
അൾത്താരയ്ക്ക് നിറക്കാഴ്ചയൊരുക്കി സനിൽകുമാർ
:ചാലക്കര പുരുഷു
മാഹി: കഴിഞ്ഞ ഒൻപത് വർഷങ്ങളായി മയ്യഴി പള്ളിയിലെ അതി വിശാലവും, പുരാതനവുമായ ഫ്രഞ്ച് ശിൽപ്പ ചാതുരി തുടിക്കുന്നതുമായ അൽത്താരയുടെ അലങ്കാരമത്രയും സൗജന്യമായി നടത്തിവരുന്നത് ചെറുകല്ലായിലെ തീർത്ഥം ഹൗസിൽ കെ.സനിൽകുമാർ. ഒരു പെരുന്നാൾ സീസണിൽ കമനീയമായി അലങ്കരിക്കാൻ മൂന്നര ലക്ഷം രൂപ ചിലവ് വരും.
.സനിൽ കുമാറിന്റെ ഹൃദയത്തിൽ കുഞ്ഞുനാളിലേ കുടിയേറിയതാണ് വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതി. പള്ളിയോട് ചേർന്നുള്ള കൊച്ചു വീട്ടിലായിരുന്നു അച്ഛാച്ചൻ കളത്തിൽ കണാരനൊപ്പം സനിൽ കുമാറിന്റെ ശൈശവവും, ബാല്യവുമൊക്കെ. പള്ളി മണികളുടെ മുഴക്കവും, കീർത്തനാലാപനവും, സ്തുതി ഗീതങ്ങളുമെല്ലാം കേട്ടാണ് സുനിൽ ഉണരുകയും, ഉറങ്ങുകയും ചെയ്തിരുന്നത്. പരീക്ഷണങ്ങൾ നിറഞ്ഞ തന്റെ ജീവിത വീഥികളിൽ എന്നും തനിക്ക് തുണയായുണ്ടായത് മയ്യഴിയമ്മയാണെന്ന് സനിൽ കുമാർ ഉറച്ച് വിശ്വസിക്കുന്നു.
നേർച്ചയായാണ് ഒൻപത് വർഷം മുമ്പ് ഇത് ആരംഭിച്ചതെങ്കിലും, തന്റെ ബിസിനസ്സിൽ പടിപടിയായുണ്ടായ വളർച്ചയാണ് സനിൽ കുമാറിനെ മയഴിയമ്മയുടെ കടുത്ത ആരാധകനാക്കി മാറ്റിയത്. പെരുന്നാൾ ആരംഭ നാളായ ഒക്ടോബർ 5 ന് അൾത്താര അതിമനോഹരമായി അലങ്കരിക്കും. അലങ്കാര ദീപങ്ങളും ,മാഹി: കഴിഞ്ഞ ഒൻപത് വർഷങ്ങളായി മയ്യഴി പള്ളിയിലെ അതി വിശാലവും, പുരാതന ഫ്രഞ്ച് ശിൽപ്പ ചാതുരി തുടിക്കുന്നതുമായ അൽത്താരയുടെ അലങ്കാരമത്രയും സൗജന്യമായി നടത്തിവരുന്നത് ചെറുകല്ലായിലെ തീർത്ഥം ഹൗസിൽ കെ.സുനിൽകുമാർ. ഒരു പെരുന്നാൾ സീസണിൽ കമനീയമായി അലങ്കരിക്കാൻ മൂന്നര ലക്ഷം രൂപ ചിലവ് വരും.
.സനിൽ കുമാറിന്റെ ഹൃദയത്തിൽ കുഞ്ഞുനാളിലേ കുടിയേറിയതാണ് വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതി. പള്ളിയോട് ചേർന്നുള്ള കൊച്ചു വീട്ടിലായിരുന്നു അച്ഛാച്ചൻ കളത്തിൽ കണാരനൊപ്പം സനിൽ കുമാറിന്റെ ശൈശവവും, ബാല്യവുമൊക്കെ. പള്ളി മണികളുടെ മുഴക്കവും, കീർത്തനാലാപനവും, സ്തുതി ഗീതങ്ങളുമെല്ലാം കേട്ടാണ് സുനിൽ ഉണരുകയും, ഉറങ്ങുകയും ചെയ്തിരുന്നത്. പരീക്ഷണങ്ങൾ നിറഞ്ഞ തന്റെ ജീവിത വീഥികളിൽ എന്നും തനിക്ക് തുണയായുണ്ടായത് മയ്യഴിയമ്മയാണെന്ന് സനിൽ കുമാർ ഉറച്ച് വിശ്വസിക്കുന്നു.
നേർച്ചയായാണ് ഒൻപത് വർഷം മുമ്പ് ഇത് ആരംഭിച്ചതെങ്കിലും, തന്റെ ബിസിനസ്സിൽ പടിപടിയായുണ്ടായ വളർച്ചയാണ് സനിൽ കുമാറിനെ അമ്മയുടെ കടുത്ത ആരാധകനാക്കി മാറ്റിയത്. പെരുന്നാൾ ആരംഭ നാളായ ഒക്ടോബർ 5 ന് അൾത്താര അതിമനോഹരമായി അലങ്കരിക്കും. അലങ്കാര ദീപങ്ങളും , വർണ്ണപുഷ്പങ്ങളും, മെഴുകുതിരി നാളങ്ങളുമെല്ലാം അൾത്താരക്ക് അഭൗമമായ സൗന്ദര്യം പകരും.
ദിവസങ്ങൾ നീണ്ട അലങ്കാരങ്ങളിൽ മകൻ നിവേദും അച്ഛന് തുണയായുണ്ടാകും. ഭാര്യ : രഞ്ജിത.മകൾ: തീർത്ഥ
ചിത്രവിവരണം: സനിൽ കുമാറും ഭാര്യ രഞ്ജിതയും മാഹി പള്ളിയുടെ അൾത്താരയിൽ വർണ്ണപുഷ്പങ്ങളും

കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ അടിവശത്ത്
ഫുഡ് സ്ട്രീറ്റ് സ്ഥാപിക്കും
തലശ്ശേരി:കൊടുവള്ളി റെയില്‍വേ മേല്‍പ്പാലത്തിന്റെ അടിവശത്ത് ഫുഡ് സ്ട്രീറ്റ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.
ഇതു സംബന്ധിച്ച് നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന് യോഗത്തിലാണ് തീരുമാനമെടുത്തത്.
കൊടുവള്ളി റെയില്‍വേ ഗേറ്റിനോട് ചേര്‍ന്ന് അടഞ്ഞ ഭാഗത്ത് മേല്‍പ്പാലത്തിന്റെ കീഴില്‍ ഫുഡ് സ്ട്രീറ്റ് നിര്‍മ്മിക്കുന്നതിന് തലശ്ശേരി ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് കേരള പ്രൊഫഷണല്‍ നെറ്റ് വര്‍ക്ക് തലശ്ശേരി ചാപ്റ്റര്‍ സമര്‍പ്പിച്ച പ്രൊപ്പോസല്‍ അംഗീകരിച്ചതായി പൊതുമരാമത്തും വിനോദസഞ്ചാരവും വകുപ്പുമന്ത്രി പി. എ. മുഹമ്മദ് റിയാസ് അറിയിച്ചു.
പ്രോജക്ടിന്റെ കണ്‍സെപ്ടും ഡിസൈനും സ്പീക്കറുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ എസ്. കെ. അവതരിപ്പിച്ചു.
യുവജനങ്ങള്‍ക്ക് ക്രിക്കറ്റ്, ഫുട്ബാള്‍ മത്സരങ്ങള്‍ വീക്ഷിക്കുന്നതിനും സംഗീതപരിപാടി അവതരിപ്പിക്കുന്നതിനുമുള്ള പൊതുവിടമായി ഈ ഭാഗം മാറുമെന്നും തലശ്ശേരിയുടെ നൈറ്റ്‌ലൈഫിന്റെ സാധ്യത പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും അഭിപ്രായമുയര്‍ന്നു.
മേല്‍പ്പാലങ്ങളുടെ അടിവശം സൗന്ദര്യവല്‍ക്കുന്നതുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണ് ഈ പ്രോജക്ടെന്നും പബ്ലിക് അഡ്രസിംഗ് സിസ്റ്റം ഇവിടെയുണ്ടാകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
ഉപയോഗശൂന്യമായ ഇത്തരം ഇടങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയുക്തമാകുന്ന നിലയില്‍ പ്രയോജനപ്പെടുത്തുന്ന ടൂറിസം വകുപ്പിന്റെ നടപടി അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണെന്ന് സ്പീക്കര്‍ പറഞ്ഞു.
പൊതുമരാമത്ത് വകുപ്പുമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി അജിത്ത് ലാല്‍, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി. മനോഹരന്‍ നായര്‍ എന്നിവരും പങ്കെടുത്തു.
ചിത്രവിവരണം: ഉന്നതതല ചർച്ചയിൽ സ്പീക്കർ എ.എൻ. ഷംസീറും, മന്ത്രി മുഹമ്മദ് റിയാസും

അനുഗ്രഹവർഷത്തിന്നായി ദിവ്യബലി
മാഹി: മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുന്നാൾ രണ്ടാം ദിനത്തിൽ തെളിഞ്ഞ ആകാശത്തിന് കീഴിൽ തെളിമയാർന്ന മനസ്സുമായി ആയിരങ്ങൾ മയ്യഴിമാതാവിന് മുന്നിൽ കാലത്ത് മുതൽ തൊഴുകൈകളുമായി പ്രാർത്ഥനാനിരതരായി.
വൈകിട്ട് ആറുമണിക്ക്. ഫാ. സനൽ ലോറൻസിന്റേയും ഫാ. റിജോയ് പാത്തിവയലിൻ്റെയും നേതൃത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിക്കുകയുണ്ടായി. തുടർന്ന് നൊവേനയും പ്രദിക്ഷണവും ആരാധനയുമുണ്ടായി.
ഇന്ന് വൈകിട്ട് ആറുമണിക്ക് റവ. ഫാ. ജോസഫ് കൊട്ടിയത്തിൻ്റെ കാർമികത്വത്തിൽ ദിവ്യബലി ഉണ്ടായിരിക്കും തുടർന്ന് ആരാധനയും നൊവേനയും പ്രദിക്ഷണവും ഉണ്ടായിരിക്കും. ഇന്നത്തെ ദിവ്യബലിക്ക് നേതൃത്വം നൽകുന്നത് സെന്റ് ആൻ്റ്ണീസ് കുടുംബയൂണിറ്റ് അംഗങ്ങളാണ്.
ചിത്രവിവരണം:ഫാ. സനൽ ലോറൻസിന്റേയും ഫാ. റിജോയ് പാത്തിവയലിൻ്റെയും നേതൃത്വത്തിൽ നടന്ന ആഘോഷമായ ദിവ്യബലി
ന്യൂറോനെറ്റ് എഡ്യൂ സൊല്യൂഷന്റെ ആഭിമുഖ്യത്തിൽ ദേശീയതല അബാക്കസ്സ് ചാമ്പ്യൻഷിപ്പ് മത്സര വിജയികളെ ആദരിച്ചു.
ദേശീയതല അബാക്കസ്സ് ചാമ്പ്യൻഷിപ്പ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ ഞായറാഴ്ച്ച കതിരൂർ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിലാണ് ആദരിച്ചത്. ചെന്നൈയിൽ വെച്ച് നടന്ന ദേശീയതല പരീക്ഷയിൽ 582 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച സ്ഥാപനമെന്ന അംഗീകാരവും ന്യൂറോനെറ്റ് എഡ്യൂ സൊല്യൂഷന് ലഭിച്ചിരുന്നു.
കതിരൂർ ബാങ്ക് പ്രസിഡണ്ട് ശ്രീ ശ്രീജിത്ത് ചോഴന്റെ അധ്യക്ഷതയിൽ നടന്ന ചടങ്, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷൈലജ എ ഉദ്ഘാടനം നിവഹിച്ചു, ചടങ്ങിൽ വെറ്റിനറി സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ ശ്രീ സന്തോഷ് സി ആർ, സംസ്ഥാനതലത്തിലെ മികച്ച അധ്യാപകനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഭാരത് ചന്ദ്രൻ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശ്രീമതി സരിത ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.
കണ്ണൂർ ജില്ലയിൽ നിന്നു മാത്രമായി 150 ൽ പരം വിദ്യാർത്ഥികളായിരുന്നു പരീക്ഷയിൽ പങ്കെടുത്തത്. ചടങ്ങിൽ കണ്ണൂർ ജില്ലയിലെ ന്യൂറോനെറ്റ് ടീച്ചർ മാർക്കുള്ള ആദരവും, ജില്ലയിലെ വിവിധ സ്കൂളുകളിലെ കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
ന്യൂറോനെറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീമതി സരിത പി ബിജു വിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ചീഫ് ടെക്നോളജി ഓഫീസർ ശ്രീ പ്രജിത്ത് പി വി സ്വാഗതവും, ഇവന്റ് കോർഡിനേറ്റർ ശ്രീ ബിജു പച്ചിരിയൻ നന്ദിയും രേഖപ്പെടുത്തി.

പു.ക.സ. പൊന്ന്യം യൂണിറ്റ് സമ്മേളനം
പൊന്ന്യം:പുരോഗന കലാ സാഹിത്യ സംഘം പൊന്ന്യം പാലം യൂണിറ്റ് സമ്മേളനം പൊന്ന്യം സൗത്ത് സെൻട്രൽ എൽ പി സ്കൂളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. എ പി ശ്രീജയുടെ അധ്യക്ഷതയിൽ ടി.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു. കലസാഹിത്യ മേഖലകളിൽ നിസ്തുലമായ പങ്കു നിർവഹിച്ച സിവി രാഘവൻ. പ്രകാശൻ ചന്ദ്രോത്ത്.എം.നിഷ എന്നിവരെ ടി.കെ.ബിന്ദു ആദരിച്ചു.പൊന്ന്യം ചന്ദ്രൻ പ്രസംഗിച്ചു.. ജലജ കെ കുമാർ പ്രവർത്തന റിപ്പോര്ട്ട് അവതരിപ്പിച്ചു.മോണോ ആക്ട്. കൈകൊട്ടി കളി. ഗാനാവതരണം. നാടൻ പാട്ട് തുടങ്ങി വിവിധ കലാപരിപാടികൾ ഉണ്ടായി. പുകസ യൂണിറ്റ് ഭാരവാഹികളായി എ.പി. ശ്രീജ . (പ്രസിഡന്റ് )ഷൈനി പൊന്ന്യം. നിഷ എം ( വൈസ് പ്രസിഡന്റുമാർ ) ജലജ കെ കുമാർ ( സെക്രട്ടറി )സ്മിത പൊന്ന്യം. ഷൈജു പുല്ലൊടി ( ജോയിന്റ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു..എം ഷീബ സ്വാഗതവും സ്മിത പൊന്ന്യം നന്ദിയും പറഞ്ഞു.
ചിത്ര വിവരണം:പുകസ പൊന്ന്യം പാലം യൂണിറ്റ് സമ്മേളനം ബിന്ദു ടി കെ ഉദ്ഘാടനം ചെയുന്നു

ജേഴ്‌സി ,ലോഗോ പ്രകാശനം നടത്തി
മാഹി:. ചോമ്പാൽ കമ്പയിൻ സ്പോർട്ട്സ് ക്ലബ്ബ് കേരളോൽസവ മത്സരത്തിന്റെ ജേഴ്‌സി,ലോഗോ എന്നിവയുടെ പ്രകാശനം പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ നിർവ്വഹിച്ചു.
ക്ലബ്പ്രസിഡണ്ട് പ്രദീപ്ചോമ്പാല അധ്യഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോട്ടത്തിൽ ശശിധരൻ , ഗ്രാമ .പഞ്ചായത്ത് അംഗങ്ങളായ സി എച്ച് സജീവൻ,,കെ കെ ജയചന്ദ്രൻ,.ക്ലബ്ബ് ഭാരവാഹികളായ ബി കെ റൂഫൈയിദ് , ഷംഷീർ അത്താണിക്കൽ , എൻ കെ ശ്രീജയൻ, വി.സി മഹേഷ്, എം കെ അസീബ്, കെ വി അഫ്സൽ,എന്നിവർ സംസാരിച്ചു.
പടം ചോമ്പാൽ കമ്പയിൻ സ്പോർട്ട്സ് ക്ലബ്ബ് കേരളോൽസവ ജേഴ്‌സി , ലോഗോ പ്രകാശനം പഞ്ചായത്ത് പ്രസി ഡണ്ട് ആയിഷ ഉമ്മർ നിർവ്വഹിക്കുന്നു

ഗാന്ധി ക്വിസ് മത്സരം നടത്തി
മാഹി:ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പള്ളൂർ ആറ്റാകൂലോത്ത് അർച്ചന കലാസമിതിയുടെ ആഭിമുഖ്യത്തിൽ പള്ളൂർ വെസ്റ്റ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു പരിപാടി സ്കൂൾ പ്രധാനാധ്യാപിക പി. മേഘ്ന ടീച്ചർ ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളായ ആരാധ്യ ടി പി,അൻവിയ രതീഷ് എന്നിവർ പ്രാർത്ഥന ആലപിച്ചു.
അർച്ചന കലാസമിതി സെക്രട്ടറി എൻ. മോഹനൻ അധ്യക്ഷത വഹിച്ചു.
ആർ.രാഖി ടീച്ചർ ആശംസകൾ നേർന്നു
15 ഓളം വിദ്യാർത്ഥികൾ ക്വിസ് പ്രോഗ്രാമിൽ പങ്കെടുത്തു.
അലോക് രജീഷ്,എസ് കാശ്മീര, നിള ബി ജ്വൽ ,എന്നിവർ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
രാഖി, ബബിത, മോഹനൻ, മേഘ്ന എന്നിവർ നേതൃത്വം നൽകി.
ബബിതടീച്ചർ. ബി സ്വാഗതവും അഭിഷ നന്ദിയും പറഞ്ഞു.
ചിത്രവിവരണം:പ്രധാനാദ്ധ്യാപികമേഘ്ന ഉദ്ഘാടനം ചെയ്യുന്നു

ബി സി സി ഐ സീനിയർ വനിത ട്വൻറി 20 : അക്ഷയ കേരള ടീമിൽ ,രാഹുൽ ദാസ് ട്രെയിനർ
തലശ്ശേരി:ഒക്ടോബർ 8 മുതൽ 19 വരെ പഞ്ചാബിൽ നടക്കുന്ന ബി സി സി ഐ സീനിയർ വനിത ട്വൻറി 20 മൽസരങ്ങൾക്കുള്ള കേരള ടീമിലേക്ക് തലശ്ശേരി പെരുന്താറ്റിൽ സ്വദേശിയായ എ.അക്ഷയ തെരഞ്ഞെടുക്കപ്പെട്ടു.ധർമ്മടം സ്വദേശിയായ എ കെ രാഹുൽ ദാസാണ് ടീമിൻറെ സ്ട്രെങ്ങ്ത്ത് ആൻഡ് കണ്ടീഷനിങ്ങ് കോച്ച്.ഇന്ത്യൻ താരം എസ് സജ്ന നയിക്കുന്ന കേരള ടീമിൽ അന്താരാഷ്ട്ര താരങ്ങളായ ആശ ശോഭന,സി എം സി നജ്ല എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്.എലൈറ്റ് ഗ്രൂപ്പ് എ യിൽ ഒക്ടോബർ 8 ന് ഉത്തർ പ്രദേശുമായും, 9 ന് വിദർഭയുമായും, 11 ന് ബറോഡയുമായും, 13 ന് ബീഹാറുമായും, 15 ന് ജമ്മു കാശ്മീരുമായും, 17 ന് ഗുജറാത്തുമായും,19 ന് മുംബൈയുമായും കേരളം ഏറ്റുമുട്ടും.
2018-19 സീസണിൽ റാഞ്ചിയിൽ നടന്ന അണ്ടർ 23 ഇന്ത്യ ചാലഞ്ചേഴ്സ് ട്രോഫിയിൽ ഇന്ത്യ ഗ്രീനിന് വേണ്ടി അക്ഷയ കളിച്ചിട്ടുണ്ട്. 2017-18 സീസണിൽ മുംബൈയിൽ വെച്ച് നടന്ന 23 വയസ്സിന് താഴെയുള്ള പെൺകുട്ടി കളുടെ അന്തർ സംസ്ഥാന T20 ടൂർണമെന്റിൽ ജേതാക്കളായ കേരള ടീമംഗമാണ് അക്ഷയ.2022-23 സീസണിൽ സീനിയർ സൗത്ത് സോൺ T20 ടീമംഗമായിരുന്നു. വലം കൈയ്യൻ ടോപ് ഓർഡർ ബാറ്ററും വലം കൈയ്യൻ ഓഫ് സ്പിന്നറുമാണ് അക്ഷയ.
പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അക്ഷയയെ തലശ്ശേരിയിലെ പ്രമുഖ കായിക അദ്ധ്യാപകനായ കെ.ജെ.ജോൺസൺ മാസ്റ്റർ ക്രിക്കറ്റിലേക്ക് കൊണ്ടു വരുന്നത് .ഒ.വി.മസർ മൊയ്തു, ഡിജുദാസ്,എ.പി.വിനയകുമാർ എന്നിവരുടെ ശിക്ഷണത്തിൽ കരുത്തു കാട്ടിയ അക്ഷയ അണ്ടർ 16,അണ്ടർ 19,അണ്ടർ 23,സീനിയർ കേരള ടീമുകളിലെ സ്ഥിര സാന്നിദ്ധ്യമാണ്.അണ്ടർ 16,അണ്ടർ 19 വിഭാഗങ്ങളിൽ കേരള ടീമിനെ നയിച്ചിട്ടുണ്ട്. തലശ്ശേരി പെരുന്താറ്റിൽ സ്വദേശിയായ സദാനന്ദൻറേയും ഷീജയുടേയും മകളായ അക്ഷയ തൃശൂർ കാർമ്മൽ കോളേജിൽ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനിയാണ്.

ബി സി സി ഐ 'ലെവൽ എ' സർട്ടിഫൈഡ് കോച്ചായ രാഹുൽ ദാസ് പ്രീഹാബ് അക്കാദമിയിൽ നിന്ന് സ്ട്രെൻങ്ങ്ത്ത് ആൻഡ് കൺഡീഷനിങ്ങ് കോഴ്സിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. അണ്ടർ 16 മുൻ സംസ്ഥാന താരമായ രാഹുൽ ദാസ് നാല് വർഷം കണ്ണൂർ സർവകലാശാല ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു.അണ്ടർ 14 ,അണ്ടർ 16,അണ്ടർ 19,അണ്ടർ 23 ജില്ലാ ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു രാഹുൽ. തലശ്ശേരി സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്,സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആന്റ് സ്പോർട്സ് സയൻസ് കണ്ണൂർ യൂണിവേഴ്സിറ്റി മങ്ങാട്ട് പറമ്പ് കാമ്പസ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ധർമ്മടം അട്ടാരക്കുന്ന് രമണികയിൽ ദാസൻറേയും രമണിയുടേയും മകനാണ്.ഭാര്യ മിഥുന.
അക്ഷയ എ

ബി സി സി ഐ വിനു മങ്കാദ് ട്രോഫി : സംഗീത് സാഗർ,ഇമ്രാൻ അഷ്റഫ് കേരള ടീമിൽ
തലശ്ശേരി:ഒക്ടോബർ 9 മുതൽ 17 വരെ പോണ്ടിച്ചേരിയിൽ നടക്കുന്ന 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ബി സി സി ഐ വിനു മങ്കാദ് ട്രോഫി ഏകദിന ടൂർണ്ണമെൻറിനുള്ള കേരള ടീമിലേക്ക് കണ്ണൂർക്കാരായ സംഗീത് സാഗർ,ഇമ്രാൻ അഷ്റഫ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ജില്ല ക്രിക്കറ്റ് അസോസിയേഷൻറെ പരിശീലന കേന്ദ്രമായ തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒ വി മസർ മൊയ്തു,ഡിജു ദാസ്,എ കെ രാഹുൽ ദാസ് എന്നിവരുടെ കീഴിലാണ് ഇരുവരും പരിശീലിക്കുന്നത്. എലൈറ്റ് ഗ്രൂപ്പ് ബി യിൽ 9 ന് മധ്യപ്രദേശുമായും,11 ന് സൗരാഷ്ട്രയുമായും,13 ന് ബീഹാറുമായും,15 ന് ബംഗാളുമായും,17 ന് ഹരിയാനയുമായും കേരളം ഏറ്റുമുട്ടും.മാനവ് കൃഷ്ണയാണ് കേരള ക്യാപ്റ്റൻ.
ഓപ്പണിങ്ങ് ബാറ്ററായ സംഗീത് സാഗർ കഴിഞ്ഞ വർഷം 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ബി സി സി ഐ കുച്ച് ബെഹാർ ട്രോഫിയ്ക്ക് വേണ്ടിയുള്ള കേരള ടീമിലും 2022-23 സീസണിൽ ബിസിസിഐ യുടെ 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിജയ് മർച്ചന്റ് ട്രോഫിയിലും കേരള ടീമംഗമായിരുന്നു .ആ ടൂർണമെന്റിൽ മണിപ്പൂരിനെതിരെ 170 റൺസും വിദർഭയ്ക്കെതിരെ 132 റൺസുമെടുത്ത് തിളക്കമാർന്ന പ്രകടനം കാഴ്ച വച്ചിരുന്നു . തലശ്ശേരി ബികെ 55 ക്രിക്കറ്റ് ക്ലബ്ബ് താരമായ സംഗീത് സാഗർ 2023 ൽ രാജസ്ഥാൻ റോയൽസ് ജൂനിയർ ടീം പരിശീലന ക്യാമ്പിലേക്കും നാഷണൽ ക്രിക്കറ്റ് അക്കാദമി ക്യാമ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.19 വയസ്സിന് താഴെയുള്ള അന്തർ ജില്ല ടൂർണ്ണമെൻറിൽ കോഴിക്കോടിനെതിരെ 103 റൺസെടുത്തു.തലശ്ശേരി കോട്ടയം പൊയിൽ എടത്തിൽ ഹൗസിൽ വി.ഗിരീഷ് കുമാറിൻറേയും കെ കെ ഷിജിനയുടേയും മകനാണ്.പന്ത്രണ്ടാം ക്ലാസ് ഓപൺ സ്കൂൾ വിദ്യാർത്ഥിയാണ്.
ടോപ് ഓർഡർ ബാറ്റ്റും വിക്കറ്റ് കീപ്പറുമായ ഇമ്രാൻ അഷ്റഫ് കഴിഞ്ഞ സീസണിൽ വിജയ് മർച്ചന്റ് ട്രോഫിയിൽ കേരള ടീമംഗമായിരുന്നു. ആ ടൂർണ്ണമെൻറിൽ ബറോഡയിൽ വെച്ച് ഉത്തർ പ്രദേശിനെതിരെ 115 റൺസെടുത്തു. തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബ്ബ് താരമായ ഇമ്രാൻ വിവിധ വിഭാഗങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ചിട്ടുണ്ട് . 19 വയസ്സിന് താഴെയുള്ള അന്തർ ജില്ല ടൂർണ്ണമെൻറിൽ മലപ്പുറത്തിനെതിരെ 101 റൺസെടുത്തു.കണ്ണൂർ ഗോ ഗെറ്റേഴ്സ് ക്രിക്കറ്റ് അക്കാദമി താരമാണ്.
കണ്ണൂർ എട്ടിക്കുളം മൊട്ടക്കുന്ന് എൻ എം സി ഹൗസിൽ മുഹമ്മദ് അഷ്റഫിൻറേയും സെലീന എൻ എം സിയുടേയും മകനായ ഇമ്രാൻ അഷ്റഫ് പതിനൊന്നാം ക്ലാസ് ഓപൺ സ്കൂൾ വിദ്യാർത്ഥിയാണ്

രാഘവൻ നിര്യാതയായി.
മാഹി: മീത്തലെ ചമ്പാട്ടെ കണിയാൻകണ്ടി രാഘവൻ
(71)നിര്യാതയായി.
ഭാര്യ:വനജ
മക്കൾ: രാഗേഷ്.കെ.കെ (CPIM KCK നഗർ ബ്രാഞ്ച് സെക്രട്ടറി),ജൈഷ.കെകെ (CPIM KCK നഗർ ബ്രാഞ്ച് മെമ്പർ, തലശ്ശേരി സഹകരണ ആശുപത്രി ജീവനക്കാരി), രജിഷ കെ.കെ,മരുമകൻ: സിജു,

മാഹി ബസലിക്കയിൽ നിന്ന്
പ്രദക്ഷിണം പുറത്തേക്ക് ഇറങ്ങുന്നു

മതപ്രഭാഷണ പരമ്പര ഖത്തീബ് വി. അബ്ദുല്ലത്തീഫ് ഫൈസി ഉദ്ഘാടനം ചെയ്തു
തലശ്ശേരി മട്ടാമ്പ്രം പള്ളി ഉറൂസ് മുബാറകിനോടനുബന്ധിച്ച് മതപ്രഭാഷണം സംഘടിപ്പിച്ചു. മതപ്രഭാഷണ പരമ്പര ഖത്തീബ് വി. അബ്ദുല്ലത്തീഫ് ഫൈസി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. കെ. പി. റയീസ് അധ്യക്ഷനായി. സെക്രട്ടറി പി. പി. മുഹമ്മദ് അലി, ട്രഷറർ പി. കെ. സാദിഖ്, വൈസ് പ്രസിഡന്റ് എ. കെ. ഇഖ്‌ബാൽ, സദർ മുഅല്ലിം അഹ്‌മദ് തെർളായി അബ്ദുനാസിർ മുസ്‌ലിയാർ എന്നിവർ സംസാരിച്ചു. തലശ്ശേരി പുതിയ നിരത്ത് രിഫായി റാത്തീബ് ഖാന അവതരിപ്പിച്ച രിഫായി റാത്തീബും ഉണ്ടായി
തലശ്ശേരി മട്ടാമ്പ്രം ജുമുഅ മസ്ജിദ് ലാലാ ഷാഹ് ബാസ് കലന്ദർ സിൻഡിയുടെ ആണ്ടു നേർച്ച പ്രമാണിച്ചുള്ള മതപ്രഭാഷണ പരമ്പര ഖത്തീബ് വി. അബ്ദുല്ലത്തീഫ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു

ജാനു നിര്യാതയായി
പൊന്ന്യം : കുണ്ടുചിറ ഹോമിയോ ഡിസ്പെൻസറിക്ക് സമീപം പടിക്കലേട്ടി പാറേമ്മൽ നടയിൽ ജാനു (85) നിര്യാതയായി. ഭർത്താവ് പരേതനായ പടിക്കലേട്ടി ദാമു . മക്കൾ: പവിത്രൻ , വിമല, രഞ്ചിനി, അനിത , രനിത , രജീഷ് , ജിംന , പരേതയായ പുഷ്പ . മരുമക്കൾ: നളിനി, സുരേന്ദ്രൻ , അരുൺ, സുരേഷ് ബാബു , വിനീത , സുനീഷ് , പരേതനായ പുരുഷോത്തമൻ . സഹോദരങ്ങൾ : കൗസല്ല്യ, പരേതനായ വാസു .
സംസ്കാരം ഇന്ന്( 7/10/25) 12 മണിക്ക് കുണ്ടുചിറ വാതക ശ്മശാനത്തിൽ .

മാഹി ഗുരുധർമ്മപ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണിയനായ ചൂടിക്കോട്ടയിലെ കളത്തിൽ കൃഷ്ണനെ ആദരിച്ചപ്പോൾ

ചാച്ചാജി ഗോൾഡ് മെഡൽ ജവഹർ ബാൽ ബഞ്ച് ദേശീയ ചിത്രരചന മൽസരത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം
മാഹി: ചാച്ചാജി ഗോൾഡ് മെഡൽ ദേശീയ ചിത്രരചന മൽസരത്തിന്റെ മാഹി ബ്ലോക്ക് തല മൽസരം മാഹി സഹകരണ ബി. എഡ് കോളജിൽ ജവഹർ ബാൽബഞ്ച് കണ്ണൂർ ജില്ല ചെയർമാൻ അഡ്വ: ലീഷ ദീപക് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകല അധ്യാപകനും , കേരള സ്ക്കൂൾ ഓഫ് ആർട്ട്സ് എക്സികൂട്ടിവ് മെബറുമായരാജേഷ് കുരാറ ചിത്രകലയുടെ പ്രധാന്യം വിദ്യാർത്ഥികൾക്ക് എന്ന വിഷയത്തിൽ മുഖ്യ ഭാഷണം നടത്തി. ജവഹർ ബാൽ ബഞ്ച് മാഹി ബ്ലോക്ക് പ്രസിഡന്റ് അൻറിൻ റേജി അധ്യക്ഷത വഹിച്ചു ആശ്വിൻ വിനിത്, റിൻസി ബേബി എം.വി , ജവഹർ ബാൽ ബഞ്ച് മാഹി ബ്ലോക്ക് ചെയർമാൻ മുഹമ്മദ് മുബാഷ് സംസാരിച്ചു. പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീജേഷ് എം.കെ, യൂത്ത് കോൺഗ്രസ് മാഹി മേഖല പ്രസിഡന്റ് രജീലേഷ് കെ.പി , മാഹി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ജിജേഷ് കുമാർ ചാമേരി, സന്ദീപ് കെ.വി ,എ.വി അരുൺ , ,രാജേന്ദ്രൻ സി, ഗംഗാധരൻ പി നേതൃത്വംനൽകി.
ചിത്രവിവരണം:രാജേഷ് കുരാറ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ:സാഗ്നിക വാജപേയ സോമയാഗം - 2026
കേരളത്തിൽ ആദ്യമായി നടക്കുന്നതും 2026 ലെ ശരദ്ഋതുവിൽ നടത്താൻ ഉദ്ദേശിക്കുന്നതുമായ സാഗ്നിക വാജപേയ സോമയാഗത്തിന്റെ പ്രാരംഭ യോഗവും സംഘാടക സമിതി രൂപീകരണവും കണ്ണൂർ എൻ എസ് എസ് ഹാളിൽ നടന്നു. ഫിഷറീസ് പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. മാനന്തേരി എം.അശോകൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. മാനന്തേരി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര മേൽശാന്തി സജീവ് വി.വി അധ്യക്ഷത വഹിച്ചു. നിയുക്ത യജമാനൻ വിഷ്ണു സോമയാജിപ്പാട് യാഗത്തെപ്പറ്റിയുളള വിവരണം നൽകി .ബ്രഹ്മശ്രീ പറവൂർ രാഗേഷ് തന്ത്രികൾ, ശബരിമല മുൻ മേൽശാന്തി ജയരാമൻനമ്പൂതിരി, ആലുവ മഹാദേവ ക്ഷേത്രം മേൽശാന്തി ജയരാമൻനമ്പൂതിരി,സിദ്ധയോഗിശ്വര സന്യാസിനി മാതാ പൂർണ്ണ നന്ദിനി മാത, പ്രേമൻ കണ്ണോത്ത്, അഡ്വ ടി. ദിലീപ് കുമാർ, സുൽഫിക്കർ ഇരിങ്ങാലക്കുട, രാജീവ് ശർമ്മകൂടാളി സംസാരിച്ചു,അഡ്വ. മുംതാസ് കെ.വി നന്ദി പറഞ്ഞു.



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group