വി.എസ്. ; വിപ്ലവകാരിയുടെ ചുരുക്കപ്പേര്... :ചാലക്കര പുരുഷു

വി.എസ്. ; വിപ്ലവകാരിയുടെ ചുരുക്കപ്പേര്... :ചാലക്കര പുരുഷു
വി.എസ്. ; വിപ്ലവകാരിയുടെ ചുരുക്കപ്പേര്... :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Jul 21, 07:14 PM
mannan

വി.എസ്. ; വിപ്ലവകാരിയുടെ ചുരുക്കപ്പേര്...

:ചാലക്കര പുരുഷു


കേരളരാഷ്ട്രീയ നഭോമണ്‌ഡലത്തിൽ ചുവപ്പ് രാശി വീഴ്ത്തിയ പുന്നപ്ര - വയലാർ സമരത്തിൻ്റെ പടനായകൻ. കൊടുങ്കാറ്റിന്റെ ശബ്‌ദവേഗങ്ങളെ അന്തരാത്മാവിൽ സമ ന്വയിപ്പിച്ച കമ്മ്യൂണിസ്റ്റ് വിപ്ലവകാരി, വെടിയുണ്ടകാളാലും ബയണറ്റുകളാലും നെഞ്ചിൻകൂട് തകർക്കപ്പെട്ട് ധീരരക്ത സാക്ഷിത്വം വരിച്ച രണധീരന്മാരുടെ നെടുവീർപ്പുയർന്ന്, കരിങ്കല്ല് പൊട്ടുന്ന കുരുതിത്തറകൾ ...ആ രണധീരതയുടെ വീരപുളകങ്ങളോടെ, നൂറ്‌മേനി വിളഞ്ഞ പോരാട്ട കരു ത്തോടെ സഖാവ് വി.എസ്. അച്ചുതാന്ദൻ.


എത്രയെത്ര പോരാട്ടങ്ങൾ... രണഭൂമികൾ. കൊടിയമർദ്ദനങ്ങൾ... കൽത്തുറുങ്കുകൾ... കാലത്തിൻ്റെ പരീക്ഷണങ്ങളെ, ഉരുക്കിയെടുത്ത മാർക്‌സിസം- ലെനിനിസത്തിൻ്റെ ദാർശനിക ലാവയിൽ സ്‌ഫുടം ചെയ്‌ത്‌, പോരാട്ട ഭൂമികളിൽ ധീരനായ ഈ പടനായകൻ ഇന്നും തലയെടുപ്പോടെ, നെഞ്ചൂക്കോടെ ജനലക്ഷങ്ങൾക്ക് മുന്നിലുണ്ട്. തന്റെ വിശ്വാസപ്രമാണങ്ങളെ നെഞ്ചോട് ചേർത്ത് വെച്ച്, തനിക്ക് സത്യമെന്ന് ബോധ്യപ്പെട്ട കാര്യങ്ങൾ ഏത് കുന്നിൻ മുകളിൽ കയറിയും വിളിച്ചുപറയാൻ ചങ്കുറപ്പ് കാട്ടുന്ന ഈ വിപ്ലവകാരി ഫെഡറൽ കാസ്ട്രോവിൻ്റെയും, ചെഗുവേരയുടെയും, ജൂലിയസ് ഫ്യൂചിക്കിന്റേയും വിപ്ലവ പരമ്പരയിലെ നേരവകാശി തന്നെ. അക്ഷരാർത്ഥത്തിൽ തന്നെ നെഞ്ചുരഞ്ഞു പോരാടിയതിന്റെ, ദേഹം നിറയുന്ന സമരവടുക്കളുമായി സഖാവ് വി.എസ്. ജീവിതാന്ത്യം വരെ രാഷ്ട്രീയ കേരളത്തിൻ്റെ മനസ്സുകളിൽ വിപ്ലവത്തിന്റെ അഗ്നി കോരിയിടുന്ന അജയ്യനായ പടനായകൻ തന്നെ. സഹനങ്ങളിലൂ ടെ, സമരങ്ങളിലൂടെ, ആക്ഷേപഹാസ്യത്തിൻ്റെ മൂർച്ചയേറിയ പ്രസംഗ ശരങ്ങളിലൂടെ, എതിർപ്പുകളുടെ ഏത് മലവെള്ളപ്പാച്ചിലുകൾക്കു മുന്നിലും, അടിപതറാത്ത ചുവടുകളും,പിഴയ്ക്കാത്ത ബുദ്ധികൂർമ്മതയുമായി സഖാവ് വി.എസ്. കമ്മ്യൂണിസ്റ്റ് ചിന്തകളെ താലോലിക്കുന്ന ജനലക്ഷങ്ങളുടെ വീരനായകനായി മാറിയത് സ്വാഭാവികം.


കേരളീയചരിത്രത്തിന് ചുടുചോരയുടെ നിറവും ഗന്ധവും പകർന്ന പുന്നപ്ര- വയലാർ സമരത്തെ തുടർന്ന് കൊടിയ പൊലീസ് മർദ്ദനത്തിനിരയായ വി.എസിൻ്റെ കാൽപാദത്തിൽ ബയണറ്റ് കുത്തിയിറക്കിയ മുറിപ്പാട് ഇപ്പോഴും ഒരു ഓർമ്മ കരുത്തായി നിലനിൽക്കുന്നു. എളിമയും ലാളിത്യവുമാർന്ന ധന്യജീ വിതം, നെറികേടുകൾക്കും, സാമൂഹ്യനീതികൾക്കുമെതിരെയുള്ള സന്ധിയില്ലാത്ത പോരാട്ടത്തിൻ്റെ പെരുമ. പ്രഗൽഭനായ പാർലി മെൻ്റേറിയൻ, ജനകീയവും തൻ്റേതും മാത്രവുമായ ശൈലിയിൽ ആയിരങ്ങളെ പിടിച്ചു നിർത്തുന്ന പ്രസംഗപാടവം, കക്കാത്ത, കളവ് പറയാത്ത പഴയ മുല്യങ്ങളുടെ കാവൽക്കാരനെന്ന് എതി രാളികൾപ്പോലും സമ്മതിക്കുന്ന വ്യക്തിപ്രഭാവം. വി.എസ്സിന് എത്രയെത്ര വിശേഷണങ്ങൾ... ത്യാഗസുരഭിലമായ പ്രവർത്തന പാരമ്പര്യത്തിന്റെ അഭിമാനകരമായ ചരിത്രം മാത്രമേ വി.എസ്സിനുള്ളു.


തികച്ചും വിനായനിതനായി, എന്നാൽ നെഞ്ചുയർത്തി, ശിരസ്സുയർത്തിയുള്ള വി.എസ്സിൻ്റെ അക്ഷീണമായ യാത്രകൾ... വയലാർ കവിതയെ സാക്ഷിനിർത്തി മലയാള മനസ്സ് പല കുറി ചോദിച്ചിട്ടുണ്ട് -. "തടുത്തുനിർത്താനാരുണ്ടിതിനെ പിടിച്ചുകെട്ടാനാരുണ്ട് ?'


ജന്മിനാടുവാഴിത്തം വിതച്ച കെടുതികൾക്കെതിരെ, സർ. സി.പി.യുടെ കിരാതവാഴ്‌ചക്കെതിരെ, കർഷകർ ആയുധമെടുത്ത് പോരാടിയ മണ്ണിലാണ് വി.എസ്സ്. കമ്മ്യൂണിസത്തിന്റെ വിത്ത് വിതച്ചത്. പച്ച മനുഷ്യൻ്റെ സംസാരവും പെരുമാറ്റവുമായി മഹത്വത്തിന്റെ ആഢ്യതലങ്ങളിലേക്കുയർന്ന പോരാളിയായി പിന്നിട്ട എട്ട് ദശകങ്ങളിലായി സഖാവ് കേരളക്കരയുടെ മുക്കിലും മൂലയിലുമുണ്ടായിരുന്നു.. കമ്മ്യൂണിസ്റ്റ് സഹയാത്രികനിൽ തുടങ്ങി പൊളിറ്റ് ബ്യൂറോയിലെ ശക്തി ചൈതന്യമായി വളർന്ന സഖാവ് വി.എസ്സ്. കമ്മ്യൂണിസത്തെ താലോലിക്കുന്ന ജനലക്ഷങ്ങളുടെ മനസ്സുകളിൽ നറുനിലാവാണ് ചോരയിലെഴുതിയ നിലാവ്. ഫലിതങ്ങളെപ്പോലും മൂർച്ചയേറിയ ആയുധമാക്കാനുള്ള സിദ്ധിവൈഭവം സ്വായത്തമാക്കിയ വി.എസ്സിന് അധികാരത്തെയും, അധികാരത്തിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടവരുടെ വേദനയെയും കൂട്ടിയോജിപ്പിക്കുന്ന മാന്ത്രികശക്തിയുണ്ട്. കലുഷമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്ന് വി.എസ്സ്. വീണ്ടെടുത്ത് മലയാളിക്ക് നൽകുന്നത് മനുഷ്യമുഖമുള്ള രാഷ്ട്രീയ കല്‌പനകളുടെ ശരിമയാർന്ന ദിശാബോധമാണ്.


കുട്ടനാട്ടിലെ പീഢിതരായ അടിമ സമാനമായ തൊഴിലാളികളേയും കർഷകരേയും പഴയ ജന്മി- മാടമ്പി വർഗ്ഗ ത്തിന്റെ തമോഗർത്തത്തിൽ നിന്ന് മോചിപ്പിക്കാൻ സഖാവ് പി.കൃഷ്‌ണപ്പിള്ള വിനിയോഗിച്ചത് സമർത്ഥനായ സംഘാ ടകനായ സഖാവ് വി.എസ്സ്. അച്ചുതാനന്ദനെയായിരുന്നു. കുട്ടനാട്ടിലെ ജന്മിമാരുടെ കള്ളപ്പറ എന്നന്നേക്കുമായി തട്ടിതെറിപ്പിക്കുകയും, കർഷകതൊഴിലാളികൾക്ക് ന്യായമായ നെല്ല്കൂലി ജന്മിമാരിൽ നിന്നും എഴുതി വാങ്ങിക്കുകയും ചെയ്‌തതോടെയാണ് കേരളത്തിലെ കർഷകപോരാ ട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ആലപ്പുഴയിലെ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള കയർ ഫാക്‌ടറികളിലെ തൊഴിലാളികളെ കൃഷ്ണപ്പിള്ളയോടൊപ്പം സംഘടിപ്പിച്ച് സമരസജ്ജരാക്കാൻ കഴിഞ്ഞ വി.എസ്സിന് പിൽക്കാലത്ത് കേരളത്തിലെമ്പാടും ഒട്ടേറെ ഐതിഹാസികമായ പോരാട്ടങ്ങൾക്ക് നെടുനായകത്വം വഹിക്കാനായി. കുട്ടനാട്ടിലും, പുന്നപ്രയിലും, വയലാറിലും തന്നോടൊപ്പം തോളോട് തോൾ ചേർന്ന് പോരാടിയ നൂറുകണക്കിന് ധീരയോദ്ധാക്കളെ വെടിവെച്ചു കൊല്ലുകയും ലോക്കപ്പുകളിൽ തല്ലി ചതയ്ക്കുകയും ചെയ്‌തപ്പോഴും, തളരാത്ത മനസ്സുമായി ജന്മിത്വത്തിനെതിരെ പോരാട്ടം അഭംഗുരം തുടരുകയായിരുന്നു. ലക്ഷകണക്കിന് ഭൂരഹിതരായ കർഷക തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് ഭൂപരിഷ്ക്കരണ നിയമത്തിനായി സംഘടിപ്പിച്ച കർഷകപോരാട്ടങ്ങൾ കേരള രാഷ്ട്രീയത്തിൽ നൂതനാദ്ധ്യായങ്ങളാണ് വിരചിച്ചത്. ആധുനിക കാലഘട്ടത്തിൽ ജനകീയാസൂത്രണത്തിലൂടെ വികസനഭൂപടത്തിൽ കേരളത്തെ ഏറെ മുന്നിലേത്തിക്കാൻ ഇതിന്റെ പ്രധാന സൂത്രധാരനും പ്രയോക്താവുമെന്ന നിലയിൽ വി.എസ്സിന് കഴിഞ്ഞു. മൂല്യാധിഷ്‌ഠിത രാഷ്ട്രീയത്തെ മുറുകെ പിടിക്കുന്ന വി.എസ്സിൻ്റെ പോരാട്ടങ്ങൾ പതിനായിരങ്ങളുടെ മനസ്സുകളിൽ വിപ്ലവത്തിന്റെ തീക്കനലുകൾ കോരിയിടുകയാണ്...



ചിത്രവിവരണം: കൂത്ത്പറമ്പ് വെടിവെപ്പിലെ ധീര പോരാളി പുഷ്പനെ ചൊക്ലി മേനപ്രത്തെ വീട്ടിലെത്തി സന്ദർശിക്കുന്നു.

https://www.youtube.com/shorts/79zTuNfadhY

pushpan

 ചൊക്ലിയുടെ കരളിൽ

കനലേറ്റിയ വിപ്ലവ ജ്വാല

:ചാലക്കര പുരുഷു


കണ്ണൂർ ജില്ലയിൽ വി എസ് എന്നും വരാനും, ഇടപഴകാനുമാഗ്രഹിച്ച ഇടങ്ങളിലൊന്ന് ചൊക്ലിയായിരുന്നു.

അത്രമേൽ ഈ രണനായകന് ഈ മണ്ണും, മനുഷ്യരുമായി ബന്ധമുണ്ടായിരുന്നു.

 ഒരു പാർട്ടി സഖാവിന് തൻ്റെ പ്രസ്ഥാനത്തോടും, പ്രത്യയശാസ്ത്രത്തോടും എത്രമേൽ ആത്മബന്ധവും, പ്രതിബദ്ധതയുമുണ്ടായിരിക്കണമെന്ന് പലപ്പോഴും പല വേദികളിൽ വെച്ചും വിഎസ്. ഓർമ്മിപ്പിക്കാറുണ്ട്. മാറിയ കാലത്തും മാറാത്ത മനസ്സുമായി ജീവിക്കുന്ന, കമ്മ്യൂണിസത്തിൽ തെല്ലു പോലും വെള്ളം ചേർക്കാനാഗ്രഹിക്കാത്ത ഒരു വലിയ ജനവിഭാഗത്തെ സഖാവ് ചൊക്ലിയിൽ ദർശിച്ചിരിക്കാം .

ഉദാത്തനായ മനുഷ്യസ്നേഹിയായിരിക്കണം ഒരു കമ്മ്യൂണിസ്റ്റ് എന്ന സംഘടനാ ബോധം ഇന്നും നെഞ്ചോട് ചേർത്ത് പിടിക്കുന്ന ത്യാഗധനരായ ഒരുപാട് കമ്മ്യൂണിസ്റ്റുകാരെ വി.എസിന് ചൊക്ലിയിൽ കാണാനായി.

ചൊക്ലിയിലും പരിസരങ്ങളിലും പ്രത്യേകിച്ച് ധീര പോരാളി പുഷ്പൻ്റെ ജൻമനാടായ മേനപ്രത്തും നിരവധി

തവണ വി എസ് വന്നിരുന്നു.

പുഷ്പൻ ഡിസ്ചാർജ് ആയതിന് ശേഷം പഴയ വീട്ടിലുംവന്നിരുന്നു.

അന്ന് റോഡ് ഉണ്ടായി രുന്നില്ല കനത്ത മഴയിൽ ഇടുങ്ങിയ വഴിയിലൂടെ വീടിൻ്റെ പിൻഭാഗത്തു കൂടിയാണ് വന്നിരുന്നത്.

 തിണ്ടിന് മുകളിൽ ഇരു ഭാഗത്തും നിന്നിരുന്ന സ്ത്രീകളടക്കമുള്ളവർ ഇടിമുഴക്കം പോലെ കണ്ണേ, കരളേ വി എസ്സേ എന്ന് മുദ്രാവാക്യം വിളിച്ചതും, ചിലർ ചുവന്ന പുഷ്പങ്ങളും, ഇളനീരുമൊക്കെയായി സഖാവിൻ്റെ മുന്നിലേക്ക് ഊർന്നിറങ്ങിയതും മാധ്യമ പ്രവർത്തകനെന്ന നിലയിൽ ഇന്നലെയെന്നപോൽ ഓർക്കുന്നു.

 പുഷ്പൻ്റ അവസാന നാളുകൾ വരെ വി.എസ്. പുഷ്പൻ്റ ആരോഗ്യനില അന്വേഷിച്ചിരുന്നുവെന്ന് ആത്മ സുഹൃത്ത് ജയേഷ് ഓർക്കുന്നു..

പുഷ്പൻ്റെ വീട്ടിന് സമീപം പണിത കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തതും വി.എസ്. ആയിരുന്നു.

ചൊക്ലി 'ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനത്തിന് വി.എസ്.വന്നപ്പോൾ അത് അക്ഷരാർത്ഥത്തിൽ ഒരു നാട്ടുത്സവമായി മാറിയിരുന്നു.

നടുമ്പ്രത്ത് മുത്തപ്പൻ ബസ്സ് സ്റ്റാൻ്റിന്നടുത്ത് ഒരു ക്ളബ്ബിൻ്റെ ഉദ്ഘാടനത്തിനെത്തിയപ്പോൾ കോരിച്ചൊരിയുന്ന മഴയായിരുന്നു.ചെളി നിറഞ്ഞ നിലത്തിരുന്നാണ് പിഞ്ചു കുട്ടികളും സ്ത്രീകളുമടങ്ങിയ വൻ ജനസഞ്ചയം അന്ന് വി എസിൻ്റെ പ്രസംഗം ശ്രവിച്ചത്.

വി. എസ് മലമ്പുഴയിൽ മത്സരിക്കുമ്പോൾ കെട്ടിവെക്കാനുള്ള തുക നൽകിയത്പുഷ്പനായിരുന്നു..

കൂത്തുപറമ്പ് രക്തസാക്ഷികളുടെ ആശ്രിതർക്ക് ജോലി കൊടുത്തത് പുഷ്പൻ വി.എസിന് നൽകിയ നിവേദനത്തിലായിരുന്നു.

ആ നിവേദനം തിരുവനന്തപുരത്ത് കൊണ്ടുപോയിവി എസിന് കൈമാറിയത്അനുജൻ പ്രകാശനും ആത്മമിത്രംടി.ജയേഷുമായിരുന്നു.

തിങ്കളാഴ്ച കൊടുത്ത നിവേദനത്തിൽ തീരു മാനമെടുത്തത് കേവലം രണ്ട് ദിവസം കൊണ്ട് ''

ബുധനാഴ്ച കേബിനറ്റ്തിരുമാനമാക്കിക്കഴിഞ്ഞിരുന്നു. അന്ന്ടി.വി .വാർത്ത വന്നത്ഇങ്ങിനെയായിരുന്നു..

'പുഷ്പൻ്റെ ചികിത്സക്ക് അഞ്ചു ലക്ഷം അനുവദിച്ചു , ആശ്രിത നിയമനംപരിഗണനയിൽ'വി. എസിൻ്റ മകൻ

അരുൺ കുമാർ പലപ്പോഴും പുഷ്പനെകാണാനെത്തിയിരുന്നു.

പുഷ്പനോട് അദ്ദേഹത്തിന് പ്രത്യേകവാത്സല്യമായിരുന്നു.കണ്ണൂർ ജില്ലയിൽഅവസാനമായി വന്നതുംമേനപ്രത്താണ്.

ഇ എം എസ്സ് സ്മാരകമന്ദിരത്തിൻ്റെയും പള്ളിപ്രത്ത് ഉമ്മർ സ്മാരക വായനശാല &ഗ്രന്ഥാലയത്തിൻ്റെയും ഉദ്ഘാടനത്തിനായിരുന്നു.

എട്ട് വർഷം മുമ്പ്.2017 ഫിബ്രവരി 16 ന് വി.എസിന് വേണ്ടിയുള്ള ദീർഘകാല കാത്തിരിപ്പിന്നൊടുവിൽ 'വി.എസ്.എത്തിയപ്പോൾ ജനങ്ങൾ ഇളകി മറിയുകയായിരുന്നു.

സഖാവ് പുഷ്പനായിരുന്നു അതേ വായനശാലയുടെ കോൺഫ്രൻസ് ഹാൾ ഉദ്ഘാടനം ചെയ്തത്.

വർഷങ്ങൾക്ക് മുമ്പ് കൂത്ത്പറമ്പ് എം എൽ എ യും മന്ത്രിയുമായിരുന്ന കെ.പി.മോഹനൻ്റെ രണ്ട് മക്കളുടെ വിവാഹത്തിന് വി.എസ്.എത്തി യപ്പോൾ വീടും പരിസരവുമെല്ലാം ജനസാഗരത്തിൽ ചുറ്റപ്പെട്ട് കിടന്നു.ഏറെ പ്രയാസപെട്ടാണ് മണിക്കൂറുകളുടെ തിക്കും തിരക്കും മറികടന്ന് അദ്ദേഹം കാറിൽ കയറി യാത്രയായത്.

ഒരു ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വി.എസ്.തിരുവനന്തപുരം തൊട്ട് കാസർഗോഡ് വരെയുള്ള പ്രചാരണ പര്യടനത്തിലായിരുന്നു. 

വടകരയിൽ നിന്നും തലശ്ശേരിക്ക് പോകും വഴി കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലെ മുൻസിപ്പാൽ മൈതാനത്ത് ഒരു തെരഞ്ഞെടുപ്പ് പൊതുയോ ഗം സംഘടിപ്പിച്ചിരുന്നു. 

കേരളത്തിൽ താൻ നടത്തിയ പ്രസംഗം വീറോടെ മാഹിയിലും അദ്ദേഹം ആവർത്തിച്ചു.

കോൺഗ്രസ്സിനെ അതിനിശിതമായി വിമർശിക്കുന്നതിനിടയിൽ സ്റ്റേജിലിരുന്ന ഒരു നേതാവ് ഒരു കുറിപ്പ് നൽകി. 

"സഖാവേ, മാഹി പുതുച്ചേരിയുടെ ഭാഗമാണ്. അവിടെ കോൺഗ്രസ്സ് സഖ്യത്തോടൊപ്പമാണ് നമ്മൾ " പിന്നെ ഒന്നും ആലോചിച്ചില്ല. വി.എസ്.പറഞ്ഞു.

 "ഇപ്പറഞ്ഞതെല്ലാം മറന്നേക്കൂ". പിറ്റെ ദിവസം വി.എസിൻ്റെ ഈ വാക്കായിരുന്നു പത്രങ്ങൾക്കെല്ലാം തലക്കെട്ടായത്.

നിസ്വാർത്ഥനായ, മനസ്സിൽ ഒന്നും ഒളിച്ചുവെക്കാനാവാത്ത, പറയാനുള്ളത് അപ്രിയ സത്യങ്ങളായാലും അത് ആരുടെ മുഖത്ത് നോക്കിയും വിളിച്ചു പറയാനുള്ള വി.എസിൻ്റ ആർജ്ജവമാണ് സഖാവിനെ ജനലക്ഷങ്ങളുടെ ഹൃദയാന്തരങ്ങളിൽ ഇളകാത്ത പ്രതിഷ്ഠയാക്കി മാറ്റിയത്..

മഴ മേഘങ്ങൾ മൂടിയ തിങ്കളിൻ്റെ നെറുകയിൽ ഉച്ചക്ക് മൂന്നരയോടെ കത്തിയാളുന്ന ഒരു ധ്രുവനക്ഷത്രം കൂടി ഉദിച്ചിരിക്കാം...


shan

നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിക്കുന്നു


ശമ്പള വർദ്ധനവ് നിഷേധിച്ചതിൽ പ്രതിഷേധം


മാഹി :മേഖലയിലെ മുഴുവൻ പെട്രോൾ പമ്പ് ജീവനക്കാർക്കും ശംബള വർദ്ധന ആവശ്യപെട്ട് കൊണ്ട് യൂണിയൻ മാനേജ്മെൻ്റിന് ഡിമാൻ്റ് നോട്ടിസ് നൽകിയിട്ട് നാല് മാസം പിന്നിട്ടിട്ടും,

 ഒരു ചർച്ച പോലും നടത്താൻ മാനേജ്മെൻ്റോ ലേബർഡിപ്പാർട്ട്മെൻ്റൊ തയ്യാറാകാത്തതിൽ

മാഹിറിജിയനൽ പെട്രോളിയം / ഗ്യാസ് വർക്കേഴ്സ് യൂണിയൻ 

(ഐഎൻ റ്റി യു സി ).

 പ്രവർത്തക സമിതി യോഗം ശക്തമായി പ്രതിഷേധിച്ചു. ശംബള വർദ്ധനവ് ഉടനടി നടപ്പില്ലാക്കാത്ത പക്ഷം പെട്രോൾ മേഖല സ്തംഭിപ്പിച്ച് കൊണ്ട് ശക്തമായ പ്രക്ഷോഭപപരിപാടിക്ക് നേതൃത്വം നൽകാൻ യോഗം തീരുമാനിച്ചു '

 കെ മോഹനൻ അദ്യക്ഷത വഹിച്ചു.

കെ സുരേഷ് - കെ രവിന്ദ്രൻ 'ജിതേഷ് വാഴയിൽ , കെ.പവിത്രൻ സംസാരിച്ചു.


രക്ഷിതാക്കളെ മുൻനിർത്തി മാഹി ഗവ: ഹൗസിന് മുന്നിൽ ധർണ്ണാസമരം നാളെ 


മാഹി:മാഹിയിലെ സർക്കാർ വിദ്യാലയങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് ജോയൻ്റ് കൗൺസിൽ ഓഫ് പാരൻ്റ്സ് ടീച്ചേർസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മുഴുവൻ രക്ഷിതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിന് മുന്നിൽ നാളെ ജൂലായ് 23 ന് കാലത്ത് 10 മണിക്ക് ധർണ്ണാ സമരം നടത്തും. പാരൻ്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ പ്രവർത്തനങ്ങളെ നിരോധിച്ച് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കുക.

ഗസ്റ്റ് ലക്ച്ചററായി നിമനം നടത്തിയ 8 ഓളം ടീച്ചർമാർക്ക് പുനർനിയമനം നൽകുക,

താത്ക്കാലിക അധ്യാപക നിയമനത്തിലെ അപാകതകൾ പരിഹരിക്കുക, നിയമനം നടത്തുമ്പോൾ വയസ്സ് ഇളവ് നൽകുക,

പി.എം.ശ്രീ. വിദ്യാലയങ്ങളിലടക്കം എല്ലാ സ്കൂളുകളിലും വേണ്ടത്ര അദ്ധ്യാപകരെയും ഓഫിസ് സ്റ്റാഫിനെയും നിയമിക്കുക, പാഠപുസ്തകങ്ങളും യൂണിഫോമുകളും ഉടൻ വിതരണം ചെയ്യുക,

അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്

ധർണ്ണാ സമരം നടത്തുന്നതെന്ന് ജോ:പി.ടി.എ പ്രസിഡണ്ട് സന്ദീവ് കെ.വി, അനിൽ.സി.പി എന്നിവർ അറിയിച്ചു.


whatsapp-image-2025-07-21-at-18.26.58_00877608

നഴ്സിംഗ് കോളേജ്: സംപ്തബറിൽ ക്ലാസുകൾ ആരംഭിക്കും; ആരോഗ്യ വകുപ്പിലെ നിയമനങ്ങൾ വേഗത്തിലാക്കും


മാഹി:പുതുച്ചേരി സംസ്ഥാന ആരോഗ്യ വകുപ്പ് സയറക്ടറായി പുതുതായി ചാർജ്ജെടുത്ത ഡോ.എസ്.സെവ്വേൽ മാഹിയിലെത്തി മാഹി ഗവ.ജനറൽ ആശുപത്രി, പുതുതായി ആരംഭിക്കുന്ന മാഹി നഴ്സിങ്ങ് കോളേജ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജ്, രമേശ് പറമ്പത്ത് എം.എൽ.എ എന്നിവരുമായും ഡോക്ടർമാർ, നഴ്‌സുമാർ, സംഘടനാ പ്രതിനിധികൾ എന്നിവരുമായി കൂടികാഴ്ച നടത്തി. എൻ.എച്ച്.എം ജീവനക്കാരുടെ ആവശ്യങ്ങൾ സയറക്ടറുമായി സംസാരിച്ചു. മാഹി ആരോഗ്യവകുപ്പിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ നിയമനം വേഗത്തിലാക്കുമെന്നും

സപ്തംബറോടെ നഴ്സിങ്ങ് കോളേജ് ക്ലാസുകൾ തുടങ്ങുമെന്നും ഡയറക്ടർ ഡോ.എസ്.സെവ്വേൽ അറിയിച്ചു. മാഹിയിലെത്തിയ സയറക്ടറെ ആരോഗ്യ വകുപ്പ് സെപ്യൂട്ടി ഡയറക്ടർ ഡോ.എ.പി.ഇസ്ഹാഖ്, പള്ളൂർ ആശുപത്രി മേധാവി ഡോ.സി.എച്ച്.രാജീവൻ, അസിസ്റ്റൻ്റ് സയറക്ടർ ഡോ.പി. പി.ബിജു, പി.പി.രാജേഷ്, പ്രേമവല്ലി, അജിതകുമാരി എന്നിവർ ചേർന്നു സ്വീകരിച്ചു

അവറോത്ത് ഗവ.മിഡിൽ സ്കൂൾ: അദ്ധ്യാപകക്ഷാമം പരിഹാരിക്കണം


മാഹി:ഈസ്റ്റ് പള്ളൂർ അവറോത്ത് ഗവ.മിഡിൽ സ്കൂളിലെ അദ്ധ്യാപകക്ഷാമത്തിന് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അവറോത്ത് സ്കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി എം.എൽ.എ, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ, ചീഫ് എജ്യൂക്കേഷണൽ ഓഫീസർ എന്നിവർക്ക് നിവേദനം നൽകി. ഈ അദ്ധ്യയന വർഷം ആരംഭിച്ചിട്ട് മൂന്നു മാസം പിന്നിട്ടിട്ടും കണക്ക്, അറബിക്ക് എന്നീ വിഷയങ്ങളിൽ അദ്ധ്യാപകരെ നിയമിച്ചിട്ടില്ല. മാത്രമല്ല 5, 8 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളും യൂണിഫോമും ഇതുവരെയായിട്ടു വിതരണം ചെയ്തിട്ടുമില്ല. ഇങ്ങനെ സ്കൂളിൻ്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന നിലയിയിലുള്ള വിദ്യാഭ്യാസ വകുപ്പിൻ്റെ നിലപാടിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രമുള്ള സാഹചര്യത്തിൽ അദ്ധ്യാപക നിയമനം ഉടൻ നടത്തിയില്ലെങ്കിൽ, ശക്തമായ പ്രതിക്ഷേധം സംഘടിപ്പിക്കുമെന്ന് അവറോത്ത് ഗവ.മിഡിൽ സ്കൂൾ പ്രോട്ടക്ഷൻ കമ്മിറ്റി ചെയർമാൻ കെ.വി.ഹരീന്ദ്രൻ, കൺവീനർ വി.അനിൽകുമാർ എന്നിവർ അറിയിച്ചു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ, വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം.എം.തനൂജ എന്നിവർ നിവേദക സംഘത്തിന് ഉറപ്പു നൽകി.


whatsapp-image-2025-07-21-at-19.08.58_8dccce6f

നഗരസഭാംഗം എൻ. രേഷ്മ മാതൃകയായി


തലശ്ശേരി:സാമൂഹ്യ സുരക്ഷാ പെൻഷൻ .മസ്റ്ററിംഗിൽ മാതൃക കാട്ടി വാർഡ് കൗൺസിലർ. സർക്കാറിന്റെ സാമൂഹ്യ സുരക്ഷാ പെൻഷന്റെ ഭാഗമായ വർഷംതോറും അക്ഷയ കേന്ദ്രങ്ങളിൽ പോയി ചെയ്യേണ്ടുന്നതായ 2025-2026 വർഷത്തെ കിടപ്പു രോഗികൾക്കും ശാരീരിക- അവശത വൈകല്യം അനുഭവിക്കുന്നവർക്കും അക്ഷയ മുഖാന്തിരം വീടുകളിൽ പോയി മസ്റ്ററിംഗ് ചെയ്യുന്ന സൗകര്യം വിപുലമായി ഏർപ്പെടുത്തി തിരുവങ്ങാട് വാർഡ് കൗൺസിലറും സ്ഥിരം സമിതി അദ്ധ്യക്ഷയുമായ എൻ. രേഷ്‌മ മാതൃക Jകാട്ടി. വാർഡ് കൗൺസിലർക്ക് പുറമെ അക്ഷയ കേന്ദ്രം ടെക്നീഷ്യൻ. ജിഷ്ണു കതിരൂർ . എം പ്രേമാനന്ദ് എന്നിവരും പങ്കെടുത്തു.



ചിത്രവിവരണം:നഗരസഭാംഗം എൻ. രേഷ്മയുടെ നേതൃത്വത്തിൽ വീടുകളിൽ മസ്റ്ററ്റിംഗ് നടത്തുന്നു


whatsapp-image-2025-07-21-at-19.13.21_f37f901a

അമാവാസി തർപ്പണത്തിന് ഒരുക്കങ്ങൾ പൂർത്തിയായി


തലശ്ശേരി: ശ്രീ ജഗന്നാഥക്ഷേത്രത്തിൽ ജൂലായ് ഇരുപത്തി മൂന്നിന് അമാവാസി തർപ്പണം നടക്കാനിരിക്കെ. മാതൃ സമിതിയുടെ നേതൃത്വത്തിൽ കർമ്മങ്ങൾക്കാവശ്യമായ ഒരുക്കങ്ങൾ പൂർത്തിയായി. പിതൃതർപ്പണം, തിലഹവനം, പ്രതിമ സങ്കൽപ്പം , ക്ഷേത്രപിണ്ഡം തുടങ്ങിയ പിത്യകർമ്മങ്ങൾ നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് പ്രസിഡണ്ട് അഡ്വ.കെ. സത്യൻ അറിയിച്ചു. അമാവാസിനാളിൽ പുലർച്ചെ 5 മണിക്ക് ബലിക്രിയ തുടങ്ങും.



ചിത്ര വിവരണം: ബലിതർപ്പണത്തിനുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നു.


വളവിൽ സുധാകരനെ ആക്രമിച്ച സംഭവത്തിലെ ഗൂഡാലോചന പുറത്തു കൊണ്ടുവരണം.

 

മഹി: പുതുച്ചേരിയിലെ ഭരണകക്ഷിയായ എൻ. ആർ. കോൺഗ്രസിൻ്റെ മാഹിയിലെ സജീവ പ്രവർത്തകനായ വളവിൽ സുധാകരനെ പട്ടാപകൽ മാഹി നഗരത്തിൽ വെച്ച് ക്വട്ടേഷൻ സംഘം ആക്രമിച്ച സംഭവത്തിൽ 'ഗൂഡാലോചനയിൽ ഉൾപ്പെട്ട മുഴുവനാളുകളേയും നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികൾ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ പാർട്ടിയുമായി ബന്ധപ്പെട്ടവരായതിനാൽ ഇവരുടെ ഗുണ്ടാ ക്വട്ടേഷൻ ഇടപാടുകളെ കുറിച്ചും മറ്റും അന്വേഷിക്കാൻ പൊലീസ് മടിച്ചു നിൽക്കുന്ന സ്ഥിതിയാണു ള്ളത്. ഇത് മാഹിയിലെ സ്വൈരജീവിതത്തിന് ഭീഷണിയാണ്.  മാഹിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു ക്വട്ടേഷൻ ആക്രമണം നടക്കുന്നത്. ആക്രമണത്തിന് പിന്നിലെ ഗൂഡാലോചന പുറത്തു കൊണ്ടുവരാൻ പൊലീസ് തയ്യാറല്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി കോൺഗ്രസ്സും, പോഷക സംഘടനകളും മുന്നോട്ട് വരുമെന്ന്ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി

പ്രസിഡണ്ട്

കെ.മോഹനൻ അറിയിച്ചു.

whatsapp-image-2025-07-21-at-21.12.28_38d94050

സെബാസ്റ്റ്യൻ നിര്യാതനായി.


തലശ്ശേരി:മാടപ്പീടിക പാർസിക്കുന്ന് 'ഓണക്കാവിൽ' സെബാസ്റ്റ്യൻ (സുരേഷ് - 55) നിര്യാതനായി.പിതാവ് പരേതനായ പീറ്റർ മാതാവ്: പരേതയായ മേരി.

ഭാര്യ :ബിന്ദു

മക്കൾ :ഷിബിൻ,ശിൽപ 

സഹോദരങ്ങൾ : റെജി, ആന്റണി,മോളി, ബാബു

സംസ്കാരം 22 ന് വൈകിട്ട് 3മണിക്ക് ചാലിൽ സെന്റ് പിറ്റേഴ്സ് ചർച്ചിൽ.


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan