രംഗകലയുടെ തിരശ്ശീല ഉയർത്തി
ഒ. അജിത്ത്കുമാർ
മാഹി:കലകളുടെ രൂപഭാവങ്ങളിൽ കാലങ്ങളായി ഉണ്ടായിട്ടുള്ള പരീക്ഷണങ്ങളും മാറ്റങ്ങളും അനാവരണം ചെയ്തുള്ള പ്രശസ്ത നാടക സംവിധായകനും, എഴുത്തുകാരനുമായ ഒ. അജിത്കുമാറിന്റെ ക്ലാസ്സ് രംഗകലയുടെ അരങ്ങിനെയും അണിയറയേയും അടുത്തറിയാൻ പര്യാപ്തമായി.
മാഹി പ്രസ്സ് ക്ലബ്ബും മാഹി ഗവ: എം ജി. കോളജും മലയാളം അവസാനവർഷ വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന മാധ്യമ ശിൽപ്പശാലയിൽ നാടകവും, സിനിമയും സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനതയെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചാലക്കര പുരുഷു , കെ.വി.ഹരീന്ദ്രൻ, അഭിനവ്, ദേവിക സംസാരിച്ചു. ഇന്ന് കാലത്ത് 10 മണിക്ക് പ്രശസ്ത മന:ശ്ശാസ്ത്ര വിദഗ്ധർ എ.വി.രത്നകുമാർ പ്രഭാഷണം നടത്തി.
ചിത്രവിവരണം: ഒ അജിത് കുമാർ പ്രഭാഷണം നടത്തുന്നു
പള്ളൂരിൽ ഹോട്ടലിൽ അഗ്നിബാധ
-ഫയർ ഫോഴ്സ് തീ അണച്ചു
മാഹി: പള്ളുർ കവലയിൽ ഹോട്ടലിലെ പാചകപ്പുരയിൽ അഗ്നിബാധ - ഇന്നലെ വൈകുന്നേരം ഹോട്ടലിൻ്റെ അടുക്കളയിലെ ഗ്യാസ് അടുപ്പിൽ നിന്ന് ഉയർന്ന തീ ജ്വാലകൾ മുകളിൽ കെട്ടിയ ടാർ പായയിലേക്ക് പടർന്നാണ് തീ പിടിച്ചത്. കവലയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന പ്രകാശ് ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്. മാഹി അഗ്നിശമന സേന സംഭവ സ്ഥലത്തെത്തി തീ അണച്ചു.സംഭവ സമയത്ത് ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവർ പുറത്തേക്കോടി രക്ഷപ്പെട്ടു
തുലാം മാസത്തിലെ ആയില്യം നാൾ ആഘോഷം ഭക്തിസാന്ദ്രമായി
മാഹി: പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ തുലാം മാസത്തിലെ ആയില്യം നാൾ ആഘോഷം ഭക്തിസാന്ദ്രമായി.
രാവിലെ 6മുതൽ വൈകിട്ട് 6 വരെ അഖണ്ഡനാമാർച്ചന, ഉച്ചക്ക് നാഗപൂജ മുട്ടസമർപ്പണം, തുടർന്ന് പ്രസാദഊട്ടും നടന്നു. ക്ഷേത്ര മേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യ കർമികത്വത്തിൽ പൂജാതി കർമ്മങ്ങൾ നടന്നു.
നിരവധി ഭക്തർ പങ്കെടുത്ത ചടങ്ങിന് ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി.
ക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡല മഹോത്സവം നവംബർ 17 മുതൽ ഡിസംബർ 25 വരെ സമുചിതമായി ആഘോഷിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
കാഴ്ചയിലൂടെ, കേൾവിയിലൂടെ ,സംഗീതം പോലെ അവർ മാധ്യമ ചരിത്രമറിഞ്ഞു.
മാഹി: ബംഗാൾ ഗസറ്റിൽ നിന്നും തലശ്ശേരി ഇല്ലിക്കുന്ന് വരെ നീളുന്ന വർത്തമാന പത്രങ്ങളുടെ ചരിത്രവും , ടെലിഗ്രാം തൊട്ട് ന്യൂജെൻ മീഡിയകൾ വരെയുള്ള വാർത്താ സഞ്ചാരത്തിന്റെ വികാസപരിണാമങ്ങളും , മാധ്യമ പ്രവർത്തകനും ഗായകനുമായ കെപി. അദിബ് പാടിയും പറഞ്ഞും അവതരിപ്പിച്ചപ്പോൾ , അത് ഇന്ത്യൻ വാർത്താ വിനിമയ ചരിത്രത്തിന്റെ നേർസാക്ഷ്യമായി.
മാഹി പ്രസ്സ് ക്ലബ്ബും മഹാത്മാ ഗാന്ധി ഗവ: ആർട്സ് കോളജ് മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ ഇന്ത്യൻ മാധ്യമ രംഗത്തെ പരിണാമങ്ങൾ എന്ന വിഷയത്തെ അധികരിച്ച് ക്ലാസ്റ്റെടുക്കുകയായിരുന്നു അദ്ദേഹം.
ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവിൽ നടന്ന സോദാഹരണ ക്ലാസ്സിൽ ഹെർമ്മൻ ഗുണ്ടർട്ടിന്റെ ഭാഷാ സാഹിത്യ ജീവിതവും, എഡ്വേർഡ് ബ്രണ്ണന്റെ അക്ഷരലോകവും മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു അനാവരണം ചെയ്തു. മലയാള വിഭാഗം തലവൻ ഡോ: ബാബുരാജ്, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.വി.ഹരീന്ദ്രൻ , അഭിനവ് ,ദേവിക, നൈഹ സംസാരിച്ചു.
പുതുച്ചേരി ലഫ്. ഗവർണ്ണർ കെ. കൈലാസനാഥൻ ഇന്ന് മാഹിയിൽ
മാഹി: പുതുച്ചേരി ലഫ്. ഗവർണ്ണർ കെ. കൈലാസനാഥൻ ഇന്ന് മാഹിയിലെത്തി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും.
സ്പീക്കർ ആർ. ശെൽവവും ലഫ്. ഗവർണ്ണർക്കൊപ്പം വിവിധ പരിപാടികളിൽ പങ്കെടുക്കും.
രാവിലെ ഒമ്പതിന് ചാലക്കര പി എം ശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂളിൽ സംസ്ഥാന തല ശിശുദിനാഘോഷം ലഫ്. ഗവർണ്ണർ ഉദ്ഘാടനം ചെയ്യും.
രാവിലെ 10ന് ചാലക്കരയിലെ രാജീവ് ഗാന്ധി ആയുർവ്വേദ മെഡിക്കൽ കോളേജ് ആൻ്റ് ഹോസ്പിറ്റലിൻ്റെ ഒ.പി. ഡിപ്പാർട്ട്മെൻ്റിൻ്റെ കെട്ടിട നിർമ്മാണത്തിൻ്റെ ശിലാസ്ഥാപനവും
10.15ന് പഞ്ചകർമ്മ ആൻ്റ് ഫിസിയോതെറാപ്പി യൂണിറ്റിന്റെ നിർമ്മാണത്തിന് തറക്കല്ലിടലും ലഫ്. ഗവർണ്ണർ നിർവ്വഹിക്കും.
രാവിലെ 11:45 മാഹിയിൽ മദർ തെരേസ പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിന്റെ കീഴിലുള്ള നഴ്സിംഗ് കോളേജിന്റെ ഉദ്ഘാടനവും 12ന് മാഹി ഗവ. ജനറൽ ആശുപത്രിയിൽ പുതുതായി നിർമ്മിച്ച അടുക്കള ബ്ലോക്കിന്റെ ഉദ്ഘാടനവും നടക്കും.
12:15 ന് മാഹിയിൽ എസ്.പി ഓഫീസ് കം റസിഡൻസ് ആൻഡ് വിഐപി സ്യൂട്ട് നിർമ്മാണത്തിന് തറക്കല്ലിടലും ലഫ്.ഗവർണ്ണർ നിർവ്വഹിക്കും.
ഉച്ചയ്ക്ക് 12:30 ന് മാഹിയിലെ വനിതാ ശിശു വികസന വകുപ്പിന്റെ പുതിയ ഗുണഭോക്താക്കൾക്കുള്ള വാർധക്യ, അഗതി പെൻഷൻ വിതരണം മാഹി ഇ. വൽസരാജ് സിൽവർ ജൂബിലി ഹാളിൽ നടക്കും.
മാഹി മേഖലയിൽ സർവേ വകുപ്പ്, ആധുനിക ഡിജിറ്റൽ ഭൂമി സർവേ പരിപാടിക്ക് തുടക്കം കുറിക്കും.
ഉച്ചയ്ക്ക് 2:30 മുതൽ 3:30 വരെ റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിലെ സെൻട്രൽ ഹാളിൽ വകുപ്പ് തല അവലോകന യോഗവും നടക്കും
.3:30 ന് മാഹി പൊലീസ് ടീമും മാഹിയിലെ യുവാക്കളുടെ ടീമും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരത്തിൻ്റെ ഉദ്ഘാടനവും ലഫ്.ഗവർണ്ണർ നിർവ്വഹിക്കും.
സ്വർണ്ണത്തിളക്കത്തിൽ മാഹി കോഓപ്പറേറ്റീവ് കോളേജ്
മാഹി: കോഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ ആൻഡ് ടെക്നോളജി സ്വർണ്ണ തിളക്കത്തിൻ്റെ അഭിമാന നേട്ടം കരസ്ഥമാക്കി. പോണ്ടിച്ചേരി സർവകലാശാലയുടെ 2021 മുതൽ 2024 വരെയുള്ള ഗോൾഡ് മെഡൽ ജേതാക്കളുടെ പട്ടികയിൽ കോളേജിൽ ' നിന്നും രണ്ടു പേർ. 2020–2023 അധ്യയന വർഷത്തിൽ BBA ടൂറിസം വിദ്യാർത്ഥി ഫാത്തിമ.പി.കെ, 2022–2024 അധ്യയന വർഷത്തിൽ MBA ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും നേടിയ അസിസ്റ്റന്റ് പ്രൊഫസർ മുഹമ്മദ് റിഷാൽ എന്നിവരെ കോളേജ് ആദരിക്കും. ഇരുവരും ഡിസംബറിൽ പോണ്ടിച്ചേരിയിൽ വെച്ച് നടക്കുന്ന സർവകലാശാല ബിരുദദാന ചടങ്ങിൽ ഗോൾഡ് മെഡലും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങും. പോണ്ടിച്ചേരി യുനിവേഴ്സിറ്റി ഗോൾഡ് മെഡൽ വിന്നറായ ബി.ബി.എ ടൂറിസം വിദ്യാർത്ഥി ഫാത്തിമ പി.കെ, എം.ബി.എ വിദ്യാർത്ഥി റിഷാൽ എന്നിവരെ വിശിഷ്ഠാഥിതികളായ പൊലീസ് സൂപ്രണ്ട് ഡോ: വിനയകുമാർ ഗാഡ് ഗെ ഐ.പി.എസ്, കമ്മ്യൂണിറ്റി കോളേജ് ഹെഡ് ഡോ: രജീഷ് വിശ്വനാഥൻ എന്നിവർ ആദരിക്കും. കോളേജ് പ്രസിഡൻ്റ് സജിത്ത് നാരായണൻ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ കലൈമാമണി ചാലക്കര പുരുഷു സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ കോളേജ് വൈസ് പ്രസിഡന്റ് ശ്രീജേഷ്.എം.കെ, പ്രിൻസിപ്പൽ ഡോ.ലക്ഷ്മിദേവി.സി.ജി,
വൈസ് പ്രിൻസിപ്പൽ - ഡോ.ദീപ്തി.കെ.വി, എച്ച്.ഒ.ഡി രമിത.കെ.വി, സ്റ്റാഫ് സെക്രട്ടറി രജീഷ്.ടി സംബന്ധിച്ചു
ഡോ. എ.എൻ.പി. ഉമ്മർകുട്ടി സ്മാരക പുരസ്കാരം ഡോ. ടി.പി. നഫീസത്ത് ബേബിക്ക്
തലശ്ശേരി:ഭാഷാ പണ്ഡിതനും, പ്രമുഖ സമുദ്രശാസ്ത്ര ഗവേഷകനും, കാലിക്കറ്റ് സർവകലാശാലാ മുൻ വൈസ് ചാൻസലറുമായിരുന്ന ഡോ. എ.എൻ.പി. ഉമ്മർകുട്ടിയുടെ സ്മരണാർത്ഥം നൽകുന്ന വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനകൾക്കുള്ള പുരസ്‌കാരത്തിന് ഡോ. ടി.പി. നഫീസത്ത് ബേബി അർഹയായി. തളിപ്പറമ്പ് സർ സയ്യിദ് കോളേജ് ഫിസിക്സ് വകുപ്പ് മേധാവിയാണ് ഡോ. നഫീസത്ത് ബേബി.
പ്ലാസ്മ ഫിസിക്സിൽ സവിശേഷ ഗവേഷണം നടത്തി പി.എച്ച്.ഡി. ബിരുദം നേടിയ ഡോ. നഫീസത്ത് ബേബി, കണ്ണൂർ സർവകലാശാലാ സ്റ്റുഡൻ്റ് സർവീസ് ഡയറക്‌ടറായും നാഷണൽ സർവീസ് സ്കീമിൻ്റെ (എൻ.എസ്.എസ്.) കോ-ഓർഡിനേറ്ററായും മികച്ച സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ധ്യാപനത്തിലും ഗവേഷണ പഠനങ്ങളിലും കാഴ്ചവെച്ച മികവും, സക്രിയ പ്രവർത്തനങ്ങളിലൂടെ യുവതലമുറയെ കർമ്മകുശലരാക്കാനുള്ള അവരുടെ നിരന്തര സേവനങ്ങളും കണക്കിലെടുത്തു കൊണ്ടാണ് അഡ്വ. പി.വി. സൈനുദ്ദീൻ, പ്രൊഫ. എ.പി. സുബൈർ, ചൂര്യായി ചന്ദ്രൻ എന്നിവരടങ്ങിയ ജൂറി അവരെ പുരസ്കാര ജേതാവായി തിരഞ്ഞെടുത്തത്.
15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഡിസംബർ അവസാന വാരത്തിൽ സംഘടിപ്പിക്കുന്ന ഡോ. എ.എൻ.പി. ഉമ്മർകുട്ടി അനുസ്മരണ യോഗത്തിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കും.
എം.ഇ.എസ് മമ്പാട്, എം.ഇ. എ കൊണ്ടോട്ടി, സർസയ്യിദ് തളിപ്പറമ്പ് എന്നീ കോളജുകളിൽ പ്രിൻസിപ്പാളായിരുന്ന പരേതനായ പ്രൊഫ. ടി.പി. മുഹമ്മദ് കുഞ്ഞിയുടെയും മലപ്പുറം നെടിയിരുപ്പ് സ്വദേശിനി കെ.വി. ജമീലയുടെയും പുത്രിയാണ്.
മണ്ഡല മഹോത്സവം 17 മുതൽ
ന്യൂ മാഹി :പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം നവംബർ 17 മുതൽ ഡിസംബർ 25 വരെ സമുചിതമായി ഭക്തി പുരസ്സരം കൊണ്ടാടുകയാണെന്ന് ക്ഷേത്രം ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
17 ന് വൈകുന്നേരം 6.30:
മണ്ഡല മഹോത്സവം
ഉദ്ഘാടനം എറണാകുളം നിത്യ നികേതന ആശ്രമം സ്വാമിനി ശബരിചിന്മയ് നിർവഹിക്കും.
ആദ്ധ്യാത്മിക പ്രഭാഷണങ്ങളും ഭജന സങ്കീർത്തനങ്ങളും ഭക്തിഗാന നിശകളുമൊക്കെയായി ഈ മണ്ഡാലകാലവും പൂർവ്വാധികം ഭംഗിയോടെ ആഘോഷിക്കുന്നു.
ഡിസംബർ 6ന് വൈകിട്ട് ശ്രീ ധർമ്മശാസ്താ അഷ്ടോത്തര ശതനാമാർച്ചന വിളക്ക് പൂജ,ഡിസംബർ 9 ന്
വൃശ്ചിക മാസത്തിലെ ആയില്യം ആഘോഷം,ഡിസംബർ 10 ന് കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടവും ഡിസംബർ 25 ന് മണ്ഡല വിളക്കോട് കൂടി ക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡലം മഹോത്സവം സമാപിക്കും.
ഈ കഴിഞ്ഞ ആഗസ്‌ത് മാസം ക്ഷേത്രത്തിൽ വെച്ച് നടന്ന അഷ്ടമംഗല ദേവപ്രശ്‌നത്തിൽ കണ്ട പ്രശ്‌ന പരിഹാര കർമ്മങ്ങൾ ഈ മണ്ഡല മഹോത്സവത്തോടു കൂടി ആരംഭിക്കുകയാണെന്നും അതിന്റ ഭാഗമായി നവംബർ 23ന് മഹാഗണപതി ഹോമം,മഹാമൃത്യുഞ്ജയഹോമം ഭഗവതിസേവ എന്നിവ നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് ടി പി ബാലൻ, സെക്രട്ടറി പി കെ സതീഷ് കുമാർ,ഖജാൻജി പി വി അനിൽ കുമാർ, ഒ വി വിനയൻ സംബന്ധിച്ചു
ഡോ. എ.എൻ.പി. ഉമ്മർക്കുട്ടി സ്മാരക സ്കോളർഷിപ്പ് സി.കെ. ലിയാനക്ക്.
തലശ്ശേരി:മറൈൻ ബയോളജി പഠനത്തിലുള്ള മികവിന് ഡോ. എ.എൻ. പി. ഉമ്മർക്കുട്ടി സ്മാരക സ്കോളർഷിപ്പിന്ന് കുസാറ്റ് യൂനിവേസിറ്റി മൂന്നാം സെമസ്റ്റർ എം.എസ്‌സി. മറൈൻ ബയോളജി വിദ്യാർത്ഥിനിയായ മിസ്. ലിയാന സി.കെ. അർഹയായി
യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഇതുവരെ അവർ പ്രകടിപ്പിച്ച മികച്ച അക്കാദമിക പ്രകടനവും വിഷയത്തോടുള്ള അവരുടെ ആത്മാർത്ഥമായ സമർപ്പണവുമാണ് ഈ തിരഞ്ഞെടുപ്പിന് അടിസ്ഥാനമായത്.
കുസാറ്റ് മറൈൻ ബയോളജി ആൻ്റ് ബയോ കെമിസ്ട്രി ഡിപാർട്മെൻ്റ് തലവൻ ഡോ. മുഹമ്മദ് ഹതാ അബ്ദുല്ലയും, ഡോ. ടീ.പി. സജീവനുമാണ് സ്കോളർഷിപ്പ് അർഹയെ തിരഞ്ഞെടുത്തത്.
സ്കോളർഷിപ്പ് തുകയായ 10000 രൂപയും സാക്ഷി പത്രവും ഡിസംബർ അവസാന വാരത്തിൽ നടക്കുന്ന ഡോ. എ.എൻ. പി. ഉമ്മർക്കുട്ടി അനുസ്മരണ ചടങ്ങിൽ നൽകുന്നതാണ്.
മലപ്പുറം മേൽമുറി സി.കെ. അയമുവിൻ്റെയും കെ. ഹഫ്സത്തിൻ്റെയും പുത്രിയാണ്. ഫാറൂഖ് കോളജ് പൂർവ വിദ്യാർത്ഥിനിയാണ്
എൻ ഡി എ സർക്കാരിൻ്റെ വികസനങ്ങൾ സ്വന്തം നേട്ടമായി പ്രചരിപ്പിക്കുന്ന മാഹി എം എൽ എ യുടെ കാപട്യം തിരിച്ചറിയണം ബിജെപി
മാഹി : പുതുച്ചേരി സംസ്ഥാനത്തെയും കേന്ദ്രത്തിലെയും എൻഡിഎ സർക്കാരുകൾ കഴിഞ്ഞ നാലര വർഷങ്ങളായി മാഹിയുടെ സമഗ്രവികസനത്തിനായി അനവധി പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും,. എന്നാൽ, ഈ പദ്ധതികളുടെ നേട്ടങ്ങൾ സ്വന്തം പേരിലാക്കി എട്ട് കാലി മമ്മൂഞ്ഞി ചമയുകയാണ് മാഹി എം എൽ എ രമേശ് പറമ്പത്ത് ചെയ്യുന്നതെന്ന് ബി ജെ പി മാഹി മണ്ഡലം പ്രസിഡണ്ട് പി. പ്രഭീഷ് കുമാർ വാർത്താ സമ്മേളത്തിൽ ആരോപിച്ചു.
മാഹിയിൽ നവംബർ 14 ന് ഉദ്ഘാടനം ചെയ്യുന്ന മദർ തെരേസ നഴ്സിംഗ് കോളെജ്, ചാലക്കര ആയുർവേദ ആശുപത്രി നവീകരണം, മാഹി ജനറൽ ആശുപത്രിയിലെ ആധുനിക കിച്ചൻ ബ്ലോക്കും C-Arm മിഷനും, പുഴയോര നടപ്പാതയുടെ രണ്ടാം ഘട്ടം, ട്രോമാ കെയർ യൂണിറ്റ്, പള്ളൂർ ആശുപത്രി കെട്ടിടം, മാഹി പൊലീസ് സൂപ്രണ്ട് ഓഫീസ് എന്നിവയൊക്കെ പുതുച്ചേരി ഭരിക്കുന്ന ബി ജെ പി - എൻ ആർ കോൺഗ്രസ്സ് സംഖ്യ സർക്കാരിന്റെ പദ്ധതികളും, നേട്ടങ്ങളുമാണ്. ഇത്തരം പദ്ധതികളാണ് സ്വന്തം നേട്ടമായി എം എൽ എ പ്രചരിപ്പിക്കുന്നത് ജനങ്ങൾ തിരിച്ചറിയണമെന്ന് പ്രഭീഷ്കുമാർ ആവശ്യപ്പെട്ടു.
സംസ്ഥാന സമിതി അംഗം അംഗവളപ്പിൽ ദിനേശൻ, അഡ്വ : എൻ.കെ. ഇന്ദ്രപ്രസാദ്, കെ. എം. ത്രിജേഷ്.ടി.എ.ലതീബ് എന്നിവരും വാർത്ത സമ്മേളത്തിൽ പങ്കെടുത്തു.
പള്ളൂർ ടൗണിലെ ഹോട്ടൽ പ്രകാശിലുണ്ടായ തീപ്പിടുത്തം മാഹി ഫയർഫോഴ്സ് തീയണയ്ക്കുന്നു
സി.എച്ച്.സെന്റർ: മാഹി കമ്മ്യൂണിറ്റി ഡയാലിസീസ് സെന്ററിന് വീൽ ചെയർ കൈമാറി
മാഹി..ആതുര സേവന രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി രോഗികൾക്കും അശരണർക്കും കൈതാങ്ങായി പ്രവർത്തിക്കുന്ന മാഹി സി.എച്ച്.സെന്റർ മാഹി കമ്മ്യൂണിറ്റി ഡയാലിസീസ് സെന്ററിനു വേണ്ടി വീൽ ചെയർ കൈമാറി. സി.എച്ച്.സെന്റർ ചെയർമാൻ എ.വി.യൂസുഫ് തണൽ സെൻട്രൽ കമ്മിറ്റി വനിത വിംഗ് പ്രസിഡന്റ് കെ.വി.റംല ടീച്ചർക്ക് വീൽ ചെയർ കൈമാറി. ചടങ്ങിൽ ടി.ജി.ഇസ്മായിൽ, ചൊക്ലി തണൽ വനിതാ വിംഗ് പ്രസിഡന്റ് ഷെറിൻ, മാഹി തണൽ സെക്രട്ടറി ഹസീന, ട്രഷറർ നളിനി ചാത്തു, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു.
ചിത്രവിവരണം: എ.വി. യൂസഫ് വീൽ ചെയർ കൈമാറുന്നു.
നവംബർ 29 ന് മാഹിയിൽ
സ്കൂളുകളുകൾക്ക് പ്രവർത്തി ദിനമല്ല
മാഹി:പുതുച്ചേരി സർക്കാർസ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടർ ഓഫീസ് സിബിഎസ്ഇ സെല്ലിൻ്റെ അറിയിപ്പ്
മാഹി..നവംബർ 29, 30 തീയതികളിൽ മാഹിയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന മയ്യഴി മേളം സ്കൂൾ കലോൽസവവുമായി ബന്ധപ്പെട്ട്, നവംബർ 29 ന് ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന പ്രവൃത്തി ദിനം മാഹി മേഖലയ്ക്ക് മാത്രമായി അവധിയായി പ്രഖ്യാപിച്ചിരിക്കുന്നതായിഅധികൃതർ അറിയിച്ചു.. പ്രസ്തുത പ്രവൃത്തി ദിവസത്തിന് മറ്റേതെങ്കിലും ശനിയാഴ്ച പ്രവർത്തി ദിനമായി അറിയിക്കണമെന്ന് മാഹി സി.ഇ.ഓഫിസിനോട് സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പ്രകാരം ജോയിൻ്റ് ഡയറക്ടർ.ഡോ.വി.ജി. ശിവഗാമി അറിയിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















