പൊന്ന്യത്തങ്കം ലോക ബ്രാന്റായി: സ്പീക്കർ

പൊന്ന്യത്തങ്കം ലോക ബ്രാന്റായി: സ്പീക്കർ
പൊന്ന്യത്തങ്കം ലോക ബ്രാന്റായി: സ്പീക്കർ
Share  
2026 Feb 16, 11:42 PM

പൊന്ന്യം: ലോക കായികപ്രേമികളുടെ ബ്രാന്റായി പൊന്ന്യത്തങ്കം മാറിയിരിക്കുകയാണെന്നും,

തൃശൂർ പൂരത്തെപ്പോലെ ജനഹൃദയങ്ങളിൽ ഇടം നേടിയിരിക്കുകയാണെന്നും സ്പീക്കർ അഡ്വ. എ.എൻ . ഷംസിർ അഭിപ്രായപ്പെട്ടു. പുല്ലോടി പാട്യം ഗോപാലൻ സ്മാരക ക്ലബ്ബിന്റെയും ഫോക് ലോർ അക്കാദമി യുടേയും സംയുക്താഭിമുഖ്യത്തിൽഏഴരക്കണ്ടത്തിൽ നടക്കുന്ന പതിനൊന്നാമത് പൊന്ന്യത്തങ്കം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ.


whatsapp-image-2026-02-16-at-9.57.57-pm

പൊന്ന്യം കളരി അക്കാദമിയും, മ്യൂസിയവും യാഥാർത്ഥ്യമാക്കാനായത്

അഭിമാനകരമായ നേട്ടമാണെന്ന് സ്പീക്കർ പറഞ്ഞു.

ഡി.ഐ.ജി.യതീഷ് ചന്ദ്ര കൊടിയേറ്റം നടത്തി. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് വി.പി.സുജയ അദ്ധ്യക്ഷത വഹിച്ചു.


whatsapp-image-2026-02-16-at-9.57.58-pm

എ.പ്രദീപ് കുമാർ, എൻ. അനൂപ്, മിനി പ്രസാദ്, എ.വാസു,,സജീവ് മാറോളി , സജേഷ് സത്യ ലാൽ, സംസാരിച്ചു. എൻ.പി.വിനോദ് കുമാർ സ്വാഗതവും, പ്രോഗ്രാം ഓഫീസർ പി.വി. ലാവ്ലിൻ നന്ദിയും പറഞ്ഞു.

തുടർന്ന് നൂറാം വാർഷികം ആഘോഷിക്കുന്ന തിരുവങ്ങാട് സി.വി.എൻ. കളരി സംഘത്തിന്റെ വിസ്മയകരമായ അടവുമുറകളാണ് ഏഴരക്കണ്ടം അങ്കത്തട്ടിനെ ഉണർത്തിയത്.


whatsapp-image-2026-02-16-at-9.57.56-pm

ശിവദാസൻ . ഗുരിക്കളും ശിഷ്യരും അങ്കത്തട്ടിൽ അടവ് മുറകൾ ഒന്നൊന്നായി പ്രയോഗിച്ചപ്പോൾ ശ്വാസമടക്കിയാണ് തിങ്ങി നിറഞ്ഞ ആയിരങ്ങൾ മായിക ക്കാഴ്ചകൾ കണ്ടു നിന്നത്. തൊഴുത്തിൽ തുടങ്ങി മൂന്നാൾ പയറ്റിലെത്തിയപ്പോൾ അരുൺ , അനുപ് ,അഖിത്ത് എന്നിവർ അങ്കത്തട്ടിൽ വാൾത്തലപ്പുകൾ കൊണ്ട് അഗ്നി സ്ഫോടനം സൃഷ്ടിച്ചു. അനിലും, ഷിൻജുളും ചെറുവടിയിലും, വിജേഷും വൈഷ്ണവും കെട്ടുക്കാരിയിലും അനിതരസാധാരണമായ വൈദഗ്‌ധ്യം പ്രകടമാക്കി. ഉടവാൾ പയറ്റിന്റെ അതിശയകരമായ വഴക്കങ്ങളുമായി ശ്രീലക്ഷ്മിയും, അർജുനും കാണികളെ ത്രസിപ്പിച്ചു. ഒറ്റയിൽ സതീഷും, വരുണും പ്രാഗത്ഭ്യം തെളിയിച്ചപ്പോൾ , അരുണും , അഖിത്തും വാൾപ്പയറ്റിൽ അഗ്നിജ്വാലകളായി. കഠാര പ്പയറ്റിൽ അനീഷും,ഷിൻജുളും അവിസ്മരണീയമാക്കി.ശിവദാസ് ഗുരിക്കളുടെ മറപിടിച്ച് കുന്തവും, വിജേഷ് ,അനൂപ് എന്നിവരുടെ ഉറുമി പയറ്റും , ഉറുമി വീശലും അഗ്നി ചിതറുന്ന പോരാട്ടം കാഴ്ച വെച്ചു

പ്രാണൻ പിടഞ്ഞ മണ്ണിൽ

ഓർമ്മകൾക്ക് വീരവണക്കം..


ചാലക്കര പുരുഷു


പൊന്ന്യം:ഏഴരക്കണ്ടത്തിന്റെ മണ്ണിലും വിണ്ണിലുംമനസ്സിലും അങ്കക്കലിയുടെ തിരമാലകൾ.

ഇടിമിന്നലിന്റെ ശബ്ദഘോഷം..

തീക്കാറ്റിന്റെ തീഷ്ണത..

ചോരയിൽ കുതിർന്ന രണഗാഥകളിൽ നിന്നുയിർ കൊണ്ട് വളർന്ന പുത്തൻ തലമുറ നാളിതേവരെ കണ്ട ഇതിഹാസ സമാനമായ അങ്കത്തട്ടിൽ ഒതേനനും , കതിരൂർ ഗുരിക്കളുമായി പുനർ ജൻമം പൂണ്ടു . കാലത്തിന് മായ്ക്കാനാവാത്ത രണസ്മരണകൾ വാൾത്തലപ്പുകളിൽ അഗ്നിസ്ഫുലിംഗങ്ങളായി. ഉറുമിയുടെ ശിൽക്കാരങ്ങളിൽ കൊടുങ്കാറ്റായി.

കളരി ദൈവങ്ങളായി മൂന്നര നൂറ്റാണ്ടുകൾക്ക് മുമ്പ് അവതരിച്ച തച്ചോളി ഒതേനനും, കതിരൂർ ഗുരിക്കളും പ്രാണൻ വെടിഞ്ഞ മണ്ണിൽ കുംഭച്ചൂടിലും ചോരപ്പൂക്കൾ വിരിഞ്ഞത് പോലെ...

ഏഴരക്കണ്ടം... നിത്യേന പൊന്ന്യത്തങ്കത്തിനെത്തുന്ന ആയിരങ്ങളെയാണ് ഈ അങ്കത്തട്ട് അതിശയലോകത്ത് എത്തിക്കുന്നത്....

അതിവിശാലമായ പാടത്തിന്റെ നാല് ദിക്കുകളിലും പ്രതിധ്വനിക്കുന്ന ഉച്ചഭാഷിണിയിലൂടെയുള്ളവടക്കൻ പാട്ടിന്റെശീലുകൾ.. പൊന്നാപുരം കോട്ടയെ ഓർമ്മിപ്പിക്കുന്ന പ്രവേശനകവാടം.. ഇരുവശങ്ങളിലുമായി കത്തി നിൽക്കുന്ന പന്തങ്ങൾ.. കുതിരപ്പുറത്തും , പൊയ്ക്കാലുകളിലുമെത്തുന്ന പോരാളികൾ... ജയദേരി മുഴക്കി , വാദ്യഘോഷങ്ങളോടെ നീങ്ങുന്ന രണധീരന്മാർ.. കളരിയുടെ പതിനെട്ടടവുകളും സ്വായത്തമാക്കിയ , ജീവിതം കളരിക്കായി ഉഴിഞ്ഞ് വെച്ച ആശാന്മാർ.. കച്ചമുറുക്കി വാളും ഉറുമിയുമായി ആകാശത്ത് മിന്നൽപ്പിണരുകൾ തീർക്കുന്ന ഉണ്ണിയാർച്ച യുടേയും തുമ്പോലാർച്ചയുടേയും പിൻമുറക്കാരികൾ...

ഉറുമിയുടെ ശീൽക്കാരങ്ങളും, വാൾത്തലപ്പുകൾ ഉതിർക്കുന്ന തീപ്പൊരികളും, കാണികളുടെ ആർപ്പ് വിളികളും കൊണ്ട് , ഏഴരക്കണ്ടം പിന്നിട്ട ആറ് നാളുകളിൽ രാപകലില്ലാതെ തിളച്ചുമറിയുകയാണ്..

അങ്കത്തട്ടിലേക്കുള്ള വഴികളുടെ ഇരുഭാഗങ്ങളിലുമായി ഗതകാല കളരി ആയുധങ്ങൾ, പുരാവസ്തുക്കൾ, അമുല്യനാണയ ശേവരം, പച്ച മരുന്നുകളുടെ ഗന്ധം പേറുന്ന കളരിമർമ്മ ചികിത്സാ ഡെമോൺസ്ട്രേഷനുകൾ , നാവിലെ രസമുകുളങ്ങളെ ഉണർത്തുന്ന നാടൻ ഭക്ഷണ ശാലകൾ, കളരി മ്യൂസിയം സ്റ്റാൾ, നിയമസഭാ മ്യൂസിയം സ്റ്റാൾ എന്നിവ കാണികളെ മാടി വിളിക്കുന്നു.

 വാമൊഴി ചരിത്രത്തിലൂടെ, വടക്കൻ വീരഗാഥ ഇന്നും ഈ നാടിന്റെ ഹൃദയ ധമനികളിൽ ഒഴുകിക്കൊണ്ടിരിക്കുന്നു..

32 വയസ്സിനിടയിൽ 64 അങ്കങ്ങൾ ജയിച്ച്,

പയറ്റുമുറകളിൽ അമാനുഷികപാടവം പുലർത്തിയ തച്ചോളി ഒതേനനും, കളരിമുറക ളിലെ വിസ്‌മയപ്രകടനം കൊണ്ട് നാടിൻ്റയാകെ ആരാധാനാപാത്രമായി മാറുകയും ചെയ്‌ത , ആയിരം കളരികൾക്കധിപനായ കതിരൂർ ഗുരുക്കളും , അങ്കം കുറിച്ച് പ്രാണൻ വെടിഞ്ഞ പൊന്ന്യം കളരിക്കളം ഇന്ന് ലോക ശ്രദ്ധയാകർഷിച്ച ആയോധന കലയുടെ ജീൻ സംഭരണ കേന്ദ്രമാണ്. കളിക്കാരായും, കാണികളായും ദേശവിദേശങ്ങളിൽ നിന്ന് ആയിരങ്ങളാണ് നിത്യേന കടത്തനാട്ടിലെ ഈ

കളരി തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നത്.

 കതിരൂർ ഗുരുക്കൾ വീശിയ ഉറുമിയുടെ വായുവേഗനീക്കങ്ങളുടെ ശീൽക്കാരം, കാലാന്തരങ്ങൾ കഴിഞ്ഞിട്ടും കായിക പ്രേമികളുടെ മനസ്സിൽ ഇന്നും മായാതെ നിൽപ്പുണ്ട്. കുംഭം 10, 11 തിയ്യതികളിൽ പൊന്ന്യത്ത് നടന്ന അങ്കത്തിൽ കളരിയുടെ കുലപതിയായ കതിരൂർ ഗുരുക്കളെ അടവുകളത്രയും പയറ്റിയിട്ടും.വീഴ്ത്താനാകാതെ വന്നപ്പോൾ, പൂഴിക്കടകൻ പ്രയോഗിച്ചാണ് ഒതേനൻ വധിച്ചെതെന്ന് ഗുരിക്കളുടെ ശിഷ്യൻമാർ വിശ്വസിച്ചു. ഗുരുക്കളുടെ അന്ത്യം താങ്ങാനാവാതെ ശിഷ്യനായ മായൻപക്കി നെൽപ്പാടത്തിൽ ഒളിച്ചിരുന്ന് നാടൻ തോക്ക് ഉപയോഗിച്ച് ഒതേനന്റെ നെറ്റിക്ക് വെടിവെക്കുകയായിരുന്നു. മായൻപക്കിയെ ഉടൻ അമ്പെയ്‌തു വീഴ്ത്തിയ പുള്ളുവൻ്റെ ഇളനീരാണ് തനിക്ക് വേണ്ടതെന്ന് ആഗ്രഹം പ്രകടിപ്പിച്ച ഒതേനന് ,പുള്ളുവൻ്റെ ഇളനീരെത്തിച്ച ജ്യേഷ്‌ഠൻ കോമപ്പക്കുറുപ്പിനോട് "നെറ്റിത്തടത്തിൽ ഒരുണ്ട കൊണ്ടാൽ മരിച്ചുപോകുകയില്ലെന്ന്” പുഞ്ചിരിച്ച് കൊണ്ട് ആശ്വസിപ്പിച്ച ഒതേനൻ്റെ വാക്കുകൾ കേട്ട് കോമപ്പക്കുറുപ്പിൻ്റെ കണ്ണു നിറഞ്ഞ് പോയതായി വടക്കൻപാട്ടിൽ ഹൃദയഭേദകമായി ആലേഖനം ചെയ്‌തിട്ടുണ്ട്.

കടത്തനാട്ടിൻ്റെ കളരി പാരമ്പര്യം അന്യംനിന്ന് പോകാതിരിക്കാനാണ് ഏഴരക്കണ്ടത്തിൽ പുതുതലമുറയിലെ കായികപ്രേമികളും, കളരി അഭ്യാസികളും ഇവിടെ കളരിപ്പയറ്റുംസകലമാന നാടൻ കലാപ്രകടനങ്ങളും ഒരുക്കിയിട്ടുള്ളത്. ഗവർണ്ണർ , മുഖ്യമന്ത്രി, മന്ത്രിമാർ ,കലാ-സാംസ്ക്കാരിക-കായിക പ്രതിഭകളെല്ലാം കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഇവിടെ എത്തിചേർന്നിട്ടുണ്ട്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles