
കണ്ടോത്ത് പൊയിലുകാർക്ക് ഇന്ന് കൂടിച്ചേരലിന്റെ ഓണ നിലാവ്.
:ചാലക്കര പുരുഷു
മാഹി:ചരിത്രവും മിത്തുക്കളും കേട്ടറിവുകളും കെട്ടുപിണഞ്ഞ് കിടക്കുന്ന, ഒരിടത്തും കുറിച്ചു വെച്ചിട്ടില്ലാത്ത, ഒരു പാടു കഥകൾ ഓരോരുത്തർക്കും ജനിച്ച് വളർന്ന നാടിനെക്കുറിച്ച് പറയാനുണ്ടാവും.
പുതുകാലത്തെ പുൽകുമ്പോഴും,ചാലക്കര ദേശത്ത് വിസ്മൃതമായിക്കൊണ്ടിരിക്കുന്ന സാമൂഹികവും.സാംസ്ക്കാരികവുമായ ധാരാളം ചിഹ്നങ്ങളും വസ്തുതകളും തിക്കിത്തിരക്കിയെത്തുകയാണ്..
നമുക്ക് മുമ്പേ നടന്നു പോയ ഗുരു കാരണവന്മാർ നമുക്ക് പ്രിയപ്പെട്ടവരാണ്. അവർ നടന്നു പോയ നാട്ടുവഴികളിലൂടെ നമ്മളും നടക്കുന്നു
ചാലക്കരയിലെ മുസ്ലിം തറവാടായ കണ്ടോത്തിനും, തിയ്യ തറവാടായ പൊയിലിനുമിടയിലാണ് കണ്ടോത്ത് പൊയിൽ എന്ന അതിപ്രശസ്ത തീയ്യ തറവാട് ഉയിർത്തുവന്നത്.
നെൽകൃഷിയിലും, തേങ്ങാ -കൊപ്ര വ്യവസായത്തിലുമൂന്നി സാമ്പത്തികമായി വികാസം പ്രാപിച്ച ഈ തറവാടിന് ഉയിരേകിയത് കെ.പി.ഗോവിന്ദനായിരുന്നു. ചിരുതമ്മയാണ് ഗോവിന്ദന്റെ സഹധർമ്മിണി.
കണാരൻ, ചിരുത എന്നി സഹോദരങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ഈ സഹോദരങ്ങളുടെ പിൻമുറക്കാരാണ് ഇന്നത്തെ കണ്ടോത്ത് പൊയിൽ തറവാടിന്റെ സന്തതി പരമ്പരകൾ.
അരനൂറ്റാണ്ട് മുമ്പ് വരെ തറവാടിന്റെ പൂമുഖത്ത് നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ, കടൽപോലെ പരന്ന് കിടക്കുന്ന നെൽവയലുകൾക്കുമ പ്പുറം പുന്നോലിലെ റെയിൽ പാളത്തിലൂടെ പുക ചീറ്റി കടന്നു പോകുന്ന കരിവണ്ടികളെ കാണാമായിരുന്നു.വയലിൻ്റെ മധ്യഭാഗത്തിലൂടെ അവിടേക്ക് എത്തിച്ചേരുന്ന വലിയ നടവരമ്പുമുണ്ടായിരുന്നു.അതു വഴി രാത്രി കാലങ്ങളിൽ കൊതുമ്പു ചൂട്ടയും കത്തിച്ചു പോകുന്ന ഒറ്റപ്പെട്ട യാത്രികർ. അട്ടകളുറങ്ങുന്ന, ചീവീടുകൾ ചിലമ്പുന്ന, മിന്നാമിനുങ്ങുകൾ കണ്ണുചിമ്മിത്തുറക്കുന്ന, വൃശ്ചികമാസത്തിലെ പുലർകാല കുളിർ കാറ്റിൽ പച്ചപ്പാർന്ന വയലിൽ, കാറ്റ് അറബിക്കടലിൻ്റെ ഓളം ചമയ്ക്കുമായിരുന്നു. വയലിന്റെ ഒത്ത നടുവിൽ പ്രേതങ്ങളെ ആവാഹിച്ച പേടിപ്പെടുത്തുന്ന പാലമരം !
നിലം ഉഴുത് മറിക്കാനായി കൊണ്ടു പോകുന്ന കാളകളേയും. പിരിയോല യും , തലക്കുടയും ചൂടി വയലേലകളിൽ ജോലി ചെയ്യുന്ന കൃഷിക്കാരേയും കാണാം. സ്ത്രീ തൊഴിലാളികളുടെ ഞാറ്റു പാട്ടുകളിൽ തച്ചോളി ഒതേനൻ്റെ വീരഗാഥകൾ ഒഴുകിയെത്തുമായിരുന്നു.വയൽ വരമ്പത്തിരുന്നാണ് അവർ വിശപ്പടക്കിയിരുന്നത്.പ്ലാവില കോട്ടിയത് കൊണ്ടായിരുന്നു കഞ്ഞി കുടിച്ചിരുന്നത്. ചിരട്ടകയ്യിലുകളും, കഞ്ഞിക്കലങ്ങളും ഇന്നില്ല.
പരമ്പരാഗതരീതിയിൽ കൃഷി ചെയ്തിരുന്ന ചാലക്കര വയലിൽ ആദ്യമായി മോട്ടോർ പമ്പ് ഉപയോഗിക്കാൻ തുടങ്ങിയത് ഈ തറവാട്ടുകാരായിരുന്നു. തറവാട്ട് മുറ്റം കൊയ്ത്തു കഴിഞ്ഞുള്ള കാലത്ത് ചെറുകുന്നുകൾ പോലെ വൈക്കോൽക്കൂനകളാൽ കുമിഞ്ഞു നിന്നു. ഓടുവെച്ച ഇരു നില തറവാട്ടിന് മുന്നിലുള്ള കുളം ഐശ്വര്യത്തിന്റെ തെളിനീർ പ്രദാനം ചെയ്തു. വലിയ തേങ്ങാക്കൂടകൾ നാളികേര സംഭരണ കേന്ദ്രമായി നിലകൊണ്ടു.
തൊട്ടു മുകളിലുള്ള ചെറുകുന്നിലെ കുറക്കൻ കുന്നത്ത് വിശാലമായ മൈതാനത്തായിരുന്നുകൊപ്ര ഉണക്കാനിട്ടിരുന്നത്. അവിടെ ഒരു കാവൽ മാടവുമുണ്ടായിരുന്നു. അതിൽ രാത്രി മുഴുവൻ പെട്രോൾ മാക്സ് അണയാതെ പ്രകാശം ചൊരിഞ്ഞു.മൺമറഞ്ഞുപോയ മഠത്തിൽ രാഘവനും , കെ.പി.സുകുമാരനുമായിരുന്നു കൊപ്രക്കളത്തിൽ കാവൽ കിടന്നിരുന്നത്.
നാടാകെ ഗോവിന്ദന് തേങ്ങാ പാട്ടമുണ്ടായിരുന്നു. കാരായി കുഞ്ഞിരാമനായിരുന്നു സ്ഥിരമായി തേങ്ങ പറിച്ചിരുന്നത്.
കിഴക്ക് പൊയിൽ കുന്നിൽ (കോയിക്കുന്ന് ) നിന്നും ഒഴുകിയെത്തുന്ന ,ഉറവ വറ്റാത്ത ചെറു തോട്, തെക്ക് ഭാഗത്ത് തറവാടിനെ തഴുകി ചാലക്കര വയലിലേക്ക് തെളിനീർ ചൊരിഞ്ഞ് അനുസ്യൂതം ഒഴുകിക്കൊണ്ടിരുന്നു. കണ്ണിക്കുറിയനും പരൽ മീനുകളും ആമകളും ,അതിൽ ഒഴുക്കിനെതിരെ പുളഞ്ഞ് കളിച്ചു. കുളത്തിലാവട്ടെ കൈച്ചലിന്റേയും, മുഷുവിന്റേയും വിഹാര കേന്ദ്രവുമായിരുന്നു.
കാലം ആധുനീകതയിലേക്ക് പിച്ചവെച്ചതോടെ, ആദ്യമായി റേഡിയോവും, പിന്നീട് ടേപ്പ് റെക്കോർഡറും, വൈദ്യുതിയും, കാറുമെല്ലാം ആദ്യമായി ഈ തറവാട്ടുകാരിലെത്തി. ആദ്യത്തെ വാടകസാധനങ്ങളുടെ
വ്യാപാരം തൊട്ട് പടക്കക്കച്ചവടം വരെ നീളുന്ന വ്യാപാരങ്ങളിലേക്ക് കടന്നുചെന്നു.
ഒരു കാലത്ത് ഉത്തരകേരളത്തിലെ ഏറ്റവും മികച്ച മൺപാത്രങ്ങൾ നിർമ്മിച്ചിരുന്നത് ചാലക്കര വയലിലെ മികവുറ്റ കളിമണ്ണ് ഉപയോഗിച്ച് കൊണ്ടായിരുന്നു.
ചെമ്പ്ര സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭൂഗർഭത്തിൽ നിന്നും കണ്ടെടുത്തആയിരം വർഷത്തിലേറെ പഴക്കമുള്ള ഇന്തക്കോത വർമ്മയുടെ ഭരണകാലത്ത് വട്ടെഴുത്ത് ലിപിയിൽ എഴുതപ്പെട്ട ശിലാ ലിഖിതങ്ങളിൽ കാണുന്ന
ചാലൈക്കരെയിൽ നിന്നുമാണ് ഈ സ്ഥലനാമമുണ്ടായത്. ചെമ്പ്ര ഒരു നമ്പൂതിരി ഗ്രാമമാണെന്ന് ഈ ചരിത്രരേഖകൾ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല പെമ്പ്ര ഇന്നും ഒരു ക്ഷേത്ര ഗ്രാമമായി നിലനിൽക്കുന്നുമുണ്ട്. ചാല (ബ്രാഹ്മണ പാഠശാല) യുടെ കരയിൽ കിടക്കുന്നത് കൊണ്ടാണ് ഈ പ്രദേശത്തിന് ചാലൈക്കരൈയന്ന സ്ഥലനാമം കൈവന്നതെന്ന് അനുമാനിക്കാം.
പ്രമുഖ നമ്പ്യാർ തറവാടായ
കീഴന്തൂർ താഴെ നിന്നും, പൊയിൽ കുന്നിൽ നിന്നും ഉത്ഭവിച്ച് കാപ്പ് കുളം താണ്ടി, പുന്നോൽ പെട്ടിപ്പാലം വഴി കടലിൽ ചെന്ന് ചേരുന്ന ചെറുപുഴ ഇന്ന് മറവിയുടെ മണ്ണിലലിഞ്ഞു. ഇന്നും പുഴയൊഴുകിയ വഴിയിൽ വീടുകളും കിണറുകളും നിർമ്മിക്കുമ്പോൾ വലിയ മരത്തടികൾ കണ്ടെത്തുന്നത് പതിവാണ്. വെള്ളത്തിന് രുചിവ്യത്യാസവും കാണാം. ഇതിനോട് ചേർന്നാണ് കളിമൺ ശേഖരമുള്ളത്. ഇപ്പോഴും മലയാള കലാഗ്രാമത്തിലെ ശിൽപ്പ വിഭാഗത്തിലെ കുട്ടികൾ കളിമണ്ണിന് ആശ്രയിക്കുന്നത് ഇവിടെയാണ്. ചാലക്കര നൂറ്റാണ്ടുകൾക്ക് മുമ്പ് കുശവ ഗ്രാമമായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച മൺപാത്രങ്ങൾ ഉണ്ടാക്കിയത് ഇവിടെ വെച്ചായിരുന്നു. പാറാൽ അങ്ങാടിയിൽ വെച്ചാണ് ഇവ വിറ്റഴിക്കപ്പെട്ടിരുന്നത്. ചാലക്കര ഈ വ്യവസായത്തോട് വിട പറഞ്ഞെങ്കിലും, പാറാൽ ചട്ടി ട്രേഡ് മാർക്കായി ഇന്നും നിലനിൽക്കുന്നുണ്ട്.
മകര കൊയ്ത്തിന് ശേഷം വയലിൽ പച്ചക്കറികളും ' ഉഴുന്നും, വൻപയറും, കൃഷി ചെയതു.വയലിൽ പലയിടത്തും വെള്ളം നനയ്ക്കാൻ ചെറുകുളങ്ങളും, കൃഷിക്ക് കാവലാളും കാവൽമാടങ്ങളുമുണ്ടായിരുന്നു. ഓണക്കാലമായാൽ വയൽപ്പൂക്കളും, വരിയും, കാക്കപ്പൂവും, കഞ്ഞിപ്പൂവുമെല്ലാം പറിക്കാൻ പൂക്കൂടകളുമായി നിരവധി കുട്ടികൾ വന്നെന്നും. വയലോരങ്ങളിൽ സമൃദ്ധമായി വളരുന്ന പെഗോഡകളും, പലനിറങ്ങളിലുള്ള പാർവ്വതി പൂക്കളും , തുമ്പയുമെല്ലാം സമൃദ്ധമായിരുന്നു.
ഇന്നത്തെ ചാലക്കര മെയിൻ റോഡിൽ നിന്നും, വയലിലേക്കുള്ള ചെറുവഴി, മേലന്തൂർ ഇറക്കം കഴിഞ്ഞ് കീഴന്തൂർ ക്ഷേത്രത്തിന് മുന്നിലെത്തുമ്പോൾ, അഗാധമായ ഗർത്തം പോലെയായിരുന്നു ഒറ്റയടിപ്പാത. ക്ഷേത്രം കഴിയുന്നതോടെ വേനൽക്കാലത്ത് പോലും വറ്റാത്ത ഉറവക്കണ്ണുകളാണ്.
.ദൈവ കടാക്ഷം നിറഞ്ഞ. തീർത്ഥം കുടഞ്ഞ തുളസി യിലയുടെ വിശുദ്ധിയുണ്ട് വയലോരത്തെ കുന്നിൻ ചെരിവിലുള്ള കീഴന്തൂർ ക്ഷേത്രസന്നിധിയിലെത്തുന്നവിശ്വാസികൾക്ക് . ധ്യാനനിമഗ്നമായ മനസ്സുമായി കൈകൂപ്പി നിൽക്കുമ്പോൾ, ഭക്തർ ആത്മനിർവൃതിയുടെ ആഴമെന്തെന്നറിയുന്നു.
പിഴയ്ക്കാതെ ഉച്ഛരിക്കുന്ന മന്ത്രോച്ഛാണത്തിൻ്റെ പ്രഭാവലയം പോലെ, നിലയ്ക്കാതെ പെയ്യുന്ന പെരുമഴ പോലെ, തിമർത്ത് കൊട്ടുന്ന ചെണ്ടമേളം പോലെ, ആദ്ധ്യാത്മിക, താന്ത്രിക പാരമ്പര്യത്തിൻ്റെ സാക്ഷ്യമായി നൂറ്റാണ്ടുകളുടെ പരമ്പര്യമുള്ള കീഴന്തൂർ ക്ഷേത്രം , ഒരു ദേശത്തിൻ്റെ ആത്മീയപ്രകാശ ധാര പൊഴിക്കുന്ന വിളക്ക് മാടം കണക്കെ, നമുക്ക് മുന്നിലുണ്ട്. .തലമുറകൾ കൈമാറിയ വീരഗാഥകളോടെ തോറ്റംപാട്ടുകൾ ഈ നാടിൻ്റെ ഹൃദയരാഗത്തിന് താളമിടുകയാണ്.
ഇന്നത്തെ ആധുനിക ക്ഷേത്രമല്ല, അന്നത്തെ കീഴന്തൂർ കാവ് .എരഞ്ഞിയും, കാഞ്ഞിരവും, ഊങ്ങും, പുന്നയുമെല്ലാം സർപ്പക്കാവിലുണ്ടായിരുന്നു. ചേര് മരവും താന്നിയും തൊട്ടു മുന്നിലെ പറമ്പിലുണ്ടായിരുന്നു. നട്ടുച്ഛക്ക് പോലും സർപ്പക്കാവിൽ കൂരിരുട്ടായിരിക്കും. പല വിധ പാമ്പുകളടക്കമുള്ള ഇഴ ജീവികളും, മുള്ളൻപന്നി തൊട്ട് കാലൻകോഴി വരെ ഇവിടുത്തെ അന്തേവാസികളായിരുന്നു. പാമ്പുകളെപ്പോലെ വലിയ മരങ്ങളിൽ ചുറ്റിപ്പടർന്ന് ഞാന്ന് കിടക്കുന്ന തടിയൻ വള്ളികൾ ആരേയും ഭയപ്പെടുത്തും.
കുംഭമാസം രണ്ടും മൂന്നും. ദിവസങ്ങളിലാണ് തെയ്യങ്ങൾ കെട്ടിയാടുന്നത്.
നാട്ടിലെ നിർദ്ധനരായ വീട്ടുകാരുടെ വിവാഹാവശ്യങ്ങൾക്കും വിശേഷ നാളുകളിലും മറ്റും പാചകത്തിന് വേണ്ട മുഴുവൻ പാത്ര സാമഗ്രികളും ഗോവിന്ദൻ തന്റെ വീട്ടിൽ സൂക്ഷിച്ചുവെച്ചു. ഇത് പാവപ്പെട്ടവർക്ക് ഏറെക്കാലം അത്താണിയായി.
പിൽക്കാലത്ത് ചാലക്കരയിൽ ശ്രീനാരായണമഠം സ്ഥാപിതമായപ്പോൾ , പാത്രങ്ങളത്രയും, മഠത്തിലേക്ക് മാറ്റി. തറവാട്ടിലെ അച്ചുതൻ, ശ്രീധരൻ തുടങ്ങിയവർ മഠത്തിന്റെ അദ്ധ്യക്ഷന്മാരായി. ശ്രീനാരായണ ദർശനങ്ങളുടെ പ്രചാരകരായി പുതുതലമുറയിൽ പെട്ടവരും, പിതാമഹൻമാരുടെ പാതയിൽ ശക്തമായി നിലയുറപ്പിച്ചവരാണ്.
ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ സർഗ്ഗ സിദ്ധി പ്രകടിപ്പിച്ച ഒട്ടേറെ പ്രതിഭകൾ ഈ തറവാട്ടിന്റെ വരദാനങ്ങളാണ്.
ഓണത്തിന്റെ ഓർമ്മകൾ ഇന്നും ജനിതകാവേശമായി ഈ തറവാട്ടുകാർ ഒരുമിച്ച് ആഘോഷിക്കുന്നു.
മാറിയ കാലത്ത്, കുടുംബത്തിന്റെ ഭാഗമായി മാറിയ പലജാതികളിലുള്ളവരും, പലമതങ്ങളിൽ, വിശ്വസിക്കുന്നവരും അല്ലാത്തവരുമായ, ദേശവിദേശങ്ങളിൽ ചിതറിക്കിടക്കുന്നവർ പോലും , കഴിഞ്ഞ 16 വർഷങ്ങളായി ഒന്നാം ഓണനാളിൽ അവരുടെ വീടുകളുടെ വാതിലുകളടച്ച്,ഒരുപകൽ മുഴുവനും മുറതെറ്റാതെ ഒത്തുചേരുന്നു. വിശേഷങ്ങൾ പങ്കു വെച്ചും, ഓണക്കളികളിൽ അഭിരമിച്ചും , അഞ്ച് തലമുറകളിൽപ്പെട്ടർ ഒന്നിച്ച് ഓണ സദ്യയുണ്ടും, കലാ-കായിക വിനോദങ്ങളിൽ നീരാടിയും ഗതകാല ഓണ സ്മൃതികൾക്ക് നിറം പകരുന്നു. കേട്ട് കൊതിതീരാത്ത ശ്രുതിലയ ഗീതംപോലെ... അലിഞ്ഞു തീരാത്ത മധുരം പോലെ... കണ്ടു മടങ്ങാൻ കഴിയാത്ത കാഴ്ചപോലെ, ഓണക്കാലം കണ്ടോത്ത് പൊയിൽ തറവാടിന് ഇന്നും നൊസ്റ്റാൾജിക്ക് ഫീലിങ്ങ്തന്നെ...

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,
വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,
ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം
വാർത്തകളും വിശേഷങ്ങളും
പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .

മാഹി പ്രസ്സ് ക്ലബ്ബ് : ഓണാഘോഷവും കിറ്റു വിതരണവും നടത്തി
മാഹി: മാഹി സി.എച്ച്. ഗംഗാധരൻ സ്മാരക ഹാളിൽ പ്രസ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഓണാഘോഷപരിപാടി നടത്തി. മാഹി സി.എച്ച് സെൻ്റർ വക പ്രസ്സ് ക്ലബ്ബ് അംഗങ്ങൾക്കുള്ള ഓണക്കോടിയും ഓണക്കിറ്റ് വിതരണവും നടന്നു. ഓണപ്പൂക്കളം തീർത്തതിനു ശേഷം ഓണസദ്യയും നല്കി. മാഹി സി.എച്ച് സെൻ്റർ പ്രസിഡണ്ട് എ.വി.യൂസഫ് ഓണക്കോടിയും ഓണകിറ്റും വിതരണം ചെയ്ത് ഓണാഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.വിഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.വാസിം, ചാലക്കര പുരുഷു, സത്യൻ കുനിയിൽ, കെ.മോഹനൻ, നിർമ്മൽ മയ്യഴി, മജീഷ് തപസ്യ, അഭിഷ, സജിനി, രേഷ്മ എന്നിവർ സംസാരിച്ചു. രബീന്ദ്രനാഥ ടാഗോർ സ്മാരക ശബ്ദ സന്നിവേശ പുരസ്ക്കാരം ലഭിച്ച ജൻവാണി എഫ്.എം റേഡിയോ ഡയരക്ടർ നിർമ്മൽ മയ്യഴിയെ ചടങ്ങിൽ ആദരിച്ചു.
ചിത്ര വിവരണം: എ.വി. യൂസഫ് ഓണക്കോടിയും, കിറ്റും വിതരണം ചെയ്യുന്നു

ജൻവാണി 90.8 FM ന് ലഭിച്ച രബീന്ദ്രനാഥ ടാഗോർ സ്മാരക ശബ്ദ സന്നിവേശ പുരസ്ക്കാരം തിരുവനന്തപുരത്ത് വെച്ച് ഡോ: ബി.സന്ധ്യ IPS ൽ നിന്നും നിർമ്മൽ മയ്യഴി ഏറ്റുവാങ്ങുന്നു.

കെ.കെ.സ്നേഹപ്രഭയ്ക്ക് സംസ്ഥാന അധ്യാപിക അവാർഡ്
പുതുച്ചേരി സംസ്ഥാനത്തെ മാഹി മേഖലയിലെ മികച്ച അധ്യാപികയ്ക്കു പുതുച്ചേരി വിദ്യാഭ്യാസ മന്ത്രിയുടെ സംസ്ഥാന അധ്യാപക അവാർഡ് നേടിയ കെ.കെ.സ്നേഹപ്രഭ മലയാളം ലക്ച്ചറർ വി.എൻ.പുരുഷോത്തമൻ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, പള്ളൂർ

വില വർദ്ധനവ്: ജനം ദുരിതത്തിൽ : ബിഡിജെഎസ്.
തലശ്ശേരി:നിത്യോപയോഗസാധന ങ്ങളുടെ വില വർദ്ധനയിൽ സാധാരണ ജനജീവിതം പൊറുതിമുട്ടിയിരിക്കുകയാണെന്ന് ബിഡിജെഎസ് സംസ്ഥാന ജനറൽസെക്രട്ടറി അരയാക്കണ്ടി സന്തോഷ്.ബിഡിജെഎസ് കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം തലശ്ശേരി നാലുകെട്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂഴ്ത്തിവെയ്പ്പും ക രിഞ്ചന്തയും വ്യാപകമായി തുടരു ന്നുവെന്നും സർക്കാർ അടിയന്തരമായി വിപണിയിടപെട്ട് വിലക്ക് യറ്റം തടയണമെന്നും അരിയാക്കണ്ടി സന്തോഷ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പൈലി വാത്യാട് അധ്യക്ഷത വഹിച്ചു .
സംസ്ഥാന സെക്രട്ടറിമാരായ ഇ. മനീഷ് , കെ വി അജി, ജിതേഷ് വിജയൻ ബിഡിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി നിർമ്മല അനിരുദ്ധൻ , ടി എ ചന്ദ്രൻ , കെ പി സതീഷ് ചന്ദ്രൻ , പ്രദീപ് ശ്രീലകം, സി കെ വത്സരാജൻ, ഡോ: രജനി വിനോദ് ,ടി ജി ശിവൻ, ബാലചന്ദ്രൻ കണ്ണൂർ, ടി സി പ്രേമ,
എം കെ രാജീവൻ , വിനേഷ് ബാബു കക്കോത്ത്, പി വി വാസു , കെ പി രാജൻ, ഇ കെ ലീന , എന്നിവർ പ്രസംഗിച്ചു
നിയോജകമണ്ഡലം പ്രസിഡന്റ്മാരായി തലശ്ശേരി പ്രദീപ് ശീലകം , ധർമ്മടം എ കെ ജീജേഷ്, പയ്യന്നൂർ ഡോ: രജനി വിനോദ് എന്നിവരെ നോമിനേറ്റ് ചെയ്തു.

എ കെ ജിജേഷ് ധർമ്മടം

ഡോ: രജനി വിനോദ് പയ്യന്നൂർ

പ്രദീപ് ശ്രീലകം തലശ്ശേരി

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group