
പാലാഴി തോടിൻകര
ഇനി സ്വപ്ന തീരം.
:ചാലക്കര പുരുഷു
ന്യൂമാഹി : മയ്യഴിപ്പുഴയിൽ നിന്ന് ഉപ്പ് വെള്ളം കയറി വർഷങ്ങളായി കൃഷി നാശം സംഭവിച്ച്, തരിശിടമായി മാറിയ
പാത്തിക്കൽ -പാലാഴിത്തോട് ഭാഗത്തെ മൂന്നൂറ് ഹെക്ടർ സ്ഥലം പുതിയ റഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ കൃഷിയുക്തമായി മാറും.
17 കോടി രൂപ ചിലവിലാണ് ഉപ്പ് വെള്ളം കയറുന്നത് തടയാനുള്ള ഒളവിലം -പാത്തിക്കൽ റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണം പൂർത്തിയായി വരുന്നത്..
ഈ ബഹുമുഖ പദ്ധതി ഡിസമ്പറിൽ പൂർത്തിയാകുന്നതോടെ, പാലാഴി തോടിൻ്റെ ഇരുവശവും മൂന്ന് കിലോമീറ്റർ ദൂരം ഭിത്തി കെട്ടിസംരക്ഷിക്കപ്പെടുകയും, നടപ്പാത നിർമ്മിക്കുകയും ചെയ്യും. പ്രഭാത-സായാഹ്ന സവാരിക്കാർക്കും കാൽ നടയാത്രികൾക്കുമെല്ലാം ഹരിതഭംഗി ആസ്വദിച്ച് യാത്ര ചെയ്യാനാവും.
പെഡൽ ബോട്ടുകളും മറ്റും ഉപയോഗിച്ച് ജലകേളി നടത്താനും, പാലാഴി തോടിൻ്റെ ഉദ്ഭവ കേന്ദ്രമായ, ആത്മീയതയും, പ്രകൃതി ലാവണ്യവും മുറ്റിനിൽക്കുന്ന കനകമലയാത്രയും സാദ്ധ്യമാക്കാനുമാകും.
കണ്ടൽ വനങ്ങളുടെ ഹരിത സൗന്ദര്യം ആസ്വദിച്ച് , തെളിമയാർന്ന ജലപ്പരപ്പിലൂടെ,
ജില്ലാ ടൂറിസം വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള ബണ്ട് റോഡ് ഉല്ലാസ കേന്ദ്രവും കടന്ന്, നടക്കൽ പാലവും പിന്നിട്ട്, ഗ്രാമീണ ഹൃദയത്തിലൂടെ, പ്രകൃതിയുടെ വശ്യസൗന്ദര്യം നുകർന്ന് , പെട്ടിപ്പാലം വരെ സഞ്ചരിക്കാനാവും.
ററുലേറ്ററിനോട് ചേർന്നാണ് ദൈർഘ്യമേറിയ തലശ്ശേരി - മാഹി ബൈപാസ്സ് റോഡ് പാലം കടന്നുപോകുന്നത്. ഇപ്പോൾ തന്നെ നാടൻ കള്ളിൻ്റേയും, നാട്ടു മത്സ്യ വിഭവങ്ങളുടേയും വിൽപ്പന കേന്ദ്രം കൂടിയാണിത്. വീതിയേറിയപുഴയും, തോടും സംഗമിക്കുന്ന ഇവിടം പ്രകൃതി മനോഹാരിതയുടെ മായിക ഭൂമികയാണ്.
വെള്ളപ്പൊക്കം തടയാം
മഴക്കാലത്ത് ഈ ഭാഗങ്ങളിൽ വർഷംതോറുമുണ്ടാകുന്ന കടുത്ത വെള്ളപ്പൊക്കത്തിൽ നിന്ന് പരിസരത്തെ നിരവധി വീട്ടുകാർക്ക് ശാശ്വതമായി മോചനമുണ്ടാകും വെള്ളം കയറുമ്പോൾ ഇനി വീടൊഴിഞ്ഞ് പോകേണ്ടി വരില്ല വെള്ളക്കെട്ട് ഒഴിവാകും. മയ്യഴിപ്പുഴയിൽ വേലിയേറ്റത്തിലുണ്ടാവുന്ന വെള്ളം കയറലും തടയപ്പെടും.
വീണ്ടും കാർഷിക വസന്തം
മുൻകാലത്തെന്നപോലെ മൂന്നൂറ് ഹെക്ടർ സ്ഥലത്തെ നെൽകൃഷിയിലേക്ക് തിരിച്ചു കൊണ്ടുവരാനാകും. ഇതോടൊപ്പം മത്സ്യകൃഷിയും സാദ്ധ്യമാകും. സമീപ പ്രദേശങ്ങളിലെ നിരവധി വീട്ടുകിണറുകളിലെ ഉപ്പ് വെള്ള സാന്നിദ്ധ്യവും ഇല്ലാതാവും.
ഗതാഗതം സുഗമമാകും
റഗുലേറ്ററിന് മുകളിൽ നിർമ്മിച്ച പാലത്തിലൂടെ
പെരിങ്ങാടി- ഒളവിലം - പള്ളിക്കുനിയിലേക്കുള്ള വാഹനയാത്രയും സുഗമമാകും.
"സർക്കാറിനെ മാത്രം ആശ്രയിക്കാതെ,
ജനകീയ പങ്കാളിത്തത്തോടെ കൃഷിയും, വിനോദ സഞ്ചാരവും വളർത്തിയെടുക്കാൻ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. "
എം.ഒ.ചന്ദ്രൻ
വൈസ്.പ്രസിഡണ്ട്,
ഗ്രാമപഞ്ചായത്ത് ചൊക്ലി

കേരള ഫ്യൂച്ചർ ടെക്നോളജി ഹബ് - തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് 50 കോടിയുടെ പദ്ധതി
തലശ്ശേരി: മലബാര്‍ മേഖലയുടെ അക്കാദമികവും വ്യവസായികവുമായ മുന്നേറ്റത്തിനുതകുന്ന നൂതന സംരംഭമായ കേരള ഫ്യൂച്ചർ ടെക്നോളജി ഹബ് തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും. കിഫ്ബി ധനസഹായത്തോടെ ഗവേഷണം, ഇന്നൊവേഷൻ, എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ കോളേജിനെ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്റെ ഭാഗമായി കേപ്പ് തയ്യാറാക്കിയ 50 കോടി രൂപയുടെ പ്രോജക്ടിന് നിയമസഭാസ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തത്വത്തില്‍ അംഗീകാരം നല്‍കി.
ട്രാൻസ്ലേഷണൽ റിസർച്ച് & കൺസൾട്ടൻസി ഹബ്, ഇൻഡസ്ട്രിയൽ ഇന്നൊവേഷൻ ഹബ്, ട്രെയിനിംഗ് & സ്കില്‍ ഡെവലപ്മെന്റ് ഹബ് എന്നിങ്ങനെ ത്രിതല സംവിധാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉയർന്ന നിലവാരമുള്ള ഗവേഷണ-വികസന പദ്ധതി നിർവ്വഹണത്തിന് അവസരം നല്‍കുല്‍, സംരംഭക അവസരങ്ങളിലേക്കും വ്യവസായ മെന്റർഷിപ്പിലേക്കും നേരിട്ട് പ്രവേശനം നൽകുന്ന കോർപ്പറേറ്റ് പങ്കാളിത്തങ്ങൾ രൂപീകരിക്കല്‍, പ്രൊഫഷണൽ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകള്‍, പരീക്ഷാ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്നു.
നിര്‍ദ്ദിഷ്ട ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് കൂടി ഉള്‍പ്പെടുത്തി വ്യവസായം, തൊഴില്‍ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കുന്ന നിലയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി വിശദമായി പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് അസി. പ്രൊഫസര്‍ ഡോ. ഉമേഷിന്റെ നേതൃത്വത്തില്‍ ഒരു ടീം രൂപീകരിക്കുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആഗസ്റ്റ് 13-ന് കിഫ്ബിയുമായി ചര്‍ച്ച നടത്തുന്നതിനും തീരുമാനിച്ചു.
സഹകരണ വകുപ്പുമന്ത്രിയുമായും കിഫ്ബി സി.ഇ.ഒ.യുമായും നിയമസഭാ സ്പീക്കര്‍ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ആദ്യമായി കേപ്പിന് കീഴിലുള്ള തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ ഇത്തരമൊരു സംരംഭം ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമായത്.
സഹകരണ വകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. പി. കെ. പത്മകുമാര്‍, അഡീ. പ്രൈവറ്റ് സെക്രട്ടറി ദീപു പി നായര്‍, കേപ്പ് ഡയറക്ടര്‍ ഡോ. താജുദീന്‍ അഹമ്മദ്, ജോയിന്റ് ഡയറക്ടര്‍ ഡോ. എസ്. ജയകുമാര്‍, തലശ്ശേരി എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാല്‍ ഡോ. എബി ഡേവിഡ്, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ എസ്. കെ. പങ്കെടുത്തു.

നൂതന കോഴ്സുകൾ
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു
: വൈസ് ചാൻസലർ
മാഹി: പോണ്ടിച്ചേരി സർവകലാശാല വൈസ് ചാൻസലർപ്രൊഫ: പ്രകാശ് ബാബു മാഹി ശ്രീനാരായണ ബി.എഡ് കോളജ് സന്ദർശിച്ചു.
യൂണിവേർസിറ്റിയുടെ നൂതനമായ പ്രൊഫഷണൽ കോഴ്സുകളിലൂടെ
മാഹിയിലെ
വിദ്യാർത്ഥികൾക്ക് നിരവധി തൊഴിലവസരങ്ങളാണുള്ളതെന്നും, ഇതുവഴി കൂടുതൽ ജോലി സാധ്യതകൾ ഇന്ത്യയിലും വിദേശത്തുമായി ലഭിക്കുമെന്നും വൈസ് ചാൻസലർ വിദ്യാർത്ഥികളുമായുള്ള അഭിമുഖത്തിൽ പറഞ്ഞു
ഡോ.എൻ.കെ രാമകൃഷ്ണൻ,ഡോ.മുഹമ്മദ് കാസിം, എം.എം പ്രീതി എന്നിവർ സംബന്ധിച്ചു.
ചിത്രവിവരണം: പോണ്ടിച്ചേരി യൂണിവേർസിറ്റി വൈസ് ചാൻസലർ പ്രൊഫ: പ്രകാശ് ബാബു വിദ്യാർത്ഥികളുമായി അഭിമുഖം നടത്തുന്നു.
പെട്രോൾ പമ്പ് തൊഴിലാളികളുടെ സൂചനാ പണിമുടക്ക് മാറ്റിവച്ചു
മാഹി:മാഹിയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ ആഗസ്റ്റ് 11 നു നടത്താൻ നിശ്ചയിച്ച സുചനാ പണിമുടക്ക് മാഹി അഡ്മിനിസ്ട്രേറ്ററുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയെ തുടർന്ന് ആഗസ്റ്റ് 14 ന് ലേബർ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്താമെന്ന ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ സൂചനാ പണിമുടക്ക് മാറ്റിവച്ചു .വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് വി. ജയബാലു പി.സി. പ്രകാശൻ (ന്നി.ഐ.ടി.യു) സത്യൻ കുനിയിൽ, അനീഷ് കെ, ( ബി.എം.എസ്.) കെ. മോഹനൻ (ഐഎൻടി.യു.സി) ചർച്ചയിൽ പങ്കെടുത്തു

സെൻസായ് കെ..വിനോദ്കുമാറിന് അന്താരാഷ്ട്ര നേട്ടം
തലശ്ശേരി: അന്താരാഷ്ട്ര കരാട്ടെ രംഗത്ത് ശ്രദ്ധേയ നേട്ടം കൈവരിച്ച് തലശ്ശേരി കോടിയേരി സ്വദേശിയായ സെൻസായ് കെ. വിനോദ് കുമാർ
ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി അംഗീകാരമുള്ള വേൾഡ് കരാത്തെ ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ യു.എ.ഇയിൽ നടന്ന കോച്ച് സെമിനാറിൽ പങ്കെടുത്ത് അംഗീകൃത കോച്ചായി തിരഞ്ഞെടുക്കപ്പെട്ടു.
അതിനോടൊപ്പം, വേൾഡ്കരാത്തെ ഫെഡറേഷൻ്റെ യൂത്തീ ലീഗ് കരാത്തെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച്കോച്ചായി പങ്കെടുക്കാനുള്ള അപൂർവാവസരം ലഭിച്ച ആദ്യ വ്യക്തികൂടിയാണ് വിനോദ്.
പഠനത്തിനും പരിശീലനത്തിനും പിന്തുണ നൽകിയ എല്ലാ ഗുരുക്കന്മാർക്കും നേട്ടം സമർപ്പിക്കുന്നുവെന്ന് വിനോദ് കുമാർ പറഞ്ഞു.
കേരള പത്മശാലീയ ക്ഷേത്ര സംരക്ഷണ സമിതി യോഗം ഞായറാഴ്ച
കണ്ണൂർ: കേരള പത്മശാലീയ ക്ഷേത്ര സംരക്ഷണ സമിതി വാർഷിക ജനറൽ ബോഡി യോഗം ഞായറാഴ്ച രാവിലെ 9 മുതൽ കണ്ണൂർ ജവഹർലാൽ നെഹറുലൈബ്രറി ഹാളിൽ നടക്കും.അഡ്വ.കെ.വിജയൻ, സതീശൻപുതിയോട്ടി പ്രൊഫ. ഷൈൻ കുമാർ വി.പി. തുടങ്ങിയവർ സംബന്ധിക്കും. 70 വയസ്സ് കഴിഞ്ഞ ക്ഷേത്ര സ്ഥാനികരെയും മറ്റും ആദരിക്കും
ഹർ ഘർ തിരംഗ കാമ്പെയ്ൻ
മാഹി..ആസാദി കാ അമൃത് മഹോത്സവത്തിന്റെ" ഭാഗമായി, ഇന്ത്യൻ പ്രധാനമന്ത്രി "ഹർ ഘർ തിരംഗ കാമ്പെയ്ൻ" ആരംഭിച്ചിരിക്കുകയാണ്. ഈ വർഷത്തെ ഇന്ത്യയുടെ സ്വാതന്ത്യദിനം അഭിമാനത്തോടെ ആഘോഷിക്കുന്ന തിനായി 2025 ഓഗസ്റ്റ് 13 മുതൽ 15 വരെ മാഹിയിലെ എല്ലാ പൗരന്മാരും തങ്ങളുടെ വീടുകളിലും മറ്റും ദേശീയ പതാക ഉയർത്തി ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്ന് മാഹി മുൻസിപ്പൽ കമ്മീഷണർ അഭ്യർത്ഥിച്ചു

ഇൻ്റെർ ഡോജോ കരാത്തെ
ചാമ്പ്യൻഷിപ്പ്10 ന്
മാഹി..സ്പോർട്സ് കരാത്തെ ഡോ അക്കാദമി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നിഹോൺ ഷോട്ടോകാൻ കരാത്തെ അസോസിയേഷൻ്റെ ഇൻ്റെർ ഡോജോ കരാത്തെ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 10 ന് രാവിലെ 9 മണിക്ക് മാഹി ഇ. വത്സരാജ് സിൽവർ ജൂബിലി ഹാളിൽ നടക്കും. കേരളത്തിൽ നിന്നും മാഹിയിൽ നിന്നും 450-ഓളം വിദ്യാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. വിജയികളായ വിദ്യാർത്ഥികൾക്ക് ഗുജറാത്തിൽ നടക്കുന്ന നിഹോൺ ഷോട്ടോകാൻ കരാത്തെ അസോസിയേഷൻ്റെ ഓൾ ഇന്ത്യാ കരാത്തെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ചാമ്പ്യൻഷിപ്പ് മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ അനിൽ കുമാർ ഉദ്ഘാടനം ചെയ്യും., കേരള - പുതുച്ചേരി ചീഫ് ഇൻസ്ട്രക്ടർ സെൻസെയ് കെ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിക്കും, തൃശൂർ ജില്ലാ ചീഫ് ഇൻസ്ട്രക്ടർ റൻഷിപി.കെ. വർഗീസ് സംസാരിക്കും, ചീഫ് റഫറിഎംഎം റൻഷി വിപിൻ സ്വാഗതവുംസി. എയ്ഞ്ചൽ നന്ദിയും പറയും.
വാർത്താ സമ്മേളനത്തിൽ ചീഫ് റഫറി റൻഷി വിപിൻ.എം.എം, സെൻസെയ് അനൂപ്, സംബായ് ഗോപികൃഷണൻ സംബന്ധിച്ചു.

മനീഷ് നിര്യാതനായി
മാഹി:കോപ്പാലം പുതിയപറമ്പത്ത് ആച്യത്ത് രഘുവിന്റെയും മൈഥിലിയുടെയും മകൻ മനീഷ് (45)നിര്യാതനായി ഭാര്യ :അഞ്ജുഷ.മക്കൾ: ദേവദർശ്,ധ്യാൻദേവ്.സഹോദരങ്ങൾ:രജീഷ്,ജീജ,രെജിന

ജോലിക്കിടയിൽ വീണ് പരിക്കേറ്റ ആൾ മരിച്ചു
തലശ്ശേരി:കെട്ടിടനിർമ്മാണ ജോലിക്കിടയിൽ നിർമ്മാണ തൊഴിലാളി വീണ് മരിച്ചു. വടക്കുമ്പാട് ഒരു കെട്ടിട നിർമ്മാണത്തിനിടയിലാണ് സംഭവം. വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന വടക്കുമ്പാട് പാറക്കെട്ടിലെ മാലയാട്ട് വീട്ടിൽ പയ്യൻ സുരേന്ദ്രനാണ് (67) ചികിൽസക്കിടയിൽ ഇന്നലെ പുലർച്ചെ സഹകരണാശുപത്രിയിൽ മരണപ്പെട്ടത്.പരേതനായ മങ്ങാടൻ അച്ചുതന്റെയും പയ്യൻ ദേവുവിന്റെയും മകനാണ്. ഭാര്യ: വൃന്ദ. മക്കൾ: പ്രിൻസ് (സി.പി.ഐഎം. പാറക്കെട്ട് ബ്രാഞ്ച്അംഗം)പ്രയാഗ്.സഹോദരങ്ങൾ ഭാസ്കരൻ (മൂഴിക്കര) വിജയൻ, ദാസൻ, നളിനി,(അണ്ടല്ലൂർ )രമണി

പങ്കജ നിര്യാതയായി
ന്യൂമാഹി:കവിയൂർ അംബേദ്കർ വായനശാലക് സമീപം മേക്കര കേളോത്ത് പങ്കജ (65) നിര്യാതയായി
ഭർത്താവ് എം.സി വൽസൻ പിതാവ് :പരേതരായ നാരായണൻ കാവുംഭാഗം അമ്മ: പരേതയായ ദേവകി
മക്കൾ: വിജിഷ,വിജിത്ത്
മരുമകൻ സരേഷ് മത്തി പറമ്പ്
സഹോദരൻ :
ചന്ദ്രൻ[പരേതൻ] കാവുംഭാഗം സഹോദരി :കമല
സംസ്കാരം മേക്കര കേളോത്ത് വീട്ടുവളപ്പിൽ
വെള്ളിയാഴ്ച വൈകിട്ട്
7 മണിക്ക്

ലോക മുലയൂട്ടൽ വാരാഘോഷം : ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
മാഹി : ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് മാഹി ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ പാറക്കൽ യുവരശ്മി വായനശാലയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
മാഹി ഗവ. ജനറൽ ആശുപത്രി ശിശുരോഗ വിദഗ്ദ ഡോ. ശില്പ ഉദ്ഘാടനം ചെയ്തു. കെ.മിനി (എൽ എച്ച് വി) അധ്യക്ഷയായി . സുജാത വി പി (എ എൻ എം ) ക്ലാസിന് നേതൃത്വം നൽകി.കെ. ഡെയ്സി ദീപ്തി ദേവദാസ്, ദീപ ഡി , കെ ബനിഷ , ആശവർക്കർ കെ മോവിഷ എന്നിവർ സംസാരിച്ചു.

വി.പി.ഉഷ നിര്യാതയായി.
മാഹി : ചെമ്പ്രയിലെ വലിയപറമ്പത്ത് വി.പി. ഉഷ (75)നിര്യാതയായി.
ഭർത്താവ്: പരേതനായ കരുണൻ. മക്കൾ: കനകൻ (ദുബായ്), ഊർമ്മിള, പരേതനായ പവിത്രൻ.
മരുമക്കൾ: സബീന, സന്ദീഷ, സുഗീഷ്. സഹോദരങ്ങൾ: മോഹനൻ, തങ്കം, രതി, വൽസല, പുഷ്പ, പരേതരായ വി.പി. വിജയൻ, വത്സൻ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ.

വടവതി വാസുവിനെ അനുസരിച്ചു
തലശ്ശേരി::സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായിരുന്ന വടവതി വാസുവിന്റെ ഇരുപത്തേഴാം ചരമവാർഷികദിനം അണ്ടലൂരിൽ ആചരിച്ചു. ചിറക്കുനിയിൽ നിന്നും ബഹുജന പ്രകടനം ആരംഭിച്ചു. അണ്ടലൂരിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സാഹിത്യ പോഷിണി വായനശാലാ പരിസരത്ത് ചേർന്ന അനുസ്മരണ സമ്മേളനം സി.പി.എം.. സംസ്ഥാന കമ്മിറ്റിയംഗം എം. പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി. അനിൽ അദ്ധ്യക്ഷത വഹിച്ചു. സി.പിഎം. പിണറായി ഏരിയാ സെക്രട്ടറി കെ. ശശിധരൻ, അനൂപ് കക്കോടി പ്രസംഗിച്ചു. സന്തോഷ് വരച്ചൽ സ്വാഗതം പറഞ്ഞു.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group