
ജ്ഞാനദീപത്തിൽ തെളിയുന്ന
സ്നേഹത്തിന്റെ പ്രഭാനാളം
:ചാലക്കര പുരുഷു
മാഹി: കഴിഞ്ഞ മുപ്പത്തിരണ്ട് വർഷക്കാലമായി മയ്യഴി വിദ്യാഭ്യാസ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന അദ്ധ്യാപക പ്രതിഭയായ കെ.കെ. സ്നേഹ പ്രഭ ടീച്ചർക്ക്
പുതുച്ചേരി സംസ്ഥാനത്തെ മികച്ച അദ്ധ്യാപികയ്ക്കുള്ള അധ്യാപക അവാർഡ് ലഭിച്ചത് അർഹതക്കുള്ള അംഗീകാരമായി.
ആത്മാർത്ഥതക്കും മൂല്യങ്ങൾക്കുംവിലകൽപ്പിക്കുന്ന ഈഗുരുനാഥ, പഠിപ്പിച്ച വിദ്യാലയങ്ങളിലെ കുട്ടികൾക്കെല്ലാം അമ്മ വാത്സല്യത്തിന്റെ മൂർത്തീഭാവമായിരുന്നു. കുട്ടികളോടും രക്ഷിതാക്കളോടും സൗഹൃദവും, സ്നേഹവും പുലർത്തിപ്പോരുന്ന ടീച്ചർക്ക് ക്ലാസ്സിലെ ഓരോ കുട്ടിയുടെ കുടുംബപശ്ചാത്തലം പോലും മന:പാഠമാണ്. ക്ലാസ്സിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ ഉയർത്തിക്കൊണ്ടുവരുന്നതിന് ടീച്ചർ കാണിക്കുന്ന താൽപ്പര്യം ശ്രദ്ധേയമാണ്.
എത്ര വലിയ പരിപാടികളും കുറ്റമറ്റ രീതിയിൽ വിജയത്തിലേക്കെത്തിക്കാനുള്ള ടീച്ചറുടെ അസാധാരണമായ സംഘടനാ ശേഷി അപാരമാണ്.
ബ്രണ്ണൻ കോളജിലെ ബിരുദ പഠന കാലത്തു തന്നെ പുരോഗമന ആശയങ്ങളെ മുറുകെ പിടിക്കുകയും, വിദ്യാർത്ഥി സംഘടനാരംഗത്തെ തിളക്കമാർന്ന സംഘാടകയുമായിരുന്നു.
കുട്ടികളിൽ കലാസാഹിത്യവാസന ഉണർത്താനും, അവരുടെ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് ശരിയായ ദിശാബോധം നൽകാനും , ഈ ഗുരുനാഥ ഏറെ ശ്രദ്ധിച്ചിരുന്നു. വിദ്യാർത്ഥികൾക്ക് കാര്യങ്ങൾ സ്വയം കണ്ടെത്താനും, വിലയിരുത്താറുമുള്ള പ്രായോഗിക രീതികൾ ക്ലാസ് മുറികളിൽ അവലംബിക്കുന്നുവെന്നതാണ് സ്നേഹ പ്രഭയുടെ അദ്ധ്യയന രീതി. പഠിതാവിനെ കർമ്മോത്സുകമാക്കുകയും, പഠനക്രിയ ചലനാത്മകമാക്കുകയുമമാണ് ഈ അദ്ധ്യാ പ്രതിഭയുടെ അദ്ധ്യയന തന്ത്രം. വിദ്യാഭ്യാസം അതിന്റെ തത്വിക വശങ്ങളിലേക്ക് ഒതുങ്ങാതെ, ആർജ്ജിതാനുഭവങ്ങൾക്ക് പ്രാമുഖ്യം നൽകണമെന്നാണ് ടീച്ചറുടെ അഭിപ്രായം. കാലാകാലങ്ങളിൽ തുടർന്ന് വരുന്ന ബോധന സമീപനത്തിലും,ശിക്ഷണരീതിയിലും കാലാനുസൃതമായി മാറ്റം വരണമെന്ന് ടീച്ചർ പറയുന്നു. വിദ്യാലയങ്ങളിലെ സാഹിത്യ സദസ്സുകളെ സജീവമാക്കാൻ പ്രത്യേക ശ്രദ്ധപതിപ്പിക്കാറുണ്ട്. ക്ലാസ്സിൽ മന:ശാസ്ത്രപരമായ പഠന രീതിയാണ് അവലംബിക്കാറുള്ളത്. കളിയുടെ അംശങ്ങളായ ആവേശം, ഏകാഗ്രത, സംഘബോധം, ലക്ഷ്യത്തിലെത്താനുള്ള ബോധപൂർവമായ ശ്രമം എന്നിവ ഉൾചേർന്ന പഠന രീതിയാണ് ഈ മാതൃകാദ്ധ്യാപിക അവലംബിച്ചു വന്നത്. പഠനം പാഠപുസ്തകങ്ങളിൽ മാത്രം ഒതുക്കേണ്ട ഒന്നല്ലെന്നും, പാഠ്യപദ്ധതി പ്രാവർത്തികമാക്കുന്നതിനുള്ള അനേകം ഉപകരണങ്ങളിലൊന്ന് മാത്രമാണെന്നും അ അദ്ധ്യാപക കുടുംബത്തിൽ ജനിച്ച ഈ ഗുരുനാഥ വിശ്വസിക്കുന്നു.
1993 മുതൽ മാഹി ജെ.എൻ. ജി എച്ച് എസ് എസ് ൽ താലക്കാലിക നിയമനം ലഭിച്ച്, 1997-ൽ സ്ഥിരനിയമനം ലഭിച്ച സ്നേഹപ്രഭ ടീച്ചർ സുദീർഘമായ 33 വർഷക്കാലത്തെ സ്തുത്യർഹമായ സേവനത്തിനൊടുവിൽ അടുത്ത വർഷം മെയ് 31 ന് വിരമിക്കുകയാണ്. കഴിഞ്ഞ 15 വർഷമായിപി.എം. ശ്രീ. യു ജി. എച്ച് എസ് ചാലക്കര ,പി.എം. ശ്രീ ഐ.കെ കെ ജി എച്ച് എസ്.എസ് പന്തക്കൽ ,വി.എൻ പി. ജി.എച്ച് എസ് എസ് പള്ളൂർ എന്നീ വിദ്യാലയങ്ങളിലെ ഇക്കോ ക്ലബ്ബ് കോ-ഓർഡിനേറ്റർ, എൻ.എസ്എസ് പ്രോഗ്രാം ഓഫീസർ, ഏക്ഭാരത് ശ്രേഷ്ഠഭാരത് നോഡൽ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് 2012-ലും 2025 ലും തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള ബെസ്റ്റ് ടീച്ചർ കോ - ഓർഡിനേറ്റർ അവാർഡും , സ്കൂളിന് ഹരിതവിദ്യാലയം അവാർഡും നേടി കൊടുത്തിട്ടുണ്ട്. മൂന്ന് തവണ ടീച്ചറുടെ മാർഗ്ഗനിർദ്ദേശത്തിൽ പ്രവർത്തിച്ച സി.കെ.ജുനൈസ് , കെ.ആദർശ് , ശിവാനി സജീന്ദ്രൻ എന്നീ കുട്ടികൾക്ക് തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച പ്രവർത്തനത്തിനുള്ള ജെം ഓഫ് ഡീഡ് അവാർഡും നേടിയെടുക്കാനായി.
ചിത്ര വിവരണം: പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ. രംഗസ്വാമിയിൽ നിന്നും കെ.കെ. സ്നേഹ പ്രഭ ടീച്ചർ അവാർഡ് ഏറ്റുവാങ്ങുന്നു

ചിത്ര വിവരണം: പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ. രംഗസ്വാമിയിൽ നിന്നും കെ.കെ. സ്നേഹ പ്രഭ ടീച്ചർ അവാർഡ് ഏറ്റുവാങ്ങുന്നു

ഉസ്മാൻ മാസ്റ്റരുടെ ജന്മശതാബ്ദി ആഘോഷിച്ചു
മാഹി. മയ്യഴി വിമോചന സമര നായകൻ രക്ത സാക്ഷി പി.കെ. ഉസ്മാൻ മാസ്റ്ററുടെ നൂറാം ജൻമ വാർഷിക ദിനം ആഘോഷിച്ചു.
ചാലക്കര ഉസ്മാൻ ഗവ: ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ സഹപാഠിയുടെ ആഭിമുഖ്യത്തിൽ കാലത്ത് ഉസ്മാൻ മാസ്റ്ററുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് ചാലക്കര എം എ എസ് എം. വായനശാലാ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം കെ.മോഹനന്റെ അദ്ധ്യക്ഷതയിൽ പൊലീസ് സർക്കിൾ ഇൻസ്പക്ടർ അനിൽകുമാർ പി.എ. ഉദ്ഘാടനം ചെയ്തു.
ചാലക്കര പുരുഷു അനുസ്മരണ ഭാഷണം നടത്തി. ആനന്ദ് കുമാർ പറമ്പത്ത്, കെ.പി. വത്സൻ , റഷീദ് അടുവാട്ടിൽ, കെ. ചിത്രൻ, പി.പി.രാജേഷ് സംസാരിച്ചു.
ചിത്രവിവരണം: മാഹി പൊലീസ് സി.ഐ. അനിൽകുമാർ പി.എ. ഉദ്ഘാടനം ചെയ്യുന്നു.


ശാസ്ത്രം നേട്ടം കൈവരിക്കുമ്പോഴും മനുഷ്യർ ഇരുളിലേക്ക് മടങ്ങുന്നു: കെ.കെ.ശൈലജ
മാഹി: കാലം ആധുനികതയിലേക്കും ശാസ്ത്രനേട്ടങ്ങളിലേക്കും അതി ധ്രുതം കടന്നുപോകുമ്പോഴും , ജാതി മത വംശീയ വൈരുദ്ധ്യങ്ങൾ രൂക്ഷമാവുകയാണെന്നും, ഇരുട്ടിലേക്കുള്ള മടക്ക യാത്രയാണ് കാണാനാവുന്നതെന്നും, അതുകൊണ്ടു തന്നെ ഗുരുദർശനങ്ങൾക്ക് പ്രസക്തിയേറി വരികയാണെന്നും കെ.കെ.ശൈലജ എം എൽ എ അഭിപ്രായപ്പെട്ടു.
വെസ്റ്റ് നിടുമ്പ്രം ശ്രീനാരായണ ഗുരു സാംസ്ക്കാരിക കേന്ദ്രം വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ത്രിദിന ഗുരുജയന്തി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ
ചൊക്ലി പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണഗുരുവിന്റെ ആദർശങ്ങളും, ആനുകാലിക പ്രസക്തിയും എന്ന വിഷയത്തിൽ ചാലക്കര പുരുഷു പ്രഭാഷണം നടത്തി. വിദ്യാർത്ഥി - കലാപ്രതിഭകൾക്ക് കെ.കെ.ശൈലജ കേഷ് അവാർഡും, ഉപഹാരങ്ങളും കൈമാറി. ടി.സി. പ്രദീപൻ മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു. പ്രദീപ് കുമാർ സ്വാഗതവും കെ.ടി.കെ.മോഹനൻ നന്ദിയും പറഞ്ഞു.
നൃത്തസന്ധ്യ, ഗാനമേള പരിപാടികൾ അരങ്ങേറി.
ചിത്ര വിവരണം: കെ.കെ.ശൈലജ എഎൽ എ ഉദ്ഘാടനം ചെയ്യുന്നു.

എക്സലിൽ ഓണാഘോഷം
മാഹി:എക്സൽ പബ്ലിക് സ്കൂളിൽ ഓണാഘോഷം
പരമ്പരാഗത ആവേശത്തോടെയാണ് ആഘോഷിച്ചത്. അദ്ധ്യാപകരും മറ്റ് ജീവനക്കാരും റിസപ്ഷനിൽ കൂറ്റൻ പൂക്കളമൊരുക്കി. വിദ്യാർത്ഥികൾക്കായി പരമ്പരാഗത കളികൾ ഒരുക്കിയിരുന്നു. എല്ലാ ക്ലാസുകൾക്കും പൂക്കളമത്സരം നടത്തി. വിദ്യാർഥികൾ പാട്ടും,നൃത്തവും, തിരുവാതിരക്കളിയും അവതരിപ്പിച്ചു. വൈവിധ്യമാർന്ന വിഭവങ്ങളുള്ള പരമ്പരാഗത ഓണസദ്യയുമുണ്ടായി. ട്രസ്റ്റി ഡോ.പി.രവീന്ദ്രൻ, പ്രിൻസിപ്പൽ സതി എം.കുറുപ്പ്, വൈസ് പ്രിൻസിപ്പൽമാർ, പി.ടി.എ പ്രസിഡന്റ് കൃപേഷ് കെ.വി. പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പ്രതിനിധികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.
ചിത്രവിവരണം:എക്സൽ സ്കൂളിൽ കുട്ടികൾ തീർത്ത കൂറ്റൻ പൂക്കളം

വീട്ടുകിണർ അമർന്നു
മാഹി. മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്ത പൂഴിയിൽ വിനോദ് കുമാറിന്റെ വീടിനോട് ചേർന്നുള്ള കിണർ പൂർണ്ണമായി അമർന്നു.
ഇന്നലെ ഉച്ചക്ക് ശേഷം മൂന്നര മണിയോടെയാണ് യാതൊരു സൂചനയുമില്ലാതെ കിണർ അമർന്നില്ലാതായത്. ഇത് വീട്ടിനും ഭീഷണിയായിട്ടുണ്ട്. പരിസരവാസികൾ ഭീതിയോടെയാണ് കഴിയുന്നത്.
ചിത്ര വിവരണം: തകർന്ന വീട്ടുകിണർ

മത്സ്യ തൊഴിലാളികൾ ഗവ: ഹൗസിലേക്ക് മാർച്ച് നടത്തി
മാഹി: വിവിധ ആവശ്യങ്ങളുയർത്തി മത്സ്യമേഖല സംയുക്ത സമര സമതിയുടെ ആഭിമുഖ്യത്തിൽ മാഹി ഗവ: ഹൗസ് മാർച്ച് നടത്തി.
സമര സമിതി ചെയർമൻഎൻ.ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ
രമേശ് പറമ്പത്ത് എം. എൽ. എഉദ്ഘാടനം ചെയ്തു.
പി.രാജേഷ്,പി.ശ്യാംജിത്ത് ,എ.വി. യൂസഫ് വിൻസൺ ഫെർണാണ്ടസ് ,
ദിനേശൻ,ആശാലത സംസാരിച്ചു.
സമര സമിതി കൺവീനർ യു.ടി.സതീശൻസ്വാഗതവും,
പി.സുരേഷ് നന്ദിയും പറഞ്ഞു.
ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
ഒ.ആബുവിൻ്റെ ഗാനം മറ്റൊരാളുടെ പേരിൽ യൂട്യൂബിൽ
മാഹി: പ്രശസ്ത മാപ്പിള പാട്ട് രചയിതാവ് ഒ.ആബു സാഹിബ് രചിച്ച് പി.കെ.ആബൂട്ടി സംഗീതം നല്കി എരഞ്ഞോളി മൂസ പാടിയ 'ഓമന മുഹമ്മദിനെ ഓത്തിനയച്ചില്ല.. ' എന്ന പ്രശസ്തമായ ഗാനം, രചനയും സംഗീതവും മറ്റൊരാളുടെ പേരിൽ യൂട്യൂബിൽ അപ് ലോഡ് ചെയ്തതായി ആരോപണം. ഒരു വർഷമായി ഈ ഗാനം ഒരു പെൺകുട്ടി പാടിയത് ഒരു ലക്ഷത്തി എഴുപതിനായിരത്തിന്നടുത്ത് പേർ കണ്ടു. ഒ.ആബുവിൻ്റെ പേരമകൻ ഫനാസ് തലശ്ശേരിയാണ് ഇത് കണ്ടു പിടിച്ച് മാപ്പിള കലാകേന്ദ്രം ഭാരവാഹികളായ പ്രൊഫ.എ.പി.സുബൈർ, ഉസ്മാൻ വടക്കുമ്പാട് എന്നിവർക്ക് വിവരം നല്കിയത്. ഫനാസ് യൂട്യൂബ് ചാനലിൻ്റെ ആൾക്കാരെ ബന്ധപ്പെട്ടെങ്കിലും, വ്യക്തമായ മറുപടി ലഭിച്ചില്ല. ഉസ്മാൻ പി. വടക്കുമ്പാട് ഗായികയുടെ പിതാവും സംഗീത കലാകാരനുമായ വ്യക്തിയെബന്ധപ്പെട്ടപ്പോൾ അറിയാതെ പറ്റിയതാണെന്നും, തിരുത്താമെന്നും പറഞ്ഞു. അത് പ്രകാരം ഇന്ന് രാവിലെ ചാനൽ നോക്കിയപ്പോൾ തിരുത്തിയതായി കണ്ടു. എന്നിരുന്നാലും ഒരു വർഷമായി ഈ ചാനലിൽ ഈ ഗാനം കേട്ട 1.70 ലക്ഷം പേർ തെറ്റിദ്ധരിച്ച് വിശ്വസിച്ചു കാണും.
നിർലജ്ജമായ മോഷണമാണ് ഇവർ നടത്തിയിരിക്കുന്നത്. സംഗീത പ്രേമികൾ ഇതിനെതിരെ പ്രതികരിക്കുകയും ഇത്തരം നികൃഷ്ട ജന്മങ്ങളെ ഒറ്റപ്പെടുത്തുകയും വേണമെന്ന് മാപ്പിള കലാകേന്ദ്രം പ്രസിഡണ്ട് പ്രഫ.എ.പി.സുബൈർ പറഞ്ഞു. ഒ.ആബു സാഹിബിൻ്റെ കുടുംബത്തിൻ്റെ പിന്തുണയോടെ നിയമ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ഉസ്മാൻ പി. വടക്കുമ്പാട് പ്രതികരിച്ചു.

ആച്ചുകുളങ്ങരയിൽ ഗുരു ജയന്തി ആഘോഷം
ന്യൂമാഹി:ആച്ചു കുളങ്ങര ശ്രീനാരായണ മഠത്തിൽ വിവിധ പരിപാടികളോടെ ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു. ഗുരുപൂജ, ദീപാലങ്കാരംഎന്നിവയുണ്ടായി. ജയന്തി സമ്മേളനം തലശ്ശേരി നഗരസഭ അധ്യക്ഷ ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു മഠം പ്രസിഡണ്ട് അതിരിക്കു ന്നത്ത് പ്രേമൻ അധ്യക്ഷത വഹിച്ചു. " ആരാണ് ഗുരുദേവൻ; എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം രഞ്ജൻ കയനാടത്ത് ധർമ്മടം നിർവഹിച്ചു. എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ റിട്ടയേഡ് ( ആർ.ടി.ഒ.) എ. കെ .രാധാകൃഷ്ണൻ അനുമോദിച്ചു പി. എൻ. സുരേഷ് ബാബു . കെ. പി. ജയചന്ദ്രൻ പി .കെ. ബാലഗംഗാധരൻ രഞ്ജിത്ത് പുന്നോൽ, ഗുരു സമാധി അനുഷ്ഠാന കർമ്മങ്ങൾക്കായുള്ള സ്ഥിര നിക്ഷേപം സതീശൻ അനശ്വര ഏറ്റുവാങ്ങി. സന്ദീഷ് കെ. രാജേഷ് കെ. സി. എന്നിവർ പങ്കെടുത്തു തുടർന്ന് തിരുവാതിര, നൃത്ത നൃത്യങ്ങൾ നടന്നു. ഉച്ചക്ക് അന്നദാനവുമുണ്ടായി.
ചിത്രവിവരണം: ഗുരു ജയന്തി സാംസ്കാരിക സമ്മേളനം ജുമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു

സമന്വയ റസിഡൻസ്: ഓണാഘോഷ പരിപാടി നടത്തി
മാഹി: ചാലക്കര സമന്വയ റസിഡൻസ് അസോസിയേഷൻ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. ഇന്ദിരാഗാന്ധി പോളിടെക്കനിക്ക് കോളേജിൽ നടന്ന ഓണാഘോഷ പരിപാടിയുടെ ഉദ്ഘടനവും സമ്മാനദാനവും മാഹി പോലിസ് സബ്ബ് ഇൻസ്പെക്ടർ സുനിൽ പ്രശാന്ത് നിർവ്വഹിച്ചു. പൂക്കളമത്സരം , ഉറിയടി, ലെമൺ സ്പൂൺ, കസേരക്കളി, സുന്ദരിക്ക് പൊട്ടു തൊട്ടൽ, കമ്പവലി തുടങ്ങിയ മത്സരങ്ങളും നടന്നു
ചിത്രവിവരണം: പൊലീസ് എസ്.ഐ. സുനിൽ പ്രശാന്ത് ഉദ്ഘാടനം ചെയ്യുന്നു

നാല് പതിറ്റാണ്ട് മുമ്പുളള വിദ്യാലയ സ്മരണയിൽ..
കാവുംഭാഗം ഗവ:ഹൈസ്കൂളിലെ 1983 - 84 എസ്.എസ്.എൽ.സി.ബാച്ചിലെ വിദ്യാർത്ഥികൾ സംഗമിച്ചപ്പോൾ..

ഡോ .കെ .കെ .എൻ കുറുപ്പിൻ്റെ മുഖ്യകാർമ്മികത്വത്തിൽ
നവരാത്രി എഴുത്തിനിരുത്തൽ
ചോമ്പാല :മൂകാംബിക- കൊല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാകവി കുട്ടമത്ത് സംസ്കൃതി കേന്ദ്രവും,വാസ്തു ഭാരതി വേദിക് റിസർച്ച് അക്കാദമി യും സംയുക്തമായി അഴിയൂർ പഞ്ചായത്തിൽ കോവുക്കൽ കടവിനടുത്ത് 'പൂമാലിക ' യിൽ നവരാത്രി വിജയദശമി നാളിൽ ഒക്ടോബർ 2 ന് എഴുത്തി നിരുത്തൽ ചടങ്ങ് നടത്തും .
ജാതിമതഭേധമെന്യേ താല്പര്യമുള്ള ആർക്കും ഈ വിദ്യാരംഭം ചടങ്ങിൽ പങ്കെടുക്കാം .
ഗണപതി പൂജയോടെ ജ്ഞാനത്തിൻ്റെയും വിദ്യാഭ്യാസത്തിൻ്റെയും ദേവതയായ സരസ്വതിദേവിയെ സങ്കൽപ്പിച്ച് പ്രാർത്ഥന നടത്തിക്കൊണ്ട് ആരംഭിക്കുന്ന ആദ്യാക്ഷരം കുറിക്കൽ ചടങ്ങിൻ്റെ ഉദ്ഘാടനം ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തുഗുരുവും വാസ്തു ഭാരതി വേദിക് റിസർച്ച് അക്കാദമി ചെയർമാനുമായ ഡോ .നിശാന്ത് തോപ്പിൽ (M .Phil, PhD) നിർവ്വഹിക്കും.
പ്രമുഖ ചരിത്രകാരനും ഗവേഷകനും കോഴിക്കോട് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലരും പണ്ഡിതനും ഭരണകർത്താവുമായിരുന്ന ഡോക്ടർ .കെ .കെ .എൻ കുറുപ്പായിരിക്കും കുഞ്ഞുങ്ങൾക്ക് ഹരിശ്രീ കുറിക്കുക .
ഒപ്പം പ്രമുഖ എഴുത്തുകാരുടെയും പണ്ഡിതന്മാരുടെയും കൂട്ടായ്മയിൽ നടക്കുന്ന ഈ പുണ്യ കർമ്മത്തിൽ ദക്ഷിണയായി ഒരു രൂപ മാത്രമേ സ്വീകരിക്കൂ എന്നും മറ്റു ഉപഹാരങ്ങളൊന്നും അരുതെന്നും സംഘാടകർ വാർത്താക്കുറിപ്പിൽ പ്രത്യേകം അറിയിക്കുന്നു

200 വർഷങ്ങളായി കേരളത്തിലെ സംസ്കൃത മലയാള ഭാഷാ -സാഹിത്യ പഠന- പ്രചാരണ കേന്ദ്രമായിരുന്ന കുട്ടമത്ത് കവികളുടെയും ,വൈദ്യ വിശാരദന്മാരുടെയും ആവാസകേന്ദ്രം കൂടിയായിരുന്നു ഇവിടം .
മഹത്തായ ഈ കുടുംബ പാരമ്പര്യത്തിൽ ഇളം തലമുറയ്ക്കാരനും ജ്ഞാനവൃദ്ധനുമായ ഡോക്ടർ .കെ .കെ .എൻ കുറുപ്പിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ഈ എഴുത്തിനിരുത്തൽ ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിക്കുന്നു .
നേരത്തെ ഹരിശ്രീ എഴുതാതെ സ്കൂളിൽ ചേർന്ന കുട്ടികൾക്കും( 2 വയസ്സുമുതൽ 6 വയസ്സുവരെ അപേക്ഷിക്കാം
പ്രവേശനം രജിസ്റ്റർ ചെയ്യുന്ന ക്രമനമ്പർ അനുസരിസിച്ചായിരിക്കും ലഭിക്കുക .
മുൻകൂട്ടി രജിസ്ട്രേഷന് ബന്ധപ്പെടുക.
ഫോൺ : 8921364179 , +919447079574 ,9847832828 ,
+919539157337 , +919846546919, 9895385000 ,9895745432


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group