
ഗുരുവും ഗാന്ധിജിയും സംസ്കൃത മഹാവിദ്യാലയവും
:ചാലക്കര പുരുഷു
തലശ്ശേരി:ജഗന്നാഥൻ്റെ മണ്ണും മനസ്സും വിണ്ണും ഒരുപോലെ വിശുദ്ധമാണ്. ഉദാത്തമായ മനുഷ്യസ്നേഹത്തിൻ്റെ വറ്റാത്ത ഉറവക്കണ്ണുകൾ ഈ മണ്ണിലാണ് ഉരുവം പ്രാപിച്ചത്. വിദ്യകൊണ്ട് പ്രബുദ്ധരാകാനുള്ള ഗുരുവിൻ്റെ പ്രബോധനം നാട്ടിലുണ്ടാക്കിയ പരിവർത്തനം അദ്വിതീയമാണ്. ഗാന്ധിജിയുടെ തലശ്ശേരി സന്ദർശനവേളയിൽ 'ദേശീയ ഐക്യം ഹിന്ദിയിലൂടെ ' എന്ന ഉദ്ബോധനം മാറ്റൊലി കൊണ്ടത് അനേകമനേകം മനസ്സുകളിലാണ്.
സർവ്വമത സാരവുമേകമെന്ന മനുഷ്യ മോചന മന്ത്രം ഇടനെഞ്ചിൽ പ്രതിഷ്ഠിച്ച പി.പി.അപ്പുമാസ്റ്റർ, 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന ഗുരുദർശനത്തിൻ്റെ കാവലാളായി -ഹിന്ദി പ്രചാരണത്തിനും, ഖാദി നൂൽപ്പിനും തൻ്റെ കർമ്മപഥം വെട്ടിത്തെളിയിച്ചു.1948 ൽ ടെമ്പിൾ ഗേറ്റിൽ ജഗന്നാഥ് ഹിന്ദി മഹാവിദ്യാലയത്തിൻ്റെ പിറവിക്ക് പിന്നിൽ മഹാത്മാവിൻ്റെ സ്വാതന്ത്ര്യാഭിവാഞ്ചയും, മഹാഗുരുവിൻ്റെ മാനവിക ദർശനങ്ങളുമായിരുന്നു. ഒരവധൂതനെപ്പോലെ രാഷ്ട്ര ഭാഷയുടെ പ്രചാരണത്തിനായി അപ്പു മാഷ് അലഞ്ഞ് നടന്നു. ത്യാഗത്തിൻ്റേയും, സഹനത്തിൻ്റേയും പാതയിൽ, ശക്തി ഗോപുരമായി ഈ മഹാ മനുഷ്യൻ പൈതൃകനഗരത്തിൻ്റെ ആത്മാഭിമാനമായി. വിമോചനത്തിൻ്റെ കെടാത്ത അഗ്നിയും നെഞ്ചേറ്റി, സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലെ മുന്നണി പോരാളിയായി.കോഴിപ്പുറത്ത്മാധവമേനോൻ ,എ.കെ.ജി,പി.കൃഷ്ണപ്പിള്ള ,എൽ.എസ് പ്രഭു ,പി.കുഞ്ഞിരാമൻ വക്കീൽ തുടങ്ങിയ മഹാരഥന്മാർക്കൊപ്പം ദേശീയ പ്രസ്ഥാനത്തിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചു.
തിരുവങ്ങാട് ചാലിയ യു.പി.സ്കൂളിലും പിന്നീട് സെൻ്റ് ജോസഫ്സ് ഹൈസ്കൂളിലും ഹിന്ദി അദ്ധ്യാപകനായി. ദശകങ്ങളോളം ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ ദേശീയ അക്കാദമിക് കൗൺസിൽ അംഗമായി. ദേശീയ തലത്തിൽ ഒട്ടേറെ പുരസ്ക്കാരങ്ങളും, അംഗീകാരങ്ങളും ഈ മാതൃകാ ഗുരുനാഥനെ തേടിയെത്തി.
അനേകമനേകം ശിഷ്യരുടെ ഗുരുവായി. ഗുരുക്കന്മാരുടെ ഗുരുവര്യനായി. ഒട്ടേറെ കുടുംബങ്ങൾക്ക് ജീവനോപാധി വെട്ടിത്തെളിയിച്ച വഴികാട്ടിയുമായി.
അപ്പു മാസ്റ്റർ പ്രസിഡണ്ടായിരുന്ന പിലാക്കൂൽ മാരിയമ്മൻ കോവിലിൽ ഉത്സവത്തോടനുബന്ധിച്ച് , പതിറ്റാണ്ടുകളായി നടത്തി വരുന്ന സർവ്വമത സമ്മേളനങ്ങൾ അപ്പുജിയുടെ മാനവിക കാഴ്ചപ്പാടിനെയാണ് അനാവരണം ചെയ്യുന്നത്.
ഋതു മാറ്റങ്ങൾ പലത് കഴിഞ്ഞിട്ടും, ഹിന്ദി മഹാവിദ്വാലയം ഇന്നും പ്രതാപത്തോടെ പ്രാഥമിക് തൊട്ട് ബിരുദാനന്തര ബിരുദം വരെ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ്.
മാഷിൻ്റെ ആൺമക്കളായ
ദക്ഷിണ ഭാരത് ഹിന്ദി പ്രചാരക സഭ (ചെന്നൈ)യുടെ മുൻ സെക്രട്ടറി ഡോ: രാധാകൃഷ്ണൻ , അഭിരാമി പ്രൊഫഷണൽ അക്കാദമിയുടെ സാരഥി രത്നവേൽ @ മണി മാഷ്, ഡോ: രഘുറാം ,ന്യൂ മാഹി എംഎം ഹൈസ്കൂൾ ഹിന്ദി അദ്ധ്യാപകൻ ശ്രീകാന്ത് തുടങ്ങിയവരൊക്കെ പിതാവിൻ്റെ പാതയിലൂടെ അനുധാവനം ചെയ്യുന്നവരാണ്.
മാഹി ജവഹർ നവോദയ വിദ്യാലയം :പ്രവേശനത്തിനായി അപേക്ഷിക്കേണ്ട തീയതി നീട്ടി
മാഹി :ജവഹർ നവോദയ വിദ്യാലയത്തിലേക്ക് 2026-27 അധ്യയന വർഷത്തേക്കുള്ള ആറാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13 വരെ നീട്ടിയിരിക്കുന്നു.മാഹിയിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മാഹി നിവാസികൾ ആയ താല്പര്യം ഉള്ള രക്ഷിതാക്കൾ താഴെ തന്നിരിക്കുന്ന നമ്പറുകളിൽ കോൺടാക്ട് ചെയ്യുക. 735601915/9449258080
അദ്ധ്യാപക പരിശീലനം സംവരണസീറ്റിലേക്ക് അപേക്ഷിക്കാം
മാഹി:പാലയാട് ടീച്ചേർസ് ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടിൽ (DIET) 2025-27 വർഷത്തെ റെസിഡൻസി ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ ( ഡി എൽ എഡ് - D.EI.Ed ) കോഴ്സിനു മാഹി നിവാസികൾക്കായി സംവരണം ചെയ്ത 5 സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ സർട്ടിഫിക്കറ്റോടു കൂടി 08/08/2025 - നകം മാഹി സി. ഇ. ഒ. ഓഫിസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും www.education.kerala.gov.in വെബ് സൈറ്റ് സന്ദർശിക്കുക.

ജീവിതം തന്നെ ലഹരി: തെരുവു നാടകവുമായി വിദ്യാർത്ഥികൾ
മാഹി ഗവ. മിഡിൽ സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിക്കെതിരെ നടത്തിയ തെരുവ് നാടകം ശ്രദ്ധേയമായി. പുകവലിയോ മദ്യപാനമോ മയക്കുമരുന്നോ അല്ല, ജീവിതം തന്നെയാണ് ലഹരി എന്ന സന്ദേശവുമായാണ് വിദ്യാർത്ഥികൾ മാഹി മുനിസിപ്പൽ മൈതാനത്ത് തെരുവ് നാടകം അവതരിപ്പിച്ചത്. എ.സി.എച്ച്.അഷ്‌റഫ് മാസ്റ്റർ സംവിധാനം ചെയ്ത തെരുവ് നാടകത്തിൽ ശ്രദ്ധ, മിഥുന, ആദിദേവ്, ജോഹാൻ, അദർവ്, ഹൈസ, ഹൈഫ, വേദിക, ആഷ്‌ലി, മായ, പ്രേം ചന്ദ്ര, ആരാധ്യ, ശ്രീബാല എന്നീ കുട്ടികളാണ് അഭിനയിച്ചത്.
ലഹരിക്കെതിരെയുള്ള പ്രചാരണത്തിൻ്റെ ഭാഗമായി പോസ്റ്റർ രചന, കവിതാരചന, റാലി എന്നിവയും സംഘടിപ്പിച്ചു
പ്രധാനാധ്യാപകൻ അജിത് പ്രസാദ്, അധ്യാപകരായ മിനി, മായ, സ്വപ്ന, രവിശങ്കർ എന്നിവർ നേതൃത്വം നൽകി.

സാറാ ഹജ്ജുമ്മ ജനറേഷൻ മീറ്റ് സംഘടിപ്പിച്ചു.
തലശ്ശേരി : സൈദാർ പള്ളി പ്രദേശത്തെ പുരാതന തറവാടായ പാലിക്കണ്ടി മീത്തൽ അംഗമായിരുന്ന പി എം സാറ ഹജ്ജുമ്മ ജനറേഷൻ കുടുംബ സംഗമം തലശ്ശേരി ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മുതിർന്ന അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ പി എം സി മൊയ്തു ഹാജി ഉദ്ഘാടനം ചെയ്തു. പി എം അബ്ദുൽ ബഷീർ, മാധ്യമ പ്രവർത്തകൻ പി എം അഷ്റഫ്, കോഡിനേറ്റർ പി എം സലിം, പി എം സിദ്ദീക്ക്, വി കെ ബദറുൽ ഹുദ സംസാരിച്ചു. മുതിർന്ന അംഗങ്ങളെ ഷാൾ അണിയിച്ചും ഗോൾഡ് മെഡൽ നൽകിയും ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും വിവിധ മൽസരങ്ങളിൽ വിജയിച്ചവരേയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ- കായിക മൽസരങ്ങളും അരങ്ങേറി.
പി എം ഉമ്മർ ഫാറൂഖ്, ഷാജിർ നിയാസ്, കെ പി റയീസ്, പി കെ ഷാനിദ്, പി എം നാസർ, ഗായകൻ പി എം ഷാജിദ്, തഫ്സീർ, തൻവീർ, ഷാനിദ്, മുഹമ്മദ്, അജാസ് അഷ്റഫ്,
ശഹ്സാദി, സജിന, ശംഷീറ, ഷഹനാസ്, ഷബാന, ജസീന, ഷമീന, ഫർസാന, തഫ്രീന, ആയിഷ, ജിനു റിവിൻ തുടങ്ങിയവർ നേതൃത്വം നൽകി. കൂപ്പൺ നറുക്കെടുപ്പിൽ വിജയികളായ 3 പേർക്ക് ക്യാഷ് അവാർഡുകൾ നൽകി. കേക്ക് മുറിച്ചും ആടിയും പാടിയും കുടുംബ സംഗമം ശ്രദ്ധേയമായി.
ചിത്രവിവരണം: സാറാഹജ്ജുമ്മ ജനറേഷൻ മീറ്റിൽപങ്കെടുത്തവർ

ജ്ഞാനോദയം - 2025
സ്കിൽ ഗെയിംസ്
തലശ്ശേരി: ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജ്ഞാനോദയം - 2025 മത്സര പരിപാടികൾ നടത്തുന്നു.
ആഗസ്ത് 9,10 തിയ്യതികളിൽ രാവിലെ 9 മണി മുതൽ ശ്രീ ജഗന്നാഥ ക്ഷേത്രം അങ്കണത്തിൽ സ്കിൽ ഗെയിംസ് നടക്കും,

പ്രീ-പ്രൈമറി, എൽപി, യു.പി, എച്ച്.എസ്, കോളജ്, സാങ്കേതിക സ്ഥാപനം , വനിതാ വിഭാഗം എന്നിവയിലാണ് മത്സരങ്ങൾ ..

തലശ്ശേരി, മാഹി നഗരസഭ, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ' എന്നിവിടങ്ങളിലെ താമസക്കാർക്ക് പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ: 9495908020, 9496141986.

നാം ചങ്ങല പൊട്ടിച്ച കഥ
ക്വിസ്സ് ശ്രദ്ധേയമായി
തലശ്ശേരി :കെ. തായാട്ട് പഠന ഗവേഷണ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ പാനൂരിൽ ,നാം ചങ്ങല പൊട്ടിച്ച കഥ,യെ ആസ്പദമാക്കി സ്വാതന്ത്ര്യ സമര ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഡോ: ശശിധരൻ കുനിയിലിൻ്റെ അധ്യക്ഷതയിൽ എ.യതീന്ദ്രൻ ഉദ്ഘാടനം ചെയ്തു.മുൻ എ.ഇ.ഒ സുനിൽ കുമാർ സംസാരിച്ചു.
സമാപന സമ്മേളനത്തിൽ രാജേന്ദ്രൻ തായാട്ട് അധ്യക്ഷത വഹിച്ചു.രാജു കാട്ടുപുനം ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. യാക്കൂബ് എലാങ്കോട് സംസാരിച്ചു.സജീവ് ഒതയോത്ത് സ്വാഗതവും കെ.ടി ശ്രീധരൻ നന്ദിയും പറഞ്ഞു.
ഹൈസ്ക്കൂൾ വിഭാഗത്തിൻ ധ്യാൻ കൃഷ്ണ ഒന്നാം സ്ഥാനവും ആതിയ ഇഷാനി രണ്ടാം സ്ഥാനവും (ഇരുവരുംരാജീവ് ഗാന്ധി മെമോറിയൽ സ്ക്കൂൾ) രൻവിത ( ചോതാവൂർ എച്ച്.എസ്.എസ്) മൂന്നാം സ്ഥാനവും നേടി.
യു.പി വിഭാഗത്തിൽ തൃജ്‌വിധ് അജേഷ് (' ഈസ്റ്റ് വള്ള്യായി യു.പി) ഒന്നാം സ്ഥാനവും ദേവ്ന കൃഷ്ണ ( വള്ള്യായി യു.പി) രണ്ടാം സ്ഥാനവും സ്നിതിക് (ഒളവിലം എൽ.പി) മൂന്നാം സ്ഥാനവും നേടി.
ചിത്രവിവരണം: എ.യതീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പി. കെ. വി. മൈമൂനത്ത് നിര്യാതയായി:
പെരിങ്ങാടി: സ്പിന്നിംഗ് മിൽ റോഡിൽ ഇന്ത്യൻ പബ്ലിക്ക് സ്കൂളിന് സമീപമുള്ള "ഷമിയാസ്" ൽ താമസിക്കുന്ന ന്യൂമാഹിയിലെ കൊറുമ്പന്റെവിട പി. കെ. വി. മൈമൂനത്ത് (73) നിര്യാതയായി.
പരേതരായ മുണ്ടോക്കിൽ അബ്ദുൽ ഖാദറിന്റെയും കൊറുമ്പന്റെവിട ആമിനയുടേയും മകളാണ്.
ഭർത്താവ്: പരേതനായ വലിയ മുണ്ടോക്കിൽ ഷാഫി അഹമ്മദ്.
മക്കൾ: ഷനാസ് അഹമ്മദ് (ഉഗാണ്ട), ഷസീർ അഹമ്മദ് (ദുബായ്), ഷബ്ന, ഷമിയ.
മരുമക്കൾ: സുനീറ നടുവത്ത് വളപ്പിൽ (തലശ്ശേരി), ജറിയ മയലക്കര (ചാലക്കര), ഇ. എം. ഇർഷാദ് (ദുബായ്), ഇഖ്ലാസ് (ദുബായ്).
സഹോദരങ്ങൾ: പരേതരായ മഹറൂഫ്, ഉമ്മർകുട്ടി, ഖദീശു രത്നഗിരി (പെരിങ്ങാടി).
ജനാസ നമസ്കാരം: നാളെ ചൊവ്വാഴ്ച (05/08/2025) ഉച്ചക്ക് 1 മണിക്ക് പെരിങ്ങാടി പോസ്റ്റ് ഓഫീസിന്റെ സമീപമുള്ള യൂനിറ്റി സെൻറ്ററിൽ.
ശേഷം ഖബറടക്കം: പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group