ഐ എൻ എസ് മാഹി
ആവേശവും ഉണർവുമേകി
:ചാലക്കര പുരുഷു
മാഹി: ഐ.എൻ.എസ് മാഹി എന്ന പേരിൽ ഇന്ത്യൻ നേവി കഴിഞ്ഞ ദിവസം കൊച്ചിയിൽ നീറ്റിലിറക്കിയതിലുള്ള സന്തോഷവും അഭിമാനവും മയ്യഴിക്കാർ പ്രകടമാക്കി.
1983 ൽ ഒരു മൈൻ ഷിപ്പിന് ഐ എൻ എസ് മാഹി എന്ന പേര് നാമകരണം ചെയ്തിരുന്നു.
കേന്ദ്ര ഭരണപ്രദേശമായ മുൻ ഫ്രഞ്ച് കോളനിയായിരുന്ന കൊച്ചു മയ്യഴിയുടെ പേര് ' ഇന്ത്യാ മഹാരാജ്യത്തിന്റെ നാവിക സേനയുടെ കപ്പലിന് നൽകിയതിൽ മാഹിക്കാർ അഭിമാനം കൊള്ളുകയാണ്
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അന്തർവാഹിനി പ്രതിരോധ യുദ്ധക്കപ്പലാണ് ഐഎൻഎസ് മാഹി . കൊച്ചി കപ്പൽശാലയിൽ തദ്ദേശിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കപ്പൽ നിർമ്മിച്ചത്. മുംബൈ നേവൽ ബേസിൽ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിലാണ് കഴിഞ്ഞ ദിവസം ഐഎൻഎസ് മാഹി കമ്മീഷൻ ചെയ്തത്.മലബാർ തീരത്തെ ചരിത്രപ്രധാനമായ തീരദേശ നഗരമാണ് മാഹി . ആത്മനിർഭർ ഭാരത് പദ്ധതിക്ക് കീഴിൽ പ്രതിരോധത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള രാജ്യത്തിൻ്റെ പ്രവർത്തനങ്ങളിൽ ഒരു പൊൻതൂവലാണ് ഐഎൻഎസ് മാഹി. 78 മീറ്റർ നീളം, 1100 ടൺ ഭാരവുമുള്ള ഐഎൻഎസ് മാഹി ഡീസൽ എൻജിൻ വാട്ടർ ജെറ്റ് പ്രൊപ്പൽഷൻ സിസ്റ്റം എന്നിവയിലാണ് പ്രവർത്തിക്കുന്നത്. ആഴം കുറഞ്ഞ ഭാഗങ്ങളിലുള്ള ഓപ്പറേഷനുകൾക്കും അനുയോജ്യമായ രീതിയിലാണ് നിർമാണം.
സബ്‌മറീൻ കണ്ടെത്തൽ, തീര കീഴ് നിരീക്ഷണം, മൈനുകളിടൽ, പ്രതികാര രക്ഷാപ്രവർത്തനങ്ങൾ എന്നിവ കപ്പലിന്റെ ദൗത്യങ്ങളിലുൾപ്പെടും.
ആയുധ സംവിധാനങ്ങൾ: ഒരു RBU-6000 റോക്കറ്റ് ലോഞ്ചർ, രണ്ട് ട്രിപ്പിൾ ലൈറ്റ്-വെയിറ്റ് ടോർപ്പിഡോ ലോഞ്ചറുകൾ (ഇന്ത്യൻ ALWT), അടുത്ത .നിരക്ഷരമായി 30 mm നാവൽ ഗൺ + 12.7 എം എം റിമോട്ട്-കൺട്രോൾ ഗണങ്ങൾ. സെൻസർ & സാങ്കേതികത: ആധുനിക സോനാർ, റഡാർ, കോമ്യൂണിക്കേഷൻ സിസ്റ്റങ്ങൾ എന്നിവയുണ്ട്. കപ്പലിന്റെ ഷീൽഡിൽ ഉറുമി രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു .ഇത് വളരെ വേഗതയും നിഷ്കളങ്കതയും പ്രതീകപ്പെടുത്തുന്ന ഒരു ഡിസൈനാണ്.
ചീറ്റയാകട്ടെ വേഗതയും ജാഗ്രതയും അടയാളപ്പെടുത്തുന്നു.
സൈലന്റ് ഹണ്ടേർസ് എന്നതാണ്
കപ്പലിന്റെ മുദ്രാവാക്യം
മാഹിയെ ലക്ഷദ്വീപുമായി ബന്ധപ്പെടുത്തണം
മാഹിയിൽ നിർമ്മാണം പൂർത്തിയായി വരുന്ന മത്സ്യ ബന്ധന തുറമുഖത്തിന്റെ കടലിൽ നിന്നുള്ള പ്രവേശന കവാടത്തിന് വീതി കൂട്ടണമെന്നും, ചെറുകിട യാത്രാ-ചരക്ക്കപ്പലുകൾക്ക് അടുക്കാനുളള സംവിധാനമൊരുക്കണമെന്നും കാണിച്ച് ജനശബ്ദം മാഹി നേരത്തെ അധികൃതർക്ക് നിവേദനങ്ങൾ നൽകിയിരുന്നു.ലക്ഷദ്വീപുമായി ഇന്ത്യാ വൻകരയിൽ നിന്നും നിലവിൽഏറ്റവും ദൂരം കുറവ് മാഹിക്കാണ്.മാഹിയെ 700കി.മീ.അകലെയുള്ള പുതുചേരിയിൽ നിന്നും വേർപെടുത്തി, മറ്റൊരു കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വിപുമായി ബന്ധപ്പെടുത്തണമെന്നും, ഇത് വാണിജ്യ- ടൂറിസം മേഖലകളുടെ വികസനത്തിൽ വൻ കുതിപ്പുണ്ടാക്കുമെന്നും ജനശബ്ദം വസ്തുതകൾ നിരത്തി ചൂണ്ടിക്കാട്ടിയിരുന്നു. മുൻപ്ലക്ഷദ്വിപിൽനിന്നുള്ളഎം.പി.യും,കേന്ദ്ര മന്ത്രിയുമായിരുന്ന പി.എം. സെയ്ദും ഇതേ അഭിപ്രായംപാർലിമെന്റിൽ ഉയർത്തിയിരുന്നു. എന്നാൽ തുടർ നടപടികൾ ഇല്ലാതെപോവുകയായിരുന്നു. നാവികമേഖലയിൽ മാഹിയുടെ പേര് ഇടം പിടിച്ചതോടെ വീണ്ടും മാഹി - ലക്ഷദ്വീപ് ബന്ധത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമായിട്ടുണ്ട്.
ചിത്രവിവരണം: ഐ എൻ എസ്. മാഹി യുദ്ധക്കപ്പൽ
ജ്ഞാന രഹസ്യം നുകർന്ന്
മാഹി കോളജ് വിദ്യാർത്ഥികൾ
:ചാലക്കര പുരുഷു
മാഹി: മാധ്യമപഠനത്തിന്റെ അടിവേരുകൾ തേടിയുള്ള യാത്രയിൽ മാഹി മഹാത്മാഗാന്ധി ഗവ: ആർട്സ് കോളജ് മലയാള വിഭാഗം വിദ്യാർത്ഥികൾക്ക് പ്രകൃതി മനോഹാരിതയും, ചരിത്രവും, മിത്തുക്കളും ഇഴ ചേർന്ന് കിടക്കുന്ന കനകമല ജ്ഞാനസമ്പാദനത്തിന്റെ അക്ഷയ ഖനിയായി.
ശ്രീനാരായണ ഗുരുവിന്റേയും, കുമാരനാശാന്റേയും തലശ്ശേരിയിലേക്കുള്ള വരവോടെ, നഗരത്തിലേയും നാട്ടിൽ പുറങ്ങളിലേയും ആദ്ധ്യാത്മിക,സാംസ്ക്കാരിക മുന്നേറ്റങ്ങളിലും മറ്റും വിത്തുപാകാൻ ഇടയായി. ഗുരു ചിന്തകൾ ഉഴുതുമറിച്ച ഫലഭൂയിഷ്‌ഠമായ മണ്ണ് ഒരുക്കാൻ, തലശ്ശേരിക്ക് ചുറ്റിലും സാധിതമായി.
ജഗന്നാഥ ക്ഷേത്രനിർമ്മാണവുമായി ബന്ധപ്പെട്ട് നാരായണഗുരുവും കുമാരനാശാനും തലശ്ശേരിയിൽ എത്തിയ പ്പോൾ വിദ്വാൻ മണ്ണന്തലമൂസ്സതിൻ്റെ നേതൃത്വത്തിലുള്ള പണ്ഡിത സംഘം ഗുരുവുമായി വാദത്തിലേർപ്പെട്ടു.
"വിവരം അറിഞ്ഞ് തലശ്ശേരിയിൽ പഠിക്കുന്ന വിദ്യാർത്ഥികളായ ഞങ്ങൾ കാലേക്കൂട്ടി സ്വാമിയുടെ അടുത്തു സ്ഥലം പിടിച്ചു. അക്കാലം ഞങ്ങൾ വിദ്യാർത്ഥികൾ ചെന്നാൽ സ്വാമികൾ ഞങ്ങൾക്ക് കൽക്കണ്ടവും മുന്തിരിയും പഴവും നല്ല ഉപദേശവും തരിക പതിവാണ്. മൂസ്സതും പണ്ഡിത പരിഷകളുമെത്തി. സംസ്കൃതത്തിൽ സംഭാഷണം തുടങ്ങി. സ്വാമികൾ മലയാളത്തിൽ മറുപടി പറഞ്ഞു എന്നുമാത്രമല്ല, മലയാളത്തിൽ സംസാരിക്കണം-ഇവർക്കെല്ലാം കേൾക്കണം എന്ന് മൂസ്സതിനോട് സ്വാമികൾ പറയുകയും ചെയ്തു..
ഞങ്ങൾക്കത് വളരെ സന്തോഷമായി. പത്തു പതിനഞ്ച് മിനിട്ടു പലപ്രമാണങ്ങൾ ഉദ്ധരിച്ച് മൂസ്സത് സംസാരിച്ചപ്പോൾ ആശാൻ ആ പണ്ഡിതന്മാരുടെ വായടച്ചു. ശരി, ആ ശാസ്ത്രങ്ങളെല്ലാം സമ്മതിക്കാം. പക്ഷേ നാം ഇവിടെ ഒരു ഈഴവ ശിവനെയാണല്ലോ പ്രതിഷ്‌ഠിക്കുന്നത്, അതു പാടില്ലെന്നു ശാസ്ത്രങ്ങളിലെങ്ങാൻ പണ്ഡിതന്മാർ കണ്ടുവോ എന്നു ചോദിച്ചു. മൂസ്സതിനു വിയർത്തു. ഞങ്ങൾ വിദ്യാർത്ഥികൾ പൊട്ടിച്ചിരിച്ചു. സ്വാമികൾ കൈകൊണ്ടു ഞങ്ങളെ വിലക്കി. (മൊയാരത്തിൻ്റെ ആത്മകഥ പേജ് 52 -53)
സ്വാതന്ത്ര്യസമരസേനാനിയും വിപ്ലവകാരിയും ദേശീയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവുമായിരുന്ന മൊയാരത്ത് ശങ്കരൻ വിവരിക്കുന്ന ആ കാലഘട്ടം നാരായണ ഗുരുവിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്താൻ തുനിഞ്ഞ, തൊള്ളായിരത്തിന്റെ ആദ്യപാദങ്ങളായിരുന്നു. അതിൽ നിന്നും കാലം കുതിച്ചുപാഞ്ഞു.ശ്രീനാരായണ കേന്ദ്രങ്ങളും ജാതി, മത, ചിന്തകളുടെ പിടിവിട്ട്, സാഹോദര്യം പുലർത്തുന്ന വേദികളായി മാറി. എല്ലാ വിഭാഗം ജനങ്ങളിലും ഗുരു ചൈതന്യം ഒളിമങ്ങാതെ ഇന്നും നിലനിന്നു വരുന്നു.
ശ്രീ ജഗന്നാഥക്ഷേത്രം, ശ്രീ ജ്ഞാനോദയ യോഗം, വർക്കല നാരായണഗുരുകുലത്തിൻ്റെ കീഴിലുള്ള കുയ്യാലി, കനകമല ഗുരുകുലങ്ങൾ, സ്റ്റഡിസർക്കിൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, മഠങ്ങൾ എന്നിവയെല്ലാം ഗുരുചൈതന്യം കാത്തു സൂക്ഷിച്ച് ഇന്നും പ്രവർത്തിക്കുന്നു.
ഗുരു പകർന്നു നൽകിയ ജ്ഞാനരഹസ്യം നഷ്‌ടപ്പെട്ടുപോകാതെ സംരക്ഷിച്ചു നിർത്തിയ ഗുരുപരമ്പരയാൽ ധന്യമാണ് കനകമല. ഫേൺഹിൽ, വർക്കല ഗുരുകുലങ്ങളെ പോലെ തലശ്ശേരി മേക്കുന്നിലെ കനകമലയും ശ്രദ്ധേയമാണ്. ക്രാന്തദർശിനി, ഒരു പുനർ മൂല്യനിർണ്ണയ കർത്താവായി, അദൃശ്യ ശക്തിയായി നിത്യചൈതന്യയതിയുടെ സ്നേഹ ചൈതന്യം കനകമലയിൽ ഇന്നുമുണ്ട്.
നീലിച്ച ആകാശത്തിന് കീഴെ . ഹരിതകാന്തി പരന്നുകിടക്കുന്നു. ചുറ്റിലും തലകുനിച്ച് നിൽക്കുന്ന കൊച്ചുകുന്നുകൾ. ഗ്രാമങ്ങളുടെ നിറുകയിൽ ഭസ്മക്കുറി വരഞ്ഞത് പോലുള്ള പുഴകൾ... അങ്ങകലെ ആകാശത്തോട് മന്ത്രമോതുന്ന അറബിക്കടൽ..
ഓരോ മാത്രയിലുമുണ്ടാകുന്ന അനുഭവങ്ങളുടെ പ്രവാഹം...
അദ്യശ്യമായ രാസാനുഭവത്തിൻ്റെ ഭാഗമായിതീരുന്ന വേളയിൽ നമ്മൾ നാരായണഗുരുകുലത്തിലെ അതിഥിമന്ദിരവും കടന്ന് പ്രാർത്ഥനാലയത്തിന് മുന്നിൽ 'നിത്യസ്നേഹമന്ദിരത്തിൽ എത്തിച്ചേരുന്നു.
മനുഷ്യസമൂഹത്തിന്, ജീവിതത്തെ സാർത്ഥകമാക്കുന്ന, പരമമായ സത്യം ആധുനീക ശാസ്ത്രയുഗത്തിന് ചേർന്ന ശൈലിയിൽ വെളിപ്പെടുത്തിയ ഒരു മാതൃകാ ഗുരുവായിട്ടാണ് നാരായണഗുരുവിനെ ഇവിടെ നമ്മൾ കാണുന്നത്.
അതുകൊണ്ടു തന്നെ, ആധ്യാത്മിക പുരോഗതിയിൽ ഏതൊന്നിനെയും ഉപയോഗപ്പെടുത്തുക എന്നതിന് തെളിവാണ് കനകമല. സകലതിലും കൂടി കടന്നു പോവുക എന്നത് യതിയുടെ കാഴ്ചപ്പാടായിരുന്നു. സകലതിനേയും അറിവിൻറെ കുരുവായിട്ടാണ് യതി കണ്ടത്. ഭാഷ, മതം, കല, സംസ്കാരം ഇവയുടെ താരതമ്യപഠനവും എല്ലാ മതങ്ങളെക്കുറിച്ചും സർവ മതസ്ഥരും ഒരുമിച്ചിരുന്നുള്ള സംവാദവും നടത്താൻ സ്നേഹ മന്ദിരം പ്രയോജനപ്പെടുത്തി വരുന്നു. വിവിധ മതഗ്രന്ഥങ്ങൾ ഉൾപ്പെട്ട റഫറൻസ് ലൈബ്രറിയും കനകമലയിലുണ്ട്.
സ്നേഹമന്ദിരം കേന്ദ്രമാക്കി നിത്യചൈതന്യയതി ആഗ്രഹിച്ച പ്രവർത്തനമായിരുന്നു ഗുരുകുല കൺവെൻഷൻ. ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്‌സിറ്റിയുടെ സെമിനാറും ഇവിടെ നടക്കുമായിരുന്നു.. വിജയദശമി ദിവസം സർവ്വരും പങ്കെടുക്കുന്ന എഴുത്തിനിരുത്തൽ ചടങ്ങുംസ്നേഹമന്ദിരത്തിലാണ്. മുമ്പ്ഏറെക്കാലം ഗുരുനിത്യചൈതന്യയതി അക്ഷരം കുറിക്കാൻ പതിവായി എത്തിയിരുന്നു. ഗുരുമുനി നാരായണ പ്രസാദാണ് ഇപ്പോൾ വിദ്യാരംഭം നടത്തുന്നത്.
അറിവിന്റെ പാതയിൽ സ്നേഹത്തിനിടമൊരുക്കുന്ന ഗുരുവിനെയാണ് ഇവിടെ കാണാൻ കഴിയുന്നത്. അറിവും സ്നേഹവും സാധിക്കുന്നിടമാണല്ലോ ഗുരു. സ്നേഹത്തിൻ്റെ കണ്ണീലൂടെ നോക്കാൻ പഠിപ്പിക്കുകയായിരുന്നു ഗുരു. ഉദയാസ്‌തമയങ്ങൾ ഒരിടത്തിരുന്ന് കാണാൻ കഴിയുന്ന കനകമലയിൽ വായ്മൊഴിയായി പ്രചരിച്ചു വന്ന ഐതിഹ്യങ്ങളും കനകമലയിലെ സ്നേഹസാന്നിദ്ധ്യത്തെ ദീപ്‌തമാക്കുന്നവയാണ്; മനുഷ്യനന്മയുടെ പുണ്യസങ്കേതം തീർക്കുന്നവയും. കനകമലയിലെ ഗുഹകളും വേരിൽ നിന്ന് കനിഞ്ഞിറങ്ങിവരുന്ന പുണ്യതീർത്ഥവും നിഗൂഢമായ സങ്കല്‌പങ്ങളിലേക്ക് സഞ്ചാരിയെ നയിക്കുന്നു.
“നമ്മളെന്തിനാണ് ഇത്രവിഷമിച്ച് ഇവിടെ എത്തിച്ചേരുന്നത്. കൊച്ചു കുട്ടികൾ പോലും തുള്ളിച്ചാടി ചിരിച്ച് വരുന്നത് കണ്ടില്ലേ.... കുട്ടികളുടെ ഈ ചിരി നിഷ്‌കളങ്കമാണ്. മുതിർന്നവർ ഈ ചിരിപോലും മറക്കുന്നു. അതിനാവശ്യം സ്നേഹമെന്ന വികാരമുണ്ടാകണം..."
1999 ഫെബ്രു: 14 ന് ഊട്ടിക്ക് മടങ്ങുന്നതിൻ്റെ തലേദിവസം കനകമലയിലെ 'സ്നേഹസംഗമ' ത്തിൽ ഗുരു പറഞ്ഞു.
മനുഷ്യമനസ്സ് മറന്നു പോകുന്ന സ്നേഹത്തെ കുറിച്ചാണ്, പ്രിയപ്പെട്ടവരെയും നാട്ടുകാരെയും കുട്ടികളേയും വിളിച്ചിരുത്തി, ഗുരു അവസാനമായി കനകമലയിൽ വെച്ച് സംസാരിച്ചത്.
സ്നേഹമാണ് ഏകാന്തതയുടെ യോഗരഹസ്യം. സ്നേഹ ത്തിന്റെ ആത്മാവാണ് ആനന്ദം. നിരതിശയമായ ആനന്ദം തന്നെയാണ് സത്യം. അതുതന്നെയാണ് അറിവ്. അറിവില്ലാതെ ആനന്ദമില്ലാതെ വേറൊരു ദൈവവുമില്ല. ഈ ഏക തയെ ഉദ്ഘോഷിക്കുന്നതാണ് നാരായണ ഗുരുവിൻ്റെ ഏക മതപ്രഖ്യാപനം.
ഹരിതാഭമായ കുന്നിൻ മുകളിൽ നിന്നും വനാന്തരത്തിലെ ഒറ്റയടി പാതയിലൂടെ താഴേക്കിറങ്ങി വന്നപ്പോൾ വിദ്യാർത്ഥികളെല്ലാം അവാച്യമായ ഏതോ ഒരു ശാന്തി തീരത്തെത്തിയത് പോലെ ശാന്തരായിരുന്നു.
മഠങ്ങൾ ഗുരുസന്ദേശ
പ്രചാരണ കേന്ദ്രങ്ങളാവണം
ടെമ്പിൾഗേറ്റ്: മഠങ്ങളിലൂടെ ഗുരുദേവ സന്ദേശങ്ങൾ യുവതലമുറയെ അറിക്കാനും പ്രചരിപ്പിക്കാനും 93 മത് ശിവഗിരി തീർത്ഥാടനം വിജയിപ്പിക്കാനും ജഗന്നാഥ ക്ഷേത്രത്തിൽ കൂടിയ മഠം ജനറൽബോഡിയോഗം തീരുമാനിച്ചു. സ്വാമി പ്രേമാനന്ദ യോഗം ഉദ്ഘാടനം ചെയ്തു ജഗന്നാഥ ക്ഷേത്രം മുൻ പ്രസിഡണ്ട് കണ്ട്യൻഗോപി അധ്യക്ഷത വഹിച്ചു മഠം ഏകോപന സമിതി ജനറൽ കൺവീനർ മുരിക്കോളി രവീന്ദ്രൻ സ്വാഗതവും രഞ്ജിത്ത് പുന്നോൽ നന്ദിയും പറഞ്ഞു. വിവിധ മഠങ്ങളെ പ്രതിനിധീകരിച്ച് പി. പി .ദാസൻ കുട്ടിമാക്കൂൽ സുരേന്ദ്രൻ പുന്നോൽമഠം പി.എൻ.സുരേഷ് ബാബു, പ്രശാന്ത് കൈവട്ടം, കോടിയേരി സുധീഷ്ണൻ, മാമാക്കുന്ന് സുധർമ്മൻ, എന്നിവർ സംസാരിച്ചു
ചിത്രവിവരണം:മഠം ഏകോപന സമിതി ജനറൽബോഡി യോഗം ജഗന്നാഥ ക്ഷേത്രത്തിൽ ശിവഗിരി മഠം സ്വാമി പ്രേമാനന്ദ ഉദ്ഘാടനം ചെയ്യുന്നു
ഒരിക്കലും അവസാനിക്കാത്ത വസന്തം തീർത്ത് ഒരു ചിത്രപ്രദർശനം
:ചാലക്കര പുരുഷു
മാഹി:മാനവഹൃദയത്തിലെ അനശ്വരമായ വസന്തത്തിൻ്റെ ആത്മീയ സ്പന്ദനങ്ങളെ പുതുനിരീക്ഷണത്തിലൂടെ കൂട്ടിച്ചേർക്കുന്ന വര വർണ്ണങ്ങളുമായി ചിത്രകാരിയും, ബഹുഭാഷാ കവിയും, ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഇമ്മാനുവൽമെറ്റിൽസ് മാഹി മലയാള കലാഗ്രാമത്തിലെത്തി -
ചുരുങ്ങിയ കാലം കൊണ്ട് വിവിധ ഭാഷകളിൽ എഴുതിക്കൂട്ടിയ കവിതകൾ പോലെ അനായാസമാണ് ഇമ്മാനുവൽമെറ്റിൽസിന്
ചിത്രരചനയും' പരമ്പരാഗത ചിത്രകലാ സൗന്ദര്യ ചിന്തകളെ സൃഷ്ടിപരമായി ചോദ്യം ചെയ്യുകയും പുതിയ ദൃശ്യഭാഷയിലൂടെ പുനർനിർമ്മിക്കുകയുമാണ് ഈ കലാകാരി അര ഡസനോളം ക്യാൻവാസുകളിൽ .സ്ത്രീ ജീവിതത്തിൻ്റെ മുറിവുകളും, ശക്തിയും പുനർജനനവുമുള്ള അന്തർമുഖ യാത്ര പ്രതിഫലിക്കുന്നത് കാണാം.
പ്രകൃതിയുടെ നിറങ്ങൾ തന്നെയാണ് ഇമ്മാനുവൽമെറ്റിൽസിൻ്റെ ചിത്രങ്ങൾക്കും വർണ്ണം പകരുന്നത്. പ്രകൃതിയിലെ പ്രതിഭാസങ്ങളും ഋതു മാറ്റങ്ങളും ഈ ചിത്രകാരിയെ ഉന്മത്തയാക്കുന്നു. പ്രകൃതിയിലെ അകൃത്രിമമായ വർണ്ണരാജികർ വിസ്മയത്തോടെയാണ് ഈ കലാകാരി നിരീക്ഷിക്കുന്നതെന്ന് പ്രദർശിപ്പിക്കപ്പെട്ട ചിത്രങ്ങൾ തന്നെ വ്യക്തമാക്കുന്നുണ്ട്. സമകാലീന പ്രശ്നങ്ങളേയും, സ്ത്രീപക്ഷ കാഴ്ചപ്പാടുകളേയും ചിത്രവിഷയമാക്കുന്നതിൽ ഈ കലാകാരി ഏറെ മുന്നിലാണ്. മിക്ക ചിത്രങ്ങൾ കാണുമ്പോഴും,കവിതകൾ നമ്മുടെ മനസ്സിൽ ചിത്രങ്ങൾ വരയുമ്പോലെ തോന്നിപ്പോകും.കേരളത്തിലെ രണ്ടാമത്തെ പ്രദർശനമാണിത്.27 ന് വൈകീട്ട് പ്രദർശനം സമാപിക്കും
ചിത്രവിവരണം: ഇമ്മാനുവൽ മെറ്റിൽസിന്റെ ചിത്ര പ്രദർശനം
കേരള സീനിയർ സിറ്റിസൺസ് ഫോറം മമ്പറം യൂനിറ്റി വാർഷിക സമ്മേളനം മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു
വയോ വന്ദന ആരോഗ്യ പദ്ധതി നടപ്പിലാക്കണം.
മമ്പറം / കേരള സീനിയർ സിറ്റിസൺസ് ഫോറം മമ്പറം യുനിറ്റ് വാർഷിക പൊതുയോഗവും സ്ഥാപക പ്രസിഡൻ്റ് അഡ്വ.എം.സി. വി. ഭട്ടതിരിപ്പാട് അനുസ്മരണവും നടത്തി. കേന്ദ്രസർക്കാർ നടപ്പിലാക്കിയ വയോ വന്ദന ഇൻഷുറൻസ് പദ്ധതി കേരളത്തിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു. മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്തു. ടി.എം.വാസുദേവൻ അധ്യക്ഷതവഹിച്ചു സംസ്ഥാന ജനൽ സെക്രട്ടറി പി. കുമാരൻ അനുസ്മരണ പ്രഭാഷണം നടത്തി. മേജർ ജനറൽ'ടി. പത്മിനി (റിട്ട) എൺപത്തി അഞ്ച് വയസ്സ് കഴിഞ്ഞ മുതിർന്നവരെ ആദരിച്ചു സംസ്ഥാന ഖജാൻജി കെ. ടി. രതീശൻ, പി.പി. അച്ചുതൻ, കെ.കെ മുകുന്ദൻ, കെ.ജയരാജൻ, പി.കെ. ഇന്ദിര , കൈപ്പച്ചേരി മുകുന്ദൻ, പി.ലീല ടീച്ചർ, എം. ജയപ്രകാശ്, കെ.കുമാരൻ, സോമപ്രകാശ് പി.കെ. ഹരീന്ദ്രൻ. എന്നിവർ സംസാരിച്ചു. ഭാരവാഹികൾ ടി.എം വാസുദേവൻ (പ്രസി) എം. സോമസുന്ദരം, പി. ലീല ടീച്ചർ (വൈസ് : പ്രസി) പി.പി. അച്ചുതൻ(സെക്ര) എൻ.വി. രമേശൻ, പി.കെ. ഹരീന്ദ്രൻ ( ജോ:സെക്രട്ടറിമാർ) എം.സി കുഞ്ഞിരാമൻ (ഖജാൻജി) കെ.ടി.രതീശൻ (സംസ്ഥാന കൗൺസിലർ) കെ. ഹരി (ജില്ലാ കൗൺസിലർ)
സർവ്വീസിൽ നിന്ന് വിരമിച്ചു
മാഹി :39 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം മാഹി വിദ്യാഭ്യാസ വകുപ്പിലെ അംഗൻവാടിയിൽ നിന്നും, ചെമ്പ്ര സ്വദേശിനി ഇന്ദിര ഈ മാസം 30 ന് വിരമിക്കുന്നു. ചെമ്പ്ര, ചെറുകല്ലായി ചാലക്കര അംഗൻവാടികളിൽ ജോലി ചെയ്ത ഇവരെ മാതൃകാദ്ധാപികയായാണ് നാട്ടുകാർ വിശേഷിപ്പിക്കുന്നത്. ഭർത്താവ്: കെ.കെ.ചന്ദ്രശേഖരൻ
(റിട്ട.. കോടതി ജീവനക്കാരൻ ) മകൾ.പവിത്ര ( എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി )
പി. പി .അബ്ദുൽ മജീദ് നിര്യാതനായി
മാഹി : പൊന്ന്യംപാലം പി എം മുക്കിലെ കരുവാൻ്റവിട പി പി അബ്ദുൽ മജീദ് (68) നിര്യാതനായി. ഭാര്യ: റംല കരുവൻ്റവിട. മക്കൾ: മഷൂദ്, മിസ്ബ, റിസ് വാന, റസീൻ. മരുമക്കൾ: മുഹമ്മദ് ഹാജി ( ചമ്പാട് ), യംഷീർ(ദുബൈ), മാജിദ (ചൊക്ലി )
പുതുച്ചേരി സ്റ്റേറ്റ് കളരിപ്പയറ്റ്
ചാമ്പ്യൻഷിപ്പ് ഡിസംബർ 7-ന്
മാഹി: പുതുച്ചേരി കളരിപ്പയറ്റ് ഫെഡറേഷൻ ഡിസംബർ 7-ന് സംഘടിപ്പിക്കുന്ന 6-ാം പുതുച്ചേരി സ്റ്റേറ്റ് കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് . പുതുച്ചേരി യൂണിയൻ പ്രദേശത്തെ 40 വയസ്സ് വരെ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരമുണ്ടാകും. രജിസ്ട്രേഷൻ പ്രക്രിയ ഇതിനകം ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.
മത്സരം സബ്-ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളായി വിവിധ ഇനങ്ങളിലൂടെ നടത്തപ്പെടും. മത്സരങ്ങൾ ജഡ്ജിംഗ് പാനൽ വിലയിരുത്തും.
ദേശീയ തല മത്സരങ്ങൾക്കായുള്ള സംസ്ഥാന ടീമിൽ പ്രവേശിക്കാൻ ഈ ചാമ്പ്യൻഷിപ്പ് ഒരു പ്രധാന യോഗ്യതാ വേദിയാണ്
9037352523, 9037572995
പുസ്തക പ്രകാശനം ചെയ്തു
തലശ്ശേരി:പഹാഡി പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന 'ആഷ്ട്രേ ' എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശനം മാഹി മലയാള കലാഗ്രാമത്തിൽ വച്ച് നടന്നു. സനൽ.സി.പിയാണ് കഥാകൃത്ത്. പുസ്തകത്തിൻ്റെ ആദ്യകോപ്പി ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ പ്രകാശനം ചെയ്തു. ചലച്ചിത്രസംവിധായകനായ പ്രദീപ് ചൊക്ലി പുസ്തകം ഏറ്റുവാങ്ങി.
കവിയും ചലച്ചിത്രകാരനുമായ രാപ്രസാദ് പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു. പ്രസിദ്ധ ചിത്രകാരൻ പ്രശാന്ത് ഒളവിലം ചടങ്ങിൽ സന്നിഹിതനായിരുന്നു
ലക്ഷ്മി നിര്യാതയായി
മാഹി: പന്തക്കൽ കുന്നുമ്മൽപ്പാലത്തിന് സമീപം മീത്തലെ പീടികയിൽ 'രാമനിലയ'ത്തിൽ ലക്ഷ്മി (70)നിര്യാതയായി. ഭർത്താവ്: രാമദാസൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ, കണ്ണൂർ) മക്കൾ: വിപിൻ ദാസ് (വ്യാപാരി, പാനൂർ), ബ്രിജിൽ ദാസ് (വ്യാപാരി, പളളൂർ), ബിനിൽ ദാസ് (കുവൈറ്റ്) മരുമക്കൾ: രേഷ്മ, വിജിഷ, രേണുക .സഹോദരങ്ങൾ: ബാലൻ, രവീന്ദ്രൻ, ചന്ദ്രൻ (മൂവരും പളളൂർ), നാരായണൻ (കവിയൂർ), രാജൻ (എറണാകുളം), സുരേന്ദ്രൻ (പന്തക്കൽ), ഓമന (കോഴിക്കോട്), പരേതനായ കുഞ്ഞിരാമൻ.സംസ്ക്കാരം ബുധനാഴ്ച്ച രാവിലെ 10ന് വീട്ടു വളപ്പിൽ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















