പിതാവിന്റെ അന്ത്യാഭിലാഷം
നിറവേറ്റാൻ ലോക പ്രശസ്ത
സംവിധായകൻമയ്യഴിയിലെത്തി
:ചാലക്കര പുരുഷു
മാഹി: അടുത്തിടെ മരണപ്പെട്ട പിതാവ് ഡോ: ശ്യാമളന്റെ ചിതാഭസ്മവുമായി മകൻ ലോക പ്രശസ്ത അമേരിക്കൻ ഹോളിവുഡ് ചലച്ചിത്ര സംവിധായകൻ മനോജ് നൈറ്റ് ശ്യാമളൻ ഇന്ന് പിതാവിന്റെ ജൻമദേശമായ മയ്യഴിയിലെ നെല്ലിയാട്ട് തറവാട്ടിലെത്തി. അമേരിക്കയിൽ നിര്യാതനായ പിതാവ്ഡോ. ശ്യാമളന്റെ ചിതാഭസ്മം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മാഹി കടപ്പുറത്തെത്തി ആരോരുമറിയാതെ കടലിൽ നിമഞ്ജനം ചെയ്യുകയായിരുന്നു. മനോജിന്റെ ശൈശവ കാലം മയ്യഴിയിലായിരുന്നു. പിന്നീട് മദിരാശിയിലും ഉപരി വിദ്യാഭ്യാസം അമേരിക്കയിലുമായിരുന്നു.
മനോജ് നൈറ്റ് ശ്യാമളൻ സംവിധാനം ചെയ്ത
ദ സിക്സ്ത് സെൻസ് എന്ന സിനിമക്ക് ആറ് ഓസ്കാർ നോമിനേഷനുണ്ടായിരുന്നു. 1992 ൽ സംവിധാനം ചെയ്ത പേയിങ്ങ് വിത്ത് ആങ്കർ എന്ന സിനിമയാണ് ആദ്യമായി റിലീസ് ചെയ്തത്. ന്യൂയോർക്ക് സർവകലാ ശാലാ വിദ്യാർത്ഥിയായിരിക്കെയാണ് സിനിമ സംവിധാനം ചെയ്തത്. രണ്ടാമത്തെ ചിത്രമായ വൈഡ് എവൈ ക്ക് മൂന്ന് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പുറത്തിറക്കിയത്.
ലോകാതിതമായതും, കഥാന്ത്യം അമ്പരപ്പിക്കുന്ന വഴിത്തിരിവുകളും ഉള്ള ചിത്രങ്ങൾ നിർമ്മിക്കുന്നതിൽ സമർത്ഥനുമാണ്. അമേരിക്കയിലെ ഏറ്റവും ,വിലപിടിപ്പുള്ള, ചലച്ചിത്രകാരനാണ് മനോജ് .
സംവിധായകൻ , നടൻ,ഛ ഛായഗ്രാഹകൻ , തിര കഥാകൃത്ത്എന്നി നിലകളിലും ലോക പ്രശസ്തനാണ്.
അര നൂറ്റാണ്ടിന് ശേഷമാണ് മനോജ് പിതാവിന്റെ അന്ത്യാഭിലാഷ പൂർത്തികരണത്തിന് മാത്രമായി പിറന്ന മണ്ണിലെത്തിയത്. അച്ഛന്റെ സഹോദരിമാർക്കും മക്കൾക്കുമൊപ്പമാണ് മയ്യഴിയിലെത്തിയത്.
ചിത്രവിവരണം: മനോജ് നൈറ്റ് ശ്യാമളൻ ചിതാഭസ്മം നിമഞ്ജനം ചെയ്ത മയ്യഴി കടലോരത്ത് നിന്നും മടങ്ങുന്നു.
സംഗീതത്തിന്റെ പൂമഴയിൽ
ചാലക്കര രാഗാർദ്രമായി
മാഹി. മഹിതമായ മയ്യഴിയുടെ സംസ്ക്കാരികപ്പെരുമക്ക്
നിലയ്ക്കാതെ പെയ്ത പെരുമഴ പോലെ തപസ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് മൂന്നാം വാർഷികത്തോടനുബന്ധിച്ച്, ചാലക്കര പി.എം. ശ്രീ ഉസ്മാൻ ഗവ: ഹൈസ്കൂൾ മൈതാനിയിൽസംഘടിപ്പിച്ച സംഗീതോത്സവം അനുവാചകർക്ക് അവിസ്മരണീയമായ രാഗതാള സ്വരലയ വിരുന്നായി.
നൂറ്റി എൺപതിലേറെ സംഗീതപ്രതിഭകൾ വായ്പാട്ടിലും, ഉപകരണസംഗീതത്തിലും വിസ്മയം തീർത്തു.
സാംസ്ക്കാരിക സമ്മേളനത്തിൽ തപസ്യ ഡയറക്ടർ അജിത്ത് വളവിൽ അദ്ധ്യക്ഷത വഹിച്ചു.
ഗായകനും,കലാകാരന്മാരെ ഏറെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത പരേതനായ ആവിക്കൽ ചന്ദ്രന്റെ സ്മരണക്ക് മാഹി മേഖലയിലെ 34 വിദ്യാലയങ്ങളിൽ നിന്നും സർഗ്ഗധനരും നിർദ്ധനരുമായ ഓരോ വിദ്യാർത്ഥിക്ക് പുതുവത്സര സമ്മാനമായി തപസ്യയിൽ സൗജന്യ
സംഗീത പരിശീലനം നൽകുമെന്ന് മാനേജിങ്ങ് ഡയറക്ടർ അജിത്ത് വളവിൽപറഞ്ഞു.
കലുഷിതമായ കാലത്ത് കലകൾ ,പ്രത്യേകിച്ച് സംഗീതം മനുഷ്യമനസ്സുകളെ വിമലീകരിക്കുമെന്ന് ഉദ്ഘാടകനായ
രമേശ് പറമ്പത്ത് എം.എൽ എ പറഞ്ഞു. സജിത്ത്നാരായണൻ,കെ.വി.മുരളിധരൻ , ചാലക്കര പുരുഷു, ആനന്ദ് കുമാർ പറമ്പത്ത് , പ്രദീപ് പത്മനാഭൻ സംസാരിച്ചു. വിവിധ മേഖലകളിൽ സംസ്ഥാന-ദേശീയ ബഹുമതികൾ നേടിയ ചാലക്കര പുരുഷു , കെ.കെ.രാജീവ്, കെ.അശോകൻ , മുഹമ്മദ് സിറാജുദ്ദീൻ ബക്കർ , പ്രദീപ് പത്മനാഭൻ, വേണുഗോപാൽ, സുരേഷ് ബാബു ,ശിവകാമി , അശ്വതി എന്നിവരെ ആദരിച്ചു.
തുടർന്ന് പ്രശസ്തകലാകാരൻമാർ അണിനിരന്ന ഗാനമേളയുമുണ്ടായി.
കെ.കെ.രാജീവ് .സ്വാഗതവും, കെ.അശോകൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
ന്യൂറോനെറ്റ് എഡ്യൂ സൊല്യൂഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ അബാക്കസ് ചാമ്പ്യൻഷിപ്പ് പരീക്ഷ നടത്തി.
കണ്ണൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും എണ്ണൂറിൽ പരം വിദ്യാർത്ഥികൾക്കായി ഏഴ് കാറ്റഗറികളിലായിട്ടാണ് പരീക്ഷ നടത്തിയിരിക്കുന്നത്.
പരീക്ഷയിൽ പങ്കെടുത്തിട്ടുള്ള വിദ്യാർത്ഥികളിൽ നിന്നും അവരുടെ രക്ഷിതാക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ന്യൂറോനെറ്റ് സ്ഥാപകൻ ബിജു പച്ചിരിയൻ പറഞ്ഞു. ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ മത്സര പരീക്ഷയ്ക്ക് പ്രാപ്തരാക്കുക എന്നതാണ് ന്യൂറോനെറ്റ് എജ്യു സൊല്യൂഷന്റെ ലക്ഷ്യമെന്ന് ന്യൂറോനെറ്റിന്റെ ടെക്നോളജി മേധാവി പ്രജിത്ത് പിവി അറിയിച്ചു.
തലശ്ശേരി ഓറ ആഡിറ്റോറിയത്തിൽ വെച്ച് നടന്ന പരീക്ഷയ്ക്ക് ന്യൂറോനെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സരിത ബിജുവും, വിവിധ ജില്ലകളിലെ പ്രൊജക്റ്റ് മാനേജർമാരും, ടീച്ചർമാരും ചേർന്ന് നേതൃത്വം നല്കി.
മയ്യഴി ഫുടുബാൾ സംഘാടക സമിതി ആപ്പീസ് തുറന്നു.
മയ്യഴിയിലെ കായിക സംസ്കാരത്തിന്നു മാഹി സ്പ്പോർട്സ് ക്ലബ്ബിൻ്റെ പങ്ക് നിസ്തുലമാണ് എന്ന്
മയ്യഴി നാൽപ്പത്തിരണ്ടാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിൻ്റെ സംഘാടക സമിതി ആപ്പീസ്സ് ഉത്ഘാടനം ചെയ്തു കൊണ്ട് മയ്യഴി പോലീസ്സ് ഇൻസ്പെക്ടർ പി.എ.അനിൽകുമാർ അഭിപ്രായപ്പെട്ടു.
പ്രചാഷ് @ ബാബൂട്ടി രചനയും സംവിധാനവും ഗാനാലാപനവും നടത്തിയ നാൽപ്പത്തി രണ്ടാമത് ടൂർണ്ണമെൻ്റ് പ്രചരണ ഗാനത്തിൻ്റെ പ്രകാശനം ടൂർണ്ണമെൻ്റ് രക്ഷാധികാരി അഡ്വ.ടി.അശോക് കുമാർ നിർവ്വഹിച്ചു.
ടൂർണ്ണമെൻ്റ രക്ഷാധികാരി നൗഷാദ് കെ.പി, മുൻ ക്ലബ്ബ് പ്രസിഡൻറ്, കെ.പി.സുനിൽകുമാർ, മുൻ ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ ജിനോസ് ബഷീർ, SMFA ചീഫ് കോച്ച് ടി.ആർ.സലീം, സന്തോഷ് ട്രോഫി കളിക്കാരൻ ഉമേഷ് ബാബു, മീഡിയാ കോർഡിനേറ്റർ ശ്രീകുമാർ ഭാനു എന്നിവർ ആശംസാ ഭാഷണം നടത്തി.
നാൽപ്പത്തിരണ്ടാമത് ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ അനിൽ വിലങ്ങിൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ കെ.സി. നികിലേഷ് സ്വാഗതവും ടൂർണ്ണമെൻ്റ് കോർഡിനേറ്റർ അടിയേരി ജയരാജൻ നന്ദിയും പറഞ്ഞു.
കെവലിയേർസ് ദേ മായേ
പുതുവർഷത്തെ വരവേറ്റു
മയ്യഴിയിലെ സൈക്കിൾ സവാരിക്കൂട്ടായ്മയായ കെവലിയേർസ് ദേ മായേ രണ്ടായിരത്തി ഇരുപത്താറാം വർഷത്തെ സമുചിതമായി വരവേറ്റു.
മുൻ വർഷത്തെ നിരവധിയായ പരിപാടികളുടെ നേട്ടങ്ങളെയും അവയ്ക്കിടയിലെ ന്യൂനതകളേയും യോഗം വിലയിരുത്തി.
പുതിയ വരാനിരിക്കുന്ന വർഷത്തെ പരിപാടികളുടെ ഒരു രൂപരേഖയും അവതരിപ്പിക്കപ്പെട്ടു.
മയ്യഴിയിൽ ചേർന്ന പുതിയ വർഷത്തെ വരവേൽക്കുന്ന കൂട്ടായ്മയിൽ കെവലിയേർസ് ദേ മായേയുടെ സ്ഥാപക അംഗം അങ്ങാടിപ്പുറത്ത് സുധീഷ് കുമാർ, സീനിയർ റൈഡേർസ് വികാസ് ചെമ്മേരി, വികാസ് എ ടി യും ചേർന്ന് പുതുവർഷ കേക്ക് മുറിച്ചു പരിപാടികൾക്ക് തുടക്കം കുറിച്ചു.
വരും വർഷത്തെ കെവലിയേർസ് മുന്നോട്ടു വയ്ക്കുന്ന ശാരീരികവും മാനസീകവുമായ ഉന്നമനത്തിൻ്റെ രൂപരേഖ ചടങ്ങിൽ അങ്ങാടിപ്പുറത്ത് സുധീഷ് കുമാർ അവതരിപ്പിച്ചു.
അഡ്വ.ടി.അശോക് കുമാർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ശ്രീകുമാർ ഭാനു, അങ്ങാടിപ്പുറത്ത് സുധീഷ് കുമാർ, രാജേന്ദ്രൻ.എ, ഡോ.വിജേഷ് അടിയേരി, ഹർഷാദ് ഇടവന, വികാസ് .എ ടി, എന്നിവർ സംസാരിച്ചു. കക്കാടൻ വിനയൻ നന്ദി പറഞ്ഞു.
തുടർന്ന് കലാ പരിപാടികൾ അരങ്ങേറി..
ആവിക്കൽ ചന്ദ്രൻ:
സംഗീതത്തിന്റെ പൂമരം
ചാലക്കര പുരുഷു
സംഗീതം ജീവരക്തത്തിലലിഞ്ഞുചേർന്ന ഒരു മനുഷ്യൻ...സംഗിതം ശാസ്ത്രീയമായി പഠിക്കാൻ ഏറെ കൊതിച്ച ബാല്യ കൗമാരകാലത്ത് ദാരിദ്ര്യം മോഹങ്ങളെയെല്ലാം മരവിപ്പിച്ചു നിർത്തി.
എങ്കിലും നാടക-സാംസ്കാരിക വേദികളിലും അമ്പല മുറ്റത്തുമെല്ലാം ലളിത ഗാനങ്ങളും ഭക്തി ഗാനങ്ങളുമെല്ലാം പാടി ഈ മനുഷ്യൻ നടന്നു.
മാഹി സ്പിന്നിങ്ങ് മില്ലിൽ ജോലി കിട്ടി, ജീവിത പ്രയാസങ്ങൾ തെല്ലൊന്ന് വഴി മാറിയപ്പോൾ , സംഗീത വിദ്യാലയമായ മാഹി അമൃതവർഷിണിയിലൂടെ ശാസ്ത്രീയ സംഗീതം പഠിച്ചു തുടങ്ങി. അപ്പോഴേക്കും വയസ്സ് 55 ആയി. അഞ്ച് വർഷത്തോളം അഭ്യസനം തുടർന്നു. തന്റെ മുതിർന്ന മക്കളും അച്ഛനോടൊപ്പം സംഗീതത്തിൽ സഹപാഠികളായെത്തി. വായ്പാട്ടിൻ അച്ഛൻ അരങ്ങ് തകർത്തപ്പോൾ, മക്കളായ അജിത്ത് വളവിൽ വയലിനിലും, അനുജൻ രഞ്ജിത്ത് വളവിൽ തബലയിലും തകർത്താടി.എല്ലാറ്റിനും പ്രോത്സാഹനമേകി ചന്ദ്രന്റെ ഭാര്യ ചിത്രാംഗി സംഗീതത്തെ പുൽകി നിന്നു . രാഗതാളലയ ഭാവങ്ങൾമഴവില്ല് തീർത്ത , ഈ കുടുംബത്തെ സംഗീത സാഗരതീരത്തെ ആത്മാനുഭൂതിയുടെ നിലയ്ക്കാത്ത തീരമാക്കി.
ജീവിത വഴിയിൽ അജിത് ചീനയിൽ ബിസ്സിനസ്സുകാരനായി. രഞ്ജിത്ത് പുതുച്ചേരി പൊലീസ് സേനയിലുമെത്തി. മൂത്ത മകൻ സജിത്ത് മർച്ചന്റ് നേവിയിൽ ക്യാപ്റ്റനുമായി.
സംഗീതം ജീവാമൃതമായ ആ കുടുംബത്തിന്റെ രാഗാർദ്രമായ ഒഴുക്ക്, അച്ഛന്റെ വേർപാടോടെ നിലച്ചു. സ്നേഹ നിധിയായ അച്ഛൻ ആവിക്കൽ ചന്ദ്രനോടുള്ള സ്നേഹാർച്ചനയായാണ് , അത്യാധുനീക സംവിധാനങ്ങളോടെ ചാലക്കരയുടെ ഹൃദയ ഭാഗത്ത് മഹത്തായ ഒരു സംഗീത വിദ്യാലയം സമർപ്പണമെന്നോണം മൂന്ന് വർഷം മുമ്പ് സ്ഥാപിതമായത്. അതോടെ പഴയ സംഗീത വീടിന്റെ ഈണങ്ങളുടെ ആന്ദോളനം ഒരു നാടാകെ പടരുകയായിരുന്നു. ഇപ്പോൾ നാടുണരുന്നതും ഉറങ്ങുന്നതും തപസ്യയിലെ സംഗീത മധു മന്ത്രണം കേട്ടുകൊണ്ടാണ്.
പടം: ആവിക്കൽ ചന്ദ്രൻ
മാഹി സ്കൂൾ കലോത്സവം 2026 ആരംഭിച്ചു; 520 വിദ്യാർത്ഥികൾ മാറ്റുരക്കും
മാഹി:മാഹിയിൽ സർക്കാർ വിദ്യാലയങ്ങൾ സി.ബി.എസ്.സി പാഠ്യപദ്ധ തിയിലേക്ക് മാറിയതിന് ശേഷം ആദ്യമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘സ്കൂൾ കലോത്സവ് 2026’ ന് പന്തക്കലിൽ തിരിതെളിഞ്ഞു. ജനുവരി മൂന്ന്, നാല് തീയതികളിലായി നടക്കുന്ന കലോത്സവം പന്തക്കൽ പി.എം. ശ്രീ ഐ.കെ. കുമാരൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് സംഘടിപ്പിക്കുന്നത്.
കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മാഹി എം.എൽ.എ രമേഷ് പറമ്പത്ത് നിർവഹിച്ചു. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ അധ്യക്ഷത വഹിച്ചു. പി.എം. ശ്രീ ഐ.കെ.കെ പന്തക്കൽ എസ്.എം.സി ചെയർപേഴ്സൺ ദിവ്യമോൾ, സ്കൂൾ പ്രധാന അധ്യാപിക എൻ.വി. ശ്രീലത, സമഗ്രശിക്ഷ എ.ഡി.പി.സി ഷിജു പി. എന്നിവർ ആശംസകളർപ്പിച്ചു. മാഹി വിദ്യാഭ്യാസവകുപ്പ് മേലധ്യക്ഷ എം.എം. തനൂജ സ്വാഗതവും, പി.എം. ശ്രീ ഐ.കെ.കെ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷീബ കെ നന്ദിയും പറഞ്ഞു.
കലോത്സവത്തിന്റെ ഭാഗമായി നടന്ന ഓഫ്-സ്റ്റേജ് മത്സരങ്ങളിലെ വിജയികൾക്ക് വേദിയിൽ വെച്ച് വിശിഷ്ട വ്യക്തികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
മയൂർ, മൽഹാർ എന്നീ രണ്ട് വേദികളിലായി ഭരതനാട്യം, നാടോടിനൃത്തം, ഒപ്പന, ലളിതഗാനം, സംഘഗാനം, ആംഗ്യപ്പാട്ട്, സംഘനൃത്തം, മോണോ ആക്ട് തുടങ്ങി വിവിധ കലാ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. മാഹി മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിഭാഗങ്ങളിലായി 520 ഓളം വിദ്യാർത്ഥികൾ കലാപ്രതിഭ തെളിയിക്കും.
സ്കൂൾ കലോത്സവ് 2026-ന്റെ സമാപന സമ്മേളനം ജനുവരി നാലിന് ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തരമേഖല അന്തർ ജില്ല മത്സരം : ഇമ്രാൻ അഷ്‌റഫിനും ശ്രീഹരി രൺധീറിനും സെഞ്ച്വറി , കണ്ണൂരിന് മികച്ച സ്കോർ
തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 19 വയസിന് താഴെയുളള ആൺകുട്ടികളുടെ ഉത്തര മേഖല അന്തർ ജില്ല ടൂർണ്ണമെൻറിലെ ദ്വിദിന മത്സരത്തിൽ ആദ്യ ദിനമായ ഇന്ന് കളി നിർത്തുമ്പോൾ കണ്ണൂർ ആദ്യ ഇന്നിങ്ങസിൽ 64.4 ഓവറിൽ 346 റൺസിന് 6 വിക്കറ്റ് എന്ന ശക്തമായ നിലയിലാണ്. കണ്ണൂരിനായി ഇമ്രാൻ അഷ്‌റഫ് 97 പന്തിൽ 122 റൺസും ശ്രീഹരി രൺധീർ 130 പന്തിൽ പുറത്താകാതെ 118 റൺസുമെടുത്തു.
ടോസ്സ് നേടി ആദ്യം ബാറ്റ് ചെയ്ത വയനാട് ആദ്യ ഇന്നിങ്ങസിൽ 22.5 ഓവറിൽ 50 റൺസിന് ഓൾ ഔട്ടായി. കണ്ണൂരിനായി റെനാൻ സ്കോട്ടും ആദിത്യൻ എസ് രാജും 4 വിക്കറ്റ് വീതം വീഴ്ത്തി.
കണ്ണൂരിന് വേണ്ടി സെഞ്ച്വറി നേടിയ ശ്രീഹരി രൺധീറും ഇമ്രാൻ അഷ്റഫും
സ്വാമി ആനന്ദ തീർഥൻ്റെ പ്രവർത്തനങ്ങൾ പുതിയ തലമുറക്ക് പഠിക്കാൻ സർക്കാർ അവസരം ഉണ്ടാക്കണം- സ്വാമി പ്രേമാനന്ദ
തലശ്ശേരി:സ്വാമി ആനന്ദ തീർത്ഥൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ജവഹർ കൾച്ചറൽ ഫോറം തലശ്ശേരിയിൽ സംഘടിപ്പിച്ച സ്വാമി ആനന്ദതീർത്ഥൻ അനുസ്മരണ സമ്മേളനം സ്വാമി പ്രേമാനന്ദ ഉദ്ഘാടനം ചെയ്തു.
ലോകത്ത് ഇത്ര മാത്രം മർദ്ദനങ്ങൾ സ്വയം ജീവിതത്തിൽ അനുഭവിച്ച് താൻ ജനിച്ച സമുദായത്തിനപ്പുറത്തുള്ള പാവപ്പെട്ട പട്ടികജാതിക്കാർക്ക് വേണ്ടി പ്രവർത്തിച്ച മറ്റൊരാളും ലോകത്തിൽ മറ്റൊരിടത്തും ഉണ്ടായിട്ടില്ലെന്ന് സ്വാമി പ്രേമാനന്ദ ഉദ്ഘാടനഭാഷണത്തിൽ ചൂണ്ടിക്കാട്ടി.- സ്വാമി ആനന്ദ തീർത്ഥൻ്റെ പ്രവർത്തനങ്ങൾ പുതിയ തലമുറക്ക് പഠിക്കാൻ സർക്കാർ സ്വാമി ആനന്ദ തീർഥൻ്റെ ജീവചരിത്രം വിദ്യാർഥികളുടെ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സ്വാമി പ്രേമാനന്ദ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.- മന്നത്ത് പത്മനാഭൻ്റെ ജന്മദിനം അവധി നൽകിയ സർക്കാർ ജനവരി 2 സ്വാമി ആനന്ദ തീർഥൻ്റെ ജന്മദിനം കൂടി ചേർത്ത് അവധി പ്രഖ്യാപിക്കാൻ തയ്യാറാണെമെന്നും സ്വാമി ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. ഇത്രയും വലിയ മഹാൻ തലശ്ശേരിയിലാണ് ജനിച്ചതെങ്കിലും തലശ്ശേരിക്കാർ വേണ്ട വിധത്തിൽ സ്വാമിജിയെ സ്മരിക്കുന്നില്ലെന്നും സ്വാമി ദുഃഖ പൂർവ്വം ഓർത്തു- കെ.ശിവദാസൻ ആദ്ധ്യക്ഷം വഹിച്ചു- പ്രൊഫ. ഏ. പി. സുബൈർ, പ്രൊഫ. ദാസൻ പുത്തലത്ത്, ശശികുമാർ കല്ലിടുമ്പിൽ, പള്ളിക്കണ്ടി രാജീവൻ, തച്ചോളി അനിൽ കെ. പി. രൻജിത്ത് കുമാർ, ഞായ പള്ളി അനീഷ് , മൺസൂർ മട്ടാമ്പ്രം, ടി.എം. സുധാകരൻ ,ജയൻ പരമേശ്വരൻ തുടങ്ങിയവർപ്രസംഗിച്ചു
കെ.മുസ്തഫ സ്വാഗതവും, സുരേന്ദ്രൻ കൂവക്കാട് നന്ദിയും പറഞ്ഞു
ഹൃദയ സരസ്സിൽ തെളിയുന്ന
സംഗീത പ്രപഞ്ചം
ചാലക്കര പുരുഷു
കലകളെ പ്രത്യേകിച്ച് സംഗീതത്തെ ആരാധനയുടെ ഉപാധിയായി കണ്ടവരാണ് നമ്മുടെ പൂർവ്വീകന്മാർ.
എല്ലാ കലകളും സംഗീതത്തോളം ഉയരാൻ ശ്രമിക്കുന്നുവെന്നും, സംഗീതമാണ് ശ്രേഷ്ഠ കലയെന്നും ഭാരതീയർ പറഞ്ഞ് വെച്ചിട്ടുണ്ട്..
വേദങ്ങൾ പോലും സ്വരത്തിലാണ് നിലനിൽക്കുന്നത്. സ്വരം പിഴച്ച് ചൊല്ലുന്ന വേദം വിപരീത ഫലമുണ്ടാക്കുമെന്നാണ് പറയുന്നത്. സ്വരമില്ലാതെ ചൊല്ലുന്നതാവട്ടെ, ഫലശൂന്യവുമത്രെ! അതുകൊണ്ടു തന്നെ വേദം താളിയോലകളിൽ വിശ്രമിക്കാതെ മാനവ ഹൃദയങ്ങളിൽ ജീവത്തായി നിലകൊണ്ടു. അവയാകട്ടെ തലമുറകളിലേക്ക് പകർന്നേകുകയും ചെയ്യുന്നു. എല്ലാ വാക്കിന്റേയും ആത്മാവ് സംഗീതമാണ്. സംഗിതത്തിൽ കവിഞ്ഞ മറ്റൊന്നും , സാക്ഷാത്ക്കാരത്തിന് ഉപാധിയാവില്ല തന്നെ.
സപ്തസ്വരങ്ങളാൽ സഹസ്രാവധി രാഗഭാവങ്ങൾ തീർക്കുന്ന അതിബൃഹത്തായ കലാവിശേഷം.... ഉത്തര-ദക്ഷിണ ഭാരതമെന്ന രണ്ട് കൈവഴികളിലൂടെ ചാലിട്ടൊഴുകി, ഇന്ന് ജനകോടികളെ സംഗീതം ആനന്ദത്തിലാറാടിക്കുന്നു. സംഗീതവും സാഹിത്യവും സരസ്വതീ ദേവിയുടെ സ്തന ദ്വയമായിട്ടാണ് പൂർവാചാര്യൻമാർ കൽപ്പിച്ച് വെച്ചിട്ടുള്ളത്. മാത്രമല്ല, അവയുടെ പാരസ്പര്യത്തിന്റെ ധ്വനി കൂടി അതിലുൾച്ചേർന്നിരിക്കുന്നു. സംഗീതത്തിൽ സാഹിത്യവും, സാഹിത്യത്തിൽ സംഗീതവുമുണ്ടെങ്കിൽ സ്വർണ്ണത്തിന് സുഗന്ധമെന്ന പോലെ പരമ ശ്രേഷ്ഠമായിരിക്കും. അതുകൊണ്ടായിരിക്കാംവേദേതിഹാസങ്ങളത്രയും കാവ്യങ്ങളായാണ് എഴുതപ്പെട്ടിട്ടുള്ളത്.
'ലോകാനുഗ്രഹതൽപ്പരത' കലയുടെ സവിശേഷ ധർമ്മമായി മഹാകവി കുമാരനാശാൻ വ്യക്തമാക്കുന്നുണ്ട്. നിത്യാനന്ദത്തിന്റെ അമൃതത്തിലേക്ക് സംഗീത കല ലോകത്തെ അനുഗ്രഹിക്കുന്നു. ത്യാഗരാജസ്വാമികൾ സംഗീതത്തെ ഭക്തിയോഗമാക്കി മാറ്റി. സ്വരരാഗലയമാകുന്ന അമൃതരസത്തിൽ, രാമനാമമാക്കുന്ന കൽക്കണ്ടം ചേർത്ത് ഭുജിക്കുന്ന പരമേശ്വരൻ മാത്രമാണറിയുന്നത്. അമൃതത്തിന് സമാനമാണ് സംഗീതം. സംഗീതം ഒരു ആദ്ധ്യാത്മിക സാധനയും പരമാനനാനുഭൂതിയിലേക്കുള്ളമാർഗ്ഗവുമാണെന്ന് , ത്യാഗരാജ സ്വാമികൾ നിരവധി കീർത്തനങ്ങളിലൂടെ സമർത്ഥിച്ചിരുന്നു. നാദം സ്വരം എന്ന നവരത്നഖചിതമായ മണ്ഡലത്തിൽ പരമാത്മാവ് ലീലകൾ ചെയ്ത് വിനോദിച്ചുകൊണ്ടിരിക്കുന്നതായും സ്വാമികൾ പ്രകീർത്തിച്ചിട്ടുണ്ട്.
സപ്തസ്വരങ്ങൾ പരമേശ്വര മുഖ ജാതകമെന്ന് ശാസ്ത്രവും ഘോഷിക്കുന്നു. ഇങ്ങിനെ പഞ്ചമുഖങ്ങളിൽ നിന്ന് പഞ്ചഭൂതങ്ങളും സപ്തസ്വരങ്ങളുമുണ്ടായതെന്ന് പൗരാണികർ സമർത്ഥിക്കുന്നുണ്ട്. സംഗീതം വായിച്ചറിയാനുള്ളതല്ല, അനുഭവിച്ചറിയാനുളളതാണെന്ന് ശ്യാമശാസ്ത്രികളും പറയുന്നുണ്ട്.
മയ്യഴിയിലെ ചാലക്കര എന്ന കൊച്ചു പ്രദേശത്തും അസാധാരണ സിദ്ധി വൈഭവമുള്ള സംഗീതജ്ഞരും ഗായകരും, ഉപകരണ സംഗീതജ്ഞരും വാദ്യ കലാകാരന്മാരുമൊക്കെയുണ്ടായിരുന്നു. പള്ളൂരിലെ കുഞ്ഞിക്കണ്ണൻ ഭാഗവതർ, മകൻ അനുഗൃഹീത ഗായകൻ സി.കെ. ബാൽരാജ്, തബലിസ്റ്റ്. കുഞ്ഞിക്കണ്ണൻ, ചെണ്ടമേളത്തിൽ അസാധാരണ സിദ്ധിയുള്ള ജയരാജൻ, ഹാർമ്മോണിസ്റ്റ് സുകുമാരൻ, നാദസ്വര വിദ്വാൻ ചാത്തുക്കുട്ടി, തമിഴ് പാട്ടുകൾ നെഞ്ചറ്റിയ ഗായകൻ എ.വി.ശ്രീധരൻ തുടങ്ങി പഴയ കാല പാട്ടുകാരുടെ എണ്ണം നീളുന്നു.
അപാരമായ സംഗീത മഹിമയെ അടുത്തറിയുവാൻ ,
ആവോളമനുഭവിക്കുവാൻ 'തപസ്യ ' യുടെ മൂന്നാം വാർഷികം നാടിനെ മാടി വിളിക്കുകയായിരുന്നു. ഇത് മഹത്തായ ഒരു യജ്ഞമാണ്. അനന്താനന്ദത്തിന്റെ അമൃതപ്രവാഹത്തിൽ, ആറാടുവാനുള്ള അനന്യ ലഭ്യമായ സുമൂഹുർത്തമാണ് ആസ്വാദകർക്ക്
കൈവന്നത്. സംഗീത പ്രേമികളാകെ ഒന്നു ചേർന്ന് അപരിമേയവും, അപ്രമേയവുമായ ആനന്ദം അനുഭവിക്കുയായിരുന്നു. ഒരു ഗുരു കടാക്ഷത്തിന്റെ അനുഗ്രഹ ദീപ്തി ഏറ്റുവാങ്ങുകയായിരുന്നു.വീണാ വാണിയായ അറിവിന്റ അധിദേവതയായ സരസ്വതിയുടെ അർച്ചനയായി ഓരോ ആലാപനവും മാറുകയായിരുന്നു..
ചിത്രവിവരണം: തപസ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക്കിന്റെ മൂന്നാം വാർഷികാഘോഷവേദിയിൽ നടന്ന സംഗീതകച്ചേരി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












