
പുരാവൃത്തങ്ങളിലൂടെ, ചരിത്രവും കടന്ന്,
പിതൃസ്നേഹത്തിന്റെ വിശുദ്ധിയിൽ ...
:ചാലക്കര പുരുഷു
മറവി മനുഷ്യന് അനുഗ്രഹമാണെന്ന് നമ്മൾ പലപ്പോഴും പറയാറുണ്ട്.എങ്കിലും മരണത്തിന് മാത്രം മായ്ക്കാനാവുന്ന സ്മൃതികളും ആരിലുമുണ്ടാവാം. എന്നാൽ മരണാനന്തരവും ഋതുഭേദങ്ങൾ മറികടന്ന്, തലമുറകളിലൂടെ സ്മരിക്കപ്പെടുകയെന്നത് ഒരു ജൻമാന്തര ബന്ധത്തിന്റെ ഒരിക്കലും മുറിച്ച് മാറ്റാൻ കഴിയാത്ത പൊക്കിൾക്കൊടി ബന്ധമായി പരിണമിക്കുന്നതും നമുക്ക് കാണാനാവും.
വിശുദ്ധമായ സ്നേഹവും ആദരങ്ങളും , ആത്മീയതയുടെ ധന്യത കൈവരിക്കുമ്പോഴാണ് ദിവ്യമായ ആ സ്നേഹാനുഭൂതി നമ്മെ ആവരണം ചെയ്യുന്നത്.
എം.മുകുന്ദൻ പലപ്പോഴും പറയാറുണ്ട്. മയ്യഴിക്കൊരു ആകാശമുണ്ട്. മയ്യഴിക്ക് മാത്രമായൊരു വിശ്വാസ പ്രമാണവുമുണ്ട്. മയ്യഴിക്ക് മാത്രമായൊരു സംസ്കൃതിയുമുണ്ട്.
അതെ..നാടാകെ പൂർവ്വഗാമികളെ അനുസ്മരിക്കുമ്പോൾ , മയ്യഴി വ്യതിരിക്തമായ അതിന്റെ വിശ്വാസ പ്രമാണങ്ങളെ ഇന്നും നെഞ്ചോട് ചേർത്ത് വെക്കുന്നു..
മയ്യഴി തീരത്തു നിന്നും 40 കി.മി. അകലെ ആഴക്കടലിൽ പരന്ന് കിടക്കുന്ന, അകലെ നിന്ന് നോക്കിയാൽ കണ്ണീർ ക്കണങ്ങൾ പോലെ തോന്നിപ്പിക്കുന്ന ,വെള്ളിയാങ്കല്ല്, മയ്യഴിക്കാരുടെ ജൻമാന്തര മിത്താണ്. ജൻമാന്തരങ്ങൾക്കിടയിലെ വിശ്രമസ്ഥലമായ വെള്ളിയാങ്കല്ലിൽ നിന്ന് പറന്ന് വന്ന ഒരു തുമ്പിയെപ്പോലെയാണ് എം.മുകുന്ദന്റ വിഖ്യാത നോവലായ മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസന്റെ പിറവി പോലും.
ഇവിടെ തലമുറകളുടെ പൈതൃക വിശുദ്ധിയെ വിശ്വാസ പ്രമാണങ്ങളിൽ കോർത്ത് വെച്ച് പുഷ്പമാല്യമർപ്പിക്കുകയാണ് പിൻതലമുറക്കാർ. പൂർവ്വികർ പകർന്നേകിയ സ്നേഹസൗമനസ്യങ്ങളെ, കടപ്പാടുകളുടേയും ആദരങ്ങളുടേയും നൈരന്തര്യമൊരുക്കി തിരിച്ചേകുകയാണ് പിൻമുറക്കാർ.
അറ്റുപോകാത്ത രക്തബന്ധങ്ങളുടെ തീഷ്ണമായ സ്മരണകളിൽ, ,ഋതുഭേദങ്ങൾ മറികടന്ന് ഒരുവട്ടം കൂടി കർക്കിടക വാവ് കടന്നു വരികയാണ്. നൂറ്റാണ്ടുകളായി, മരണപ്പെട്ട

മയ്യഴിക്കാരുടെ ആത്മാവുകൾ അന്ത്യവിശ്രമം കൊള്ളുന്ന ഇടമാണത്.
വെള്ളിയാങ്കല്ലിൽ അന്ന് അരിയുണ്ടകൾ തർപ്പണം ചെയ്യും.
മയ്യഴി തീരത്തെ മൂന്ന് കുറുംബ ഭഗവതി ക്ഷേത്രങ്ങളുടെ ആരൂഢം കൂടിയാണിവിടം.
ഗുരുവിന്റെ നിത്യ സ്മരണകൾ തലമുറകളെ ഉണർത്തുന്ന തലശ്ശേരി ശ്രീ ജഗന്നാഥ സവിധവും, മഞ്ചക്കലിലെ മയ്യഴി പുഴയോരത്തെ പാറക്കുട്ടങ്ങളും, കർക്കിടക വാവിന്റെ ബലിതർപ്പണ പുണ്യം നുകർന്ന ഭൂമികയാണ് '
പതിനായിരങ്ങൾ ബലിതർപ്പണത്തിനെത്തുന്ന ഈ ചരിത്രഭുമി' പിതൃമോക്ഷ പൂജാദികർമ്മങ്ങളിൽ ആമന്ത്രണം ചെയ്ത മനസ്സുമായി ആയിരങ്ങൾ പിതാമഹൻമാർക്ക് പിൻതലമുറയുടെ ആദര തർപ്പണം നടത്തുകയാണ്..
ജഗന്നാഥ ക്ഷേത്രത്തിന്റെ ആദ്യകാലങ്ങളിൽ തന്നെ പിതൃതർപ്പണ ക്രിയകൾ നടത്തിവന്നതായി 1958ൽ പ്രസിദ്ധീകരിച്ച അർദ്ധശതാബ്ദി സുവനീറിൽ രേഖപ്പെടുത്തിയതായി കാണുന്നുണ്ട്.
പിൽക്കാലത്ത് ഇവിടുത്തെ ബലിതർപ്പണം ഉത്തരകേരളത്തിലെ തന്നെ ശ്രദ്ധേയമായ ചടങ്ങായി മാറുകയായിരുന്നു.
ഗുരുവിന്റെ കാലത്ത് തന്നെ പുരാതനമായ വർക്കല പാപനാശത്തിൽ പിതൃതർപ്പണം നടത്തിവന്നിരുന്നു.
സമൂഹത്തിലെ അടിത്തട്ടിലുള്ളവർക്ക് ആത്മാഭിമാനത്തോടെ ചടങ്ങിൽ പങ്കെടുക്കാനുള്ള സാഹചര്യമൊരുക്കിയാണ് അന്ന് ശിവഗിരിയിലും ബലിതർപ്പണ ചടങ്ങുകൾക്ക് തുടക്കമിട്ടതെന്ന് പ്രമുഖ ശ്രീനാരായണീയനും ഗ്രന്ഥകാരനുമായ ടി.വി.വസുമിത്രൻ എഞ്ചിനീയർ പറഞ്ഞു.
ആലുവ അദ്വൈതാശ്രമ പരിസരത്തെ ബലിതർപ്പണവും ഏറെ പ്രസിദ്ധമാണ്. അതിന് മുമ്പ് ആലുവാമണപ്പുറത്ത് മാത്രമായിരുന്നു ബലിതർപ്പണം നടന്നിരുന്നത്.
ഗുരു ആദ്യ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറത്ത് അക്കാലത്ത് നിലനിന്ന വാവൂട്ട് സഭയാണ് പിന്നീട് ശ്രീ നാരായണ ധർമ്മ പരിപാലന യോഗമായി മാറിയത്.വാവൂട്ടിന് എത്ര മാത്രം പ്രാധാന്യം നൽകിയിരുന്നുവെന്നതിന് തെളിവാണിതെന്ന് ജഗന്നാഥ ക്ഷേത്രത്തിലെ വിനു ശാന്തി പറയുന്നു.ഗുരുമന്ദിരങ്ങളിലും, ഗുരു സങ്കേതങ്ങളിൽ പോലും ബലിതർപ്പണം വർദ്ധിതമായ നിലയിൽ നടന്നു വരുന്നതും, പുതു തലമുറയിൽപ്പോലും ഇതിന്റെ സ്വാധീനം ഏറി വരുന്നതും, ഭാരതത്തിന്റെ ഉദാത്തമായ പിതൃ ഭക്തിയും, പുത്രധർമ്മത്തെക്കുറിച്ചുള്ള ബോദ്ധ്യവും കൊണ്ടാണെന്ന് വിനു ശാന്തി പറഞ്ഞു. ഇക്കാര്യം എഴുത്തച്ഛന്റെ രാമായണ കാവ്യത്തിൽ അടിവരയിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊറ്റിയത്ത് രാമുണ്ണി വക്കീൽ തന്നെയാണ് തലശ്ശേരിയിൽ വാവുബലിക്കും നേത്യത്വം നൽകിയത്.
ഗുരുവിന്റെ പാദസ്പർശമേറ്റ, തലശ്ശേരിയിലെ രണ്ടാമത്തെ ശ്രീ നാരായണമഠം സ്ഥിതി ചെയ്യുന്ന കേന്ദ്ര ഭരണ പ്രദേശമായ മയ്യഴിപ്പുഴയോരത്തെ മനോഹരമായ മഞ്ചക്കൽ പാറപ്രദേശത്തും അനേകർ അമാവാസി ശ്രാദ്ധം നടത്തിവരാറുണ്ട്. ആചാരങ്ങൾക്കുമപ്പുറം, പൂർവ്വഗാമികളെ ഓർക്കാനും, ഗതകാല മൂല്യങ്ങൾ സംരക്ഷിക്കപ്പെടാനും കൂടിയാണ് ഈ ചടങ്ങ് കൊണ്ട് ഉദ്ദേശിക്കുന്നത്.
ശ്രീ നാരായണ ഗുരുവിനെ നേരിൽ കാണാൻ ഭാഗ്യമുണ്ടായ പരേതനായ പാലേരി ദാമോധരൻ മാസ്റ്റരാണ് മഞ്ചക്കൽ ശ്രീനാരായണ മഠത്തിന്റെ ഒരു കാലത്തെ ചാലകശക്തിയായിരുന്നത്.
തലശ്ശേരി മേഖലയിലെ രണ്ടാമത്തെ ശ്രീ നാരായണമഠമാണ് മയ്യഴിയിൽ സ്ഥാപിതമായത്. മയ്യഴിയുടെ അതിവ സുന്ദരമായ കിഴക്കൻ അതിർത്തിയിലെ ചെറുകുന്നിൽ താഴ്വാരത്തുള്ള മഠത്തിന് കീഴെ പാറക്കൂട്ടങ്ങളും കടന്ന് മയ്യഴിപ്പുഴയോരത്ത് വെച്ചാണ് ബലിതർപ്പണം നടത്തുക.
ശ്രീ നാരായണ ഗുരുവിന്റെ മയ്യഴി സന്ദർശനവേളയിൽ ഗുരു ഏറെ നേരം വിശ്രമിച്ച ഇടം കൂടിയാണിത്.
ഠവും
.jpg)
പിതൃസ്മരണയെക്കുറിച്ച് ശ്രീനാരായണ ധർമ്മം എന്ന കൃതിയിൽ
വ്യക്തമായി നിർവ്വചിച്ചത് കാണാം. മരിച്ച ആളിനെ ഉദ്ദേശിച്ച് അടുത്ത ആളുകൾ ഒത്തുചേർന്ന് പത്ത് ദിവസം പ്രഭാതത്തിൽ കുളിയും മറ്റും കഴിഞ്ഞ് ഈശ്വരനെ വിശ്വാസാനുസരണംപ്രാർത്ഥിക്കണം. ഉറ്റവർ മരണാനന്തര ചടങ്ങുകൾക്കായി പണം അമിതമായി ചിലവഴിക്കാൻപാടുള്ളതല്ല.
ഈ ദിവസങ്ങളിൽ സുഗന്ധദ്രവ്യങ്ങളുംമറ്റും കൂടുതലായി വാങ്ങുന്നതും ശരിയല്ല.
പിതാവിന്റെ പിണ്ഡ ക്രിയ പുത്രൻ ചെയ്യണം. പുത്രനില്ലാതെ വന്നാൽ പുത്രന്റെ പുത്രൻ ചെയ്യണം.
അവന്റെ അഭാവത്തിൽ സഹോദരൻ അഥവാ സഹോദര പുത്രൻ ചെയ്യണം. ഇവരാരുമില്ലെങ്കിൽ സഹോദരി പുത്രനും ചെയ്യാവുന്നതാണ്. ഭാര്യ മരിച്ചാൽ ഭർത്താവിനും,, ഭർത്താവ് മരിച്ചാൽ ഭാര്യക്കും പരസ്പരം പിണ്ഡം വെക്കാവു
ന്നതാണ്.
പ്രിയപ്പെട്ടവരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രാർത്ഥനകളോടെ ബലിച്ചോറും തീർത്ഥവും തർപ്പണം നടത്തി പരേതാത്മാക്കളുടെ മോക്ഷ പ്രാപ്തിക്കായി ഹൃദയപൂർവം സമർപ്പിതരാവുന്നവർ, മഹിതമായ ഒരു പാരമ്പര്യത്തിന്റെ ഇങ്ങേത്തലയ്ക്കലെ കണ്ണിയായി മാറുകയാണ്.
ചിത്രവിവരണം:ശ്രീ നാരായണ ഗുരുവി ശ്രമിച്ച മയ്യഴിപ്പുഴയോരത്തെ പാറയും, ചെറുകുന്നിലെ ശ്രീ നാരായണമ


പൊതു വിദ്യാഭ്യാസം സംരക്ഷിക്കണത്തിന് രക്ഷിതാക്കൾ തെരുവിലിറങ്ങി
മാഹി: എല്ലാം ഉണ്ട്, എന്നാൽ ഒന്നുമില്ലെന്ന അവസ്ഥയിലാണ് മയ്യഴി വിദ്യാഭ്യാസ മേഖലയെന്നും, പൊതുവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കേണ്ട സർക്കാർ, ഈ മേഖലയെ തകർക്കുകയാണെന്നും, ഒരു സംസ്ഥാനത്ത് രണ്ട് തരം വിദ്യാഭ്യാസ നയം നടപ്പാക്കുകയാണെന്നും മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു കുറ്റപ്പെടുത്തി. കാൽപാദ പരീക്ഷയെത്തിയിരിക്കെ, പാഠപുസ്തകങ്ങളും, യൂണിഫോമുകളും, അദ്ധ്യാപക നിയമനങ്ങളുമെല്ലാം എങ്ങുമെത്തിയില്ലെന്നും, മയ്യഴി വിദ്യാഭ്യാസ മേഖല നാഥനില്ലാ കളരിയായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാഹിയിലെ സർക്കാർ വിദ്യാലയങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജോ:പി.ടി.എ യുടെ നേതൃത്വത്തിൽ കോരിച്ചൊരിയുന്ന മഴയിൽമാഹി ഗവ.ഹൗസിനു മുന്നിൽ നടന്ന ധർണ്ണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ പി.ടി.എ യുടെ പ്രവർത്തനങ്ങളെ നിരോധിച്ച് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കുക. ഗസ്റ്റ് ലക്ച്ചററായി നിയമിച്ചിരുന്ന 8 ഓളം ടീച്ചർമാർക്ക് പുനർനിയമനം നൽകുക, താത്ക്കാലിക അധ്യാപക നിയമനത്തിലെ അപാകതകൾ പരിഹരിക്കുക, പി.എം ശ്രീ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്കൂളുകളിലും വേണ്ടത്ര അധ്യാപകരെയും ഓഫിസ് സ്റ്റാഫിനെയും നിയമിക്കുക, പാഠപുസ്തകങ്ങളും യൂണിഫോമുകളും ഉടൻ വിതരണം ചെയ്യുക, അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മുൻ സിപ്പൽ മൈതാനത്തു നിന്നും പ്രകടനമായാണ് രക്ഷിതാക്കളും പൊതുവിദ്യാഭ്യാസ പ്രവർത്തകരും ഗവ: ഹൗസിന് മുന്നിലെത്തിയത്..
ജോ:പി.ടി.എ പ്രസിഡണ്ട് സന്ദീവ്.കെ.വി അദ്ധ്യക്ഷത വഹിച്ചു, വിവിധ രാഷ്ട്രീയ / സാംസ്ക്കാരിക സംഘടനാ നേതാക്കളായ കെ.മോഹനൻ, വടക്കൻ ജനാർദ്ദനൻ, സത്യൻ കേളോത്ത്, പി.പി.വിനോദൻ, ഷാജി പിണക്കാട്ട്, കെ.വി.ഹരീന്ദ്രൻ,നളിനി ചാത്തു, കെ.ചിത്രൻ, അനിൽ.സി.പി, സിനി.കെ.എൻ എന്നിവർ സംസാരിച്ചു.
ചിത്രവിവരണം: ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു.
മാഹി ഗവ.ഹൗസിനു മുന്നിൽ ജോ:പി.ടി.എ നടത്തിയ ധർണ്ണാ സമരം ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു.

ഉഴവൂർ വിജയനെ അനുസ്മരിച്ചു
തലശ്ശേരി: എൻ.സി.പി.(എസ്) തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.സി.പി. സംസ്ഥാന പ്രസിഡണ്ടായിരിന്ന ഉഴവൂർ വിജയന്റെ ഓർമ്മ ദിനം ആചരിച്ചു. ചരമദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതന്റെ വേർപാടിൽ അനുശോചനവും രേഖപ്പെടുത്തി. യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് പുരുഷു വരക്കൂൽ അദ്ധ്യക്ഷത വഹിച്ചു, ജില്ലാ പ്രസിഡണ്ട് കെ.സുരേശൻ ഉദ്ഘാടനം ചെയ്യിതു. കെ.വിനയരാജ്, കെ.വി.രജീഷ്, സന്ധ്യാ സുകുമാരൻ, കെ. മുസ്തഫ, വി.എൻ വത്സരാജ്, എം.സുരേഷ് ബാബു, പി.സി. വിനോദ് കുമാർ, രാഗേഷൻ,ആനന്ദൻ എന്നിവർ സംസാരിച്ചു. പി.പ്രസന്നൻ, പി.വി.രമേശൻ, രജിന പ്രവീൺ നേതൃത്വം നൽകി.
ചിത്രവിവരണം: ഉഴവൂർ വിജയൻ്റെ ഛായാപടത്തിൽ പുഷ്പാർച്ചന നടത്തുന്നു.

കെ എസ് യു കൊടിമരം നശിപ്പിച്ചവർക്കെതിരെ നടപടിയില്ല ;
പ്രിൻസിപ്പലിനെ ഉപരോധിച്ചു
തലശ്ശേരി:കെ എസ് യു കൊടിമരം നശിപ്പിച്ച എസ് എഫ് ഐ പ്രവർത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നാരോപിച്ച് ഗവൺമെന്റ് ബ്രണ്ണൻ കോളേജ് പ്രിൻസിപ്പലിനെ ഉപരോധിച്ച് കെ എസ് യു.നിരന്തരം കെ എസ് യു കൊടിമരങ്ങൾ നശിപ്പിക്കുന്ന എസ് എഫ് ഐ സാമൂഹിക വിരുദ്ധരെ വിദ്യാർത്ഥി സമൂഹം തിരിച്ചറിയണമെന്നും, ജനാധിപത്യം നിലനിർത്താനുള്ള പോരാട്ടങ്ങൾക്ക് ഏതറ്റം വരെ പോകാനും കെ എസ് യു തയ്യാറാണെന്നും കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ പറഞ്ഞു.സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഉപരോധം അവസാനിപ്പിച്ചത്.കെ എസ് യു ധർമ്മടം ബ്ലോക്ക് പ്രസിഡന്റ് വൈഷ്ണവ് കായലോട്, ബ്രണ്ണൻ കോളേജ് യൂണിറ്റ് പ്രസിഡന്റ് ഖദീജ ഹനാൻ, വൈസ് പ്രസിഡന്റ് ദിയ പി,വിശ്വജിത്ത് ധർമ്മടം, ആദിൽ പാച്ചപ്പൊയ്ക, ആര്യശ്രീ, ടാനിയ എന്നിവർ നേതൃത്വം നൽകി.
പ്രിൻസിപ്പലിനെതിരെ കെ.എസ് യു.പ്രവർത്തകർ ഉപരോധം നടത്തുന്നു.

സംഗീത് സാഗർ,ഇമ്രാൻ
അഷ്റഫ്,അമോൽ പ്രദീപ്
കേരള ടീമിൽ
തലശ്ശേരി:ജൂലൈ 24 മുതൽ പോണ്ടിച്ചേരിയിൽ ആരംഭിക്കുന്ന 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഇൻറർ സ്റ്റേറ്റ് വാം അപ്പ് മൽസരങ്ങൾക്കുള്ള കേരള ടീമിലേക്ക് കണ്ണൂർക്കാരായ സംഗീത് സാഗർ,ഇമ്രാൻ അഷ്റഫ്,അമോൽ പ്രദീപ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു
ഓപ്പണിങ്ങ് ബാറ്റ്സ്മാനായ സംഗീത് സാഗർ കഴിഞ്ഞ വർഷം 19 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ബി സി സി ഐ കുച്ച് ബെഹാർ ട്രോഫിയ്ക്ക് വേണ്ടിയുള്ള കേരള ടീമിലും 2022-23 സീസണിൽ ബിസിസിഐ യുടെ 16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിജയ് മർച്ചന്റ് ട്രോഫിയിലും കേരള ടീമംഗമായിരുന്നു .ആ ടൂർണമെന്റിൽ മണിപ്പൂരിനെതിരെ 170 റൺസും വിദർഭയ്ക്കെതിരെ 132 റൺസുമെടുത്ത് തിളക്കമാർന്ന പ്രകടനം കാഴ്ച വച്ചിരുന്നു . തലശ്ശേരി ബികെ 55 ക്രിക്കറ്റ് ക്ലബ്ബ് താരമായ സംഗീത് സാഗർ 2023 ൽ രാജസ്ഥാൻ റോയൽസ് ജൂനിയർ ടീം പരിശീലന ക്യാമ്പിലേക്കും നാഷണൽ ക്രിക്കറ്റ് അക്കാദമി ക്യാമ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.19 വയസ്സിന് താഴെയുള്ള അന്തർ ജില്ല ടൂർണ്ണമെൻറിൽ കോഴിക്കോടിനെതിരെ 103 റൺസെടുത്തു.തലശ്ശേരി കോട്ടയം പൊയിൽ എടത്തിൽ ഹൗസിൽ വി.ഗിരീഷ് കുമാറിൻറേയും കെ കെ ഷിജിനയുടേയും മകനാണ്.
ടോപ് ഓർഡർ ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ ഇമ്രാൻ അഷ്റഫ് അണ്ടർ 16 കേരള ടീമംഗമായിരുന്നു. തലശ്ശേരി ബി കെ 55 ക്രിക്കറ്റ് ക്ലബ്ബ് താരമായ ഇമ്രാൻ വിവിധ വിഭാഗങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ചിട്ടുണ്ട് . 19 വയസ്സിന് താഴെയുള്ള അന്തർ ജില്ല ടൂർണ്ണമെൻറിൽ മലപ്പുറത്തിനെതിരെ 101 റൺസെടുത്തു.
കണ്ണൂർ എട്ടിക്കുളം മൊട്ടക്കുന്ന് എൻ എം സി ഹൗസിൽ മുഹമ്മദ് അഷ്റഫിൻറേയും സെലീന എൻ എം സിയുടേയും മകനായ ഇമ്രാൻ അഷ്റഫ് പതിനൊന്നാം ക്ലാസ് ഓപൺ സ്കൂൾ വിദ്യാർത്ഥിയാണ്.

ഇതാദ്യമായാണ് അമോൽ പ്രദീപ് കേരള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.അന്തർജില്ലാ ടൂർണ്ണമെൻറിലെ മികച്ച പ്രകടനമാണ് ഇതിന് വഴി ഒരുക്കിയത്.19 വയസ്സിന് താഴെയുള്ള അന്തർ ജില്ല ടൂർണ്ണമെൻറിൽ വയനാടിനെതിരെ 118 റൺസും കാസർകോടിനെതിരെ 88 റൺസുമെടുത്തു.

വലം കൈയ്യൻ മധ്യനിര ബാറ്ററും വലം കൈയ്യൻ ഓഫ് സ്പിന്നറുമായ അമോൽ പ്രദീപ് തലശ്ശേരി കോസ്മോസ് ക്രിക്കറ്റ് ക്ലബ്ബ് താരമാണ്.കണ്ണൂർ തളിപ്പറമ്പ് പാലക്കുളങ്ങരയിൽ താരങ്കണം വീട്ടിൽ വി എം പ്രദീപിൻറേയും വി എം സവിത കുമാരിയുടേയും മകനായ അമോൽ പ്രദീപ് പന്ത്രണ്ടാം ക്ലാസ് ഓപൺ സ്കൂൾ വിദ്യാർത്ഥിയാണ്.
പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
മാഹി:മാഹിയിലെ ഭരണകക്ഷി പ്രവർത്തകൻ വളവിൽ സുധാകരനെ പട്ടാപ്പകൽ നഗരഹൃദയത്തിൽ വെച്ച് ക്വട്ടേഷൻ മുഖം മൂടിസംഘം വാഹനത്തിലെത്തി ക്രൂരമായി
ആക്രമിച്ചവരെ മുഴുവൻ
നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, ഇതിൻ്റെ പിന്നിൽ ഗൂഢാലോചന നടത്തിയവരെയടക്കം വിലങ്ങ് വെക്കണമെന്നും ആവശ്യപ്പെട്ട്
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹിയിൽ പ്രകടനവും പൊതുയോഗവും നടത്തി.
ഇ. വത്സരാജ് സിൽവർ ജൂബിലി ഹാളിന് സമീപം കെ മോഹനന്റെ അധ്യക്ഷതയിൽ നടത്തിയ പൊതുയോഗത്തിൽ
കോഴിക്കോട് ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി സഹീർ കാന്തിലാട്ട് ഉദ്ഘാടനം ചെയ്തു.
സത്യൻകേളോത്ത് ,ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി മെമ്പർ രഞ്ജിത്ത് കണ്ണോത്ത്, പി. പി. വിനോദൻ, പി.പി.ആശാലത, കെ. സുരേഷ്,ശ്യംജിത്ത് പാറക്കൽ സംസാരിച്ചു.
മാഹി മൈതാനത്ത് നിന്നും തുടങ്ങിയ പ്രതിഷേധ പ്രകടനത്തിന് അജയൻ പൂഴിയിൽ, ശ്രീജേഷ് പള്ളൂർ,നളിനി ചാത്തു,അലി അക്ബർ ഹാഷിം, കെ പി രജിലേഷ്, ശ്രീജേഷ് വളവിൽ, അൻസിൽ അരവിന്ദ് ,മുഹമ്മദ് സർഫാസ് നേതൃത്വം നൽകി.
ചിത്രവിവരണം:കോഴിക്കോട് ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി സഹീർ കാന്തിലാട്ട് ഉദ്ഘാടനം ചെയ്യുന്നു

വി.എസിന് അഴിയൂരിൻ്റെ അനുശോചനം
മാഹി: വി.എസ് അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് സി.പി.എം. അഴിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി മൗന ജാഥയും, അനുശോചന യോഗവും നടത്തി.അഴിയൂർ സെൻട്രൽ എൽ.പി സ്കൂളിൽ വെച്ച് നടന്ന അനുശോചന യോഗത്തിൽ കെ.പി.പ്രീജിത്ത് കുമാർ,ടി.കെ. ജയരാജൻ,പി.ശ്രീധരൻ, പത്മനാഭൻ,ഇസ്മായിൽ, ബവിത്ത്,രാജൻ മാസ്റ്റർ,കെ. പി.പ്രമോദ്,മുബാസ് കല്ലേരി, നിസാർ,വി.പി.അനിൽകുമാർ രമ്യ കരോടി,സുജിത്ത് മാസ്റ്റർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group