
ചതുർഭാഷാ നിഘണ്ടുകാരൻ ഞാറ്റ്യേല
ശ്രീധരൻ ഇനി ഭാഷാ ചരിത്രത്തിന്റെ നെറുകയിൽ
:ചാലക്കര പുരുഷു
തലശ്ശേരി: കടുത്ത ദാരിദ്ര്യത്തിൽ, ജീവിതം മുന്നോട്ട് പോകാതെ വന്നപ്പോൾ , ബാലനായിരിക്കെ, ബീഡി തെറുപ്പുകാരനാകേണ്ടി വന്നെങ്കിലും, തന്റെ മനസ്സിൽ അണയാതെ പുകഞ്ഞ അക്ഷരാഗ്നിയെ , ആർജ്ജിതമായ ജ്ഞാനത്തിലൂടെ ഉലയിൽ വെച്ച ലോഹം കണക്കെ തിളക്കവും മാറ്റും കൂട്ടി അക്ഷരങ്ങളുടെ അമരത്തെത്തിയ ഭാഷാ വിസ്മയം കോടിയേരിയിലെ ഞാറ്റ്യേല ശ്രീധരൻ അക്ഷരലോകത്തോട് വിട പറഞ്ഞു.
ദുരിതങ്ങളുടെ പേമാരിയിൽ നാലാം തരത്തിൽ പഠനം നിർത്തേണ്ടി വന്നെങ്കിലും, കഠിനമായ തപസ്യയിലൂടെ അക്ഷരദേവതയുടെ വരദാനം സിദ്ധിച്ച്, രാജ്യത്താദ്യമായി തെന്നിന്ത്യൻ ഭാഷകളുടെ നിഘണ്ടു പ്രസിദ്ധീകരിച്ച 87 കാരനായ ഞാറ്റ്വേലശ്രീധരൻ ഇനി സാഹിത്യ വേദികളിൽ, ഭാഷാപഠനശാലകളിൽ,അറിവിന്റെ പുതുലോകത്തിലേക്ക് നയിക്കാൻ നമുക്കൊപ്പമുണ്ടാകി ല്ല .
ദുരിരിത പർവ്വങ്ങളുടെ കാതങ്ങൾ താണ്ടിയ സാധാരണക്കാരനിൽ സാധാരണക്കാരനായ ശ്രീധരേട്ടൻ ,കാൽ നൂറ്റാണ്ടിന്റെ പഠന ഗവേഷണങ്ങളും തെന്നിന്ത്യയിലാകമാനം ഒരവധൂതനെ പോലെ അലഞ്ഞു നടന്നാണ് തന്റെ ജീവിത ദൗത്യമായ ചതുർഭാഷാ നിഘണ്ടു തയ്യാറാക്കിയത്. പ്രസിദ്ധീകരിക്കാനാവട്ടെ, വർഷങ്ങളുടെ ത്യാഗവും കാത്തിരിപ്പും വേണ്ടി വന്നു. ഓർമ്മകളുടെ തിറയാട്ടം എന്ന ആത്മകഥാംശമുള്ള കൃതി ശ്രീധരൻ എന്ന നിഷ്ക്കളങ്കനായ മനുഷ്യ സ്നേഹിയുടെ തീഷ്ണമായ ജീവിതാനു വങ്ങളുടെ പച്ചയായഅവതരണമാണ്.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ മീശമുളക്കും മുമ്പ് ബീഡി തെറുപ്പുകാരനായി മാറിയ ശ്രീധരന്, അക്ഷര ലോകത്തിന്റെ വാതായനം തുറന്ന് കിട്ടിയത് ബീഡി കമ്പനിയിൽവെച്ചായിരുന്നു.
അനന്തമായ അറിവിന്റെ ആഴങ്ങൾ തേടി,വായനശാലകളത്രയും കയറിയിറങ്ങി. സ്വയം പഠിച്ച് സർക്കാർ ഉദ്യോഗസ്ഥനായി. സാക്ഷരതായജ്ഞം സർക്കാർ തുടങ്ങുന്നതിനും ദശകങ്ങൾക്ക് മുമ്പു തന്നെ ആദ്യത്തെ സാക്ഷരതാ പ്രവർത്തകനായി. കേരളത്തിലുടനീളം കോളനികളിലും, ആദിവാസി മേഖലകളിലും അക്ഷര മധുരം പകരാൻ ശ്രീധരൻ രാപകലുകൾ വിശ്രമരഹിതമായി പ്രവർത്തിച്ചു.
അക്ഷരങ്ങളുടെ താക്കോൽ സൂക്ഷിപ്പുകാരനായി മാറിയ ശ്രീധരൻ പിന്നീട് ആനുകാലികങ്ങളിലെ സ്ഥിരം എഴുത്തുകാരനായി. കഥയും കവിതയും ചരിത്രരും നിരൂപണങ്ങളും യാത്രാക്കുറിപ്പുകളുമെല്ലാം വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ നിരന്തരം വായനക്കാരെ തേടിയെത്തി. മലയാള ഭാഷാലിപിപരിഷ്ക്കരണ വേളയിൽ ശ്രീധരൻ നൽകിയ സംഭാവന വളരെ വലുതായിരുന്നു. മാഹി മലയാള കലാഗ്രാമത്തിൽ ദിവസങ്ങൾ നീണ്ട അദ്ദേഹത്തിന്റെ ലിപി പരിഷ്ക്കരണ സോദാഹരണ ക്ലാസ്സ് ഇന്നും ഓർമ്മയിലുണ്ട്.
പക്ഷെ അദ്ദേഹത്തിന്റെ നിയോഗംമറ്റൊന്നായിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനപഥങ്ങളിലൂടെ, നാട്ടിൻപുറങ്ങളിലൂടെ, വനാന്തരങ്ങളിലൂടെ രണ്ട് ദശാബ്ദക്കാലംപട്ടിണി തിന്നും, ദുരിതങ്ങൾ പേറിയും, സ്വന്തം വീടിനേയും, ഭാര്യയേയും മക്കളെ പോലും മറന്ന് ഒരവധൂതനെ പോലെ ഈ മനുഷ്യൻ അലഞ്ഞു നടന്നു. പട്ടിണിയും, രോഗവും ഈ ഭാഷാ സ്നേഹിയെ തളർത്തിയില്ല..പല വിഭാഗം ജനങ്ങളുമായി സംവദിച്ചു.
പണ്ഡിതന്മാരും, പാമരൻമാരും അക്കുട്ടത്തിലുണ്ടായിരുന്നു.. അവരുടെ ഭാഷയും, വൃത്തവും, വൃത്താന്തനും, വ്യാകരണവുമെല്ലാം സ്വന്തം ഹൃദയ ഭിത്തിയിൽ കൊത്തിവെച്ചു. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ ഒരു പോലെ പ്രാവീണ്യം നേടി.
പിന്നീട് ഒരു താപസനെ പോലെ
കോടിയേരി മുളിയിൽ നടയിലെ ഗതാഗത സൗകര്യമില്ലാത്ത ചെങ്കുത്തായ കുന്നിൽ മുകളിലെ കൊച്ചു വീട്ടിൽ എഴുത്തിന്റെവാത്മീകത്തിൽ അടയിരുന്നു. ദശകങ്ങൾക്ക് ശേഷം ചതുർഭാഷ നിഘണ്ടു പിറന്നപ്പോൾ, അത് വിശ്വസിക്കാൻ പോലും അക്കാദമിസ്റ്റുകൾക്കായില്ല. കലാശാല മാസ്റ്റർ ബിരുദങ്ങളും , അക്കാദമിക് റിസർച്ച് സ്കോളറുമല്ലാത്ത പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഒരു ബീഡി തൊഴിലാളി തെന്നിന്ത്യൻ ഭാഷകളുടെ ആധികാരികനിഘണ്ടു പ്രസിദ്ധീകരിക്കുകയോ?
ആർക്കും അത് വിശ്വസിക്കാനായില്ല.
പക്ഷെ അതൊരു യഥാർത്ഥ്യമായിരുന്നു. ഒടുവിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തന്നെ പ്രസാധകരായെത്തി. അതിന് മുമ്പ് അദ്ദേഹത്തിന്റെ തമിഴ്-മലയാളം നിഘണ്ടു പ്രസിദ്ധീകൃതമായിരുന്നു.
അങ്ങിനെ മലയാളത്തിലെ ആദ്യ നിഘണ്ടു പിറന്ന നാട്ടിലെ രണ്ടാംഗുണ്ടർട്ടായി ഞാറ്റ്വേലശ്രീധരൻ മാറി.
ഗുടർട്ടിന് മലയാളവും, സംസ്കൃതവും വൈദ്യവുമെല്ലാം പകർന്നേകാൻ അക്കാലത്തെ ജ്ഞാനദീപങ്ങളായ ഊരാച്ചേരി ഗുരുനാഥന്മാരുണ്ടായിരുന്നു. ഗുണ്ടർട്ടിന് സാമ്പത്തികശേഷിയും, അക്കാദമിക് പരിജ്ഞാനവും, സ്വന്തം അച്ചടിശാലയുമുണ്ടായിരുന്നു.

ദേശിയ - അന്തർദ്ദേശീയ മാധ്യമങ്ങളിൽ ശ്രീധരേട്ടൻ അത്ഭുത മനുഷ്യനായി.കേരള കൗമുദിയാണ് മുൻപേജിൽ ശ്രീധരേട്ടന്റെ ജൻമ സാഫല്യത്തെക്കുറിച്ച് ആദ്യമായി വാർത്ത പ്രസിദ്ധീകരിച്ചിരുന്നത്.
അച്ചടി - ദൃശ്യ മാധ്യമങ്ങളിൽ ഈ മനുഷ്യൻ കൗതുക വാർത്തകളായി. നിരവധി ഡോക്യുമെന്ററികളിലൂടെ അന്താരാഷ്ട്ര തലത്തിലടക്കം ഈ മനുഷ്യൻ ശ്രദ്ധേയനായി.
മാനവമോചന മന്ത്രങ്ങളുമായി , വിപ്ലവപ്രസ്ഥാനത്തിന്റെ കനൽ വഴികളിലൂടെ സഞ്ചരിച്ച , ആയിരം പൂർണ്ണ ചന്ദ്രൻമാരെ കണ്ട, ഈ മനുഷ്യന്റെ ജീവിത കഥ സഹനത്തിന്റെ പാതയിലെ ശക്തി ഗോപുരമായി. ഓർമ്മകളുടെ തിറയാട്ടം എന്ന ആത്മകഥ ആരേയും വിസ്മയിപ്പിക്കുന്നതാണ്.
നിരവധിയായ ചെറുകഥകൾ, കനപ്പെട്ട ലേഖനങ്ങൾ, ഗവേഷണാത്മക പ്രബന്ധങ്ങൾ എന്നിവ ശ്രീധരേട്ടന്റേതായിട്ടുണ്ട്.
തകർക്കാനാവാത്ത നിശ്ചയദാർഢ്യത്തിന്റേയും, തളർത്താനാവാത്ത ലക്ഷ്യബോധത്തിന്റേയുംത്രസിപ്പിക്കുന്ന അതിജീവന കഥയാണത്. ഒരു വർഷത്തിനിടയിൽ രണ്ടാം പതിപ്പും വിറ്റുപോകും വിധം ആർത്തിയോടെ യാണ് വായനക്കാർ ഈ പുസ്തകത്തെ ഇരു കൈകളുംനീട്ടിസ്വീകരിച്ചത്
ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽശ്രീധരേട്ടന്റെ വിവാഹ വാർഷിക നാളിൽ

തലശ്ശേരി റൂറൽ ബേങ്ക് ഓഡിറ്റോറിയം നിറഞ്ഞ് കവിഞ്ഞ സദസ്സിൽ നാടും നഗരവും ഈ മഹാപ്രതിഭയെ ഭാര്യ യശോദക്കൊപ്പം ആദരിക്കുകയുണ്ടായി. ശ്രീധരേട്ടൻഇഷ്ടപ്പെടുന്നവരും ശ്രീധരേട്ടനെ ഇഷ്ടപ്പെടുന്നവരും ഒത്തുചേർന്ന ആ പ്രൗഢമായ സദസ്സിൽ ആത്മസുഹൃത്തുക്കളും, ബന്ധുക്കളും, സഹപ്രവർത്തകരും എഴുത്തുകാരും, സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകരുമെല്ലാം അറുപതാം വിവാഹ വാർഷിക നാളിൽ മംഗളം നേരാൻ എത്തിച്ചേർന്നിരുന്നു.
തന്റെ ജീവിതത്തിൽ താനനുഭവിച്ച ഏറ്റവും വലിയ ആത്മാനുഭൂതി നിറഞ്ഞമണിക്കൂറുകളാണതെന്ന് അദ്ദേഹം മറു ഭാഷണത്തിൽ പറയുകയുണ്ടായി.
അങ്ങകലെ ആകാശത്തിൽ, അക്ഷരതാരാപഥത്തിൽ ബുധനാഴ്ച പുലർച്ചെ ഒരു ധ്രുവ നക്ഷത്രം കൂടി ഉദിച്ചുയർന്നിരിക്കാം..
ചിത്രവിവരണം: ഞാറ്റ്വേല ശ്രീധരനും ഭാര്യ യശോദയും

നിരക്ഷരതയിൽ നിന്ന് ഡിജിറ്റൽ ലോകത്തേയ്ക്ക് പറന്നുയർന്ന അക്ഷരഗുരു
:ചാലക്കര പുരുഷു
തലശ്ശേരി: നിഘണ്ടുപിറന്ന മണ്ണിൽ നിന്ന് തെന്നിന്ത്യൻ ഭാഷകൾക്കായി ചതുർഭാഷാ നിഘണ്ടു സമ്മാനിച്ച രണ്ടാം ഗുണ്ടർട്ട് എന്നറിയപ്പെടുന്ന ഞാറ്റേല ശ്രീധരൻ്റെ മഹദ്ഗ്രന്ഥം ഇനി ഡിജിറ്റൽ നിഘണ്ടുവായി ലോകമെങ്ങും വായിക്കാം.
തിരുവങ്ങാട് സ്വദേശി ഞാറ്റേല ശ്രീധരൻ്റെ ' ചതുർ ദ്രാവിഡ ഭാഷാ പദ പരിചയം' പുസ്‌തകത്തിൻ്റെ ഓൺലൈൻ പതിപ്പാണിത്. നിരക്ഷരതയുടെ അന്ധകാരത്തിൽ നിന്നും മലയാളം വാക്കുകളുടെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷയിലെ പര്യായപദ ങ്ങളുമായി തയാറാക്കിയ 'സമം' ഡിജിറ്റൽ നിഘണ്ടു പ്രവർത്തനമാരംഭിച്ചു. ഞാറ്റേല ശ്രീധരന്റെ 'ചതുർ ദ്രാവിഡ ഭാഷാ പദ പരിചയം' എന്ന പുസ്‌തകത്തിൻ്റെ ഓൺ ലൈൻ പതിപ്പ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡിക് ഡിജിറ്റൽ ആർ ക്കൈവ് ഫൗണ്ടേഷനാണ് ഒരുക്കിയത്. സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് പ്രവർത്തകരുടെ സാങ്കേതിക സഹായത്തോടെ 7 മാസം കൊണ്ടാണ് 'സമം' തയാറാക്കിയത്. ഫൗണ്ടേഷൻ പ്രവർത്തകരായ ഷിജു അലക്‌സ്, ജിസോ ജോസ്, കൈലാഷ് നാഥ്, കംപ്യൂട്ടിങ് വിദഗ്ധൻ സന്തോഷ് തോട്ടിങ്ങൽ എന്നിവരാണ് 'സമ'ത്തിനു പിന്നിൽ. Samam.net എന്ന വെബ് അഡ്രസിൽ സമത്തിലെ സേവനങ്ങൾ ലഭ്യമാകും.
ഒരു ലക്ഷത്തോളം മലയാളം
വാക്കുകൾ ഉൾപ്പെടുത്തി നിഘണ്ടു നിർമാണം ആരംഭിച്ചു. 2012 ൽ കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് ശ്രീധരൻ്റെ മലയാളം - തമിഴ് നിഘണ്ടു പുറത്തിറക്കി. 2022ൽ ചതുർ ദ്രാവിഡ ഭാഷാ പദ പരിചയവും പ്രസിദ്ധീകരിച്ചു.
നിലവിൽ 'ഓർമകളുടെ തിറയാട്ടം' എന്ന ആത്മകഥയുടെ പണിപ്പുരയിലാണ് അദ്ദേഹം. ശ്രീധരൻ്റെ ജീവിതത്തെ ആസ്‌പദമാക്കി നന്ദൻ സം വിധാനം ചെയ്ത‌് 2021ൽ പുറത്തിറങ്ങിയ 'ഡ്രീമിങ് ഓഫ് വേർഡ്‌സ്' എന്ന ഡോക്യു മെൻ്ററിക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. വെള്ളവും വെളിച്ചവുമില്ലാതിരുന്ന കോടിയേരിയിലെ ഇല്ലത്ത് താഴെയിലെ കുന്നിന്നോ രത്ത് ജനിച്ചു വളർന്ന്, പട്ടിണിയുടെ രുചിയറിഞ്ഞ്, പ്രാഥമിക വിദ്യാഭ്യാസം മാത്രം സിദ്ധിച്ച്, സ്വയം പഠിച്ച്, നാട്ടിൽ നിന്ന് നിരക്ഷരത നീക്കാൻ ഏഴ് പതിറ്റാണ്ട് മുമ്പ് തന്നെ സാക്ഷരതാ പ്രവർത്തകനായി അനവരതം പോരാടി.
കടുത്ത ദാരിദ്യത്തിലും, തുടരെ തുടരെയുണ്ടായ പ്രതികൂലമായ സാഹചര്യത്തിലും മുന്നോട്ട് പോകാനാവാതെ നിഘണ്ടു രചന നിർത്തിവെക്കണ്ടുന്ന അവസ്ഥയിലെത്തിയപ്പോൾ, ഈ മനുഷ്യനെ കൈ പിടിച്ചുയർത്തിയത് ദശകങ്ങൾക്ക് മുമ്പ് 'കേരളകൗമുദി'യായിരുന്നു ത്യാഗപൂർണ്ണവും, കഠിനവുമായ ശ്രമങ്ങളിലൂടെസ്വയം ആർജ്ജിപ അറിവുകളിലൂടെ .
തെന്നിന്ത്യൻ ഭാഷകളുടെ താക്കോൽ സൂക്ഷിപ്പുകാരനായി മാറിയ ഞാറ്റേല ശ്രീധരൻ, ഒരു കാലത്ത്, തന്നെ തള്ളിപ്പറഞ്ഞ അക്കാദമിക് പണ്ഡിതരുടെയടക്കം ആരാധനാപാത്രമായി ഇന്ന് മാറിയിരിക്കുകയാണ്
ചിത്രവിവരണം: സച്ചിദാനന്ദൻ, സാറാ ജോസഫ് എന്നിവർക്കൊപ്പം ഞാറ്റേല ശ്രീധരൻ


വെളിച്ചെണ്ണവിലയിൽ ആശ്വാസം
മന്നൻ അഗ്‌മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ ഇനി വീട്ടിലെത്തും
മാഹി: വെളിച്ചെണ്ണവിലയിലെ കുതിച്ചുയർച്ചയിൽ നിന്നും ഉപഭോക്താ ക്കൾക്ക് ആശ്വാവും വിശ്വാസവും നൽകുകയാണ് .അശേഷം മായം കലരാത്ത മന്നൻ അഗ്‌മാർക്ക് ഗ്രേഡ് 1 വെളിച്ചെണ്ണ.
ഓണസദ്യയ്ക്ക് മാറ്റുകൂട്ടാൻ ശുദ്ധമായ വെളിച്ചെണ്ണ, ലാഭശതമാനം വെട്ടി ക്കുറച്ചുകൊണ്ട് ഇടനിലക്കാരില്ലാ തെ Direct Marketing രീതിയിൽ നേരിട്ട് വീടുകളിലെത്തിക്കുന്ന പ്രത്യേക ഓണ ഓഫറുമായി പള്ളൂരിലെ റോജ ഓയിൽ മിൽ രംഗത്തെത്തി.
പ്രകൃതിദത്തമായ രീതിയിൽ, ഗുണമേന്മ ഉറപ്പാക്കി നിർമ്മിക്കുന്ന ഈ ഉൽപ്പന്നത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ അംഗീകാര ങ്ങളും, ഭാരത സർക്കാരിന്റെ അഗ്‌മാർക്ക് സർട്ടിഫിക്കേഷനും, BSS ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
ഓണം സ്‌പെഷ്യൽ ഓഫർ: മാഹി, പള്ളൂർ, പന്തക്കൽ, ചൊക്ലി, പാനൂർ, ചമ്പാട്, പെരിങ്ങത്തുർ, തലശ്ശേരി പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് ഫ്രീ ഹോം ഡെലിവറി.( നിബന്ധനകൾക്ക് വിധേയം )
വിളിക്കൂ ..മന്നൻ ഡെലിവറി വാൻ നിങ്ങളുടെ വീട്ടിലെത്തും .
? 70343 54058, 95678 33959
.jpg)



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group