ഗന്ധർവ രാവിൽ ചാലക്കര ദേശം
ആനന്ദ നിർവൃതിയിലാണ്ടു.
:ചാലക്കര പുരുഷു
മാഹി: ഗാന ഗന്ധർവന്റെ എൺപത്തിയാറാം പിറന്നാളിനോടനുബന്ധിച്ച് ദാസേട്ടന്റെ ആദ്യ കാലം തൊട്ട് ഇന്നേവരെയുള്ള ഗാനങ്ങൾ കോർത്തി ണക്കി പ്രശസ്ത കാരിക്കേച്ചർ ആർട്ടിസ്റ്റും ചലച്ചിത്ര നടനും ഗായകനുമായ ജയരാജ് വാര്യർ അവതരിപ്പിച്ചപ്പോൾ , അത് തിങ്ങി നിറഞ്ഞ സദസ്സിനെ ഇളക്കിമറിച്ചു. യേശുദാസിന്റെ മധുരിത ഗാനങ്ങൾ, സിനിമയിൽ ആടിപ്പാടിയ കൊട്ടാരക്കര,തിക്കുറിശ്ശി, സത്യൻ, പ്രേം നസീർ, മമ്മൂട്ടി, മോഹൻലാൽ തൊട്ട് കുഞ്ചാക്കോ ബോബൻ വരെയുള്ള നടന്മാരെ അനുകരിച്ച് ജയരാജ് വാര്യർ മലയാള സിനിമയുടെ സംഗീത ചരിത്ര ത്തിലൂടെ അനുവാചകരെ അനുയാത്ര ചെയ്യിക്കുകയായിരുന്നു.
പാട്ട് പിറന്നതിന്റേയും, നിനിമാ മുഹൂർത്തങ്ങളുടെ സന്ദർഭങ്ങളുടേയും അസുലഭ സുന്ദരമായ നിമിഷങ്ങൾ സ്ക്രീനിലെന്നപോലെ വാര്യർ അവതരിപ്പിച്ചു.
സുകുമാർ അഴിക്കോട്, ഒ.എൻ.വി. വയലാർ, പി.ഭാസ്ക്കരൻ ,കെ. രാഘവൻ മാസ്റ്റർ, ബാബുരാജ്, ദേവരാജൻ മാസ്റ്റർ തുടങ്ങിയവർ ഗന്ധർവ്വ ഗായകനെക്കുറിച്ച് പറഞ്ഞ മണിമുത്തുകളായ വാക്കുകൾ അവരുടെ ശബ്ദത്തിലും ശൈലിയിലും അവതരിപ്പിച്ചപ്പോൾ ,
കേട്ട് കൊതിതീരാത്ത മാന്ത്രിക വാക്കുകളിൽ സദസ്സ് മതിമറന്നിരുന്നു.
കാലാതിവർത്തിയായ ഗന്ധർവ്വ ഗാനങ്ങൾ ഒന്നൊന്നായി പാടിയപ്പോൾ , സ്ക്രീനിൽ ഗന്ധർവന്റെ സംഗീത ജീവിതം തെളിഞ്ഞ് നിന്നു.
ചാലക്കര പെരുമയോടനുബന്ധിച്ച് സംഘടിപ്പിച്ച ഗന്ധർവ്വ സ്മൃതി നിശയിൽ വാര്യരോടൊപ്പം പ്രശസ്ത സംഗീതജ്ഞൻ എ.എം.ദിലീപ് കുമാർ മാസ്റ്ററും അനശ്വര ഗാനങ്ങൾ പാടിയപ്പോൾ , സാക്ഷാൽ ഗന്ധർവ്വ ഗായകന്റെ ശബ്ദരൂപ ചൈതന്യം നൂറുകണക്കിന് ആരാധകർക്ക് അനുഭവപ്പെട്ടു.
ഒന്നര മണിക്കൂർ സംഗീത സാഗരത്തിൽ നീരാടിയ ഇന്നലെയുടെ രാവ്
പൊന്നിൻ കുളിച്ച് , പുളകം വിരിഞ്ഞ രാത്രിയായി.
ചിത്രവിവരണം: ജയരാജ് വാര്യരും ദിലീപ് മാസ്റ്റരും ചേർന്ന് ഒരുക്കിയ ഗന്ധർവ്വ രാവ്.
ചാലക്കരയുടെ മണ്ണും വിണ്ണും
ഉത്സവ ലഹരിയിൽ
മാഹി: മധുരിത ഗാനങ്ങളും , അതിശയചുവട് വെപ്പുകളുംകൊണ്ട്
അരങ്ങിനെ അനവദ്യസുന്ദരമാക്കിയ ചാലക്കര പെരുമയുടെ ആദ്യനാൾ ലാസ്യ രാഗ സമന്വയത്തിന്റെ അവാച്യമായ അനുഭൂതിയേകി.
നാടെങ്ങും ധീര ദേശാഭിമാനികളുടെ കൂറ്റൻ കമാനങ്ങളാലും, വർണ്ണ ദീപാലങ്കാരങ്ങളിൽ കുളിച്ച് നിൽക്കുകയുമാണ്.
ദേശത്തിലെ മുഴുവൻ വിടുകളുമടച്ച് കുടുംബങ്ങളൊന്നാകെ
പി എം ശ്രീ ഉസ്മാൻ ഹൈസ്കൂളിലേക്ക് ഒഴുകിയെത്തി. നാടാകെ ഒന്നിച്ചുണ്ണാനും,, മനം നിറയെ കലാസ്വാദനത്തിനും, സാഹോദര്യത്തിന്റെ കരുത്തുറ്റ ചങ്ങല കണ്ണികളായിമാറാനും . ഒരു ദേശമാകെയും പി.പി. വിനീഷ് നഗറിലേക്ക് വൈകുന്നേരത്തോടെ വന്നെത്തി.
ചാലക്കര പെരുമയുടെ ടൈറ്റിൽ സോങ്ങ് ന്യൂജെൻ മീഡിയകളിലും ജനമനസ്സുകളാലും നേരത്തെ തരംഗമായൊഴുകുകയാണ്.
ഗതകാല നാട്ടുനൻമയുടെ രുചിക്കൂട്ട് നുകരാൻ ദ്വിദിന ഭക്ഷ്യമേളയും അനേകരെ വരവേൽക്കുകയാണ്.
ചാലക്കര ദേശം നാട്ടു കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചാലക്കര ദേശ പെരുമ - 2025 - 26 മഹോത്സവം ഇന്നലെയും ഇന്നുമായി പി.എം. ശ്രീ ഉസ്മാൻ ഗവ: ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്നു. ഇന്നലെ വൈ:5 മണിക്ക് സ്വാഗത ഗാന നൃത്താവിഷ്ക്കാരത്തോടെയാണ് സാംസ്ക്കാരിക സമ്മേളനം ചലച്ചിത്ര നടൻ ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തത്.
രമേശ് പറമ്പത്ത് എം എൽ എ വിശിഷ്ടാതിഥിയായി. ചാലക്കരയെ അറിയാൻ എന്ന വിഷയത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷുവും, ചാലക്കര സമകാലികം എന്ന വിഷയത്തിൽ കവി ആനന്ദ് കുമാർ പറമ്പത്തും പ്രഭാഷണം നടത്തി.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. ഗാനഗന്ധർവ്വൻ യേശുദാസിന്റെ 86 ->o പിറന്നാൾ ആഘോഷവും കേക്ക് മുറിക്കലുമുണ്ടായി. ഇന്ന് വൈ:5 മണിക്ക് സാംസ്കാരിക സമ്മേളനം ജയപ്രകാശ് നെടുമങ്ങാട് ഉദ്ഘാടനം ചെയ്യും.മാഹി പൊലീസ് സി.ഐ. അനിൽകുമാർ പി.എ. വിശിഷ്ടാതിഥിയായിരിക്കും. വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിക്കും.
തുടർന്ന് സിനിമ-സീരിയൽ മേഖലകളിൽ കഴിവ് തെളിയിച്ച 21 ലേറെ കലാകാരന്മാർ അണിനിരക്കുന്ന മെഗാ ഇവന്റ് നടക്കും
ചിത്രവിവരണം: ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യുന്നു
വാക്ക് വേ മോണിംഗ് സ്റ്റാർ ഗ്രൂപ്പ് പുതുവത്സര സംഗമം ഇന്ന്
മാഹി: വാക്ക് വേ മോണിംഗ് സ്റ്റാർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പുതുവത്സര സംഗമം -ഇന്ന് വിപുലമായ പരിപാടികളോടെ നടക്കും. രാവിലെ 8 മണിക്ക് വാക്ക് വേയിൽ നടക്കുന്ന ചടങ്ങിൽ ആര്യ ഫലൂദ ഗ്രൂപ്പ് ഒരുക്കുന്ന കൂറ്റൻ കേക്ക് മുറിച്ചുകൊണ്ടാണ് പുതുവത്സരാഘോഷങ്ങൾക്ക് തുടക്കം കുറിക്കുക.
ചടങ്ങിൽ കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ജനകീയ ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന വാക്ക് വേ മോണിംഗ് സ്റ്റാർ ഗ്രൂപ്പിന്റെ ഗ്രൂപ്പ് അഡ്മിനും അഭിമാനസ്തംഭവുമായ ഡോ. മുഹമ്മദിനെ ആദരിക്കും.
സംഗമത്തിൽ എ.വി. യൂസഫ് അധ്യക്ഷത വഹിക്കും. മാഹി എം.എൽ.എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും. പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രി ഇ. വത്സരാജ് മുഖ്യാതിഥിയായിരിക്കും. വ്യവസായ പ്രമുഖനും ഗ്രൂപ്പ് അഡ്മിനുമായ റാഫി ഐച്ചസ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.
നിരവധി സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് വിഭവസമൃദ്ധമായ പ്രാതലും ഗ്രൂപ്പിലെ അംഗങ്ങൾ അണിയിച്ചൊരുക്കുന്ന ഗാനസദസ്സും നടക്കും.
ലക്ഷ്യബോധവും കഠിനശ്രമവും വിജയം ഉറപ്പാക്കും – ഡോ. ഖാദർ മങ്ങാട്
മാഹി: ലക്ഷ്യബോധവും കഠിനശ്രമങ്ങളും ചേർന്നാൽ മാത്രമേ ജീവിതവിജയം കൈവരിക്കാൻ സാധിക്കൂവെന്ന് കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മങ്ങാട് പറഞ്ഞു. ധർമ്മമാകുന്ന ലക്ഷ്യത്തിലേക്ക് കർമ്മത്തിന്റെ സഞ്ചാരപഥം നയിക്കേണ്ടതിന്റെ പ്രാധാന്യം ഇതിഹാസ കൃതികൾ തന്നെ വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടെ ബി.എഡ് പരീക്ഷയിൽ ഈ വർഷവും നൂറ് ശതമാനം വിജയം കൈവരിച്ച മാഹി ശ്രീനാരായണ ബി.എഡ് കോളജിലെ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോളേജ് ചെയർമാൻ ഡോ. എൻ.കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിലെ മുൻ അസോസിയേറ്റ് പ്രൊഫസർ ഡോ. ഭാസ്‌കരൻ നായർ, ചോമ്പാല സി.എസ്.ഐ വുമൺസ് കോളേജ് പ്രിൻസിപ്പാൾ ഡോ. ശശികുമാർ, ഡോ. മുഹമ്മദ് കാസിം എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പാൾ ഡോ. വി.ആർ. രമ്യ സ്വാഗതവും എം.എം. പ്രീതി നന്ദിയും പറഞ്ഞു.
ബി ജെ പി പുതുച്ചേരി
സംസ്ഥാനപ്രഭാരി
നാളെ മാഹിയിൽ
മാഹി: ആസന്നമായ നിയമസഭ തെരെഞ്ഞെടുപ്പിൽ മാഹി മണ്ഡലത്തിലെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന് വേണ്ടി ബി ജെ പി പുതുച്ചേരി സംസ്ഥാന പ്രഭാരി നിർമ്മൽകുമാർ സുരാന നാളെ (ജനവരി 12) മാഹിയിൽ എത്തും.
വൈകുന്നേരം 4 മണിക്ക് മാഹി റിട്സ് അവന്യൂ ഓഡിറ്റോറിയത്തിൽ നടക്കുന്ന ബി ജെ പി മാഹി മണ്ഡലം കൺവെൻഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്യും. മാഹി മണ്ഡലം പ്രസിഡണ്ട് പി. പ്രഭീഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. മാഹി മണ്ഡലം പ്രഭാരി ദ്വെരൈഗണേഷ്, സംസ്ഥാന പ്രവർത്തക സമിതി അംഗം എ.ദിനേശൻമണ്ഡലം ജനറൽ സിക്രട്ടറിമാരായ മഗനീഷ് മഠത്തിൽ കെ.എം. ത്രിജേഷ് തുടങ്ങിയവർ പ്രസംഗിക്കും
ആയിഷ നിര്യാതയായി
തലശ്ശേരി: ടൗൺ ഹാളിനടുത്ത ഗുൽഷനിൽ എ.കെ നിസാറിൻ്റെ ഭാര്യ അയ്യലത്ത് ആയിഷ(65) നിര്യാതയായി. പിതാവ്പരേതനായ അണിയാൻ കൊല്ലത്ത് ഉമ്മർ.
മക്കൾ: ജാബിർ, ജുനൈദ്, ഹാജറ, സുമയ്യ,തബുസും ,
പരേതയായഷഹദിയ.
മരുമക്കൾ: ഷമീർ, റിയാദ്, നസീബ് (വിവാഹ് ഗോൾഡ്),
ഫഹീം, നാസ്മി.
സഹോദരങ്ങൾ, മറിയു, കദീജ, മഹമൂദ്.
ഖബറടക്കംഞായറാഴ്ച രാവിലെ 10 മണിക്ക് അയ്യലത്ത് പള്ളിയിൽ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











