
വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു
മാഹി:ചാലക്കര റസിഡൻസ് വെൽഫേർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ചാലക്കര ശ്രീ നാരായണ മഠത്തിൽ
പ്രസന്ന സോമൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ഷൽമി ഷിജിത്ത് പ്രവർത്തന റിപ്പോർട്ടും,ഗീത അച്ചമ്പത്ത് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
ചാലക്കര പുരുഷു, വി. ശ്രീധരൻ മാസ്റ്റർ, പോൾ വർഗീസ് ,ടി.പി.സുധീഷ് സംസാരിച്ചു.
ഭാരവാഹികളായി രാമചന്ദ്രൻ.ഐ(പ്രസിഡണ്ട്)പ്രകാശൻ കോരപ്പള്ളി,
ശൈലജ മഠത്തിൽ (വൈ.പ്രസി)
സഹദേവൻ അച്ചമ്പത്ത് (സിക്രട്ടരി )
സതി സന്ധ്യ,
ഷിജില പ്രകാശ് (ജോ.. സി ക്രട്ടരിമാർ )
സോമൻ ആനന്ദ് (ട്രഷറർ) എന്നിവരേയും
31 അംഗ എക്സിക്യുട്ടീവ് കമ്മറ്റിയേയും തെരഞ്ഞെടുത്തു.
ചിത്രവിവരണം: ചാലക്കര റസിഡൻസ് വെൽഫെയർ അസോസിയേഷൻ്റെ പുതിയ ഭാരവാഹികൾ

വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു
മാഹി: നിലയ്ക്കാത്ത മഴയിൽ കുന്നിൻ്റെ ഒരു ഭാഗമിടിഞ്ഞ് താഴത്തെ വീട്അപകടാവസ്ഥയിലായി.
ദന്തൽ കോളേജിന് പിൻവശത്തായി കോഹിന്നൂർ മിത്തൽ റഹ്മത്തിന്റെ വീടിനു മുകളിലാണ് കുന്നിന്റെ മണ്ണിടിഞ്ഞ് വീണത്. ആളപായമില്ലാതെ വീട്ടുകാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്.
ഇന്നലെ കാലത്ത് അഞ്ചരമണിക്ക് ചെറിയ തോതിൽ മണ്ണിടിച്ചൽ ഉണ്ടാവുകയും വൈകിട്ട് നാലുമണിയോടെ വലിയ ശബ്ദത്തോടെ ശക്തമായ ഇടിച്ചിൽ സംഭവിക്കുകയും ചെയ്തു.റഹ്മത്തിന്റെ വീട്ടിനു മുകളിലാണ് മണ്ണ് വീണത്. , വീട്ടു ജോലിയിലൂടെ കഠിനാധ്വാനം നടത്തി ജീവിക്കുന്ന പാവപ്പെട്ട കുടുംബനാഥയായ റഹ്മത്തും രണ്ട് കുട്ടികളും ഈ വീട്ടിലാണ് താമസിക്കുന്നത്..
ദന്തൽ കോളജിൻ്റെ പാർക്കിങ്ങ് ഏരിയക്ക് താഴെ കുന്നിടിച്ച സ്ഥലവും വലിയ ഭീഷണി ഉയർത്തുന്നുണ്ട്. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും തുടർ നടപടികളുണ്ടായില്ലെന്ന് വീട്ടുകാർ പറയുന്നു.
ചിത്രവിവരണം:റഹ്മത്തിൻ്റെ വീട്ടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ നിലയിൽ

ഐ.കെ.കുമാരൻ മാസ്റ്റർ ഗാന്ധി തൊപ്പിയണിയിച്ചു: എന്നിലെ മദ്യപാനി അപ്രത്യക്ഷനായി!
എൻ്റെ ജീവിതത്തെ മാറ്റിമറിച്ച ആ സംഭവം ഇന്നലെയെന്നപോൽ ഞാനിന്നുമോർക്കുന്നു.
ആത്മസുഹൃത്തായ മദ്യനിരോധന സമിതിയുടെ നേതാവ് ടി.പി.ആർ.നാഥിനൊപ്പം കണ്ണൂർ മഹാത്മാ മന്ദിരത്തിലെത്തിയത് തീർത്തും യാദൃശ്ചികമായിട്ടായിരുന്നു.
1990 ൽകണ്ണൂർ മഹാത്മാ മന്ദിരത്തിന് മുന്നിൽ
ഒരു മാസം നീണ്ടു നിന്ന മദ്യ വിരുദ്ധ സമരം നടക്കുകയായിരുന്നു.
ഓരോ ദിവസവും ഓരോ ആൾ വീതം ഉപവാസമനുഷ്ഠിക്കണം.
29-ാമത്തെ ദിവസമെത്തിയപ്പോൾ, സത്യാഗ്രഹമിരിക്കാൻ ആളില്ല' സംഘാടകർ വല്ലാത്ത ആശങ്കയിലായി.
വരാമെന്നേറ്റയാൾ എത്തിയില്ല. സത്യാഗ്രഹമിരിക്കേണ്ട സമയമായി. ടി.പി.ആർ നാഥ് നിസ്സംഗതയോടെ എന്നെ നോക്കി.. സമരം ഉദ്ഘാടനം ചെയ്യേണ്ട മയ്യഴി വിമോചന സമര നായകനും, മദ്യ വിരുദ്ധ പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവുമായ മയ്യഴി ഗാന്ധി എന്നറിയപ്പെടുന്ന ഐ.കെ.കുമാരൻ മാസ്റ്റർ ഇതിനകം എത്തിച്ചേർന്നിരുന്നു.എൻ്റെ പിതാവിൻ്റെ ആത്മമിത്രമായിരുന്ന മയ്യഴി ഗാന്ധി പലവട്ടം അച്ഛനെ കാണാൾ വീട്ടിൽ വന്നിട്ടുണ്ട്.
ഈ ഒരു പ്രതിസന്ധി ഘട്ടത്തിൽ സത്യഗ്രഹമിരിക്കാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ, അതേവരെ അൽപ്പസ്വൽപ്പം മദ്യവും പുകവലിയുമൊക്കെ ഉണ്ടായിരുന്ന എനിക്ക് ആത്മധൈര്യമുണ്ടായില്ല.
ആ നിർണ്ണായക മുഹൂർത്തത്തിൽ,
അങ്ങിനെ ഞാൻ സമരവളണ്ടിയറായി. ഐ.കെ.കുമാരൻ മാസ്റ്റർ എന്നെ ഗാന്ധി തൊപ്പിയും, പൊന്നാടയും അണിയിച്ച് അനുഗ്രഹിച്ചയച്ചു. പിന്നെ ഒന്നും ചിന്തിച്ചില്ല ഉപവാസ സമരമിരുന്നു. ആ സമരത്തിലുടനീളം ചിന്തിച്ചത് ഐ.കെ.കുമാരൻ മാസ്റ്റർ അനുഗ്രഹിച്ചയച്ച ഒരു പോരാളി ഇനിയെങ്ങിനെ മദ്യപിക്കുമെന്നായിരുന്നു.! അതോടെ അവിടെ വെച്ചു തന്നെ ഒരു പ്രതിജ്ഞയെടുത്തു. ഇനി ജീവിതത്തിൽ യാതൊരു ലഹരി വസ്തുക്കളുമുപയോഗിക്കില്ല!
കുറെക്കാലം മുംബെയിൽ സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ ഞാൻ ജോലി ചെയ്തിരുന്നു. പിന്നീട് എട്ട് വർഷക്കാലം സൗദി അറേബ്യയിൽ ജോലി ചെയ്തതിന് ശേഷം ഇപ്പോൾ 'കണ്ണൂരിൽ ബിസ്സിനസുകാരനാണ്.
ഇപ്പോൾ
സർവോദയ മണ്ഡലം ജില്ലാ സെക്രട്ടരിയായി പ്രവർത്തിച്ചു വരുന്നു'
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ആറ് വർഷം ജയിൽ ശിക്ഷക്കും, കൊടിയ മർദ്ദനത്തിനും ഇരയാകേണ്ടി വരികയും, ഐക്യകേരള സർക്കാരിൽ കൊയിലാണ്ടിയിൽ നിന്ന് ആദ്യ എം എൽ എ യായി മാറുകയും ചെയ്ത പ്രമുഖ സോഷ്യലിസ്റ്റ് പി.എം.കുഞ്ഞിരാമൻ നമ്പ്യാരുടെ മകൻ രാജൻ തിയറേത്ത് ലഹരി വിമുക്ത വഴികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു.
ഭാര്യ പൂർണ്ണ ഗർഭിണിയായിരുന്ന വേളയിൽ,ഒളിവ്ജീവിതത്തിനിടയിൽ പി.എം.കുഞ്ഞിരാമൻ നമ്പ്യാർ വേഷം മാറി അഴീക്കോട്ടെ വീട്ടിലെത്തി. ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളിയായ പി.എം. വീട്ടിലെത്തിയിട്ടുണ്ടെന്ന് മണത്തറിഞ്ഞ.പൊലീസ് വീട് വളഞ്ഞു. തുടർച്ചയായ വിസിലടി കേട്ടപ്പോൾ ഗർഭിണിയായ ഭാര്യയെ തട്ടിമാറ്റി പി.എം. സമർത്ഥമായി ഓടി രക്ഷപ്പെടുകയായിരുന്നു.
തള്ളി മാറ്റുന്നതിനിടയിൽ നിലത്ത് വീണ് പോയ ഭാര്യയുടെ പ്രസവം ആശങ്കാജനകമായിരുന്നു.
ആ കുട്ടി പിന്നീട്
ഇന്ത്യൻ ആർമിയിൽ നിന്നും ബ്രിഗേഡിയറായി വിരമിച്ചു. ജയറാമൻ ഇപ്പോൾ ബാംഗ്ളുവിലാണ് താമസം.
ഐക്യകേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ 1957 ൽ പി.എം. കൊയിലാണ്ടിയിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചു.1962 ൽ വീണ്ടും ഇതേ മണ്ഡലത്തിൽ നിന്നും ജയം ആവർത്തിച്ചു.
നിമിത്തങ്ങളാണ് ഓരോ മനുഷ്യൻ്റേയും ജീവിതത്തിൽ നിർണ്ണായകമായ മാറ്റം വരുത്തന്നതെന്ന് രാജൻ തിയരേത്ത് പറയുന്നു
ചിത്രം: രാജൻ തിയറേത്ത്

ആത്മാനന്ദസ്വാമികൾ:
ജീവചരിത്ര ഗ്രന്ഥം
പ്രകാശനം ചെയ്തു
തലശ്ശേരി: ആത്മീയവും, ഭൗതികവുമായ തത്വചിന്തകളോടെ, ഉത്കൃഷ്ടമായ ധർമ്മബോധത്തിലേക്ക് മാനവരാശിയെ നയിച്ച ഗുരുദേവൻ തലശ്ശേരിയില്‍ നിന്നും കണ്ടെത്തിയ സംസ്‌കൃത പണ്ഡിതഗ്രേസരനായ സന്യസ്തശിഷ്യനായിരുന്നു ദിവ്യശ്രീ.ആത്മാനന്ദസ്വാമികളെന്ന്ശിവഗിരി ശ്രീനാരായണധര്‍മ്മ സംഘം ട്രസ്റ്റ് ബോര്‍ഡ് മെമ്പറും, കാഞ്ചീപുരം ശ്രീനാരായണ സേവാശ്രമം അധിപനുമായ ശ്രീമദ് യോഗാനന്ദതീര്‍ത്ഥ സ്വാമികള്‍ പറഞ്ഞു. ദിവ്യശ്രീആത്മാനന്ദസ്വാമികളെ കുറിച്ചുള്ള ജീവചരിത്ര ഗ്രന്ഥം പാർക്കോ ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമികൾ.
ശ്രീമദ് യോഗാനന്ദതീര്‍ത്ഥ സ്വാമികള്‍ ഡോ: ടി.വി. വസുമതിക്ക് ആദ്യ പ്രതി നല്‍കി പ്രകാശന കർമ്മം നിര്‍വ്വഹിച്ചു. മുന്‍ എം.എല്‍.എ.യും മാഹി, മഹാത്മാഗാന്ധി കോളേജ്, റിട്ട. പ്രൊഫസറുമായ ഡോ.വി. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. നാട്ടിക എസ്.എന്‍.ജി.എ.എസ്. പ്രിന്‍സിപ്പല്‍ ഡോ. എസ്. ഷിജു ഉദ്ഘാടനം നിര്‍വ്വഹിച്ചു.. .കാലടി സംസ്‌കൃത ഭാഷാസമിതി അംഗം കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം, ശ്രീ. ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല റിട്ട. പ്രൊഫസര്‍ ഡോ.എം.വി.നടേശന്‍ മുഖ്യ പ്രഭാഷണം നടത്തി.. ശിവഗിരിമഠം ശ്രീനാരായണ ധര്‍മ്മസംഘാംഗം സ്വാമി സുരേശ്വരാനന്ദ, ജയരാജ് ഭാരതി ചാലക്കുടി, എം. ഹരീന്ദ്രന്‍ മാസ്റ്റര്‍ സംസാരിച്ചു. ഗ്രന്ഥകർത്താവ്
ടി.വി.വസുമിത്രന്‍ എഞ്ചിനീയര്‍ സ്വാഗതവും, അഡ്വ.പി.കെ.രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
അനിരുദ്ധ് മനോഹർ പ്രാര്‍ത്ഥന ഗീതം ആലപിച്ചു..
ചിത്രവിവരണം:ശ്രീമദ് യോഗാനന്ദതീര്‍ത്ഥ സ്വാമികള്‍ ഡോ: ടി.വി. വസുമതിക്ക് ആദ്യ പ്രതി നല്‍കി പ്രകാശന കർമ്മം നിർവ്വഹിക്കുന്നു

ആൽബം പ്രകാശനം ചെയ്തു.
തലശ്ശേരി: പ്രശസ്ത ഗായകൻ മുഹമ്മദ് റഫി തലശ്ശേരിയിൽ വന്നതിൻ്റെ സ്മരണാർത്ഥം തലശ്ശേരി മുഹമ്മദ് റഫി ലവേഴ്സിൻ്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഡോക്യുമെൻ്ററി റഫിയുടെ ചരമ ദിനമായ ജൂലയ് 31 ന് പ്രകാശനം ചെയ്യും. ഇതിൻ്റെ മുന്നോടിയായി റഫിയുടെ ഗാനമേള നടത്തിയ സംഘാടക സമിതി ഭാരവാഹികളുടെ ഫോട്ടോകളടങ്ങിയ ആൽബം അഡ്വ.പി.വി.സൈനുദ്ദീൻ റഫി ലവേഴ്സ് മെമ്പർമാർക്ക് നല്കി പ്രകാശനം ചെയ്തു. സി.കെ.പി.മമ്മു, ഹുസൈൻ, കബീർ, ഫാറൂഖ്, റുഖ്ബാൻ, റുഖ്ഷീദ്, നൗഫൽ, സിദ്ധീഖ്, അനീസ് എന്നിവർ പങ്കെടുത്തു.1959 ഡിസംബർ 22ന് മുബാറക്ക് സ്കൂളിൻ്റെ ധനശേഖരണാർത്ഥമാണ് റഫി തലശ്ശേരിയിൽ ഗാനമേള നടത്തിയത്.
കാർഗിൽ വിജയ് രജത ജൂബിലി സമാപനം
മാഹി: നാഷണൽ എക്സ് സർവ്വീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി കാർഗിൽ വിജയ് ദിവസ രജത ജൂബിലി സമാപനം ആഘോഷിച്ചു. യുദ്ധത്തിൽ വീര ചരമം പ്രാപിച്ച ധീര ജവാന്മാർക്ക് സ്മരണാജ്ഞലികൾ അർപ്പിച്ചു.പ്രസിഡണ്ട് വിജയൻകാവിൽ അദ്ധ്യക്ഷത വഹിച്ചു.ഓപ്പറേഷൻ വിജയിൽ പങ്കെടുത്ത വി.എം.രജീഷിനെ ആദരിച്ചു.സെക്രട്ടറി ഗംഗാധരൻ കക്കുഴി പറമ്പത്ത്, നളിനി ടീച്ചർ സംസാരിച്ചു.
അനുശോചിച്ചു
മാഹി ..നേഷണൽ എക്സ് സർവ്വീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി , മാഹി എക്സ് സർവ്വീസ്മെൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ സ്ഥാപക അംഗവും സംഘടനയുടെ മുൻകാല പ്രസിഡണ്ടുമായിരുന്ന നാണു മങ്ങാടൻ്റെ നിര്യാണത്തിൽ അനുശോചിച്ചു.നേഷണൽ എക്സ് സർവ്വീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റിക്കു വേണ്ടി സംഘടനാ പ്രസിഡണ്ട് വിജയൻകാവിൽ റീത്ത് സമർപ്പിച്ചു.

സിപി ജനാർദ്ദനൻ നിര്യാതനായി
തലശ്ശേരി :നങ്ങാറത്ത്പീടിക കേദാരം ഹൗസിൽ സിപി ജനാർദ്ദനൻ (94) നിര്യാതനായി.റിട്ട. ആർ പി എഫ്ഉദ്യോഗസ്ഥനായിരുന്നു. തികഞ്ഞ ശ്രീനാരായണ ഭക്തനും ജഗന്നാഥ ക്ഷേത്ര വെടിക്കെട്ടിന് സ്ഥലം നൽകിയ വ്യക്തിയുമായിരുന്നു.
ഭാര്യ :ശകുന്തള , മക്കൾ : അനിൽകുമാർ (ദുബായ്), അൽക്ക (ഓർക്കാട്ടേരി ), അനുപമ (പിണറായി ) ആഷി (വെള്ളച്ചാൽ)
മരുമക്കൾ : സോജ (കണ്ണൂർ), രവീന്ദ്രൻ,പ്രമോദ് (ഇരുവരുംദുബായ്), അനിൽകുമാർ (ഡി ആർ ഡി ഒ ഹൈദരാബാദ് )
സഹോദരങ്ങൾ : സരോജിനി (എലാങ്കോട് ), പരേതരായ രമണി,ഉഷ. സംസ്കാരം ഇന്ന് (തിങ്കൾ) വൈകുന്നേരം 4 മണിക്ക് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.

കെ.ഇ.മെയ്തു, മനയിൽ കുഞ്ഞഹമ്മദ് ഹാജി എന്നിവരെ അനുസ്മരിച്ചു
മാഹി ..പുതുച്ചേരി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗവും, പോണ്ടിച്ചേരി ഹജജ് കമ്മിറ്റി, വഖഫ് ബേർഡ് അംഗവുമായിരുന്ന കെ.ഇ.മെയ്തുസാഹിബ്,
മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റായിരുന്ന
മനയിൽ കുഞ്ഞഹമ്മദ് ഹാജി എന്നിവരുടെ ചരമ വാർഷികദിനത്തിൽ അനുസ്മരണം നടത്തി. മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി സർവ്വീസ് സഹകരണ ബേങ്ക് ഓഡിറേറാറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം കോൺഗ്രസ്സ് ജന.സിക്രട്ടറി സത്യൻ കേളോത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് നളിനി ചാത്തു അദ്ധ്യക്ഷത വഹിച്ചു. ജന.സിക്രട്ടറി ശ്യാംജിത്ത് പാറക്കൽ, സംസ്ഥാന യൂത്ത് കോൺഗ്രസ്സ് ജന.സിക്രട്ടറി അലി അക്ബർ ഹാഷിം, മഹിള കോൺഗ്രസ് പ്രസിഡൻ്റ് പി.പി.ആശാലത, ട്രഷറർ കെ.കെ. ശ്രീജിത്ത്, സിക്രട്ടറി അജയൻ പൂഴിയിൽ സംസാരിച്ചു.
ചിത്രവിവരണം: സത്യൻ കേളോത്ത് ഉദ്ഘാടനം ചെയ്യുന്നു

മാഹി രാജീവ് ഗാന്ധി ഗവ: ഐടിഐ ക്ക് മറക്കാനാവില്ല നാണുമങ്ങാടനെ..
മാഹി . പന്തക്കൽ ദേശത്ത് എരഞ്ഞിക്കൂൽ താഴെ നിര്യാതനായ മാഹി രാജീവ് ഗാന്ധി ഗവ. ഐടിഐയിലെ ആദ്യ ഇൻസ്ട്രക്ടർ ആയ നാണുമങ്ങാടൻ്റെ (പി.എം.നാണു ) നിര്യാണത്തിൽ മാഹി രാജീവ് ഗാന്ധി ഗവ.ഐ.ടി.ഐ അനുശോചനം രേഖപ്പെടുത്തി.
1993 ൽ മയ്യഴിയിൽ ആദ്യമായി ഒരു ഐടിഐ പ്രവർത്തനം ആരംഭിക്കുന്നത് പള്ളൂരിലെ റാണി ട്രേഡേർസ് എന്ന സ്ഥാപനത്തിന് മുകളിൽ വാടകയ്ക്കായിരുന്നു.
ഫിറ്ററും ഡ്രാഫ്റ്റ് മാൻ സിവിലും ആയിരുന്നു ആദ്യത്തെ രണ്ട് കോഴ്സുകൾ .
നേരത്തേ മെക്കാനിക്കൽ ഡിപ്ലോമ കരസ്ഥമാക്കി വ്യോമസേനയിൽ ജോലി ചെയ്തു വിരമിച്ച പന്തക്കൽ സ്വദേശി നാണു മങ്ങാടൻ എന്ന പി.എം.നാണു മാസ്റ്റർ പുതുച്ചേരി കാരിക്കാലിലെ ടിആർ പട്ടണം ഐടിഐ യിലെ ഫിറ്റർ ഇൻസ്ട്രക്ടർ ആയിരുന്നു.
അദ്ദേഹമാണ് മാഹി രാജീവ് ഗാന്ധി ഗവ: ഐടി ഐയിലെയും ആദ്യത്തെ ഇൻസ്ട്രകടർ .
1998 ൽ സർവ്വീസ്സിൽ നിന്നു വിരമിക്കുന്നതു വരെ അദ്ദേഹം മാഹി ഐടിഐ യുടെ അവിഭാജ്യ ഘടകം ആയിരുന്നു.
ഇന്ത്യക്കകത്തും വിദേശത്തുമായി ധാരാളം ശിഷ്യ സമ്പത്തുകൾ ഉള്ള നാണു മാസ്റ്റർ മാഹി ഐ ടി ഐ മയ്യഴി ഈസ്റ്റ് പള്ളൂർ അക്രാൽ പറമ്പിൽ വരാനാവശ്യമായ എല്ലാ വിധ ഓഫീസ്സ് പ്രവർത്തനങ്ങളിലും ഭാഗഭാക്കായിരുന്നു.
വിരമിച്ച ശേഷവും മാഹി ഐടിഐ യുടെ പ്രവർത്തനങ്ങളിൽ ഗുണപരമായി ഇടപെടുകയും ഐടി ഐ യുടെ ഗുണകാംഷിയുമായ നാണു മാസ്റ്റർ വർഷാവർഷം നടന്നു വന്നിരുന്ന NCVT പരീക്ഷാസമയങ്ങളിലും കുറച്ചു വർഷം മുമ്പുവരെ സേവനവും അനുഷ്ടിച്ചിരുന്നു.
മുപ്പത്തിരണ്ട് വർഷം പിന്നിടുകയും സ്വന്തമായ കെട്ടിടവും നാല് ട്രേഡുകളും നിലവിലുള്ള മാഹി രാജീവ് ഗാന്ധി ഗവ.ഐടിഐ യുടെ ആദ്യകാലസാരഥിയുടെ നിര്യാണത്തിൽ മാഹി രാജീവ് ഗാന്ധി ഐടിഐ യുടെ പ്രിൻസിപ്പാൽ & സ്റ്റാഫ് അഗാധമായ ദു:ഖം രേഖപ്പെടുത്തുകയും അനുശോചിക്കുകയും ചെയ്തു.
ഓൺ ലൈനിൽ ചേർന്ന അനുശോചന യോഗത്തിൽ നിലവിലെ ഐടിഐ പ്രിൻസിപ്പാൾ ചാർജ്ജ് വഹിക്കുന്ന അനൂപ് കുമാർ പിടികെ അദ്ധ്യക്ഷത വഹിച്ചു.ഇൻസ്ട്രക്ടർ മാരായ കെ.പി.കൃഷ്ണദാസ്,

ഇടവലത്ത് കുടുംബ സംഗമത്തോടനുബന്ധിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി
മാഹി: ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്കിന്റെ നേതൃത്വത്തിൽ മയ്യഴിയിലെ പുരാതന കുടുംബമായ ഇടവലത്ത് കുടുംബസംഗമത്തോടനുബന്ധിച്ച് മലമ്പാർ കാൻസർ സെന്റർ ബ്ലഡ് സെന്ററിലേക്ക് സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി
മയ്യഴിയിലും പുറത്തും സാമൂഹ്യ സാംസ്കാരിക, ചാരിറ്റി മേഖലകളിൽ നിറസാനിധ്യമായ ഇടവലത്ത് കുടുംബം, കുടുംബ സംഗമത്തോടനുബന്ധിച്ച് ഔട്ട് റീച്ച് സന്നദ്ധ രക്തദാന ക്യാമ്പ് നടത്തിയത് വേറിട്ട അനുഭവമായി മാറി. ആദ്യമായാണ് ഒരു കുടുംബ സംഗമത്തോടനുബന്ധിച്ച് ഔട്ട് റീച്ച് ക്യാമ്പ് നടക്കുന്നത്.
ക്യാമ്പ് കെ ഇ ഹാഷിമിന്റെ അദ്ധ്യക്ഷതയിൽ മയ്യഴിയിലെ സാമൂഹ്യ സാംസ്കാരികമേഖലയിലെ നിറസാനിധ്യവും ഇടവലത്ത് തറവാട്ടിലെ മുതിർന്ന അംഗവുമായ കെ ഇ മമ്മു ഉദ്ഘാടനം ചെയ്തു. കെ ഇ റീന, എം സി സി ബ്ലഡ് സെന്റർ ഇൻചാർജ് ഡോ : ശ്വേത, കൗൺസിലർ റോജ, പി പി റിയാസ് മാഹി,കെ ഇ അഭിജിത്ത് അലി, കെ.ഇ. പർവീസ് സംസാരിച്ചു.
. കെ ഇ ഷെർബീനി, കെ ഇ നിഷ, കെ ഇ ഷാസിയ, കെ ഇ സജ്‌ല അലി, കെ ഇറീഷ, വി സി ബൈജു, വി സി റിജാദ്, വി സി ലേഖ, വി സി ഷിയാസ്, വി സി നസ്ലീന, അരുൺ എം സി സി, സമീർ പെരിങ്ങാടി,എന്നിവർ നേതൃത്വം നൽകി. ഡോ : ശ്വേതയിൽ നിന്ന് മലബാർ കാൻസർ സെന്ററിന്റെ സർട്ടിഫിക്കറ്റ് കുടുംബാഗംങ്ങൾ ചേർന്ന് ഏറ്റുവാങ്ങി. റയീസ് മാടപ്പീടിക നന്ദി പറഞ്ഞു.
എഞ്ചിനീയർ പി.വി.അനൂപിനെ അനുസ്മരിച്ചു
മാഹി: മാഹി പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയറായിരുന്ന പി വി അനൂപിന്റെ മൂന്നാം ചരമവാർഷിക ദിനം ആചരിച്ചു. മാഹി മേഖലയിലെ സർക്കാർ ഹയർസെക്കണ്ടറി വിദ്യാലയത്തിലെ ഗണിതവിഷയത്തിൽ ഏറ്റവും ഉയർന്ന മാർക്കുനേടിയ മയ്യഴി മേഖലയിലെ ടോപ്പറായ ജവഹർലാൽ നെഹ്റു ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനി കെ.. അഭിനന്ദയ്ക്ക് എഞ്ചിനീയർ പി വി അനൂപിന്റെ അനുസ്മരണാർത്ഥം ഉപഹാരവും ക്യാഷ് അവാർഡും സമ്മാനിച്ചു സഹപ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളും സംബന്ധിച്ചു.

എഞ്ചിനീയർ പി.വി.അനൂപ് സ്മാരക അവാർഡിന്നർഹയായ ഗണിത ശാസത്ര പ്രതിഭ മാഹി ജവഹർലാൽ നെഹ്റു ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി കെ.അഭിനന്ദ

ആർ.പ്രജീഷ്
നിര്യാതനായി
മാഹി: പന്തക്കൽ പടിക്കോത്ത് റോഡിന് സമീപം 'ജനനി'യിൽ ആർ.പ്രജീഷ് (45) നിര്യാതനായി. ഇടയിൽ പീടികയിലെ പി.ആർ.ഇലക്ട്രിക് കട ഉടമയാണ്.അച്ഛൻ: ഇ.കെ.രാമചന്ദ്രൻ ( റിട്ട.അസി.സെക്രട്ടറി, റബ്ബർ ബോർഡ്) അമ്മ: വി.കെ.പത്മാവതി. (റിട്ട. പഞ്ചായത്ത് സെക്രട്ടറി, ചൊക്ലി ) ഭാര്യ: വർഷ.മക്കൾ: പ്രവീണ, പ്രണവ് ( ഇരുവരും വിദ്യാർഥികൾ) സഹോദരൻ: പരേതനായ പ്രവീൺ. സംസ്ക്കാരം തിങ്കളാഴ്ച്ച രാവിലെ 11ന് വീട്ട് വളപ്പിൽ

ഒ.പി. രാജ് മോഹനെ അനുസ്മരിച്ചു.
തലശ്ശേരി: പുരോഗമന കലാസാഹിത്യ സംഘം ഒ.പി. രാജ് മോഹൻ ഫിലിം സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഒ.പി. രാജ് മോഹൻ അനുസ്മരണവും, പുസ്തക പ്രകാശനവും നടത്തി.
സമ്മേളനം അഡ്വക്കേറ്റ് പി. വിമൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ സ്പീക്കർ അഡ്വക്കേറ്റ് എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.പുസ്തകം ടിഎം ദിനേശനും, സുരാജ് ചിറക്കര ക്കും നൽകി പ്രകാശനം ചെയ്തു. . ഡോ ജിനേഷ്കുമാർ എരമം പുസ്തക പരിചയം നടത്തി. ഡോ.. അനുപാപ്പച്ചൻ, ഇ.ഡി. ബീന സംസാരിച്ചു.
.യു.ബ്രിജേഷ് സ്വാഗതവും, പ്രമീള രാധാ കൃഷ്ണൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: സ്പീക്കർ അഡ്വ: എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യുന്നു




വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group