അവധൂതം "ഇനി വായനക്കാരുടെ കൈകളിലേക്ക് :ചാലക്കര പുരുഷു

അവധൂതം
അവധൂതം "ഇനി വായനക്കാരുടെ കൈകളിലേക്ക് :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Oct 05, 12:03 AM

അവധൂതം "ഇനി വായനക്കാരുടെ കൈകളിലേക്ക്

:ചാലക്കര പുരുഷു


തലശ്ശേരി: ഗുരുദേവ കൃതികളെ ദശകങ്ങളായി മനനം ചെയ്യുകയും,നൂറുകണക്കിന് വേദികളിൽ പ്രഭാഷണ പരമ്പരകളിലൂടെ ഗുരു സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തുവരുന്ന അശോക് കുമാർ അൻപൊലി ഗുരുദേവന്റെ ജീവചരിത്രത്തെ ആധാരമാക്കി എഴുതിയ അവധൂതം നോവൽ ഇന്ന് വായനക്കാരുടെ കൈകളിലെത്തും.

ഏറെ പ്രതീക്ഷകളുടെ വായനാലോകം പ്രത്യേകിച്ച് ശ്രീനാരായണിയർ

കാത്തുനിന്നതായിരുന്നു ഈ ബൃഹദ് നോവലിന്റെ പ്രകാശനം

 ശ്രീ നാരായണ ഗുരുദേവൻ്റെ ജീവിത ചക്രം രേഖപ്പെടുത്തുവാനുള്ള പരിശ്രമത്തിൽ അശോക് കുമാർ അൻപൊലിക്ക് മുന്നേ അനവധി പ്രതിഭാധനന്മാർ വിജയകരമായി കടന്നു പോയിട്ടുണ്ട്. അവരെയൊക്കെ വിനയത്തോടെയും ആദരവോടെയും പ്രണമിച്ചു കൊണ്ടാണ് അദ്ദേഹം ഈ അക്ഷരമാലകൾ കൈരളിയുടെ സമക്ഷം സമർപ്പിക്കുന്നത്. മഹാഗുരുവിനെക്കുറിച്ച് നാം അറിയേണ്ടതും ഏവർക്കും അറിയാമായിരുന്നതുമെല്ലാം മുൻഗാമികൾ നമ്മെ എഴുതി ഏല്പിച്ചിട്ടുണ്ട്. എന്നാൽ അറിയപ്പെടാതെ കിടക്കുന്ന ചില പ്രധാനപ്പെട്ട വിവരങ്ങൾ അജ്ഞാതമായി ഒളിഞ്ഞു കിടക്കുന്നുമുണ്ട്. ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ കുട്ടിയമ്മയുടെയും മാടനാശാൻ്റെയും മകനായി പിറന്ന നാരായണൻ എങ്ങനെയാണ് നാരായണഗുരുവായത് ? 

 ഒരു സാധാരണ മനുഷ്യൻ അവൻ്റെ അന്വേഷണ ബുദ്ധി തീവ്രമാകുമ്പോൾ അന്വേഷിക്കുക താനാര് , താൻ എങ്ങനെ ഉണ്ടായി. പിന്നെ നീയും ഞാനുമടങ്ങുന്ന ഈ പ്രപഞ്ചം ,അല്ലെങ്കിൽ ഈ ഭൂമി എങ്ങനെയുണ്ടായി എന്നൊക്കെ ആയിരിക്കാം. ഋഷീശ്വരന്മാർ ഈ ചോദ്യമൊക്കെ മറ്റുള്ളവരോടല്ല ചോദിച്ചത് എന്നതാണ് നമ്മുടെ ജ്ഞാന പാരമ്പര്യത്തിൻ്റെ മഹത്വം . ഈ ചോദ്യം തന്നോട് തന്നെ ചോദിക്കുക, ഉത്തരം തന്നിൽ നിന്നും കണ്ടെത്തുക. ഇപ്രകാരമുണ്ടാകുന്ന അറിവിനെ ആത്മജ്ഞാനം എന്നാണ് പറയുക. ഇപ്രകാരമുള്ള ജ്ഞാനം നേടുന്നതിന് ഒരുവനെ തയ്യാറാക്കാൻ പൂർവ്വികരായ ഋഷിമാർ അതിബൃഹത്തായ ഒരു പാഠ്യപദ്ധതി തന്നെ തയ്യാറാക്കിയിട്ടുണ്ട്. അത് പഠിച്ച് പ്രയോഗത്തിൽ വരുത്തി ആത്മസാക്ഷാത്കാരം നേടിയിട്ടുള്ളവരാണ് ഗുരുപരമ്പരയിൽ പെട്ടിട്ടുള്ള എല്ലാ മഹാഗുരുക്കന്മാരും.ഭഗവത്ഗീത, ഉപനിഷത്തുകൾ, വേദങ്ങൾ ഇവയൊക്കെ പ്രതിപാദിക്കുന്നതും ആത്മജ്ഞാനം നേടുന്നതിനുള്ള ഉപായങ്ങളും തത്വങ്ങളുമാണ്. ഇതൊക്കെ പഠിക്കാതെയും പരിശീലിക്കാതെയും ഒരു സത്യാന്വേഷകനും പരമമായ സത്യത്തെ സാക്ഷാത്കരിച്ചിട്ടില്ല. പഠനവും ആചരണവും മനനവും ധ്യാനവും ഈ മാർഗ്ഗത്തിൽ സത്യാന്വേഷി അറിഞ്ഞ് അനുഷ്ടിച്ചിരിക്കണം. അതിനെല്ലാം മുന്നേ തന്നെ തൻ്റെ ശരീരത്തെയും മനസ്സിനെയും സത്യാന്വേഷണ പാതയിൽ യാത്ര ചെയ്യുന്നതിന് വേണ്ടി പരിശീലിപ്പിച്ച് പാകപ്പെടുത്തേണ്ടതുണ്ട്. ഇതിലേക്കുള്ള പാഠ്യപദ്ധതി ലോകത്ത് മറ്റേതൊരു പാഠ്യപരിശീലന പദ്ധതിയേക്കാളും വലിപ്പമുള്ളതും ഗൗരവമുള്ളതുമാണ്. ഇതിലേക്ക് പഠിക്കേണ്ട ഗ്രന്ഥങ്ങളുടെ എണ്ണം വളരെ കൂടുതലാണ്.

       'ഭാരത്തിലെ ഋഷികുലത്തിൽ എണ്ണമറ്റ ഗുരുക്കന്മാർ വന്നവതരിക്കുകയും അവർ മാനവരാശിക്ക് വിലപ്പെട്ട ആത്മീയ ചിന്താധാരകൾ പകർന്നു നല്കുകയും ചെയ്തിട്ടുണ്ട്. ഭാരതത്തിൻ്റെ ഋഷി പരമ്പരകൾ ലോകത്തിന് നല്കിയിട്ടുള്ള ഉൾക്കാഴ്ചകൾ മറ്റു ദേശങ്ങൾക്കൊന്നും അവകാശപ്പെടാനില്ലെന്നതും എല്ലാവരും അംഗീകരിക്കുന്നു. മഹിതമായ ആ പാരമ്പര്യത്തിൻ്റെ ശക്തമായ കണ്ണികളിലൊന്നായി ലോകം ശ്രീ നാരായണ ഗുരുദേവനെ അംഗീകരിക്കുന്നതാണ് നാം ഇന്ന് കണ്ടു കൊണ്ടിരിക്കുന്നത്.

 ശ്രീ നാരായണ ഗുരുദേവൻ ബ്രഹ്മജ്ഞാനിയായ ഒരു ഗുരുശ്രേഷ്ടനായിരുന്നു എന്നുള്ളതിൽ ആർക്കും തന്നെ തർക്കമുണ്ടാകാൻ സാദ്ധ്യതയില്ല .പക്ഷേ ശ്രീ നാരായണ ഗുരുദേവൻ എങ്ങനെ ആത്മജ്ഞാനം നേടി ഒരു ഗുരുവായി മാറിയെന്നത് ഒട്ടേറെ ആൾക്കാർ ഇപ്പോഴും അറിയുന്നില്ല. ശ്രീ നാരായണ ഗുരുദേവൻ ഒരു സുപ്രഭാതത്തിൽ ഗുരുവായി പ്രത്യക്ഷപ്പെടുകയാണ് ചെയ്തതെന്ന് ചിലർ വിശ്വസിക്കുന്നു. ആ വിശ്വാസത്തിൽ ഒരു പുനരാലോചന വേണമെന്ന ആഗ്രഹമാണ് ഇപ്രകാരമൊരു പുസ്തകരചനയിലേക്ക് തന്നെ കൊണ്ടെത്തിച്ചതെന്ന് അശോക് കുമാർഎസ്. അൻപൊലി പറയുന്നു. ഒരു ലേഖനം എഴുതുക എന്ന ആഗ്രഹത്തിലാണ് ഈ നോവൽ എഴുതിത്തുടങ്ങിയത്. എന്നാൽ ഒരു ലേഖനത്തിൻ്റെ പരിമിതിക്കകത്ത് നിന്നു കൊണ്ട് ആ ലക്ഷ്യം കൈവരിക്കാൻ കഴിയില്ലെന്ന ചിന്തയിൽ നിന്ന് ലേഖനസ്വഭാവം മാറ്റി നോവലിലേക്ക് രൂപാന്തരപ്പെടുത്തുകയായിരുന്നു. നോവലായി മാറ്റിയപ്പോൾ, ലേഖനത്തിന് വേണ്ടി ഗുരുദേവകൃതികളിൽ നടത്തിയ നിരീക്ഷണങ്ങളും കണ്ടെത്തലുകളും എങ്ങനെ നോവലിൻ ഇഴ ചേർക്കാമെന്ന് ഒരു ചോദ്യം ഉത്ഭവിച്ചു. അതിൻ്റെ മറുപടിയാണ് ഈ നോവലിലുടനീളം ഗുരുദേവവാണികളുടെ ആശയം കഥാസന്ദർഭങ്ങളിൽ ഇഴ ചേർത്ത് ഗുരുക്കൻമാരുടെ വെളിപാടുകളായും ശ്രീ നാരായണ ഗുരുവിന്റെ സങ്കല്പങ്ങളായും ഭാവനകളായും ധ്യാന മനനങ്ങളായും ലയിപ്പിക്കുവാൻ പ്രേരണയായത്.    ഭൗതികജീവിതത്തിൻ്റെ കെട്ടുപാടുകളിൽ കിടക്കുന്ന ഒരു ഭോഗിയ്ക്ക് ഒരു യോഗിയുടെ ആന്തരികജീവിത പരിണാമങ്ങളെ അറിയാനോ അംഗീകരിക്കാനോ കഴിഞ്ഞെന്ന് വരില്ല. എല്ലാ കെട്ടുപാടുകളും പൊട്ടിച്ചെറിഞ്ഞുകൊണ്ട് സുഖഭോഗങ്ങളെയും ഉപേക്ഷിച്ചു കൊണ്ട്, പരിത്യാഗിയായി അവധൂതനായി ദേശാടനത്തിലേക്ക് കടന്ന് ലോകമാകുന്ന പാഠശാലയിൽ നിന്ന് അറിവും അനുഭവവും ആർജിച്ചെങ്കിലേ സന്യാസജീവിതം സഫലമാകുകയുള്ളൂ. എണ്ണമറ്റ ബ്രഹ്മവിദ്യാ ഗ്രന്ഥങ്ങളിലൂടെ അതീത വിദ്യകളാർജ്ജിച്ച് മനനാതീതവും, ഇന്ദ്രിയാതീതവുമായ സത്യത്തെ നേരിട്ടനുഭവിക്കണം. ഹഠയോഗം,രാജയോഗം മുതലായ നിഗൂഢമായ സിദ്ധാന്തങ്ങൾ പഠിക്കണം, പരിശീലിക്കണം അനുഭവയോഗ്യമാക്കണം. അതിന് അനവധി ജ്ഞാനികളായ ഗുരുക്കന്മാരുടെ സഹായവും അനുഗ്രഹവും ഈ യാത്രയിൽ ഒഴിച്ചു കൂടാൻ കഴിയാത്തതാണ്.മൗനവും ഏകാന്തതയും ,തപസ്സും , ദേശാടനവും ഈ യാത്രയിൻ അനുഷ്ഠിക്കേണ്ടതുണ്ട്. അനുഭവശാലികളായ ഗുരുക്കന്മാർ വഴികാട്ടിയെങ്കിൽ മാത്രമേ ഇതൊക്കെ സാധ്യമാകൂ. ഈ നോവലിൽ ഇതൊക്കെ പ്രതിപാദിക്കാൻ നോവലിസ്റ്റ് പരമാവധി ശ്രമിച്ചതായി കാണാം. അതിനായി ആശ്രയിച്ചിട്ടുള്ളത് മഹാഗുരുവിൻ്റെ കൃതികൾ തന്നെയാണ്. നോവലിലാകമാനം ഗുരുവാണികളുടെ ആശയങ്ങളോ ചിലപ്പോൾ മൂലകൃതികൾ യാതൊരു മാറ്റവും കൂടാതെയോ അതേ പോലെ തന്നെയോ ഉദ്ധരിച്ചിട്ടുണ്ട്. 

     മഹാഗുരു ആത്മജ്ഞാനം നേടി ജനപഥങ്ങളിലേക്ക് തൻ്റെ ആത്മീയ പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പുള്ള അവധൂത കാലഘട്ടമാണ് നോവലായി അനാവരണം ചെയ്യപ്പെടുന്നത്. 

ജഗന്നാഥ ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന അശോക് കുമാർ അൻപൊലി, തലശ്ശേരിയിലേയും പരിസരങ്ങളിലേയും ഗുരു ഭക്തർക്ക് പ്രഭാഷണങ്ങളിലൂടെ സുപരിചിതനാണ്.


whatsapp-image-2025-10-04-at-21.03.09_80829d7e

ജവഹർ ബാൽമഞ്ച്: ദേശീയ പ്രസിഡണ്ട് ഇഷാനിക്ക് ജൻമനാട്ടിൽ ഉജ്ജ്വല വരവേൽപ്പ്

മാഹി:ജവഹർ ബാൽമഞ്ചിൻ്റെ പ്രഥമ ദേശീയ പ്രസിഡണ്ടായി ഇഷാനി തിരെഞ്ഞെടുക്കപ്പെട്ടത് മയ്യഴിയുടെ ചരിത്ര നേട്ടമാണെന്നും,ഇത് അത്മവിശ്വാസവും പ്രവർത്തിക്കാനുള്ള ആർജ്ജവവും ഉണ്ടെങ്കിൽ ഏതു സ്ഥാനത്തും എത്തിച്ചേരാനവും എന്നതിന് തെളിവാണെന്നും ഷാഫി പറമ്പിൽ എം.പി പറഞ്ഞു. ഇന്ത്യയുണ്ടായത് 10 വർഷം മുമ്പാണെന്ന് പ്രചരിപ്പിക്കുന്ന മൂഢ ന്മാരുടെ കാലത്താണ് നമ്മൾ ഉള്ളത്. അതല്ല വർഷങ്ങൾക്കുമുമ്പ് ഗാന്ധിയും നെഹ്റുവും ഉണ്ടാക്കിയ ഇന്ത്യയെക്കുറിച്ചും അവർ നൽകിയ മഹത്തായ സംഭാവനകളെ കുറിച്ചും പുതിയ തലമുറയെ ബോധ്യപ്പെടുത്താൻ ജവഹർ ബാൽമഞ്ചിൻ്റെ സംഘാടകർക്ക് സാധിക്കണം. ഒരുപാട് പുതിയ ലീഡേർസിനെ ഉണ്ടാക്കിയെടുക്കുന്നവരാണ് യഥാർത്ഥ ലീഡർ എന്നാണ് രാഹുൽ ഗാന്ധിയുടെ കാഴ്ചപാടെന്ന് മാഹി ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ നടന്ന സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.പി.സി.സി വർക്കിംങ്ങ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം.പി പറഞ്ഞും. ജന്മനാട്ടിൽ ഇഷാനിക്ക് ഉഷ്മളമായ വരവേൽപ്പാണ് നൽകിയത്. ജവഹർ ബാൽമഞ്ച് കണ്ണൂർ ജില്ല പ്രസിഡണ്ട് എം.മുരളി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പുതുച്ചേരി പി.സി.സി വൈസ് പ്രസിഡൻ്റും മുൻ അഭ്യന്തര മന്ത്രിയുമായ ഇ.വത്സരാജ്, ബാൽമഞ്ച് ദേശീയ പ്രസിഡണ്ടായി തിരിഞ്ഞെടുക്കപ്പെട്ട എസ്.ഇഷാനിയെ ചടങ്ങിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു. മാഹി കോഡിനേറ്റർ മുഹമ്മദ് മുബാഷിനെയും ചടങ്ങിൽ വെച്ച് ആദരിച്ചു. രമേശ് പറമ്പത്ത് എം.എൽ.എ മുഖ്യഭാഷണം നടത്തി. പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് അനന്ദ ബാബു നടരാജൻ, കണ്ണൂർ ഡി.സി.സി പ്രസിഡണ്ട് അഡ്വ:മാർട്ടിൻ ജോർജ്ജ്, കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ, കെ.എസ്‌.യു സംസ്ഥാന ജനറൽ സെക്രട്ടറി കുമാരി മിവ ജോളി, ജവഹർ ബാൽമഞ്ച് കേരള കോ-ഓർഡിനേറ്റർ

സി.വി.എ ജലീൽ, കണ്ണൂർ ജില്ല ചെയർമാൻ അഡ്വ.ലിഷ ദീപക്, മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ മോഹനൻ, കെ.എസ്.യു കണ്ണൂർ ജില്ല പ്രസിഡൻ്റ് അതുൽ എം.സി, പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ

അലി അക്ബർ ഹാഷിം, ശ്രീജേഷ് എം.കെ, യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് റെജിലേഷ് കെ.പി, മഹിളാ കോൺഗ്രസ് പ്രസിഡന്റ് പി.പി.ആശലത സംസാരിച്ചു. കുമാരി ഇഷാനി മറുവാക്ക് നൽകി. അൻറിൻ റെജി സ്വാഗതവും വൈഷ്ണവി.പി നന്ദിയും പറഞ്ഞു.


ചിത്ര വിവരണം: ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്യനു


whatsapp-image-2025-10-04-at-21.06.23_8bfa22e6

അധ്യാപകർ എഐ. മേഖലയിലടക്കം ആധുനിക സാങ്കേതിക വിദ്യകൾ പരിശീലിക്കണം.

സി.പി. ഹരീന്ദ്രൻ


മാഹി:ആധുനിക സാങ്കേതിക വിദ്യകൾ പ്രചുരപ്രചാരം നേടുന്ന ഈ കാലത്ത് നമ്മുടെ അധ്യാപകർ ആർട്ടിഫിഷ്യൽ ഇൻ്റലിജെൻ്റ്സ് അടക്കമുള്ള മേഖലകളിൽ പരിശീലനം നേടേണ്ടതുണ്ടെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവ്സി.പി. ഹരീന്ദ്രൻ പറഞ്ഞു.

മാഹി ഗവ.സ്കൂൾ ടീച്ചേർസ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


അസോസിയേഷൻ പ്രസിഡന്റ്‌ പി .യതീന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ അജിത് പ്രസാദ് വാർഷിക റിപ്പോർട്ടും ട്രഷറർ പി കെ സതീഷ് കുമാർ വരവ് ചിലവ് കണക്ക് അവതരിപ്പിക്കുകയും ചെയ്തു. 

എഫ് എസ് എ പ്രസിഡന്റ്‌ കെ സത്യനാഥ് ആശംസ നേർന്നു.


ശരൺ മോഹൻ, എം വി സിനത് എന്നി അധ്യാപകർ ചർച്ചയിൽ പങ്കെടുത്തു.

മുൻ പ്രസിഡന്റ്‌ പി ശശികുമാർ പാനൽ അവതരിപ്പിച്ചു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.


sajithas


 പ്രസിഡന്റ്‌ പി യതീന്ദ്രൻ,ജനറൽ സെക്രട്ടറി സാജിത ഭാസ്കർ,ട്രഷറർ എം വിദ്യ, വൈസ് പ്രസിഡന്റ്‌ കെ കെ സ്നേഹ പ്രഭ,എ അജിത് പ്രസാദ്,ജവഹർ, ജോയിന്റ് സെക്രട്ടറി നിഷിത കുമാരി,കെ വി മുരളീധരൻ,കെ പി സുജീന്ദ്രൻ.


vidy

ജോയിന്റ് സെക്രട്ടറി കെ വി മുരളീധരൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ കെ കെ സ്നേഹപ്രഭ നന്ദിയും പറഞ്ഞു.


whatsapp-image-2025-10-04-at-21.10.59_55feace8

കേരളത്തിൽ സഹകരണ പ്രസ്ഥാനം ഇല്ലാതായാൽ സാമ്പത്തിക മേഖല അവതാളത്തിലാകും : സ്പീക്കർ. എ .എം ഷംസീർ,


തലശ്ശേരി:കേരളത്തിലെ സഹകരണ പ്രസ്ഥാനം അപകടത്തിലായാൽ കേരളത്തിലെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും സമൂഹത്തിന് ഒഴിച്ചുകൂടാനാവാത്ത വിധം പടർന്നു പന്തലിച്ചു നിൽക്കുന്ന മഹാ പ്രസ്ഥാനമാണെന്നും

കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോര്‍ഡിലെ അംഗങ്ങളുടെ മക്കളില്‍ കണ്ണൂർ ജില്ലയിൽ നിന്ന് ഉന്നതവിജയം നേടിയവര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം ഉത്ഘാടനം നിർവ്വഹിച്ചു കൊണ്ട് സ്പീക്കർ പറഞ്ഞു. കുടിശ്ശിക ഒഴിവാക്കി കൊണ്ടുള്ള അംഗത്വ വിതരണത്തിൻ്റെ കണ്ണൂർ ജില്ലയിലെ ഉദ്ഘാടനവും വിദ്യാഭ്യാസ സ്ക്കോളർ ഷിപ്പ് വിതരണത്തിൻ്റെ ജില്ലാതല ഉത്ഘാടനവും രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എം.പി.നിർവഹിച്ചു. ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ. സനൽകുമാർ അധ്യക്ഷനായ പരിപാടിയിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി. അനിൽ സ്വാഗതം ആശംസിച്ചു. സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ (ജനറൽ) എം.കെ. സൈബുന്നീസ, സംഘടനാ നേതാക്കളായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡൻ്റ് എം. സുനിൽകുമാർ, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എൻ.വി. രഘുനാഥൻ,കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ ജില്ലാ സെക്രട്ടറി പി.ജിതേഷ്, കേരള കോ-ഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി വി. എൻ അഷറഫ്, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഒ.കെ. പ്രസാദ്, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ബോർഡ് അസിസ്റ്റൻ്റ് രജിസ്ട്രാർ / മാനേജർ പാട്രിക് ഫ്രാൻസിസ് കൃതജ്ഞത രേഖപ്പെടുത്തി

whatsapp-image-2025-10-04-at-21.11.47_8842778d

ഗാന്ധി ജയന്തി ദിനത്തിനോടനുബന്ധിച്ചു ഇന്ന്‌ കേസാക്കിലെ കുട്ടികൾ വടകര മരിയ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് സെന്ററിലെ അധ്യാപകരും കുട്ടികളും ചേർന്നു പരിസരശുചീകരണം നടത്തി.


whatsapp-image-2025-10-04-at-21.18.25_65ff779f

സ്തനാർബ്ബുദ ബോധവൽക്കരണം നടത്തി


മാഹി:വെസ്റ്റ് നിടുമ്പ്രം ശ്രീനാരായണഗുരു സാംസ്കാരിക കേന്ദ്രം വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ മഹാനവമിദിനത്തിൽ ഗുരുപൂജ സരസ്വതിപൂജ,വാഹനപൂജ, ഗ്രന്ഥപൂജ, അയുധ പൂജ എന്നിവയും വിജയദശമി നാളിൽ ലോകസ്തനാർ ബുദബോധവത്കരണമാസാചരണത്തിൻ്റെ ഭാഗമായി വെസ്റ്റ് നിടുമ്പ്രം ശ്രീനാരായണഗുരു സാംസ്കാരികകേന്ദ്രം, മലബാർ കേൻസർ കെയർ സൊസൈറ്റി കണ്ണൂർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ' സ്തനാർബുദ ബോധവത്കരണക്ലാസും സംഘടിപ്പിച്ചു. ഡോ. ഹർഷ ഗംഗാധരൻ്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.. ധന്യാ രാജീവ് അദ്ധ്യക്ഷയായി.  സിൻഷ ബിനോജ് സ്വാഗതവും, 

 പ്രീജ ഷില്ലീസ് നന്ദിയും പറഞ്ഞു.


ചിത്ര വിവരണം:ഡോ. ഹർഷ ഗംഗാധരൻ ക്ലാസ് എടുക്കുന്നു


whatsapp-image-2025-10-04-at-21.22.42_eeb8580c

ഇത് ആത്മ സൗഹൃദങ്ങളുടെ

കുടിച്ചേൽ


മാഹി: പുതുച്ചേരി സർക്കാരിന്റെ അദ്ധ്യാപക അവാർഡ് ജേതാവും, മയ്യഴിയുടെ മാതൃകാദ്ധ്യാപികയുമായ കെ.കെ. സ്നേഹപ്രഭ ടീച്ചർക്ക് വസതിയിൽ നൽകിയ ആദര ചടങ്ങ് ആത്മ സൗഹൃദങ്ങളുടെ സ്നേഹ സംഗമമായി.

വിഖ്യാത സാഹിത്യകാരൻ എം മുകുന്ദൻ, മയ്യഴി എം എൽ എ രമേശ് പറമ്പത്ത്, വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം എം തനൂജ, ചലച്ചിത്ര നടൻ രാജേന്ദ്രൻ തായാട്ട്,കലൈമാമണി ചാലക്കര,പുരുഷു, പഞ്ചായത്ത് പ്രസിഡണ്ട് മണിലാൽ, ജില്ലാ സ്പോട്സ് കൗൺസിൽ അദ്ധ്യക്ഷൻ കെ.കെ. പവിത്രൻ മാസ്റ്റർ, കവി ആനന്ദ് കുമാർ പറമ്പത്ത്, പിന്നണി ഗായകൻ എം. മുസ്തഫ,തുടങ്ങി ഒട്ടേറെ പ്രമുഖർ ആശംസകൾ നേരാനെത്തി.

സുദീർഘമായ സർവ്വീസ് കാലയളവിൽ താൻ പഠിച്ച വിവിധവിദ്യാലയങ്ങളിലെ കുട്ടികൾക്ക് അക്കാദമിക് പഠനങ്ങൾക്കുമപ്പുറം, അവരുടെ അഭിരുചികൾ കണ്ടറിഞ്ഞ് കലാകായിക മേഖലകളിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ ടീച്ചർ കാണിക്കുന്ന താൽപര്യം മാതൃകാപരമാണെന്ന് എം എൽ എ പറഞ്ഞു.

മികച്ച ഭാഷാദ്ധ്യാപികയായ ടീച്ചർക്ക് സാഹിത്യത്തിലും സംസ്കൃതിയിലും വ്യാപരിക്കുന്ന ഒട്ടേറെ ശിഷ്യരെ വാർത്തെടുക്കാനായിട്ടുണ്ടെന്ന് മാത്രമല്ല, പ്രകൃതിയെ പുൽകാനും സഹജീവികളെ സ്നേഹിക്കാനും ശിഷ്യരെ പഠിപ്പിക്കാനും ടീച്ചർക്ക് സാധിച്ചുവെന്ന് വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദൻ പറഞ്ഞു.


ചിത്ര വിവരണം: എം.മുകുന്ദനും ഭാര്യ ശ്രീജയും സ്നേഹ പ്രഭ ടീച്ചർക്കൊപ്പം


whatsapp-image-2025-10-04-at-21.00.25_2d3717d5

മാഹി ബസിലിക്കയിലെ തിരുന്നാൾ മഹോത്സവം ഒക്ടോബർ ഇന്ന് തുടങ്ങും


മാഹി: തെന്നിന്ത്യയിലെ പ്രമുഖ പുരാതന ദേവാലയമായ സെന്റ് തെരേസയുടെ നാമധേയത്തിലുള്ള മാഹി ബസിലിക്കയിലെ തിരുന്നാൾ മഹോത്സവം ഒക്ടോബർ ഇന്ന് തുടങ്ങും, രാവിലെ 7 മണിക്ക് ദിവ്യബലി, 9 മണിക്ക് റെക്ടർ സെബാസ്റ്റ്യൻ കാരക്കാട്ടിൻ്റെ നേതൃത്വത്തിൽ ദിവ്യബലിയും, 11:30 ന് മാഹി ബസിലിക്ക ഇടവക വികാരിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റവും നടക്കും. തുടർന്ന് 12 മണിക്ക് അൾത്താരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ അമ്മത്രേസ്യാ പുണ്യവതിയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കുന്നതോടെ തിരുന്നാൾ മഹോത്സവത്തിന് തുടക്കമാകും. വൈകുന്നേരം ആറുമണിക്ക് ഡോ: റവ:ഫാദർ ജെറോം ചിങ്ങന്തറയുടെ നേതൃത്വത്തിൽ ആഘോഷ ദിവ്യബലിയും ഉണ്ടായിരിക്കും.

തിരുനാൾ ഒരുക്കങ്ങളെല്ലാം ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. ചന്തക്കാർ ദേവാലയത്തിന് ചുറ്റിലും നിരന്നു കഴിഞ്ഞു. 14, 15 തിയതികളിലാണ് പ്രധാന ചടങ്ങുകൾ. 22 ന് സമാപിക്കും.


ചിത്ര വിവരണം: മാഹി സെൻറ് തെരേസാ ബസലിക്ക

whatsapp-image-2025-10-04-at-22.56.18_1ef95c32

കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടം കെട്ടിയാടി


 ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ കുട്ടിച്ചാത്തൻ നേർച്ച വെള്ളാട്ടം കെട്ടിയാടി.

 നിരവധി ഭക്തർ പങ്കെടുത്ത ചടങ്ങിന് ക്ഷേത്രം ഭാരവാഹികൾ നേതൃത്വം നൽകി.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI