ടി.വി.ഗംഗാധരൻ നിര്യാതനായി

ടി.വി.ഗംഗാധരൻ നിര്യാതനായി
ടി.വി.ഗംഗാധരൻ നിര്യാതനായി
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2026 Feb 15, 01:08 AM

മയ്യഴി: മാഹി പുത്തലത്ത് 'ഗംഗയി 'ൽ ടി.വി.ഗംഗാധരൻ (89) അന്തരിച്ചു.റിട്ട. മാഹി മുനിസിപ്പൽ കമ്മീഷണറാണ്.പുതുച്ചേരിയിലെ ബീച്ച് മെസ്സ് കൂട്ടായ്മയുടേയും, മാഹി സ്നേഹ സദൻ്റേയും സ്ഥാപക അംഗമാണ്. ഭാര്യ: പരേതയായ പ്രേമലത (റിട്ട. പ്രഥമാധ്യാപിക, സി.ഇ. ഭരതൻ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ, മാഹി ) മക്കൾ: ജിതേഷ് (ഐ.ടി.ചെന്നൈ), ഡോ.ജിഷ ( സിങ്കപ്പൂർ) മരുമക്കൾ: സോന (അധ്യാപിക, ആർമി പബ്ലിക്ക് സ്കൂൾ, ചെന്നൈ), അനൂപ് റാവു (ഐ.ടി.കമ്പനി, ബെങ്കളൂരു) സഹോദരങ്ങൾ: പത്മിനി (ധർമ്മടം), ശോഭ (മംഗളൂരു) പരേതരായ കൗസല്യ, നാരായണി, ജയപ്രകാശ്,സുകുമാരൻ, ലക്ഷ്മണൻ, ഡോ.വത്സരാജ് (പന്തക്കൽ)

hhjhjhjh

കവി ഹൃദയം പോലെ ഇത്

സുവർണ്ണകാന്തിയുടെ ചാരുത


ചാലക്കര പുരുഷു

മാഹി:കൊന്നയെ കണി കണ്ടുണരുന്ന കവിയുണ്ട് മാഹിയിൽ.

കർണ്ണികാരത്തിന്റെ ഈ കവിക്ക് പീതവർണ്ണം ഹൃദയത്തിലാമന്ത്രണം ചെയ്ത സർഗ്ഗ പരതയുടെ വർണ്ണരാജിയാണ്.

ഏത് കാലത്തും പൂക്കുന്ന കൊന്നമരം കാൽ നൂറ്റാണ്ട് മുമ്പ് മാഹി കൃഷി വകുപ്പിൽ നിന്നുമാണ് പ്രകൃതിയുടെ ഉപാസകനായ കവി എ.ഗംഗാധരൻ വാങ്ങിയത്. രണ്ട് തവണ അപകടാവസ്ഥയിലായ കൊമ്പുകൾ മുറിച്ച് മാറ്റേണ്ടി വന്നെങ്കിലും, കൊന്ന ഒരിക്കലും പൂത്തുലയാൻ മറന്നില്ല.

മാഹി നഗരസഭാ കമ്മീഷണറായിരുന്ന അദ്ദേഹം ഭാരതദേശം മാസികയുടെ എഡിറ്റർ കുടിയാണ്. ചെറുകല്ലായിലെ തന്റെ വീടിനും ഇദ്ദേഹം കൊന്നയുടെ നിറം തന്നെയാണ് നൽകിയിട്ടുള്ളത്. മാഹിയിൽ നിന്നും പള്ളൂരിലേക്ക് പോകുന്ന ആരുടേയും കണ്ണുകൾ അൽപ്പനേരമെങ്കിലും ഇവിടെ ഉടക്കി നിൽക്കും.

തനിച്ചും ,കൂട്ടായ്മ‌ കൃതികളായും, ഒട്ടേറെ കവിതകൾ കൊന്ന പൂക്കളുമായി ബന്ധപ്പെട്ട് ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഫ്രഞ്ച് ഭരണ പ്രദേശങ്ങളുടെ ചരിത്രം എന്നബൃഹദ്ഗ്രന്ഥത്തിന്റെ രചയിതാവ് കൂടിയാണ് ഇദ്ദേഹം.

കൊന്ന പൂക്കുന്ന കാലത്ത്, വിഷുവിളക്ക്, എന്നും കൊന്ന, കൊന്നപ്പൂക്കൾ, കൊന്നപ്പൂ പോലെ, തുമ്പപ്പു പോലെ.. തുടങ്ങിയ ധാരാളം കവിതാപുസ്തകങ്ങൾ കൊന്നയെ കുറിച്ച് മാത്രം എഴുതിയിട്ടുണ്ട്.

കാസിയ ഫിസ്റ്റുല എന്നാണ് കൊന്ന പൂവിന്റെ ശാസ്ത്രീയ നാമം. ഇംഗ്ലീഷിൽ 'ഗോൾഡൻ ഷോവർ'എന്നറിയപ്പെടുന്ന കൊന്നയ്ക്ക് പിന്നിൽ ഒരു ഇതിഹാസ കഥ കൂടിയു ണ്ട്.

ശ്രീരാമൻ കൊന്ന മരത്തിനു പിന്നിൽ മറഞ്ഞു നിന്നാണ് ബാലിയെകൊന്നതെന്നാണ് ഐതീഹ്യം. അതാണ് കൊന്ന മരം എന്ന പേര് വരാൻ കാരണമത്രെ.

ഉഷ്ണകാലത്താണ് പൂക്കൾ വിരിയുന്നത് ഇക്കാലത്ത് ആഗോള താപനത്തിന് കാരണമായി ജനുവരിയിൽ തന്നെ പൂക്കുന്നതാണ് കാണുന്നത്. ഏത് തീ പാറുന്ന വേനലിനേയും അതിജീവിക്കാൻ വാകമരങ്ങളുടെ ഗണത്തിൽ പെടുന്ന കൊന്നക്ക് കഴിയും. കൊന്നക്ക് പുറമെ മയ്യഴിക്കാർ ഏറെ ഇഷ്ടപ്പെടുന്ന മറ്റൊരു വാക മരമാണ് കൊയ്യോ ത്തി (മെയ് ഫ്ലവർ) മരങ്ങൾ. ഒരു കാലത്ത് അഴിമുഖത്തെ മൂപ്പൻ സായ് വിന്റെ ബംഗ്ലാവ് ചുറ്റിലും ചുവന്ന കൊയ്യോ ത്തി പൂക്കൾ നിലത്ത് പരവതാനി വിരിച്ചിരുന്നു.


ചിത്ര വിവരണം: മഞ്ഞയണിഞ്ഞ കവിയുടെ വീടും നിത്യവസന്തമാർന്ന കണിക്കൊന്നയും

തലശ്ശേരി സ്പിരിച്വല്‍ ടൂറിസം പദ്ധതിക്ക് മെയ് 31-നുള്ളില്‍ തറക്കല്ലിടും

തലശ്ശേരി:തലശ്ശേരിയെ പൈതൃക തീര്‍ഥാടന ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള തലശ്ശേരി സ്പിരിച്വല്‍ ടൂറിസം പദ്ധതിക്ക് മെയ് 31-നുള്ളില്‍ തറക്കല്ലിടും  പ്രോജക്ട് സമയബന്ധിതമായി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കർ അഡ്വ:എ എൻ ഷംസീറിന്റെ അദ്ധ്യക്ഷതയില്‍, നിയമസഭാ സമുച്ചയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.  

പൊതുമരാമത്ത് - വിനോദസഞ്ചാര വകുപ്പുമന്ത്രി മുഹമ്മദ് റിയാസിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം സംസ്ഥാന ടൂറിസം വകുപ്പ് സമര്‍പ്പിച്ച പ്രോജക്ടിന് കേന്ദ്ര ടൂറിസം മന്ത്രാലയം സ്വദേശ് ദര്‍ശന്‍ 2.0ല്‍ ഉള്‍പ്പെടുത്തി 25 കോടി രൂപ ഫണ്ട് അനുവദിച്ചിരുന്നു.  

മെയ് 10-നുള്ളില്‍ ഭരണാനുമതിയും തുടര്‍ന്ന് സാങ്കേതികാനുമതിയും ലഭ്യമാക്കി മെയ് 31-ന് പ്രവൃത്തി ആരംഭിക്കുന്നതിന്  നടപടി സ്വീകരിക്കുന്നതാണെന്ന് ടൂറിസം വകുപ്പ് സെക്രട്ടറി അറിയിച്ചു. 

പദ്ധതിയുടെ സമയബന്ധിതമായ നടത്തിപ്പിന് ചീഫ് സെക്രട്ടറിയുമായി ആലോചിച്ച് നോഡല്‍ ഓഫീസറെ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

തലശ്ശേരി സ്പിരിച്വല്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊന്ന്യം കളരി അക്കാദമി, താഴെ അങ്ങാടി പൈതൃക പ്രദേശത്തിന്റെ പുനരുജ്ജീവനം, ചിറക്കകാവ് ഭഗവതി ക്ഷേത്രം, ജഗന്നാഥ ക്ഷേത്രം എന്നിവിടങ്ങളിലെ ടൂറിസ്റ്റ് അമിനിറ്റി സെന്ററുകള്‍, ചൊക്ലി തെയ്യം സാംസ്കാരിക കേന്ദ്രം എന്നീ പ്രവൃത്തികളാണ് നടപ്പാക്കുന്നത്. 

2026 മാര്‍ച്ച് 31-നുള്ളില്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതി ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 

ചരിത്രപരവും സാംസ്കാരികപരവുമായി ഏറെ പ്രാധാന്യമുള്ള തലശ്ശേരിയിലെ സുപ്രധാന കേന്ദ്രങ്ങളുടെ നവീകരണവും വികസനവും സാധ്യമാക്കുന്നതിന് മുന്‍കയ്യെടുത്ത പൊതുമരാമത്ത് - വിനോദസഞ്ചാര വകുപ്പുമന്ത്രിയെ അഭിനന്ദിക്കുന്നതായും  പ്രസ്തുത പ്രോജക്ട് പൂര്‍ത്തിയാകുന്നതോടെ തലശ്ശേരി പൈതൃക ടൂറിസത്തിന് പുതിയ മാനം കൈവരുമെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. 

ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജു, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. മനോജ് കുമാര്‍ കെ., ജനറല്‍ മാനേജര്‍ വിനോദ് കുമാര്‍, യു.എല്‍.സി.സി.എസ്. മാനേജിംഗ് ഡറക്ടര്‍ ഷാജു എസ്., കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനില്‍ പി.പി., സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എസ്. ബിജു, അര്‍ജുന്‍ എസ്. കുമാർ യോഗത്തില്‍ പങ്കെടുത്തു.


ചിത്ര വിവരണം: സ്പീക്കർ അഡ്വ.എ.എൻ ഷംസീറിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ഉന്നതതല യോഗം

whatsapp-image-2026-02-14-at-11.22.38-pm

മരണത്തിനും ജീവിതത്തിനുമിടയിൽ

മരണത്തിനും ജീവിതത്തിനുമിടയിൽ ആഴക്കടലിൽ കൂറ്റൻ തിരമാലകൾക്കിടയിൽ അടിയൊഴുക്കിലകപ്പെട്ട് ഒടുവിൽ തലനാരിഴയിൽ ശ്വാസം തിരിച്ച് കിട്ടിയ ആ നിമിഷം...

. 2005 ഒക്ടോബർ 12 ൻ്റെ മദ്ധ്യാഹ്നം... ഇന്നും വിശ്വസിക്കാനാവുന്നില്ല... ഒരപസർപ്പക കഥയിലെന്നപ്പോലെ വെള്ളിയാങ്കല്ലിലേക്കുള്ള ആ യാത്ര മനസ്സിൻ്റെ അകത്തളങ്ങളിൽ ഇന്നും ഭീതിയുടെ കരിനിഴൽ വീഴ്ത്തുന്നു.

പുതുച്ചേരി ടൂറിസം ഡവലപ്പ്മെൻ്റ് കോർപ്പറേഷന്റെ ബോട്ടിൽ വിനോദസഞ്ചാരികൾക്കായുള്ള യാത്രാപരിപാ ടിയുടെകന്നിയാത്രയായിരുന്നു അത്. ചരിത്രവും, മിത്തുകളും ഇഴച്ചേർന്ന് കിടക്കുന്ന വെള്ളിയാങ്കല്ലിലേക്കുള്ള എന്റെ രണ്ടാമത്തെ യാത്ര. പുതുച്ചേരി മന്ത്രി ഇ. വത്സ രാജ് മയ്യഴി അഴിമുഖത്ത് നിന്ന് പച്ചകൊടി കാട്ടിയതോടെ ഞാനുൾപ്പെടെ മാധ്യമ പ്രവർത്തകരുൾപ്പടെ പത്തോളം പേർ കയറിയ ബോട്ട് നാൽപ്പത് കിലോമീറ്റർ അകലെ കടലമ്മയുടെ മടിത്തട്ടിൽ കിടക്കുന്ന വെള്ളിയാങ്കല്ലിനെ ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു.

അലമാലകളെ കീറിമുറിച്ച് മുൻഭാഗം ഉയർന്നും പിൻഭാഗം ജലനിരപ്പിനെക്കാൾ താഴുന്നുമുള്ള ആ യാത്ര സാഹസികവും രസകരവുമായിരുന്നു. ഒരുവേള പിന്നിലേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ ഓർമ്മ വന്നത് കുട്ടിക്കാലത്ത് കേട്ട പുരാണകഥയായിരുന്നു. ഉണ്ണിക്കണ്ണനെ തലയിലേറ്റി, വസുദേവൻ നദി മുറിച്ച് കടന്നപ്പോൾ നദീജലം വഴി മാറിപ്പോയ സംഭവമായിരുന്നു അത്.

യാത്ര ഇരുപത് മിനിട്ട് പിന്നിട്ടപ്പോൾ അങ്ങകലെ കടലിന്റെ നീലിമയിൽ വെള്ളിക്കട്ടകൾ പോലെ വെട്ടിത്തിളങ്ങുന്ന വെള്ളിയാങ്കല്ല് കാണാനായി. ഉച്ചവെയിലിൽ വെള്ളിയാങ്കല്ലിന്റെ അവ്യക്ത രൂപം കണ്ണുകളിൽ തെളിഞ്ഞു വന്നു.

ചരിത്രത്തിന്റെ നാൾവഴികളിലൂടെ... മുകുന്ദൻ കഥകളിലൂടെ... വെള്ളിയാങ്കല്ല് മനസ്സിൽ രൂപപ്പെടുത്തിയ ഭയാനകവും വിസ്മയകരവും ഐതീഹ്യകരവുമായ ഒട്ടേറെ ചിത്രങ്ങൾ ഓർമ്മകളുടെ പരപ്പിൽ മനസ്സിൽ ഇളകിയാടാൻ തുടങ്ങി. വൈദേശിക മേധാവിത്വത്തിന് മലബാ റിലേക്കുള്ള കടൽ യാത്രയ്ക്ക് എന്നും പേടി സ്വപ്‌നമായിരുന്ന തന്ത്ര പ്രാധാന്യമുള്ള ആഴക്കടലിലെ ഒളിത്താവളം... കുഞ്ഞാലിമരയ്ക്കാരുടെ എണ്ണമറ്റ ഒളിയുദ്ധങ്ങൾക്ക് പോരാട്ടതന്ത്രങ്ങൾ മെനഞ്ഞ ധീരദേശാഭി മാനികളുടെ പോർമുഖം പോർത്തുഗീസുകാരെയും, ബ്രിട്ടീഷ്‌കാരെയും, ഫ്രഞ്ചുകാരെയും കിടിലം കൊള്ളിച്ച വെള്ളിയാങ്കല്ലിന്റെ ചരിത്ര ദൗത്യത്തെക്കുറിച്ചുള്ള വിരോതിഹാസം, തീരദേശവാസികളുടെ മനസ്സു വഴി ഇന്നും വിപ്ലവകവിതകൾ രചിക്കുന്നു.

മന്വന്തരങ്ങൾക്കപ്പുറത്തുനിന്നും കാതങ്ങൾ താണ്ടി ജൻമാന്തര ങ്ങളിലൂടെ കരയിലുള്ള വർക്ക് മിത്തും യാഥാർത്ഥ്യവുമായി കടലിൽ ഒരുകണ്ണീർക്കണം പോലെ കിടക്കുന്ന മുകുന്ദൻ കഥകളിലെ വെള്ളിയാ ങ്കല്ല് വിശ്വാസങ്ങളുടെയും ആചാരാനുഷ്‌ഠാനങ്ങളുടെയും കേന്ദ്രബിന്ദുവാണ്. മയ്യഴി കടലോരത്തെ മൂന്ന് കുറുംബ ഭഗവതി ക്ഷേത്രങ്ങളുടെയും ആരൂഢമാണിവിടം. മയ്യഴിയിൽ ജനിച്ച് മരിച്ച എണ്ണമറ്റ മനുഷ്യരുടെ ആത്മാക്കൾ സുഖനിദ്രകൊള്ളുന്ന പ്രേതഭൂമിക... ഒക്ടോബറിന്റെ പെ രുന്നാൾ വേളകളിൽ ആത്മാവുകൾ തുമ്പികളായി വെള്ളിയാങ്കല്ലിൽ നിന്ന് മയ്യഴിയിലേക്ക് എത്തുന്നുവെന്നാണ് വിശ്വാസം. കർക്കിടകവാവിന് മത്സ്യതൊഴിലാളികൾ അരിയുണ്ട നിർമ്മിച്ച് നിവേദ്യപൂജ നടത്തുന്ന തർപ്പണകേന്ദ്രം..കടലോര ഭവനങ്ങളിൽ സ്ത്രീകൾ തിരണ്ടിയാൽ വീട്ടി ലുള്ളവർ ഇവിടെ പോകാറില്ല. ആചാരാനുഷ്‌ഠാനങ്ങൾ കണിശമായി പാലിക്കുന്ന മത്സ്യതൊഴിലാളികളുടെ ഹൃദയത്തിൽ ആത്മീയതയുടെ ആഴത്തിലുള്ള വിശ്വാസമാണ് വെള്ളിയാങ്കല്ല് പകർന്ന് നൽകുന്നത്. കർക്കിടകവാവിന് ഇവിടെ ബലിതർപ്പണം കഴിഞ്ഞാണ് ഓരോ വർഷവും കടലിന്റെ മക്കൾ മത്സ്യബന്ധനം ആരംഭിക്കുന്നത്.

വെള്ളിയാങ്കല്ലിന് മീതെ മാനത്ത് മിന്നി മറയുന്ന ഉൽക്കകൾ മയ്യ ഴിയുടെ പഴമക്കാരെ സംബന്ധിച്ചിടത്തോളം വായിൽ മരതകക്കല്ലുമായി വെള്ളിയാങ്കല്ലിലേക്ക് ഇണചേരാൻ പോകുന്ന സർപ്പങ്ങളാണ്. പൂവ ണിയാത്ത മോഹങ്ങളുമായി കത്തിനിന്ന യൗവ്വനത്തിൽത്തന്നെ ഈ ലോകത്തോട് യാത്രപറഞ്ഞ 'മയ്യഴിപ്പുഴയുടെ തീരങ്ങളിലെ' പ്രണയ ജോഡികളായ ദാസനും ചന്ദ്രികയും തുമ്പികളായി പറന്നു നടക്കുന്നത് വെള്ളിയാങ്കല്ലിലാണ്.

മനസ്സിൽ ഓരോരോ കഥകൾ വേലിയേറ്റവും വേലിയിറക്കവും തീർക്കവേ, ആഴക്കടലിൽ മത്സ്യം പിടിക്കുന്ന ബോട്ടുകാർ കൈവീശി, യാത്രാമംഗളം ചൊരിഞ്ഞു. തിരകളടങ്ങി. കടൽ തീർത്തും ശാന്തമായി... ഒപ്പം മനസ്സും. കുറച്ച് കൂടി മുന്നോട്ട് പോയപ്പോൾ ഡോൾഫിനുകൾ കൂട്ടത്തോടെ മുകളിലേക്ക് ചാടി നടനമാടുന്നത് കൗതുക കാഴ്ച്‌ചയായി.

ഉച്ചവെയിലിന്റെ ചൂട് കടൽക്കാറ്റിൽ അലിഞ്ഞില്ലാതായി. കടൽ ചുരങ്ങ് മനം പുരട്ടലുണ്ടാക്കിയെങ്കിലും, ചിന്തകളെ വീണ്ടും വെള്ളി യാങ്കല്ലിലേക്ക് തന്നെ പായിച്ചു. യാത്ര ഒരു മണിക്കൂർ പിന്നിട്ടപ്പോൾ വെള്ളിയാങ്കല്ല് ഞങ്ങളോട് കൂടുതൽ അടുത്ത് വന്നു.

സമുദ്രനിരപ്പിൽ നിന്ന് അമ്പതടി ഉയർന്ന് നിൽക്കുന്ന ഈ പാറക്കെട്ടുകൾ വെണ്ണക്കല്ലായാണ് തോന്നിയത്. കാക്കകളില്ലെങ്കിലും പലതരം കടൽപക്ഷികളും ദേശാടനപറവകളും ഇവിടെ വട്ടം കറങ്ങുന്നു. രാത്രികാലമായാൽ നീർനായകൾ കൂട്ടത്തോടെ പാറക്കെട്ടുകളിലേക്ക് കയറി വരുമെന്ന് ബോട്ട് ഡ്രൈവർ അശോകൻ പറഞ്ഞു. നീലജലാശയം പോലെ തോന്നിച്ച ആഴക്കടലിൽ ഡോൾഫിനുകളുടെ വകഭേദങ്ങളായ കൂറ്റൻ മത്സ്യങ്ങൾ നയനമനോഹര കാഴ്‌ചതന്നെയാണ്. മത്സ്യപ്രേമികൾക്ക് ലഹരിയായ പയന്തി,വളോട്, കല്ലുമ്മൽപാര തുടങ്ങിയ മത്സ്യങ്ങളും ഇവിടെ സുലഭമാണ്.

ബോട്ട് ഏതാണ്ട് അടുത്തെത്താറായി ഇപ്പോൾ എല്ലാം വ്യക്തം. വെള്ളിയാങ്കല്ലിനുമപ്പുറം ഏറെ അകലയല്ലാതെ കടന്നുപോകുന്ന ചരക്കു

കപ്പൽ കാണാനായി. ബോട്ട് വെള്ളിയാങ്കല്ലിനെ വലംവെച്ചു. വെള്ളി യാങ്കല്ലിന് ചുറ്റും എട്ട് 'കുട്ടിപാറ'കളുണ്ട്. വെള്ളിയാങ്കല്ലിന് കടലിൽ പ്രദക്ഷിണം ചെയ്യുമ്പോൾ ഭീകരതയുടെയും, വിഹ്വലതകളുടെയും പ ലവിധ രൂപ സാദൃശ്യങ്ങൾ നമ്മുടെ മനസ്സിൽ' തെളിഞ്ഞു വരും. നൂറ്റാ ണ്ടുകളായി കടൽ പക്ഷികളുടെ കാഷ്‌ഠം പതിഞ്ഞ് കറുത്തപാറക്കെട്ടുകൾക്ക് വെളുത്ത മേലാവരണം കൈവന്നിരിക്കുന്നു.

വെള്ളിയാങ്കല്ലിലേക്ക് കയറിപ്പറ്റാൻ തിരകളൊഴിഞ്ഞ പാറകൾ തേടിയുള്ള പ്രദക്ഷിണം മനസ്സിൽ കോറിയിട്ട ചിത്രങ്ങൾക്ക് ഭീകരത യുടെ നിറമാണുള്ളത്. ഭയാനകമായ ഒരു തലയോട്ടിയെ ദ്യോതിപ്പി ക്കുന്ന കൂറ്റൻ 'തലയോട്ടിക്കല്ല്', രണ്ട് പടുകൂറ്റൻ പാറക്കല്ലുകൾക്ക് മീതെ മറ്റൊന്ന് ചേർത്ത് വെച്ചതുപോലെയുള്ള 'എടുത്തുവെച്ചകല്ല്' (ഇക്കഴിഞ്ഞ സുനാമിയിൽ മുകളിലേത്തെ കല്ല് വീണ്‌ പോയി) 'കുടക്കല്ല്' ആമയുടെ പുറം തോട് പോലെ വെള്ളത്തിൽ പരന്നുകിടക്കുന്ന 'ആമക്കല്ല്' തുടങ്ങി യവ ആരിലും കൗതുകമുണർത്തും. പടുകൂറ്റൻ പാറകൾക്കിടയിൽ ഒരേ സമയം ഇരുന്നൂറോളം പേർക്കെങ്കിലും വെയിലും, മഴയും കൊള്ളാതെ ഇവിടെ കഴിച്ചുകൂട്ടാനാവും. പാറക്കെട്ടുക്കിൾക്കിടയിൽ പ്രകൃത്യായുള്ള ശുദ്ധജലതടാകവുമുണ്ട്. ഇതിൽ വിചിത്രങ്ങളായ ഒട്ടേറെ മത്സ്യങ്ങളേയും കാണാം.

വൈദേശിക ഭരണ കാലത്ത് രാത്രിയിൽ കടലിൽ നങ്കൂരമിട്ട ശത്രു ക്കളുടെ കപ്പലാണെന്ന് തെറ്റിധരിച്ച്, വെള്ളിയാങ്കല്ലിന് നേരെ ബ്രിട്ടീഷു കാർ തുടർച്ചയായി പീരങ്കിയുണ്ട ഉതിർത്തത് തുളഞ്ഞ് കയറി പാറകൂട്ടങ്ങളിൽ ചിലതിനെ നിറയെ വസൂരികല പോലെ വികൃതമാക്കിയിട്ടുണ്ട്.

താരതമ്യേന തിരയൊഴിഞ്ഞ പടിഞ്ഞാറ് ഭാഗത്ത് കൂടെയാണ് ഞങ്ങൾ വെള്ളിയാങ്കല്ലിലേക്ക് കയറാൻ തീരുമാനിച്ചത്. വേലിയിറക്കങ്ങളിൽ മാത്രം ദൃശ്യമാകുന്ന പാറക്കൂട്ടങ്ങളിലൂടെ അതിവേഗം നടന്നു വേണം സാഹസികമായി വെള്ളിയാങ്കല്ലിലെത്താൻ. കത്തിമുനപോലെ മൂർച്ചയുള്ള 'മുരു' എഴുന്നു നിൽക്കുന്ന പാറകൂട്ടങ്ങളിലൂടെ നഗ്നപാദ രായി നടന്നാൽ കാലിൽ ആഴത്തിൽ മുറിവേറ്റത് തന്നെ.

ഞങ്ങൾക്കൊപ്പമുള്ള നീന്തൽ വിദഗ്‌ധരായ ബോട്ട് ജീവനക്കാരുടെ നിർദ്ദേശാനുസരണം ഞാനും സുഹൃത്ത് ന്യൂഇന്ത്യാ ഇൻഷൂറൻസ് മാനേജർ എം.പി. ശിവ ദാസും അതിവേഗം പാറക്കെട്ടുകൾ മറി കടന്ന് വെള്ളിയാങ്കല്ലിന്റെ താഴെതട്ടിൽ അള്ളിപ്പിടിച്ചു നിന്നു. ഇവിടെ നിന്ന് വേണം സാഹസികമായി പാറക്കെട്ടുകൾക്ക് മുകളിലേക്ക് നുഴഞ്ഞ് കയറാൻ.

കടലിന് അസ്വാഭാവികത ഒന്നുമുണ്ടായിരുന്നില്ല. മറ്റുള്ളവർ ബോട്ടിൽ നിന്നിറങ്ങാൻ ശ്രമിക്കവേ ബോട്ട് ജീവനക്കാർ ഞങ്ങളെ നോക്കി ഉറക്കെ വിളിച്ചുപറഞ്ഞു. “പുരുഷുവേട്ടാ കടലിലേക്ക് ചാടിക്കോ, ചാടിക്കോ..." കാരണമെന്തെന്നറിയാതെ ഞങ്ങൾ പകച്ചു നിന്നുപോയി. കണ്ണുചിമ്മി തുറക്കുന്ന മാത്രയിൽ ഒരു തെങ്ങോളം ഉയരത്തിൽ ആയിരം നാവുള്ള അനന്തനെപോലെ സംഹാരരൂപിയായെത്തിയ പടുകൂറ്റൻ തിര മാലക്കുള്ളിൽ ഞാൻ അകപ്പെട്ടിരുന്നു. ശക്തമായ അടിയൊഴുക്കിൽ ഏതാണ്ട് 110 കിലോമീറ്റർ വേഗതയിലാണ് കാലുകൾ മുന്നിലും തല പിറകിലുമായി ഞാൻ ഒഴുകിപോയത്. കൈകാലുകൾ ഒന്നിളക്കാൻ പോലും ആയില്ല. ശ്വാസതടസ്സം കൂടിക്കൂടി വന്നു. കണ്ണുകളടച്ചു... ഒരു മാത്ര വീടിനെക്കുറിച്ച് ഓർത്തുപോയി... മരണത്തെ മുഖാമുഖം കണ്ട നിമിഷം...

മൃതപ്രായമായി കിടക്കവേ പെട്ടെന്ന് ശ്വാസം തിരിച്ച് കിട്ടിയതു പോലെ ഒരാശ്വാസം. വിശ്വസിക്കാനായില്ല. ഒന്നര കിലോമീറ്റർ അകലെ ജലനിരപ്പിൽ ഞാൻ പൊങ്ങിക്കിടക്കുന്നു നീന്താനറിയാമെങ്കിലും രക്ഷകനായെത്തിയത് ലൈഫ്‌ജാക്കറ്റ്. അകലെ നിന്നും മുങ്ങിപ്പോയ എന്നെ കണ്ട ബോട്ട് അതിവേഗം കുതിച്ചെത്തി. അശോകൻ കടലിലേക്കെടുത്ത് ചാടി. രണ്ട് മാസം മുമ്പ് ഉണ്ടായ ഒരു ബൈക്ക് അപകടത്തിൽ കൈയെല്ല് പൊട്ടിയിരുന്ന എന്നെ സാഹസപ്പെട്ടാണ് ബോട്ടിൽ കയറിയത്.

ദേഹമാസകലം "മുരു'കൊണ്ടുള്ള മുറിപ്പാടുകളായിരുന്നു. കടലിൽ പൊങ്ങിക്കിടക്കുമ്പോൾ വെളുത്ത കാലടികൾ അകലെയുള്ള കൂറ്റൻ സ്രാവുകളെപ്പോലും ആകർഷിക്കുമെന്നും, തിരമാലകൾക്കിടയിൽപ്പെട്ട് പാറയിടുക്കുകളിൽ കുടുങ്ങിപ്പോയാൽ രക്ഷപ്പെടുന്ന പ്രശ്‌നമില്ലെന്നും അശോകൻ പറഞ്ഞപ്പോഴാണ് അപകടത്തിൻ്റെ ആഴമെന്തെന്ന് എനിക്ക് ബോധ്യമായത്.

അതിനിടെ എന്നോടൊപ്പം ബോട്ടിൽ നിന്നിറങ്ങിയിരുന്ന ശിവ ദാസ് തിരമാലക്കൾക്കിടയിൽപ്പെട്ട് മറ്റൊരു പാറയിലേക്ക് വലിച്ചെറിയ പ്പെട്ടിരുന്നു. ഇടിയുടെ ആഘാതത്തിൽ ദേഹമാസകലം സാരമായി പരിക്കേറ്റിരുന്നു.

ദുരന്തം യാത്രാസംഘത്തെയാകെ ഞെട്ടിച്ചുകളഞ്ഞു. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനുള്ള ചിന്തമാത്രമെ മറ്റുള്ളവർക്കുണ്ടായുള്ളു. പുതുച്ചേരി വിനോദസഞ്ചാര വകുപ്പിൻ്റെ കന്നിയാത്ര ഒടുവിലത്തെ യാത്രയായി പര്യവസാനിച്ചു.

whatsapp-image-2026-02-14-at-10.54.41-pm

ചൊക്ലി രാമവിലാസം ഹയർ സെക്കൻ്ററി സ്കൂളിലെ യാത്രയയപ്പ്- വാർഷികാഘോഷ പരിപാടിയിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയും കവിയുമായ കരിവെള്ളൂർ മുരളി മുഖ്യപ്രഭാഷണം നടത്തുന്നു

ccccc

അംഗൻവാടി കലോത്സവം സംഘടിപ്പിച്ചു.


ചൊക്ലി:ഐ.സി.ഡി.എസിന്റെയും ചൊക്ലി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത അഭിമുഖ്യത്തിൽ അംഗനവാടി കലോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ. പ്രസീത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി ഷമീന, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ജയചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായായ കെ.പ്രദീപ്, കെ.വിനി, ജീൻസി കെ.പി,മിനി.പി, തുടങ്ങിയവരും, ഷെറീന. ടി.കെ,രജനി ബാബുരാജ്, എന്നിവർ സംസാരിച്ചു. ഐ.സി.ഡി.എസ്.സൂപ്പർവൈസർ സിനൂജ സ്വാഗതവും, പ്രിയ.സി നന്ദിയുംപറഞ്ഞു.


ചിത്രവിവരണം: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ. പ്രസീത ഉദ്ഘാടനം ചെയ്യുന്നു

whatsapp-image-2026-02-14-at-10.52.59-pm

ശുചിത്വത്തിന്റെ ശബ്ദ സന്ദേശം

.

ചൊക്ലി = ഹരിതകർമ്മസേനയുടെ ശാക്തികരണത്തിന്റെ ഭാഗമായി ഖരമാലിന്യ നിർമാജജനത്തിന്റെ വണ്ടിയിൽ ശുചിത്വത്തിന്റെ ശബ്ദ സന്ദേശം ജനങ്ങളിലെത്തിക്കാൻ സൗണ്ട് സിസ്‌റ്റത്തിന്റെയും, ചൊക്ലി ടൗണിൽ ശുചികരണത്തിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് നിർവ്വഹിച്ചു.ശുചിത്വ മിഷന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനുള്ള സൗണ്ട് സിസ്റ്റം ജില്ലയിൽ തന്നെ ആദ്യത്തേതാണ് വൈസ്.പ്രസിഡണ്ട് കെ എം സ്വപ്ന അധ്യക്ഷത വഹിച്ചു. സുനിൽകുമാർ കെ.എം.( ജില്ല കോർഡിനേറ്റർ ശുചിത്വ മിഷൻ, കണ്ണൂർ )വിശിഷ്ട അതിഥിയായി. ഷിബിൻ ടി (വി. ഇ.ഒ ചൊക്ലി ഗ്രാമപഞ്ചയാത്ത് ) റിപ്പോർട്ട് അവതരിപ്പിച്ചു. ജയചന്ദ്രൻ പി ( വികസന സറ്റാൻ ന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ) ഷമീന കെ.പി ( ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ), സജീത് കുമാർ. ടി.എം. (അസി.സെക്രട്ടറി ചൊക്ലി ഗ്രാമപഞ്ചായത്ത്), എന്നിവർ സംസാരിച്ചു.കെ.ടി.കെ പ്രദീപൻ (ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻന്റിംഗ് ചെയർപേഴ്സണൻ ) സ്വാഗതം ആശംസിച്ചു. വാർഡ് മെംബർ ജനീബസി.കെ നന്ദി അറിയിച്ചു.

whatsapp-image-2026-02-14-at-10.52.25-pm

പോസിബിലിറ്റീസ് ഇന്നോവേറ്റേഴ്സ്' കോൺവൊക്കേഷൻ


തലശ്ശേരി : വിദ്യാഭ്യാസം, സാമൂഹിക പ്രതിബദ്ധത, മാനവിക മൂല്യങ്ങൾ എന്നിവ മുൻനിർത്തി പോസിറ്റീവ് മാറ്റങ്ങൾ സൃഷ്ടിക്കുന്ന ചേഞ്ച് മേക്കേഴ്സിനെ രൂപപ്പെടുത്തുക എന്ന പോസിറ്റീവ് ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പോസിറ്റീവ് പോസിബിലിറ്റീസ് തലശ്ശേരി പിലാക്കൂലിലെ കെയർ ആൻഡ് ക്യൂർ ഹാളിൽ ‘പോസിബിലിറ്റീസ് ഇന്നോവേറ്റേഴ്സ് കോൺവൊക്കേഷൻ 2026’ സംഘടിപ്പിച്ചു.


പത്മശ്രീ ഹരേക്കല ഹജബ്ബ മുഖ്യാതിഥിയായ പരിപാടയിൽ സിജി സി ഇ ഇ ഡയറക്ടർ

ഡോ. ജയഫറലി അലിച്ചെത്ത്, പരിവാർ കേരള മുൻ സംസ്ഥാന പ്രസിഡന്റ്

കരുണാകരൻ എം പി, കടവത്തൂർ മൈത്രി സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ആരതി രാമചന്ദ്രൻ, പാനൂർ യെസ് അക്കാദമി പ്രിൻസിപ്പൽ

നിവ്യ വിജയൻ കെ, ഹെൽത്ത് മലബാർ ഡോക്ടേഴ്‌സ് ഡയറക്ടറി ചീഫ് എഡിറ്റർ ഹമീദ് ബൊർക്കല, കെയർ ആൻഡ് ക്യൂർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി, മുഹമ്മദ് നിസാർ പടിപ്പുരക്കൽ എന്നിവർ പങ്കെടുത്തു. പോസിറ്റീവ് പോസിബിലിറ്റീസ് ഡയറക്ടർ സിറാജുദ്ദീൻ പറമ്പത്ത് ആമുഖ ഭാഷണവും സി ഒ ഒ തസ്ലീമ ഷരീഫ് ഉപസംഹാരവും നിർവഹിച്ചു.


whatsapp-image-2026-02-14-at-10.50.21-pm

കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം: തിറയുത്സവം സമാപിച്ചു


ന്യൂമാഹി: പെരിങ്ങാടി കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ സമാപിച്ചു. നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ അഞ്ചു ദിവസങ്ങളിലായി നടന്ന ഉത്സവം കലാ–സാംസ്‌കാരിക സദസുകൾകൊണ്ടും വൈവിധ്യമാർന്ന ആചാരാനുഷ്ഠാനങ്ങളാലും ശ്രദ്ധേയമായി.

വ്യാഴാഴ്ച രാവിലെ 11 മണിക്ക് പൗരാണിക ദൈവിക ചടങ് വൈകുന്നേരം മുതൽ വെള്ളാട്ടം നടന്നു. ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഭക്തർ പങ്കെടുത്ത താലപ്പൊലി വരവ് ആഘോഷത്തിന് ഭക്തിഭാവം നിറച്ചു. ഇളനീർ അഭിഷേകം, മഞ്ഞൾ അഭിഷേകം, കലശം വരവ് തുടങ്ങിയ വിശിഷ്ട ചടങ്ങുകളും ഭക്തിപൂർവ്വം നടന്നു.

വെള്ളിയാഴ്ച പുലർച്ചെ ഗുരുതി ചടങ്ങ് നടന്നു. തുടർന്ന് ഗുളികൻ, ഘണ്ഡാകർണ്ണൻ, കുട്ടിച്ചാത്തൻ, നാഗഭഗവതി, ഭഗവതി എന്നീ തെയ്യങ്ങൾ കെട്ടിയാടി, വിശ്വാസികൾക്ക് ആത്മീയാനുഭവം പകർന്നു.

ഉത്സവത്തിന്റെ എല്ലാ ദിവസങ്ങളിലും പ്രസാദഊട്ടും സംഘടിപ്പിച്ചു. 

തിറയാട്ടം കാണുന്നതിനായി ഒരു സംഘം വിദേശികളും എത്തിയിരുന്നു.

ചടങ്ങുകൾക്ക് ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി. പ്രദേശവാസികളും ഭക്തജനങ്ങളും ഒരുമിച്ച് ആഘോഷിച്ച തിറയുത്സവം ആത്മീയ ഐക്യത്തിന്റെ വേദിയായി മാറി.

റോഡ് പണിയിലെ അനാസ്ഥക്കെതിരെ കുഞ്ഞിപ്പുര മുക്ക് റസിഡൻസ് അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക് 


മാഹി: കഴിഞ്ഞ വർഷം ഭൂമി പൂജ നടത്തിയ കുഞ്ഞിപ്പുരമുക്ക് - പാറാൽ റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കുവാനും കഴിഞ്ഞ വർഷം അദാലത്തിൽ പ്രഖ്യാപിച്ച ഓവുചാൽ പ്രശ്നത്തിൽ പരിഹാരം കാണുവാനും കുഞ്ഞിപ്പുര മുക്ക് റസിഡൻസ് അസോസിയേഷൻ എക്സിക്യുട്ടീവ് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. റോയൽ കോംപ്ളക്സിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട് സി. കെ പത്മനാഭൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു. അസോസിയേഷൻ്റെ പുതിയ ഓഫീസ് കെട്ടിടം വരുന്ന മാർച്ച് ഒന്നിന് ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചു. ചാരിറ്റി പ്രവർത്തനം ശക്തിപ്പെടുത്താനുള്ള മാർഗനിർദ്ദേശം ജഗദീപ് കുഞ്ഞിപ്പുര വിശദീകരിച്ചു. - യോഗത്തിൽ കെ.സുജിത്ത് മാസ്റ്റർ, കെ.പീതാംബരൻ, റിട്ട. ക്യാപ്റ്റൻ രാജൻ. ഇബ്രാഹിം, ഭാസ്കരൻ മാസ്റ്റർ, ലബിഷ ,ബന്നി മാത്യു, വത്സലൻ എന്നിവർ സംസാരിച്ചു. പി.ടി. ദേവരാജൻ സ്വാഗതവും, ഷൈജ നന്ദിയും പറഞ്ഞു

എസ്.ഐ.ആർ: അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു


പുതുച്ചേരി കേന്ദ്രഭരണ പ്രദേശമായ മാഹി നിയോജക മണ്ഡലത്തിലെ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപടികളുടെ ഭാഗമായി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. മാഹി ഗവ: ഹൗസിൽ വെച്ച് റീജ്യണൽ അഡ്മിനിസ്ട്രേറ്റർ കം ഇലക്ടോറൽ റജിസ്ട്രെഷൻ ഓഫീസർ ഡി.മോഹൻ കുമാർ അംഗികൃത രാഷ്ട്രിയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലാണ് വോട്ടർ പട്ടിക പ്രസീദ്ധീകരിച്ചത്. അന്തിമ വോട്ടർ പട്ടികയിൽ 13,730 പുരുഷന്മാരും 16,006 സ്ത്രികളും ഉൾപ്പെടെ 29,736 വോട്ടർമാരാണുള്ളത്. വോട്ടർമാരുടെ വിവരങ്ങൾ 14,15 തീയ്യതികളിൽ അതതു പോളിംഗ് ബൂത്തുകളിൽ നിന്നും മാഹി ഇലക്ടോറൽ റജിസ്ട്രെഷൻ ഓഫീസിലെ വോട്ടർ സഹായ കേന്ദ്രത്തിൽ നിന്നും പരിശോധിക്കാവുന്നതാണ്. പുതിയ വോട്ടർമാർക്ക് ഓൺലൈനായി Voters.eci.gov.in എന്ന വെബ്സൈറ്റ് വഴിയോ, ബൂത്ത് ലെവൽ ഓഫീസർ മുഖേനയോ വോട്ടർ പട്ടികയിൽ പേരു ചേർക്കുവാനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണെന്നും മാഹി ഇലക്ടോറൽ റജിസ്ട്രെഷൻ ഓഫീസർ അറിയിച്ചു.

സൗദിയിലെ പ്രവാസികളുടെ പാസ്‌പോർട്ട് പ്രതിസന്ധി: അടിയന്തര ഇടപെടണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.പി. അംബാസഡർക്ക് കത്തയച്ചു. 

മാഹി : സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന പാസ്‌പോർട്ട് പുതുക്കൽ പ്രതിസന്ധിയിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.പി. റിയാദിലെ ഇന്ത്യൻ അംബാസഡർക്ക് കത്തയച്ചു. വി.എഫ്.എസ് ഗ്ലോബൽ വഴി നിലവിൽ നടപ്പിലാക്കുന്ന അപ്പോയിന്റ്‌മെന്റ് സിസ്റ്റത്തിലെ വലിയ കാലതാമസം മൂലം പ്രവാസികൾ നിയമക്കുരുക്കിലും സാമ്പത്തിക പ്രതിസന്ധിയിലുമാണെന്ന് എം.പി. കത്തിൽ ചൂണ്ടിക്കാട്ടി. മാസങ്ങളോളം കാത്തിരുന്നിട്ടും പാസ്‌പോർട്ട് പുതുക്കാനുള്ള അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നില്ലെന്ന നിരവധി പരാതികൾ പ്രവാസികളിൽ നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എം.പി.യുടെ ഈ അടിയന്തര ഇടപെടൽ.പാസ്‌പോർട്ട് കാലാവധി കഴിയുന്നതോടെ പ്രവാസികളുടെ താമസ രേഖയായ 'ഇഖാമ' പുതുക്കാൻ സാധിക്കാതെ വരുന്നത് അവരുടെ സൗദിയിലെ താമസം നിയമവിരുദ്ധമാകാൻ കാരണമാകുന്നുണ്ട്. ഇത് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെടാനും ശമ്പളം ലഭിക്കുന്നത് തടസ്സപ്പെടാനും ഇടയാക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ പോലും നാട്ടിലേക്ക് വരാൻ കഴിയാത്ത വിധം പ്രവാസികൾ പ്രതിസന്ധിയിലാണെന്നും ഷാഫി പറമ്പിൽ എം.പി. വ്യക്തമാക്കി. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ, ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന നിരവധി പ്രവാസികൾക്ക് പാസ്‌പോർട്ട് പുതുക്കാൻ കഴിയാത്തത് തിരിച്ചടിയാകുമെന്നും അദ്ദേഹം അംബാസഡറെ അറിയിച്ചു.ഈ ഗുരുതര സാഹചര്യം പരിഗണിച്ച് പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളുടെ ശേഷി വർധിപ്പിക്കണമെന്നും പ്രതിദിന അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകളുടെ എണ്ണം കൂട്ടണമെന്നും എം.പി. ആവശ്യപ്പെട്ടു. കൂടാതെ, വിദൂര ദിക്കുകളിൽ കഴിയുന്ന പ്രവാസികൾക്കായി പ്രത്യേക പാസ്‌പോർട്ട് കോൺസുലാർ ക്യാമ്പുകൾ സംഘടിപ്പിച്ച് ഈ പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും ഷാഫി പറമ്പിൽ എം.പി. തന്റെ കത്തിലൂടെ അഭ്യർത്ഥിച്ചു.

whatsapp-image-2026-02-14-at-10.48.06-pm

ശാന്ത നിര്യാതയായി 


ന്യൂമാഹി..മാടപ്പീടികയിലെ വാക്കിപുറത്ത് താഴെ ശാന്ത (70) നിര്യാതയായി 

ഭർത്താവ്:ബാലസുബ്രമണ്യം ( ബാലു )

മക്കൾ : സവിത, സംഗീത, പ്രേം സാഗർ 

മരുമക്കൾ : പരേതനായ മനോജ്‌,ബിനീഷ്

whatsapp-image-2026-02-14-at-10.47.25-pm-(1)

‘ പോസിബിലിറ്റീസ് ഇന്നോവേറ്റേഴ്സ്' കോൺവൊക്കേഷൻ


തലശ്ശേരി : വിദ്യാഭ്യാസം, സാമൂഹിക പ്രതിബദ്ധത, മാനവിക മൂല്യങ്ങൾ എന്നിവ മുൻനിർത്തി പോസിറ്റീവ് മാറ്റങ്ങൾ സൃഷ്ടിക്കുന്ന ചേഞ്ച് മേക്കേഴ്സിനെ രൂപപ്പെടുത്തുക എന്ന പോസിറ്റീവ് ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പോസിറ്റീവ് പോസിബിലിറ്റീസ് തലശ്ശേരി പിലാക്കൂലിലെ കെയർ ആൻഡ് ക്യൂർ ഹാളിൽ ‘പോസിബിലിറ്റീസ് ഇന്നോവേറ്റേഴ്സ് കോൺവൊക്കേഷൻ 2026’ സംഘടിപ്പിച്ചു.


പത്മശ്രീ ഹരേക്കല ഹജബ്ബ മുഖ്യാതിഥിയായ പരിപാടയിൽ സിജി സി ഇ ഇ ഡയറക്ടർ

ഡോ. ജയഫറലി അലിച്ചെത്ത്, പരിവാർ കേരള മുൻ സംസ്ഥാന പ്രസിഡന്റ്

കരുണാകരൻ എം പി, കടവത്തൂർ മൈത്രി സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ആരതി രാമചന്ദ്രൻ, പാനൂർ യെസ് അക്കാദമി പ്രിൻസിപ്പൽ

നിവ്യ വിജയൻ കെ, ഹെൽത്ത് മലബാർ ഡോക്ടേഴ്‌സ് ഡയറക്ടറി ചീഫ് എഡിറ്റർ ഹമീദ് ബൊർക്കല, കെയർ ആൻഡ് ക്യൂർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി, മുഹമ്മദ് നിസാർ പടിപ്പുരക്കൽ എന്നിവർ പങ്കെടുത്തു. പോസിറ്റീവ് പോസിബിലിറ്റീസ് ഡയറക്ടർ സിറാജുദ്ദീൻ പറമ്പത്ത് ആമുഖ ഭാഷണവും സി ഒ ഒ തസ്ലീമ ഷരീഫ് ഉപസംഹാരവും നിർവഹിച്ചു.


കായംകുളം മുതൽ പയ്യന്നൂർ വരെയുള്ള വിവിധ പ്രദേശങ്ങളിൽ നിന്നും 26 പേര് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച ടീമംഗങ്ങളെ ആദരിച്ചു.


പിലാക്കൂൽ മദ്രസത്തുൽ ഇസ്‌ലാമിയ എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രമുഖ പരിശീലകനും ഗ്രന്ഥകർത്താവുമായ സിറാജുദ്ദീൻ പറമ്പത്ത് രചിച്ച 'എൻ മനമേ, നീയെൻ ദാസനാണ്; അധിപനല്ല' എന്ന രക്ഷിതാക്കൾക്കുള്ള പോക്കറ്റ് കൈപ്പുസ്തകം രക്ഷിതാക്കൾക്ക് സ്നേഹസമ്മാനമായി വിതരണം ചെയ്യുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിന് പത്മശ്രീ ഹരേക്കല ഹജബ്ബ തുടക്കം കുറിച്ചു. ഹമീദ് ബോർക്കള പ്രസംഗം പരിഭാഷപ്പെടുത്തി


സ്കൂൾ മാനേജർ സി എ അബൂബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മിസ്റ്റർസ് ഹസ്ന ടീച്ചർ, പി ടി എ പ്രസിഡന്റ് റഷ, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ്‌ സി ഒ ടി തുടങ്ങിയവർ സംസാരിച്ചു. പോസിറ്റീവ് പോസിബിലിറ്റീസ് ഡയറക്ടർ സിറാജുദ്ദീൻ പറമ്പത്ത് സ്നേഹ സമ്മാന വിതരണ പദ്ധതി വിശദീകരിച്ചു.

whatsapp-image-2026-02-14-at-10.47.02-pm

കരാത്തെ സാമൂഹിക നന്മയ്ക്ക് ബലം നൽകുന്ന ആയോധനകല: കാരായി ചന്ദ്രശേഖരൻ

തലശ്ശേരി: ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അപകടഘട്ടങ്ങളിൽ സ്വയം പ്രതിരോധം തീർക്കുന്നതിനും മാത്രമല്ല, സാമൂഹിക നന്മയ്ക്ക് ബലം നൽകുന്ന മഹത്തായ കായികകല കൂടിയാണ് കരാത്തെയെന്ന് തലശ്ശേരി നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു. ജാപ്പനീസ് ബൂഡോ കരാത്തെ സ്കൂൾ ഇന്റർനാഷണലിന്റെയും നിഹോൺ ഷോട്ടോകാൻ കരാത്തെ ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ വീനസ് കോർണറിലെ സ്പോർട്സ് അറീന ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കരാത്തെ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാപ്പനീസ് ബൂഡോ കരാത്തെ സ്കൂൾ ഇന്റർനാഷണൽ ഗ്രാൻഡ് മാസ്റ്ററും ലോക കരാത്തെ ചാമ്പ്യൻഷിപ്പിലെ മുൻ സ്വർണ്ണ മെഡൽ ജേതാവുമായ ജപ്പാൻ സ്വദേശി ഷുസേകി ഷിഹാൻ പെംപാ തമാംഗ് ചടങ്ങിൽ മുഖ്യാതിഥിയായി. കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റും ജാപ്പനീസ് ബൂഡോ കരാത്തെ സ്കൂൾ ഉപദേശക സമിതി ചെയർമാനുമായ മുകുന്ദൻ മഠത്തിൽ അധ്യക്ഷത വഹിച്ചു.

കണ്ണൂർ ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷൻ പ്രസിഡന്റും ജില്ലാ ഹോക്കി അസോസിയേഷൻ സെക്രട്ടറിയുമായ കെ.വി. ഗോകുൽ ദാസ് ആശംസയർപ്പിച്ചു. ജാപ്പനീസ് ബൂഡോ കരാത്തെ സ്കൂൾ ഇന്റർനാഷണൽ മുഖ്യ പരിശീലകൻ സെൻസായി സി.എൻ. മുരളി സ്വാഗതവും കെ.കെ. ലതിക ടീച്ചർ നന്ദിയും പറഞ്ഞു. കരാത്തെ സ്കൂളിന്റെ ബ്ലാക്ക് ബെൽറ്റ് ടെസ്റ്റിനായിട്ടാണ് ഗ്രാൻഡ് മാസ്റ്റർ ഷുസേകി ഷിഹാൻ പെംപാ തമാംഗ് ഈ വർഷവും ജപ്പാനിൽ നിന്നെത്തിയത്.

whatsapp-image-2026-02-14-at-10.46.48-pm

കാണാപ്പുറം . പ്രകാശനം ചെയ്തു.


തലശ്ശേരി:പി.ജനാർദനൻ്റെ കാണാപ്പുറം എന്ന പുസ്തകത്തിൻ്റെ പ്രകാശനം ചരിത്ര ഗവേഷകനും, ചിത്രകാരനുമായ കെ.കെ.മാരാർ നിർവ്വഹിച്ചു - 

ഇ.നാരായണൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ

വി.എ. നാരായണൻ ഏറ്റുവാങ്ങി. വി ഇ കുഞ്ഞനന്തൻ പുസ്തക പരിചയം നടത്തി. എം രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ചൂര്യായി ചന്ദ്രൻ ,സുശിൽ ചന്ത്രോത്ത്,- അഡ്വ: സ്മിത ശിവദാസ്.. കതിരൂർ ടി.കെ.ദിലീപ് കുമാർ, അഡ്വ മുഹമ്മദ് ശബീർ സംസാരിച്ചു. കണ്ണൂർ സർവ്വകലാശാല കലോൽസവത്തിൽ ഉയർന്ന മാർക്ക് നേടിയ ടി എം അശ്വന്തിനെ ചടങ്ങിൽ അനുമോദിച്ചു


ചിത്ര വിവരണം:പി.ജനാർദനൻ്റെ കാണാപ്പുറം എന്ന പുസ്തകത്തിൻ്റെ പ്രകാശനം ചരിത്ര ഗവേഷകനും, ചിത്രകാരനുമായ കെ.കെ.മാരാർ നിർവ്വഹിക്കുന്നു.

whatsapp-image-2026-02-14-at-10.46.05-pm

കീഴന്തൂർ ഭഗവതി ക്ഷേത്രോത്സവം തുടങ്ങി


മാഹി. പ്രസിദ്ധമായ ചാലക്കര ശ്രീ കീഴന്തൂർ തിറ മഹോത്സവം തുടങ്ങി.

 വെറ്റില കൈനിട്ടത്തെ തുടർന്ന് കാവുണർത്തൽ .വൈകിട്ട് താലപ്പൊലി വരവും വെള്ളാട്ടങ്ങളുമുണ്ടായി.

15 ന് കാലത്ത് മുതൽ ഗുളികൻ , ഘണ്ടാകർണ്ണൻ , ശാസ്തപ്പൻ, , കാരണവർ, നാഗഭഗവതി, വസൂരിമാല തെയ്യങ്ങൾ കെട്ടിയാടും.

തുടർന്ന് ഗുരുതി. പ്രസാദ ഊട്ടും ഉണ്ടായിരിക്കും

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles