
ജനകീയ ഡോക്ടറുടെ സാന്ത്വന സ്പർശം ഇനിയുണ്ടാവില്ല
രണ്ട് രൂപ ഡോക്ടർ രോഗികളില്ലാത്ത ലോകത്തേക്ക് മടങ്ങി
:ചാലക്കര പുരുഷു
ദൈവത്തിൻ്റെ പ്രതിനിധികളെയാണ് ഡോക്ടർമാരെ തലമുറകളായി ജനങ്ങൾ കാണുന്നത്. വേദന കൊണ്ട് പിടയുന്നവർക്കിടയിൽ അവർ വരുമ്പോൾ, രോഗവിവരംശ്രദ്ധയോടെ കേട്ടറിയുമ്പോൾ, ഹൃദയ സ്പന്ദനങ്ങൾ തൊട്ടറിയുമ്പോൾ,
മരുന്ന് കുറിക്കുമ്പോൾ, ദൈവം തന്നെ ഭൂമിയിലേക്കിറങ്ങി വന്നതാണെന്നൊരു വിശ്വാസം ഇന്നും ഒരു സാധാരണക്കാരനായ രോഗിക്കുണ്ട്. ആ വിശ്വാസത്തിന് ഒരു പോറൽ പോലുമേൽപ്പിക്കാത്ത ജനപ്രിയചികിത്സകനായി ഒരായുസ്സ് തന്നെ സമർപ്പിച്ച ചികിത്സകനാണ് ഇന്നലെ വിട പറഞ്ഞ കണ്ണൂരുകാരനായ ഡോക്ടർ രൈരുഗോപാൽ .
കാരുണ്യത്തിൻ്റെ ഒരു വാക്ക്.. സാന്ത്വനത്തിൻ്റെ ഒരു സ്പർശം.. വേദനകൾ മാറാൻ അതു മാത്രം മതി.
മരുന്നുകൾക്കുമപ്പുറമുള്ള മായികമായ ഒരു ദിവ്യ ശേഷി സ്നേഹാർദ്രമായ രോഗീപരിചരണത്തിനുണ്ടെന്ന് അനുഭവ സാക്ഷ്യങ്ങളായി എത്രയോ പേർ ഡോക്ടർക്ക് ചുറ്റിലുമുണ്ട്. ഈ രോഗീപരിചരണ നൈപുണ്യമാണ് ഡോക്ടറുടെ മികവ്
ആതുര സേവന രംഗത്ത് കാലത്തിൻ്റെ കൈയ്യൊപ്പ് ചാർത്തിയ ഡോക്ടറെ ഐ എം എ സംസ്ഥാനത്തെ മികച്ച കുടുംബഡോക്ടർക്കുള്ള അവാർഡ് നൽകി ആദരിച്ചിരുന്നു.
ആതുരസേവനം കച്ചവടമാകുന്ന വർത്തമാന കാലത്ത് സൗജന്യനിരക്കിൽ കണ്ണൂരിന്റെ ആരോഗ്യം കാത്ത ജനപ്രിയ ഡോക്ടർ രൈരു ഗോപാൽ പരിശോധന നിർത്തുമ്പോൾ18 ലക്ഷം രോഗികൾക്ക് മരുന്നും സ്നേഹവും കുറിച്ചുകൊടുത്താണ് വിശ്രമജീവിതത്തിലേക്ക് കടന്നിരുന്നത്. ‘
രോഗികൾക്ക് മുന്നിൽ അര നൂറ്റാണ്ടിലേറെക്കാലം ഒരിക്കലും അടയാത്ത വാതിലുകൾ തുറന്ന് വെച്ച ഡോക്ടർ, വാർദ്ധക്യ സഹജമായ തൻ്റെ ശാരീരികാവശതകൾ പിടിമുറുക്കിയപ്പോൾ ഒരു നാൾ തൻ്റെ വീട്ടിൻ്റെ ഉമ്മറത്ത് ഇങ്ങിനെ എഴുതി വെച്ചു
,എന്റെ ജോലി ചെയ്യാനുള്ള ആരോഗ്യം ഇന്നെനിക്കില്ല. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിർത്തുകയാണ്. '
ഈ ബോർഡ് കണ്ട് ഡോക്ടറെ സ്നേഹിക്കുന്ന ആയിരങ്ങളുടെ മനസ്സുകളാണ് നൊമ്പരപ്പെട്ടത്. അവർക്ക്
കരുതലിൻ്റേയും, ആശ്വാസത്തിൻ്റേയും തലോടലാണ് ഈ മനുഷ്യൻ്റെ സാന്നിധ്യംപോലും.
തൊഴിലിനോട് കാണിക്കുന്ന ആത്മാർത്ഥതയും സമർപ്പണവുമാണ് ഏതൊരാളേയും ജീവിതത്തിൽ വിജയിയാക്കി മാറ്റുന്നത്. ഒരു പിതാവോ, സഹോദരനോ നൽകുന്ന അതേ കരുതലോടെ തൻ്റെ മുന്നിലെത്തുന്നവരെ പരിചരിക്കുന്ന ഈ മനുഷ്യൻ ഒരു നാടിൻ്റെ തന്നെ കുടുംബ ഡോക്ടറായത് സ്വാഭാവികം.
ജീവിതം ആതുര സേവനത്തിൻ്റെ അനുഭവ സാക്ഷ്യമാണ് ഡോ: രൈരുവിന്
പിന്നിട്ട അരനൂറ്റാണ്ടിന്റെ ആതുര സേവന രംഗത്തുണ്ടായ ഓരോ അനുഭവങ്ങളും അദ്ദേഹത്തിന് ഓരോ പുതിയ പാഠങ്ങൾ തന്നെയായിരുന്നു. ഒരു വർഷം മുമ്പ് സാമൂഹ്യ പ്രവർത്തകനായ രാംദാസ് കതിരുരിനൊപ്പം ഡോക്ടരുടെ മുന്നിലെത്തിയപ്പോൾ , സുദീർഘമായ സേവന പാരമ്പര്യമുള്ള ഡോക്ടർ പറയുന്നു രോഗവിമുക്തി നേടിപ്പോകുന്നവരുടെ സ്നേഹവും, നന്ദിയുമാണ് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അവാർഡും, ആത്മനിർവൃതിയുമെന്ന് 'അനുഭവങ്ങൾ ഇതിന് ഹൃദയസാക്ഷ്യമാവു യണ്.
ഇങ്ങനെയൊരു ഡോക്ടർ വേറെയുണ്ടാവില്ലെന്നാണ് കണ്ണൂരുകാർ പറയുന്നത്. രണ്ടു രൂപ ഡോക്ടർ എന്ന പേരിലാണ് രൈരു ഗോപാൽ അറിയപ്പെട്ടിരുന്നത്. മരുന്നും പരിശോധനയും അടക്കം നാൽപ്പതോ അമ്പതോ രൂപ മാത്രമാണ് രോഗികളിൽനിന്നും വാങ്ങുക.
പുലർകാലെ പശു തൊഴുത്ത് വൃത്തിയാക്കി , പശുക്കളെ കുളിപ്പിച്ച് പാൽ കറന്നെടുക്കും.പിന്നീട് കുളികഴിഞ്ഞ് പൂജാമുറിയിലേക്ക്. അഞ്ചര മുതൽ പത്രം വായനയും പാൽ വിതരണവും. താണയിലെ മാണിക്ക കാവിനടുത്ത വീട്ടിൽ രാവിലെ ആറര മുതൽ രോഗികളെത്തി തുടങ്ങും. എണ്ണം തൊണ്ണൂറും നൂറുമൊക്കെ കടക്കും. രാവിലെ 10 വരെ പരിശോധന നീളും. നേരത്തെ മരുന്ന് എടുത്തുകൊടുക്കാനും ടോക്കൻ വിളിക്കാനുമൊക്കെ സഹായിയുണ്ടായിരുന്നു. ആരോഗ്യം കുറഞ്ഞതോടെ രോഗികളുടെ എണ്ണവും ക്രമേണ കുറച്ചു. ഭാര്യ ഡോ. ശകുന്തളയും പരിശോധനയിൽ സഹായിക്കാനുണ്ടാകും. മകൻ ഡോ. ബാലഗോപാലും പിതാവിന്റെ പാതയിൽ തന്നെ. പരിശോധിക്കാൻ വയ്യാതായതോടെയാണ് ഒ.പി നിർത്തിയത്. കണ്ണൂക്കര സ്കൂളിന്റെ മുൻ വശമുള്ള വാടക വീട്ടിലും മുമ്പ് പരിശോധന നടത്തിയിരുന്നു.
പരിശോധനക്കായി ഒരിക്കൽ ഒരുവീട്ടിലെത്തിയപ്പോൾ കണ്ട ദയനീയാവസ്ഥയാണ് രൈരു ഡോക്ടറെ സേവനത്തിന്റെ വഴിയിലെത്തിച്ചത്. രോഗികളുടെ സമയം വിലപ്പെട്ടതാണെന്ന് മനസിലാക്കിയായിരുന്നു ഡോ. രൈരു ഗോപാലിന്റെ പ്രവർത്തനം. ജോലിക്കു പോകേണ്ട തൊഴിലാളികൾക്കും കൂലിപ്പണിക്കാർക്കും വിദ്യാർഥികൾക്കുമെല്ലാം സൗകര്യപ്രദമാകുന്ന വിധത്തിൽ പുലർച്ചയാണ് പരിശോധന. യൗവനകാലത്ത് പുലർച്ച മൂന്ന് മുതൽ ഡോക്ടർ പരിശോധന തുടങ്ങിയിരുന്നു. അന്ന് മുന്നൂറിലേറെ രോഗികളുണ്ടാകുമായിരുന്നു.
ജീവിതശൈലിയിലെ അനുചിതമല്ലാത്ത പ്രവണതകൾ നമ്മുടെ നാടിനെ രോഗികളുടെ തലസ്ഥാനമാക്കി മാറ്റിയിരിക്കുന്ന സാഹചര്യത്തിൽ, ചികിത്സക്കൊപ്പം പ്രകൃതിയോടിണങ്ങി ജീവിക്കേണ്ടതിൻ്റെ പ്രാധാന്യം കൂടി അദ്ദേഹം രോഗികളുമായി പങ്കുവെക്കുമായിരുന്നു. പാരമ്പര്യജീവിതശൈലികൾകൈവിടാതിരിക്കാനുള്ള ഉപദേശമാണ് ഡോക്ടർ നൽകുന്നത്.

കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി തലശ്ശേരി ബ്രണ്ണൻ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ഏകദിന രാമായണമനന സത്രം മാതാ അമൃതാനന്ദമയീമഠം കണ്ണൂർ മഠാധിപതി സംപൂജ്യ അമൃത കൃപാനന്ദപുരി സ്വാമിജി ഉദ്ഘാടനം ചെയ്യുന്നു.

കാലം കണ്ണ് തുറന്നപ്പോൾ തന്നെ ഭാരതമുണ്ടായിരുന്നു -ജെ.നന്ദകുമാർ
മാഹി: ഭാരതം ഒരു സമ്മിശ്ര സംസ്കൃതിയിൽ നിന്നോ, കൊളോണിയൽ
സൃഷ്ടിയിൽ നിന്നോ പിറവിയെടുത്തതല്ലെന്നും , ആത്യന്തികമായി ഒരു സാംസ്കാരിക- ആദ്ധ്യാത്മിക സങ്കല്പമാണെന്നും
പ്രജ്ഞാപ്രവാഹിന്റെ ദേശീയ സംയോജകൻ ജെ. നന്ദകുമാർ പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രത്തിന്റെ സംസ്ഥാന പഠന ശിബിരത്തിൽ വിശാല ഭാരതം പവിത്ര ഭാരതം എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തെ അമ്മയായി കണ്ടവരാണ് ഭാരതമാതാവ് എന്ന സങ്കൽപ്പവും ഉണ്ടാക്കിയതെന്നും,
ഭാരതം എന്ന പേരും ഭാരതമാതാവ് എന്ന സങ്കൽപവും ആക്ഷേപത്തിന് വിഷയമാക്കുന്നവർ സത്യത്തിന് നേരെ കണ്ണടക്കുന്നവരാണെന്നും അദ്ദേഹം വിശദീകരിച്ചു.
ദാർശനിക വളർച്ചയുണ്ടാകണമെങ്കിൽ നിരന്തരം ചോദ്യങ്ങൾ ഉയരണം. കാലം കണ്ണ് തുറന്നപ്പോൾ തന്നെ ഭാരതമുണ്ടായിരുന്നു. എഴുതപ്പെട്ട എല്ലാ രേഖകളിലും, സാഹിത്യ സൃഷ്ടികളിലും ഭാരതം പരാമർശിക്കപ്പെട്ടിട്ടുണ്ട്.
ഭാരതം എന്ന വാക്കും ഭൂപ്രദേശവും ഋഗ്വേദ കാലത്തോളം പഴക്കമുള്ളവയാണ്. ഋഗ്വേദത്തിലാണ് ഭാരതം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചിരിക്കുന്നത്. അന്ന് ആർഎസ്എസ് ഉണ്ടായിരുന്നില്ല. സന്യാസിമാരും ഉപനിഷത്തുക്കൾ രചിച്ചവരും ആണ് ഭാരതം എന്ന വാക്ക് ഉപയോഗിച്ചത്.
ഡോ. അംബേദ്കർ പറഞ്ഞ സാംസ്കാരിക ഏകത എന്ന ഭാരതത്തിൻ്റെ ആത്മ ഐക്യസങ്കല്പത്തിലേക്കാണ് എല്ലാ ചിന്തകരും വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മാഹി മുൻസിപ്പൽ ടൌൺ ഹാളിൽ നടന്ന പഠനശിബിരത്തിൻ്റെ ഒന്നാം സഭയിൽ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷൻ ഡോ.സി.വി. ജയമണി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ആർ. സഞ്ജയൻ ആമുഖഭാഷണം നടത്തി.
ജനറൽ സെക്രട്ടറി കെ.സി. സുധീർ ബാബു,
സ്വാഗത സംഘം ചെയർമാൻ ഡോ. ഭാസ്കരൻ കാരായി പ്രസംഗിച്ചു. ശ്രീലക്മി രാജേഷിൻ്റെ പ്രാർഥനാ ഗാനത്തോടെയാണ് ശിബിരം ആരംഭിച്ചത്.
രണ്ടാം സഭയിൽ ഭാരത ദേശീയത - രാജ നൈതിക സാംസ്കാരിക പരിപ്രേക്ഷ്യമെന്ന വിഷയത്തിൽ ബി.എം.എസ്. മുൻ ദേശീയ അധ്യക്ഷൻ അഡ്വ. സി.കെ. സജിനാരായണൻ പ്രബന്ധം അവതരിപ്പിച്ചു. രാഷ്ട്രത്തിന് ആത്മാവുണ്ടെന്നും അത് ആത്മീയതയിലധിഷ്ഠിതമാണെന്നും അദ്ദേഹം ഉദാഹരിച്ചു. ആദ്ധ്യാത്മികതയെ മാറ്റി നിർത്തിയുള്ള ഒരു രാഷ്ട്രത്തെ ചിന്തിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മതങ്ങളുടെ കൂട്ടായ്മയാണ് ഹിന്ദു. അതിനർത്ഥം മതാധിഷ്ഠിത രാഷ്ട്രമെന്നല്ല. കാലവും ദേശവും സംസ്ക്കാരിക പൈതൃകവും കാണാതെ കമ്യൂണിസം നടപ്പിലാക്കാൻ ശ്രമിച്ചതാണ് ഇന്ത്യയിൽ കമ്മ്യൂണിസം അപചയം നേരിടാൻ കാരണം. ലോകത്ത് അതാത് രാജ്യങ്ങളുടെ ദേശീയതകളിൽ ഊന്നിയ പരിവർത്തനങ്ങൾ വരുത്തിയ ഇടങ്ങളിലേ കമ്യൂണിസത്തിന് പിടിച്ചു നിൽക്കാൻ സാധിച്ചിട്ടുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉപാധ്യക്ഷൻ ഡോ. എൻ. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. മൂന്നാം സഭയിൽ ഏകാത്മ മാനവദർശനം - അടിസ്ഥാന സങ്കൽപ്പങ്ങൾ എന്ന വിഷയത്തിൽ വാഴൂർ എൻ.എസ്.എസ്. കോളേണ്ട് റിട്ട. പ്രൊഫ. ബി. വിജയകുമാർ സംസാരിച്ചു. സെക്രട്ടറി ഡോ. സി.എ. ഗീത അധ്യക്ഷത വഹിച്ചു. നാലാം സഭയിൽ വികസിത ഭാരതം - ഏകാത്മ മാനവ ദർശനത്തിൻ്റെ സാധ്യതകൾ എന്ന വിഷയത്തിൽ പാനൽ ചർച്ചയും നടന്നു. മുൻ അധ്യക്ഷൻ ഡോ. എം. മോഹൻദാസ്, കാര്യാധ്യക്ഷ ഡോ. എസ്. ഉമാദേവി, അധ്യക്ഷൻ ഡോ. സി.വി. ജയമണി എന്നിവർ ചർച്ചയിൽ സംബന്ധിച്ചു. ഉപാധ്യക്ഷൻ ഡോ. കെ.പി. സോമരാജൻ മോഡറേറ്ററായി. സ്വാഗത സംഘം ജനറൽ കൺവീനർ അഡ്വ. കെ. അശോകൻ പ്രസംഗിച്ചു.
ഇതോടൊപ്പം അമൂല്യഗ്രന്ഥങ്ങളുടെ പുസ്തകശാലയുമൊരുക്കിയിരുന്നു.
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം മാഹിയിൽ പ്രഞ്ജാപ്രവാഹ് അഖില ഭാരതീയ സംയോജകൻ ജെ. നന്ദകുമാർ ദീപ പ്രോജ്വലനം നടത്തുന്നു
പ്രതിബന്ധങ്ങളെ അതിജീവിക്കാൻ ധർമ്മത്തെ മുറുകെ പിടിക്കണം: സ്വാമി അമൃത കൃപാനന്ദപുരി
തലശ്ശേരി:പ്രതിബന്ധങ്ങളെ അതിജീവിക്കാൻ ധർമ്മത്തെ മുറുകെ പിടിക്കണമെന്ന് സ്വാമി അമൃത കൃപാനന്ദപുരി അഭിപ്രായപ്പെട്ടു. കർക്കിടക മാസം രാമായണ പാരായണത്തിന് പ്രാമുഖ്യം നൽകുന്നത് കേരളത്തിന്റെ വളരെ പഴക്കം ചെന്ന സംസ്കൃതിയുടെ ഭാഗമായാണെന്നും സ്വാമിജി വിശദീകരിച്ചു. കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി തലശ്ശേരി ബ്രണ്ണൻ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച രാമായണ മനനസത്രത്തിന്റെ ഉദ്ഘാടനം സ്വാമി അമൃത കൃപാനന്ദപുരി നിരവ്വഹിച്ചു.: പ്രഭാഷക സമിതി പ്രസിഡണ്ട് കാനപ്രം ഈശ്വരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. എം.പ്രേമൻ മുഖ്യാതിഥിയായി. സമിതി ജനറൽ സിക്രട്ടറി പി.എസ്.മോഹനൻകൊട്ടിയൂർ ആമുഖഭാഷണവും സ്വാമി പ്രേമാനന്ദ ആശംസാ ഭാഷണവും നിർവഹിച്ചു.
തുടർന്ന് നടന്ന വിജ്ഞാന സഭയിൽ പ്രമോദ് ഐക്കരപ്പടി, പ്രശാന്ത് കുമാർ ചോമ്പാല , മുകേഷ് കളമ്പുകാട്ട്, ഡോ.എം.എം.ബഷീർ എന്നിവർ രാമായണത്തെ ആസ്പദമാക്കിവിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
ചീഫ് കോഡിനേറ്റർ പ്രകാശൻ മേലൂർ കൃതജ്ഞതാ ഭാഷണം നിർവ്വഹിച്ചു. പ്രാർത്ഥനാ ആലാപനം കയനാടത്ത് സേവികാ സമിതിയും മംഗളാരതി സമർപ്പണം അനിൽ തിരുവങ്ങാടും നേതൃത്വം നൽകി.
വികാസ് നരോൺ , രഞ്ചൻ കയനാടത്ത്, ഗിരീഷ് പണിക്കർ, ബൈജു ,മേലൂർ നേതൃത്വം നൽകി.
സാനു മാഷുടെ നിര്യാണത്തിൽ
സ്പീക്കർ അനുശോചിച്ചു
തലശ്ശേരി:പുരോഗമനസാഹിത്യ സംഘം പ്രസിഡൻ്റായും നിയമസഭാംഗമായും എല്ലാം എന്നും ഇടതുപക്ഷത്തോടൊപ്പം നിന്ന വ്യക്തിയാണ് എം.കെ. സാനുവെന്ന് നിയമസഭാ സ്പീക്കർ അഡ്വ: എ.എൻ. ഷംസീർ അനുസ്മരിച്ചു.
അദ്ദേഹം എഴുതിയ ജീവചരിത്രങ്ങളിലൂടെയാണ് ചങ്ങമ്പുഴയേയും വൈക്കം മുഹമ്മദ് ബഷീറിനെയുമെല്ലാം സമഗ്രമായ ചിത്രം മലയാളികൾക്ക് ലഭിക്കുന്നത്.
ജീവചരിത്രകാരൻ എന്ന നിലയിലും സാഹിത്യവിമർശകൻ, പ്രാസംഗികൻ തുടങ്ങിയ നിലയിലും വേറിട്ട വഴിയൊരുക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ഒരദ്ധ്യാപകൻ്റെ സൗമ്യതയും വ്യക്തതയും ശക്തിയും അദ്ദേഹത്തിൻ്റെ ഭാഷയ്ക്ക് ഉണ്ടായിരുന്നു.
അവസാനനാളുകൾ വരേയ്ക്കും കർമ്മനിരതമായ ജീവിതത്തിലൂടെ അദ്ദേഹം എല്ലാവർക്കും മാതൃകയായി.
അദ്ദേഹത്തിൻ്റെ വിയോഗം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മാത്രമല്ല, ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിനും കേരള സമൂഹത്തിനാകെ തന്നെയും നികത്താനാവാത്ത നഷ്ടമാണെന്ന് സ്പീക്കർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

അമ്മയ്ക്കൊരു മരം :
വ്യക്ഷതൈകൾ നട്ടു പിടിപ്പിച്ചു
മാഹി :മൈഭാരതും ചാലക്കര രാജീവ്ജി യൂത്ത് സെൻ്ററും സംയുക്തമായി സംഘടിപ്പിച്ച അമ്മയുടെ പേരിൽ ഒരു മരം എന്ന പരിപാടിയുടെ ഭാഗമായി മാഹി കേന്ദ്രിയ വിദ്യാലത്തിലെ വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ നൂറോളം വൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു. കേന്ദ്രിയ വിദ്യാലയ പ്രിൻസിപ്പാൾ ജിനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. മൈഭാരത് ഡെ.ഡയരക്ടർ സി. സനൂവ്. അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ റോഷ് കൂവ്വ മുഖ്യഭാഷണം നടത്തി. സുനിൽ കേളോത്ത്, ടി.സായന്ത് സംസാരിച്ചു.
ചിത്രവിവരണം: കേന്ദ്രിയ വിദ്യാലയ പ്രിൻസിപ്പാൾ ജിനീഷ് കുമാർ വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു
കർഷക പ്രതിഭകളെ ആദരിക്കും
ന്യൂ മാഹി : ഗ്രാമ പഞ്ചായത്ത്, കൃഷി ഭവൻ പുന്നോൽ കോപ്പറേറ്റീവ് ബാങ്ക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം വിപുലമായി കൊണ്ടാടുവാൻ വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു. കൃഷി ഓഫിസർ രാഹുൽ ടി ആർ സ്വാഗതം പറഞ്ഞു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്തു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മാരായ എം.കെ ലത , മഗേഷ് മണിക്കോത്ത്, ശർമിള കെ എസ് മെമ്പർ മാരായ ടി.എ.ശർമി രാജ് ട, കെ ഷീബ, കെ.പി.രഞ്ജിനി , കെ.വത്സല സംസാരിച്ചു.
മികച്ച കർഷകരെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ഫോറം ഓഗസ്റ്റ് 4 തീയതി 5 മണി വരെ കൃഷി ഓഫീസിൽ സ്വീകരിക്കുന്നതാണ്. അപേക്ഷ കൃഷി ഓഫീസിൽ ലഭ്യമാണ്.
അപേക്ഷിക്കേണ്ട കാറ്റഗറിയിൽമികച്ച ജൈവ കൃഷി കർഷകൻ
മികച്ച സ്ത്രീ കർഷക മികച്ച വിദ്യാർത്ഥി കർഷകൻ / കർഷക
മുതിർന്ന കർഷകൻ / കർഷക എസ്. സി / എസ്. ടി കർഷകർ ഉൾപ്പെടും

ട്രാഫിക്ക് ബോധവത്ക്കരണം സംഘടിപ്പിച്ചു.
മാഹി : അവറോത്ത് ഗവ. മിഡിൽ സ്കൂളിൽ ട്രാഫിക്ക് ബോധവത്ക്കരണം സംഘടിപ്പിച്ചു. മാഹി ട്രാഫിക്ക് പാെലീസ് സബ് ഇൻസ്പെക്ടർ പ്രസാദ് വളവിൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പിസീത ലക്ഷ്മി അധ്യക്ഷയായി. വിനീഷ് ആർ, ജയിംസ് സി ജോസഫ്, കെ ശ്രീജ എന്നിവർ സംസാരിച്ചു.
ചിത്ര വിവരണം : അവറോത്ത് ഗവ. മിഡിൽ സ്കൂളിൽ മാഹി ട്രാഫിക് എസ്.ഐ പ്രസാദ് വളവിൽ ബോധവൽക്കരണ ക്ലാസ് നൽകുന്നു.

പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
മാഹി:കന്യാസ്ത്രികൾക്ക് നേരെ വ്യാജ കേസ്സ് ചുമത്തിയ ചത്തിസ്ഗഡ് ബി.ജെ.പി സർക്കാറിൻ്റെ തെറ്റായ നടപടിയിലും എഫ് ഐ ആർ റദ്ദ് ചെയ്യണമെന്നാവശ്യപെട്ട് കൊണ്ടും കോൺഗ്രസ് ദേശീയ തലത്തിൽ നടത്തി വരുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി. ഇ വത്സരാജ് സിൽവർ ജൂബിലി ഹാൾ പരിസരത്ത് നടത്തിയ പ്രതിഷേധ കൂട്ടായ്മ രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മാഹി സെൻ്റ് തെരേസ ബസലിക്ക റെക്ടർ ഫാ.സെബാസ്റ്റ്യൻ കാരക്കാട്ട് മുഖ്യഭാഷണം നടത്തി. പി.പി വിനോദൻ, കെ.ഹരിന്ദ്രൻ, പി.പി.ആശാലത സംസാരിച്ചു.
ഐ അരവിന്ദൻ, നളിനി ചാത്തു, അലി അക്ബർ ഹാഷിം, രജിലേഷ്.കെ.പി,കെ സുരേഷ്, വി.ടി.ഷംസുദിൻ, ഉത്തമൻ തിട്ടയിൽ, അജയൻ പൂഴിയിൽ, മുഹമ്മദ് സർഫാസ്,
കെ.വി.ഹരിന്ദ്രൻ, വിൻസൻ്റ് ഫെർണാണ്ടസ്, ഷാജു കാനം, കെ.കെ.വത്സൻ, റോബിൻ ഫർണാണ്ടസ്, ജിതേഷ് വാഴയിൽ, മജിദ് കെ.സി, വി.വിജയൻ എന്നിവർ
മെഴുകുതിരി കത്തിച്ച് നടത്തിയ പ്രതിഷേധ ജ്വാലയ്ക്ക് നേതൃത്വം നൽകി.

മയ്യഴിയിലേക്ക് വരൂ..
കൃഷിയുടെ പാഠമറിയാം..
:ചാലക്കര പുരുഷു
മാഹി: സെന്റിന് പൊന്നും വിലയുള്ള നാട്ടിൽ, സീസണൽ കൃഷികളിലൂടെ പൊന്നുവിളയിക്കുകയാണ് ഒരു പറ്റം ചെറുപ്പക്കാർ. മദ്യമൊഴുകുംപുഴക്കരയെന്ന 'ഖ്യാതി , നിലനിൽക്കുമ്പോഴും , വീണു കിട്ടുന്നനേരങ്ങളിൽ ചെറുപ്പക്കാരെ കാർഷിക ലഹരിയിലേക്ക് കൈപിടിച്ച് കൊണ്ടുപോവുകയാണ് മാഹിയിലെ കർഷക സംഘം പ്രവർത്തകർ.
കൃഷിചെയ്യാനിടമില്ലാത്ത വിധം കോൺക്രീറ്റ് കാടുകൾ നിറഞ്ഞ. ജനസാന്ദ്രമായ മാഹിയിൽ , കാലിയായി കിടക്കുന്ന ഓരോ തുണ്ട് ഭൂമിയും ശാസ്ത്രീയമായരീതിയിൽ വിവിധതരം കൃഷിയിടങ്ങളാക്കി മാറ്റുകയാണിവർ.
കർഷകസംഘം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം വർഷവും പൂ കൃഷി നടത്തിവരികയാണ്.
മാഹി ഓടത്തിനകം റോഡിൽ പ്രവാസിയായ ജിനോസ് ബഷീറിന്റെ ഭൂമിയിലാണ് ഇത്തവണയും കൃഷി നടത്തുന്നത്.ഇവിടെ വിരിയുന്ന
വാടാ മല്ലിയും ചെണ്ടുമല്ലിയും ഉൾപ്പെടെ ആറ് നിറങ്ങളിലുള്ള പൂക്കൾ വരുന്ന ഓണത്തിന് മയ്യഴിയിലെപൂക്കളങ്ങളെവർണ്ണാഭമാക്കും.
വ്യത്യസ്തമായ കാലാവസ്ഥയിൽ, പ്രതികൂലമായ സാഹചര്യത്തിൽ ഒരുപറ്റം യുവ കാർഷിക പ്രേമികളുടെ പരിപാലനമാണ് കൃഷിയെ മികച്ചതാക്കി മുന്നോട്ടു കൊണ്ടുപോകുന്നത് എല്ലാദിവസവും രാവിലെയും വൈകിട്ടും ഇവർ മാറിമാറി നനയും പരിചരണവുമടക്കം ചെയ്തു വരുന്നു. ഞായറാഴ്ചകളിൽ രാവിലെ 7 മണി മുതൽ 11 മണി വരെ കൃത്യമായ പരിചരണവും കളപറിക്കലുമെല്ലാം നടത്തി കൃഷിയെ മുന്നോട്ടു കൊണ്ടുപോവുകയാണ്.
3000 ത്തോളം തൈകൾ ശാഖോപശാഖകളായി മൊട്ടിട്ട് വിരിയാൻ വെമ്പി നിൽക്കുകയാണ്. ഓണത്തിനു മുൻപ് വിളവെടുക്കാൻ പറ്റുമെന്നപ്രതീക്ഷയിലാണ്പരിപാലകർ.
കഴിഞ്ഞ കുറെ വർഷങ്ങളായി നിരന്തരമായി ഈ ചെറുപ്പക്കാർ കാർഷികരംഗത്ത് ഇടപെട്ടുകൊണ്ടിരിക്കുകയാണ് ഓണത്തിന് പൂകൃഷിയും, വിഷുവിന് വെള്ളരിയും , ശീതകാല പച്ചക്കറികളും വേനലിൽ തണ്ണിമത്തനും . പലയിനം ചീരകളുമെല്ലാം കൃഷിയിടങ്ങളെഹരിത പുളകമണിയിക്കുകയാണ്.
സ്ഥല ലഭ്യത കുറഞ്ഞ മാഹിയിൽ ഓരോ തുണ്ട് ഭൂമിയിലും കൃഷി ചെയ്ത് മുന്നോട്ട് പോവുകയാണ്കർഷകസംഘം. 45 ഇടങ്ങളിലായി വറ്റൽ മുളക് കൃഷി നടത്തി വിളവെടുത്ത് ഉണക്കി പൊടിച്ച് മാഹി ചില്ലിസ് എന്ന പേരിൽ വിപണിയിലെത്തിച്ചത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഗതകാല കാർഷിക പാരമ്പര്യം ഓർമ്മ മാത്രമായി മാറിയ മയ്യഴിക്ക് പുതിയ ഒരു കാർഷിക സംസ്കൃതി പ്രദാനം ചെയ്യുകയാണ് ഹരിതമാനസങ്ങൾ.
ചിത്രവിവരണം: കർഷക സംഘം പ്രവർത്തകർ കൃഷി പരിപാലനത്തിൽ

സന്തോഷത്തിന്റെ ഉത്സവം സംഘടിപ്പിച്ചു
തലശ്ശേരി:,മനുഷ്യരാവുക"എന്ന പ്രമേയത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി പാറാൽ ഡി ഐ യു പി സ്കൂളിൽ "സന്തോഷത്തിന്റെ ഉത്സവം സാമൂഹ്യ പ്രവർത്തകനും ഇല ഫൗണ്ടേഷൻ ഡയറക്ടറുമായ നജീബ് കുറ്റിപ്പുറം ഉദ്ഘാടനം ചെയ്തു.
ഡി ഐ യു പി സ്കൂൾ പ്രധാനാധ്യാപിക എം പി അമീറ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടന സെഷനിൽ സി സി എഫിൻ്റെ വിദ്യാഭ്യാസ പദ്ധതികളെ കുറിച്ച് പ്രസിഡൻ്റ് പി.ഒ.ജാബിർ വിശദീകരിച്ചു. ദാറുൽ ഇർഷാദ് അറബിക് കോളേജ് മാനേജർ അഹമ്മദ് ബഷീർ എം പി, സ്കൂൾ മാനേജർ വി പി മുഹമ്മദലി, കെയർ & ക്യൂർ ഫൗണ്ടേഷൻ ജനറൽ സിക്രട്ടറി മുഹമ്മദ് നിസാർ പടിപ്പുരക്കൽ, ട്രഷറർ മുനീസ് അറയിലകത്ത്, പോസിറ്റീവ് പോസിബിലിറ്റീസ് ഡയറക്ടർ സിറാജുദീൻ പറമ്പത്ത് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് റാഫി സ്വാഗതവും പി ടി എ പ്രസിഡൻ്റ് കബീർ ഖാൻ നന്ദിയും പറഞ്ഞു. സി സി എഫ് ഭാരവാഹികളായ പി എം സി മൊയ്തു, പി വി ഹംസ, ഫാറൂഖ് പാലോട്ട്, സി ഒ ടി ഫൈസൽ, കെ സക്കരിയ പങ്കെടുത്തു.
തലശ്ശേരി കെയർ ആന്റ് ക്യൂർ ഫൗണ്ടേഷന്റെ സഹകരണത്തോടെ പോസിറ്റീവ് പോസ്സിബിലിറ്റീസിലെ വിദഗ്ധ പരിശീലകരായ അഷ്റഫ് പെടേന, റമീസ് പാറാൽ, ഹസ്ന കാദർ, തസ്ലീമ ഷരീഫ്, സീനത്ത് മുനീർ, ആയിഷത്തുൽ വഫ, റുമൈസ എം അഷ്റഫ്, ജസീറ മുഹമ്മദ്, അൻസില ഷഫീഖ്, ഷമീജ, ജാബിർ ലാലിലകത്ത്, ഹുമയൂൺ കബീർ, ബഷീർ വഹബി, ഷരീഫ് പനക്കോട്, പി എം ബഷീർ അഹമ്മദ്, എ പി അബ്ദുൽ സലാം പിണങ്ങോട്, സി പി മുഹമ്മദ് ഷഫീഖ്, സുഹൈർ സിരിയൂസ്, നിയാസ് ഷെരീഫ്, ഷഫ്‌ന എ കെ എന്നിവർ വിവിധ സെഷനുകളിലായി ക്ലാസുകൾക്ക് നേതൃത്വം നൽകി.
നൂതനമായ നിരവധി സർഗ്ഗാത്മക പ്രവർത്തനങ്ങളിലൂടെ നാടിന്റെ അഭിമാനമായി മാറിയ പാറാൽ ഡി ഐ യു പി സ്കൂളിൽ നടന്ന പരിപാടി വ്യത്യസ്തവും ഏറെ ശ്രദ്ധേയവുമായി.
ചിത്രവിവരണം: ഇല ഫൗണ്ടേഷൻ ഡയറക്ടറുമായ നജീബ് കുറ്റിപ്പുറം ഉദ്ഘാടനം ചെയ്യുന്നു

രുഗ്മിണിയമ്മ നിര്യാതരായി
മാഹി: ഈസ്റ്റ് പള്ളൂർ: കണ്ണൂർ നാറാത്ത് കോളങ്കട നടുവിലെ വീട്ടിൽ രുഗ്മിണി അമ്മ (93) നിര്യാതരായി. ഭർത്താവ് പരേതനായ പി.കെ.കരുണാകരൻ നായർ (റിട്ട: കരസേന) ,മക്കൾ :കെ.എൻ.രാജൻ, കെ.എൻ.രമാഭായി, കെ.എൻ.ഇന്ദിര, കെ.എൻ.സുശീല, കെ എൻ.ബാബു മഹേശ്വരി പ്രസാദ് (റിട്ട. വിദ്യാഭ്യാസ ഉപ ഡയരക്ടർ, കണ്ണൂ), മരുമക്കൾ: സുലേഖ കടന്നപ്പള്ളി, പി .കെ.ഉണ്ണികൃഷ്ണൻ നായർ (റിട്ട. അസോസിയേറ്റ് പ്രോഫസർ കാർഷിക ഗവേഷണ കേന്ദ്രം പന്നിയൂർ, തളിപ്പറമ്പ്), പരേതനായ സി.എച്ച്.രവീന്ദ്രൻ നമ്പ്യാർ (റിട്ട. എയർ ഇന്ത്യ), എൻ.ടി.അരവിന്ദാക്ഷൻ (മുൻ പ്രവാസി, കടമ്പൂർ), സുജയ.എം.വി (അധ്യാപിക വി.എൻ.പുരുഷോത്തമൻ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, പള്ളൂർ) സഹോദരങ്ങൾ: പരേതരായ കെ.എൻ.സരസ്വതി അമ്മ, കെ.എൻ.തങ്കമണി.

രോഹിണി നിര്യാതയായി
മാഹി: പന്തക്കൽ പന്തോ ക്കാട്ടിലെ കണ്ണപ്പാംങ്കണ്ടി രോഹിണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ .മക്കൾ: രാജൻ ( ദാവൺഗരെ -കർണ്ണാടക), വനജ (പാറാൽ), സരസു, സുശീല (ചാലക്കര), അശോകൻ, പ്രേമൻ (ഓട്ടോ ഡ്രൈവർ, പന്തക്കൽ) ,പരേതനായ പവിത്രൻ. മരുമക്കൾ: അജിത ,ദിവാകരൻ, രാജൻ (കോയമ്പത്തൂർ), സുചിത, ജോതി ലക്ഷ്മി, സോന, പരേതനായ ബാലൻ .

ദേശീയ ഹിന്ദു മുന്നണി ജനറൽ സെക്രട്ടറി രവീന്ദ്രൻ കോഴിക്കോട് ചുമതല ഏറ്റെടുക്കുന്നു.

തീരം സാംസ്‌കാരിക വേദി വാർഷികാഘോഷങ്ങൾക്ക് 10 ന് തിരിതെളിയും
മാഹി:തീരം സാംസ്‌കാരിക വേദി 13-ാം വാർഷികത്തിന് 2025 ആഗസ്‌റ്റ് 10 ന് ഞായറാഴ്‌ച തിരിതെളിയും.
രാവിലെ 9 മണിക്ക് മാഹി
പൂഴിത്തല ഫിഷർമെൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് LKG മുതൽ +2 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി മാഹി മേഖല ചിത്രരചനാ മത്സരം ഉണ്ടായിരിക്കും
ചിത്രരചനാ മത്സരം യുവചിത്രകാരി കുമാരിയും, നാഷണൽ ഊർജ്ജ മന്ത്രാലയത്തിന്റെ ചിത്രരചനാ മത്സര അവാർഡ് ജേതാവുമായ വിഷ്‌ണുമായ ധൻജിത്ത് ഉദ്ഘാടനം ചെയ്യും
ആഗസ്റ്റ് 14 ന് വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് (8 മുതൽ 10-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം , ആഗസ്റ്റ് 31 ഞായറാഴ്ച കൈകൊട്ടികളി മത്സരം (10 പേർ അടങ്ങിയ ടീം) എന്നിവയുമുണ്ടായിരിക്കും
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ആഗസ്റ്റ് 20ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ബന്ധപ്പെടേണ്ട നമ്പറുകൾ
. 9633063079 , 7012368022
വാർഷികത്തിന്റെ ഭാഗമായി കലാ-കായിക മത്സരങ്ങൾ, പാചകമത്സരം, ജീവകാരുണ്യപ്രവർത്തനങ്ങൾ, പൂക്കള മത്സരം എന്നീ വിവിധ പരിപാടികളുണ്ടായിരിക്കും
മാഹി പോളിടെക്നിക് താൽക്കാലിക
ജീവനക്കാർക്ക് ഇരുട്ടടി
മാഹി: ചാലക്കര ഗവ. ഇന്ദിര ഗാന്ധി പോളിടെക്നിക് കോളജിൽ ഒന്നര ദശാബ്ദത്തിലേറെയായി അധ്യാപക-അനധ്യാപക തസ്തികയിൽ ജോലി ചെയ്തിരുന്നവർ പെരുവഴിയിലായി. അധ്യയന വർഷം തുടങ്ങി ഉത്തരവും ശമ്പളവുമില്ലാതെ രണ്ടുമാസം ജോലി ചെയ്തവരോട് ഈ മാസം ഒന്ന് മുതൽ പുതുക്കിയ ഓർഡർ ഇല്ലാത്തതിനാൽ സർക്കാർ ഭാഗത്തുനിന്ന് ഉത്തരവ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി ജോലിയിൽ പ്രവേശിക്കരുതെന്ന് പ്രിൻസിപ്പൽ സന്താനസാമി അറിയിച്ചു. ലെക്ചറർമാർ, ലാബ് അസിസ്റ്റൻറ്, ലാബ് അറ്റൻഡൻറ് ഉൾപ്പെടെ 21 പേരാണ് പെരുവഴിയിലായത്.
ഈ അധ്യായന വർഷത്തിൽ മുഴുവൻ സീറ്റുകളിലും അഡ്മിഷൻ പൂര്ത്തിയാക്കിയതിന് ശേഷമാണ് സർക്കാറിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള നടപടി. ഈ കോളജിലെ നിശ്ചിതകാല കരാർ ജീവനക്കാർക്ക് 2018 മുതൽ ഇന്ക്രിമെന്റ് ലഭിക്കുന്നില്ല.
അതേസമയം, പുതുച്ചേരിയിൽ മറ്റ് സ്ഥാപനങ്ങളിലെ നിശ്ചിതകാല കരാർ ജീവനക്കാർക്ക് 2022 മുതൽതന്നെ ഇൻക്രിമെൻറ് ലഭിക്കുന്നതും ചേർത്തുവായിക്കുമ്പോൾ പുതുച്ചേരി സർക്കാർ മാഹി മേഖലയോട് കാണിക്കുന്നത് ചിറ്റമ്മ നയമാണെന്ന് ജീവനക്കാർ ആരോപിച്ചു.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group