ആരോരുമറിയാതെ ഒരു സാഹിത്യസന്ധ്യ
മാഹി: മയ്യഴിയുടെ നിശ്ശബ്ദ സന്ധ്യയിൽ, സൂര്യൻ മയ്യഴിപ്പുഴയുടെ തീരത്ത് ചുവന്നിറങ്ങുമ്പോൾ, മൂപ്പൻ സായിപ്പിന്റെ മാളിക മുറ്റം സാഹിത്യത്തിന്റെ സ്നേഹസമ്മേളനത്തിന് വേദിയായി. റിവേറി പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പുതുച്ചേരി കലാ–സാംസ്കാരിക വകുപ്പും മാഹി അഡ്മിനിസ്ട്രേഷനും മാഹി നഗരസഭയും ചേർന്ന് സംഘടിപ്പിച്ച ഈ സാഹിത്യസന്ധ്യ, സാഹിത്യ ആസ്വാദകരെ പാടേ മാറ്റി നിർത്തിയായിരുന്നു.
“അറബിയുടെ അമ്മ” നോവൽ വായനക്കൂട്ടത്തിന്റെ സഹകരണത്തോടെ മാഹി ഗവൺമെന്റ് ഹൗസിൽ നടന്ന സാഹിത്യസായാഹ്നത്തിൽ മലയാള സാഹിത്യത്തിന്റെ വിവിധ തലമുറകളെ പ്രതിനിധീകരിക്കുന്ന എഴുത്തുകാർ ഒരേ വൃത്തത്തിൽ ഒത്തുചേർന്നു. എം. മുകുന്ദൻ, സക്കറിയ, ബെന്യാമിൻ, ശിഹാബുദ്ദീൻ പൊയിത്തുംകടവ്, എസ്. ഹരീഷ്, ഷീല ടോമി, ലിജേഷ് കുമാർ, കെ.വി. സജയ്, വി.കെ. സുരേഷ്, ജിൻഷ ഗംഗ, താഹ മാടായി, ബിജു പുതുപ്പണം തുടങ്ങിയവർ പങ്കെടുത്തു.
മാഹി എം.എൽ.എ. രമേഷ് പറമ്പത്തും അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാറും എഴുത്തുകാരെ സ്വാഗതം ചെയ്തു. തുടർന്ന് എഴുത്തുകാരെ സ്മരണികകൾ നൽകി ആദരിച്ചു. പരിപാടികളുടെ ഏകോപനം “അറബിയുടെ അമ്മ”യുടെ രചയിതാവ് മൻസൂർ പള്ളൂർ നിർവഹിച്ചു.
സന്ധ്യ മയങ്ങിയപ്പോൾ , ഹിൽ ടോപ്പിൽ എഴുത്തുകാരൻ സക്കറിയ തന്റെ പ്രശസ്ത കഥ “ആത്മകഥ” വായിച്ച് കേൾപ്പിച്ചു.
തുടർന്ന് ബെന്യാമിൻ, എസ്. ഹരീഷ്, ഷീല ടോമി എന്നിവർ തങ്ങളുടെ എഴുത്തുജീവിതത്തിലെ വഴിത്തിരിവുകളും സർഗ്ഗാനുഭവങ്ങളും പങ്കുവെച്ചു. പ്രേക്ഷകരില്ലാതെ, പ്രസംഗവേദികളില്ലാതെ, എഴുത്തുകാരും എഴുത്തും മാത്രം മുഖാമുഖം നിന്ന ഈ സാഹിത്യസന്ധ്യ, ഉത്സവങ്ങളുടെ തിരക്കിനിടയിൽ മയ്യഴിക്ക് ലഭിച്ച ശാന്തമായ ഒരു സൃഷ്ടിനിമിഷമായി മാറി.
മയ്യഴിയിലെ സാഹിത്യ കലാ സ്നേഹികളെ മുഴുവനായും മാറ്റി നിർത്തി സംഘടിപ്പിച്ച സർക്കാർ സ്പോൺസേർഡ് പരിപാടിക്കെതിരെ ശക്തമായ പ്രതിഷേധമുയർന്നിട്ടുണ്ട്. അവർക്കായി മറ്റൊരു പരിപാടി താമസിയാതെ നടത്തുമെന്ന് സംഘാടകൻ മൻസൂർ പള്ളൂർ അറിയിച്ചു.
ചിത്രവിവരണം:മൻസൂർ പള്ളൂർ രചിച്ച അറബിയുടെ അമ്മ, വായന കൂട്ടം സംഘടിപ്പിച്ച സാഹിത്യ സന്ധ്യയിൽ മൂപ്പൻ സായിപ്പിൻ്റെ വിട്ട് മുറ്റത്തു നിന്ന് അസ്തമയം ആസ്വദിക്കുന്ന സാഹിത്യകാരൻ സക്കറിയ
മാഹി സ്കൂൾ കലോത്സവ് 2026 സമാപിച്ചു
മാഹി: വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സർക്കാർ വിദ്യാലയങ്ങൾക്കായി സംഘടിപിച്ച ‘സ്കൂൾ കലോത്സവ് 2026’ സമാപിച്ചു. പന്തക്കൽ പി.എം. ശ്രീ ഐ.കെ. കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന
കലോത്സവത്തിന്റെ സമാപനയോഗം മാഹി പോലീസ് സൂപ്രണ്ട് ഡോ.. വിനയ് കുമാർ ഗാഡ്ഗേ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.ചീഫ് എജുക്കേഷൻ ഓഫീസർ എം എം തനൂജ് അധ്യക്ഷയായി. പി എം ശ്രീ ഐ.കെ.കെ ഗവ. ഹയർ സെക്കൻ്റ്റി സ്കൂൾ പ്രിൻസിപ്പൽ കെ ഷീബ,പ്രോഗ്രാം കമ്മിറ്റി കൺവീനർ സി ഇ രസിത, ജനറൽ എം വി ശ്രീലത എന്നിവർ സംസാരിച്ചു. രണ്ടു വേദികളിലായി രണ്ടു ദിവസങ്ങളിൽ 520 ൽ പരം വിദ്യാർത്ഥികൾ ആണ് കലോത്സവിൽ പങ്കെടുത്തത്.
ചിത്രവിവരണം:മാഹി പോലീസ് സൂപ്രണ്ട് ഡോ.. വിനയ് കുമാർ ഗാഡ്ഗേ ഐ.പി.എസ് ഉദ്ഘാടനം ചെയ്യുന്നു
താഴെ കുനിയിൽ ലീല നിര്യാതയായി.
ഈസ്റ്റ് പള്ളൂർ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം കണ്ടോത്ത് താഴെ കുനിയിൽ ലീല (78) നിര്യാതയായി.
പരേതരായ കോരൻ കുങ്കി എന്നിവരുടെ മകൾ.
സഹോദരങ്ങൾ പരേതരായ കല്യാണി,കരുണാകരൻ,വിജയൻ,നളിനി.
ചാലക്കര പെരുമയോടനുബന്ധിച്ച് നടന്ന വനിതാവോളി ബോൾ ടൂർണ്ണമെന്റിൽ ജേതാക്കളായ ഐ.പി.എം. വടകര ടീമിന് പ്രമുഖ പ്രവാസി വ്യവസായി കാസിനോ പി മുസ്തഫ ഹാജി ട്രോഫി സമ്മാനിക്കുന്നു.
പുതുവൈ കലൈമാമണി അവാർഡീസ് അസോസിയേഷൻരൂപീകരിച്ചു.
മാഹി: കലാ സാഹിത്യ മേഖലകളിൽ പുതുച്ചേരി സർക്കാറിൻ്റെ കലൈമാമണി അവാർഡ് നേടിയവരുടെ സംഘടന രൂപികരിച്ചു. ഉത്തമരാജ് മാഹി പ്രസിഡൻ്റായും ചാലക്കര പുരുഷു വൈസ് പ്രസിഡൻ്റായുംആർട്ടിസ്റ്റ് സതീശങ്കർ സിക്രട്ടറിയായും രേണുക ടീച്ചർ ജോയൻ്റ് സെക്രട്ടറിയായുംകെ.കെ. രാജീവ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ആർട്ടിസ്റ്റ് പ്രേമൻ, അഴിയൂർ നാരായണൻ,
പ്രിയാരഞ്ചിത്ത്, ദിവ്യ പ്രജീഷ് എന്നിവർ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.
മാഹിയിൽ കലാ സാംസ്കാരിക വകുപ്പിൻ്റെ ഒരു ഓഫീസ്തുടങ്ങാനുള്ള നടപടിയെടുക്കണമെന്ന് യോഗം പുതുച്ചേരി സർക്കാറിനോടാവശ്യപ്പെട്ടു.പുതുവൽസരാഘോഷത്തോടനുബന്ധിച്ച് റീജണൽഅഡ്മിനിസ്ട്രറ്റർ ഓഫീസിൽ ആരെയും അറിയിക്കാതെ സ്വകാര്യമായി നടത്തിയ സാഹിത്യ സന്ധ്യയെ യോഗം ശക്തമായി അപലപിച്ചു.
ശ്രീനിവാസൻ അനുസ്മരണവും ജനപ്രതിനിധികൾക്ക് സ്വീകരണവും
കതിരൂർ :കതിരൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടൻ ശ്രീനിവാസൻ അനുസ്മരണവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. കതിരൂർ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ബേങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അധ്യക്ഷനായി.
മലയാളികളുടെ കാപട്യവും പൊങ്ങച്ചവും നർമ്മത്തിലൂടെ തുറന്നു കാണിച്ച കണ്ണാടിയാണ് ശ്രീനിവാസനെന്ന് പ്രേംകുമാർ പറഞ്ഞു. മനുഷ്യത്വമുള്ള ഒരുപാട് കഥാപാത്രങ്ങളെ ശ്രീനിവാസൻ സിനിമയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്. ശ്രീനിവാസൻ മരണപ്പെട്ടില്ലായിരുന്നുവെങ്കിൽ ഇനിയും നിരവധി കഥകളും കഥാപാത്രങ്ങളും അദ്ദേഹത്തിലൂടെ സൃഷ്ടിക്കപ്പെടുമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
റബ്കോ ചെയർമാൻ കാരായി രാജൻ, തിരക്കഥാകൃത്ത് ഗോവർധനൻ, മുൻ ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സൽ, സഹകരണ വകുപ്പ് സീനിയർ ഇൻസ്പെക്ടർ ഇ ഡി ബീന, കതിരൂർ ഹൈസ്കൂൾ പ്രധാനാധ്യാപിക ടി സീന, ബാങ്ക് ഡയറക്ടർ പി സി ദിനേശൻ എന്നിവർ സംസാരിച്ചു. അസി സെക്രട്ടറി എം രാജേഷ് ബാബു സ്വാഗതവും ബാങ്ക് സെക്രട്ടറി പുത്തലത്ത് സുരേഷ് ബാബു
നന്ദിയും പറഞ്ഞു.
കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി സുജയ, എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് കാട്യത്ത് പ്രകാശൻ, തലശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശ്രീഷ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ സുധീഷ്, ജില്ലാ പഞ്ചായത്ത് അംഗം എ കെ ശോഭ, കതിരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി പവിത്രൻ തുടങ്ങി ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലായി ബാങ്ക് പരിധിയിലുള്ള 42 ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു.
ചിത്ര വിവരണം:
കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച ശ്രീനിവാസൻ അനുസ്മരണവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും പ്രേംകുമാർ ഉദ്ഘാടനം ചെയ്യുന്നു
മയലക്കര നാസർ നിര്യാതനായി.
ന്യൂമാഹി: ചെറുകല്ലായി മയലക്കര ലൈലാ മൻസിൽ നാസർ (75) നിര്യാതനായി.
ദുബായ് - മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ സ്ഥാപക പ്രസിഡണ്ടും നിലവിലെ പ്രസിഡണ്ടുമാണ്.
പരേതരായ പുറക്കാട്ടേരി മൊയ്തീൻ കോയ ഹാജിയുടേയും, മയലക്കര കുഞ്ഞാമിനയുടേയും മകനാണ്.
ഭാര്യ: ബാണിയമ്പലത്ത് യാസ്മിൻ (ന്യൂ മാഹി).
മക്കൾ: സെറിഷ്, സിത്തിൻ, സുഫാന.
സഹോദരങ്ങൾ: മയലക്കര അഷ്റഫ്, ലൈല, പരേതനായ മയലക്കര മുഹമ്മദ്.
ജനാസ നമസ്ക്കാരം: തിങ്കളാഴ്ച രാവിലെ 09.30 ന് വീടിനടുത്തുള്ള കുനിയിൽ സറാമ്പിയിൽ.
ശേഷം ഖബറടക്കം: ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.
നവ വത്സരം ആഘോഷിച്ചു
മാഹി..വെസ്റ്റ് പള്ളൂർ ഒരുമ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ പുതുവത്സരം വിവിധ പരിപാടികളോടെ ആഘോഷിച്ചു.. വെസ്റ്റ് പള്ളൂർ ഗവ. എൽ.പി. സ്കൂളിൽ ആഘോഷ പരിപാടിയുടെ ഉദ്ഘാടനം മാഹി ഡെ:തഹസിൽദാർ സൗരവ് നിർവഹിച്ചു. അസോസിയേഷൻ പ്രസിഡണ്ട് രാജൻ. കെ.പള്ളൂർ അദ്ധ്യക്ഷത വഹിച്ചു.. കവി ആനന്ദ് കുമാർ പറമ്പത്ത് മുഖ്യഭാഷണം നടത്തി. ശ്യാം കുമാർ, പത്മാലയം പത്മനാഭൻ സംസാരിച്ചു സെക്രട്ടറി രാജേന്ദ്രൻ സ്വാഗതവും ഖജാൻജി അൻസി അരവിന്ദ് നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികൾ അരങ്ങേറി.
അന്തരാഷ്ട്ര
ചലച്ചിത്രോൽസവം സമാപിച്ചു
മാഹി:ചോമ്പാൽ ദൃശ്യം ഫീലം സൊസെറ്റി നടത്തിയ അന്തരാഷ്ട്ര ചലച്ചിത്രോൽസവത്തിന്റെ സമാപന സമ്മേളനം .കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു. ഭരണകൂട്ടങ്ങൾ ആവിഷ്കാര സ്വത്രന്ത്രം ഹനിക്കുന്നത് എതിരെ എല്ലാവരും ഉണർന്ന് വരണമെന്ന് അവർ പറഞ്ഞു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം പ്രമോദ് മാട്ടാണ്ടി അധ്യക്ഷത വഹിച്ചു.. എൻ. ശ്രീകല,. മനോജ് കുയ്യാലിൽ , പി ബാബുരാജ്,വി പി രാഘവൻ, സന്തോഷ് ചോമ്പാല , രജിത സോമൻ! പ്രദീപ് ചോമ്പാല, വി പി മോഹൻദാസ് , സി എച്ച് അച്ചുതൻ സംസാരിച്ചു നേരത്തെശ്രീനിവാസൻ സിനിമ എന്ന വിഷയം ഓപ്പൺ ഫോറത്തിൽ ചർച്ചയായി. നാടകകൃത്ത് വി കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.വൈ പി കുമാരൻ അധ്യക്ഷത വഹിച്ചു. നിരുപക എ വി ബിന മോഡറേറ്ററായി. വിമല നാരായണൻ , കെ പി വിജയൻ ,കെ പി ഗോവിന്ദൻ , സോമൻ മാഹി , ടി ടി രാജൻ, അനിശൻ മടപ്പള്ളി സംസാരിച്ചു.
ചിത്രവിവരണം:ചോമ്പാൽ ദൃശ്യം ഫിലം സൊസെറ്റി അന്തരാഷ്ട്ര ചലച്ചിത്രോൽസവം സമാപന സമ്മേളനം കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
കണ്ണൻ നിര്യാതനായി.
കോടിയേരി: പുന്നോലിലെ വിമലാലയത്തിൽ കിഴക്കയിൽ കണ്ണൻ (78) അന്തരിച്ചു.ഭാര്യ: വിമല.മക്കൾ: അജിത്ത്, സുജിത്ത്, വിജിക.
മരുമക്കൾ: ദിവ്യ, റിജിന, ജിതേഷ്.സഹോദരങ്ങൾ: കല്യാണി, ബാലൻ,
പരേതരായ കുഞ്ഞിരാമൻ, മാതു, കുമാരൻ.
സംസ്കാരം 4ന് വൈകുന്നേരം 4.30 ന് വീട്ടുവളപ്പിൽ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











