
ആർക്ക് മുൻസിപ്പാൽ തെരഞ്ഞെടുപ്പ് ?
: ചാലക്കര പുരുഷു
മാഹി: മയ്യഴി നഗരസഭയടക്കം പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ഏറ്റവുമൊടുവിൽ തെരഞ്ഞെടുപ്പ് നടന്നിട്ട്
14 വർഷങ്ങൾ കഴിഞ്ഞു
തെരഞ്ഞെടുപ്പ് നടക്കാത്തത് കൊണ്ട് പുതുച്ചേരിയിലെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്കോ നേതാക്കൾക്കോ യാതൊരു പരിഭവവുമില്ല.
ത്രിതല ഭരണ സംവിധാനം രാജ്യമെങ്ങും വിജയകരമായി നടക്കുമ്പോൾ മാഹി യുൾപ്പടെ പുതുച്ചേരിയിൽ മാത്രം ഇത് ആർക്കും വേണ്ടാത്ത ഒരു സംവിധാനമായി.
തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം കൈവന്നാൽ ചെറു മണ്ഡലങ്ങളിലെ എം എൽ എ മാർക്ക് അധികാരം നഷ്ടപ്പെടുമെന്ന ആശങ്കയാണ് ഭരണ-പ്രതിപക്ഷ എം എൽ എ മാർക്ക്.
ഇന്ത്യയിൽ തന്നെ ഏറ്റവും പഴക്കം ചെന്ന മുനിസിപ്പാലിറ്റിയാണ് മാഹി മുനിസിപ്പാലിറ്റി.
1793 ൽ തന്നെ ഫ്രഞ്ചുകാരനായ ബോയ്യേ മേയറായി മാഹിയിൽ മുനിസിപ്പാലി കൗൺസിൽ നിലവിൽ വന്നിരുന്നു.
അതിനുശേഷം ഫ്രഞ്ചുകാരുടെ കാലത്ത് കൃത്യമായി ഇലക്ഷൻ നടക്കാറുണ്ടായിരുന്നു
ഫ്രഞ്ചുകാർ മയ്യഴിയിലുള്ള ആളുകളെ സ്വന്തം പൗരന്മാരായി കണ്ടതുകൊണ്ട് ഇവിടെ മയ്യഴിക്കാർക്ക് വോട്ടവകാശവും മത്സരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു.
1880 ൽ തന്നെ മയ്യഴിക്കാരനായ വടുവൻ കുട്ടി വക്കിൽ മാഹിയിൽ മേയർ ആയിട്ടുണ്ട്.
എന്നാൽ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം മൂന്നു തിരഞ്ഞെടുപ്പുകൾ മാത്രമേ ഇവിടെ നടന്നിട്ടുള്ളൂ.
1968 ന് ശേഷം പ്രമുഖ അഭിഭാഷകനായ ടി.അശോക് കുമാർ ചെന്നൈ ഹൈക്കോടതിയിൽ ഫയൽ ചെയ്ത പൊതു താൽപര്യ ഹർജിയിലെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 38 വർഷത്തിനുശേഷം 2006 ൽ തിരഞ്ഞെടുപ്പ് നടന്നത്.
ആ കൗൺസിലിന്റെ കാലാവധി 2011 കഴിഞ്ഞെങ്കിലും, ഇന്നുവരെ തിരഞ്ഞെടുപ്പ് ഇവിടെ നടന്നിട്ടില്ല.
അശോക് കുമാർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത് കൊണ്ട് 2018ൽ ഇലക്ഷൻ നടത്തുവാൻ വേണ്ടി സുപ്രീംകോടതി ഉത്തരവിടുകയും എന്നാൽ സർക്കാർ ഉത്തരവ് പാലിക്കാത്തത് കൊണ്ട് അശോക് കുമാർ സുപ്രീംകോടതിയിൽ കോടതി അലക്ഷ്യ ഹരിജി ഫയൽ ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി 2021 ൽ ആറുമാസത്തിനുള്ളിൽ ഇലക്ഷൻ നടത്തുവാൻ ഉത്തരവിടുകയുമായിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ 2021ൽ രണ്ട് പ്രാവശ്യം ഇലക്ഷൻ പ്രഖ്യാപിച്ചുവെങ്കിലും, പുതുച്ചേരിയിലുള്ള പ്രതിപക്ഷ നേതാവും മറ്റ് എംഎൽഎമാരും മദ്രാസ് ഹൈക്കോടതിയിലെ സമീപിച്ചത് കൊണ്ട് ഇലക്ഷൻ നീണ്ടു പോകുകയാണ് ചെയ്തത്.
ഇപ്പോൾ പിന്നോക്ക വിഭാഗത്തിന് സംവരണം ഏർപ്പെടുത്തണം എന്നാണ് മദ്രാസ്ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് കെ ശശിധരനെ ഏകാംഗ കമ്മീഷനായി നിയമിച്ചിട്ടുണ്ട്.
എന്നാൽ മിക്ക മുൻസിപ്പാലിറ്റികളും പഞ്ചായത്തുകളും അവരുടെ പരിധിയിലുള്ള പിന്നോക്ക വിഭാഗത്തിന്റെ കണക്കുകൾ കമ്മീഷന് ഇതുവരെ നൽകിയിട്ടില്ല.
അതുകൊണ്ടു തന്നെ ഇലക്ഷൻ അനന്തമായി നീണ്ടുപോവുകയാണ്.
നഷ്ടമായത് 5000 കോടി
കേന്ദ്രസഹായം
ഇലക്ഷൻ നടത്താത്തത് കൊണ്ട് കേന്ദ്ര വിഹിതത്തിൽ സർക്കാരിന് ഇതുവരെ 5000ത്തിൽ പരം കോടി രൂപയുടെ സഹായമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
പല പഞ്ചായത്തുകൾക്കും ശമ്പളം കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് കേന്ദ്രവിഹിതം നഷ്ടപ്പെട്ടതു കൊണ്ടുണ്ടായിട്ടുള്ളത്
ഇലക്ഷൻ നടത്താതിരിക്കാൻ സർക്കാരിന് ചിലവ് രണ്ട് കോടി
ഇലക്ഷൻ നടത്താതിരിക്കാൻ വേണ്ടി വക്കീൽ ഫീസിനത്തിൽ മാത്രം സർക്കാരിനും ഇലക്ഷൻ കമ്മീഷനും എംഎൽഎമാർക്കും രണ്ടുകോടിയിലേറെ രൂപ ഇതുവരെ ചെലവായിട്ടുണ്ട്
സൊലീസിറ്റർ ജനറൽ തുഷാർ മേത്ത അറ്റോണി ജനറൽ വെങ്കിട്ട രമണി അറ്റോണി ജനറൽ മുകൾ റോത്തഗി സീനിയർ അഡ്വക്കേറ്റ് വിൽസൺ അങ്ങനെ സിറ്റിങ്ങിന് ലക്ഷങ്ങൾ വാങ്ങി ഫീസ് വാങ്ങുന്ന അഭിഭാഷകരാണ് സർക്കാരിനും എംഎൽഎമാർക്കും വേണ്ടി ഹാജരാകുന്നത്.
ഏറെ പ്രത്യേകതകൾ.
മാഹി മുനിസിപ്പാലിറ്റിയിൽ ചെയർമാനെ നേരിട്ടാണ് തിരഞ്ഞെടുക്കുന്നത്.
മാഹിയിലെ എംഎൽഎയും പോണ്ടിച്ചേരിയിലുള്ള ലോക്സഭാ മെമ്പറും രാജ്യസഭാ മെമ്പറും മാഹി മുനിസിപ്പാലിറ്റിയുടെ മെമ്പർമാരാണ്.
മാഹിയിൽ തെരഞ്ഞെടുക്കപ്പെടുന്ന മുനിസിപ്പൽ ചെയർമാനെ പുറത്താക്കുവാൻ മാഹി മുനിസിപ്പാലിറ്റിയിലെ കൗൺസിലർമാർക്ക് അധികാരമില്ല
പുതുച്ചേരി അസംബ്ലിക്ക് മാത്രമാണ് ചെയർമാനെ പുറത്താക്കാനുള്ള അധികാരം. ചെയർമാനെ നേരിട്ട് തിരഞ്ഞെടുക്കുന്നത് കൊണ്ട് ചിലപ്പോൾ കൗൺസിലിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെ നേതാവാകണമെന്നില്ല ചെയർമാനാകുന്നത്.
കോടതിതന്നെ ശരണം
മുനിസിപ്പാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ നടത്തിക്കാൻ വേണ്ട നടപടി എടുക്കുവാൻ വീണ്ടും ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിക്കുമെന്ന് അഡ്വ. അശോക് കുമാർ പറഞ്ഞു

മാല പിടിച്ചു പറി കേസിലെ പ്രതി മയക്കുമരുന്നു കേസിലും, പോലീസ്
അറസ്റ്റ് ചെയ്തു
തലശ്ശേരി : സ്ത്രീയുടെ കഴുത്തിൽ നിന്നും
സ്വർണ്ണമാല പിടിച്ചു പറിച്ച കേസിലെ പ്രതിയെ ന്യൂമാഹി പോലീസ് അറസ്റ്റു ചെയ്തു. കാസർകോട് കളനാട് കീഴൂർ സ്വദേശി ഷംനാസ് മൻസിലിൽ മുഹമ്മദ് ഷംനാസ് ( 33) ആണ് പോലീസിൻ്റെ പിടിയിലായത് . നിരവധി മോഷണ , മയക്കുമരുന്നു കേസുകളിലെ പ്രതിയെ യാണ്
കാസർകോട് മേൽപറമ്പ് വെച്ച് ശനിയാഴ്ച പുലർച്ചെ പോലീസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം ബൈക്കിൽ എത്തിയ ഷംനാസ് ചൊക്ലി കുറ്റിയിൽ വീട്ടിൽ ഭാർഗ്ഗവി (70) ൻ്റെ 3 പവൻ വരുന്ന സ്വർണ്ണ മാല തട്ടിപ്പറിച്ചു കടന്നു കളഞ്ഞിരുന്നു. ഈ കേസിൻ്റെ അന്വേഷണത്തിനിടെയാണ് ഇയാളെ പോലീസ് പിടി കൂടിയത്.
ഈങ്ങയിൽ പീടിക ഓണിയൻ സ്കൂളിന് സമീപം വച്ചാണ് സ്വർണ്ണ മാല തട്ടിപ്പറിച്ചത്. ഇവർ ബന്ധു വീട്ടിൽ എത്തിയതായിരുന്നു.
നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിലെത്തിയാണ് മാല പിടിച്ചു പറിച്ചത്. ഇത് സംബന്ധിച്ച് ഭാർഗ്ഗവി ന്യൂമാഹി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് മോഷ്ടാവിൻ്റെതെന്നു കരുതുന്ന സി. സി ടി വി ദൃശ്യം പുറത്തുവിട്ടു. ഷംനാസ് ഭാര്യയുടെ പേരിലുള്ള സ്കൂട്ടറിലെത്തിയാണ് പിടിച്ചു പറി നടത്തിയത്.
സൈദാർ പള്ളിക്കു സമീപം വച്ചും കൂത്ത് പറമ്പ് ഭാഗത്ത് വച്ചും സമാനമായ പിടിച്ചു പറി നടന്നിരുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി ഷംനാസിനെതിരെ 15 ൽ പരം കേസുകളുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
150 ഓളം സി. സി ടി വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അന്വേഷണം പ്രതിയിലേക്കെത്തിപ്പെട്ടത്.
ന്യൂമാഹി സി ഐ ബിനുമോഹനൻ, എസ്.ഐ മാരായ രവീന്ദ്രൻ, പ്രശോഭ് , പ്രമോദ്, എ എസ് ഐ പ്രസാദ്, മറ്റു ഓഫീസർമാരായ ലിബിൻ , ഷോജേഷ്, കലേഷ്, സായുജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തലശ്ശേരി ജെ എഫ് സി എം കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
അഡ്വ: മുഹമ്മദ് സാഹിദ് -
അഡ്വ: ഫാത്തിമത്ത് സാലിസ വിവാഹിതരായി.
തലശ്ശേരി:കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മെമ്പർ അഡ്വ:പി വി സൈനുദ്ദീന്റെ മകൻ അഡ്വ :മുഹമ്മദ് സാഹിദും , കാസർകോട് മൊഗ്രാൽ എം എം അബ്ദുല്ലയുടെ മകൾ അഡ്വ: ഫാത്തിമത്ത് സാലിസയും വിവാഹിതരായി. നിക്കാഹ് കർമ്മത്തിന് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നേതൃത്വം വഹിച്ചു ചടങ്ങിൽ
കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ്, ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ, എംഎൽഎമാരായ പി ഉബൈദുള്ള, പി കെ ബഷീർ, ടി വി ഇബ്രാഹിം, അഹമ്മദ് ദേവർകോവിൽ, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടി, സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ചെയർമാൻ അഡ്വ എം കെ സക്കീർ, മലബാർ ദേവസ്വം ബോർഡ് ചെയർമാൻ ഒ കെ വാസു മാസ്റ്റർ, തൃശ്ശൂർ ബിഷപ്പ് ഫാദർ ലിജോ ചിറ്റിലപ്പള്ളി, സംസ്ഥാന മുസ്ലിംലീഗ് ജനറൽ സെക്രട്ടറി അഡ്വ പി എം എ സലാം, സംസ്ഥാന സെക്രട്ടറിമാരായ എം സി മാഹിൻഹാജി, അബ്ദുറഹ്മാൻ കല്ലായി, കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, പാനൂർ മുൻസിപ്പൽ ചെയർമാൻ കെ പി ഹാഷിം, തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമുനാ റാണി, ഡോ ഹുസൈൻ മടവൂർ, ഡി സി സി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ്, ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി, ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ ടി നിസാർ അഹമ്മദ്, എന്നിവർ സംബന്ധിച്ചു

ക്വിറ്റ് ഇന്ത്യ അനുസ്മരണവും വിജയികൾക്കുള്ള അനുമോദനവും
ന്യൂമാഹി : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോടിയേരി പാറാൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സംഗമം 2025 എന്ന പേരിൽ ക്വിറ്റ് ഇന്ത്യ അനുസ്മരണം സംഘടിപ്പിച്ചു.
എസ്. എസ്. എൽ സി, പ്ലസ്ടു
ഉന്നത വിജയികൾക്കുള്ള അനുമോദനവും ഒരുക്കി. മാടപ്പീടിക ഗുംട്ടിയിലെ സൗത്ത് വയലളം യു പി സ്കൂളിൽ നടന്ന ചടങ്ങ് ഡി. സി. സി ജനറൽ സെക്രട്ടറി ടി. ജയ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി. പി പ്രസിൽ ബാബു അധ്യക്ഷത വഹിച്ചു. എം ഹരീന്ദ്രൻ മാസ്റ്റർ ഉന്നത വിജയികളെ അനുമോദിച്ചു. അഡ്വ സി ടി സജിത്ത്, കെ ശശിധരൻ മാസ്റ്റർ, വി സി പ്രസാദ്, വി ദിവാകരൻ മാസ്റ്റർ, പി. കെ രാജേന്ദ്രൻ, പി ദിനേശൻ, പി എം കനകരാജൻ, സി ഗംഗാധരൻ, കെ പി കുശല കുമാരി ടീച്ചർ, എം ഷീബ, വി കെ സുചിത്ര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സന്ദീപ് കോടിയേരി സ്വാഗതവും ടി. എം പവിത്രൻ നന്ദിയും പറഞ്ഞു,
ചിത്രവിവരണം: ഡി. സി. സി ജനറൽ സെക്രട്ടറി ടി. ജയ കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ടി.പി.സന്തോഷ് കുമാർ നിര്യാതനായി
ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂൾ മാനേജർ തിക്കോടി ജ്യോതിസിലെ ടി.പി. സന്തോഷ് കുമാർ (63) അന്തരിച്ചു.
തിക്കോടി, മേലടി ശ്രീനാരായണ ഭജന മഠം ഗവ. യു.പി സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകനാണ്. തൃക്കോട്ട് എയ്ഡഡ് സ്കൂളിലും പയ്യാനക്കൽ ഗവ. യു.പി. സ്കൂളിലും അധ്യാപകനായിരുന്നു.
അച്ഛൻ : പരേതനായ ടി.പി. ഗോപാലൻ മാസ്റ്റർ (മാനേജർ ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂൾ). അമ്മ: പരേതയായ രുക്മിണി ടീച്ചർ (മാനേജർ, കുറിച്ചിയിൽ ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂൾ).
ഭാര്യ : ഹേമ മാലിനി
മക്കൾ : ടി.പി. വൈഷ്ണവ്, ടി.പി. സ്വരാത്മിക സന്തോഷ്.
സഹോദരങ്ങൾ : ടി.പി. ക്ഷേമ ടീച്ചർ, ടി.പി. ജ്യോതി ടീച്ചർ.r
യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു.
മാഹി :മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു.
പള്ളൂർ ഇന്ദിരാ ഭവനിൽ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് കെ പി രെജിലേഷ് പതാക ഉയർത്തി
മാഹി ചൂടിക്കോട്ട രാജീവ് ഭവനിൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് മുഹമ്മദ് സർഫാസ് പതാക ഉയർത്തി.മാഹി മേഖലയിലെ വിവിധ ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം പതാക ഉയർത്തി ആചരിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അലി അക്ബർ ഹാഷിം പത്താം വാർഡ് ഗ്രാമത്തിയിൽ പതാക ഉയർത്തി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അനൂപ്,ജിജോ വളവിൽ നേതൃത്വം നൽകി.

നാണിയമ്മ നിര്യാതയായി.
ന്യൂമാഹി മങ്ങാട് താഴത്ത് മീത്തൽ നാണിയമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ, മക്കൾ: സതി, രാജൻ (എൽ.ഐ.സി), മരുമക്കൾ: രാജൻ, സജിത (എൽ.ഐ.സി, ന്യൂമാഹി പഞ്ചായത്ത് മുൻ മെമ്പർ). സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.

പുതുച്ചേരി സംസ്ഥാനതല ക്വിസ്സ് മത്സരം: മാഹിക്ക് രണ്ടാം സ്ഥാനം
മാഹി:പുതുച്ചേരി ആരോഗ്യ വകുപ്പിൻ്റെ കീഴിലുള്ള പോണ്ടിച്ചേരി എയ്ഡ്സ് കൺട്രോൾ സൊസൈറ്റി നടത്തിയ സംസ്ഥാനതല ക്വിസ്സ് മത്സരത്തിൽ മാഹി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചാലക്കര സെന്റ് തെരേസ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളായ ഐലീൻ ഫെർണാണ്ടസും

അഭിജീത് ജീജോയും അടങ്ങിയ ടീമാണ് മാഹിയെ പ്രതിനിധികരിച്ച്
സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. വിജയികൾക്ക് 8000/- രൂപയും പ്രശസ്തി പത്രവും ഉപഹാരമായി ലഭിച്ചു.
യുദ്ധവിരുദ്ധ സദസ്
സംഘടിപ്പിച്ചു.
മാഹി : പാറാൽ പൊതുജന വായനശാല ബാലവേദിയുടെ യുദ്ധവിരുദ്ധ സദസ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗം യു ബ്രിജേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം.സുരേഷ് ബാബു അധ്യക്ഷനായി. യുദ്ധവിരുദ്ധ പ്രതിജ്ഞ, ഫ്ളാഷ് മോബ് എന്നിവയുമുണ്ടായി. സനീഷ് കുമാർ, പ്രിംന എം, വിദ്യ പി സംസാരിച്ചു. നിധിഷ പി പി സ്വാഗതവും സിയോന എസ് കുമാർ നന്ദിയും പറഞ്ഞു

യുദ്ധത്തിനെതിരെ
മുബാറക്കസ് കൗട്ട് അംഗങ്ങൾ
തലശ്ശേരി: നാഗസാക്കി ദിനത്തോടനുബന്ധിച്ച് മുബാറക്ക സ്കൂൾ സ്കൗട്ട് യൂനിറ്റ് യുദ്ധത്തിനെതിരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞ,
ഗസ്സയുടെ കണ്ണുനീർ -
യുദ്ധവിരുദ്ധ കൈയ്യൊപ്പ്
എന്നിവ സംഘടിപ്പിച്ചു.പ്രിൻസിപ്പൽ മുഹമ്മദ് സാജിദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.പി.നിസാർ അധ്യക്ഷത വഹിച്ചു.
കെ.പി അഷറഫ്, എ യു. ഷമീല ,റബീസ് മാസ്റ്റർഎന്നിവർ സംസാരിച്ചു. കെ.പി അഷറഫ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
. ചിത്രവിവരണം: കെ.പി അഷറഫ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു

മൺസൂൺ ഫെസ്റ്റ് സംഘടിപ്പിച്ചു.
മാഹി:എക്സൽ പബ്ലിക് സ്കൂൾ മൺസൂൺ ഫെസ്റ്റ് സംഘടിപ്പിച്ചു. മഴയെ നേരിട്ടറിഞ്ഞ് അതിൻ്റെ നവരസഭാവങ്ങളിലൂടെ മഴയുടെ സൗന്ദര്യവും ശാസ്ത്രവും മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.സ്കൂളിലെ വിവിധ ഡിപ്പാർട്ടുമെൻ്റുകളുടെ ആഭിമുഖ്യത്തിൽ വ്യത്യസ്തമായ പരിപാടികൾ അരങ്ങേറി. റെയ്ൻ ഡാൻസുകൾ, സ്കിറ്റുകൾ, കാവ്യാവിഷ്കാരം, ഡോക്യുമെൻ്ററികൾ, മഴയെ ആസ്പദമാക്കിയുളള സിനിമാ ഗാനങ്ങളുടെ നൃത്തരൂപം എന്നിവ ഏറെ ശ്രദ്ധേയമായി. പ്രിൻസിപ്പാൾ സതി എം കുറുപ്പ് വൈസ് പ്രിൻസിപ്പാൾമാരായ സുധീഷ് വി.കെ, പ്രിയേഷ് പി, കോർഡിനേറ്റർമാരായ ജാസ്മിന ടി.കെ, ശ്രീജി പ്രദീപ്കുമാർ, വിനീഷ് കുമാർ. എം, സുശാന്ത് കുമാർ വി.കെ, മലയാള അധ്യാപകൻ ജയര്തനൻ നേതൃത്വം നല്കി.
ചിത്രവിവരണം:മാഹി എക്സൽ സ്കൂളിൽ നടന്ന മൺസൂൺ ഫെസ്റ്റ്

മൺസൂൺ ഫെസ്റ്റ് സംഘടിപ്പിച്ചു.
മാഹി:എക്സൽ പബ്ലിക് സ്കൂൾ മൺസൂൺ ഫെസ്റ്റ് സംഘടിപ്പിച്ചു. മഴയെ നേരിട്ടറിഞ്ഞ് അതിൻ്റെ നവരസഭാവങ്ങളിലൂടെ മഴയുടെ സൗന്ദര്യവും ശാസ്ത്രവും മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്.സ്കൂളിലെ വിവിധ ഡിപ്പാർട്ടുമെൻ്റുകളുടെ ആഭിമുഖ്യത്തിൽ വ്യത്യസ്തമായ പരിപാടികൾ അരങ്ങേറി. റെയ്ൻ ഡാൻസുകൾ, സ്കിറ്റുകൾ, കാവ്യാവിഷ്കാരം, ഡോക്യുമെൻ്ററികൾ, മഴയെ ആസ്പദമാക്കിയുളള സിനിമാ ഗാനങ്ങളുടെ നൃത്തരൂപം എന്നിവ ഏറെ ശ്രദ്ധേയമായി. പ്രിൻസിപ്പാൾ സതി എം കുറുപ്പ് വൈസ് പ്രിൻസിപ്പാൾമാരായ സുധീഷ് വി.കെ, പ്രിയേഷ് പി, കോർഡിനേറ്റർമാരായ ജാസ്മിന ടി.കെ, ശ്രീജി പ്രദീപ്കുമാർ, വിനീഷ് കുമാർ. എം, സുശാന്ത് കുമാർ വി.കെ, മലയാള അധ്യാപകൻ ജയര്തനൻ നേതൃത്വം നല്കി.
ചിത്രവിവരണം:മാഹി എക്സൽ സ്കൂളിൽ നടന്ന മൺസൂൺ ഫെസ്റ്റ്

മദ്യക്കടത്ത് പിടികൂടി
തലശ്ശേരി : അനധികൃതമായി കടത്തുകയായിരുന്ന മാഹി മദ്യവുമായി മധ്യവയസ്ക്കൻ പിടിയിൽ. അഴിക്കോട് സ്വദേശി കളത്തിൽ വീട്ടിൽ രാജേഷ് കെ (53) നെയാണ് 20 ലിറ്റർ മാഹിമദ്യവുമായി എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്.
ഓണം സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി
തലശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ദീപക് കെ.എമ്മും സംഘവുമാണ് കുട്ടിമാക്കൂലിൽ വെച്ച് വാഹന പരിശോധനക്കിടെ രാജേഷിനെ പിടികൂടിയത്.
ദിവസങ്ങളായി നീരിക്ഷിച്ചു വരികയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു.
പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ലെനിൻ എഡ്വേർഡ് വുമൺ സി ഇ ഒ പ്രസന്ന എം.കെ സി ഇ ഒമാരായ സരിൻ രാജ് കെ. പ്രിയേഷ് പി എന്നിവർ ഉണ്ടായിരുന്നു.





വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group