
തലശ്ശേരി-മാഹി ബൈപ്പാസ് ബാക്കി പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും
തലശ്ശേരി-മാഹി ബൈപ്പാസിന്റെ ബാക്കി പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതരുമായി നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ ചര്‍ച്ച നടത്തി.
ഡല്‍ഹി നിയമസഭയില്‍ വച്ചു നടന്ന ആള്‍ ഇന്ത്യ സ്പീക്കേഴ്സ് കോണ്‍ഫറന്‍സി ല്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ സ്പീക്കര്‍ നാഷണല്‍ ഹൈവേ അതോറിറ്റി ചെയര്‍മാന്‍ സന്തോഷ് കുമാര്‍ യാദവ് ചുമതലപ്പെടുത്തിയ പ്രകാരം ചീഫ് ജനറല്‍ മാനേജര്‍ വാൻപിൻഷ്ൻഗൈൻലാങ് ബ്ലായുമായി എന്‍.എച്ച്.എ.ഐ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി.
മണ്ഡലത്തിന്റെ ചുമതലയുള്ള അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ എസ്. കെ.യും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ബൈപ്പാസിന്റെ മുഴുപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ വരെയുള്ള 18.6 കിലോമീറ്റര്‍ ദൂരത്ത് ലൈറ്റ് സ്ഥാപിക്കല്‍, സര്‍വ്വീസ് റോഡുകള്‍ ഉള്‍പ്പെടെ ചൊക്ലി-പള്ളൂര്‍ ജംഗ്ഷന്‍, സിഗ്നല്‍ ജംഗ്ഷന്‍, ട്രാഫിക് ജംഗ്ഷന്‍ മേഖലകളില്‍ ചെറിയ വാഹനങ്ങള്‍ക്കുള്ള ലൈറ്റ് വെഹിക്കിള്‍ അണ്ടര്‍ പാസ് തുടങ്ങി നിലവിലുള്ള പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കൂടിക്കാഴ്ചയില്‍ ധാരണയായി.
അരനൂറ്റാണ്ടിലേറെയായുള്ള മലബാറുകാരുടെ കാത്തിരിപ്പിന് വിരാമമിട്ട് തലശ്ശേരി-മാഹി ബൈപ്പാസ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് നാടിന് സമര്‍പ്പിച്ചത്. 2016 ൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് കടമ്പകൾ മറികടന്ന് ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്.
ബൈപ്പാസ് യാഥാര്‍ത്ഥ്യമായതോടെ തലശ്ശേരി നഗരവും മാഹിയും അനുഭവപ്പെട്ട രൂക്ഷമായ ഗതാഗത കുരുക്കിനാണ് പരിഹാരമായത്.

മാഹി ഗവ: ജനറൽ ആശുപത്രിയിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച മാവേലി ടീം
ആരോഗ്യ വകുപ്പ് ഡെ. ഡയറക്ടർ എ.പി. ഇസ്ഹാഖ് സമീപം

തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കണം - ഗവ: ടീച്ചേഴ്സ് ഓർഗനൈസേഷൻ
മാഹി : അധ്യാപകർക്ക് യോഗ്യതയ്ക്കനുസരിച്ച് തുല്യ വേതനം ഉറപ്പുവരുത്തണമെന്ന് മാഹി ഗവ: ടീച്ചേഴ്സ് ഓർഗനൈസേഷൻ വാർഷിക പൊതുസമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. ഗസ്റ്റ് ടീച്ചർ, എസ്.എം.സി, ബാൽ ഭവൻ തുടങ്ങിയ വിഭാഗങ്ങളിൽ മുഴുവൻ സമയവും അക്കാദമിക് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന അധ്യാപകരെ ചൂഷണം ചെയ്യാതെ അവർക്ക് സ്ഥിരം തസ്തികകളിൽ നിയമനവും, തുല്യ ശമ്പളവും നൽകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. യാത്രയയപ്പ് സമ്മേളനം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിരമിച്ച അധ്യാപകരായ ഡോ. കെ. ചന്ദ്രൻ, സി.ലളിത, റീന ചാത്തമ്പള്ളി, പി. പുഷ്പലത, എ.എം.രജിത എന്നിവരെ ആദരിച്ചു. ടി. വി.സജിത, ടി.പി. ഷൈജിത്ത്, കെ. ഹരീന്ദ്രൻ, രസിത.സി.ഇ,രാധാകൃഷ്ണൻ കുനിയിൽ , ആൻ്റണി മാത്യു, ആനന്ദ് തുടങ്ങിവർ സംസാരിച്ചു.വി. എം. സജില , ടി. എം.സജീവൻ, പി.പി അനീഷ് , ജീനീഷ് ഗോപിനാഥ്, സ്വപ്ന.കെ.എം, കെ. ഷീന , ഊർമ്മിള പത്മനാഭൻ, ദീപ്തി ഹരിദാസ് എന്നിവർ നേതൃത്വം നൽകി. അധ്യാപകരുടെ കലാപരിപാടികളും ഓണാഘോഷവും ഉണ്ടായിരുന്നു.
മാഹി ഗവ: ടീച്ചേഴ്സ് ഓർഗനൈസേഷൻ വാർഷിക പൊതു സമ്മേളനവും ആദരസദസ്സും ഓണാഘോഷവും രമേശ് പറമ്പത്ത് എം.എൽ. എ ഉദ്ഘാടനം ചെയ്യുന്നു.

സംഗീത് സാഗർ,ഇമ്രാൻ അഷ്റഫ് കേരള ടീമിൽ
തലശ്ശേരി:ആഗസ്ത് 30 മുതൽ സെപ്തംബര്‍ 16 വരെ അഹമ്മാദാബാദിൽ നടക്കുന്ന 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ റിലയൻസ് ഓൾ ഇന്ത്യ ഇൻവിറ്റേഷൻ ത്രിദിന ലീഗ് കം നോക്കൗട്ട് ടൂർണ്ണമെൻറിനുള്ള കേരള ടീമിലേക്ക് കണ്ണൂർക്കാരായ സംഗീത് സാഗർ,ഇമ്രാൻ അഷ്റഫ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.12 ടീമുകൾ പങ്കെടുക്കുന്ന ടൂർണ്ണമെൻറി ൽ മുംബൈ,ബംഗാൾ,ബറോഡ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ബി യിലാണ് കേരളം.മാനവ് കൃഷ്ണയാണ് കേരള ക്യാപ്റ്റൻ.
ഓപ്പണിങ്ങ് ബാറ്ററായ സംഗീത് സാഗർ കഴിഞ്ഞ വർഷം 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ബി സി സി ഐ കുച്ച് ബെഹാർ ട്രോഫിയ്ക്ക് വേണ്ടിയുള്ള കേരള ടീമിലും 2022-23 സീസണിൽ ബിസിസിഐ യുടെ 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിജയ് മർച്ചന്റ് ട്രോഫിയിലും കേരള ടീമംഗമായിരുന്നു .ആ ടൂർണമെന്റിൽ മണിപ്പൂരിനെതിരെ 170 റൺസും വിദർഭയ്ക്കെതിരെ 132 റൺസുമെടു ത്ത് തിളക്കമാർന്ന പ്രകടനം കാഴ്ച വച്ചിരുന്നു . തലശ്ശേരി ബികെ 55 ക്രിക്കറ്റ് ക്ലബ്ബ് താരമായ സംഗീത് സാഗർ 2023 ൽ രാജസ്ഥാൻ റോയൽസ് ജൂനിയർ ടീം പരിശീലന ക്യാമ്പിലേക്കും നാഷണൽ ക്രിക്കറ്റ് അക്കാദമി ക്യാമ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.19 വയസ്സിന് താഴെയുള്ള അന്തർ ജില്ല ടൂർണ്ണമെൻറിൽ കോഴിക്കോടിനെതിരെ 103 റൺസെടുത്തു.തലശ്ശേരി കോട്ടയം പൊയിൽ എടത്തിൽ ഹൗസിൽ വി.ഗിരീഷ് കുമാറിൻറേയും കെ കെ ഷിജിനയുടേയും മകനാണ്. പന്ത്രണ്ടാം ക്ലാസ് ഓപൺ സ്കൂൾ വിദ്യാർത്ഥിയാണ്.
ടോപ് ഓർഡർ ബാറ്റ്റും വിക്കറ്റ് കീപ്പറുമായ ഇമ്രാൻ അഷ്റഫ് കഴിഞ്ഞ സീസണിൽ വിജയ് മർച്ചന്റ് ട്രോഫിയിൽ കേരള ടീമംഗമായിരുന്നു. ആ ടൂർണ്ണമെൻറിൽ ബറോഡയിൽ വെച്ച് ഉത്തർ പ്രദേശിനെതിരെ 115 റൺസെടുത്തു. തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബ്ബ് താരമായ ഇമ്രാൻ വിവിധ വിഭാഗങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ചിട്ടുണ്ട് . 19 വയസ്സിന് താഴെയുള്ള അന്തർ ജില്ല ടൂർണ്ണമെൻറിൽ മലപ്പുറത്തിനെതിരെ 101 റൺസെടുത്തു.
കണ്ണൂർ എട്ടിക്കുളം മൊട്ടക്കുന്ന് എൻ എം സി ഹൗസിൽ മുഹമ്മദ് അഷ്റഫിൻറേയും സെലീന എൻ എം സിയുടേയും മകനായ ഇമ്രാൻ അഷ്റഫ് പതിനൊന്നാം ക്ലാസ് ഓപൺ സ്കൂൾ വിദ്യാർത്ഥിയാണ്.

കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം: അഷ്ടമംഗല പ്രശ്‌നം ആരംഭിച്ചു.
മാഹി:പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്‌നം നടത്തി.
രാവിലെ വച്ചു ചാർത്തലോട് കൂടി ചടങ്ങുകൾക്കു തുടക്കമായി
17 വർഷത്തിന് ശേഷം നടത്തുന്ന അഷ്ടമംഗല പ്രശ്‌നം മുഖ്യദൈവജ്ഞൻ ജ്യോതിഷരത്നം വി സോമൻ പണിക്കർ ഓരി കിഴക്കുപുറം, സഹദൈവജ്ഞൻ കെ.ശശിധരൻ പണിക്കർ തൃക്കരിപ്പൂർ കലാധരൻ എന്നിവരാണ് മുഖ്യകാർമ്മികത്വം വഹിക്കുന്നത്.
ചിത്രവിവരണം: കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല പ്രശ്നം

കെ അനിൽകുമാറിനെ അനുസ്മരിച്ചു
ന്യൂമാഹി : സി പി എം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ലോക്കൽ സെക്രട്ടറിയും ., പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന കെ അനിൽകുമാറിൻ്റെ നാലാം ചരമ വാർഷിക ദിനം ആചരിച്ചു. അനുസ്മരണം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കാരായി രാജൻ ഉദ്ഘാടനം ചെയ്തു. കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. സി കെ പ്രകാശൻ,എസ് കെ വിജയൻ, പി പി രഞ്ചിത്ത് സംസാരിച്ചു.
ചിത്ര വിവരണം:ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കാരായി രാജൻ ഉദ്ഘാടനം ചെയ്യുന്നു

ഇന്നത്തെ പരിപാടി
മാഹി ശ്രീനാരായണ കോളജ്: ജനശബ്ദം ഓണ നിലാവ് ആദര സമർപ്പണവും ഓണക്കോടി വിതരണവും വൈ: 3 മണി

കണ്ണൂരിന് വേണ്ടി ഹാട്രികടക്കം 5 വിക്കറ്റ് വീഴ്ത്തിയ പി.വി.അർഷിത
പതിനഞ്ച് വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ ഉത്തരമേഖല മത്സരം : കണ്ണൂരിന് വിജയം.
തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 15 വയസിന് താഴെയുളള പെൺകുട്ടികളുടെ ഉത്തര മേഖല ടൂർണ്ണമെൻറിൽ രാവിലെ മലപ്പുറവും വയനാടും തമ്മിലുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചു.
ഉച്ചയ്ക്ക് ശേഷം നടന്ന മത്സരത്തിൽ കണ്ണൂർ 11 റൺസിന് കാസറഗോഡിനെ പരാജയപ്പെടുത്തി. മഴ മൂലം 12 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കണ്ണൂർ 12 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എടുത്തു. സൗമ്യ ശിവ ട്രിപ്പതി പുറത്താകാതെ 22 റൺസ് എടുത്തു. മറുപടിയായി കാസർഗോഡ് 12 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 66 റൺസ് എടുത്തു. കൃഷ്ണവേണി 31 റൺസെടുത്തു. പി വി അർഷിത ഹാട്രിക്ക് ഉൾപ്പെടെ 5 വിക്കറ്റുകൾ വീഴ്ത്തി.
ഞായറാഴ്ച രാവിലെ നടക്കുന്ന മത്സരത്തിൽ കണ്ണൂർ കോഴിക്കോടിനെയും ഉച്ചയ്ക്ക് ശേഷം കാസർഗോഡ് മലപ്പുറത്തെയും നേരിടും.

ടി.കെ.യൂസഫ് നിര്യാതനായി
ന്യൂമാഹി:പെരിങ്ങാടിപോസ്റ്റ് ഓഫീസ് ഒളവിലം റോഡിൽ കല്ലിലാണ്ടി ജുമാ മസ്ജിദിന് സമീപം അങ്ങേമുറ്റത്ത് "ഫഹീമ" ൽ താമസിക്കുന്ന തയ്യിൽ കക്കാട്ട് ടി. കെ. യൂസഫ് (88) നിര്യാതനായി.
ദീർഘകാലം റോട്ടറി ക്ലബ്ബ്, സിനിയർ സിറ്റിസൺ ഫോറം, മാഹി ടൂറിസം, സൊസൈറ്റി എന്നിവയുടെ ഭാരവാഹിയും, പ്രവാസിയായ ഇദ്ദേഹം ഹിന്ദി ഗായകനുമായിരുന്നു. മുഹമ്മദ് റാഫിയുടെ ആരാധകനാണ്. പൊതു പ്രവർത്തകനായ യുസഫ് ന്യൂമാഹി എം. എം. എജുക്കേഷനൽ സൊസൈറ്റിയുടെ മുൻ കാല ഇന്റേണർ ഓഡിറ്റർ ആയിരുന്നു.
പരേതരായ അങ്ങേമുറ്റത്ത് മമ്മൂട്ടിയുടേയും തയ്യിൽ കക്കാട്ട് മറിയോമ്മയുടേയും മകനാണ്.
ഭാര്യ: ചാലിയാടത്ത് ജമീല (കവിയൂർ).
മക്കൾ: നൗഷാദ്, നവാസ് (ഇരുവരും ദുബായ്), നസറി.
മരുമക്കൾ: റുക്സാന പാറാൽ (ദുബായ്), ബാസിമ (തലശ്ശേരി), പരേതനായ മുഹമ്മദ് ഫസലുൽ ഈദ്.
സഹോദരങ്ങൾ: പരേതരായ ടി. കെ. ഹാഷിം, ടി. കെ. ബഷീർ, ടി. കെ. ആയിഷ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group