
ഏത് മയ്യഴിയെക്കുറിച്ചാണ് ഇനി എഴുതേണ്ടത്?
:ചാലക്കര പുരുഷു
മുകുന്ദേട്ടൻ എപ്പോഴും പറയാറുണ്ട്.
മയ്യഴിയുടെ ആരാധകർ രണ്ടുതരത്തിലുള്ള വരാണെന്ന്... മനസ്സുകൊണ്ട് കാണുന്നവരും കണ്ണുകൊണ്ട് കാണുന്നവരും, ഒരു തരക്കാർ കാണുന്ന മയ്യഴി മറുതരക്കാർ കാണുന്ന മയ്യഴിയിൽ നിന്ന് തികച്ചും വ്യത്യസ്‌തമാണ്. എങ്കിൽ രണ്ട് മയ്യഴികൾ ഉണ്ടോ? ഉണ്ട് എന്നതാണ് സത്യം.
കണ്ണുകൾ യാഥാർത്ഥ്യങ്ങൾ കാണുന്നു.
മനസ്സ് സ്വപ്‌നങ്ങൾ കാണുന്നു. കണ്ണുകൾക്കും മനസ്സിനും ഇടയിലെ ദൂരം വളരെ വലുതാണ്. സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിലെ ദൂരം തന്നെയാണ് അത്.

മയ്യഴിയെ മനസ്സുകൊണ്ട് കാണുന്നവരുടെ കൂട്ടത്തിലാണ് മയ്യഴിയുടെ കഥാകാരൻ ' അങ്ങനെ കാണുവാനാണ് കുട്ടിക്കാലം മുതലേ അദ്ദേഹം ശീലിച്ചത്. ഇന്നും അദ്ദേഹം മനസ്സുകൊണ്ട് കാണുന്നത് കുട്ടിക്കാലത്തിന്റെ ഓർമ്മകളിലെ മയ്യഴിയാണ്.
കാലമേറെ കടന്നുപോയിട്ടും ആ ഓർമ്മകൾ മങ്ങുകയോ തിരുത്തപ്പെടുക
യോ ചെയ്യുന്നില്ല, യാഥാർത്ഥ്യങ്ങളുടെ കാറ്റുകളും മഴകളും ആ ബാല്യസ്‌മരണകളെ ക്ഷയിപ്പിക്കുകയോ തുരുമ്പുപിടിപ്പിക്കുകയോ ചെയ്യുന്നില്ല.

ദില്ലിയിലെ പ്രവാസ ജീവിതത്തിലൊരിക്കൽ അദ്ദേഹം പറഞ്ഞു.
വർഷത്തിൽഒരിക്കൽ നാട്ടിൽ വരുമ്പോൾ ജന്മനാടിനെ മനസ്സുകൊണ്ടല്ല, കണ്ണുകൾകൊണ്ട് കാണുവാൻ ഞാൻ പ്രേരിതനാകുന്നു.
യാഥാർത്ഥ്യങ്ങളെ നേരെ മുമ്പിൽ കാണുന്നു. എന്റെ സ്മരണകളിലെ മയ്യഴിയിൽ നിന്ന് എത്രയോ വ്യത്യസ്തമാണ് കൺമുമ്പിൽ കാണുന്ന മയ്യഴി. മനസ്സിനും, കണ്ണുകൾക്കും ഇടയിലെ ദൂരം എന്നെ അമ്പരപ്പിക്കുന്നു.
മയ്യഴി വളരെ പ്രശസ്‌തമായ ഒരു നാടാണ്.
മയ്യഴിയോളം പ്രശസ്തമായ മറ്റൊരു ദേശം കേരളത്തിലുണ്ടെങ്കിൽ അത് കോവളം മാത്രമാണ്. കോവളത്തിന് പ്രശസ്തി ലഭിച്ചത് ടൂറിസം ഡിപ്പാർട്ട്‌മെന്റിന്റെ പരസ്യങ്ങളിലൂടെയാണ്.
കോവളം; പക്ഷേ കണ്ണുകൾ കൊണ്ട് മാത്രം നോക്കിക്കാണുവാനുള്ളതാണ്. മനസ്സുകൊണ്ട് കാണുവാൻ അവിടെ ഒന്നുമില്ല.
മയ്യഴിക്ക് ചുറ്റുമുള്ള എല്ലാ നാടുകളും ബ്രിട്ടീഷ് ഭരണത്തിനു കീഴിലായപ്പോൾ മയ്യഴി മാത്രം പരന്ത്രീസുകാരുടെ കൈയിലായി. ചരിത്രഗതിയിലെ ഒരു താളപ്പിഴയായിരിക്കാം അത്.
പക്ഷേ, മയ്യഴിക്ക് അങ്ങനെ സ്വന്തമായ ഭാഗധേയം കുറിക്കപ്പെടുകയും ചെയ്യും. മയ്യഴിക്ക് സ്വന്തമായ ഒരു ചരിത്രം, മയ്യഴിക്ക് സ്വന്തമായൊരു വിധി, ഒരു കേരളീയ ഗ്രാമമാണെങ്കിലും മയ്യഴിക്ക് കേരളത്തിൽ നിന്ന് വേർപെട്ടു നിൽക്കേണ്ടി വന്നു.
രാഷ്ട്രീയപരവും, ചരിത്രപരവുമായ ഈ ഒറ്റപ്പെടലാണോ മയ്യഴിയുടെ പ്രശസ്തിക്ക് കാരണം?
കണ്ണുകൊണ്ട് കാണുന്ന മയ്യഴിയോ, മനസ്സുകൊണ്ട് കാണുന്ന മയ്യഴിയോ കൂടുതൽ പ്രശസ്തം?
പ്രവാസ ജീവിതമവസാനിപ്പിച്ച് മയ്യഴി ടൗണിൽ നിന്നും വിടചൊല്ലി മുകുന്ദൻ ഇപ്പോൾ മയ്യഴിയുടെ ഭാഗമായുള്ള പുഴയ്ക്കക്കരെയുള്ള പള്ളൂരിൻ്റെ ഗ്രാമ്യ മണ്ണിലാണ് പഴയ പേരുള്ള പുതിയ വീട്ടിൽ താമസിക്കുന്നത്.
മയ്യഴിയുടെ പ്രശസ്‌തിക്കുള്ള കാരണങ്ങളിൽ ഒന്ന്, അതിന്റെ ചരിത്രം ഇന്നും ജീവിക്കുന്നു എന്നുള്ളതായിരിക്കാം.
മയ്യഴിയെപ്പോലെ ചരിത്രപ്രാധാന്യമുള്ള എത്രയോ പ്രദേശങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ആപ്രദേശങ്ങളുടെ പ്രശസ്തി ചരിത്ര പാഠങ്ങളിൽ പൊടിയണിഞ്ഞു കിടക്കുന്നു. മയ്യഴിയുടെ ചരിത്രം തുടരെ തിരുത്തിയെഴുതപ്പെടുകയും ചെയ്യുന്നു.
ചരിത്രപുസ്‌തകങ്ങളുടെ നിറം മങ്ങിയ താളുകളിലല്ല, വായനക്കാർ നെഞ്ചിൽ വെച്ചുകിടക്കുന്ന രണ്ട് നോവൽപ്പുസ്‌തകങ്ങളിലത്രെ മയ്യഴിയുടെ കഥ കുറിച്ചിടപ്പെട്ടിരിക്കുന്നത്.
ചരിത്രപുസ്‌തകങ്ങൾ നാം വായിക്കുന്നത് മനസ്സുകൊണ്ടാണ്. അതുകൊണ്ടത്രെ മയ്യഴിയെന്ന സ്വപ്നഭൂവിനെ തേടി അന്യനാട്ടുകാരായ ചെറുപ്പക്കാർ മയ്യഴിയിൽ വരുന്നത്.
മയ്യഴിയുടെ പ്രശസ്‌തിക്ക് മറ്റൊരു കാരണം കൂടിയുണ്ട്. അത് നമ്മെ അലോസരപ്പെടുത്തുന്ന ഒരു യാഥാർത്ഥ്യമാണ്.
അത് മയ്യഴിയിൽ മദ്യം തേടിവരുന്നവരാണ്.
കണ്ണുകൾകൊണ്ട് കാണുന്ന ഒരു സത്യാവസ്ഥയത്രെ അത്. വല്ലപ്പോഴും ഒരിക്കലാണ് “മയ്യഴിപ്പുഴയുടെ തീരങ്ങളി' ലെ ദാസനേയും, ചന്ദ്രികയേയും തിരഞ്ഞ് സ്വപ്നാടനക്കാരനായ ഒരു ചെറുപ്പക്കാരൻ അന്യനാട്ടിൽനിന്ന് മയ്യഴിയിൽ എത്തുന്നത്. മദ്യം തേടി വരുന്നവരോ? അവർ നൂറുകണക്കിനാണ്.

മദ്യസ്നേഹികളുടെ സംഘങ്ങൾ എന്നും കാറുകളിലും, ബസ്സുകളിലും വന്നിറങ്ങി മയ്യഴിയിൽ നിറയുന്നു.
മയ്യഴിയുടെ യഥാർത്ഥ പ്രശസ്തിക്ക് കാരണക്കാർ അവരല്ലേ? 'മയ്യഴിപ്പുഴയുടെ തീരങ്ങളും' , 'ദൈവത്തിൻ്റെ വികൃതി' കളും: ' നെഞ്ചിൽ ചേർത്തുവച്ച് സ്വപ്നം കാണുന്ന വായനക്കാരിലാണോ മയ്യഴി ജീവിക്കുന്നത്? അഥവാ മയ്യഴിയിൽ വന്നുനിറയുന്ന അന്യനാട്ടുകാരായ മദ്യപ്രേമികളിലോ?
തകഴി കുട്ടനാട്ടിനെയും ആർ.കെ നാരായണൻ മാൽഗുഡിയെയും അവരുടെ നോവലുകളിലൂടെ പ്രശസ്‌തമാക്കി.മുകുന്ദൻ തൻ്റെ നോവലുകളിലൂടെ മയ്യഴിയെ പ്രശസ്തമാക്കി.
അങ്ങനെ ചിന്തിച്ച് സന്തോഷിച്ചിരിക്കാൻ ഈ മനുഷ്യന് സാധിക്കുന്നില്ല. മുകുന്ദന് മുമ്പ് തന്നെ മയ്യഴിയിലെ മദ്യം മയ്യഴിയുടെ ' പ്രശസ്‌തി' വിന്ധ്യനിരകൾക്കപ്പുറം എത്തിച്ചിരുന്നു എന്നത് മറ്റൊരു വസ്തുത.. മയ്യഴിയെ മനസ്സുകൊണ്ടു മാത്രം കണ്ടതു കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് അദ്ദേഹം വിലയിരുത്തുന്നു.
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിന് അമ്പത് വയസ്സ് തികയുമ്പോ
ൾ, ഇനിയുമൊരു മയ്യഴി നോവലിനെക്കുറിച്ച് മുകുന്ദൻ പറയുന്നതിങ്ങനെ:
അപ്പോൾഏത് മയ്യഴിയെക്കുറിച്ചാണ് ഞാൻ ഇനി എഴുതുക? കണ്ണുകൊണ്ട് കാണുന്ന മയ്യഴിയെ കുറിച്ചോ അതോ മനസ്സുകൊണ്ട് കാണുന്ന മയ്യഴിയെ കുറിച്ചോ?
ചിത്രം:പ്രതീകാത്മകം


നോവലിസ്റ്റ് മനസ്സ് തുറന്നു;
നോവലിൻ്റെ പിറവിയെക്കുറിച്ച്...
മാഹി .: ഇരുപത്തിയഞ്ചാം വയസ്സിൽ എഴുതിത്തുടങ്ങിയതായിരുന്നു മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവൽ ' പക്ഷെ അത് ശരിയായില്ല. മൂന്ന് വർഷത്തിന് ശേഷം വീണ്ടുമെഴുതി.
ഇന്ന് കാണുന്ന നോവലാണിത്.
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന ഇതിഹാസ സമാനമായ തൻ്റെ നോവലിൻ്റെ പിറവിയെക്കുറിച്ച് മുകുന്ദൻ ഉള്ളുതുറന്നു
കേരളകൗമുദിയുടെ ആഭിമുഖ്യത്തിൽ മലയാള കലാഗ്രാമത്തിലെ എം.ഗോവിന്ദൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇതിഹാസം മുകുന്ദം എന്ന ആദര ചടങ്ങിൽ മറു ഭാഷണം നടത്തവെ , നോവലിൻ്റെ പിറവിയെക്കുറിച്ച് ഹൃദയം തുറന്ന് അനുഭവങ്ങൾ പങ്കുവെക്കു
കയായിരുന്നു അദ്ദേഹം.
ഇത്രയും കാലം നോവൽ സജീവമായി നിൽക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല അഞ്ചോ പത്തോ വർഷങ്ങൾക്ക് ശേഷം മറന്ന് പോകുമെന്നാണ് കരുതിയത്എ ന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. അര നൂറ്റാണ്ടിന്നിപ്പുറവും ആളുകൾ അത് വായിക്കുന്നു.
ആദ്യംഅത് എൻ്റെ നോവൽ മാത്രമായിരുന്നു' പിന്നീടത് മയ്യഴിക്കാരുടെ മുഴുവൻ നോവലായി.
കുറച്ച് കൂടി കഴിഞ്ഞപ്പോൾ എല്ലാ മലയാളികളുടേയും നോവലായി മാറുകയായിരുന്നു. പിന്നീട് നിരവധി ഭാഷകളിൽ വിവർത്തങ്ങളുണ്ടായി .
ഇംഗ്ലീഷ് വിവർത്തനമുണ്ടായപ്പോൾ ഭാഷയുടെ അതിർവരമ്പു കൾക്പ്പു റത്തേക്ക് സഞ്ചരിച്ചു. ഫ്രഞ്ച് പരിഭാഷയുണ്ടായപ്പോഴാകട്ടെ രാജ്യത്തിനുമപ്പുറത്തേക്ക് കടന്നു ചെന്നു. ഫ്രഞ്ച് പ്രധാനമന്ത്രി ഡൊമനിക് ദ് വിൻപേൻ ഉൾപ്പടെയുള്ള ഫ്രഞ്ച് വായനാലോകം നോവൽ വായിച്ചു.
മുൻഫ്രഞ്ച് കോളനികളായിരുന്ന അൽജീരിയ, മൊറോക്കോ, മോറിഷ് ഐലൻ്റ് എന്നിവിടങ്ങളിലുള്ളവരൊക്കെ നോവൽ വായിച്ചു.അങ്ങിനെ മയ്യഴിക്കാർക്ക് വേണ്ടി എഴുതിയ നോവൽ ഒടുവിൽ ലോകം മുഴുവനുമുള്ളവരുടെ നോവലായി. എന്ത് കൊണ്ട് ദാസന് ഒരു ദാരുണാന്ത്യം കൊടുത്തുവെന്ന് പലരും പരാതി പറഞ്ഞിരുന്നു.അത് ആ കാലത്തിൻ്റെ സവിശേഷതയായിരുന്നു.
ലോകമെങ്ങുമുള്ള യുവാക്കൾ അസ്വസ്ഥരായിരുന്നു. അവർക്ക് പ്രതീക്ഷകൾ നഷ്ടപ്പെട്ടിരുന്നു. ഭാവിയെക്കുറിച്ച് അവർക്ക് പ്രതീക്ഷകൾ നഷ്ടമായിരുന്നു. ആശങ്കാകുലരായിരുന്നു.
കമ്മ്യൂണിസം ക്ഷീണിക്കുകയും, സാമ്രാജ്യത്വം ശക്തിപ്പെടുകയും ചെയ്തു. അത് ലോകത്തെയാകെ നിരാശപ്പെടുത്തി.
ആ നിരാശാബോധം ലോകമെങ്ങുമുള്ള സാഹിത്യകാരന്മാരുടെ കഥകളേയും, കവിതകളേയും, നോവലിനേയും സ്വാധിച്ചതായി കാണാം.
ഫ്രാൻസിലെ നവതരംഗ സിനിമകളിലും ഇത് പ്രകടമാണ്.ലക്ഷ്യബോധമില്ലാതായതോടെ ആശങ്കകളായി എങ്ങും. ദാസനും ചന്ദ്രികയും വിവാഹവും കഴിച്ച് സന്തോഷത്തോടെ കഴിയുകയാണെങ്കിൽ ഈ നോവൽ പരാജയപ്പെടുമായിരുന്നു.
കാരണം എല്ലാ മികച്ച നോവലുകളും ദു:ഖ പര്യ വസായിയായിരുന്നു.പലരും പറയുന്നത് വെളളിയാങ്കല്ല് മിത്താണെന്നാണ്.
എന്നാൽ അത് സത്യം തന്നെയാണ്. ആഴക്കടലിൽ ഏറെ സവിശേഷതകളുള്ള വെളളിയാങ്കല്ല് ഇപ്പോഴും കാണാം. നോവലെഴുതുന്ന കാലത്ത് അവിടെ ആരും പോകാറില്ലായിരുന്നു.
മത്സ്യതൊഴിലാളികൾ പോകും മുമ്പ് ചില ആചാരാനുഷ്ഠാനങ്ങൾ നടത്തിവരാറുണ്ട്.
വെള്ളിയാങ്കല്ലിന് നിഗൂഢതകളുണ്ടായിരുന്നു. മയ്യഴിക്കാരുടെ ആത്മാവുകൾ പുനർജൻമം കാത്ത് അവിടെ പാറി നടന്നിരുന്നു. ഇതുപോലുള്ള ഒരു സങ്കൽപം ബുദ്ധിസത്തിലുമുണ്ട്. മരണത്തിനും ജീവിതത്തിനുമിടയിലുള്ള ഈ അവസ്ഥക്ക് അവർ ബാർദോ എന്നാണ് പറയാറുള്ളത്.
ഇപ്പോഴും പലരും പറയുന്നത് ഫ്രഞ്ചുകാരുടെ വെള്ള കുതിരകളും, വെള്ളിയാങ്കല്ലും, ഫ്രഞ്ച് പേരുള്ള റോഡുകളുമെല്ലാം തൻ്റെ ഭാവനാസൃഷ്ടികളാണെന്നാണ്. ഇതൊക്കെ ഉള്ളത് തന്നെയായിരുന്നു. ഇനിയിപ്പം ഇല്ലെങ്കിൽ തന്നെ എന്താണ് കുഴപ്പം?
ഒരു നോവലിസ്റ്റിൻ്റെ ജോലി ഇല്ലാത്തതിനെ ഉണ്ടാക്കുകയെന്നതാണ്. അതിന് ഉദാഹരണങ്ങൾ ഏറെയാണ്.കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ നോവൽ എന്ന് പറയുന്നത് മാർക്കേസിൻ്റെ നൂറ് വർഷത്തെ ഏകാന്തതയാണ്.
നോവലിലെ കഥ നടക്കുന്നത് മുഴുവൻ മക്കോടണ്ട ' എന്ന നാട്ടിലാണ്.അങ്ങിനെ ഒരു നാടില്ല.' അത് മാർക്കേസ് നോവലിന് വേണ്ടി സൃഷ്ടിച്ചതാണ്.ആർ.കെ.നാരായണൻ്റെ കഥകളും നോവലുകളുമെല്ലാം നടക്കുന്നത് മാൽഗുഡിയിലാണ്.
അത് നാരായണൻ്റെ സൃഷ്ടിയാണ്. എന്ത് കൊണ്ട് മയ്യഴിയെ ഇതിവൃത്തമാക്കി മൂന്നാമതൊരു നോവൽക്കൂടി എഴുതി കൂടാ എന്ന് പലരും ചോദിക്കാറുണ്ട്.
മയ്യഴിയിൽ പുതിയ എഴുത്തുകാർ വളർന്നു വരുന്നുണ്ട്. അവർക്കായി അത് വിട്ട് നൽകുന്നുവെന്നാണ് അതിനുള്ള ഉത്തരം -.മുകുന്ദൻ പറഞ്ഞു.


പന്തക്കലിലെ മോഷണം:
ഹോം നഴ്സും ഭർത്താവും അറസ്റ്റിൽ
മാഹി: പന്തക്കൽ ഊരോത്തുമ്മൽ ക്ഷേത്രത്തിന് സമീപം സപ്രേയ കോട്ടേഴ്സിൽ താമസിക്കുന്ന രമ്യ രവീന്ദ്രൻ്റെ വീട്ടിൽ നിന്ന് സ്വർണ്ണം കവർന്ന ഹോം നഴ്‌സിനേയും, ഭർത്താവിനേയും മാഹി പൊലീസിലെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിനി ഷൈനി (29), ഭർത്താവ് ആറളം സ്വദേശി ചേട്ടൻ ബാവ എന്ന ദിലീപ് (29) എന്നിവരെയാണ് കൊല്ലത്ത് വെച്ച് അറസ്റ്റ് ചെയ്തത്.കവർച്ചയിൽ പങ്കാളിയായ ദിലീപിൻ്റെ സഹോദരൻ അനിയൻ ബാവ എന്ന പി. ദിനേഷിനെ മാഹി കോടതി ചൊവ്വാഴ്‌ച്ച റിമാൻ്റ് ചെയ്തിരുന്നു.
ആലപ്പുഴ സ്വദേശിനിയായ രമ്യ രവീന്ദ്രൻ്റെ പന്തക്കലിലെ ഊരോത്തുമ്മൽ ക്ഷേത്രത്തിനടുത്തുള്ള വാടക വീട്ടിലെ ഹോം നഴ്‌സായിരുന്നു അറസ്റ്റിലായ ഷൈനി .ഷൈനി രമ്യയുടെ വീട്ടിലെ ജോലി മതിയാക്കി പോയതായിരുന്നു. വീട് വിട്ട് ഇറങ്ങുമ്പോൾ രമ്യയുടെ വീട്ടിൻ്റെ താക്കോലും കൈവശമാക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച്ച രാത്രി രമ്യ ജോലിക്ക് പോയ സമയത്ത് ഷൈനിയുടെ ഭർത്താവ് ചേട്ടൻ ബാവ എന്ന ദിലീപും, നേരത്തെ റിമാൻഡിലായ സഹോദരൻ അനിയൻ ബാവ എന്ന ദിനേഷും ഷൈനി നൽകിയ താക്കോൽ ഉപയോഗിച്ച് രമ്യയുടെ വീട്ടിലെ കിടപ്പ് മുറിയിലെ അലമാരയിൽ നിന്ന് 25 പവൻ സ്വർണ്ണാഭരങ്ങൾ കവർന്നിരുന്നു - രമ്യ മലബാർ കാൻസർ സെൻ്ററിൽ ജോലിക്ക് പോയ സമയത്താണ് കവർച്ച നടത്തിയത്.
25 പവൻ സ്വർണ്ണത്തിൽ 15 പവൻ ഷൈനിയുടെ ഭർത്താവിൻ്റെ വീട്ടിൻ്റെ പിന്നാമ്പുറത്ത് കുഴിച്ചിട്ട നിലയിൽ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ചൊവ്വാഴ്ച്ച വൈകിട്ട് ഷൈനിയേയും, ദിലീപിനേയും കൊല്ലം ജില്ലയിലെ മീനമ്പലത്ത് വെച്ചാണ് മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ. അനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.25 പവൻ സ്വർണ്ണത്തിൽ 10 പവൻ ഇനിയും കണ്ടെത്തേണ്ടതുണ്ട്-ഈ 10 പവനിൽ നിന്ന് കുറച്ച് സ്വർണ്ണം വിറ്റ് ഈ ദമ്പതികൾ 3 മൊബൈൽ ഫോൺ പാരിപ്പള്ളി എന്ന സ്ഥലത്തെ കടയിൽ നിന്ന വാങ്ങിയതായി സി.ഐ. അറിയിച്ചു.ഇവരിൽ നിന്ന് 41 സൗദി റിയാലും കണ്ടെടുത്തു. കുറ്റ സമ്മതത്തിൽ കൊല്ലം ജില്ലയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ബാക്കി സ്വർണ്ണം പണയം വെച്ചതായും തെളിഞ്ഞിട്ടുണ്ട്. ഷൈനിയേയും, ഭർത്താവ് ദിലീപിനേയും വ്യാഴാഴ്‌ച്ച വൈകുന്നേരം മാഹി കോടതിയിൽ ഹാജരാക്കി - കോടതി ഇരുവരേയും റിമാൻഡ് ചെയ്തു. അവശേഷിക്കുന്ന സ്വർണ്ണാഭരണങ്ങൾ കണ്ടെടുക്കുവാൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് സി.ഐ. പറഞ്ഞു.
ചിത്രവിവരണം: പ്രതികൾ പൊലീസ് കസ്റ്റഡിയിൽ
പീഡന ശ്രമം പ്രതിയെ
വെറുതെ വിട്ടയച്ചു.
തലശ്ശേരി: അർദ്ധരാത്രിയിൽ യുവതി തനിച്ചുറങ്ങുന്ന മുറിയിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിക്കാൻ ശ്രമിക്കുക വഴി മാനഹാനി ഉണ്ടാക്കി എന്ന കേസിൽ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് വിചാരണ കോടതി വെറുതെ വിട്ടയച്ചു.
ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി.നിസ്റ്റാർ അഹമ്മദ് മുമ്പാകെ പരിഗണിച്ച കേസിൽ വയത്തൂർ ള്ളിക്കലിലെ ഇഞ്ചി പറമ്പിൽ ജോജി വർഗ്ഗീസ് (38) ആണ് കേസിലെ പ്രതി.
2021 ജൂലായ് ഒന്നിന് രാത്രി 12 മണിക്കാണ് പരാതിക്കാധാരമായ സംഭവം.
ഇരിട്ടി പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്
പൊലീസ് ഓഫീസർമാരായ പ്രദീപൻ കണ്ണി പൊയിൽ,പ്രിൻസ് അബ്രഹാം, ടി.സന്ധ്യ, ബാബുമോൻ, വിനോയ് തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രതിക്ക് വേണ്ടി അഡ്വ.വി.പി.രജ്ഞിത്ത്കുമാറാണ് ഹാജരായത്.
ബസ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ മുഴുവൻ പ്രതികളെയും പിടികൂടും വരെ ബസ് സർവീസ് നിർത്തിവച്ച് സമരമെന്ന് തൊഴിലാളികൾ
തലശേരി - തൊട്ടിൽപ്പാലം
റൂട്ടിൽ ബസ് സമരമാരംഭിച്ചു.
തലശ്ശേരി :തൊട്ടിൽപ്പാലം റൂട്ടിൽ സ്വകാര്യ ബസ്കണ്ടക്ടറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്നലെ മുതൽ അനിശ്ചിതകാലത്തേക്ക് ബസ് സർവീസ് നിർത്തിവെച്ച് തൊഴിലാളികൾ. മുഴുവൻ പ്രതികളെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുന്നതുവരെ തൊട്ടിൽപ്പാലം- കുറ്റ്യാടി - നാദാപുരം - പെരിങ്ങത്തൂർ - തലശ്ശേരി - കല്ലിക്കണ്ടി - കടവത്തൂർ - തലശ്ശേരി റൂട്ടിലെ മുഴുവൻ ബസുകളും അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്.
പെരിങ്ങത്തൂരിൽ വെച്ച് ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദനമേറ്റ സംഭവത്തിലാണ് പ്രതിഷേധമായി സമരത്തിന് ആഹ്വാനം ചെയ്തത്. പ്രതികൾക്കെതിരെ വധശ്രമമുൾപ്പടെ ഒമ്പത് വകുപ്പുകൾ ചുമത്തി ചൊക്ലി പൊലീസ് കേസെടുത്തിട്ടുണ്ട് . തലശേരി - തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടർ വിഷ്ണുവിനാണ് മർദ്ദനമേറ്റത്.
ഭാരതീയ ന്യായ സംഹിത പ്രകാരം 182 (2), 191 (2), 191 (3), 126 (2), 115 (2), 118 (1), 296 (b), 110, 190 വകുപ്പുകൾ ചുമത്തിയാണ് കേസ്. സവാദ് ഒന്നാം പ്രതിയായും, വിശ്വജിത്ത് രണ്ടാം പ്രതിയായും ആണ് കേസ്. തിരിച്ചറിയാത്ത 5 പ്രതികൾക്കെതിരെയും കേസുണ്ട്. പ്രതികൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും, ഉടൻ പിടികൂടുമെന്ന ചൊക്ലി സി.ഐയുടെ ഉറപ്പിനെ തുടർന്ന് യൂണിയൻ സമരത്തിൽ നിന്ന് പിന്മാറിയിരുന്നു.
ബസിൽ കയറിയ വിദ്യാർത്ഥിനിക്ക് പാസില്ലാത്തതിനാൽ ഫുൾ ചാർജ് ഈടാക്കിയതിനാണ് കണ്ടക്ടറെ മർദിച്ചതെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. വിദ്യാർഥിനിയെ ഇറക്കിവിട്ടെന്നും തള്ളിയിട്ടെന്നും ആരോപിച്ച്, അറിയിച്ചിരുന്നതായും അടുത്ത തവണ ഫുൾ ചാർജ് ഈടാക്കുമെന്ന് പറയുക മാത്രമാണ് ചെയ്തതെന്നും വിഷ്ണു വ്യക്തമാക്കി. അതേ സമയം കണ്ടക്ടർ അസഭ്യവർഷം നടത്തിയെന്നും, തള്ളിയിട്ടെന്നും കാണിച്ച് വിദ്യാർത്ഥിനി നാദാപുരം പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്.

കാവുംഭാഗം സൌത്ത് യു.പി.സ്കൂൾ വിദ്യാർത്ഥികളൂടെ നീന്തൽ പരിശീലന സമാപനം ഇന്ന്.
തലശ്ശേരി : കാവുംഭാഗം സൌത്ത് യു.പി.സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ നീന്തൽ പഠന സമാപനം വെള്ളിയാഴ്ച നടക്കും..ഇളയിടത്ത് മുക്ക് കുളത്തിൽ സംഘടിപ്പിക്കുന്ന സമാപന സമ്മേളനവും വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും നീന്തൽ പ്രദർശനവും എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് അംഗം കെ.സിന്ധു ഉദ്ഘാടനം ചെയ്യും. ഫയർ ആൻറ് റസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ കെ.രാജീവൻ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയാവും. അദ്ധ്യാപകനും സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കൺവീനറുമായ ടി.വി. ശ്രീകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തുന്ന സ്കൂളിലെ ഏഴാം തരത്തിൽ പഠിക്കുന്ന 30 കുട്ടികളാണ് നീന്തൽ പരിശീലനം പൂർത്തിയാക്കിയത്. ക്ലാസ് സമയത്തിന് ശേഷമാണ് അദ്ധ്യാപകരായ ധന്യേഷ്, അശ്വിൻ എന്നിവർ കുട്ടികളെ നീന്താൻ പരിശീലിപ്പിച്ചത്-.പൊതു വിദ്യാലയങ്ങളുടെ മികവ് പൊതുജനങ്ങൾക്ക് ബോധ്യപ്പെടുത്താൻ കൂടി നീന്തൽ പരിശീലന സമാപന പരിപാടിയുടെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനാദ്ധ്യാപിക ഇ.എം. രാഗിണി, പി.ടി.എ.പ്രസിഡണ്ട് മേരി ഹിമ എന്നിവരും പത്ര സമ്മേളനത്തിൽ സംബന്ധിച്ചു

പെരിയസ്വാമി വധം:
ഒന്നാം പ്രതി കുറ്റക്കാരൻ
തലശ്ശേരി: സുഹൃത്തുക്കളായരണ്ട് പേർ ഒന്നിച്ച്നടപ്പാതയിൽ കൂടി രാത്രി നടന്ന് പോകവെ ഒരാളുടെ ദേഹത്ത്എതിരെ വരികയായിരുന്ന രണ്ട് പേരിൽ ഒരാൾ തട്ടിപ്പോയ സംഭവം വാക്കേറ്റത്തിലും കയ്യാങ്കളിയിലും ഒടുവിൽ കൊലപാതകത്തിലുമെത്തിയ കേസിൽ ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തി. ശിക്ഷ ഇന്ന് പറയും. വളപട്ടണം പൊലീസ് ചാർജ് ചെയ്ത കേസിൽ അഴീക്കോട് പള്ളിക്കുന്നുമ്പ്രം അഷറഫ് ക്യോർട്ടേഴ്സിൽ താമസക്കാരായ സുകേഷ് പി. (37)രജ്ജിത്ത് എം.( 28 ) എന്നിവരാണ് കേസിലെ പ്രതികൾ.ഇതിൽ സുകേഷിനെയാണ് കോടതി കുറ്റക്കാരനായി കണ്ടെത്തിയത്.
മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് റൂബി.കെ.ജോസ് മുമ്പാകെ വിചാരണ നടന്ന കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ.കെ.രൂപേഷ് ആണ് ഹാജരായത്. തമിഴ്നാട് ചിന്ന സേലം സ്വദേശിയും വളപട്ടണത്ത് ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തിവരുന്നതുമായ പെരിയ സ്വാമി ( 33 )യൊണ് പ്രതികൾ കൊലപ്പെടുത്തിയതായി കേസ്.
2018 ഫിബ്രവരി 24 ന് രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട പെരിയ സ്വാമിയും സുഹൃത്തായ തമിഴ് നാട് കടലൂർ സ്വദേശിയായ അയ്യേക്കണ്ണും കൂടി വളപട്ടണത്തെ നടപ്പാതയിൽ കൂടി നടന്നു വരുമ്പോൾ പ്രതികളിൽ ഒരാൾ അയ്യേ ക്കണ്ണ് ന്റെ ചുമലിൽ തട്ടിയതാണ് കൊലപാതകത്തിൽ കലാശിച്ചതായി കേസ്.
ഫോറൻസിക് സർജ്ജൻ ഡോ.എസ്.ഗോപാലകൃഷ്ണപിള്ള, പോലീസ് ഓഫീസർമാരായ ഷാജി പട്ടേരി, എം.കൃഷ്ണൻ,പ്രവീൺ, വിനോദ്, രാജേഷ്, ബാബു അക്കരക്കാരൻ,അശോകൻ,പ്രദീപൻ,സൈന്റിഫിക് ശ്രുതിലേഖ കെ.എസ്. വില്ലേജ് ഓഫീസർ റുക്സാന,അമർ ജോത്, കൊല്ലപ്പെട്ട പെരിയ സ്വാമിയുടെ ഭാര്യ ഗാന്ധി തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ

കോൺഗ്രസ്സ് നേതാവ് കെ.പ്രഭാകരനെ അനുസ്മരിച്ചു
തലശ്ശേരി:മുൻ ഡിസിസി അംഗം, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന കോൺഗ്രസ്സ് നേതാവ് കെ.പ്രഭാകരന്റ 14ാം ചരമവാർഷിക ദിനത്തിൽ കോടിയേരി, പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മാടപ്പീടികയിൽ അനുസ്മരണ പരിപാടി നടത്തി. കെ.പി.സി.സി അംഗം വി.രാധാകൃഷ്ണൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോടിയേരി ബ്ലോക്ക് പ്രസിഡൻ്റ് കെ.ശശിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അഡ്വ:സി.ടി.സജിത്ത്, വി.സി.പ്രസാദ്, സി.പി.പ്രസീൽ ബാബു, സന്ദീപ് കോടിയേരി, പി.ദിനേശൻ, ടി.എം.പവിത്രൻ, പി.എംകനകരാജൻ, വി.കെ.സുചിത്ര, കെ.പി.കുശല കുമാരി, എം.ഷീബ സംസാരിച്ചു

വസന്ത കോടിയേരി നിര്യാതയായി
തലശ്ശേരി:കോടിയേരി മീത്തലെ വയലിൽ വളപ്പനാണ്ടി താഴെ കുനിയിൽ വസന്ത (75) നിര്യാതയായി. പരേതരായ കേളുവിൻ്റെയും ലക്ഷ്മിയുടെയും മകളാണ്.
സഹോദരങ്ങൾ: ചിത്ര, പുഷ്പരാജൻ (കണ്ണൻ),
പരേതരായ ശിവപ്രകാശ് (വയനാട്), ബാബു.

പുനർ വായന സംഘടിപ്പിച്ചു
തലശേരി നവാസ് പൂനൂർ രചിച്ച ചന്ദ്രിക ചരിത്രം എന്ന പുസ്തക പുനർ വായന തലശേരി മുസ്ലീം അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽപാർക്കോ റെസിഡൻസി ഹാളിൽ നടന്നു.
പ്രമുഖ ചരിത്രകാരനും ഗ്രന്ഥ കർത്താവും ആയ എം സി വടകര ഉദ്ഘാടനം നിർവഹിച്ചു. നവാസ് പൂനൂർ മുഖ്യ പ്രഭാഷണം നടത്തി. ടി സി മുഹമ്മദ്, അസീസ് നാലുപുരക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. നഗര പരിധിയിൽ ഉന്നത വിജയം കരസ്തമാക്കിയ സെന്റ് ജോസഫ്സ് സ്കൂളിനുള്ള ടി എം സവാൻകുട്ടി സ്മാരക പുരസ്‌കാരം ടി എം എ പ്രസിഡന്റ് ഡോ. ടി പി മുഹമ്മദ് പ്രിൻസിപ്പൽ ഷാജി ഫിലിപ്പ് ന് കൈമാറി. ഗ്രന്ഥ ശാലകൾക്ക് ഉള്ള പുസ്തകങ്ങൾ ലൈബ്രറി കൾക്ക് കൈമാറി. ചടങ്ങിൽ സി എ അബൂബക്കർ അധ്യക്ഷത വഹിച്ചു എ പി അബ്ദുൽ റഹീം, സി ഒ ടി ഫസൽ, എ കെ ഇബ്രാഹിം, സുഹൈഫ് അവാലിൽ, പി എം സി മൊയ്തു. സി കെ പി അലവി മാസ്റ്റർ എന്നിവർ പരിപാടി ക്ക് നേത്വതം നൽകി.
പ്രൊഫ. എ പി സുബൈർ സ്വാഗതവും സി കെ പി മുഹമ്മദ് റയീസ് നന്ദിയും പറഞ്ഞു.
ചിത്രവിവരണം:ചരിത്രകാരനും ഗ്രന്ഥ കർത്താവു മായ എം സി വടകര ഉദ്ഘാടനം ചെയ്യുന്നു

കളഞ്ഞ് കിട്ടിയ പണം
ഉടമസ്ഥനെ ഏൽപ്പിച്ചു
ന്യൂ മാഹി:പുന്നോൽ സത്യൻ ആർട്സ് ക്ലബ്ബ് എക്സിക്യൂട്ടീവ് മെമ്പറും താഴെ വയൽ പൗർണമിയിൽ രസ്ന രഞ്ജിത്ത് പള്ളൂരിൽ നിന്ന് കളഞ്ഞു കിട്ടിയ പണമടങ്ങിയ പൊതി ന്യൂ മാഹി പൊലീസിൽ ഏൽപ്പിച്ചു .തുടർന്ന് പള്ളൂർ പമ്പിലെ തമിഴ്നാട് സ്വദേശിയായ ജീവനക്കാരൻ പ്രകാശിന് ന്യൂ മാഹി പൊലീസ് സ്റ്റേഷനിൽ വെച്ച് കൈമാറി സത്യസന്ധത തെളിയിച്ചു
ചിത്രവിവരണം:രസ്ന രഞ്ജിത്തിൽ നിന്ന് പള്ളൂർ പമ്പിലെ തമിഴ്നാട് സ്വദേശിയായ ജീവനക്കാരൻ പ്രകാശ് തുക ഏറ്റുവാങ്ങുന്നു
സംസ്ഥാന തല ഉദ്ഘാടനം ജൂലായ് 30, 31 അഗസ്റ്റ് 1 തീയ്യതികളിൽ.
തലശ്ശേരി :
അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്
മുസ്ലീം യൂത്ത് ലീഗ് തലശ്ശേരി മുൻസിപ്പൽ സമ്മേളനവും പഞ്ചായത്ത്, മുൻസിപ്പൽ സമ്മേളനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനവും ജൂലായ് 30, 31 അഗസ്റ്റ് 1 തീയ്യതികളിൽ നടക്കും.
ജൂലായ് 31 ന് മുസ്‌ലീം യൂത്ത് ലീഗ് പഞ്ചായത്ത് ,മുൻസിപ്പൽ സമ്മേളനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനവും മുൻസിപ്പൽ കമ്മിറ്റിയുടെ പൊതുസമ്മേളനവും യുവജന റാലിയും സേവന വണ്ടി സമർപ്പണവും നടക്കും പഴയ ബസ് സ്റ്റാന്റിൽ മജീദ്, റഹ്മാൻ, കുഞ്ഞിപ്പ നഗറിൽ നടക്കുന്ന പൊതുസമ്മേളനവും, സേവന വണ്ടി സമ്മർപ്പണ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും
സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, പി. ഇസ്മായിൽ,അഷ്റഫ് എടനീർ,സി.കെ.മുഹമ്മദലി, വൈറ്റ് ഗാർഡ് സംസ്ഥാന കോ : ഓഡിനേറ്റർ ഫൈസൽ ബാഫഖി തങ്ങൾ, നെസീർ നെല്ലൂർ, പി.സി. നസീർ,അഡ്വ: കെ.എ.ലത്തീഫ് മറ്റ് സംസ്ഥാന, ജില്ലാ, നേതാക്കളും പങ്കെടുക്കും
ജൂലായ് 30 ന് ബുധൻ രാവിലെ 9 മണിക്ക് മുൻസിപ്പൽ സമ്മേളനത്തിന് തുടക്കം കുറിച്ച് മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി പതാക ഉയർത്തലും പ്രർത്ഥന സദസും പ്രതിനിധി സമ്മേളനവും നടക്കും
ആഗസ്റ്റ് ഒന്നിന് വൈകുന്നേരം 4 ശിഹാബ് തങ്ങൾ സൗധത്തിൽ മണിക്ക് കൗൺസി മീറ്റും പുതിയ മുൻസിപ്പൽ ഭാരവാഹികളെ തെരഞ്ഞടുക്കലും നടക്കും.
വാർത്താസമ്മേളനത്തിൽ തഫ്‌ലീം മാണിയാട്ട്, ജംഷീർമഹമൂദ്,റമീസ് നരസിംഹ,അഫ്സൽ മട്ടാമ്പ്രം, കെ.വി.മജീദ് പങ്കെടുത്തു.
പീഡന ശ്രമം പ്രതിയെ വെറുതെ വിട്ടയച്ചു.
തലശ്ശേരി: അർദ്ധരാത്രിയിൽ യുവതി തനിച്ചുറങ്ങുന്ന മുറിയിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിക്കാൻ ശ്രമിക്കുക വഴി മാനഹാനി ഉണ്ടാക്കി എന്ന കേസിൽ പ്രതി കുറ്റക്കാരനല്ലെന്ന് കണ്ട് വിചാരണ കോടതി വെറുതെ വിട്ടയച്ചു.
ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി.നിസ്റ്റാർ അഹമ്മദ് മുമ്പാകെ പരിഗണിച്ച കേസിൽ വയത്തൂർ ള്ളിക്കലിലെ ഇഞ്ചി പറമ്പിൽ ജോജി വർഗ്ഗീസ് (38) ആണ് കേസിലെ പ്രതി.
2021 ജൂലായ് ഒന്നിന് രാത്രി 12 മണിക്കാണ് പരാതിക്കാധാരമായ സംഭവം.
ഇരിട്ടി പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്
പൊലീസ് ഓഫീസർമാരായ പ്രദീപൻ കണ്ണി പൊയിൽ,പ്രിൻസ് അബ്രഹാം, ടി.സന്ധ്യ, ബാബുമോൻ, വിനോയ് തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രതിക്ക് വേണ്ടി അഡ്വ.വി.പി.രജ്ഞിത്ത്കുമാറാണ് ഹാജരായത്.

കുടുംബനാഥന്മാർക്ക് പ്രതിമാസം 1000 രൂപ.
മാഹി:പുതുച്ചേരിയിലെ എല്ലാ കുടുംബനാഥന്മാർക്കും പ്രതിമാസം 1000 രൂപ സഹായം മുഖ്യമന്ത്രി രംഗസാമി പ്രഖ്യാപിച്ചു.
നിലവിൽ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബനാഥന്മാർക്ക് മാത്രമാണ് പ്രതിമാസം 1000 രൂപ നൽകിയിരുന്നത്.
പി.സി. നിഷാന്ത്
പ്രസിഡണ്ട്
തലശ്ശേരി: 'ഒ'ചന്തുമേനോൻ സ്മാരക വലിയ മാടാ വിൽ ഗവൺമെൻറ് യുപി സ്കൂളിൻറെ വാർഷിക ജനറൽ ബോഡി 2025 ജൂലൈ 26 2:00 മണിക്ക് നടന്നു പിടിഎ പ്രസിഡണ്ട് നിഷാന്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ സുധീഷ് എം എ മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ് ബാബു സ്വാഗതവും സീനിയർ അസിസ്റ്റൻറ് മിനി നന്ദിയും പറഞ്ഞു 2025-26 വർഷത്തെ ഭാരവാഹികളായി നിഷാന്ത് പിസി (പിടിഎ പ്രസിഡണ്ട് ) വിനോദ് (വൈസ് പ്രസിഡന്റ് ) രാജേന്ദ്രൻ വെളിയമ്പ്ര (എസ്.എം സിചെയർമാൻ) ബെറ്റി അഗസ്റ്റിൻ (മദർ പി ടി എ പ്രസിഡൻറ്) സുധീഷ് എം എ(വിദ്യാലയ വികസന സമിതി ചെയർമാൻ) എന്നിവരെ തിരഞ്ഞെടുത്തു
കെ.വൈ.സി.പരിശോധന
പൂർത്തിയാക്കണം
മാഹി:എല്ലാ റേഷൻ കാർഡ് ഗുണഭോക്താക്കളും e-കെ.വൈ.സി. പരിശോധന പൂർത്തിയാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.. ഇത് സർക്കാറിന്‍റെ എല്ലാവിധ ആനകൂല്യങ്ങളും സബ്സിഡികളും യഥാർത്ഥ ഗുണഭോക്താക്കളിലേക്ക് തന്നെ എത്തിച്ചേരുന്നുവെന്ന് നിരീക്ഷിക്കുവാൻ സർക്കാറുകളെ പ്രാപ്തമാക്കുന്നു. ഇതനുസരിച്ച് പുതുച്ചേരി സംസ്ഥാന സിവിൽ സപ്ലൈസ് & കൺസ്യൂമർ അഫേഴ്സ് വകുപ്പ് പുതുച്ചേരി സർക്കാറിന്‍റെ അംഗീകാരത്തോടു കൂടി പൊതു സേവന കേന്ദ്രം മുഖേന തികച്ചും സൗജന്യമായി എല്ലാ റേഷൻ കാർഡ് ഗുണഭോക്താക്കളുടേയും e-കെ.വൈ.സി.പരിശോധന നടപ്പിലാക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്. അതിനാൽ, റേഷൻ കാർഡിലേ എല്ലാ അംഗങ്ങളും അവരുടെ റേഷൻ കാർഡും ആധാർ കാർഡുമായി ഏറ്റവും അടുത്തുള്ള പൊതു സേവന കേന്ദ്രത്തിൽ ഹാജരായി e-കെ.വൈ.സി. പരിശോധന എത്രയും പെട്ടെന്ന് പൂർത്തിയാക്കേണ്ടതാണ്.

ആയുഷ്മാൻ ആരോഗ്യ മന്ദിരം മാഹി എം. എൽ. എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
മാഹി:ഈസ്റ്റ് പള്ളൂരിലെ ഹെൽത്ത് സെൻ്റർ കൂടുതൽ സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം ആയുഷ്മാൻ ആരോഗ്യ മന്ദിരം മാഹി എം. എൽ. എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
'മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു.
മാഹി ഹെൽത്ത് ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ എ പി ഇസ്ഹാഖ് സംസാരിച്ചു.
പള്ളൂർ മെഡിക്കൽ ഓഫീസർ ഡോക്ടർ സി ഏച്ച് രാജീവൻ സ്വാഗതവും സബ് സെന്റർ മെഡിക്കൽ ഓഫീസർ ഡോക്ടർ സർഗ വാസൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
ജ്ഞാനോദയം - 2025
സ്കിൽ ഗെയിംസ്
തലശ്ശേരി: ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജ്ഞാനോദയം - 2025 മത്സര പരിപാടികൾ നടത്തുന്നു.
ആഗസ്ത് 9,10 തിയ്യതികളിൽ രാവിലെ 9 മണി മുതൽ ശ്രീ ജഗന്നാഥ ക്ഷേത്രം അങ്കണത്തിൽ സ്കിൽ ഗെയിംസ് നടക്കും.പ്രീ-പ്രൈമറി, എൽപി, യു.പി, എച്ച്.എസ്, കോളജ്, സാങ്കേതിക സ്ഥാപനം , വനിതാ വിഭാഗം എന്നിവയിലാണ് മത്സരങ്ങൾ .. തലശ്ശേരി, മാഹി നഗരസഭ, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ' എന്നിവിടങ്ങളിലെ താമസക്കാർക്ക് പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ:
9495908020, 9496141986.




വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group