
അനുജാ, നീപോയല്ലോ...
നിന്റെ ജീവൻ എന്നിലുണ്ട്...
ചാലക്കര പുരുഷു
ഇന്നലെ കാലത്ത് അകാലത്തിൽ കുഴഞ്ഞ് വീണ് മരണപ്പെട്ട ചൊക്ലി ഒളവിലത്തെ വാണിയ കോട്ടയിൽ എ.സി. രവീന്ദ്രനെന്ന മനുഷ്യസ്നേഹിയെ ഒരിക്കലും മറക്കാനാവില്ല. ആ വലിയ മനസ്സിൻ്റെ കാരുണ്യം യഥാസമയത്ത് ലഭിച്ചില്ലായിരുന്നുവെങ്കിൽ, കേരളകൗമുദിയുടെ സീനിയർ ലേഖകനും, ജനശബ്ദം മാഹിയുടെ പ്രസിഡണ്ടും, കലൈമാമണി അവാർഡ് ജേതാവുമൊക്കെയായ ചാലക്കര പുരുഷു എന്ന മനുഷ്യൻ ഇന്ന് ഭൂമുഖത്തുണ്ടാവുമായിരുന്നില്ല. അഭിശപ്തമായ ആ ദിനത്തെ മനസ്സിൽ നിന്നും ദുഃസ്വപ്നം പോലെ മായ്ച്ചുകളയാനാണ് ഞാൻ ഇക്കാലമത്രയും ആഗ്രഹിച്ചിരുന്നത്. എന്നാൽ ഒളവിലത്തെ ചെറുകുന്നിലെ പണിതീരാത്ത കൊച്ചു വീടിൻ്റെ കോലായിൽ , എന്നേക്കാൾ പത്ത് വയസ്സിന് താഴെയുള്ള ഈ നിർദ്ധന മനുഷ്യസ്നേഹിയുടെ നിശ്ചലമായ ശരീരം കണ്ടപ്പോൾ, മനസ്സിൽ ഒതുക്കി വെച്ച വികാരങ്ങൾ തുളുമ്പി പോയി.
അന്ന് 2011 - ലെ അസംബ്ലി തെരഞ്ഞെടുപ്പിൻ്റെ ഫല പ്രഖ്യാപന നാളായിരുന്നു.
ഉച്ചക്ക് കേരളകൗമുദി ഫ്ലാഷ് സായാഹ്ന പത്രം ഇറങ്ങിയത്, തലശ്ശേരിയിൽ നിന്നും വിജയിച്ച കോടിയേരി ബാലകൃഷ്ണൻ്റെ പൂർണ്ണ കായ പടത്തോടെ ഞാൻ തയ്യാറാക്കിയ ഫുൾ പേജ് സപ്ലിമെൻ്റോടെയായിരുന്നു. മാഹി റെയിൽവെസ്റ്റേഷൻ റോഡിൽ ഇറക്കിയ പത്രക്കെട്ട് ,ഏജൻ്റിനെ ഏൽപ്പിച്ച്, സ്കൂട്ടറിൽ തിരിച്ച് മാഹി പാലത്തെത്തി. വിജയാഹ്ളാദപ്രകടനമടക്കമുള്ള വാർത്തകൾ ഫാക്സ് ചെയ്യാൻ മാഹി പാലത്തെ ആണ്ടിയേട്ടൻ്റെ പബ്ലിക് ടെലഫോൺ ബൂത്തിലെത്തി. ബൂത്തിലേക്ക് കയറുമ്പോൾ തൊട്ടടുത്ത ഓട്ടോയിൽ ടവൽ കൊണ്ട് മുഖം മറച്ച രണ്ട് മുഖംമൂടികൾ ഇരിക്കുന്നത് കണ്ണിൽപ്പെട്ടിരുന്നു. ഫാക്സ് ചെയ്ത് മടങ്ങി, സ്കൂട്ടറിൽ കയറാൻ നേരത്ത് തലക്ക് മുകളിൽ ഇടിവെട്ടേറ്റത് പോലെ വലിയൊരാഘാതം സംഭവിച്ചു. തലപിളർക്കും പോലെ..
കണ്ണിൽ നിന്ന് തേനീച്ചകൾ പാറി : ..പെട്ടെന്ന് തിരിഞ്ഞ് നോക്കിയപ്പോൾ തലക്ക് നേരെ ഒരു നീളൻ കൊടുവാൾ ഉയർന്നു വരുന്നതാണ് കണ്ടത്. ഞാനതിൽ കയറിപ്പിടിച്ചു. പിടി വിടുവിക്കുവാൻ അക്രമി ഏറെ ശ്രമിച്ചു. എൻ്റെ വലത് കൈയിലെ ചെറു വിരൽ മുറിഞ്ഞ് വീണു. അപ്പോഴേക്കും മറ്റൊരാൾ ഓടി വന്ന് നെഞ്ചിൻകൂടിന് ഇരുമ്പ് വടികൊണ്ട് ശക്തിയായി അടിച്ചു. അതോടെ കൊടുവാളിലുള്ള എൻ്റെ പിടി വിട്ടുപോയി. ഒരേ സമയം ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള ക്രൂരമർദ്ദനവും, കൊടുവാൾ കൊണ്ടുള്ള വെട്ടും തുടർന്നു: ഞാൻ മാഹി പാലം ജംഗ്ഷനിലെ റോഡിൽ മലർന്ന് വീണു പോയി. വീണു കിടന്ന എൻ്റെ തലഭാഗത്ത് നിന്നും വലതു കൈ വെട്ടി മാറ്റാൻ പാകത്തിൽ ശക്തമായ വെട്ടേറ്റു. കൊടുവാളിൻ്റെ മുന റോഡിലെ മെറ്റലിൽ തട്ടി തീ പിണറുകൾ ചിതറി. വലതു കൈ അറ്റ് തൂങ്ങി. കണ്ണിന് മുകളിൽ ആഴത്തിലുള്ള വെട്ടേറ്റ്, വലത് കണ്ണ് പുറത്തേക്ക് തള്ളിവന്നു. തലയോട്ടി പൊട്ടി തലച്ചോർ പുറത്തായി. എന്നെ പരിചയമില്ലാത്ത ഒരാൾ പോലും മാഹി പാലത്തുണ്ടാവില്ല .അഞ്ച് പതിറ്റാണ്ടുകാലം ഇവിടം സ്പർശിക്കാതെ ഒരു നാൾ പോലും ഞാൻ കടന്ന് പോകാറില്ല കടകളുടെ ഷട്ടറുകൾ ഒന്നാകെ താണു ആളുകൾ പലവഴിക്കും ചിതറിയോടി. അർദ്ധബോധാവസ്ഥയിൽ ഒന്ന് കരയുക പോലും ചെയ്യാതെ ഞാൻ ചലനമറ്റ് കിടന്നു. ചോര റോഡിലൂടെ വാർന്നൊഴുകി. ബോധത്തിൽ നിന്നും അബോധത്തിലേക്ക് വഴുതിപ്പോവുകയായിരുന്ന എന്നെ ഏതോ രണ്ട് മെലിഞ്ഞ കരങ്ങൾ കോരിയെടുത്തു. അപ്പോഴേക്കും ഒരു കാർ ഡോർ തുറന്ന്, ഞാൻ കിടന്ന തൊട്ടപ്പുറത്ത് വന്നു നിന്നു. അജ്ഞാതനായ ആ ചെറുപ്പക്കാരൻ്റെ മുഖം തിരിച്ചറിയാൻ എനിക്കായില്ല. ഉടുത്തിരുന്ന സ്വന്തം മുണ്ട് അയാൾ വലിച്ചു കീറി, മുറിവുകളിൽ വരിഞ്ഞ് കെട്ടി. അയാളുടെ വസ്ത്രങ്ങളത്രയും ചോരയിൽ കുതിർന്നിരുന്നു. തൊട്ടടുത്ത് പൊലീസ് ഔട്ട് പോസ്റ്റിൽ പൊലീസുകാരനുണ്ടായിരുന്നിട്ടും, കാർ പോകാൻ നേരത്താണ് അവർ എത്തിയിരുന്നത്. പരിമഠത്ത് എത്തിയപ്പോൾ കാർ നിർത്തി. കടയിൽ നിന്നും സോഡ വാങ്ങി എന്നെ കുടിപ്പിച്ചു. നേരെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക്. അപ്പോഴേക്കും ചോര ഛർദിച്ചു കൊണ്ടിരുന്നു. എൻ്റെ സുഹൃത്ത്, അന്തരിച്ച കെ.ടി.കെ. ബാലകൃഷ്ണൻ വിവരമറിഞ്ഞ് എൻ്റെ ഭാര്യയെയും കൂട്ടി ആശുപത്രിയിലെത്തിയിരുന്നു. അവിടെ നിന്ന് കണ്ണൂർ ധനലക്ഷ്മി ആശുപത്രിയിലേക്ക് പോകാൻ നേരത്ത് രക്തം ഛർദ്ദിച്ചു കൊണ്ടിരിക്കെ, ഭാര്യയെ അവ്യക്തമായി കാണുന്നുണ്ടായിരുന്നു. അത് ഒടുവിലത്തെ കാഴ്ചയാണെന്ന് എനിക്കുറപ്പായിരുന്നു. ധനലക്ഷ്മി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതെ, പുതിയ ആംബുലൻസ് വാനിൽ നേരെ മംഗലാപുരം തേജസ്വിനി ആശുപത്രിയിലേക്ക് ജീവനും കൊണ്ട് പറക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വിജയാ ഹ്ളാദ പ്രകടനങ്ങൾ പലയിടത്തും ആംബുലൻസിൻ്റെ വേഗത കുറയ്ക്കാനിടയാക്കി. കേരളകൗമുദി മാനേജ്മെൻ്റിൻ്റെ തിരുവനന്തപുരത്തു നിന്നുള്ള ഇടപെടലിൽ, അമേരിക്കയിലേക്ക് പോകാൻ എയർ ടിക്കറ്റെടുത്ത് തയ്യാറായി നിന്ന ഡോ: ശാന്താറാം ഷെട്ടി അത് ക്യാൻസൽ ചെയ്ത് ആശുപത്രിയിൽ തന്നെ നിൽപ്പുണ്ടായിരുന്നു. ഉടൻ അടിയന്തിര ശസ്ത്രക്രിയ... ബോധം തെളിഞ്ഞപ്പോൾ , തിയറ്ററിനകത്ത് പുഞ്ചിരിച്ചു നിന്ന ആജാനുബാഹുവായ ഡോ:ഷെട്ടി സാന്ത്വനിപ്പിച്ച് പറഞ്ഞു. ,യു ആർ ആൾ റൈറ്റ് 'ഡോണ്ട് വറി ,
ഞാൻ പറഞ്ഞു. ,വലത് കൈ കൊണ്ട്
എഴുതാൻ കഴിയുന്നില്ലെങ്കിൽ എനിക്ക് ജീവിക്കണ്ട സർ ,
'യു വിൽ ബി റൈറ്റ് വിത്തിൻ ടു വീക്ക്സ്, ഷുവർ ',
ഡോക്ടർ തൊട്ടടുത്ത ദിവസം തന്നെ അമേരിക്കയിലേക്ക് പോയി. രണ്ടാഴ്ച കഴിഞ്ഞ് തിരിച്ചെത്തിയ ഡോക്ടർ ബാൻഡേജ് പരിശോധിച്ചതിന് ശേഷം വിരലുകൾക്കിടയിൽ ഒരു പേന തിരുകി വെച്ച് ഒപ്പിടാൻ പറഞ്ഞു. വേദനിച്ചെങ്കിലും ഒപ്പ് വെക്കാനായി. ഡോക്ടർ പുഞ്ചിരിച്ചു. തലയിൽ തലോടി. 'ഈ തലച്ചോർ ഉപയോഗിച്ച് തന്നെ നിങ്ങൾ ചിന്തിക്കും., മൈക്രോ വാസ്കുലർ സർജറിയിലൂടെ വെച്ചു പിടിപ്പിച്ച വിരലുകൾ ഉപയോഗിച്ചു തന്നെ നിങ്ങൾ എഴുതും. ' മലയാളത്തിലാണ് അദ്ദേഹത്തിൻ്റെ മരുമകൻ ഡോ:അജിത് കുമാറിൻ്റെ സാന്നിദ്ധ്യത്തിൽ ഡോ:ഷെട്ടി ഇത് പറഞ്ഞത്. എൻ്റെ മനസ്സിൽ തറഞ്ഞ വാക്കുകളായിരുന്നു അത്. മാസങ്ങൾക്ക് ശേഷം ജീവിതത്തിലേക്ക് ഞാൻ തിരിച്ചു വന്നു. പത്തൊമ്പതാം വയസ്സിൽ മാധ്യമപ്രവർത്തനം ആരംഭിച്ച ഞാൻ 67-ാം വയസ്സിലും ശക്തമായി അക്ഷരങ്ങളുടെ ലോകത്ത് നിലനിൽക്കുന്നു. അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. ഭാഷാ സാഹിത്യത്തിന് സംസ്ഥാനത്തെ പരമോന്നത ബഹുമതിയടക്കം കേരള - പുതുച്ചേരി സർക്കാർ അവാർഡുകളും, കേന്ദ്രസർക്കാർ അവാർഡുകളും നേടാനായി.
അന്നേവരെ എനിക്കറിയാത്ത,
രവീന്ദ്രൻ എന്ന മനുഷ്യസ്നേഹി എത്താൻ അന്ന് ഒരൽപ്പം വൈകിയിരുന്നുവെങ്കിൽ, ചോര വാർന്ന് ദേശീയ പാതയിൽ ഈ ജീവനൊടുങ്ങിയേനേ...
കാരണം ഏതാനും മാസങ്ങൾക്ക് ശേഷം ഇതേ സംഘം വെട്ടിനുറുക്കിയ പ്രിയ സഖാവ് ടി.പി. ചന്ദ്രശേഖരന് റോഡിൽ തന്നെ ജീവൻ വെടിയേണ്ടി വന്നല്ലോ..
എൻ്റെ മരണത്തിന് മാത്രം മായ്ക്കാനാവുന്ന അപൂർവ്വമായ ഹൃദയ ബന്ധമുള്ള രവീന്ദ്രന് വിട...
വാൽക്കഷണം: സംഭവ സ്ഥലത്ത് നിന്ന് വീണു കിട്ടിയ പ്രതിയുടെ മൊബൈൽ ഫോണിൽ അവസാനമായി അങ്ങോട്ടുമിങ്ങോട്ടും വിളിച്ച നമ്പർ എനിക്ക് അന്വേഷണ ഏജൻസി തന്നെ കൈമാറിയിരുന്നു.

എ.സി.രവീന്ദ്രൻ നിര്യാതനായി.
ന്യൂമാഹി: ഒളവിലത്തെ വാണിയകോട്ടയിൽ
താമസിക്കും എ.സി. രവീന്ദ്രൻ (57) നിര്യാതനായി.
പരേതരായ അമ്മച്ചാലിൽ ചാത്തുവിൻ്റെയും മാധവിയുടെയും മകനാണ്.
ഭാര്യ: ലിജി മക്കൾ ജിഷ്ണു , ജിഷാൻ .
സഹോദരങ്ങൾ ബാബു (കോയമ്പത്തൂർ) സജീവൻ (ഖത്തർ)
രാജീവൻ (സെക്രട്ടറി സി.പി .എം നാരായണൻ പറമ്പ് ബ്രാഞ്ച് )

ജപ നവരാത്രി സംഗീതോത്സവം
മാഹി:ജപ സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ ആഭിമുഖ്യത്തിൽ സപ്തമ്പർ 22 മുതൽ ഒക്ടോബർ 2 വരെ നവരാത്രി മഹോത്സവം സംഘടിപ്പിക്കും22 ന് കാലത്ത് 6 മണിക്ക് കുറിച്ചിയിൽ പുന്നോൽ കലാക്ഷേത്രത്തിൽ പൂജാദികർമ്മങ്ങളോടെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമാവും വൈ 5.30 ന് മാഹി സി.എച്ച്. ഗംഗാധരൻ ഹാളിൽ അഡ്വ ഇ.നാരായണൻ്റെ അദ്ധ്യകതയിൽ കലൈമാമണി ചാലക്കര പുരുഷു.ഉദ്ഘാടനം ചെയ്യും. ആനവാതുക്കൽ വേണുഗോപാല ക്ഷേത്രത്തിൽ വൈ: 6 മണിക്ക് സംഗീതാചാര്യൻ യു.ജയൻ മാസ്റ്റർ ഉദ്ഘാടന കച്ചേരി നടത്തും. തുടർന്ന് വിദ്യാർത്ഥികളുടെ സംഗീതാരാധനയുണ്ടാകും 23 ന് കോടിയേരി തൃക്കൈ ശിവക്ഷേത്രത്തിൽ വൈ7 മണിക്ക് യു. ജയൻമാസ്റ്റരുടെ സംഗീത കച്ചേരിയും, വിദ്യാർത്ഥികളുടെ സംഗീതാരാധനയും ഭക്തിഗാനാമൃതവും നടക്കും.26 ന് വൈ: 7മണിക്ക് വെള്ളികുളങ്ങര ശിവക്ഷേത്രത്തിൽ സംഗീതാരാധനയം, ഭക്തിഗാനാമൃതവും നടക്കും.28 ന് ഹംസ കുളങ്ങര മെലെടത്ത് ശിവക്ഷേത്രത്തിൽ സംഗീത പഠന യാത്രയും സംഗീത കച്ചേരിയും, ഭക്തി ഗാനാമൃതവും നടക്കും. 29 ന് വൈ6 മണിക്ക് പരവന്തല ക്ഷേത്രത്തിൽ വൈ 6 മണിക്ക് ഭക്തിഗാനാമൃതവും, സംഗീതാരാധനയും നടക്കും. 30 ന് മാഹി ആനവാതുക്കൽ ക്ഷേത്രത്തിൽ സംഗീതാരാധനയും കച്ചേരിയും 1 ന് ലോകനാർകാവിൽ മഹാനവമി നാളിൽ യു . ജയൻമാസ്റ്റരുടെ 10 മണിക്കൂർ സംഗീത യജ്ഞം തുടർന്ന് ത്യാഗരാജവത്മ രത്ന കീർത്തനാലാപനം. വയലിൻ കച്ചേരി വെള്ളികുളങ്ങര ശിവക്ഷേത്രത്തിൽ വൈ: 6.30 ന് സംഗീത കച്ചേരി ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം സംഗീതാർച്ചന വയലിൻ കച്ചേരി 2 ന് കാലത്ത് 9 മണിക്ക് വിജയദശമിനാളിൽ വിദ്യാരംഭം മടപ്പള്ളി ജപ സ്കൂളിൽ . ഉച്ചക്ക് ശേഷം 3 മണിക്ക് മാഹി സി.എച്ച്. ഗംഗാധരൻ (പ്രസ്സ് ക്ലബ്ബ് )ഹാളിൽ വിദ്യാരംഭം.

ജവഹർ ബാൽമഞ്ച് ദേശീയ പ്രസിഡൻ്റായി മാഹി സ്വദേശി ഇഷാനി
മാഹി : ജവഹർ ബാൽമഞ്ച് ദേശീയ പ്രസിഡൻ്റായി മാഹി സ്വദേശി ഇഷാനി തിരഞ്ഞെടുക്കപ്പെട്ടു. ജയ്പൂരിൽ നടന്ന ജവഹർ ബാൽമഞ്ച് ദേശീയ നേതൃത്വ ക്യാമ്പിൽ വെച്ചാണ് ഇഷാനിയെ ദേശീയ പ്രസിഡൻ്റായി തിരഞ്ഞെടുത്തത്. ചാലക്കര എക്സൽ പബ്ലിക് സ്കൂൾ പന്ത്രണ്ടാം തരം വിദ്യാർത്ഥിനിയാണ്. മാഹി ചാലക്കര സ്വദേശി സന്ദീപ് പ്രഭാകരന്റെയും സൗമ്യ സന്ദീപിന്റെയും മൂത്തമകളാണ് ഇഷാനി. ഷിഫാലി സഹോദരിയാണ്.

കെ.പി.സെൽവരാജ് നിര്യാതനായി
ന്യൂമാഹി:ഒളവിലം മീറാ ഭവനിൽ താമസിക്കുന്ന പുതുച്ചേരി സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച പന്തക്കലിലെ
കെ.പി.സെൽവരാജ് (65) നിര്യാതനായി. (റിട്ട. അസിസ്റ്റൻ്റ്, ഡി.എ.ടി. പുതുച്ചേരി) ഭാര്യ: ജോതി. മക്കൾ: വൈഷണവ്, വൈഭവ്.
സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

തലശ്ശേരി മുകുന്ദ് ജംഗ്ഷനിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടന്ന ശോഭയാത്രയിലെ വർണ്ണാഭമായ ചില കാഴ്ചകൾ


പുരുഷോത്തമൻ നിര്യാതനായി
ചൊക്ലി:മേനപ്രം കുറുന്താളിപ്പിടിക അണ്ടില്ലേരി പുരുഷോത്തമൻ ( 73) നിര്യാതനായി. ഭാര്യ: വസന്ത .
മക്കൾ: ജോസ്‌ന,
ഷിജിന,ഷിബിന . മരുമക്കൾ: അജിത്ത് (കുട്ടിമാക്കൂൽ ), മനോജ് ( കടവത്തൂർ ), ശ്രീജിത്ത് (കരിയാട് ), സഹോദരങ്ങൾ : ജാനകി കരിയാട്, ജയന്തി ചെബ്ര, പരേതനായ നാരായണൻ , വിശ്വനാഥൻ, ജയചന്ദ്രൻ ,ശൈലജ,

പൊന്നോണ നിലാവ്
സംഘടിപ്പിച്ചു
മാഹി:കോഹിനൂർ'യൂത്ത് ആർട്സ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പോന്നോണ നിലാവ് ഓണാഘോഷം പരിപാടി സംഘടിപ്പിച്ചു. കാലത്ത് മുതൽ ഒട്ടനവധി കലാ കായിക പരിപാടികൾ നടന്നു വൈകിട്ട് നടന്ന സാംസ്കാരിക പരിപാടി കെ.കെ. രാജീവൻ്റെ അദ്ധ്യക്ഷതയിൽ മുഹമ്മദ് ഫാസിൽ ഉദ്ഘാടനം ചെയ്തു വടക്കൻ ജനാർദ്ദനൻ. പി.പി. ചന്ദ്രൻ ശ്യാംകുമാർ സംസാരിച്ചു.
ചിത്ര വിവരണം: മുഹമ്മദ് ഫാസിൽ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം പള്ളൂരിൽ ശോഭയാത്ര നടത്തി
മാഹി: "ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാവട്ടെ " എന്ന സന്ദേശവുമായി ശ്രീകൃഷ്ണഭഗവാൻ്റെ ജന്മദിനം ബാലദിനമായി ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ബാലഗോകുലം മാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ശോഭയാത്ര പന്തക്കൽ ശ്രീനാരായണമഠത്തിൽ നിന്ന് ആരംഭിച്ച് ഇടയിൽ പടിക, പള്ളൂർ പോലീസ് സ്റ്റേഷൻ , ഇരട്ട പിലാക്കുൽവഴി കോയ്യോട്ട് പുത്തനമ്പലം ശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു.
നിഹാര രമേശ് പ്രാർത്ഥന ചൊല്ലി, ബാലഗോകുലം പാനൂർതാലൂക്ക് പ്രസിഡണ്ട് അഡ്വ കെ. അശോകൻ ഉൽഘാടന ചടങ്ങുകൾക്ക് സ്വാഗതം അരുളി. പ്രമുഖ കരാട്ടെ പരിശീലകൻ സെൻസ്സായി വിനോദ്കുമാറിനെ അഡ്വ. ഗോകുലൻ ചടങ്ങിൽ വെച്ച് പൊന്നാട അണിച്ച് ആദരിച്ചു. മൊമെൻ്റൊ നൽകി,പോണ്ടിച്ചേരി സംസ്ഥാന കളരി പയറ്റ് മത്സരത്തിൽ പങ്കെടുത്ത കുമാരി ശ്രാവണയെ പ്രദീഷ് കുമാർ പൊന്നാട അണിയിച്ച് ആദരിച്ചു. മൊമെൻ്റോ നൽകി. കൃഷ്ണ വിഗ്രത്തിൽ മാല ചാർത്തി സെൻസായി വിനോദ് കുമാർ ശോഭയാത്ര ഉത്ഘാടനം ചെയ്തു. ബാലഗോകുലത്തിൻ്റെ പതാകയേന്തിയ സ്വാഗത സംഘം ഭാരവാഹികൾ, കൃഷ്ണ - രാധവേഷധാരികളായ നൂറ് കണക്കിന് പിഞ്ചോമനകൾ റോഡ് കൈയ്യടിക്കി, റോഡ്ന് ഇരുവശവും ധാരാളം ജനങ്ങൾ ശോഭായാത്ര കാണാൻ എത്തിയിരുന്നു. മുത്തുക്കുട,ഗോപികാനൃത്തം,ഭജന സംഘങ്ങൾ, ചെണ്ടമേളം, നയന മനോഹരമായ നിരവധി നിശ്ചല ദൃശ്യങ്ങൾ എന്നിവ ശോഭായാത്രയ്ക്ക് മാറ്റ് കൂട്ടി കെ.പി സുനിഷ്, ഇ.അജേഷ് കെ. പി കവിത്ത് എന്നിവർ നേതൃത്വം .
ബാലഗോകുലം പള്ളൂരിൽ നടത്തിയ ശോഭയാത്ര പോണ്ടിച്ചേരി സംസ്ഥാന കളരിപ്പയറ്റിൽ പങ്കെടുത്ത കുമാരി ശ്രാവണ നിഹാര രമേശിന് ഗോകുലപതാക കൈമാറുന്നു.
ഷവർമ വില്ലനായെന്ന് സംശയം
താമസസ്ഥലത്ത് അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു
തലശ്ശേരി : താമസ സ്ഥലത്ത് അവശനിലയിൽ കണ്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. ഷവർമ കഴിച്ചതിനെത്തുടർന്നുള്ള ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് സംശയിക്കുന്നു. തമിഴ്‌നാട് കന്യാകുമാരി എടക്കോട് ദീപു സുന്ദർശനാണു (34) വാണ് മരിച്ചത്.
അവശനിലയിൽ കണ്ട യുവാവിനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, ഗുരുതര മായതിനാൽ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപ്രതിയിൽ എത്തിക്കുകയുമായിരുന്നു. ഒരു മാസം മുൻപാണ് ദീപു കൂലിപ്പണിക്കായി തലശ്ശേരിയിലെത്തിയത്. ഷവർമ കഴിച്ചതിനെത്തുടർന്ന് അസ്വസ്‌ഥത അനുഭവപ്പെട്ടതായി ദീപു ഡോക്ടറോടു പറഞ്ഞിരുന്നു. ആന്തരികാവയങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ വടക്കഞ്ചേരിയിൽ ഭക്ഷ്യവിഷബാധയേറ്റ് മുപ്പത്തോളം പേർ ചികിത്സയിൽ. വടക്കഞ്ചേരി ടൗണിലെ 'ചങ്ങായീസ് കഫെ' എന്ന സ്ഥാപനത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ച ഇവിടെ നിന്നും അൽഫാം മന്തി, മറ്റു ചിക്കൻ വിഭവങ്ങൾ കഴിച്ചവർക്കാണ് ചർദ്ദിയും വയറ്റിളക്കവും ഉണ്ടായത്.
വടക്കഞ്ചേരി പരിസരപ്രദേശങ്ങളിലുള്ള കുട്ടികൾ ഉൾപ്പെടെ മുപ്പത്തോളം പേർ ആണ് ഇപ്പോൾ ചികിത്സ തേടിയിരിക്കുന്നത്. ചൊവ്വാഴ്ച ഭക്ഷണം കഴിച്ചവർക്ക് വൈകിട്ടും ബുധനാഴ്ചയോടെയും ആണ് ഛർദി, വായറിളക്കം, പനി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ കണ്ട് തുടങ്ങിയത്. ഇതേ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് മറ്റു പലരും ഇവിടെ നിന്നും ഭക്ഷണം കഴിച്ച് ആശുപത്രിയിൽ ചികിത്സ തേടിയ വിവരം അറിയുന്നത്.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group