൊന്നമ്പത്ത് കാസിം നിര്യാതനായി


ഏടന്നൂർ റുഖിയ വില്ലയിൽ പൊന്നമ്പത്ത് കാസിം (82) നിര്യാതനായി.തലശ്ശേരി ഒ.വി.അസ്സുവിൻ്റെയും പൊന്നമ്പത്ത് റുഖിയയുടെയും മകനാണ്. ഭാര്യ: പരേതയായ ആനൻ്റവിട മാഞ്ഞ. മക്കൾ: റഫീഖ് കാസിം.(എറണാകുളം), റുബമ റഫീഖ്, ഹസ്സൻ കാസിം (ഖത്തർ), ഹുസൈൻ കാസിം (എറണാകുളം), പരേതയായ ഫാത്തിമ. മരുമക്കൾ: റബീന, സുമയ്യ, സഹല, പരേതനായ റഫീഖ്. സഹോദരങ്ങൾ: പരേതയായ ആയിഷ. ഖബറടക്കം നാളെ (22/2/26) രാവിലെ 8.30 ന് കല്ലാപ്പള്ളി ഖബർസ്ഥാനിൽ.

whatsapp-image-2026-02-21-at-10.21.57-pm

ഇടത്തട്ട രുഗ്മിണി ടീച്ചർ നിര്യാതയായി


നിടുമ്പ്രം ഇടത്തട്ട രാം നിവാസിൽ കെ.കെ.രുഗ്മിണി ടീച്ചർ (91) നിര്യാതയായി. (റിട്ട. അദ്ധ്യാപിക, പള്ളേരി ലക്ഷമിയമ്മ മെമ്മോറിയൽ സ്കൂൾ, പുന്നോൽ). ഭർത്താവ്: പരേതനായ സുബേദാർ മേജർ ആർ.എം.പി കുറുപ്പ്. മക്കൾ: വിനീത (മൈസൂർ) രജിത (റിട്ട.കോട്ടപറമ്പ് ഗവ.ആശുപത്രി, കോഴിക്കോട്), വിജയ (മക്രേരി). മരുമക്കൾ: രാമകൃഷ്ണൻ (ബിസിനസ്സ്, മൈസൂർ), നരേന്ദ്രൻ മാസ്റ്റർ (ചെറുവണ്ണൂർ), ഹേമന്ത് മാസ്റ്റർ (മക്രേരി). സഹോദരങ്ങൾ: ജനാർദ്ദനൻ നമ്പ്യാർ (പന്ന്യന്നൂർ), സരോജിനി (പള്ളൂർ), പരേതനായ ശ്രീധരൻ നമ്പ്യാർ. സംസ്കാരം ഇന്ന് (21/2/26) വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.

whatsapp-image-2026-02-21-at-10.56.07-pm

ചൂടിക്കോട്ട ശ്രീ കൊടുങ്ങല്ലൂർ ദേവി ക്ഷേത്രം മാഹി.

മീന ഭരണി മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ 23/2/2026 (തിങ്കളാഴ്ച) വൈകുന്നേരം 4 മണിക്ക് ഗണപതി ഹോമവും തുടർന്ന് 6.30ന് ദീപാരാധനക്കു ശേഷം കൊടിയേറും.

whatsapp-image-2026-02-21-at-10.56.07-pm

മാഹിയിൽ പുതുതായി ആരംഭിച്ച സെവിറ്റർ സോളാർ സെല്യൂഷൻസ് രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2026-02-21-at-11.17.48-pm

പൊതുസമ്മേളനം കെ.വി.സുമേഷ് MLA ഉദ്ഘാടനം ചെയ്യുന്നു

താഴെ വയൽ കെ.ഹരിദാസൻ രക്ത സാക്ഷി ദിനാചരണപൊതു സമ്മേളനം


താഴെ വയൽ കെ.ഹരിദാസൻ രക്ത സാക്ഷി ദിനാചരണപൊതു സമ്മേളനം കെ.വി.സുമേഷ് MLA ഉദ്ഘാടനം ചെയ്തു. സി.കെ.രമേശൻ, അനൂപ് കക്കോടി,എന്നിവർ പ്രസംഗിച്ചു.

വി.കെ.സുരേഷ് ബാബു സ്വാഗതം പറഞ്ഞു. എ ശശി അധ്യക്ഷത വഹിച്ചു.

നേരത്തെ ബഹുജന പ്രകടനവും രക്തസാക്ഷി കുടീരത്തിൽ പുഷ്പാർച്ചനയും നടന്നു.

വിവിധ മത്സര വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കലാപരിപാടികളുംനടന്നു

manna-bhakhyasree-banana
mannaposter-new
MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles