
മയ്യഴിയോണം:
അലിഞ്ഞ് തീരാത്ത മധുരം പോലെ.
:ചാലക്കര പുരുഷു
വീണ്ടും മയ്യഴിക്ക് ഒരോണക്കാലം. പള്ളൂർ കാരക്കപുത്തലത്തെ വിശാലമായ പ റമ്പിലെ പുഞ്ചിരിതൂകി നിൽക്കുന്ന തുമ്പപ്പൂവും, ചാലക്കരവയലിൽ നെൽ വരികൾക്കിടയിൽ ഇടവിട്ട് പൂത്ത് നിൽക്കുന്ന കാക്കപ്പൂവും, പോന്തയാട്ട് കുന്നിലെ കഞ്ഞിപ്പൂവും, പണിക്കരുടെ കുനിയിൽ കാടുപിടിച്ചുകിടക്കുന്ന പെഗോഡയും, അങ്ങകലെ അഴിയൂരിലെ വേലികളിൽ കണ്ണെത്താദൂരത്ത് സുഗന്ധം പരത്തി വിടരുന്ന അരിപ്പൂവും,, പറിക്കാൻ കാടുകയറിനടന്ന ഓണക്കാലത്തിൻ്റെ ഓർമ്മകൾ ഇന്നും മനസ്സിൽ നിന്ന് മായുന്നില്ല.
അത്തത്തിന് ശീവോതി മാത്രം മതിയാകും. നാളുകൾ കഴിയുന്തോറും പൂക്കളം വലുതാകും. നിറങ്ങളുടെ എണ്ണവും കൂടും. പൂക്കൂടകളുമായി അയൽപ്പക്കത്തെ ബഷീറിനേയും, ഷെരീഫയേയും, ഗോപാലകൃഷ്ണനേയും, നസീമയേയും, സുമതിയേയും, സുശീലയേയും മഹമ്മൂദിനേയും, ഹരിദാസനേയുമൊക്കെ കൂട്ടി കാടുംമേടും അലഞ്ഞ ആ നല്ല നാളുകൾ ഇന്നും മനസ്സിൽ പൂക്കളങ്ങൾ തീർക്കുകയാണ്.

മുറ്റം നിറയെ നെല്ലും, പറമ്പ് നിറയെ വൈക്കോൽകൂനകളും, പടിഞ്ഞാറ് ഭാഗത്ത് വലിയ തേങ്ങാകൂടയുമുള്ള പണിക്കരുടെ കുനിയി ലാണ് ആദ്യമായി മാവേലി വന്നെത്തുക. കുട്ടികളൊക്കെ മാവേലിയെ കാണാൻ അവിടെ ഒത്തുകൂടും .കുഞ്ഞിക്കണ്ണൻഭാഗവതരുടെ പേരമ ക്കളാണ് മിക്കപ്പോഴും ഓണപ്പൊട്ടൻ കെട്ടുക. ഉത്തൻ്റെവിട പറമ്പിലെ ആകാശം തൊടുന്ന വലിയ ഊഞ്ഞാലാട്ടവും, കുട്ടിയും കോലും കളിയുമെല്ലാം ഉണ്ടാകും.
പപ്പൻ പൊലീസിൻ്റെ മാതാവ് നാരായണിയമ്മ വിളമ്പിത്തരുന്ന തൂശനിലയിലെ പുത്തരിച്ചോറിന്റേയും, സാമ്പാറിൻ്റേയും, തോരൻ്റേയും, അവിയലിന്റേയും,കാളൻ്റേയുമൊക്കെ രുചി ഇന്നും നാവിൽ ഗൃഹാതുരത്വത്തിൻ്റെ അവാച്യമായ അനുഭൂതിവിശേഷമായി നിലനിൽക്കുന്നു. പ്രഥമന്റേയും, അടപായസത്തിന്റേയും രുചി ആ കൈപ്പുണ്യത്തിൻ്റെ ഓർമ്മകളായി ഇന്നും രസതന്തുക്കളെ ഉണർത്തുന്നു

പ്രഭാതത്തിലേ ഉണർന്ന് പൂക്കൾ പറിക്കാനോടുന്ന കുട്ടികള ഗ്രാമങ്ങളിൽ പോലും ഇന്ന് കാണാനില്ല. പുന്നെല്ലിൻ്റെ മണമുള്ള കാറ്റ് വീശുന്ന തുമ്പികൾ പാറുന്ന തൊടികളും എങ്ങുമില്ല. എങ്കിലും മലയാളികൾ ഓണത്തിൻ്റെ വരവിനായി ഇന്നും കാത്തിരിക്കുന്നു. കാരണം, ഓണത്തിന് പകരം വെക്കാൻ നമുക്ക് മറ്റൊന്നില്ലെന്നത് തന്നെ ' വായിലിട്ടാൽ അലിഞ്ഞലിഞ്ഞില്ലാതാകുന്ന പഞ്ചാരമിഠായിയാണ് ഓണമെന്ന് തോന്നിപ്പോയിട്ടുണ്ട്. ഓണത്തിന് നിലാവുണ്ടാകുമായിരു ന്നു. ഊഞ്ഞാലുണ്ടാകുമായിരുന്നു.വയലിലും,കുന്നിൻചരിവിലും, തോടുകളിലുമെല്ലാം നാട്ടുപൂക്കളും,കാട്ടുപൂക്കളും ചിരിക്കുമായിരുന്നു. പുന്നെല്ലിൻ്റെ മണം, ഉപ്പേരി ഉണ്ടാക്കുന്നതിൻ്റെ മാസ്മരിക ഗന്ധം, കോടിമുണ്ടിന്റെ സുഗന്ധം.... കുട്ടികളുടെ ആർപ്പുവിളികൾ... ആവണിവെയിലിന്റെ ഇളംചൂടിൽ പുത്തരിയും പൂവും മനസ്സിനെ ഉൻമത്തമാക്കുമായിരുന്നു.
നീളൻതാടിയും വെളുത്തതലേകെട്ടും, പൊന്നിൻ കുടുക്കുമുള്ള നീളൻ കുപ്പായവുമണിഞ്ഞ അത്തറ് വിൽപ്പനക്കാരൻ ബടുവനിക്ക, പഞ്ഞിയിൽ കലർത്തി ചെവിയിൽ തിരുകിത്തരുന്ന മുല്ലപ്പൂമണമുള്ള അത്തറും, കുട്ടികളെ ജീവനേ ക്കാൾ സ്നേഹിക്കുന്ന കുഞ്ഞപ്പനമ്പ്യാർ നൽകുന്ന നാരങ്ങ മിഠായിയും മങ്ങാത്ത ഓർമ്മകളായി ഇന്നും മനസ്സിലുണ്ട്.!
നൻമയുടേയും, നൈർമ്മല്യത്തിന്റേയും, ഒരുമയുടേയും വികാരമാണ് ഓണം. സമയരഥം കാതങ്ങളേറെ താണ്ടിയപ്പോൾ, ഇന്നലെയുടെ നൻമകൾ ഒന്നൊന്നായി നമുക്ക് നഷ്ടമായി. ഒരുമ എന്ന വികാരത്തിന് പോലും വിള്ളലുകളുണ്ടായി. കാണങ്ങളെല്ലാം വിറ്റുകഴിഞ്ഞിരിക്കുന്നു. കണ്ണു ചിമ്മിത്തുറക്കും വേഗതയിൽ , കുന്നുകൾ ഇല്ലാതാകുന്നു. ഭൂമി പാതാളത്തിലേക്ക് താഴും പോലെ,ആർദ്രതയുടെ നീർത്തടങ്ങൾ ഇടിഞ്ഞു താഴുന്നു.
എന്തെടുത്താണ് ഇന്ന് ഓണം കൊള്ളേണ്ടത് ? കൊടുംദുരിതങ്ങൾ, വൻ ദുരന്തങ്ങൾ, കൊലപാതകങ്ങൾ, ആത്മഹത്യകൾ, സ്ത്രീപീഡനങ്ങൾ, നെടു വീർപ്പുകൾ, ലഹരിയിൽ മയങ്ങുന്ന യുവത....
ഒഴിയാത്ത ആശങ്കകളും കണ്ണീരും..ഇതിലേതാണ് ഓണം? വിറ്റാൽ വിലകിട്ടുന്നത് ഏതിനാണ് ആർക്ക് വേണ്ടിയാണ് ഓണം?. കുട്ടികൾക്കോ? പത്ത് ദിവസത്തെ അവധിയും സദ്യയും ടി.വിയും സിനിമയും പോരെ അവർക്ക്?

ഉറ്റവരുമായുള്ള ബന്ധങ്ങൾ പുതുക്കാൻ ആർക്കാണ് നേരം?. മനു ഷ്യന്റെ പ്രാണൻ ഉരുകിതിളക്കുമ്പോൾ, ഉയരുന്ന ചോരയുടെ വിയർപ്പ് എവിടെയൊക്കയോ ചുവന്ന മഴയായി പെയ്യുന്നു.
മഹാബലി ഇപ്പോൾ മലയാളമണ്ണിൽ വരുന്നുണ്ടാകുമോ? ചാനലോണം പൊടിപൊടിക്കുന്നതിനിടയിൽ ആ മൂപ്പിൽസിനെ ആരു തിരിച്ചറിയും? വഴിയോരങ്ങളേയും കവലകളേയും മലിനപ്പെടുത്തുന്ന മിമിക്രിമാവേലികളെ പ്രോൽസാഹിപ്പിച്ച് നമ്മൾ മലയാളത്തിൻ്റെ ആ സുവർണ്ണ സ്വപ്‌നത്തെ പടിയിറക്കി- എന്തിനധികം... സമൂഹത്തെയും കുടുംബത്തേയും മറന്ന് അവനവനിലേക്ക് തന്നെ പരമാവധി ചുരുണ്ടു കൂടുന്ന അഭിനവമലയാളിക്ക് ഓണം ശരിക്കുമൊരു പുട്ടുകച്ചവടമല്ലേ?


വി.അരവിന്ദാക്ഷനെ
അനുസ്മരിച്ചു
ന്യൂ മാഹി: സാമൂഹിക രാഷ്ട്രിയ രംഗങ്ങളിൽ നിറ സാന്നിദ്ധ്യവും നേഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മുൻ ബ്ലോക്ക് ട്രഷററുമായിരുന്ന വി. അരവിന്ദന്റെ മൂന്നാമത് ചരമ വാർഷിക ദിനത്തിൽ കവിയൂരിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും മുതിർന്ന സഹതൊഴിലാളികളെ ആദരിക്കലും നടത്തി. അനുസ്മരണ യോഗത്തിൽ എൻ.സി.പി .എസ് തലശ്ശേരിബ്ലോക്ക് പ്രസിഡണ്ട് പുരുഷു വരക്കൂൽ അദ്ധ്യക്ഷത വഹിച്ചു, എൻ.സി.പി.എസ് കണ്ണൂർജില്ലാ പ്രസിഡണ്ട് കെ.സുരേശൻ ഉദ്ഘടനം ചെയ്തു, ശ്രീധരൻ പറമ്പത്ത്, ഗോപാലൻ,പാലയുള്ളതിൽ, അനന്തൻ പള്ളൂർ, ഒറവങ്കര നാരായണൻ എന്നിവരെ അഡ്വ. പി.കെ.രവീന്ദ്രൻ ആദരിച്ചു. സി.വി.രാജൻ, കെ.വി.രജീഷ്, സന്ധ്യാ സുകുമാരൻ, ബാലൻ കവിയൂർ,ചന്ദ്രൻ ഡൽഹി, സതിഷ് കുമാർ പി.കെ., പ്രസന്ന കെ,. സാരസാക്ഷൻ ചൊക്ലി, പി.സജിത്ത്കുമാർ എം സുരേഷ് ബാബു സംസാരിച്ചു.
ചിത്രവിവരണം:കണ്ണൂർജില്ലാ പ്രസിഡണ്ട് കെ.സുരേശൻ ഉദ്ഘടനം ചെയ്യുന്നു

സദ്ഭാവന ദിവസ്: രാജീവ്ജി ജന്മദിനവും ക്വിസ് മത്സരവും നടത്തി
മാഹി ..മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81ാം ജന്മ വാർഷിക ദിനത്തിൽ ചാലക്കര രാജീവ്ജി യൂത്ത് സെൻ്ററിൻ്റെയും മാഹി മേരാ യുവഭാരതിൻ്റെയും ആഭിമുഖ്യത്തിൽ രാജീവ്ജി ജന്മദിന പരിപാടിയും ക്വിസ്സ് മത്സരവും നടത്തി. ചാലക്കര ഉസ്മാൻ ഗവ. ഹൈസ്കൂളിൽ നടന്ന സദ്ഭാവന ദിവസ് ഗാന്ധിയൻ കിഴന്തൂർ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് സുനിൽ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ കെ.വി.മുരളിധൻ മാസ്റ്റർ, മാഹി പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് കെ.വി.ഹരീന്ദ്രൻ, സുജിത ടീച്ചർ, കെ.ശരത്ത് സംസാരിച്ചു. ക്വിസ്സ് മത്സരത്തിൽ വിജയികളായവർക്ക് ഉപഹാരവും നൽകി.
ചിത്രവിവരണം: ഗാന്ധിയൻ കിഴന്തൂർ പത്മനാഭൻ ഉദ്ഘാടനം ചെയ്തു.
പരീക്ഷ മാറ്റിവെക്കണം: എം എൽ എ
മാഹി:രാജ്യവ്യാപകമായി ആഗസ്റ്റ് 31ന് സിവിൽ സർവീസ് മെയിൻ പരീക്ഷയും, പുതുച്ചേരിയിൽ ഡെപ്യൂട്ടി തഹസിൽദാർ പരീക്ഷയും ഒരേ ദിവസമായത് കാരണം പോണ്ടിച്ചേരിയിലെ ഉദ്യോഗാർത്ഥികൾക്ക് രണ്ട് പരീക്ഷയിലും പങ്കെടുക്കാനുള്ള അവസരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട്,പോണ്ടിച്ചേരിയിൽ നടത്താൻ തീരുമാനിച്ച തഹസിൽദാർ പരീക്ഷ മാറ്റിവെക്കണമെന്ന് മാഹി എം എൽ എ രമേശ് പറമ്പത്ത് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

മെമ്പർഷിപ്പ് വിതരണോദ്ഘാടനം
ന്യൂ മാഹി: കേരള വ്യാപാരി വ്യവസായി ന്യൂ മാഹി യൂണിറ്റ് മെമ്പർഷിപ്പ് വിതരണോദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റ് മായ കെ കെ സഹദേവൻ
പരിമഠത്തെ ജി ടെക് മാഹി ബ്രാഞ്ചിന്റെ ഡയറക്ടർ മുഹമ്മദ് ഷിബിലിനു കൈമാറി കൊണ്ട് നിർവഹിച്ചു.
ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി വൈ എം അനിൽകുമാർ, ഷാജി, ജിജിൻ മാണിക്കോത്ത്, റസാഖ്, എൻ.എം മോഹനൻ, ഹരികൃഷ്ണൻ മലബാർ വിഷൻ, കലേഷ് കുമാർ പങ്കെടുത്തു.

രാജീവ്ഗാന്ധി ജന്മദിനം ആഘോഷിച്ചു
മാഹി:മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ മാഹിയിലെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പള്ളൂർ ഇന്ദിരാ ഭവനിൽ നിന്നും പ്രഭാത ഭേരിയും തുടർന്ന് സംഗമവും നടത്തി.
യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് കെ പി രെജിലേഷ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ.സുരേഷ് ഉദ്ഘാടനം ചെയ്തു.അജയൻ പൂഴിയിൽ,ജിജേഷ് കുമാർ ചാ മേരി സംസാരിച്ചു..യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശ്രീജേഷ് എം കെ സ്വാഗതവും മേഖല വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ് നന്ദിയും പറഞ്ഞു.
പ്രേംജിത്ത്,പവിത്രൻ, രഞ്ജിത്ത്,രവി,അനൂപ്, രാമചന്ദ്രൻ പുത്തലം നേതൃത്വം നൽകി.

രാജീവ് ഗാന്ധിയുടെ പിറന്നാൾ ആഘോഷിച്ചു
മാഹി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 81- മാത് ജന്മദിനം സദ്ഭാവന ദിനമായി ആഘോഷിച്ചു. രാജിവ് ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. എം.പി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. പ്രഭാകരൻ ചെമ്പ്ര അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് പുതുച്ചേരി സംസ്ഥാന ജന: സെക്രട്ടറി എം.കെ ശ്രീജേഷ്, ജീബേഷ് കുമാരൻ സംസാരിച്ചു. മധുര പലഹാര വിതരണവും നടത്തി.
ഛായാപടത്തിൽ പുഷ്പാർച്ചന നടത്തുന്നു.

രാജീവ് ഗാന്ധിയുടെ പിറന്നാൾ ആഘോഷിച്ചു
തലശ്ശേരി : ഇന്ത്യ രാജ്യത്തിന്റെ പ്രതീക്ഷയും ,ആവേശവും ആയിരുന്നു മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് കെപിസിസി മെമ്പർ വിപി അബ്ദുൾ റഷീദ് പ്രസ്താവിച്ചു. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്ത് വൻ മുന്നേറ്റം രാജീവ് ഗാന്ധിയുടെ ഭരണത്തിൽ ഉണ്ടായി.
തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി , രാജീവ് ഗാന്ധി ജന്മദിനത്തിൽ നടത്തിയ സദ്ഭാവന യാത്ര ചിറക്കരയിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈ:പ്രസിഡണ്ട് കെ.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.
സജീവ് മാറോളി, ജാഥ ലീഡർ എം.പി. അരവിന്ദാക്ഷൻ, എം.പി. അസ്സൈനാർ, സുശീൽ ചന്ത്രോത്ത്, പി.വി.രാധാകൃഷ്ണൻ , ഉച്ചുമ്മൽ ശശി, എ. ഷർമിള, ഒ.ഹരിദാസ് ,അഡ്വ: കെ.സി രഘുനാഥ് സംസാരിച്ചു.
സമാപന സമ്മേളനത്തിൽ കെ. ഇ . പവിത്ര രാജ് അദ്ധ്യക്ഷത വഹിച്ചു.
കെ എസ് യു ജില്ലാ പ്രസിഡണ്ട് എം.സി. അതുൽ ഉത്ഘാടനം ചെയ്തു.
മണ്ണയാട് ബാലകൃഷ്ണൻ ,ജെതീന്ദ്രൻ കുന്നോത്ത്, എം.പി.സുധീർ ബാബു, സി.എം.സുധിൻ , കെ.പി. രാഗിണി, പി.എൻ. പങ്കജാക്ഷൻ,എൻ.അഷറഫ് സംസാരിച്ചു.
മനോജ് കെ പി , കെ. പ്രമോദ്, കെ.രമേശ്, യു സിയാദ്, പി.കെ സോന, എം. നസീർ ,എൻ.ഹരീന്ദ്രൻ , അനസ്ചാലിൽ എ.വി.രാമദാസ് ,കെ.സുരേഷ് ബാബു, നേതൃത്വം നൽകി.

അന്ധവിശ്വാസചൂഷണ
നിരോധനബിൽനടപ്പിലാക്കുക
പാനൂർ:കേരളശാസ്ത്രസാഹിതൃപരിഷത്ത് പാനൂർമേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലിക്കണ്ടിയിൽ ദബോൽക്കർ ദിനാചരണത്തിൻ്റെഭാഗമായി റാലിയും പൊതുയോഗവുംനടന്നു.
കല്ലിക്കണ്ടി ടൗണിൽനടന്ന റാലിക്ക്എൻ.കെജയപ്രസാദ്,പുരുഷോത്തമൻകോമത്ത്,പത്മനാഭൻമാസ്റ്റർ എന്നിവർ നേതൃത്വം നൽകി
തുടർന്ന് നടന്ന യോഗത്തിൽ സി.കെ.സുരേഷ്ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ സി.പി.ഹരീന്ദ്രൻമാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.കെ.ഹരിദാസൻ,എ.മനോജ്‌കുമാർ എന്നിവർ സംസാരിച്ചു.ബാബുരാജ്കല്ലിക്കണ്ടി സ്വാഗതവും എം.സി.ശ്രീധരൻ നന്ദിയും പറഞ്ഞു

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group