ആവേശം ആകാശത്തോളം: രണ്ടാം നാളിൽ പൊന്ന്യം അങ്കത്തട്ടുണർന്നു. :ചാലക്കര പുരുഷു

ആവേശം ആകാശത്തോളം: രണ്ടാം നാളിൽ പൊന്ന്യം അങ്കത്തട്ടുണർന്നു. :ചാലക്കര പുരുഷു
ആവേശം ആകാശത്തോളം: രണ്ടാം നാളിൽ പൊന്ന്യം അങ്കത്തട്ടുണർന്നു. :ചാലക്കര പുരുഷു
Share  
2026 Feb 18, 12:29 AM

തലശ്ശേരി: ആവേശം ആകാശത്തോളമുയർന്ന ആയോധനകലയുടെ മാമാങ്കത്തിന് കളരി ചരിത്രത്തിന്റെ സുപ്രധാന ഭൂമികയായ പൊന്ന്യം ഏഴരക്കണ്ടത്തിൽ രണ്ടാം നാളിൽ പ്രൗഢമായതുടക്കം

നൂറ്റാണ്ടുകൾക്കപ്പുറമുള്ള പോർവീര്യത്തിന്റെ ചരിത്രം പാടിപ്പകർന്ന പൊന്ന്യം വയലിൽ ആരവങ്ങളുടെ ഏഴ് രാവുകൾ. പ്രാദേശിക ചരിത്രത്തിൽ ധീരതയുടെ ഓർമ്മകൾ ജ്വലിപ്പിച്ച  കളരിയഭ്യാസികളായ കതിരൂർ ഗുരുക്കളുടെയും തച്ചോളി ഓതേനന്റെയും ചോര പടർന്ന പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ "പൊന്ന്യത്തങ്ക" ത്തിന് നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ്സാക്ഷ്യം വഹിക്കാനെത്തിയത്.

 

capture

കേരള ഫോക് ലോർ അക്കാദമി, പുല്ല്യോടി പാട്യം ഗോപാലൻ സ്മാരക വായനശാലയുമായി സഹകരിച്ചു നടത്തിവരുന്ന "പൊന്ന്യത്തങ്കം" ഏറെ പുതുമകളോടെയാണ് ഇത്തവണയും ഏഴരകണ്ടത്തിൽ ഒരുക്കിയത് . പുരാതനമായ കോട്ടയുടെ ദൃശ്യഭംഗിയോടെ നിർമ്മിച്ച കൂറ്റൻ പ്രവേശന കവാടം ഏറെ ശ്രദ്ധേയമാണ്. ചിത്രകാരൻ കെ. കെ. ഷൈജുവിന്റെ നേതൃത്വത്തിൽ പാട്യം ഗോപാലൻ സ്മാരക വായനശാലയുടെ പ്രവർത്തകരുടെ വിശ്രമരഹിതമായ അധ്വാനമാണ് നിർമ്മിതിക്ക് പിന്നിൽ. അനേകം പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് സ്ഥലസൗകര്യങ്ങൾ ക്രമീകരിച്ചിട്ടുള്ളത് . പഴമയുടെ ദൃശ്യസമ്പത്ത് നിലനിർത്തിക്കൊണ്ടുള്ള പശ്ചാത്തല കാഴ്ചകളും ആകർഷകമാക്കി യിട്ടുണ്ട്. വിശാലമായ പാടങ്ങളിലാകെ പന്തങ്ങൾ ജ്വലിച്ചുനിൽക്കുക യാണ്.


whatsapp-image-2026-02-17-at-9.56.12-pm

വടക്കൻ പാട്ടുകളിലെ വീരഗാഥകൾ യേശുദാസിന്റേയും, സുശീലയുടേയും, മാധുരിയുടേയും ശബ്ദങ്ങളിൽ പാടശേഖരങ്ങളിലും പുറത്തും ആവേശത്തിരയിളക്കി. അങ്കത്തട്ടിലാകട്ടെ ആരേയും ആവേശഭരിതരാക്കുന്ന കളരിമുറകളിലെ പതിനെട്ടടവുകളും പയറ്റി ഗുരുക്കന്മാരും, ശിഷ്യരും വൻ ജനാവലിയെ ആശങ്കയുടെ മുൾമുനയിൽ മണിക്കൂറുകളോളം നിർത്തുകയായിരുന്നു.


whatsapp-image-2026-02-17-at-9.56.12-pm-(1)

പ്രോഗ്രാം കമ്മിറ്റിയുടെ ജനറൽ കൺവീനർ കൂടിയായ എൻ. പി. വിനോദ് കുമാർ ഏഴരക്കണ്ടത്തെ അണിയിച്ചൊരുക്കാൻ നേതൃത്വം നൽകി .ഏഴരക്കണ്ടത്തിന്റെ നിയന്ത്രണമേറ്റെടുക്കും വിധം ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി.വി. ലാവ് ലിന്റെ മേൽനോട്ടം അസാധാരണമായ മെയ് വഴക്കം തന്നെ സൃഷ്ടിച്ചു.

whatsapp-image-2026-02-17-at-9.57.30-pm

സ്കൂൾ ഒളിമ്പിക്സിൽ കളരിപ്പയറ്റ് ഉൾപ്പെടുത്തും: മന്ത്രി ശിവൻ കുട്ടി


പൊന്ന്യം: കായിക ചരിത്രത്തിലെ നാഴികക്കല്ലായി മാറും വിധം ,സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ കളരിപ്പയറ്റിനെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

ചുവട്, വടി, മെയ് പയറ്റ് എന്നി ഇനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. താരങ്ങൾക്ക് ഗ്രേസ് മാർക്ക് ലഭിക്കും. മത്സര ഇനം എന്നതിലുപരി നമ്മുടെ ആയോധന കലകളുടെ സ്വത്വത്തെ പുറംലോകത്തെത്തിക്കുകയെന്നതാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

സാംസ്ക്കാരിക വകുപ്പ്, ഫോക് ലോർ അക്കാദമി. കതിരൂർ ഗ്രാമ പഞ്ചായത്ത്, പുല്ലോടി

 പാട്യം ഗോപാലൻ സ്മാരക വായനശാല എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഒരാഴ്ച നീണ്ടു നിൽക്കുന്ന പൊന്ന്യത്തങ്കത്തിന്റെ രണ്ടാം നാളിലെ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

എം.പ്രസീത അദ്ധ്യക്ഷത വഹിച്ചു.

സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ മുഖ്യഭാഷണം നടത്തി.

വിവിധ മത്സര വിജയി കൾക്ക് സ്പീക്കർ സമ്മാനങ്ങൾ വിതരണം ചെയ്തു.

മണിപ്പൂരി കലാകാരികൾ അവതരിപ്പിച്ച താ തങ്ങ് യനബ ചടുലമായ ചുവട് വെപ്പുകളാലും, അടവ് മുറകളാലുംകായിക പ്രേമികളുടെ സിരകളെ ത്രസിപ്പിച്ചു..

തുടർന്ന്

ഗുരുകൃപകളരി സംഘം കതിരൂർ, എം.കെ. കണാരൻ ഗുരിക്കൾ മെമ്മാറിയൽ ഉദയ കളരി സംഘം, കടത്തനാട്കളരി സംഘം എന്നിവർ ഏഴരക്കണ്ടത്ത് പയറ്റ് മുറകളുടെ മായിക പ്രപഞ്ചം തീർത്തു. കണ്യാർകളി, തിരുവാതിരക്കളി എന്നിവയും ഇതര സംസ്ഥാന ആയോധന കലാരൂപങ്ങളും കാണികളുടെ മനം കവർന്നു. തുടർന്ന് പിന്നണി ഗായകൻ വിധുപ്രതാപും സംഘവും അവതരിപ്പിച്ച ഗാനമേളയുമുണ്ടായി.

വടക്കൻ ശൈലിയിലുള്ള കളരിപ്പയറ്റ് കാണാനുള്ള ഉൽക്കടമായ അഭിനിവേശവുമായാണ്

കോലിയക്കോട് 

കൃഷ്ണൻ നായരുടെ മകനും കിൻഫ്ര ജനറൽ മാനേജരുമായ ഡോ: ബി.ഉണ്ണികൃഷ്ണൻ ഏഴരക്കണ്ടത്തെത്തിയത്

ഇന്ന് ഗുരുകുലം കളരി ചൂരക്കൊടി കളരി ജയകേരള കളരി, പയ്യമ്പള്ളി കളരി എന്നി കളരി സംഘങ്ങളുടെ അഭ്യാസ പ്രകടനങ്ങളുണ്ടായിരിക്കും. അലാമിക്കളി, നാടൻ പാട്ട്, യോഗ നൃത്തം, ഇതര സംസ്ഥാന ആയോധന കലാരൂപങ്ങൾ എന്നിവ അരങ്ങേറും, 9 മണിക്ക് നരേഷ് അയ്യരുടെ ലൈവ് ഷോയുമുണ്ടാകും.

whatsapp-image-2026-02-17-at-10.16.25-pm

പള്ളൂരിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞു; ആളപായമില്ല


പള്ളൂർ: പള്ളൂർ പോലീസ് സ്റ്റേഷനു സമീപം പന്തക്കൽ റോഡിൽ നിയന്ത്രണം വിട്ട കാർ ആദ്യം മറ്റൊരു കാറിൽ ഇടിച്ചു. തുടർന്ന് ബൈക്കിനെയും ഇടിച്ച ശേഷം സമീപത്തെ കടയിലേക്ക് പാഞ്ഞുകയറി.

അപകടത്തിൽ ആളപായമില്ലെന്നാണ് ലഭ്യമായ വിവരം. എന്നാൽ സംഭവത്തിൽ പരിക്കേറ്റവരെ പള്ളൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനങ്ങൾക്കും കടയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

whatsapp-image-2026-02-17-at-10.17.08-pm

പ്രേമൻ നിര്യാതനായി.

ന്യൂമാഹി:ഒളവിലം -കോറോത്ത് മീത്തൽ പ്രേമൻ (54) നിര്യാതനായി.

ഭാര്യ : കനകം (തൃശ്ശൂർ)

മക്കൾ :ശിവജിത്ത്, പരേതനായ അഭിജിത്ത്.

സഹോദരങ്ങൾ :ചന്ദ്രൻ ( റിട്ട: എച്ച്.എം.ടി), രോഹിണി (ഒളവിലം), ശശിധരൻ (ഒളവിലം), ചന്ദ്രിക ( ചൊക്ലി ), പവിത്രൻ (ഒളവിലം) പ്രദീപൻ (അസിസ്റ്റൻ്റ് ജില്ല ഇൻഷൂറൻസ് ഓഫീസർ), പരേതരായ സുരേഷ് ബാബു (ഒളവിലം), ഭാസ്കരൻ (പള്ളൂർ).

whatsapp-image-2026-02-17-at-10.24.20-pm

അണ്ടല്ലൂരിൽ

രാമ- രാവണ യുദ്ധം അഗ്നി ചിതറുന്ന പോരാട്ടമായി 


:ചാലക്കര പുരുഷു


തലശ്ശേരി: ഒരു വ്യാഴവട്ടക്കാലത്തിന്റെ വനവാസവും , കടൽ കടന്നുളള യുദ്ധവും മനുഷ്യരും വാനര സമൂഹവുമെല്ലാം പങ്കാളികളായുള്ള മഹായുദ്ധത്തിന്റെ ഇതിഹാസ സ്മരണക്ക് നേർസാക്ഷ്യം പകർന്ന് ധർമ്മടം ദ്വീപിലെ അണ്ടല്ലൂർ കാവിൽ നടക്കുന്ന ബാലി സുഗ്രീവ യുദ്ധം, മെയ് വഴക്കത്തിന്റേയും, ചടുല താളലയ ഭാവങ്ങളുടേയും പ്രാണൻ തുടിക്കുന്ന മുഹൂർത്തങ്ങളായി.

കുംഭമാസത്തിലെ ഉച്ച സൂര്യൻ തലക്ക് മീതെ കത്തി നിൽക്കുമ്പോൾ, താഴെ ചുട്ടുപൊള്ളുന്ന പൂഴി പരപ്പിൽ സൂചി വീണാൽ നിലം തൊടാത്ത വിധം ജനക്കൂട്ടത്തിന് നടുവിൽ ഘോര യുദ്ധം നടക്കുകയാണ്. അസംഖ്യം അസുര വാദ്യങ്ങളുടേയും, കൊമ്പിൻ്റേയും കുഴലിൻ്റേയും കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങൾക്കും , ആർപ്പുവിളികൾക്കുമിടയിൽ അഗ്നി ഉരുകിയൊലിക്കും വെയിലിൽ പൊടിപാറിയ അങ്കം മുറുകുമ്പോൾ , ജനങ്ങൾ എല്ലാം മറക്കുന്നു. അധർമ്മത്തിനെതിരെയുള്ള ഇതിഹാസ യുദ്ധത്തിൽ കടും ചുവപ്പും, വിപരീത വർണ്ണങ്ങളായ കറുപ്പും വെളുപ്പുമായ മുഖത്തെഴുത്തും, സ്വർണ്ണ വർണ്ണം വെട്ടിത്തിളങ്ങുന്ന ആടയാഭരണങ്ങളുമായി രൗദ്രഭാവത്തിൽ ,ദ്രുതതാളത്തിൽ പെരുമ്പറ മുഴങ്ങുമ്പോൾ, മെയ്യഭ്യാസത്തിൻ്റേയും, കായിക മുറകളുടേയും മായിക കാഴ്ചകൾ സമ്മാനിച്ച് സുഗ്രീവനും, ബാലിയും ക്ഷേത്രാങ്കണ ത്തെ യുദ്ധക്കളമാക്കി മാറ്റി.. താക്കോൽ, ചുരിക, ദണ്ഡ്, തെങ്ങിൻ കുല, വില്ല് എന്നിവ ഉപയോഗിച്ചുള്ള ആട്ടങ്ങൾക്ക് അർത്ഥ തലങ്ങൾ ഏറെയാണ്. കുട്ടികൾ തൊട്ട്‌ പ്രായമേറിയവർ വരെ വാനരസേനയിലെ പോരാളികളായി മാറുന്ന കാഴ്ച രാമനോടുള്ള ദ്വീപ് നിവാസികളുടെ ഹൃദയൈക്യം വിളംബരം ചെയ്യുന്നു.

ഇന്നലെ ഉച്ചക്ക് രണ്ടര മണിയോടെയാണ് ബാലി-സുഗ്രീവ യുദ്ധം അങ്ങേറിയത്.രാവണപക്ഷത്തെ ഇല്ലായ്മ ചെയ്യാൻ ശ്രീരാമപക്ഷം നടത്തിയ ഘോര യുദ്ധത്തെ ചിത്രീകരിക്കുന്ന യുദ്ധമുറകളും, അടവ് തന്ത്രങ്ങളുമെല്ലാം ആയുധങ്ങളേന്തിയുള്ള ബാലിസുഗ്രീവ പോരാട്ടം കാണികളുടെ സിരകളെ ത്രസിപ്പിച്ചു. രാവണപക്ഷത്തെ അതിശക്തരായ വിരൂപാക്ഷൻ, പ്രഹസ്തൻ, കുംഭ കണ്ണൻ, മേഘനാഥൻ, അതികായൻ, ധൂമ്രാക്ഷൻ എന്നിവരുമായുള്ള യുദ്ധത്തേയും, വധത്തേയുമെല്ലാം ഓർമ്മിപ്പിക്കുന്ന പോരാട്ട ദൃശ്യങ്ങളുംചടങ്ങുകളുമെല്ലാം രാമായണത്തിലെ സംഭവ ബഹുലമായ ഏടുകളിലേക്ക് കാണികളെ കൊണ്ടു പോകുന്നു. അപൂർവ്വതെയ്യങ്ങൾ, അണ്ടല്ലൂർ ക്കാവിനെ അയോദ്ധ്യയും.ലങ്കയുമാക്കി നിലനിർത്തുകയാണ്..


ചിത്രവിവരണം: അണ്ടല്ലൂർ കാവിൽ അങ്കപ്പോര് കുറിച്ച അങ്കക്കാരൻ

whatsapp-image-2026-02-17-at-10.24.56-pm

എൻ പി സുരേന്ദ്രൻ മാസ്റ്ററെ അനുസ്മരിച്ചു


ഒളവിലം - ഒളവിലം സഫ്ദർ ഹാശ്മി വായനശാലയുടെ മുൻ പ്രസിഡണ്ടും നിലവിൽ എക്സിക്യുട്ടീവ് അംഗവുമായിരുന്ന എൻ പി സുരേന്ദ്രൻ മാസ്റ്ററെ അനുസ്മരിച്ചു. ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ എം കെ വിശ്വനാഥൻ മാസ്റ്റർ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വരക്കൂർ പുരുഷു, പുരോഗന കലാസാഹിത്യസംഘം പാനൂർ ഏരിയ സെക്രട്ടറി ടി ടി കെ ശശി , പെൻഷനേർസ് യൂണിയൻ പ്രതിനിധി പ്രൊഫ. അശോകൻ മാസ്റ്റർ, സി ഗംഗാധരൻ മാസ്റ്റർ, കെ പ്രദീപൻ, വൈ ചിത്രൻ, എ ബാബു ,സുധീഷ് പാത്തിക്കൽ എന്നിവർ സംസാരിച്ചു. വായനശാല വൈസ് പ്രസിഡണ്ട് എൻ പ്രകാശൻ മാഷുടെ അദ്ധ്യക്ഷതയിൽ സെക്രട്ടറി പി സാജു മാസ്റ്റർ സ്വാഗതവും എക്സിക്യുട്ടീവ് അംഗം അരുണൻ പി കെ നന്ദിയും പറഞ്ഞു

whatsapp-image-2026-02-17-at-10.25.20-pm

അണ്ടല്ലൂർ കാവിൽ ചിത്ര പ്രദർശനം തുടങ്ങി


അണ്ടല്ലൂർ.:മർട്ടി മീഡിയ ആർട്ടിസ്റ്റ് ഫോറം അണ്ടലൂർ ഉത്സവത്തോട നുബന്ധിച്ച് നടത്തിയ 41 ചിത്രകാരൻമാരുടെ പ്രദർശനം തുടങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി. ശബ്ന ഉദ്ഘാടനം ചെയ്തു. ടി. അനിൽ അദ്ധ്യക്ഷത വഹിച്ചു. ധർമ്മടം പഞ്ചായത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ഭാരവാഹികളെ ചടങ്ങിൽ അനുമോദിച്ചു. ദീപക് ധർമ്മടം, പി.എം. പ്രഭാകരൻ, ബി.ഗീതമ്മ ,പ്രൊഫ. എ. വത്സലൻ,വരച്ച ൽ സന്തോഷ് എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ അന്തരിച്ച സി.ഹംസ മാസ്റ്റർ അനുസ്മരണം ആയിഷ ടീച്ചർ നിർവഹിച്ചു കെ. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. മൾട്ടിമീഡിയ ആർട്ടിസ്റ്റ് ഫോറം 30ാം വാർഷികത്തോടനുബന്ധിച്ചാണ് പ്രദർശനം


ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി. ശബ്ന ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്ത് ചിത്രങ്ങൾ കാണുന്നു.

ടി വി ഗംഗാധരൻ അനുസ്മരണം നടത്തി


മാഹി:കഴിഞ്ഞ ദിവസം നിര്യാതനായ മുൻ മയ്യഴി നഗരസഭാ കമ്മീഷണർ ടി.വി.ഗംഗാധരൻ്റെ വേർപാടിൽ അദ്ദേഹം മാനേജിങ്ങ് ട്രസ്റ്റി പദവി വഹിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്ഥാപനമായ സ്നേഹ സദനിൽ ടി.വി.ഗംഗാധരൻ അനുസ്മരണം നടത്തി.

 കെ.പി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു അനുസ്മരണ യോഗത്തിൽ അസ്സീസ് മാഹി, അപർണ്ണ രാഥാകൃഷ്ണൻ, ശ്രീകുമാർ ഭാനു, ചാരോത്ത് രവീന്ദ്രൻ, അങ്ങാടിപ്പുറത്ത് രാജേന്ദ്രൻ, രമേഷ് പുരുഷു, സെയ്ത്തു, ദിവ്യ രാജീവ്, സോണിമ .ഇ സംസാരിച്ചു.

whatsapp-image-2026-02-17-at-10.31.16-pm

കാൻസർ രോഗികൾക്ക് സൗജന്യ യാത്ര സൗകര്യം 


തലശ്ശേരി – മലബാർ കാൻസർ സെൻറർ റൂട്ടിൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി) പുതിയ ബസ് സർവ്വീസ് ആരംഭിച്ചു. 

കാൻസർ രോഗികൾക്ക് ചികിത്സാ ആവശ്യങ്ങൾക്കായി സൗജന്യ യാത്രാ സൗകര്യം ഈ സർവ്വീസിൽ ലഭ്യമാകും.

പുതിയ സർവ്വീസിന്റെ ഫ്ലാഗ്ഗ്ഓഫ് ചടങ്ങ് ഫെബ്രുവരി 17-ന് രാവിലെ നടന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ നിർവ്വഹിച്ചു. 

കെഎസ്ആർടിസിയെ പ്രതിനിധീകരിച്ച് എസ്. മുഹമ്മദ് ബഷീർ

(അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ), കെ.പി. സുഭാഷ്

(ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ), പി.വി. രാഹിത്ത്

(അസിസ്റ്റൻറ് ഡിപ്പോ എൻജിനീയർ) എന്നിവരും ജനപ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ, നാട്ടുകാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ചികിത്സക്കായി എം.സി.സി.യിലേക്ക് എത്തുന്ന കാൻസർ രോഗികൾക്ക് ഈ സൗജന്യ യാത്രാ പദ്ധതി വലിയ ആശ്വാസമായിരിക്കും. 

സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും സഹായകരമാകുന്നതാണ് ഈ പദ്ധതി.

തലശ്ശേരി മേഖലയിലെ ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാ സംവിധാനമൊരുക്കുന്നതോടൊപ്പം, മാനവികത മുൻനിർത്തിയുള്ള സാമൂഹിക ഉത്തരവാദിത്വ പ്രവർത്തനത്തിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സി ഈ സർവ്വീസ് ആരംഭിച്ചിരിക്കുന്നത് എന്ന് ഉദ്ഘാടനച്ചടങ്ങിൽ സ്പീക്കർ പറഞ്ഞു

whatsapp-image-2026-02-17-at-10.32.10-pm

ചൊക്ലി–കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഗവ. കോളേജ് വഴിയുള്ള KSRTC ബസ് സർവീസിന് തുടക്കം


ചൊക്ലി: ചൊക്ലി–കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് വഴിയുള്ള പുതിയ KSRTC ബസ് സർവീസിന് കാഞ്ഞിരത്തിന്കീഴ് ടൗണിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

ഫ്ലാഗ് ഓഫ് ചടങ്ങ് നിയമസഭാ സ്പീക്കർ കെ.എൻ. ഷംസീർ നിർവഹിച്ചു. ചടങ്ങിൽ ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. അനൂപ് അധ്യക്ഷത വഹിച്ചു.

പ്രദേശത്തെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനകരമായ ഈ സർവീസ് ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിൽ നിർണായകമായ ചുവടുവെയ്പാണെന്ന് സ്പീക്കർ പറഞ്ഞു.

തലശ്ശേരി, മാടപ്പീടിക, മഞ്ഞോടി, പാറാൽ, പള്ളൂർ, കാഞ്ഞിരത്തിന്കീഴ്, ചൊക്ലി, KBMG കോളേജ് (ചൊക്ലി FHC), നാരായണൻ പറമ്പ്, ഒളവിലം, പള്ളിക്കുന്ന്, പടന്നക്കര തുടങ്ങിയ സ്ഥലങ്ങളിലൂടെ ബസ് സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

whatsapp-image-2026-02-17-at-10.32.27-pm

ഗവ:എൽ.പി.സ്കൂൾ മൂലക്കടവിന് ഓവറോൾ ചാമ്പ്യൻഷിപ്പ് .


മാഹി:ഫിറ്റ്നസ് അക്കാദമി മാഹിയുടെ കുട്ടിക്കൂട്ടം - 2026 കായികമേളയിൽ ഗവൺമെൻ്റ്എൽ.പി.സ്കൂൾ മൂലക്കടവിന് ഓവറോൾ ചാമ്പ്യൻഷിപ്പ് .

ഫിറ്റ്നസ് അക്കാദമി മാഹിയുടെ നേതൃത്വത്തിൽഎൽ.കെ.ജി. മുതൽ അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന ഇരുപത്തിയഞ്ചോളം സർക്കാർ–സ്വകാര്യ വിദ്യാലയങ്ങളിലെ അറുന്നൂറോളം കുട്ടികൾ പങ്കെടുത്ത കുട്ടിക്കൂട്ടം - 2026 മാഹി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ സംഘടിപ്പിച്ചു.

 ചടങ്ങിൽ എഫ്എ.എം ഡയറക്ടർ പ്രേമൻ കല്ലാട്ട് സ്വാഗതം പറഞ്ഞു. 


മുൻ ആഭ്യന്തര മന്ത്രി ഇവത്സരാജ് അധ്യക്ഷനായി. മാഹി മുനിസിപ്പൽ കമ്മീഷണർ ശ്രീജിത്ത് കായികമേള ഉദ്ഘാടനം ചെയ്തു. പുതുച്ചേരി കിഡ്സ് സംസ്ഥാന താരം നീലിമ സുജിത്ത് പ്രത്യേക ക്ഷണിതാവായി.

 എഫ്എ.എം ഡയറക്ടർ പ്രേമൻ കല്ലാട്ട് സ്വാഗതവും 

 ഡയറക്ടർ വിനോദ് വളപ്പിൽ നന്ദിയും പറഞ്ഞു. 

സമാപന സമ്മേളനത്തിൽ

പി.സി. ദിവാനന്ദൻ അധ്യക്ഷത വഹിച്ചു. മാഹി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാർ പി.എ. ഉദ്ഘാടനം നിർവഹിച്ചു. മുൻ കായികതാരം ഷുഹൈബ് മാളിയേക്കൽ മുഖ്യാതിഥിയായി .നിഖിൽ രവീന്ദ്രർ സ്വാഗതവും. വളവിൽ വത്സരാജ് നന്ദിയും പറഞ്ഞു.

വിവിധവിഭാഗം ചാമ്പ്യന്മാർ:

പ്രി-പ്രൈമറി: ഗവൺമെൻ്റ് എൽ.പി.സ്കൂൾ മൂലക്കടവ്

സബ് ജൂനിയർ (1 & 2): ആവില ലോവർ പ്രൈമറി സ്കൂൾ

(3 & 4): സെൻ്റ് തെരസാ ഹൈസ്കൂൾ ചാലക്കര

സീനിയർ എൽ.പി. (5th): ഗവ. LP സ്കൂൾ പാറക്കൽ

ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ ഗവൺമെൻ്റ് എൽ.പി. സ്കൂൾ മൂലക്കടവ് ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി.

ഡയറക്ടർമാരായ രാജേഷ് ശിവദാസ്, വിനോദ് വളപ്പിൽ, അത്ലറ്റിക് കോച്ച് അർച്ചന ടീച്ചർ, എഫ്എ എം /.പി.ടി.എ. അംഗങ്ങൾ നേതൃത്വം നൽകി.

whatsapp-image-2026-02-17-at-10.34.19-pm-(1)

മങ്ങാട്‌ ശ്രീ വാണുകണ്ട കോവിലകത്ത് ഇനി പഞ്ച ദേശക്കാരുടെ മഹോത്സവവുംതിറമഹോത്സവവും

ന്യൂമാഹി:ചരിത്രവും വിശ്വാസവും ഇഴചേർന്ന് കിടക്കുന്ന ചിരപുരാതനമായ ആരാധനാലയമാണ് ന്യൂമാഹി പഞ്ചായത്തിലെ മങ്ങാട്‌ ശ്രീ വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രം. ഉത്തര മലബാറിലെ ക്ഷേത്രസമുച്ചയങ്ങളിൽ സുപ്രധാന സ്ഥാനമർഹിക്കുന്ന ആരാധനാലയങ്ങളിലൊന്നാണിത്. 

തനതായദേവസങ്കല്പമുള്ള കാവും ക്ഷേത്ര സംസ്കാരത്തിന്റെ ഭാഗമായ നാലമ്പലവും ഇവിടുത്തെ പ്രത്യേകതയാണ്. മയ്യഴിപ്പുഴയുടെ തീരത്ത്  ദേശീയപാതയ്ക്ക് അരികിലായി മങ്ങാട് ദേശത്താണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ശ്രീ വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രം.

 പഞ്ചദേശങ്ങളുടെയും ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും സമാധാനത്തിനുമായി കാരണഭൂതമായത്‌ ഈ ക്ഷേത്രമാണെന്നാണ്‌ വിശ്വാസം.

 ശ്രീകോവിലിന്റെ തെക്കുവശത്തായി ഇടതൂർന്ന് പടർന്ന് പന്തലിച്ച വൃക്ഷലതാദികൾകൊണ്ട് നിബിഡമായ കാവും, വടക്ക് കിഴക്കേ ഭാഗത്തെ ചിറയും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്‌.

മങ്ങാട്‌, കവിയൂർ, ഒളവിലം, പള്ളിപ്രം, പെരിങ്ങാടി തുടങ്ങീ പഞ്ചദേശവാസികളുടെ ആത്മീയ അഭയസ്ഥാനമായ വാണുകണ്ട കോവിലകം ഭഗവതിക്ഷേത്രത്തിന്‌ ‘കൂലോത്ത്’ എന്ന പേരു കൂടിയുണ്ട്‌.

നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിലെ ശ്രീകോവിലിൽ ത്രിഗുണാത്മികയും ശാന്തസ്വരൂപിണിയുമായ ശ്രീപാർവതിയും (ശ്രീ പോർക്കലി കരിമ്പാം ഭഗവതി ), വേട്ടെയ്‌ക്കൊരുമകനും, ഭദ്രകാളിയും കുടികൊള്ളുന്നു. ക്ഷേത്രത്തോടുചേർന്നുള്ള സർപ്പകാവിൽ ചിത്രകൂടത്തിൽ നാഗരാജാക്കൻമാരുടെ ചൈതന്യവുമുണ്ട്‌. ക്ഷേത്ര മതിൽക്കെട്ടിന്‌ പുറത്തായി തറവാട് വീടിനകത്ത് ഗുരുകാരണവരെയും, കുട്ടിച്ചാത്തൻ, ഗുളികൻ, വസൂരിമാല ഭഗവതിയെയും ആരാധിച്ചുവരികയും കെട്ടിയാട്ടം നടത്തുകയും ചെയ്യുന്നു.  

അയിത്തം നിർമാർജനം ചെയ്യാൻ കേരളഗാന്ധി കെ കേളപ്പന്റെ നേതൃത്വത്തിൽ പുരോഗമനവാദികൾ കേരളമാകെ സഞ്ചരിച്ചപ്പോൾ, ഗജവീരന്റെ അകമ്പടിയോടെ അദ്ദേഹത്തെയും സംഘത്തെയും കോവിലകത്തേക്ക് സ്വീകരിക്കുകയും ക്ഷേത്രപ്രവേശന വിളംബരം നടത്തുകയും ചെയ്ത പത്തില്ലത്ത് അടിയോടിമാരുടെ പ്രധാന ക്ഷേത്രസ്ഥാനമാണിത്.

 ക്ഷേത്രത്തിൽ 

 ഫെബ്രുവരി 19- മുതൽ 25വരെയാണ്‌ പുനഃപ്രതിഷ്ഠാ നവീകരണ ബ്രഹ്മകലശമഹോത്സവും തിറ മഹോത്സവവും നടക്കുന്നത്. 

24 വർഷത്തിനിടെ ആദ്യമായാണ് ക്ഷേത്രം പുനഃപ്രതിഷ്ഠ - നവീകരണ - ബ്രഹ്മകലശമഹോത്സവത്തിന് ഒരുങ്ങുന്നത്.കുംഭം 11ന് തിങ്കൾ രാത്രി എട്ടിന്‌ പഞ്ചദേശങ്ങളിലെ പൗരപ്രമുഖർക്കും സ്ഥാനികർക്കും വെത്തിലകൈനീട്ടം നൽകിയാണ് ക്ഷേത്രം കാരണവർ വാണുകണ്ട കോവിലകത്ത് ഭാസ്കരൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഉത്സവത്തിന് കൊടിയേറ്റം നടത്തുന്നത് .

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂര് പത്മനാടൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെയും മുഖ്യകാർമ്മികത്വത്തിലാണ് ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾ. 

നട്ടുച്ചയ്ക്ക് ഭദ്രകാളിക്ക് ഗുരുതി നടക്കുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ വാണു കണ്ട കോവിലകം ഭഗവതി ക്ഷേത്രം. 25ന് പകൽ 12നാണ് ഗുരുതി.

ഫെബ്രുവരി 19 

1-ാം ദിവസം

കലവറ നിറക്കൽ,

വിവിധ പൂജകൾ.

ഫെബ്രുവരി 20 

2-ാം ദിവസം

പുനഃപ്രതിഷ്ഠ - നവീകരണ - ബ്രഹ്മകലശമഹോത്സവത്തിൻ്റെ ഭാഗമായി ബ്രഹ്മശ്രീ തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര് പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ

വിവിധ പൂജകൾ.

ഫെബ്രുവരി 21 

3-ാം ദിവസം

കാലത്ത്

വിവിധപൂജകൾ, ആചാര്യവരണം, 

പകൽ 12 നും ഒന്നിനുമിടയിൽ ദേവപ്രതിഷ്ഠ.

പ്രസാദസദ്യ.

നട തുറന്ന് നിറമാലതായമ്പക

21ന് രാത്രി ഏഴിന്‌ശ്രീമതി വി കെ ഷീജ ശിവദാസിന്റെ

നേതൃത്വത്തിൽ നൃത്തരാവ്

പ്രാദേശിക കലാകാരൻമാരുടെ കലാപരിപാടികൾ.  

4-ാം ദിവസംഞായറാഴ്ചനാഗപ്രതിഷ്‌ഠാദിനം

രാവിലെ ഒമ്പതിന്‌ബ്രഹ്മശ്രീ തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര് പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽവിവിധ പൂജകൾ.

നൂറും പാലും, നാഗപൂജ, നാഗപുഷ്‌പാഞ്ജലിരാത്രി എട്ടിന്‌ സർപ്പബലിഉച്ചയ്‌ക്ക്‌ ഒന്നിന്‌പ്രസാദസദ്യ

വൈകീട്ട് ആറിന്സാംസ്‌കാരിക സദസ്സും ആദരായനവുംരാത്രി എട്ടിന് ഗാനമേള

 5-ാം ദിവസം

തിങ്കളാഴ്ചതിറ മഹോത്‌സവം ആരംഭംരാവിലെ ഏഴുമണിമുതൽനെയ്‌വിളക്ക്‌ സമർപ്പണംഉച്ചയ്‌ക്ക്‌ ഒന്നിന്‌

പ്രസാദസദ്യനിറമാല

തായമ്പകകടമേരി ഉണ്ണികൃഷ്‌ണൻ മാരാരും സംഘവും

രാത്രി ഏഴിന്‌പഞ്ചദേശ പ്രതിനിധികൾക്കും സ്ഥാനികർക്കും

വെത്തില കൈനീട്ടംരാത്രി എട്ടിന്‌

ക്ഷേത്രം കാരണവർ

വാണുകണ്ട കോവിലകത്ത് ഭാസ്കരൻ മാസ്റ്ററുടെ നേതൃത്വത്തിൽ കൊടിയേറ്റം.തുടർന്ന്‌ കെട്ടിക്കോലം

പ്രസാദസദ്യ6-ാം ദിവസം

ചൊവ്വാഴ്ചരാവിലെ ഏഴുമണിമുതൽനെയ്‌വിളക്ക്‌ സമർപ്പണംദൈവീകമായ ചടങ്ങുകൾ

ഉച്ചയ്‌ക്ക്‌ ഒന്നിന്‌പ്രസാദസദ്യവൈകീട്ട്‌ മൂന്നിന്‌ മങ്ങാട് പുതിയലത്തുനിന്നും

തിരുവുടയാട എഴുന്നള്ളത്ത്വൈകീട്ട്‌ നാലിന്‌ മങ്ങാട് തുണ്ടിയിൽനിന്നും

തിരുവായുധം എഴുന്നള്ളത്ത്തുടർന്ന്, ദീപാരാധന

നിറമാല.കട്ടിച്ചാത്തന്റെ വെള്ളാട്ടം

വൈകീട്ട്‌ 6.30ന്‌താലപ്പൊലി വരവ്‌

(ശ്രീ മാളിയക്കണ്ടി ഗോവിന്ദന്റെ ഭവനത്തിൽനിന്നും ആദ്യ താലപ്പൊലി, അടിയറവരവ്.തുടർന്ന്‌ നാടിന്റെവിവിധ ഭാഗങ്ങളിൽനിന്നുംതാലപ്പൊലി ഘോഷയാത്ര

പുലർച്ചെവരെ

ഗുളികൻ, വേട്ടയ്ക്കൊരുമകൻ, ഭദ്രകാളി, ശ്രീ പോർക്കലി കരിമ്പാം ഭഗവതി, വസൂരിമാല തെയ്യങ്ങളുടെ വെള്ളാട്ടംബുധനാഴ്ച 7-ാം ദിവസം

പുലർച്ചെ നാലിന് കലശം തേടൽ5ന് ഉത്തക്കണ്ടി കണ്ണൻ കോമരത്തിന്റെ വീട്ടിൽ നിന്ന്അമൃത കലശം വരവ്തുടർന്ന്‌ ഗുളികൻ തിറരാവിലെ പത്തിന്‌ഭദ്രകാളിത്തിറ

പകൽ 12ന്‌കുട്ടിച്ചാത്തൻ തിറപകൽ ഒരുമണിക്ക്‌

 വേട്ടയ്ക്കൊരുമകൻതിറഭദ്രകാളിയുടെ ഗുരുതിപകൽ രണ്ടുമണിക്ക്‌

ശ്രീപോർക്കലി കരിമ്പാം ഭഗവതി തിറപകൽ മൂന്നുമണിക്ക്‌  വസൂരിമാലത്തിറ

ഉച്ചക്ക് 12 മുതൽ 2.30 വരെപ്രസാദസദ്യവൈകീട്ട്‌ 4.30ന്

ശ്രീപോർക്കലി കരിമ്പാം ഭഗവതിയുടെ തിരുമുടിയേറ്റ്

വൈകീട്ട്‌ അഞ്ചുമണിക്ക്‌വേട്ടയ്ക്കൊരു മകന്‌ തേങ്ങയേറ്

തുടർന്ന്‌ശ്രീ വസൂരിമാല ഭഗവതിയുടെ തിരുമുടിയേറ്റ്ഭക്തിനിർഭരമായ ചടങ്ങുകളോടെ ഗുരുതി

വൈകീട്ട്‌ ആറിന്‌അണിയിൽനിന്ന് പിരിയൽ

രാത്രി 8ന്അത്താഴപൂജ, നട അടക്കൽഫെബ്രുവരി 19 മുതൽ 25 വരെ എല്ലാ ദിവസവുംരാവിലെ 5.30ന്‌നടതുറക്കൽ6ന്‌ ഗണപതി ഹോമം, 7ന്‌ ഉഷപൂജ, നക്ഷത്രപൂജ, വിദ്യാവർധിനി പൂജ

വൈകീട്ട്‌ 5.30ന്‌ നടതുറക്കൽതുടർന്ന്‌ ദീപാരാധന, സമൂഹപ്രാർത്ഥന.രാത്രി എട്ടിന്‌ അത്താഴപൂജ, നട അടയ്‌ക്കൽ.

റംസാൻ റിലീഫ് സംഗമം

 ഫെബ്രുവരി 22 ന്


ന്യൂമാഹി: പെരിങ്ങാടി മുസ്ലിംറിലീഫ് കമ്മിറ്റി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫ് സംഗമം

 ഫെബ്രുവരി 22 ന് രാവിലെ 11 മണിക്ക്എം എം എൽ പി സ്കൂളിൽ നടക്കും.   

 53 വർഷമായി നടത്തിവരുന്ന റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി സൗജന്യ ഭക്ഷണ കിറ്റ് വിതരണവും നടത്തും.  

കെ കെ ബഷീറിന്റെ അദ്ധ്യക്ഷതയിൽ'ഉമർ സഖാഫി കൊട്ടപ്പുറംഉദ്ഘാടനം നിർവഹിക്കും.

മാഹി കൃഷി വകുപ്പ്

അറിയിപ്പ്.


പയർ, ചീര, വെണ്ട, വെള്ളരി, മുളക് എന്നീ 5 തരം പച്ചക്കറി വിത്തുകൾ അടങ്ങിയ കിറ്റ് വിതരണത്തിനായി എത്തിയിരിക്കുന്നു.

18.02.26 ബുധനാഴ്ച മുതൽ പള്ളൂർ, മാഹി കൃഷി ഓഫീസുകളിൽ നിന്ന് സബ്സിഡി നിരക്കായ 16 രൂപ അടച്ച് വാങ്ങിക്കാവുന്നതാണ്.

വിതരണം കർഷക തിരിച്ചറിയൽ കാർഡിനെ അപേക്ഷ നൽകിയവർക്ക് മാത്രം.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles