ഈ ചിരി വിപ്ളവത്തിന്റെ മാനുഷിക ഭാവം... :ചാലക്കര പുരുഷു

ഈ ചിരി വിപ്ളവത്തിന്റെ  മാനുഷിക ഭാവം... :ചാലക്കര പുരുഷു
ഈ ചിരി വിപ്ളവത്തിന്റെ മാനുഷിക ഭാവം... :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Oct 01, 11:34 PM

ഈ ചിരി വിപ്ളവത്തിന്റെ

മാനുഷിക ഭാവം...

:ചാലക്കര പുരുഷു


സമര പുളകത്തിൻ്റെ സിന്ദൂരമാലകൾ ചാർത്തി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അമരത്തെത്തിയ സഖാവാണ് കോടിയേരി ബാലകൃഷ്ണൻ.

ത്യാഗത്തിന്റേയും, സഹനത്തിൻ്റേയും കനൽ വഴികളിലൂടെയാണ് കോടിയേരി സി.പി.ഐ.എമ്മിൻ്റെ തേരാളിയായത്. കാരാഗൃഹങ്ങൾക്കും, കൊടിയ മർദ്ദനങ്ങൾക്കും തളച്ചിടാനാവാത്ത കരുത്തിൻ്റേയും, കർമ്മധീരതയുടേയും പ്രതീകമാണ് ഈ വിപ്ലവകാരി.

ദാർശനികതയിൽ വിളക്കിയെടുത്ത മനസ്സും, സംഘടനാശേഷിയുള്ള ശരീരവും, ഊർജസ്വലതയുള്ള പ്രവർത്തന ശൈലിയും കൊണ്ട് ഒരു നാടിൻ്റെയാകെ പ്രിയസഖാവായി നന്നെ ചെറുപ്പത്തിൽ തന്നെ മാറിയ ഈ കമ്മ്യൂണിസ്റ്റ് പോരാളിയുടെ ജീവിതവഴികൾ വിപ്ലവപ്രസ്ഥാനത്തിന് സിന്ദൂരമാലകൾ ചാർത്തുന്നതാണ്.


kotiyery

1970 കളുടെ തുടക്കത്തിൽ മാഹി മഹാത്മാഗാന്ധി ഗവൺമെൻ്റ് ആർട്‌സ് കോളേജിൽ ആദ്യബാച്ചുകാരനായ കോടിയേരി കോളേജ് യൂണിയൻ ചെയർമാനായതോടെയാണ് പൊതുരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. പത്തൊൻപതാം വയസ്സിൽ പാർട്ടി അംഗമായ കോടിയേരി എസ്.എഫ്.ഐ.യുടേയും, കെ.എസ്. വൈ.എഫിന്റേയും സംസ്ഥാനസാരഥിയായി മാറുന്നത് പൊടുന്നനെയായിരുന്നു.

കോടിയേരിയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചൂരും, ചുണയും. സംഘശക്തിയും പ്രകടമാക്കുന്ന ജനമുന്നേറ്റമൊരുക്കാൻ ഈ യുവജനപ്രവർത്തകന് സാധിച്ചു. അടിയന്തരാവസ്ഥയുടെ ഇരുളടഞ്ഞ നാളുകളിൽ 16 മാസവും കോടിയേരി കൽത്തുറങ്കിലടക്കപ്പെട്ടു. 1988 ൽ കണ്ണൂർ ജില്ലാസിക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഈ യുവപോ രാളി അതേ വർഷം തന്നെ സംസ്ഥാനകമ്മിറ്റിയിലും ഇടം നേടി. 1994 ൽ സെക്രട്ടറിയേറ്റ് അംഗമായി മാറിയ കോടിയേരി 2008 ൽ കോയമ്പ ത്തൂരിൽ നടന്ന പാർട്ടി കോൺഗ്രസ്സിലൂടെ പ്രതീക്ഷകളെ മറികടന്ന് പൊളിറ്റ് ബ്യൂറോയിലുമെത്തി.

1982, 1987, 2001, 2006, 2011 വർഷങ്ങളിൽ നിയമസഭാസാമാജികനായി മാറിയ കോടിയേരി ആഭ്യന്തര- ടൂറിസം മന്ത്രി എന്ന നിലയിൽ ഭരണ രംഗത്തെ അനിതരസാധാരണമായ സിദ്ധിവൈഭവം പ്രകടിപ്പിച്ചു. തലശ്ശേരിയുടെ വികസന നായകനുമായി. ക്രമസമാ ധാനപാലനത്തിൽ കേരളത്തെ ഒന്നാം സ്ഥാനത്തെത്തിച്ചതിനും, ജനമൈത്രി പൊലീസ് ഉൾപ്പെടെ കാക്കി സേനക്ക് ജനകീയ മുഖം നൽകാനും കോടിയേരിക്ക് സാധിച്ചു. തലശ്ശേരിയുടെ പൈതൃക സംരക്ഷണത്തിന് വേണ്ടി ആവിഷ്‌ക്കരിച്ച ടൂറിസം പദ്ധതികൾ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്നതായി.

പുഞ്ചിരിക്കുന്ന മുഖം തന്നെയാണ് കോടിയേരിയെ വ്യത്യസ്തനാക്കുന്നത്. ചെറിയ കുട്ടികൾ തൊട്ട് പ്രായം ചെന്നവരോട് പോലും ഒരു പോലെ ഹൃദ്യമായി പെരുമാറാൻ കഴിയുന്ന ഈ ജനനേതാവിന് ഒരിക്കൽ പരിചയപ്പെട്ടവരെ പിന്നീട് പേര് വിളിച്ച് ഓർമ്മ പുതുക്കാൻ കഴിയുന്ന സിദ്ധിവിശേഷമുണ്ടെന്നത് ആരേയും വിസ്‌മയിപ്പിക്കും.

പുഞ്ചിരിക്കാൻ പോലും വൈമനസ്യം കാണിക്കുന്ന വർത്തമാന കാലത്ത്,

 രാഷ്ട്രീയ എതിരാളികളോട് പോലും ഇത്രയേറെ വ്യക്തിബന്ധം വെച്ചു പുലർത്തിയ സി.പി.എം. നേതാക്കൾ അത്യപൂർവ്വമാണ്. രാഷ്ട്രീയ വേദികളിൽ, നിയമസഭാമന്ദിരത്തിൽ, വാർത്താസമ്മേളനങ്ങളിൽ തൻ്റെ മുഖത്ത് നോക്കി പ്രകോപനപരമായി അതിരൂക്ഷമായി വിമർശിക്കുന്നവരോട് പോലും പുഞ്ചിരിക്കുന്ന മുഖവും, സ്നേഹമസൃണമായ പെരുമാറ്റവും കൊണ്ട് മറുപടിയേകുന്ന ഈ മനുഷ്യൻ അക്ഷരാർത്ഥത്തിൽ 'ഇരുത്തം വന്ന'നേതാവായിരുന്നു. ജനകീയത നഷ്‌ടപ്പെടുന്നുവെന്ന സ്വയം വിമർശനം പാർട്ടിക്കുള്ളിൽതന്നെ ശക്തമായി ഉയരുന്ന സങ്കീർണ്ണമായ ഒരു കാലഘട്ടത്തിൽ ഏവർക്കും സ്വീകാ ര്യനായി കോടിയേരി മാറിയത് സ്വാഭാവികം മാത്രം..

നിഷ്‌ക്കളങ്കമായ പുഞ്ചിരികൊണ്ട് വിമർശനങ്ങളെ നേരിടാനും, ശത്രുതയെ സൗഹൃദം കൊണ്ട് കീഴ്പ്പെടുത്താനും, കഴിയുമെന്ന് തൻ്റെ ജീവിതം കൊണ്ട് തെളിയിച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്നു ഈമനുഷ്യ സ്നേഹി. കോടിയേരി കടന്നുവന്ന വഴികളിലെവിടേയും മസിൽപിടിക്കുന്ന ഒരു കാർക്കശ്യക്കാരനേയോ, ധാർഷ്‌ഠ്യമുള്ള ഒരു മുഖമോ, വൈരനിര്യാതനബുദ്ധിയുള്ള പ്രതിയോഗിയേയോ നമുക്ക് കാണാനാവില്ല. സമവായത്തിന്റേയും സൗഹൃ ദത്തിന്റേയും വഴികളിലൂടെ മാത്രമേ ഈ ജനനായകൻ യാത്രചെയ്തിട്ടുള്ളൂ. അതുകൊണ്ട് തന്നെ ഒരേ സമയം പാർലമെന്ററിതലത്തിലും, സംഘടനാതലത്തിലും കഴിവ് തെളിയിച്ച ഈ പോരാളിയിലൂടെ കലങ്ങിമറിഞ്ഞ രാഷ്ട്രീയ ചുറ്റുപാടുകളിൽ പോലും വിപ്ലവകേരളംകോടിയേരിയുടെ നിലപാടുകളെയാണ് പ്രതീക്ഷകളോടെ നോക്കിക്കണ്ടിരുന്നത്.

കൃത്യനിഷ്ഠ, അച്ചടക്കം, നിശ്ചയദാർഢ്യം, അനുകമ്പ, ത്യാഗസ ന്നദ്ധത, പോരാട്ടവീര്യം... ഇതൊക്കെ ഉത്തമനായ ഒരു കമ്മ്യൂണിസ്റ്റു കാരന്റെ ലക്ഷണമാണ്. ഇതെല്ലാം അതിൻ്റെ പാരമ്യതയിൽ സമ്മേളിച്ച മാതൃകാ സഖാവായിരുന്നു കോടിയേരി.

സിദ്ധാന്തവും പ്രയോഗവും സമന്വയിച്ച അതുല്യവ്യക്തിത്വമുള്ള ഈ മനുഷ്യന് ദാർശനികതയിലൂന്നി പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ സാധാരണ പ്രവർത്തകരേയും സൈദ്ധാന്തിക ബുദ്ധി ജീവികളെയുമുൾക്കൊണ്ട് മുന്നേട്ട് പോകാനായി എന്നത് വസ്തുതയാണ്.

ചുവന്ന സ്വപ്നങ്ങളെ താലോലിക്കുന്ന കേരളത്തിലെ ജനകോടികളുടെ മനസ്സുകളിൽ കോടിയേരിയുടെ ഓർമ്മകൾ പോലും ഒരായിരം വിപ്ലവാഗ്നി കോരിയിടുമെന്നതിൽ തർക്കമില്ല.

ഇല്ലായ്മകളുടേയും, കഷ്ട‌പാടുകളുടേയും കയത്തിൽ നിന്നും പ്രതികൂലജീവിത സാഹചര്യങ്ങളിൽ നിന്നും തകർക്കാനാവാത്ത ഇച്ഛാശക്തികൊണ്ട് മാത്രം നീന്തിക്കയറിയ കോടിയേരിക്ക് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ നിന്നും, ദാസ്ക്യാപിറ്റലിൽ നിന്നും പകർന്നു കിട്ടിയ ജ്ഞാനസഞ്ചയത്തെ നിത്യജീവിതവുമായി ഇഴചേർക്കാൻ സാധിച്ചു. അനുഭവങ്ങളുടെ സമ്പത്ത് ഈപോരാളിയുടെ വിപ്ലവജീവിതത്തിന് കാരിരുമ്പിൻ്റെ കരുത്തേകി. ജീവിത വീക്ഷണങ്ങൾക്ക് പടവാളിൻ്റെ മൂർച്ഛയേറ്റി. ഹ്യദയത്തിന് മഞ്ഞുകണങ്ങളുടെ നൈർമ്മല്യമേകി.

ആസുരമായ സമകാലീനാവസ്ഥയിൽ, കരുതലോടെ, സമചിത്തതയോടെ, മുറിവേറ്റവരുടെ മനസ്സിൻ്റെ നൊമ്പരങ്ങളടക്കം കണ്ടറിഞ്ഞ് പുതിയ കർമ്മപഥങ്ങളിലേക്ക് വർദ്ധിതമായ കരുത്തുമായി കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തെ നയിക്കാൻ കോടിയേരി ക്ക് പകരം വെക്കാൻ ആരുണ്ട്? 

സകലമാന ജാതി മത വർഗ്ഗീയ ഭ്രാന്തുകൾക്കുമപ്പുറം മനുഷ്യത്വത്തെ പ്രതിഷ്ഠിക്കാൻ ഇനി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സാധിക്കുമോ എന്ന ആശങ്കകളുടെ കരിമേഘപടലങ്ങൾക്കിടയിലാണ് പുരോഗമനേച്ഛുക്കളും, ഭൗതികവാദികളുമായ ജനലക്ഷങ്ങൾ അന്തിച്ചു നിൽക്കുന്നത്. ആത്മീയതയെ പുൽകുക മാത്രമല്ല, ആൾ ദൈവങ്ങളെ പുണരുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് മന്ത്രിമാരുള്ള ഒരുനാട്ടിൽ നവോത്ഥാനം എന്നത് മരീചികയായി മാറുകയാണ്.

അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പോരാടി , സഹനത്തിന്റെയും ത്യാഗത്തിന്റേയും ശക്തി ഗോപുരം പോലെ നിലകൊണ്ട , ആയിരങ്ങൾ ചോരയും നീരും നൽകി വളർത്തിയെടുത്ത ഒരു മഹാ പ്രസ്ഥാനത്തെ , മാർക്സിസം-ലെനിനിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ ഉറച്ച് നിന്ന്

സംരക്ഷിച്ച് നിർത്താനും നയിക്കാനും ആരുണ്ടെന്നോർക്കുമ്പോഴാണ് കോടിയേരിയുടെ അകാലവിയോഗം, ഏതൊരു പുരോഗമന വാദിയുടേയും കരളിനെ നോവിക്കുന്നത്.

 കമ്മ്യൂണിസത്തെ നെഞ്ചേറ്റി നടക്കുന്ന ജനകോടികൾക്ക് ഉദാത്ത നായ ഈ മനുഷ്യ സ്നേഹിയായ വിപ്ലവ കാരിയുടെ ഉജ്വല സ്മരണകൾ ഉയിരേകട്ടെ..


whatsapp-image-2025-10-01-at-19.34.25_4c857da9

ജഗന്നാഥസംഗീത വിദ്യാലയം നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ജഗന്നാഥ ക്ഷേത്രത്തിൽ നടത്തിയ സംഗിതാരാധന ശ്രീജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ.സത്യന്റെ അദ്ധ്യക്ഷതയിൽ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു.


whatsapp-image-2025-10-01-at-19.34.26_5bbba542

സ്വരരാഗ ഗംഗാപ്രവാഹമായ്...

:ചാലക്കര പുരുഷു


തലശ്ശേരി: ഒട്ടേറെ മെഗാ കലാപരിപാടികൾക്ക് സാക്ഷ്യംവഹിച്ച ജഗന്നാഥ ക്ഷേത്ര വേദിയിൽ , പ്രശസ്ത നർത്തകി നിഷ ടീച്ചറും ശിഷ്യരും അവതരിപ്പിച്ച നവരാത്രി സംഗീതാർച്ചന ശ്രോതാക്കളെ ആത്മീയാനുഭൂതിയിൽ ആറാടിച്ചു. ജഗന്നാഥസംഗീത വിദ്യാലയത്തിലെ സംഗീതപ്രതിഭകൾ ആലപിച്ചകീർത്തനങ്ങളും,സ്തുതിഗീതങ്ങളും പ്രേക്ഷക മനസ്സുകളിൽ തെളിനീരരുവികളായൊഴുകി. ഗുരുദേവ കീർത്തനത്തോടെ ആരംഭിച്ച പരിപാടിയിൽ, നവരാത്രി ദേവതകളുടെ കീർത്തനങ്ങൾ, ആലാപനത്തിലെ രാഗ നിബദ്ധതയും, സ്വരഗതിയുമായി ആസ്വാദകരിലേക്ക് മഞ്ഞ് പോലെ പെയ്തിറങ്ങി. ആത്മിയതയുടേയും, ആരാധനയുടേയും വൈകാരികാനുഭൂതിയിൽ അവർ അലിഞ്ഞുചേർന്നു. പരിചിത ഗാനങ്ങളെങ്കിലും, ഓരോ ഗീതത്തിനും ആലാപന വൈവിധ്യത്തിലൂടെ ഗായകർ പുതുമയുടെ മുഖപടം നൽകി.

സംഗീതത്തിന്റെ ശബ്ദസൗന്ദര്യവും, അക്ഷരശുദ്ധിയും ഭാവ സ്പന്ദനവും, രാഗ മാധുര്യവും സംഗമിച്ച സംഗീതാർച്ചന ,ഏക കണ്ഠത്തിൽ നിന്നെന്ന പോലെ അവതരിപ്പിക്കാനായതിൽ നിഷ ടീച്ചർക്ക് അഭിമാനിക്കാം.

 നിഷ ടിച്ചറുടെ ശിക്ഷണത്തിൽ ജഗന്നാഥസംഗീത വിദ്യാലയത്തിൽ സംഗീത  പഠനം നടത്തുന്ന

ലീഷ്മചൊക്ലി,സിന്ധു വടക്കുമ്പാട്, ടി.ജി. സ്വപ്ന, സോനസുരേഷ് .ഷമി രാഗേഷ് പരിമഠം, അവായുക്ത് നങ്ങാരത്ത്, വശ്മി ദേവി, സായ് നന്ദ ,ധൻവിക പത്തായക്കുന്ന്, ഇഷാൻ, തൻവിരത്നാകരൻ, ധനിഷ് രത്നാകരൻ, കൃഷ്ണേന്ദു ശാലിമ പ്രകാശൻ,ഡാൻവിക കൊളശ്ശേരി, പ്രഭാവതി, കൃഷ്ണനന്ദ കൊളശ്ശേരിതുടങ്ങിയവരാണ് ആലാപന മാധുര്യം പകർന്നേകിയത്.

വിഖ്യാത സംഗീതജ്ഞരായ തലശ്ശേരി ബാലൻ മാസ്റ്റർ, യു ജയൻ മാസ്റ്റർ, ഡോ: ഓമനക്കുട്ടി എന്നിവരുടെ ശിഷ്യയായ നിഷ ടീച്ചർ 27 വർഷക്കാലമായി ശാസ്ത്രീയ സംഗിത രംഗത്ത് സജീവമാണ്. മലബാർ കേൻസർ സെൻ്റർ പീഢിയാട്രിക് വിഭാഗം അദ്ധ്യാപികയായ ഇവർ ഒട്ടേറെ വേദികളിൽ സംഗീത കച്ചേരികൾ അവതരിപ്പിച്ചുവരുന്നു.

മൃദംഗത്തിൽ ദിനേഷ് തിരുമുഖവും, വയലിനിൽ കോഴിക്കോട് വിജയൻ മാസ്റ്റരും പശ്ചാത്തല സംഗീതമൊരുക്കി.


ചിത്രവിവരണം: ജഗന്നാഥസംഗീത വിദ്യാലയത്തിലെ പ്രതിഭകൾ ഗാനാർച്ചന നടത്തുന്നു.


ffffff


കേരള കൾച്ചറൽ ഹെറിറ്റേജ് ഫോറം സാംസ്‌കാരിക പൈതൃക പുരസ്‌കാരം


മാഹി:കേരള കൾച്ചറൽ ഹെറിറ്റേജ് ഫോറം സാംസ്‌കാരിക പൈതൃക പുരസ്‌കാരം ഒക്ടോബർ 6ന് കാലത്ത് 9.30 ന് മാഹി ശ്രീ നാരായണ കോളേജ് ഓഫ് എഡ്യൂക്കേഷൻ ഓഡിറ്റോറിയ ത്തിൽ പ്രൊഫ. കെ ഇ എൻ കുഞ്ഞഹമ്മദ് സമർപ്പിക്കും .കലാ സംസ്കാരിക പൊതു രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കും തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.


whatsapp-image-2025-10-01-at-19.36.01_1c045a5e

സൗഹൃദ ഫുട്ബോൾ മത്സരം

പോലീസ് ടീം വിജയിച്ചു.


മാഹി:പുതുച്ചേരി പോലീസ് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി മാഹി പോലീസ് സബ് ഡിവിഷൻ മാഹി പോലീസ് ടീമും സുധാകരൻ മെമ്മോറിയൽ സ്പോർട്സ് ക്ലബ്ബും തമ്മിൽ മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജ് ഗ്രൗണ്ടിൽ വെച്ച് ഒരു സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു,


 മാഹി പോലീസ് സുധാകരൻ മെമ്മോറിയൽ സ്പോർട്സ് ക്ലബ്ബിനെ 5 - 4 ഗോളുകൾക്ക് പരാജയപ്പെടുത്തി.

മാഹി എസ്പി ഡോ. വിനയ് കുമാർ ഗാഡ്ഗെ ഐപിഎസ് പോലീസ് ടീമിനെ നയിച്ചത്

whatsapp-image-2025-10-01-at-19.36.35_4dc501de

കെ.എസ്.എസ്.പി.യു തലശ്ശേരി ബ്ലോക്ക് - തലശ്ശേരി മുൻസിപ്പൽ ബ്ലോക്ക് കമ്മിറ്റികളുടെ വയോജന ദിനാചരണ സമ്മേളനം പ്രൊഫ.വി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.



നിർത്തലാക്കിയ റെയിൽവേ യാത്രാ ഇളവുകൾ പുനസ്ഥാപിക്കണം


തലശ്ശേരി : കോവിഡ് കാലത്ത് നിർത്തലാക്കിയ വയോജനങ്ങളുടെ റെയിൽവേ യാത്രാ ഇളവുകൾ പുന:സ്ഥാപിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടേയും മുൻസിപ്പൽ ബ്ലോക്ക് കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ ചേർന്ന ലോക വയോജന ദിനാചരണ സമ്മേളനം കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു. ദിനാചരണം കെ.എസ്.എസ്.പി.യു ജില്ലാ വൈസ് പ്രസിഡണ്ട് പ്രൊഫ.വി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ തലശ്ശേരി താലൂക്ക് സെക്രട്ടറി അഡ്വ. വി. പ്രദീപൻ മുഖ്യ പ്രഭാഷണം നടത്തി. കെ. ഭാരതി അധ്യക്ഷയായിരുന്നു. ജില്ലാ നേതാക്കളായ പി.വിജയൻ, എം.വി.ബാലറാം, എൻ.എ.കുത്സൻ ബീവി, കെ.കെ. വിനോദ് കുമാർ, എ. മോഹനൻ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എൻ. കൃഷ്ണൻ സ്വാഗതവും വി.കെ. രത്നാകരൻ നന്ദിയും പറഞ്ഞു.


മാഹി റെയിൽവേ സ്റ്റേഷനിൽ ബസ് പാർക്കിംങ്ങ് വീണ്ടും തർക്കത്തിലേക്ക്


തർക്കത്തിനു കാരണം അനുരജ്ഞന ചർച്ചയിലെ പാകപിഴ

അനുരജ്ഞനം ബസ്സ് പ്രതിനിധികൾ അറിയാതെ


മാഹി റെയിൽവേ സ്റ്റേഷനിൽ ബസ്സ് പാർക്കു ചെയ്യുന്നത് വീണ്ടും തർക്കത്തിലേക്ക് വഴിമാറി. കഴിഞ്ഞ ദിവസം മാഹിയിൽ നടന്ന അനുരജ്ഞനചർച്ച പി.ആർ.ടി.സി, സഹകരണ ബസ്സ് പ്രതിനിധികളെ വിളിക്കാതെയെന്ന് അരോപണം. മാസങ്ങളായി ഓട്ടോ തൊഴിലാളികളും ബസ്സ് ജീവനക്കാരും തമ്മിലുള്ള പ്രശ്നങ്ങളാണ് പിന്നീട് അതിർത്തി പ്രശ്നത്തിലേക്കു വരെ എത്തിച്ചേർന്നത്. എന്നാൽ പ്രശ്ന പരിഹാരത്തിനായി മയ്യഴി ഭരണകൂടം വിളിച്ചു ചേർത്ത യോഗത്തിൽ മാഹി - ചോമ്പാൽ പോലീസ്, മാഹി - വടകര ആർ.ടി.ഒ, ഓട്ടോ പ്രതിനിധികൾ എന്നിവർ ചേർന്നാണ് പുതിയ തീരുമാനം കൈകൊണ്ടതെന്നും തങ്ങളുമായി അലോചിക്കാതെയാണ് തീരുമാനം എടുത്തതെന്നും ബസ്സ് പ്രതിനിധികൾ ആരോപിച്ചു. മാഹി ആർ.ടി.ഒയുടെ നിർദ്ദേശ പ്രകാരമാണ് ഇന്ന് കാലത്തു മുതൽ എല്ലാ ബസ്സുകളും സമയക്രമം പാലിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് സർവ്വീസ് നടത്തിയത്. എന്നാൽ കാലത്ത് എത്തിയ ബസ് ജീവനകാർക്കു നേരെ ഓട്ടോ ഡ്രൈവർമാർ തട്ടികയറുകയാണുണ്ടായത്. ബസ്സ് എഞ്ചിൻ ഓഫ് ചെയ്യെരുതെന്നും ഒന്നിൽ കൂടുതൽ ബസ്സുകൾ 20 മിനുട്ടിനുള്ളിൽ ഇവിടെക്ക് വരരുതെന്നും സ്റ്റേഷൻ പരിസരത്തുപോലും നിർത്തിയിടരുതെന്നും പറഞ്ഞാണ് ഓട്ടോ ഡ്രൈവർമാർ പ്രശ്നത്തിന് വീണ്ടും തുടക്കം കുറിച്ചത്. തുടർന്ന് എത്തിയ ചോമ്പാൽ പോലീസും ബസ് ജീവനക്കാരോട് ബസ്സുകൾ അതിർത്തിക്കപ്പുറം നിർത്തിയിടാൻ നിർദ്ദേശം നൽകുകയായിരുന്നുവെന്ന് ബസ് പ്രതിനിധികൾ പറഞ്ഞു. എന്നാൽ തങ്ങളെ അറിയിക്കാതെ പോലീസും ആ.ർ.ടിഒയും ഓട്ടോക്കാരും ചേർന്ന് എടുത്ത ഒത്തുതീർപ്പ് രീതി ന്യായത്തിനുപോലും നിരക്കാത്തതാണെന്നും ആയതിനാൽ അതിർത്തിക്കപ്പുറം പോയി അടിപിടിയുണ്ടാക്കി ജോലി ചെയ്യാൻ തങ്ങൾക്കാവില്ലെന്നും തങ്ങൾക്കും കുടുംബം ഉണ്ടെന്നും ജീവിക്കാൻ വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നുംപറഞ്ഞ് എല്ലാ ബസ്സുകളും വീണ്ടും റെയിൽവേസ്റ്റേഷനിൽ പോവാതെ അതിർത്തിയിൽ ഓട്ടം നിർത്താൻ തീരുമാനിക്കയാണുണ്ടായത്. ഒരു പ്രശ്നം പരിഹരിക്കുമ്പോൾ ഒരു വിഭാഗത്തെ ഒഴിവാക്കിയ ഭരണാധികാരികളുടെ തെറ്റായ രീതിയാണ് വീണ്ടും പ്രശ്നത്തിന് വഴിവെച്ചതെന്ന ആരോപണം ഉയർന്നിരിക്കയാണ്. റെയിൽവേ സ്റ്റേഷൻ നവീകരണത്തിനുശേഷം ഓട്ടോകൾക്കും ബസ്സുകൾക്കും യാത്രക്കാരുടെ വാഹനങ്ങൾക്കും പാർക്കു ചെയ്യാൻ റെയിൽവേ പ്രത്യേകം പ്രത്യേകം പാർക്കിംങ്ങ് സംവിധാനം ഏർപ്പെടുത്തിയിരിക്കെയാണ് അധികാരികളുടെ ഇത്തരം വിചിത്രമായ വാദങ്ങൾ ഉയരുന്നത്


whatsapp-image-2025-10-01-at-20.42.14_d0de02b2

മാഹി പൊലീസ്

രക്തദാനക്യാമ്പ് നടത്തി


മാഹി: സേവാ പഖ്‌വാഡ സേവന ദ്വിവാരത്തിൻ്റെ ഭാഗമായി   

പുതുച്ചേരി പൊലീസ് മാഹി സബ് ഡിവിഷന്റെയും തലശ്ശേരി ഗവ. ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ബ്ളഡ് ഡോണേർസ് കേരള തലശ്ശേരി- മാഹി കമ്മിറ്റിയുടെ സഹകരണത്തോടെ മാഹി പൊലീസ് സ്റ്റേഷനിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

 പൊലീസ് സൂപ്രണ്ട് വിനയ് കുമാർ ഗാഡ്ഗെ ഉദ്ഘാടനം ചെയ്തു.

 സർക്കിൾ ഇൻസ്പെക്ട്ർ പി എ അനിൽ കുമാർ ,

എസ് ഐ മാരായ സി വി റെനിൽ, കുമാർ,അജയകുമാർ, , സുരേഷ് ബാബു, ഹരിദാസ്,എസ് ജയശങ്കർ നേതൃത്വം നല്കി.


മാഹി പൊലീസ് സ്റ്റേഷനിൽ നടന്ന രക്തദാന കേമ്പ്


pendulam-new
sathyan
event
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI