ഇങ്ങിനേയുമൊരാൾ ഇതുവഴി കടന്നു പോയിരുന്നു .... :ചാലക്കര പുരുഷു

ഇങ്ങിനേയുമൊരാൾ ഇതുവഴി കടന്നു പോയിരുന്നു .... :ചാലക്കര പുരുഷു
ഇങ്ങിനേയുമൊരാൾ ഇതുവഴി കടന്നു പോയിരുന്നു .... :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Jul 12, 12:28 AM
vasthu

ഇങ്ങിനേയുമൊരാൾ

ഇതുവഴി കടന്നു പോയിരുന്നു ....

:ചാലക്കര പുരുഷു


പ്രകൃതി പോലും വിറങ്ങലിച്ച് കണ്ണീർ പൊഴിച്ച ,

വേദന തളം കെട്ടിനിന്ന ആ അഭിശപ്ത നാളിൽ,

വിഷാദരാഗങ്ങളിൽ വിഖ്യാതസംഗീതജ്ഞൻ മുഖത്തല എസ്.ലാലു ഹൃദയം കൊണ്ടാലപിച്ച കീർത്തനങ്ങൾ കലാഗ്രാമമാകെ പടരുമ്പോൾ, നിറഞ്ഞ് കവിഞ്ഞ പുരുഷാരങ്ങൾക്കിടയിൽ . പൂമെത്തയിൽ കിടത്തിയ ആ മുഖം ഒരു നോക്ക് മാത്രം കണ്ട് നിൽക്കാനേ സാധിച്ചുള്ളു. 

മൂന്ന് പതിറ്റാണ്ടുകൾ നീണ്ട ആത്മ സൗഹൃദം സമ്മാനിച്ച മരണമില്ലാത്ത ഓർമ്മകൾ മനസ്സിനെ വല്ലാതെ ഉലച്ചു കൊണ്ടിരുന്നു. കൂട്ടം തെറ്റിയിരിക്കാൻ മനസ്സ് മന്ത്രിച്ചു.

എ.പി. തനിക്ക് ആരായിരുന്നുവെന്ന് തീർത്തു പറയാൻ ഇപ്പോഴും എനിക്കാവുന്നില്ല.

പിതൃതുല്യമായ വാത്സല്യവും, ഗുരു തുല്യമായ അനുഗ്രഹാശിസ്സുകളും ,

ആവോളം ചൊരിഞ്ഞ സ്നേഹത്തിന്റെ പുമരമായിരുന്നു ഈ വലിയ മനുഷ്യൻ.

മൂന്ന്പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു നാൾ എം.വി. ദേവൻ മാഷിനൊപ്പം മയ്യഴി പുഴയോരത്തെ ചെറുകുന്നിലുള്ള പ്രസിദ്ധമായ കൊച്ചിൻ ഹൗസിലേക്ക് മുണ്ടിന്റെ അറ്റവും ഉയർത്തി പിടിച്ച് നടന്നുകയറിയ അപരിചിതനാ യിരുന്ന ഈ മനുഷ്യന്റെ രൂപം ഇന്നലെയെന്നപോൽ മനസ്സിൽ ഇന്നും തെളിഞ്ഞ് നിൽപ്പുണ്ട്.

ചിത്രങ്ങളിലും പത്രങ്ങളിലും മാത്രം ആരാധനയോടെ നോക്കിക്കണ്ടിരുന്ന ദേവൻ മാഷിനെ കൂട്ടത്തിൽ കണ്ടത് കൊണ്ടാണ് ഔൽ സുക്യം കൊണ്ട് ഇവരോടൊപ്പം അകന്ന് നടന്നത്.

അവരുടെ സംഭാഷണത്തിൽ നിന്നാണ് ഇവിടെ വലിയൊരു കലാക്ഷേത്രം വരാൻ പോകുന്നുവെന്ന് അത്ഭുതത്തോടെ കേട്ടത്.

 പിന്നീടെല്ലാം അലാവുദീന്റെ അത്ഭുത വിളക്ക് പോലെയായിരുന്നു.

പഴയ കൊച്ചിൻ ഹൗസിന്റെ ശിൽപ ചാരുത നിലനിർത്തിയുള്ള നവീകരണം,

 കുന്നിൻ മുകളിൽ ദേവൻ മാഷിന്റെ വാസ്തുശിൽപ്പ ചാരുതയാർന്ന ഓഡിറ്റോറിയം, ഗസ്റ്റ് ഹൗസ്, കാന്റീൻ, നൃത്തശാല, ഗാലറികൾ സ്റ്റുഡിയോ എല്ലാം ഞൊടിയിടയിൽ പൂർത്തിയായി.

ഇടക്കിടെയുളള എ.പി.യുടെ വരവ് കൂടുതൽ അടുപ്പിച്ചു. സുകുമാർ അഴീക്കോട് തിരിതെളിയിച്ച ഉദ്ഘാടന സമ്മേളനം കഴിഞ്ഞ് ഇന്നോളമുള്ള എല്ലാ പരിപാടികളിലും ഭാഗഭാക്കാകാനായി.

മുൻ രാഷ്ട്രപതി വെങ്കിട്ടരാമൻ,ഇ.എം എസ്. തുടങ്ങി ശശി തരൂർ വരെയുളള രാഷ്ട്രിയ നേതാക്കളും,കമൽഹാസൻ, ഭരത് ഗോപി , നെടുമുടി വേണു, നരേന്ദ്രപ്രസാദ്, കമൽ, എസ്.ജാനകി , അച്ചാണി രവി , കൈതപ്രം , ഷാജി എൻ. കരുൺ തുടങ്ങിയ ചലച്ചിത്രകാരന്മാരുംആനന്ദ്, എം.മുകുന്ദൻ,

തിക്കോടിയൻ, ഒ.എൻ.വി. എം.ടി, കാവാലം നാരായണ പണിക്കർ, ചെമ്മനം ചാക്കോ, എൻ.പി.മുഹമ്മദ്,കടമ്മനിട്ട, എം.കെ.സാനു , എൻ.എസ്.മാധവൻ, എംജി എസ് , കെ.ജി.സുബ്രഹ്മണ്യം , കലാക്ഷേത്ര മഹാലക്ഷ്മി,

വി.വി. സുബ്രഹ്മണ്യം, ടി.കെ. മൂർത്തി, പാരിസ് വിശ്വനാഥൻ, മുത്തുക്കോയ, അക്കിത്തം നാരായണൻ, തുടങ്ങി മഹദ് പ്രതിഭകളുടെപട്ടിക തീരില്ല.

ഈ മഹാരഥന്മാരെയൊക്കെയും കാണാനും പരിചയപ്പെടാനുമൊക്കെ ഇന്നാട്ടുകാർക്ക് ഭാഗ്യമുണ്ടായി. കലാഗ്രാമത്തിന്റെ ജിഹ്വയായി ഒരർത്ഥത്തിൽ മാറാനായി.. വാർഷികാഘോഷങ്ങളടക്കം എല്ലാ വിശേഷ വേളകളിലും എ.പി. കലാഗ്രാമത്തിൽ കുടുംബ സമേതമെത്തും. സദസ്സിലെ ആദ്യസീറ്റിൽ അദ്ദേഹമിരുന്ന് പ്രസംഗങ്ങളും കലാപരിപാടികളും ഉടനീളം ആസ്വദിക്കും. അവരെ പ്രോത്സാഹിപ്പിക്കും. തൊട്ടടുത്ത സീറ്റിൽ എംവി ദേവനും,പിന്നെ ടി.പത്മനാഭനും,കെ.പാനൂരും,കെ.കെ.മാരാറുമെല്ലാമു ണ്ടാകും.

എം.ഹരീന്ദ്രൻ മാഷിന്റെ സ്വാഗത ഭാഷണം സംഗീതം പോലെ ഒഴുകിയെത്തും. പ്രശസ്ത ഫോട്ടോഗ്രാഫർ ഒ അജിത് കുമാർ ക്യാമറയുമായി ഓരോ സൂക്ഷ്മ ചലനങ്ങൾ പോലും ഒപ്പിയെടുക്കും.

അരങ്ങിലും അണിയറയിലുമായി ഡോ: മഹേഷ് മംഗലാട്ട് ഓടിനടക്കും. 

എത്രയോ കാലമായുള്ള പതിവ് കാഴ്ചയാണിത്. നാട്ടുത്സവത്തിന്റെ പ്രതിതിയിൽ നടക്കുന്ന

വാർഷിക പരിപാടിക്ക് ചിത്ര ശിൽപ്പ പ്രദർശനത്തോടെയാണ് എന്നും തുടക്കമിടുക. എ.പി.യായിരിക്കും സ്ഥിരമായി ഭദ്രദീപം തെളിയിക്കുക. എ.പി. പുതുതായെത്തുന്നവർക്കെല്ലാം എന്നും ഒരാകർഷണ 'കേന്ദ്രമായി രുന്നു..

ap-puruhu

പരുക്കൻ ഖാദി ജുബ്ബയും, വേഷ്ടിയുമണിഞ്ഞ ഒരുകറുത്തമനു ഷ്യൻ ...നരകയറിയ കോലൻമുടി. ഇടതുനെറ്റിയിൽ നിരയിട്ട് ഒതുക്കി നിർത്തിയിരിക്കുന്നു.

തീഷ്‌ണമായ അനുഭവങ്ങളുടെ തീച്ചൂളയിൽ കർമ്മകാണ്ഡ ങ്ങളുടെ ദൃഢത കുറുകിയ മുഖം. ഔൽസുക്യം നിഴലിക്കുന്ന കണ്ണുകൾ... ആൾക്കൂട്ടത്തിനിടയിൽ ഈ മനുഷ്യനെ അധികമാർക്കും പെട്ടെന്ന് തിരിച്ചറിയാനാവില്ല.

ലാളിത്യമാർന്ന വേഷവിധാനവും, എളിയവനിലുംഎളിയവനായുള്ള പെരുമാറ്റവും.. പതിത്ത സ്വരത്തിലുള്ള സംസാരവും..

കലയേയും കലാകാരനേയും, ഒരു പോലെ നെഞ്ചേറ്റി ലാളിക്കുന്ന ഈ മനുഷ്യൻ മദിരാശിപ്പട്ടണത്തിലെ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായത് വിസ്മയകഥ.. കലാകാരനല്ലെങ്കിലും . കലാകൈരളിക്ക് ഒരിക്കലും മറക്കുവാനാവാത്ത മഹാനായ കലാസ്നേഹിയായിരുന്നു എ.പി.കുഞ്ഞിക്കണ്ണൻ.

മയ്യഴിപ്പുഴയോരത്തെ മലയാളകലാഗ്രാമത്തെ കുറിച്ച് കേൾക്കാത്ത മലയാളികൾ ഇന്നില്ല. സംസ്‌കാരകേരളത്തിൻ്റെ നിധിപേടകമായ ഈ സ്ഥാപനം കുഞ്ഞിക്കണ്ണൻ്റെ സ്വപ്‌നസാക്ഷാത്ക്കാരമാണ്. പുതു തലമുറയിലെ സർഗ്ഗ പ്രതിഭകൾക്കുളള സമർപ്പണമാണിത്.. ദശകങ്ങളോളം ആത്മ സുഹ്യത്തുക്കളുടെ സംഗമ ഭൂമികയാണിവിടം.

രാജ്യത്തെ ഒട്ടുമിക്ക കലാ സാഹിത്യ പ്രതിഭകളും ഈ പത്മതീർത്ഥക്കരയിലെത്തിയിട്ടുണ്ട്.

അറിയുന്തോറും പൊരുളേറി വരുന്ന ഈ മഹാ മനുഷ്യന്റെ ജീവിത കഥ ഇതിഹാസ സമാനമാണ്. സ്വപ്രയത്നം കൊണ്ട് മദിരാശിയിൽ ഒരു ബിസ്സിനസ്സ് സാമ്രാജ്യം പടുത്തുയർത്തിയ എ.പി.കുഞ്ഞിക്കണ്ണൻ, പരന്ന വായനയിലൂടേയും, സർഗ്ഗധനരായ സുഹൃത്തുക്കളുമായുള്ള സഹവാസവും കൊണ്ട് നേടിയെടുത്തത് , ധൈഷണികവും മനുഷ്യത്വമാർന്നതുമായ തിളക്കമാർന്ന വ്യക്തിത്വമായിരുന്നു.

സാഹിത്യവും കലകളും ജീവരക്തത്തിൽ കൊണ്ടു നടന്നവരുടെ രക്ഷിതാവായി, മദിരാശിയിലെ പവിത്ര സംഘത്തിന്റെ നായകനായി,കലാസ്വാദകന്മാരുടെ ആശാനായി ഈ മനുഷ്യൻ ജീവിച്ചു.

 പ്രശസ്‌തിക്കും, സമ്പത്തിനുമപ്പുറം മനുഷ്യ നന്മ മാത്രം കാംക്ഷിക്കുന്ന ഈ മനുഷ്യ സ്നേഹിയുടെ വ്യതിരിക്തമായ വ്യക്തിത്വത്തിന്റെ അനന്തതയാണിത്.

ഇല്ലായ്‌മയുടെ കയത്തിൽനിന്നും ഭാവിയെക്കുറിച്ച് ഏറെ പ്രതീക്ഷകളൊന്നുമില്ലാതെ മദിരാശിപട്ടണത്തിലെത്തിയ ചൊക്ലിയിലെ പഴയകാല സോഷ്യലിസ്റ്റായ എ.പി.കുഞ്ഞിക്കണ്ണന്റെ അദ്ഭുതകരമായ ജീവിതവിജയംപോലെ, വിസ്‌മയകരമായ അനുഭൂതിയാണ് കലാഗ്രാമത്തിലെത്തുന്ന ആർക്കും അനുഭവപ്പെടുക. സ്വന്തം കീശയിൽനിന്നും ഒരുകോടി രൂപ ചിലവഴിച്ചാണ് അദ്ദേഹം കലാഗ്രാമം പടുത്തുയർത്തിയത്.

കുട്ടികളിൽനിന്നുള്ള തുച്ഛമായ ഫീസ് കൊണ്ട് മാത്രം മഹത്തായ ഈ സ്ഥാപനം നടത്തിക്കൊണ്ടുപോകാനാവുമായിരുന്നില്ല. നാളിതുവരെ സർക്കാരിൽ നിന്നോ മറ്റ് ഏജൻസികളിൽനിന്നോ യാതൊരു ധനസഹായവും ലഭിച്ചിട്ടില്ലെന്നിരിക്കെ, ചെന്നൈയിൽ നിന്നും കുഞ്ഞിക്കണ്ണൻ മാസം തോറും അയച്ചുകൊടുക്കുന്ന സംഖ്യ കൊണ്ടാണ് കമ്മി നികത്തി സ്ഥാപനം നടത്തിക്കൊണ്ടുപോയിരുന്നത്.

ഇതിനുപുറമേ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒട്ടേറെ കലാപ്രതിഭകളെ മലയാള കലാഗ്രാമത്തിലും, അഡയാർ കലാക്ഷേത്രയിലും മറ്റും അദ്ദേഹം സ്വന്തം ചിലവിൽ പഠിപ്പിച്ചിട്ടുണ്ട്.

അവരിൽ പലരും ഇന്ന് ദേശത്തും വിദേശങ്ങളിലും കലാരംഗത്തെ തിളക്കമാർന്ന താരങ്ങളുമാണ്.

ഇതൊന്നും വെളിപ്പെടുത്താൻ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല.

തനിക്ക് ഏറെ പ്രിയമുള്ളവരെ അദ്ദേഹം മദിരാശിയിലേക്ക് സ്നേഹത്തോടെ വിളിക്കുമായിരുന്നു.

മനസ്സ് കൊണ്ട് സമ്മതിച്ചാൽ മാത്രം മതി .

പിന്നെയെല്ലാം നടന്നു കൊള്ളും. അക്കൂട്ടത്തിൽ ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ലേഖകനും. എ.പി.യോടൊപ്പം മദിരാശിയിൽ കഴിയാനും,ഒന്നിച്ച് ഉണ്ടുറങ്ങാനും ഭാഗ്യം സിദ്ധിച്ചത് ഇപ്പോഴും മധുരമുള്ള ഓർമ്മയാണ്.. എ.പി.യുടെ സഹോദരി രാജിയേച്ചിയുടെ വീട്ടിൽ ദേവൻ മാഷിനൊപ്പം ഒരേ കട്ടിലിൽ കിടന്നുറങ്ങാനും ഭാഗ്യമുണ്ടായി.

മടക്കയാത്രയിൽ റെയിൽവെ സ്റ്റേഷനിൽ ഒപ്പം വരാനും മക്കൾക്ക് മധുര പലഹാരങ്ങൾ കൈയ്യിൽ കരുതാനും മറക്കാത്ത, മഹാനായ മറ്റൊരു മനുഷ്യനെ പരിചയപ്പെടാൻ ഇന്നേവരെ സാധിച്ചിട്ടില്ല.

ദീർഘകാലം എ.പി.യുടെ കാർ ഡ്രൈവറായിരുന്ന കുമാരനും, എ.പി.യുടെ ഹരിത സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിയ രാജനും, എ.പി.ഉറങ്ങുമ്പോഴും ഉണർന്നിരിക്കുന്ന ശ്രീനിവാസനും ആ വലിയ മനുഷ്യനെ ദൈവതുല്യമായി കണ്ടവരായിരുന്നു.

കലാഗ്രാമം കഴിഞ്ഞ 30 വർഷത്തിനിടയിൽ ഒറ്റ തവണ മാത്രമേ സംസ്കാര ജ്യോതി അവാർഡ് നൽകിയിട്ടുള്ളൂ. അത് മന്ത്രി കെ. രാധാകൃഷ്ണനിൽ നിന്ന് ഏറ്റുവാങ്ങാനുള്ള ഭാഗ്യവും എനിക്കാണ് കൈവന്നത്.

മുർദ്ധാവിൽ കൈ വെച്ച് എ.പി.അനുഗ്രഹിച്ചതിന്റെ നിർവൃതി ഇന്നും ഞാൻ അനുഭവിക്കുന്നു.

ആദർശങ്ങളിൽ ഉറച്ചുനിൽക്കാനുള്ള ആത്മധൈര്യവും, ലാഭ ത്തിനുമപ്പുറം നന്മകാംക്ഷിക്കുന്ന മനസ്സും എ.പി. കുഞ്ഞിക്കണ്ണൻ എന്ന വലിയ മനുഷ്യൻ്റെ കൈമുതലാണ്.

മൂല്യങ്ങളെ ഹൃദയത്തോട് ചേർത്ത് നിർത്തുകയും, സ്വജീവിതത്തിലൂടെ അത് പ്രാവർത്തികമാക്കുകയും ചെയ്ത അത്യപൂർവ്വ വ്യക്തിത്വത്തിൻ്റെ ഉടമയാണദ്ദേഹം.

ഹോട്ടലിൽ കാവൽക്കാരൻ, കാൻ്റീൻ ജോലിക്കാരൻ, തുറമുഖ ചുമട്ടുതൊഴിലാളി തുടങ്ങി ജീവിതയാത്രയിൽ ഒട്ടേറെ വേഷങ്ങൾ കെട്ടേണ്ടിവന്ന കുഞ്ഞിക്കണ്ണൻ, അതിപ്രശസ്‌തമായ വെസ്റ്റേൺ ഏജൻസിസിന്റെ ജനറൽ മാനേജരായി വളർന്നതിന്റെ പിന്നിലെ .ചരിത്രം ഒരു സിനിമാക്കഥ പോലെ വിസ്മയകരമാണ്. പുതുതലമുറക്ക് ആ ജീവിതം ഒരു പാഠ പുസ്തകമാണ്.

തകർക്കാനാവാത്ത ഇച്ഛാശക്തിയും, തളർത്താനാവാത്ത ലക്ഷ്യബോധവും, കഠിനമായ കർമ്മകാണ്ഡവുമാണ് ഈ മനുഷ്യനെ ഉയർത്തി നിർത്തുന്നത്. ലക്ഷ്യബോധമുള്ള കഠിനാദ്ധ്വാനികളായ ഏതൊരാൾക്കുംആ ധന്യജീവിതം അനുകരണീയമാണ്.

നന്നെ ചെറുപ്പത്തിൽ തന്നെ സോഷ്യലിസ്റ്റ് ആശയഗതികളുടെ സഹയാത്രികനായ കുഞ്ഞിക്കണ്ണന് വ്യത്യസ്‌ത ചിന്താധാരകളെ ഉപവസിക്കുന്ന ഡോക്‌ടർ കെ.ബി.മേനോൻ, ദാർശനികൻ എം.ഗോവിന്ദൻ, എം.പി.ദാമോദരൻ, കെ.എ. കൊടുങ്ങല്ലൂർ, എന്നിവരുമായുള്ള ആത്മബന്ധമാണ് ജീവിതത്തിൽ വഴിത്തിരിവായത്.

മദിരാശി സാഹിതീ സഖ്യത്തിൽ സജീവാംഗമായി മാറിയ കുഞ്ഞിക്കണ്ണന് പരിചയമില്ലാത്ത ചിന്തകരും, സാഹിത്യകാരൻമാരും നന്നെ വിരളം. മദിരാശിയിലെ പവിത്ര സംഘത്തിലെ സ്വപ്നസാക്ഷാത്ക്കാരമായാണ് മയ്യഴിയിലെ കലാഗ്രാമത്തെ എ.പി. കുഞ്ഞിക്കണ്ണൻ വിലയിരുത്തിയത്. എം.ഗോവിന്ദന്റെ പുഴ സങ്കൽപ്പത്തെയും കെ.സി.എസ്. പണിക്കരുടെ കാഴ്ചപ്പാടുകളേയുമെല്ലാം ഉൾക്കൊണ്ടാണ് യാത്രാസൗകര്യവും, ഗ്രാമീണതയുടെ ശാലീനത്വവും, ശാന്തതയുമെല്ലാം സമന്വയിച്ച മയ്യഴിപ്പുഴയോരത്ത് ഈ കലാക്ഷേത്രം ഉയർന്നു വന്നത്. "ദേവൻ പറയും ഞാൻ കേൾക്കും" കലാഗ്രാമത്തിൻ്റെ പിറവിയെക്കുറിച്ചുള്ള കുഞ്ഞിക്കണ്ണന്റെ വാക്കുകൾ ഓർമ്മയിലെത്തുന്നു.


baby

പ്രായമോ, സമ്പത്തോ തന്റെ സൗഹൃദത്തിന് ഒരിക്കലും എ.പി. മാനദണ്ഡമാക്കിയിരുന്നില്ല.

അദ്ദേഹത്തോടൊപ്പം ഒരു നിമിഷമെങ്കിലും ചില വഴിച്ച ഒരാൾക്ക് സ്നേഹ നിധിയായ ഈ മനുഷ്യനെ മറക്കാനാവില്ല തന്നെ.

 എ.പി.കുഞ്ഞിക്കണ്ണൻ ട്രസ്റ്റ് മദ്രാസ്സ് എന്ന പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഈ സ്ഥാപനത്തിൻ്റെ പ്രഥമ ഡയറക്‌ടർ എം.വി.ദേവനും അഡീഷണൽ ഡയറക്‌ടർ ആർട്ടിസ്റ്റ് നമ്പൂതിരിയുമായിരുന്നു. ഭരതനാട്യം പെയിന്റിംഗ്, ചിത്ര-ശിൽപ്പകല, ചുമർചിത്രകല, കർണ്ണാടകസംഗീതം, യോഗ, വയലിൻ, മൃദംഗം തുടങ്ങിയവയിലൊക്കെ പരിശീലനം നൽകി വരുന്ന ഈ സ്ഥാപനം ദക്ഷിണേന്ത്യയിലെ തന്നെ സ്വകാര്യ കലാസ്ഥാപനങ്ങളിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്നു. ഗസ്റ്റ് ഹൗസ്, ഗവേഷണകേ ന്ദ്രം, ലൈബ്രറി എന്നിവയും ഒരുക്കിയിട്ടുണ്ട്.

ആൾകൂട്ടത്തിന്റെ ആരവങ്ങളിൽ നിന്നും എന്നും ഒഴിഞ്ഞുനിന്ന ഈ മഹാപുരുഷൻ നിശ്ശബ്ദനായി തൻ്റെ കർമ്മമണ്‌ഡലത്തിൽ വിശ്രമമെന്തെന്നറിയാതെ വ്യപൃതനായിക്കൊണ്ടിരുന്നു ,ജീവിതാന്ത്യംവരെ... ആദർശം ആൾരൂപമെടുത്ത ഈമനുഷ്യൻ കലയ്ക്കും, ജീവകാരുണ്യപ്രവർത്തനങ്ങൾക്കും ഒരു പുരുഷായുസ്സ് മുഴുവൻ വ്രതമെടുത്ത് പണിയെടുത്ത മനുഷ്യസ്നേഹിയായിരുന്നു.എ.പി.യുടെ ഓർമ്മകൾ പോലും കലാസ്നേഹികൾക്ക് പ്രചോദനമേകും ...


apkunji

ജൻമാന്തര ബന്ധം

എന്നൊന്നുണ്ടോ?

:ചാലക്കര പുരുഷു


മാഹി: സൗഹൃദ ,ആത്മ, രക്തബന്ധങ്ങൾക്കുമപ്പുറം സുദൃഢമായ ജൻമാന്തര ബന്ധങ്ങളുണ്ടോ? അതറിയണമെങ്കിൽ പപ്പേട്ടനും, എ.പി.യും തമ്മിലുള്ള സ്നേഹബന്ധത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ മതി.

പ്രായം നൂറിലേക്ക് കടക്കാൻ തയ്യാറെടുക്കുമ്പോഴും, ആത്മ സുഹൃത്തിൻ്റെ ഓർമ്മ നാളിൽ എ.പി.യുടെ ഹൃദയം തുടിക്കുന്ന കലാഗ്രാമത്തിലെത്താൻ, ശാരീരിക അവശതകളൊന്നും പപ്പേട്ടന് ഒരു പ്രശ്നമേയല്ല.

എ.പി.യുടെ ജീവിതാന്ത്യത്തിലെ ആഗ്രഹമായിരുന്നു ടി.പത്മനാഭൻ്റെ ഒരു പ്രതിമ കലാ ഗ്രാമത്തിൽ സ്ഥാപിക്കണമെന്നത് ആ ആഗ്രഹവും സാധിച്ചതിന് ശേഷമാണ് അദ്ദേഹം കണ്ണടച്ചത്.

 മുക്കാൽ നൂറ്റാണ്ടുകാലം ആത്മബന്ധമുള്ള പ്രിയ സുഹൃത്തിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുമ്പോഴെല്ലാം, കഥയുടെ പെരുന്തച്ഛൻ്റെ വാക്കുകൾ പലയിടത്തും മുറിഞ്ഞ് പോവുകയും, കണ്ണുകൾ ഈറനണിയുകയും ചെയ്യുന്നതും പലപ്പോഴും കാണാറുണ്ട്.

മലയാള കലാഗ്രാമത്തിൽ എ.പി. കുഞ്ഞിക്കണ്ണൻ്റെ ഒന്നാം വാർഷിക ഓർമ്മ നാളിൽ അനുഭവങ്ങൾ പങ്കുവെക്കവെ ടി. പത്മനാഭൻ വികാരാധീനനായി.

തന്നേക്കാൾ തൻ്റെ സുഹൃത്തുക്കളെ സ്നേഹിച്ച എ.പി. യുടെ

സ്വഭാവ വിശേഷങ്ങൾ ഒന്നൊന്നായി പറയുമ്പോഴാണ് കഥാകാരൻ വിങ്ങി പോയത്.

എം.ഗോവിന്ദനിലൂടെയാണ് എ.പി. കുഞ്ഞിക്കണ്ണൻ സമൂഹത്തെ കണ്ടത്. 

അന്യജീവികളുടെ ക്ഷേമത്തിലൂടെ

സ്വജീവിതം ധന്യമാക്കിയ വ്യക്തിത്വമായിരുന്നു അത്.

ആദ്യകാലത്ത്

കാവിവസ്ത്രം മാത്രം ധരിച്ചിരുന്ന എ.പി. സമഭാവനയോടെ സമൂഹത്തെക്കണ്ട യഥാർത്ഥ സോഷ്യലിസ്റ്റായിരുന്നു.

 തൻ്റെ ജോലിക്കാരെയെല്ലാം, തന്നെ പോലെ തന്നെ നോക്കിക്കണ്ട അദ്ദേഹം

പഴയ ലോഡ്ജിൽ പൊടിയും പുകയുമേറ്റ് ജീവനക്കാരോടൊപ്പമാണ് വർഷങ്ങളോളം താമസിച്ചിരുന്നത്. സകല സൗഭാഗ്യങ്ങളും ബംഗ്ലാവുകളെല്ലാമുണ്ടായിട്ടും, ജോലിക്കാരെ വേർപിരിയാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

വീട്ടുമുറ്റത്ത് പലതരം ആഢംബരക്കാറുകളുണ്ടായിട്ടും പഴയ അംബാസിഡർ കാറിലായിരുന്നു എ.പി.യുടെയാത്ര എന്നാൽ താനടക്കമുള്ള സുഹൃത്തുക്കൾക്ക് ബെൻസ് കാറാണ് നൽകിയിരുന്നത്. ആന്ധ്ര അതിർത്തിയിൽ

150 ഏക്ര

മൊട്ടപാറക്കുന്നുകൾ വിലക്ക് വാങ്ങിയ അദ്ദേഹം വിസ്മയകരമാംവിധം മാതൃകാ കൃഷിയിടമാക്കി മാറ്റിയപ്പോഴും, സ്ഥലമുടമകളായ ബ്രാഹ്മണ കുടുംബത്തെ മരണം വരെ അവിടെ താമസിപ്പിക്കാൻ സൗമനസ്യം കാണിക്കുകയായിരുന്നു. 

വിശന്നു വരുന്ന പക്ഷികൾക്കും പട്ടികൾക്കും ഭക്ഷണം നൽകുക പതിവാണ്.. പട്ടിണിയുടെ രുചിയറിഞ്ഞ കുഞ്ഞിക്കണ്ണൻ, സാധാരണക്കാർക്ക് ഗുണമേൻമയുള്ള നല്ല ഭക്ഷണം ലഭ്യമാക്കാൻ വേണ്ടിയാണ് മികച്ച ഹോട്ടലുകൾ നിർമ്മിച്ചത്. നിർദ്ധനരായ എത്രയോ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകി ഉയർന്ന ജോലികളിലെത്തിച്ചു. സുഹൃദ് വലയത്തിലെ ഓരോ ആളും വേർപിരിയുമ്പോഴും , കുഞ്ഞിക്കണ്ണൻപറയും. ഇനി നീയും ഞാനും മാത്രമേ ബാക്കിയുള്ളൂവെന്ന്. ഒടുവിൽ എല്ലാവരും പോയി. ഞാൻ മാത്രം ബാക്കിയായി. എൻ്റെ

നാല് കഥകളിലും ഒട്ടേറെ ലേഖനങ്ങളിലും കുഞ്ഞിക്കണ്ണൻ കഥാപാത്രമായി. 

കുഞ്ഞിക്കണ്ണൻ കൊളുത്തിവെച്ച

ദീപം കെടാതെ സൂക്ഷിക്കണമെന്നാണ് തൻ്റെ അപേക്ഷയെന്ന് പത്മനാഭൻ പറഞ്ഞു.

manna-poster-sreejith

ആശുപത്രി വികസന സമിതി യോഗത്തിൽ ബഹളവും വെല്ലുവിളിയും .


തലശ്ശേരി ജനറല്‍ ആശുപത്രി വികസന സമിതി യോഗത്തില്‍ സ്ഥലം എം. എല്‍. എയും നിയമസഭ സ്പീക്കറുമായ എ. എന്‍ ഷംസീര്‍ ഇറങ്ങിപ്പോകണമെന്ന് അംഗത്തോട് പറഞ്ഞത് യോഗം പ്രക്ഷുബ്ദമാകാനിടയാക്കി.

കോണ്‍ഗ്രസ് പ്രിതിനിധി എം. പി അരവിന്ദാക്ഷനോടാണ് എം. എല്‍. എ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകാന്‍ പറഞ്ഞത്. 

ഇന്നലെ കാലത്ത് 10.30 ഓടെ ആരംഭിച്ച യോഗത്തില്‍ അജണ്ട വായിച്ചതിനെത്തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. 

ആശുപത്രിയിലെ ബേബി വാര്‍ഡ് അടച്ചിട്ടതും മോര്‍ച്ചറിയിലെ ചോര്‍ച്ചയെത്തുടര്‍ന്ന് ഷോക്കടിക്കുന്ന വിഷയവും ബ്ലഡ് ബാങ്കിലെ ചോര്‍ച്ചയും വാട്ടര്‍ ടാങ്ക് തകര്‍ന്ന് വീഴാറായതും അരവിന്ദാക്ഷന്‍ ചൂണ്ടിക്കാട്ടി. അതൊക്കെ ശരിയാക്കും എന്നുളള മറുപടിയാണ് എം. എല്‍. എയില്‍ നിന്നും ലഭിച്ചത്.

എന്നാല്‍ ഇത്തരം ആവശ്യം ഉന്നയിച്ചാല്‍ ലാഘവ ബുദ്ധിയോടെ മറുപടി പറയരുതെന്നും വിഷയത്തിന് ശാശ്വതമായ പരിഹാരം വേണമെന്നും അരവിന്ദാക്ഷന്‍ യോഗം മുമ്പാകെ ആവശ്യപ്പെട്ടു.

കുറച്ചുപേര്‍ ചേര്‍ന്ന് ഒറ്റക്കൊറ്റക്കായി നടത്തുന്ന കച്ചവടമായതുകാരണമാണ് ഇതൊക്കെ തകരുന്നതെന്നും അരവിന്ദാക്ഷന്‍ ആരോപിച്ചു.

ഇതോടെ എം. എല്‍ പ്രകോപിതനാകുകയും അരവിന്ദാക്ഷന്‍ ഇവിടെ രാഷ്ട്രീയം കളിക്കുകയാണെന്നും പറഞ്ഞു.

ആശുപത്രി വികസന സമിതിയില്‍ ഉന്നയിക്കേണ്ടതും ജനങ്ങളെ ബാധിക്കുന്ന കാര്യമായതുകൊണ്ടാണ് വിഷയം ഉന്നയിച്ചതെന്നും ഇവിടെ യല്ലാതെ മറ്റെവിടെയാണ് ആശുപത്രി സംബന്ധിച്ച വിഷയം അവതരിപ്പിക്കാനാവുക എന്നും അരവിന്ദാക്ഷന്‍ ചോദിച്ചു. ആശുപത്രിക്ക് വേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്യുന്നുണ്ടെന്നും ഇതു കാണാതെ ഞങ്ങളെ കൊച്ചാക്കിക്കാണിക്കുകയാണ് ചെയ്യുന്ന തെന്നും എം. എല്‍ എ പറഞ്ഞു. യോഗം നിയന്ത്രിക്കേണ്ട ആള്‍ തന്നെ പ്രകോപനപരമായി പെരുമാറുന്നത് ശരിയല്ലെന്നും വികാരം കൊള്ളാന്‍ പാടില്ലെന്നും അരവിന്ദാക്ഷന്‍ മറുപടി പറഞ്ഞു.

ജനങ്ങളുടെ വിഷയം കേള്‍ക്കാന്‍ താല്‍പര്യം കാണിക്കാത്ത യോഗത്തിനു മുന്നില്‍ ഇരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു.

എന്നാല്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ക്ഷോഭത്തോടെ എം. എല്‍. എ അരവിന്ദാക്ഷനോട് ആവശ്യപ്പെട്ടു.

അങ്ങിനെ ഇറങ്ങിപ്പോകുന്നില്ലെന്നും താന്‍ മുന്‍ കൈയ്യെടുത്ത് നിര്‍മ്മിച്ച ആശുപത്രിയാണെന്നും താലൂക്ക് ആശുപത്രിയായിരിക്കുന്ന ആശുപത്രിയെ ജനറല്‍ ആശുപത്രിയാക്കി മാറ്റിയത് യു. ഡി. എഫിന്റെ ആരോഗ്യമന്ത്രിയില്‍ താന്‍ ചെലുത്തിയ സമ്മര്‍ദ്ദ ഫലമാണ്.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ അമ്മയും കുഞ്ഞും ആശുപത്രി എന്ന ആശയം കൊണ്ടു വന്നതും തന്റെ പ്രയത്‌ന ഫലമാണെന്നും, ഇതിലൊന്നും നിങ്ങള്‍ക്ക് ഒരു റോളും ഇല്ലെന്നും 'അരവിന്ദാക്ഷന്‍ ചൂണ്ടിക്കാട്ടി. രാഷ്ടീയം കളിച്ച് ആശുപത്രി പൊളിക്കാന്‍ ശ്രമിക്കുന്നത് നിങ്ങളാണെന്നും അരവിന്ദാക്ഷന്‍ കൂട്ടിച്ചേര്‍ത്തു. മെമ്പര്‍' പറയുന്നത് ശരിയാണെന്നും ഇതില്‍ രോഷം കൊള്ളേണ്ട ആവശ്യമില്ലെന്നും ബി. ജെ. പിയെ പ്രതിനിധീകരിച്ച് യോഗത്തില്‍ സംസാരിച്ച എം. പി സുമേഷ് ചൂണ്ടിക്കാട്ടി. സി. കെ രമേശനും വിഷയത്തില്‍ ഇടപെട്ടതോടെ യോഗം വീണ്ടും

ബഹളമയമായി. ബേബി വാര്‍ഡിന് ടെണ്ടര്‍ ആയിട്ടുണ്ടെന്നും വാട്ടര്‍ ടാങ്ക് നിര്‍മ്മാണ പ്രവര്‍ത്തി ഊരാളുങ്കല്‍ സൊസൈറ്റിയെ ഏല്‍പിച്ചിട്ടുണ്ടെ ന്നും യോഗത്തില്‍ മറുപടി ലഭിച്ചു. 

എം. എൽ എ എന്ന നിലയിൽ വിമർശനങ്ങൾ സഹിഷ്ണതയോടെ ഉൾക്കൊള്ളണമെന്ന് മുസ്ലീം ലീഗ് ജില്ല വൈസ് പ്രസിഡൻ്റ് അഡ്വ. കെ. എ ലത്തീഫ് അഭിപ്രായപ്പെട്ടു. നഗരസഭ അധ്യക്ഷ ജമുന റാണി അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. രാജീവ്, ആർ എം ഒ ഡോ ജിതിൻ, ഡോ ബിജു മോൻ സംസാരിച്ചു. 

 

പുതുച്ചേരിയിൽ എ.ജോൺകുമാർ പുതിയ മന്ത്രി


മാഹി:പുതുച്ചേരി സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്ന എ.കെ. സായ് ജെ ശരവണൻ രാജിവെച്ച ഒഴിവിലേക്ക് എ.ജോൺകുമാർ എം..എൽ.എയെ പുതിയ മന്ത്രിയാക്കാൻ കേന്ദ്ര അഭ്യന്തരമന്ത്രാലയം അനുമതി നൽകി. ഇ.തീപൈന്തൻ, ജി.എൻ.എസ്.രാജശേഖരൻ, വി.സെൽവം എന്നിവരെ പുതിയ നോമിനേറ്റഡ് എം.എൽ.എ മാരായും നിയമിച്ച് കേന്ദ്ര അഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.


വിദ്യാർത്ഥികൾക്കുള്ള സൈക്കിളുകളും, വിഭിന്നശേഷിക്കാർക്കുള്ള പുതപ്പുകൾ, പാദരക്ഷകൾ എന്നിവയും വിതരണം ചെയ്തു.


മാഹി :സാമൂഹ്യ ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള സൈക്കിൾ വിതരണവും, മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള പുതപ്പുകൾ, പാദരക്ഷകൾ എന്നിവയുടെ വിതരണവും നടന്നു.

 മാഹി ഇ.വൽസരാജ് സിൽവർ ജൂബിലി ഹാളിൽ റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാറിന്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർക്ക് നിയമപരമായ രക്ഷാകർതൃ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകളും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സഹായ ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള അപേക്ഷയും ക്യാമ്പിൽ വെച്ച് സ്വീകരിച്ചു.

സോഷ്യൽ വെൽഫെയർ ഇൻ ചാർജ് എസ് കാർത്തിക്ക്, അഡ്മിനിസ്ട്രേറ്റർ ഓഫീസ് സൂപ്രണ്ട് , കുനിയിൽ രാധാകൃഷ്ണൻ ,കോർപ്പറേഷൻ സ്റ്റാഫ് പ്രതാപൻ,  സംസാരിച്ചു. 

ഷാരോൺ സൊസൈറ്റി മെംബർ' ഇളങ്കോ,സാമൂഹിക ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണം നടത്തി


വിദ്യാർത്ഥി പ്രതിഭകളെ ഇന്ന് അനുമോദിക്കുന്നു


മാഹി: ഈസ്റ്റ് പള്ളൂർ ഒമ്പതാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിന്റെ പരിധിയിൽ വരുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ

ഉപഹാരവും കേഷ് അവാർഡും നല്കി അനുമോദിക്കുന്നു.

സ്പിന്നിങ്ങ് മില്ലിനു സമീപത്തെ രാജീവ് ഭവനിൽ ഇന്ന് (2025 ജൂലൈ 12) വൈകുന്നേരം 3 മണിക്ക് നടക്കുന്ന അനുമോദന ചടങ്ങ് രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജ് മുഖ്യാതിഥിയായിരിക്കും.


തലശ്ശേരി: പാറാൽ ദാറുൽ ഇർഷാദ് അറബിക്ക് കോളജിൽ ഒന്നാം വർഷ യുജി പ്രോഗ്രാമിൽ ഇതുവരെയുള്ള അലോട്ട്മെന്റുകളിൽ സീറ്റ് ലഭിക്കാത്തവർ മുസ്ലിം കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ കമ്മ്യൂണിറ്റി ക്വാട്ടക്കുള്ള പ്രത്യേക അപേക്ഷ കോളേജ് ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. മാനേജ്മെൻറ് സീറ്റിൽ പ്രവേശനം ആഗ്രഹിക്കുന്നവർകണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഓൺലൈൻ അപേക്ഷ നൽകിയതിന് ശേഷം കോളേജ് ഓഫീസിൽ പ്രത്യേക അപേക്ഷ നൽകേണ്ടതാണ്

കൂടുതൽ വിവരങ്ങൾക്ക്:

9995959989

whatsapp-image-2025-07-11-at-20.50.03_0ea20556

മാഹി ക ജൽവ :

കുട്ടികൾക്കുള ആദരവ് 13 ന്


മാഹി: സർക്കാർ വിദ്യാലയങ്ങളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ എഴുതിയ ആദ്യ സി.ബി.എസ്.ഇ ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികളെയും ആദരിക്കുന്നു. മാഹി റീജ്യണൽ ഗവ. സ്കൂൾ പാരൻ്റ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മാഹി ക ജൽവ ആദരിക്കൽ ചടങ്ങ് ജൂലൈ 13 ന് രാവിലെ 10 മണിക്ക് പള്ളൂർ കോ ഓപ്പറേറ്റിവ് കോളേജിൽ രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ അഭ്യന്തരമന്ത്രി ഇ. വത്സരാജ് അദ്ധ്യക്ഷത വഹിക്കും. റിജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ, കമ്മീഷണർ സതേന്തർ സിങ് മുഖ്യാഥിതിയായിരിക്കും. അദ്ധ്യാപക ക്ഷാമം ഉടനടി പരിഹരിക്കുക, സെൻ്റാക് മുഖാന്തിരമുള്ള പ്രവേശനങ്ങൾക്ക് സി.ബി.എസ്.ഇ സിലബസ്സിന് കോമ്പൻസേഷൻ മാർക്ക് അനുവദിക്കുക, മയ്യഴിയിൽ സർക്കാർ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന വത്യാസമില്ലാതെ സിലബസ് ഏകീകരിക്കുക, കേന്ദ്രിയ വിദ്യാലയം, ജവഹർ നവോദയ വിദ്യാലയം ഉൾപ്പെടെ 4 പിഎം ശ്രീ സ്‌കൂളുകളും 33 മറ്റ് സ്‌കൂളുകളുള്ള മാഹിയിൽ സ്ഥിരം സി.ഇ.ഒ യെയും, ഒരു ഡപ്യൂട്ടി ഡയറക്‌ടറെയും നിയമിക്കണമെന്നും വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ റഷീദ് അടുവാട്ടിൽ, ഷോഗിത വിനിത്, ഷിബു കാളാണ്ടി,

റോഷിത, നിഷാദ്, നിജിഷ എന്നിവർ ആവശ്യപ്പെട്ടു.


whatsapp-image-2025-07-11-at-20.50.13_76b25dbf

ഓട്ടോ ഡ്രൈവർമാരെ അനുമോദിച്ചു.


തലശ്ശേരി,തുടർച്ചയായി 36വർഷക്കാല൦ ഓട്ടോറിക്ഷാ ഡ്രൈവറായു൦,യൂണിയൻ പ്രവർത്തകരായി സേവന൦ അനുഷ്ടിക്കുന്ന എൻ.കെ.രാജീവ്,എ൦.കെ.ഉദയകുമാർ,പി.ബാബു എന്നിവരെ തലശ്ശേരി താലൂക്ക് നാഷണൽ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് യൂണിയൻ ,ഐ.എൻ.ടി.യു.സി,അനുമോദിച്ചു. എൽ എ സ്.പ്രഭു മന്ദിരത്തിൽചേർന്ന അനപമോദനയോഗ൦ എ.ഐ സി.സി.മെ൦ബർ വി.എ.നാരായണൻ ഉത്ഘാടന൦ ചെയ്തു.അദ്ദേഹ൦ ഉപഹാരസമർപ്പണവു൯ നടത്തി,എരഞ്ഞോളിമണ്ഡല൦ കോൺഗ്രസ്സ് പ്രസിഡണ്ഡ് കെ.പി.മനോജ് മൂന്നുപേരേയു൦ ഹീരമണിയിച്ച് പ്രത്യേക൦ അനുമോദിച്ചു.യൂണിയൻ പ്രസിഡണ്ഡ് പി.ജനാർദ്ധനൻ അദ്ധ്യക്ഷ൦ വഹിച്ചു. ഐ.എൻ.ടി.യു.സി.

സ൦സ്ഥാനജനറൽ സിക്രട്ടറി വി.വി.ശശീന്ദ്രൻ മുഖ്യഭാഷണ൦ നടത്തി,എ൦.പിഅരവിന്ദാക്ഷൻ,കെ.വി.പവിത്രൻ,എ.എൻ.രാജേഷ്,ജതീന്ദ്രൻകുന്നോത്ത്,എ.ഷർമ്മിള,യു.സിയാദ്,എ൦.പി.സുധീർബാബു,സാഹിർപാലക്കൽ,എസ്.ടി.യു.,കെ.രാമചന്ദ്രൻ,എൻ.അജിത്കുമാർ സ൦സാരിച്ചു


ചിത്ര വിവരണം: വി.എ.നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.


രക്ഷിതാക്കളുടെ കൂട്ടായ്മ വിജയോത്സവം സംഘടിപ്പിക്കും


മാഹി: ചാലക്കര പി.എം. ശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂളിൽ ഇന്ന് രക്ഷാകർത്താക്കളുടെ കൂട്ടായ്മ 'വിജയോത്സവം' സംഘടിപ്പിക്കും.

2025 മാർച്ചിലെ സി.ബി.എസ്.ഇ. പത്താം ക്ലാസ്സ് പരീക്ഷയിൽ നൂറുമേനി വിജയത്തിൽ പങ്കാളികളായ കട്ടികളെ ഉപഹാരം നൽകി അനുമോദിക്കുന്ന

'വിജയോത്സവം' പരിപാടി വിദ്യാലയത്തിലെ മുൻ പ്രധാനാധ്യാപകനും പിന്നണി ഗായകനുമായ എം. മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

ജൂലൈ 12നു ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് സ്കൂളിലെ ഉസ്മാൻ കൺവെൻഷൻ ഹാളിലാണ് പരിപാടി നടക്കുക.


mannan-wallpost

നാണി നിര്യാതയായി .

മാഹി:മങ്ങാട്മേപ്പിലാട്ട് താഴകുനിയിൽ നാണി (99) നിര്യാതയായി . ഭർത്താവ്: പരേതനായ ഗോവിന്ദൻ ( റിട്ടയേർഡ് എം എസ് പി)മക്കൾ: കുമാരൻ ( മുൻ സ്പിന്നിങ്ങ് മിൽ ജീവനക്കാരൻ ), ചന്ദ്രൻ പൂന, രാജൻ ഡ്രൈവർ, പ്രഭാകരൻ പൂന, അശോകൻ ഡ്രൈവർ, ശശീന്ദ്രൻ ഡ്രൈവർ, ലളിത. മരുമക്കൾ: വാസന്തി, അജിത,നിഷ ,ഷരണിയ, പ്രഭ, ബിന്ദു, പ്രേമൻ .സംസ്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ


aq

പറമ്പത്ത് ജാനകി(92) നിര്യാതയായി.

ഭർത്താവ് പരേതനായ പറമ്പത്ത് കണാരൻ .

മക്കൾ പങ്കജ ( ചൊക്ലി)വിശ്വനാഥൻ (ചെറുകല്ലായി)

വത്സല( പൊന്നിയം)പ്രേമദാസ് ( സൗദി)

മരുമക്കൾവാസു ശോഭബാലൻറീഷ്മസംസ്കാരം 12/07/25

രാവിലെ 10 മണിക്ക് മാഹി വാതക ശ്മശാനത്തിൽ


ലഹരി വിരുദ്ധ ബോധവൽക്കരണം: പ്രബന്ധ മത്സരം 14 ന്

 മാഹി :പൊലീസ് വിദ്യാർത്ഥികൾക്കായി പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു.

ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി മാഹി പൊലീസ് മാഹി മേഖലയിലെ വിദ്യാർത്ഥികൾക്കായി പ്രബന്ധമത്സരം സംഘടിപ്പിക്കുന്നു. മാഹി മേഖലയിലെ സർക്കാർ - സ്വകാര്യ വിദ്യാലയങ്ങളിലെ 8, 9, 10,12 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന വിദ്യാർത്ഥികൾ ജൂലായ് 14 ന് തിങ്കളാഴ്ച 2 മണിക്ക് മാഹി ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ എത്തിച്ചേരണം.


azzx

പുരുഷു നിര്യാതനായി.

ചൊക്ലി:പെരിങ്ങത്തൂർ ഒലിപ്പിൽ 

വെള്ളാംവള്ളി താഴെകുനിയിൽ പുരുഷു (57) നിര്യാതനായി.

ജാനുവിന്റെയും പരേതനായ കുഞ്ഞിക്കണ്ണന്റെയും മകനാണ് 

ഭാര്യ :ലീന 

മക്കൾ :അക്ഷയ്(ബാംഗ്ലൂർ )അശ്വിൻ 

മരുമകൾ: അമയ

സഹോദരങ്ങൾ :

സുരേന്ദ്രൻ, വസന്ത, ശൈലജ 

സംസ്കാരം ഇന്ന് രാവിലെ 9മണി ക്ക് വീട്ടുവളപ്പിൽ


മലബാർ ദേവസ്വം ബോർഡ് ഡിവിഷൻ ഓഫീസ് തുറന്നു.


തലശ്ശേരി : മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഓഫീസ് തിരുവങ്ങാട് ക്ഷേത്രത്തിന്നടുത്ത നഗരസഭാ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.

264 ക്ഷേത്രങ്ങളുടെ ഭരണനിർവ്വഹണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ ഓഫീസ് വഴിയാണ് നടക്കുക

നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി. ബിജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ എം.വി.ജയരാജൻ മുഖ്യാതിഥിയായി കെ. ജനാർദ്ദനൻ പി.കെ. മധുസൂദനൻ ടി.എൻ. കെ. ശശീന്ദ്രൻ; കെ. രാമചന്ദ്രൻ, പി.ടി. വിജയി, കെ. ഗോപാലൻ മാസ്റ്റർ, ടി. ഉണ്ണികൃഷ്ണൻ, പി.പ്രഭാകരൻ മാസ്റ്റർ, എം എൻ. ഗോകുൽ ദാസ്, കെ.പി. ബാലൻ, സി സ്നേഹലത ,എൻ.കെ. ബൈജു , ആഷിത ടീച്ചർ സംസാരിച്ചു തലശ്ശേരി ഡിവിഷൻ ചെയർമാൻ അഡ്വ.കെ. സത്യൻ സ്വാഗതം പറഞ്ഞു.


capture

ഉമ്മൻ ചാണ്ടി

പുരസ്കാരം

രാമദാസ് കതിരൂരിന്


തലശ്ശേരി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണയ്ക്കായി തലശ്ശേരി ജവഹർ കൾച്ചറൽ ഫോറം മികച്ച സാമൂഹ്യ പ്രവർത്തകന് ഏർപ്പെടുത്തിയ പുരസ്കാരം

രാമദാസ് കതിരൂരിന്.

ജൂലായ് പതിനാലിന് തലശ്ശേരിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ പുരസ്കാരം സമർപ്പിക്കുമെന്ന്

ജവഹർ കൾച്ചറൽ ഫോറം പ്രസിഡണ്ട് കെ.ശിവദാസൻ അറിയിച്ചു.


ദീർഘകാല സാമൂഹ്യ പ്രവർത്തനവും ജനകീയ സമരങ്ങളിലെ ഇടപെടലുമാണ്

പുരസ്കാരത്തിനായ് പരിഗണിച്ചത് 

സമാന്തര വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനത്തിന്

ഇതിനകം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്

ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന നേഷണൽ ഇൻഡിപെന്റന്റ് സ്കൂൾസ് അലയൻസ് (നിസ ) ദേശീയ സമിതി അംഗമാണ് സാംസ്കാരികവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ അന്തർദേശീയ പഠന കേന്ദ്രത്തിന്റെ നിരൂപണ സാഹിത്യത്തിന് 2024ലെ കർമ്മ ശ്രേഷ്ഠ പുരസ്കാരം ലഭിച്ചു

രാമായണത്തിലെ ഊർമ്മിള സ്വതന്ത്രവായന എന്ന കൃതിക്കാണ് പുരസ്കാരം


whatsapp-image-2025-07-11-at-22.18.49_24d1aa35

മലബാർ ദേവസ്വം തലശ്ശേരി ഡിവിഷൻ ഓഫീസ് തിരുവങ്ങാട്ടെ മുൻസിപ്പാൽ കെട്ടിടത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ.എം.ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു

സമീപം ബോർഡ് ഡിവിഷൻ ചെയർമാൻ അഡ്വ: കെ.സത്യൻ


mannan-advt-mod
manna-latest_1752254599
samudra-ayurveda-special
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2