പെട്രോളിലും മദ്യത്തിലും മുങ്ങിയ മയ്യഴി ലോക റെക്കോർഡിലേക്ക്..! ;ചാലക്കര പുരുഷു

പെട്രോളിലും മദ്യത്തിലും മുങ്ങിയ മയ്യഴി ലോക റെക്കോർഡിലേക്ക്..! ;ചാലക്കര പുരുഷു
പെട്രോളിലും മദ്യത്തിലും മുങ്ങിയ മയ്യഴി ലോക റെക്കോർഡിലേക്ക്..! ;ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Dec 11, 11:46 PM
vasthu
vasthu

പെട്രോളിലും മദ്യത്തിലും

മുങ്ങിയ മയ്യഴി ലോക

റെക്കോർഡിലേക്ക്..!

;ചാലക്കര പുരുഷു


മാഹി: മയ്യഴിയിൽ പെട്രോൾ പമ്പുകളുടെ പ്രളയത്തിന് അറുതിയില്ല.

നിത്യേനയെന്നോണം പുതിയ പമ്പുകൾ പ്രത്യക്ഷപ്പെടുകയാണ്. കേരളത്തിലെ ഒരുചെറുപഞ്ചായത്തിൻ്റെ പോലും വലുപ്പമില്ലാത്ത, കേവലം ഒൻപത് ചതുരശ്ര കി.മി മാത്രം വിസ്തിർണ്ണമുള്ള മാഹിയിൽ നിലവിൽ 38 പെട്രോൾ പമ്പുകളുണ്ട്. ഇതിന് പുറമെ 44 പമ്പുകൾക്ക് കൂടി അപേക്ഷകൾ നൽകി ലൈസൻസിന് കാത്തു നിൽക്കുകയാണ്. 2009 ൽ പുതിയ പമ്പുകൾക്ക് ലൈസൻസ് നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ തലശ്ശേരി - മാഹി ബൈപാസ് റോഡ് വന്നതോടെ വിവിധ ഓയിൽ കമ്പനികൾ ഹൈവേയുടെ ഇരുവശങ്ങളിലും, പുറത്തും മുക്കിന് മുക്കിന് പമ്പുകൾ അനുവദിക്കുകയാണ്. മൂലക്കടവ്, മാഹി ടൗൺ, പള്ളൂർ മേഖലയിൽ നോക്കുന്നിടത്തെല്ലാം നിലവിൽ പമ്പുകളുണ്ട്. പല പമ്പുകളുടേയും സമീപങ്ങളിലുള്ളവർ വീട്ടുകിണർ മലീമസമായതോടെ വീടുകൾ വിറ്റ് മറ്റിടങ്ങളിലേക്ക് താമസം മാറ്റിയിട്ടുണ്ട്. ജനസാന്ദ്രതയേറിയ മേഖലകളിലാണ് പമ്പുകൾ നിരനിരയായും അഭിമുഖമായുമൊക്കെ വന്നിട്ടുള്ളത്. ഉടമകളിൽ മിക്കവരും മയ്യഴിക്ക് പുറത്ത് നിന്നുള്ളവരാണ്.

ബൈപാസ് റോഡിന് സമാന്തരമായി കടന്നുപോകുന്ന സർവീസ് റോഡുകളിൽ അവശേഷിക്കുന്ന സമീപ പ്രദേശങ്ങളിലും പുതിയ പമ്പുകൾക്കായി തകൃതിയായി പണി നടക്കുന്നുണ്ട്

 നിന്നുതിരിയാൻ കഴിയാത്തവിധം ഇടുങ്ങിയ സർവ്വീസ് റോഡുകളിൽ വാഹനക്കുരുക്ക് പതിവായിട്ടുണ്ട്. സർവ്വീസ് റോഡുകൾ പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞ് കിടപ്പാണ്. ചിലയിടങ്ങളിൽ പണി പൂർത്തിയാകാതെ കിടക്കുന്നുമുണ്ട്.

കേവലം ഒന്നര കി.മി. ദൂരത്തിലൂടെയാണ് മാഹിയിൽപ്പെട്ട പള്ളൂരിലൂടെ ബൈപാസ് കടന്നുപോകുന്നത്.

ചാലക്കര, പന്തക്കൽ , ഗ്രാമത്തി, പള്ളൂർ മേഖലകളിലാണ് 44 പുതിയ പെട്രോൾ പമ്പുകൾക്കായി അനുമതി തേടിയിട്ടുള്ളത്. ഇവകൂടി വന്നാൽ അത് ലോക റെക്കോർഡാവും, 45000 ജനസംഖ്യയും 15,000 വാഹനങ്ങളുമുള്ള മാഹിയിൽ ഇത്രയേറെ പെട്രോൾ പമ്പുകൾ അനുവദിക്കുന്നതിനെതിരെ വ്യാപകമായ പരാതികളുയർന്നിട്ടുണ്ട്. നിലവിലുള്ള പമ്പുകളിലെ ടാങ്കുകളുടെ ചോർച്ച പോലും യഥാസമയം പരിശോധിക്കപ്പെടാത്തതിനാൽ സമീപ പ്രദേശങ്ങളിലെ വീട്ടുകാർ അനുഭവിക്കുന്ന ദുരിതം വിവരിക്കാനാവാത്തതാണ്. പാറാൽ മുതൽ ഈസ്റ്റ് പള്ളൂർ വരെയുള്ള ബൈ പാസ്സിന്റെ ഇരുവശങ്ങളിലുമുള്ള സർവ്വീസ് റോഡുകളിൽ ഒരിഞ്ച് സ്ഥലം പോലും ബാക്കി വെക്കാതെ പൊന്നും വിലനൽകി പെട്രോൾ പമ്പുകാർകൈയ്യടക്കിയിരിക്കുകയാണ്. മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെടാതെ റോഡിന്റെ ഇരുഭാഗങ്ങളിലുമായി മുഖാമുഖമായും പമ്പുകൾ അനുവദിച്ചിട്ടുണ്ട്.


ഡമോക്ലസിന്റെ വാൾ പോലെ ദുരന്തം തലയ്ക്ക് മുകളിൽ


മദ്യത്തിനും പെട്രോളിയം ഉൽപ്പന്നങ്ങൾക്കും ഗണ്യമായ വിലക്കുറവുള്ള മാഹിയിൽ മൊത്ത ചില്ലറക്കടകളായി എഴുപതോളം മദ്യശാലകൾ നിലവിലുണ്ട്. ഇതിന് പുറമെ പലയിടങ്ങളിലും പടക്കശാലകളും ഇവയോട് തൊട്ടുരുമ്മിക്കിടക്കുന്നുമുണ്ട്. പടക്കവും, പെട്രോളിയവും, മദ്യവുമെല്ലാം എളുപ്പം തീപിടിക്കുന്നവയായതിനാൽ,ഒരു ദുരന്തമുണ്ടായാൽ നഗരത്തിന് അത് താങ്ങാനാവില്ലെന്ന് മയ്യഴിക്കാർ ഭയപ്പെടുന്നു.

മുമ്പ് മാഹി ചൂടിക്കോട്ട പ്രശസ്തമായ പടക്ക നിർമ്മാണ കേന്ദ്രമായിരുന്നു. ഒരു ദുരന്തത്തെത്തുടർന്നാണ് പടക്ക നിർമ്മാണം നിലയ്ക്കാനിടയാക്കിയത്

capture_1765476725

ആറുമാസത്തിനകം മാഹിയിൽ തെരഞ്ഞെടുപ്പുണ്ടാകും

:അഡ്വ: ടി. അശോക് കുമാർ


മാഹി: പുതുച്ചേരി സംസ്ഥാനത്ത് കഴിഞ്ഞ19 വർഷങ്ങളായി നടക്കാത്ത തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നും, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ ഉടൻ നിയമിക്കണമെന്നും. ഇത് സംബന്ധിച്ച് ചെന്നൈ ഹൈക്കോടതിയിലും, സുപ്രീം കോടതിയിലും പൊതു താൽപ്പര്യ ഹരജിയിൽ കേസ് നടത്തിയ അഡ്വ.ടി. അശോക് കുമാർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

 സ്വാതന്ത്ര്യത്തിന് ശേഷം മൂന്ന് തെരഞ്ഞെടുപ്പുകൾ മാത്രമേ പുതുച്ചേരിയിൽ നടന്നിട്ടുള്ളൂ.

അതു തന്നെ താൻ മദ്രസ്സ് ഹൈ കോടതിയിൽ നൽകിയ ഹരജിയെ ത്തുടർന്നാണ്38വർഷത്തിന് ശേഷം ഏറ്റവുമൊടുവിൽ നടത്തിയത്.

മണ്ഡലപുനർ നിർണ്ണയം നടത്തി ഉടൻ തെരഞ്ഞെടുപ്പ് നടത്താൻ 2018 ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

2021 ൽ തെരഞ്ഞെടുപ്പ് നടത്താൻ സർക്കാർ തയ്യാറായെങ്കിലും, ഭരണകക്ഷിഅംഗങ്ങൾ ഒന്നടങ്കം തെരഞ്ഞെടുപ്പ് നടത്താൻ പാടില്ലെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. പുതുച്ചേരിയിൽ ഇപ്പോൾ ഇലക്ഷൻ കമ്മീഷണർ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. ഇത് സംബന്ധിച്ച് ചെന്നൈ ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്.? ഇലക്ഷൻ നടത്തിക്കിട്ടാൻ ഒൻപത് കേസ്സുകളിൽ കോടതിയെ ഇതിനകം സമീപിച്ചിട്ടുണ്ടെന്ന് അഡ്വ. ടി. അശോക് കുമാർ പറഞ്ഞു. ഇലക്ഷൻ നടത്താതിരിക്കാൻ വേണ്ടി മാത്രം സർക്കാരും ഇലക്ഷൻ കമ്മിഷന്നും എം എൽ എ മാരും വക്കീൽ ഫീസിനത്തിൽ മാത്രം രണ്ട് കോടി രൂപ ചിലവഴിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാനായതെന്ന് അദ്ദേഹം പറഞ്ഞു.സി.പി.എം. ഒഴികെയുള്ള പാർട്ടികളെല്ലാം തെരഞ്ഞെടുപ്പ് നടത്തുന്നതിന് എതിരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി..

 ആറുമാസത്തിനുള്ളിൽ കോടതി ഇടപെടലിലൂടെ ഇലക്ഷൻ നടത്തിക്കാൻ സാധിക്കുമെന്ന് അശോക് കുമാർ പറഞ്ഞു

വി.ജനാർദ്ദനൻ ,കെ.പി. നൗഷാദ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

capture_1765476958

ന്യൂമാഹിയിൽ ബി.ജെ.പി.

പ്രവർത്തകൻ്റെ സ്കൂട്ടർ നശിപ്പിച്ചു


ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ കടപ്പുറത്ത് ബി.ജെ.പി. പ്രവർത്തകൻ നാലകത്ത് ശരത്തിൻ്റെ പുതിയ സ്കൂട്ടർ കേട് വരുത്തി നശിപ്പിച്ചതായി പരാതി. വ്യാഴാഴ്ച രാവിലെയാണ് സ്കൂട്ടറിൻ്റെ സീറ്റുകളും നമ്പർ പ്ലെയിറ്റുകളും നശിപ്പിച്ചതായി കണ്ടത്. ബുധനാഴ്ച രാത്രിയിൽ വീടിനടുത്ത് നിർത്തിയിട്ട സ്കൂട്ടറാണ് കേട് വരുത്തിയത്. ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ ബി.ജെ.പിയുടെ 132-ാം നമ്പർ ബൂത്ത് കൺവീനറാണ് ശരത്.

ന്യൂ മാഹി പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തി.

capture_1765477165

ഇവി നാരായണനെ അനുസ്മരിച്ചു


മാഹി :ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സിക്രട്ടറിയും ,മാഹി മുൻസിപ്പാൽ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനുമായിരുന്ന ഇ.വി.നാരായണൻ്റെ ഏഴാംചരമവാർഷികം മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്രത്വത്തിൽവിപുലമായ പരിപാടികളോടെ ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. സ്വവസതിയിൽ കെ. മോഹനൻ്റെ അദ്ധ്യക്ഷതയിൽചേർന്ന അനുസ്മരണ യോഗം രമേഷ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.

പി. പി വിനോദൻ,സത്യൻ കെളോത്ത് കെ.ഹരിന്ദ്രൻ. കെ.സുരേഷ് പിടിസി ശോഭ, അലി അക്ബർ ഹാഷിം. ചാലക്കര പുരുഷു, ദാമോദരൻ കെ,പ ത്മാലയം പത്മനാഭൻ സംസാരിച്ചു '

ഉത്തമൻ തിട്ടയിൽ, തെക്കയിൽ സതീശൻ, ജിജേഷ് ചാമേരി ' കെ.സി മജിദ് 'ശ്രിജേഷ് പള്ളൂർ,സ ന്ദിപ് കെ.വി. അൻസിൽ അരവിന്ദ്, കെ.വി.ഹരിന്ദ്രൻ, പൊത്തങ്ങാട് രാഘവൻ നേതൃത്വം നൽകി.


ചിത്ര വിവരണം ഇ .വി നാരായണൻ അനുസ്മരണ സമ്മേളനം രമേഷ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

ഇ.വി നാരായണൻ അനുസ്മരണം

മാഹി : മയ്യഴി മുൻ നഗരസഭ മെമ്പറും. പ്രമുഖ സമുഹിക - സംസ്കാരിക പ്രവർത്തനകനുമായ ഇ.വി നാരായണന്റെ 7-മത് ചരമ വാർഷിക ദിനത്തിൽ ചെമ്പ്ര ജയ്ഹിന്ദ് ഫൗണ്ടേഷന്റെനേതൃതത്തിൽ അനുസ്മരിച്ചു. കാലത്ത് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം മാഹി സർവ്വീസ് സഹകരണ ബേങ്ക് വൈസ് പ്രസിഡന്റ് കെ.പി. അശോക് ഉദ്ഘാടനം ചെയ്തു. ഭാസ്ക്കരൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. മാഹി സഹകരണ കോളേജ് വൈസ് പ്രസിഡണ്ട് എം.കെ ശ്രീജേഷ്, സി രാജേന്ദ്രൻ , ജിജേഷ് കുമാർ ചാമേരി സംസാരിച്ചു.

capture_1765477299

എൻ.എസ് എസ് സപ്ത ദിന

ക്യാമ്പിനു തുടക്കമായി


മാഹി: ചാലക്കര സെൻ്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിൽ നേഷനൽ സർവ്വീസ് സ്കീം സപ്ത ദിന ക്യാമ്പിനു തുടക്കമായി.

വിദ്യാലയം മാനേജർ റവറണ്ട് ഫാദർ സെബാസ്റ്റ്യൻ കാരേക്കാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സമൂഹത്തിനു മാതൃകയായി വളരാനും അപരനുതകുന്ന ജീവിത ശൈലി രൂപികരിക്കുവാനും ഇത്തരം ക്യാമ്പുകൾ കുട്ടികൾക്ക് പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രിൻസിപ്പാൾ സിസ്റ്റർ അമലോർപാവം അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം ഓഫീസർ ടി.കെ. സുരഭി ക്യാമ്പ് സംഘാടനം വിശദീകരിച്ചു.

ക്യാമ്പ് ഡയറക്ടർ രേഖില സംസാരിച്ചു..

നേഷനൽ സർവ്വീസ് സ്കീം വളണ്ടിയർമാരായ അമ്ന റോസ് സ്വാഗതവും അഭിജിത്ത് ജിജോ നന്ദിയും പറഞ്ഞു.

എൻ.എസ്.എസ് അംഗങ്ങൾക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികളെ ചടങ്ങിൽ ഉപഹാരം നല്കി അനുമോദിച്ചു.

ക്യാമ്പിൻ്റെ ഭാഗമായി വളണ്ടിയർമാർ മാഹി ഗവ. ജനറൽ ഹോസ്പിറ്റിൽ പരിസരം ശുചീകരിക്കും.മാഹി വൃദ്ധസദനം സന്ദർശിക്കും.

വിവിധ ദിവസങ്ങളിലായി പ്രമുഖ വ്യക്തിത്വങ്ങൾ കുട്ടികളുമായി പ്രസക്തമായവിഷയങ്ങളിൽ സംവദിക്കും.

ക്യാമ്പംഗങ്ങളുടെ ക്രിസ്തുമസ് ആഘോഷം ക്യാമ്പിന് വൈവിധ്യമേകും.


ചിത്രവിവരണം: റെക്ടർ സെബാസ്റ്റ്യൻ കാരേക്കാട്ടിൽ ഉദ്ഘാടനം ചെയ്യുന്നു

lklk

രക്തസാക്ഷി ഹരീഷ്ബാബു വിന്റെ സഹോദരൻ എൻ പി ശശിയെ വോട്ടു ചെയ്യിക്കാൻ ചുണ്ടങ്ങപോയിൽ നോർത്ത് എൽ പി സ്കൂളിൽ കൊണ്ടുപോകുന്നു

capture_1765477628

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തലശ്ശേരി മുൻസിപ്പാലിറ്റിയിലെ 42 ആം തിരുവങ്ങാട് വാർഡിലെ ​മുബരാക് എൽ പി സ്കൂളിലെ പോളിംഗ് ബൂത്തിൽ ബി.ജെ.. പി.സംസ്ഥാന നേതാവ് എൻ. ഹരിദാസ് വോട്ട് രേഖപ്പെടുത്തുന്നു

capture

ഇന്ന് 160 -ാമത് ഗുരു ജയന്തി ആഘോഷം


ദേവചൈതന്യം പകരുന്ന രാമാനന്ദാശ്രമം


ശാന്തമായൊഴുകുന്ന കുയ്യാലി'പ്പുഴയ്ക്കും, റെയിൽപാളങ്ങൾക്കും അരികിൽ പടർന്നു പന്തലിച്ച ആൽമരവും, നാഗലിംഗപുഷ്പവൃക്ഷവും തണൽ വിരിയ്ക്കുന്ന ഹരിതാഭയിൽ കിളിയൊച്ചകളിൽ മുങ്ങിക്കി ടക്കുന്ന കുളിരാർന്ന ചേറ്റം കുന്നിൻ ചെരിവിലെ ശ്രീരാമാനന്ദ ആശ്രമം ഇന്ന് ദേവചൈതന്യം പകരുന്ന ആത്മീയ പുണ്യമായി നിലകൊള്ളുന്നു. ദൈവഹിതമറിയുന്ന നിയോഗ പുണ്യമായി അവതരിച്ച ബ്രഹ്മശ്രീ രാമാനന്ദ ഗുരുദേവരുടെ നിത്യചൈതന്യം വഴിയുന്ന ആശ്രമമാണിത്.

ഡിസമ്പർ 10, 11 തിയ്യതികളിൽ ഇവിടെ വിപുലമായ പരിപാടികളോടെ 160-മത് സദ്ഗുരു ബ്രഹ്മശ്രീ രാമാനന്ദ ഗുരുദേവരുടെ ജയന്തി ആഘോഷിക്കുകയാണ്.

ബാല്യത്തിലേ കാഴ്ച ശേഷിയില്ലെങ്കിലും, അകക്കണ്ണ് കൊണ്ട് ലോകത്തെ ആഴത്തിൽ ദർശിച്ച യതിവര്യനായിരുന്നു ബ്രഹ്മശ്രീരാമാനന്ദ ഗുരു. മണ്ണൂർ ശ്രീ രാമാനന്ദ ആശ്രമത്തിൻ്റെ സ്ഥാപകനും, സനാതന ധർമ്മസംസ്ഥാപനത്തിനും, വേദാന്താശയ പ്രചാരണത്തിനുമായി ശക്തമായി നിലകൊണ്ട ആദ്ധ്യാത്മിക തേജസ്സായിരുന്നു സ്വാമികൾ


സൂര്യതേജസ്സിൻ്റെ ഉദയം


പാലക്കാട് ജില്ലയിലെ മണ്ണൂർ ഗ്രാമത്തിൽ വൃശ്ചികം 25 ന് കൃഷ്ണാഷ്ടമിയിൽ രാത്രി 16 നാഴിക കഴിഞ്ഞ് പൂരം നക്ഷത്രത്തിൽ സിംഹ ലഗ്നശുഭമുഹൂർത്തത്തിൽ വിശ്വകർമ്മകുടുംബത്തിൽ ഭൂജാതനായ ശ്രീരാമാനന്ദ ഗുരുദേവൻ ഇന്ന് ലക്ഷക്കണക്കിന് വിശ്വാസികളുടെ മാർഗ്ഗദീപമാണ്. നന്നെ ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടമായ രാമാനന്ദൻ ,പിന്നീട് വളർന്നതും പഠിച്ചതുമെല്ലാം അമ്മാവൻ്റെ സംരക്ഷണയിലായിരുന്നു.കവിയും, പണ്ഡിതനും ശ്രീകൃഷ്ണ ഭക്തനുമായ വടക്കേടത്ത് കൃഷ്ണനെഴുത്തച്ഛനിൽ നിന്നും പുരാണേതിഹാസങ്ങളും, കാവ്യങ്ങളും സംസ്കൃതവും, ആചാരമര്യാദകളുമെല്ലാം ഹൃദിസ്ഥമാക്കിയ രാമാനന്ദൻ , ഗുരുകുലവാസത്തിലൂടെ വിജ്ഞാനത്തിൻ്റെ മഹാസാഗരത്തിൽ നീരാടി. ജിജ്ഞാസുവായ ശിഷ്യന്റെ ജ്ഞാന തൃഷ്ണയ്ക്ക് മുന്നിൽ വേണ്ടുവോളം വിജ്ഞാനം പകർന്നേകാൻ കൃഷ്ണനെഴുത്തച്ഛൻ ഏറെ തത്പരനായി.

ആയിടയ്ക്കാണ് വസൂരി എന്ന മാരക രോഗം രാമാനന്ദനെ പിടികൂടിയത്. രോഗം മാറിയെങ്കിലും, രണ്ട് കണ്ണുകളുടേയും കാഴ്ചശക്തി പൂർണ്ണമായി നഷ്ടപ്പെട്ടിരുന്നു. ബാഹ്യമായ കാഴ്ചയില്ലാതായെങ്കിലും അത് അകക്കണ്ണ് തുറക്കാനിടയാക്കി.അമാനുഷികമായ ഏറെ കാര്യങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങി. ജലാശയങ്ങളിൽ പൊങ്ങുതടി പോലെ ശാന്തമായി ഒഴുകി നടക്കുകയും, വെള്ളത്തിനടിയിൽ ഏറെ നേരം തങ്ങുകയും ചെയ്യുന്നത് ഇഷ്ടമായിരുന്നു.മരച്ചില്ലകളിൽ ചാടി മറിയുന്നതും, തലകീഴായി തൂങ്ങിക്കിടക്കുന്നതും കാണികളെ അതിശയപ്പെടുത്തി. മനോഹരമായ ഭാഷാശുദ്ധിയിൽ രാമാനന്ദൻ നടത്തുന്ന ശാന്തവും, പ്രൗഢവും, വിജ്ഞാനദായകവുമായ പ്രഭാഷണങ്ങൾ ആരേയും ആകർഷിക്കുന്നതായിരുന്നു. ദിവ്യത്വം വിളങ്ങുന്ന സരസ്വതീ പ്രവാഹം.. അമ്മയിൽ നിന്നും സുബ്രഹ്മണ്യ ഭക്തി പകർന്നു കിട്ടിയ രാമാനന്ദൻ സുഹൃത്തായ പ്ലാശേരി കുഞ്ഞനൊപ്പം പഴനിമലയേറി' പഴനിമല ദുർഗ്ഗാക്ഷേത്രത്തിനടുത്ത ഗുഹയിൽ തപസ്സനുഷ്ഠിച്ചു. ഒടുവിൽ മലയിറങ്ങിയ അവർ താഴ്വാരത്ത് കണ്ട കാളവണ്ടിയിൽ കയറിയിരുന്നു. ക്ഷീണം കൊണ്ട് ഉറങ്ങി പോയ അവർ ഉറക്കമുണർന്നപ്പോൾ കണ്ടത് പത്തിരിപ്പാലയിലെത്തിയതാണ്. തിരിഞ്ഞ് നോക്കിയപ്പോൾ കാളവണ്ടിയേയോ, വണ്ടിക്കാരനേയോ കാണാനായില്ല!കുട്ടിയുടെ നിർമ്മല ഭക്തിയിൽ സംപ്രീതനായ സാക്ഷാൽ സുബ്രഹ്മണ്യൻ തന്നെയാണ് വണ്ടിക്കാരനായി അവതരിച്ചതെന്നാണ് വിശ്വസിക്കുന്നത്. അമ്മയോടും ബന്ധുക്കളോടും സംഭവിച്ച കാര്യങ്ങൾ പറഞ്ഞപ്പോൾ അവർ ഭക്തിപരവശരായി. ജ്ഞാനമൂർത്തിയായ

വേൽ മുരുകൻ്റെ അനുഗ്രഹം കൊണ്ട് ജ്ഞാനപ്പഴം ആസ്വദിക്കാൻ രാമാനന്ദന് ഭാഗ്യമുണ്ടായി. ഇഷ്ടദേവൻ്റെ അനുഗ്രഹത്തിനായി ഗുരു സ്ഥാപിച്ച ആശ്രമങ്ങളിലെല്ലാം വേലുകൾ കാണാനാവും.

രാമാനന്ദൻ പിന്നീട് കണ്ണങ്കോട് സ്വാമികളുടെ ശിഷ്യനായി.ഗുരുവിൽ നിന്നും സിദ്ധികൾക്കൊപ്പം വേദാന്ത വിജ്ഞാനവും ആർജ്ജിച്ചു.കണ്ണുകളില്ലാത്തതിനാൽ ബാഹ്യന്ദ്രിയ വ്യവഹാരങ്ങളിൽ നിന്ന് രാമാനന്ദൻ വിമുക്തനായിരുന്നു. സദാ സമാധി സുഖം അനുഭവിക്കുന്നതിനാൽ പ്രാപഞ്ചിക വ്യവഹാരങ്ങളെ വിസ്മരിച്ച് ശാന്തനും നിശ്ചലനുമായി കാണപ്പെട്ട രാമാനന്ദ ഗുരു ഉറങ്ങുകയാണെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. ആത്മീയാചാര്യൻ്റെ നിരയിലേക്ക് ശിഷ്യൻ മാറിയെന്ന് ബോധ്യപ്പെട്ട ഗുരു കണ്ണങ്കോട്‌ സ്വാമികൾ ശിഷ്യനെ സ്വത്ര(ന്തനായി പോകാൻ അനുഗ്രഹിച്ചയക്കുകയായിരുന്നു ' തുടർന്ന് വീടും നാടും വിട്ടിറങ്ങിയ ഗുരുദേവൻ സകലതും പരിത്യജിച്ച് ദേശാടനത്തിന് പോയി. വൈദ്യവും ഒറ്റമൂലികളുമെല്ലാം ഇതിനകം സ്വായത്തമാക്കിയിരുന്നു. അമാനുഷികതയിലേക്കു യർന്ന രാമാനന്ദൻ ജനങ്ങൾക്കിടയിൽ രാമാചാര്യനും, ഒടുവിൽ ബ്രഹ്മശ്രീ ശ്രീ രാമാനന്ദ സ്വാമികളുമായി .ചട്ടമ്പിസ്വാമിയും ശ്രീനാരായണ ഗുരുവും വാഗ്ഭടനും, ശിവാനന്ദയോഗിയുമെല്ലാം തങ്ങളുടെ അവതാരം കൊണ്ട് ധന്യമാക്കിയ കേരളക്കരയിൽ ജഢ പൂണ്ട മുടിയിഴകൾ നീട്ടിയിട്ട് താടിയും നീട്ടി വളർത്തി കഴുത്തു മുതൽ കാലടി വരെ മൂടുന്ന കാഷായ വസ്ത്രവും ധരിച്ച് യുവ സന്യാസിയായ ശ്രീരാമാനന്ദ ഗുരുവും പിറന്ന മണ്ണായ മണ്ണൂരിലെത്തുകയായിരുന്നു. പെരിയങ്ങോട്ട് ശങ്കരപണിക്കർ എന്ന ഭക്തൻ ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തുള്ള സ്ഥലം വാങ്ങി ഗുരുവിന് ദക്ഷിണയായി സമർപ്പി റിക്കുകയായിരുന്നു. സിദ്ധാശ്രമത്തിലേക്ക് ആയിരക്കണക്കിന് ഭക്തരുടെ പ്രവാഹമാണ് പിന്നീട് കണ്ടത്. നാടിൻ്റെ നാനാഭാഗങ്ങളിലും രാമാനന്ദ ആശ്രമങ്ങളുണ്ടായി.വലിയചിത് പ്രകാശാനന്ദ സ്വാമി, പരമേശ്വരാനന്ദ സ്വാമി, തഞ്ചാവൂർ നാരായണാനന്ദ സ്വാമി, ബ്രഹ്മചാരി സ്വാമി, ആത്മാരാമാനന്ദ സ്വാമി, മാധവാനന്ദ സ്വാമി, ശ്രീധരാനന്ദ സ്വാമിജി തുടങ്ങിയ പ്രമുഖ ശിഷ്യരുമുണ്ടായി. ശ്രീ നാരായണ ഗുരു, ചിൻമയാനന്ദ സ്വാമി, തപോവനസ്വാമികൾ, പുരുഷോത്തമാനന്ദ സ്വാമികൾ, വാഗ്ഭടാനന്ദ ഗുരു, സ്വാമി ജ്ഞാനാനന്ദ സരസ്വതി തുടങ്ങിയ മഹാമനീഷികളുമായി കണ്ടുമുട്ടാനും സംവദിക്കുവാനും രാമാനന്ദ ഗുരുവിന് സാധിതമായി-

അനേകായിരങ്ങളുടെ മോഹാന്ധകാരത്തെ ഇല്ലാതാക്കി ജ്ഞാനവും, ആത്മബോധവും ജീവിതത്തിൽ സാദ്ധ്യമാക്കിക്കൊടുത്ത രാമാനന്ദ ഗുരു, വിശ്വാസ മാനസങ്ങളിൽ ദൈവാവതാരമായി മാറി.1955 സപ്തമ്പർ 16 ന് ഗുരു സമാധിയായി. ജനനവും സമാധിയും പൂരം നക്ഷത്രത്തിലായിരുന്നു. മുൻകൂട്ടി നിശ്ചയിച്ചിരുന്ന സമാധിമണ്ഡപത്തിൽ ശിവപ്രതിഷ്ഠ നടത്തി ക്ഷേത്രാരാധനയുമാരംഭി ച്ചു.നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നുമെത്തി സങ്കടങ്ങളും വേദനയും പങ്കുവെക്കുന്നവർക്ക് രാമാനന്ദാശ്രമം ഇന്നും ആശ്രയമാകുകയാണ്.


ആശ്രമ സാമീപ്യത്തിൽ സങ്കടങ്ങളുടെ ഭാണ്ഡവുമായെത്തുന്നവർ, ദേവപ്രീതിക്ക് നന്ദി പറയാൻ കാതങ്ങൾ താണ്ടിയെത്തിയവർ...

സാന്നിദ്ധ്യം പോലും പുണ്യം

'രാമാനന്ദ സ്വാമികളുടെ സാന്നിദ്ധ്യം പോലും ദൈവിക സ്പർശനം സാദ്ധ്യമാക്കുന്നുവെന്ന് അനുഭവങ്ങളെ സാക്ഷ്യപ്പെടുത്തി എരഞ്ഞോളി നാലുപുരയ്ക്കലിലെ പാറപ്പുറത്ത് കുനിയിൽ പി.കെ.ബാലകൃഷ്ണൻ (സ്റ്റാർ ജ്വല്ലറി ) പറയുമായിരുന്നു. ഒരിക്കൽ പാറപ്പുറത്ത് കുനിയിൽ തറവാട്ടിൽ മങ്കര സ്വാമികൾ സന്ദർശിച്ച വേളയിൽ അച്ഛൻ്റെ സഹോദരിയായ കുഞ്ഞിമ്പാച്ചി വീട്ടിന് പിറകിൽ മറ്റു കുട്ടികൾക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ, ഗോവണിയിൽ നിന്നും താഴെ വീണു. തത്സമയം പൂമുഖത്തിരുന്ന് മറ്റുള്ളവരുമായി സംസാരിച്ചുകൊണ്ടിരുന്ന സ്വാമികൾ പെട്ടെന്ന് മാറ്റുള്ളവരോടായി പറഞ്ഞു. 'ദാ.. കുട്ടി ഗോവണിയിൽ നിന്ന് താഴെ വീണിട്ടുണ്ട് '. കണ്ണ് കാണാത്ത സ്വാമിക്ക് വീട്ടിൻ്റെ പിൻവശത്ത് നടന്ന അപകടം എങ്ങിനെ ഉടൻ തിരിച്ചറിയാനായി എന്ന് ബാലകൃഷ്ണൻ അത്ഭുതപ്പെട്ട് പോയി.

മറ്റൊരിക്കൽ ബാലനായിരിക്കെ, ശിവദാസൻ പാറപ്പുറത്ത് മങ്കരയിൽ പോയപ്പോൾ മുനിഞ്ഞ് കത്തുന്ന വിളക്കിനരികിലിരുന്ന് അന്ധനായ സ്വാമി പേര് വിളിച്ചത് അത്ഭുതത്തോടെയാണ് ശ്രവിച്ചത്.

രാമാനന്ദ ആശ്രമങ്ങൾ

പാലക്കാട് മങ്കരയാണ് രാമാനന്ദ ആശ്രമങ്ങളുടെ സിരാകേന്ദ്രം' രണ്ട് ഡസനിലേറെ രാമാനന്ദ ആശ്രമങ്ങൾ കേരളത്തിലും തമിഴ് നാട്ടിലുമായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

തലശ്ശേരി വിശ്വകർമ്മ സമാജവും രാമാനന്ദ ആ ശ്രമവും


1925ൽ രൂപീകൃതമായ വിശ്വകർമ്മ സമാജമാണ് 1936-ൽ പ്രകൃതി ലാവണ്യം മുറ്റി നിൽക്കുന്ന ചേറ്റംകുന്ന് താഴ്വാരത്തെ റോഡരികിൽ 96 സെൻ്റ് സ്ഥലം വാങ്ങി 1951-ൽ ആശ്രമം പണിതത്. 1967 മാർച്ച് 8 നാണ് പ്രതിഷ്ഠ നടന്നത് .പാറപ്പുറത്ത് ഗോവിന്ദൻ, ടി.കെ.അച്ചുതൻ സ്രാപ്പ്, മുക്കാട്ടിൽ രാമർ ആചാരി, കൃഷ്ണമാചാരി, എം നമ്പിക്കുട്ടി തുടങ്ങിയവരാണ് പ്രതിഷ്ഠാസമർപ്പണത്തിന് നേതൃത്വം നൽകിയത്.

തുടർന്ന് പൂജാദികർമ്മങ്ങളും, ഭജന,സദ്സംഗംഎന്നിവയും ഇക്കാലമത്രയും നടന്നു വരുന്നു.

2022 ൽ ആശ്രമ നവീകരണവും നടന്നു.

ചേറ്റംകുന്ന് രാമാനന്ദ ആ ശ്രമത്തിൽ ഗണപതി, സുബ്രഹ്മണ്യ ക്ഷേത്രങ്ങളുമുണ്ട്.രാജീവൻ സ്വാമികളാണ് നിത്യപൂജകൾ നിർവ്വഹിക്കുന്നത്.

ദീപാരാധന, ഭജന, ഗുരുപൂജ എന്നിവ മുടങ്ങാതെ നടന്നു വരുന്ന ആശ്രമത്തിൽ രാമാനന്ദ ജയന്തി, സമാധി, മണ്ഡലപൂജ, നവരാത്രി പൂജ, ശിവരാത്രി ആഘോഷങ്ങൾ എന്നിവ നടത്തിവരാറുണ്ട്.ഇവിടെ പൂജിക്കപ്പെടുന്ന ഗുരുപാദുകം വെള്ളിയിൽ തീർത്ത് നൽകിയത് ഗായകനും,ഗുരുഭക്തനുമായ പി.കെ.പ്രദീപ് സ്റ്റാറാണ്.

ശിൽപ്പ ചാതുരിയോടെ ഇത് വെള്ളിയിൽ നിർമ്മിച്ചതാവട്ടെ, ഒരു നിയോഗം പോലെ രാമാനന്ദ സ്വാമിയുടെ അനുഗ്രഹം ലഭിച്ച കുഞ്ഞി മ്പാച്ചിയുടെ പേരക്കുട്ടി വാഴയിൽ പ്രേമനുമാണ്.

കെ.ഭരതൻ (രക്ഷാധികാരി ) വി.പി.അനിൽകുമാർ (പ്രസിഡണ്ട്) കെ. സനൽകുമാർ (സെക്രട്ടരി ) പി.ബിജു (ട്രഷറർ) എന്നിവരാണ് ഭരണനിർവ്വഹണം നടത്തുന്നത്.ഗുരു ജയന്തി ആഘോഷങ്ങളുടെ സമാപന ദിനമായ ഇന്ന് കാലത്ത് 5.30ന് ദീപാരാധന, ഗുരുപൂജ രുദ്രാഭിഷേകം, നാമജപം, പായസ പ്രസാദം, 10.30 ന് ഗിരീഷ് പണിക്കരുടെ പ്രഭാഷണംഎന്നിവയുണ്ടാകും. മദ്ധ്യാഹ്നപൂജക്ക് ശേഷം പ്രസാദ സദ്യയുണ്ടാകും.4 മണിക്ക് തേര് എഴുന്നള്ളത്തും 6 മണിക്ക് ദീപാരാധനയും 7 മണിക്ക് സമാപന ചടങ്ങും നടക്കും.

kendr

കേന്ദ്രീയ വിദ്യാലയത്തിന് പുതിയ കെട്ടിടം : അടിയന്തിര നടപടികൾ വേണം: ഷാഫി പറമ്പിൽ എം പി


ന്യൂമാഹി: കേന്ദ്രീയ വിദ്യാലയത്തിന് അടിയന്തിരമായി പുതിയ കെട്ടിടം പണിയണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം പി ദില്ലിയിലെ കേന്ദ്രീയ വിദ്യാലയ സങ്കേതൻ കമ്മിഷണോട് കത്തിലൂടെ ആവശ്യപ്പെട്ടു. സൗകര്യപ്രദമല്ലാത്ത വാടക കെട്ടിടത്തിലാണ് നിലവിൽ വിദ്യാലയം പ്രവർത്തിച്ചു വരുന്നതെന്നും ഇത് കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആവശ്യമായ സ്ഥലം കേരള സർക്കാർ ഇതിനകം സൗജന്യമായി വിട്ടു നൽകിയിട്ടുണ്ട്. ഭരണപരമായ അംഗീകാരങ്ങളും ടെണ്ടർ നടപടികളും നടത്തി ഉടൻ കെട്ടിടം പണിയാരംഭിക്കണമെന്ന് എം.പി. ആവശ്യപ്പെട്ടിട്ടുണ്ട്.

നേത്ര - തിമിര സൗജന്യ

പരിശോധന കേസ് 14 ന്

മാഹി: ചാലക്കരദേശ പെരുമയുടെ ഭാഗമായി ഡിസമ്പർ 14 ന് ചാലക്കര പി.എം. ശ്രീ ഉസ്മാൻ ഗവ:ഹൈസ്കൂളിൽ കാലത്ത് 9 മണി മുതൽ ഒരു മണി വരെ സൗജന്യ നേത്ര തിമിര പരിശോധന കേമ്പ് നടക്കും. കോഴിക്കോട്ഡോ. ചന്ദ്രകാന്ത നേത്രാലയുടെ സഹകരണത്തോടെയാണ് കേമ്പ് സംഘടിപ്പിക്കുന്നത്.ഡോ: ചന്ദ്ര കാത് ഉദ്ഘാടനം ചെയ്യും. ഡോ: ഭാസ്ക്കരൻ കാരായി മുഖ്യാതിഥിയായിരിക്കും. കുറഞ്ഞ നിരക്കിൽ ഗുണമേൻമയുള്ള കണ്ണടകൾ നൽകും. ശസ്ത്രക്രിയ വേണ്ടവർക്ക് കോഴിക്കോട് ചന്ദ്രകാന്ത ഹോസ്പിറ്റലിൽ വെച്ച് സൗജന്യമായി ചെയ്ത് കൊടുക്കും. വാഹന സൗകര്യവുമുണ്ടായിരിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുക 9895870955, 6282649511

ചുറ്റിലും തെരഞ്ഞെടുപ്പ്:

മയ്യഴിക്ക് മൗനം 

:ചാലക്കര പുരുഷു


മാഹി:കേന്ദ്ര ഭരണപ്രദേശമായ മയ്യഴിക്ക് ചുറ്റിലുമുള്ള കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ന്യൂമാഹി, ചൊക്ലി, അഴിയൂർ, പന്ന്യനൂർ പഞ്ചായത്തുകളിലുള്ളവർ ഇന്ന് പോളിങ്ങ് ബൂത്തുകളിലേക്ക് പോകുമ്പോൾ മയ്യഴിയിൽ യാതൊരു രാഷ്ട്രീയ ചലനമോ , ആവേശമോ ഇല്ല. മാഹി ഉൾപ്പടെ പുതുച്ചേരി സംസ്ഥാനത്തിൽ ഏറ്റവുമൊടുവിൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ട്19 വർഷങ്ങളായി. രാജ്യത്തെ തന്നെ നഗരസഭകളുടെ മുത്തശ്ശിയായി അറിയപ്പെടുന്ന മാഹി മുൻസിപ്പാലിറ്റി ഇന്ന് നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. തെരത്തെടുക്കപ്പെട്ട കൗൺസിൽ ഇല്ലാതായിട്ട് 14 വർഷങ്ങളായി.കൗൺസിലോ , മതിയായ ജീവനക്കാരോ ഇല്ലാതെ നഗരഭരണം അവതാളത്തിലുമായി.


രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന നഗരസഭ


 ഇന്ത്യയിൽ തന്നെ നഗര ഭരണം എന്ന സങ്കൽപ്പം പോലുമില്ലാതിരുന്ന കാലത്ത് മയ്യഴിയിൽ നഗരസഭ രൂപമെടുത്തിരുന്നു 

ഫ്രഞ്ച് ഭരണകാലത്ത്

 1793 ൽ തന്നെ ബോയ്യേ മേയറായി മാഹിയിൽ മുനിസിപ്പാലി കൗൺസിൽ നിലവിൽ വന്നിരുന്നു.

 അതിനുശേഷം ഫ്രഞ്ചുകാരുടെ കാലത്ത് കൃത്യമായി ഇലക്ഷൻ നടക്കാറുമുണ്ടായിരുന്നു

 ഫ്രഞ്ചുകാർ മയ്യഴിയിലുള്ള ആളുകളെ അവരുടെ സ്വന്തം പൗരന്മാരായി കണ്ടതുകൊണ്ട് മയ്യഴിക്കാർക്ക് വോട്ടവകാശവും മത്സരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു.

1880 ൽ തന്നെ തദ്ദേശീയനായ വടുവൻ കുട്ടി വക്കിൽ മാഹിയിൽ മേയർ ആയിരുന്നിട്ടുണ്ട്.

 എന്നാൽ 1954 ൽ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം മൂന്നു തിരഞ്ഞെടുപ്പുകൾ മാത്രമേ ഇവിടെ നടന്നിട്ടുള്ളൂ

 1968 ന് ശേഷം അഡ്വക്കേറ്റ് ടി.അശോക് കുമാർ മദ്രാസ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത പൊതു താൽപര്യ ഹർജിയിലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 38 വർഷത്തിനുശേഷം 2006 ൽ തിരഞ്ഞെടുപ്പ് നടന്നത്.

ആ കൗൺസിലിന്റെ കാലാവധി 2011 ൽ കഴിഞ്ഞെങ്കിലും, ഇന്നുവരെ തിരഞ്ഞെടുപ്പ് ഇവിടെ നടന്നിട്ടില്ല.

അഡ്വ: അശോക് കുമാർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത് കൊണ്ട് 2018 ൽ ഇലക്ഷൻ നടത്തുവാൻ സുപ്രീംകോടതി ഉത്തരവിടുകയും എന്നാൽ സർക്കാർ ഉത്തരവ് പാലിക്കാത്തത് കൊണ്ട്, അശോക് കുമാർ സുപ്രീംകോടതിയിൽ കോടതി അലക്ഷ്യ ഹരിജി ഫയൽ ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി 2021 ൽ ആറുമാസത്തിനുള്ളിൽ ഇലക്ഷൻ നടത്തുവാൻ വേണ്ടി ഉത്തരവിടുകയായിരുന്നു

 അതിന്റെ അടിസ്ഥാനത്തിൽ 2021ൽ രണ്ട് പ്രാവശ്യം ഇലക്ഷൻ പ്രഖ്യാപിച്ചു. എന്നാൽ പുതുച്ചേരിയിൽ ഉള്ള പ്രതിപക്ഷ നേതാവും മറ്റ് എംഎൽഎമാരും മദ്രാസ് ഹൈക്കോടതിയിലെ സമീപിച്ചത് കൊണ്ട് ഇലക്ഷൻ നീണ്ടു പോകുകയാണ് ചെയ്തത്.

ഇപ്പോൾ പിന്നോക്ക വിഭാഗത്തിന് സംവരണം ഏർപ്പെടുത്തണമെന്ന് മദ്രാസ് കോടതി നിർദ്ദേശിച്ചിരുന്നു അതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് കെ കെ. ശശിധരനെ ഏകാംഗ കമ്മീഷണർ നിയമിച്ചിരുന്നു.

 എന്നാൽ മിക്ക മുൻസിപ്പാലിറ്റികളും പഞ്ചായത്തുകളും അവരുടെ പരിധിയിലുള്ള പിന്നോക്ക വിഭാഗത്തിന്റെ കണക്കുകൾ കമ്മീഷനെ ഇതുവരെ നൽകിയിട്ടില്ല.

അതിനാൽ ഇലക്ഷനും അനന്തമായി നീളുകയാണ് .


നഷ്ടമായത്കോടികളുടെ കേന്ദ്ര വിഹിതം


 ഇലക്ഷൻ നടത്താത്തത് കൊണ്ട് കേന്ദ്ര വിഹിതത്തിൽ സർക്കാരിന് ഇതുവരെ 5000ത്തിൽ പരം കോടി രൂപയുടെ സഹായമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.

 ഇലക്ഷൻ നടത്താതിരിക്കാൻ വേണ്ടി വക്കീൽ ഫീസിനത്തിൽ മാത്രം സർക്കാരിനും ഇലക്ഷൻ കമ്മീഷനും എംഎൽഎമാർക്കും രണ്ടുകോടിയിൽ അധികം രൂപ ഇതുവരെ ചെലവായിട്ടുണ്ട്

സൊലീസിറ്റർ ജനറൽ തുഷാർ മേത്ത അറ്റോണി ജനറൽ വെങ്കിട്ട രമണി അറ്റോണി ജനറൽ മുകൾ റോത്തഗി സീനിയർ അഡ്വക്കേറ്റ് വിൽസൺ അങ്ങനെ സിറ്റിങ്ങിന് ലക്ഷങ്ങൾ വാങ്ങി ഫീസ് വാങ്ങുന്ന അഭിഭാഷകരാണ് സർക്കാരിനും എംഎൽഎമാർക്കും വേണ്ടി ഹാജരാകുന്നത്. 

ശമ്പളം പോലും നൽകാനാവാത്ത അവസ്ഥ

പല പഞ്ചായത്തുകൾക്കും ശമ്പളം കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് കേന്ദ്രവിഹിതം നഷ്ടപ്പെട്ടതു കൊണ്ടുണ്ടായിട്ടുള്ളത് 


രാഷ്ട്രീയ പാർട്ടികൾക്ക് താൽപ്പര്യമില്ല.


ചെറിയ സംസ്ഥാനമായതിനാൽ ഒരു നഗരസഭാപരിധിയിൽ തന്നെ ഒന്നിലധികം അസംബ്ലി മണ്ഡലങ്ങൾ ഉണ്ടാകും. തദ്ദേശ ഭരണകൂടം വന്നാൽ എം എൽ എ മാരുടെ അധികാരം ഗണ്യമായി കുറയും. അത് ഭരണ പ്രതിപക്ഷ കക്ഷികൾ ആഗ്രഹിക്കുന്നുമില്ല.

 മുനിസിപ്പാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ നടത്തിക്കാൻ വേണ്ട നടപടി എടുക്കുവാൻ താൻ വീണ്ടും ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിക്കുന്നതാണെന്ന് അഡ്വ.ടി. അശോക് കുമാർ പറഞ്ഞു.

തെരഞ്ഞെടുപ്പിന് പ്രത്യേകതകളേറെ

മാഹി മുനിസിപ്പാലിറ്റിയിൽ ചെയർമാനെ നേരിട്ടാണ് തിരഞ്ഞെടുക്കുന്നത്.

 മാഹിയിലെ എംഎൽഎയും പോണ്ടിച്ചേരിയിലുള്ള ലോക്സഭാ മെമ്പറും രാജ്യസഭാ മെമ്പറും മാഹി മുനിസിപ്പാലിറ്റിയുടെ മെമ്പർമാരാണ്.

 മാഹിയിൽ തെരഞ്ഞെടുക്കപ്പെടുന്ന മുനിസിപ്പൽ ചെയർമാനെ പുറത്താക്കുവാൻ മാഹി മുനിസിപ്പാലിറ്റിയിലെ കൗൺസിലർമാർക്ക് അധികാരമില്ല

 പുതുച്ചേരി അസംബ്ലിക്ക് മാത്രമാണ് ചെയർമാനെ പുറത്താക്കാനുള്ള അധികാരം. ചെയർമാനെ നേരിട്ട് തിരഞ്ഞെടുക്കുന്നത് കൊണ്ട് ചിലപ്പോൾ കൗൺസിലിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെ നേതാവാകണമെന്നില്ല ചെയർമാനായി വരുന്നത്.

കേരള തെരത്തെടുപ്പിന്റെ ഇന്ധനം മാഹിയിൽ നിന്ന്


മദ്യത്തിനും, പെട്രോളിയം ഉദ്പന്നങ്ങൾക്കും ഗണ്യമായി വിലക്കുറവുള്ള മാഹി ഇപ്പോൾ കേരളത്തിലെ പ്രവർത്തകർക്കും, വാഹനങ്ങൾക്കും ,,ഇന്ധനം" നൽകുന്ന ഊർജ കേന്ദ്രമാണ്.

bn

മാഹി മുൻ സി.ഇ.ഒ മമ്മൂട്ടി മാസ്റ്റർ 


മാഹി: മുൻ വിദ്യാഭ്യാസ മേലദ്ധ്യക്ഷൻ കരിയാടൻ ബംഗ്ലാവിൽ മമ്മൂട്ടി മാസ്റ്റർ (90) നിര്യാതനായി. ലബോർദാനെ കോളേജ്, ഫ്രഞ്ച് സ്കൂൾ, ജെ.എൻ.ജി.എച്ച്.എസ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായും ഗവ. ഗേൾസ് ഹൈസ്കൂൾ പള്ളൂരിലും മാഹിയിലും പ്രധാനാദ്ധ്യാപകനായും 

1995-ൽ മാഹി ചീഫ് എജുക്കേഷണൽ ഓഫീസറായും സേവനമനുഷ്ഠിച്ചിരുന്നു. ഗവൺമെന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ്, മാഹി റോട്ടറി ക്ലബ് വൈസ് പ്രസിഡന്റ്, മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതരായ മയലക്കര അബ്ദുറഹ്മാൻ മാസ്റ്ററുടെയും ആയിശുമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ ജമീല.കെ.സി. മക്കൾ:അബ്ദു റഹിം.കെ.സി, അബ്ദുൽ സലീം (അസിസ്റ്റൻറ് എൻജിനീയർ, പൊതുമരാമത്ത് വകുപ്പ്, മാഹി) ഷാഹിന, ഷബാന. മരുമക്കൾ: റഹന, ഫർസീന, സി.പി.ജലീൽ, അഷീൻ പനക്കാട്ട് (എം.ഡി, നന്മ പ്രോപ്പർട്ടീസ്).

samudra-harithamrutham26
mannaposter-new
MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI