എ.പി.കുഞ്ഞിക്കണ്ണൻ്റെ രണ്ടാം ചരമവാർഷികം ജൂലൈ 12ന്

എ.പി.കുഞ്ഞിക്കണ്ണൻ്റെ രണ്ടാം ചരമവാർഷികം ജൂലൈ 12ന്
എ.പി.കുഞ്ഞിക്കണ്ണൻ്റെ രണ്ടാം ചരമവാർഷികം ജൂലൈ 12ന്
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Jul 02, 10:50 PM
MANNAN

എ.പി.കുഞ്ഞിക്കണ്ണൻ്റെ രണ്ടാം ചരമവാർഷികം ജൂലൈ 12ന്


മാഹി: മാഹി മലയാള കലാഗ്രാമം സ്ഥാപകനും, ജീവ കാരുണ്യ പ്രവർത്തകനുമായിരുന്ന എ.പി.കുഞ്ഞിക്കണ്ണൻ്റെ രണ്ടാം ചരമവാർഷികം ജൂലായ് 12ന് വിവിധ പരിപാടികളോടെ മലയാള കലാഗ്രാമത്തിൽ നടക്കും.വൈ.3 മണിക്ക് എം.ഗോവിന്ദൻ ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം സ്പീക്കർ അഡ്വ: എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. വിഖ്യാത കഥാകൃത്ത് ടി.പത്മനാഭൻ ,നാടൻകലാ ഗവേഷകൻ കെ.കെ

.മാരാർ, ഡോ: എ.പി.ശ്രീധരൻ, വന്യ ജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി ,പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.കെ.രമ്യ, എം.കെ.സെയ്ത്തൂൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു സംസാരിക്കും.

കാലത്ത് 9 മണിക്ക് കാഞ്ഞിരത്തിൻ കീഴിലെ ആക്കൂൽ പൊയിൽ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടക്കും. ഉച്ചക്ക് ശേഷം 3 മണിക്ക് മലയാള കലാഗ്രാമം എം.വി.ദേവൻ ആർട്ട് ഗാലറിയിൽ മെമ്മറീസ് ഇൻ കളേർസ് ചിത്ര പ്രദർശനം കെ.കെ.മാരാർ ഉദ്ഘാടനം ചെയ്യും.പ്രദർശനം 22 വരെ നീണ്ടു നിൽക്കും

whatsapp-image-2025-07-03-at-10.35.02_8253ee1f

മറക്കാനാവില്ല അശോകനെ ...

ആ അഭിശപ്ത മദ്ധ്യാഹ്നത്തേയും

:ചാലക്കര പുരുഷു


ആർത്തലച്ചു വരുന്ന തിരമാലകൾക്കും, കടലാഴങ്ങൾക്കും മയ്യഴി കടലോരത്തെ പി.അശോകൻ കളികൂട്ടുകാരനാണ്. കടലമ്മയുടെ ശാന്തവും, രൗദ്രവുമായ മുഖങ്ങൾ കണ്ടു വളർന്നവനാണ് ഈ കടലിൻ്റെ മകൻ.

പുതുച്ചേരി ടൂറിസം വകുപ്പിൽ ബോട്ട് ഡ്രൈവറായിരുന്ന അശോകൻ പി.ടി.ഡി.സി സീഗൾ (കഫെ ) ഇൻ ചാർജായാണ് കഴിഞ്ഞ ദിവസം സർവ്വീസിൽ നിന്ന് വിരമിച്ചത് '

അശോകൾ എന്ന സമർത്ഥനായ നീന്തൽക്കാരനില്ലായിരുന്നുവെങ്കിൽ, ഈ ലേഖകൻ ഇന്ന്ഭൂമുഖത്തുണ്ടാവുമായിരുന്നില്ല.


മരണത്തിനും ജീവിതത്തിനുമിടയിൽ ആഴക്കടലിൽ കൂറ്റൻ തിരമാലകൾക്കിടയിൽ അടിയൊഴുക്കിലകപ്പെട്ട് ഒടുവിൽ തലനാരിഴയിൽ ശ്വാസം തിരിച്ച് കിട്ടിയ ആ നിമിഷം.... 2005 ഒക്ടോബർ 12 ൻ്റെ മദ്ധ്യാഹ്നം... ഇന്നും വിശ്വസിക്കാനാവുന്നില്ല... ഒരപസർപ്പക കഥയിലെന്നപ്പോലെ വെള്ളിയാങ്കല്ലിലേക്കുള്ള ആ യാത്ര മനസ്സിൻ്റെ അകത്തളങ്ങളിൽ ഇന്നും ഭീതിയുടെ കരിനിഴൽ വീഴ്ത്തുന്നു.

പുതുച്ചേരി ടൂറിസം ഡവലപ്പ്മെൻ്റ് കോർപ്പറേഷന്റെ ബോട്ടിൽ വിനോദസഞ്ചാരികൾക്കായുള്ള യാത്രാപരിപാ ടിയുടെകന്നിയാത്രയായിരുന്നു അത്. ചരിത്രവും, മിത്തുകളും ഇഴചേർന്ന് കിടക്കുന്ന വെള്ളിയാങ്കല്ലിലേക്കുള്ള എന്റെ രണ്ടാമത്തെ യാത്ര. പുതുച്ചേരി മന്ത്രി ഇ. വത്സ രാജ് മയ്യഴി അഴിമുഖത്ത് നിന്ന് പച്ചകൊടി കാട്ടിയതോടെ ഞാനുൾപ്പെടെ മാധ്യമ പ്രവർത്തകരുൾപ്പെട്ട പത്തോളം പേർ കയറിയ ബോട്ട് നാൽപ്പത് കിലോമീറ്റർ അകലെ കടലമ്മയുടെ മടിത്തട്ടിൽ കിടക്കുന്ന വെള്ളിയാങ്കല്ലിനെ ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു.

അലമാലകളെ കീറിമുറിച്ച്, മുൻഭാഗം ഉയർന്നും പിൻഭാഗം ജലനിരപ്പിനെക്കാൾ താഴുന്നുമുള്ള ആ യാത്ര സാഹസികവും രസകരവുമായിരുന്നു. ഒരുവേള പിന്നിലേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ ഓർമ്മ വന്നത് കുട്ടിക്കാലത്ത് കേട്ട പുരാണകഥയായിരുന്നു. ഉണ്ണിക്കണ്ണനെ തലയിലേറ്റി, വസുദേവൻ നദി മുറിച്ച് കടന്നപ്പോൾ നദീജലം വഴി മാറിപ്പോയ സംഭവമായിരുന്നു അത്.

യാത്ര ഇരുപത് മിനിട്ട് പിന്നിട്ടപ്പോൾ അങ്ങകലെ കടലിന്റെ നീലിമയിൽ വെള്ളിക്കട്ടകൾ പോലെ വെട്ടിത്തിളങ്ങുന്ന വെള്ളിയാങ്കല്ല് കാണാനായി. ഉച്ചവെയിലിൽ വെള്ളിയാങ്കല്ലിന്റെ അവ്യക്ത രൂപം കണ്ണുകളിൽ തെളിഞ്ഞു വന്നു.

ചരിത്രത്തിന്റെ നാൾവഴികളിലൂടെ... മുകുന്ദൻ കഥകളിലൂടെ... വെള്ളിയാങ്കല്ല് മനസ്സിൽ രൂപപ്പെടുത്തിയ ഭയാനകവും വിസ്മയകരവും ഐതീഹ്യകരവുമായ ഒട്ടേറെ ചിത്രങ്ങൾ ഓർമ്മകളുടെ പരപ്പിൽ മനസ്സിൽ ഇളകിയാടാൻ തുടങ്ങി. വൈദേശിക മേധാവിത്വത്തിന് മലബാ റിലേക്കുള്ള കടൽ യാത്രയ്ക്ക് എന്നും പേടി സ്വപ്‌നമായിരുന്ന തന്ത്ര പ്രാധാന്യമുള്ള ആഴക്കടലിലെ ഒളിത്താവളം... കുഞ്ഞാലിമരയ്ക്കാരുടെ എണ്ണമറ്റ ഒളിയുദ്ധങ്ങൾക്ക് പോരാട്ടതന്ത്രങ്ങൾ മെനഞ്ഞ ധീരദേശാഭി മാനികളുടെ പോർമുഖം പോർത്തുഗീസുകാരെയും, ബ്രിട്ടീഷ്‌കാരെയും, ഫ്രഞ്ചുകാരെയും കിടിലം കൊള്ളിച്ച വെള്ളിയാങ്കല്ലിന്റെ ചരിത്ര ദൗത്യത്തെക്കുറിച്ചുള്ള വിരോതിഹാസം, തീരദേശവാസികളുടെ മനസ്സു വഴി ഇന്നും വിപ്ലവകവിതകൾ രചിക്കുന്നു.

മന്വന്തരങ്ങൾക്കപ്പുറത്തുനിന്നും കാതങ്ങൾ താണ്ടി ജൻമാന്തര ങ്ങളിലൂടെ കരയിലുള്ള വർക്ക് മിത്തും യാഥാർത്ഥ്യവുമായി കടലിൽ ഒരുകണ്ണീർക്കണം പോലെ കിടക്കുന്ന മുകുന്ദൻ കഥകളിലെ വെള്ളിയാ ങ്കല്ല് വിശ്വാസങ്ങളുടെയും ആചാരാനുഷ്‌ഠാനങ്ങളുടെയും കേന്ദ്രബിന്ദുവാണ്. മയ്യഴി കടലോരത്തെ മൂന്ന് കുറുംബ ഭഗവതി ക്ഷേത്രങ്ങളുടെയും ആരൂഢമാണിവിടം. മയ്യഴിയിൽ ജനിച്ച് മരിച്ച എണ്ണമറ്റ മനുഷ്യരുടെ ആത്മാക്കൾ സുഖനിദ്രകൊള്ളുന്ന പ്രേതഭൂമിക... ഒക്ടോബറിന്റെ പെ രുന്നാൾ വേളകളിൽ ആത്മാവുകൾ തുമ്പികളായി വെള്ളിയാങ്കല്ലിൽ നിന്ന് മയ്യഴിയിലേക്ക് എത്തുന്നുവെന്നാണ് വിശ്വാസം. കർക്കിടകവാവിന് മത്സ്യതൊഴിലാളികൾ അരിയുണ്ട നിർമ്മിച്ച് നിവേദ്യപൂജ നടത്തുന്ന തർപ്പണകേന്ദ്രം..കടലോര ഭവനങ്ങളിൽ സ്ത്രീകൾ തിരണ്ടിയാൽ വീട്ടി ലുള്ളവർ ഇവിടെ പോകാറില്ല. ആചാരാനുഷ്‌ഠാനങ്ങൾ കണിശമായി പാലിക്കുന്ന മത്സ്യതൊഴിലാളികളുടെ ഹൃദയത്തിൽ ആത്മീയതയുടെ ആഴത്തിലുള്ള വിശ്വാസമാണ് വെള്ളിയാങ്കല്ല് പകർന്ന് നൽകുന്നത്. കർക്കിടകവാവിന് ഇവിടെ ബലിതർപ്പണം കഴിഞ്ഞാണ് ഓരോ വർഷവും കടലിന്റെ മക്കൾ മത്സ്യബന്ധനം ആരംഭിക്കുന്നത്.

വെള്ളിയാങ്കല്ലിന് മീതെ മാനത്ത് മിന്നി മറയുന്ന ഉൽക്കകൾ മയ്യ ഴിയുടെ പഴമക്കാരെ സംബന്ധിച്ചിടത്തോളം വായിൽ മരതകക്കല്ലുമായി വെള്ളിയാങ്കല്ലിലേക്ക് ഇണചേരാൻ പോകുന്ന സർപ്പങ്ങളാണ്. പൂവ ണിയാത്ത മോഹങ്ങളുമായി കത്തിനിന്ന യൗവ്വനത്തിൽത്തന്നെ ഈ ലോകത്തോട് യാത്രപറഞ്ഞ 'മയ്യഴിപ്പുഴയുടെ തീരങ്ങളിലെ' പ്രണയ ജോഡികളായ ദാസനും ചന്ദ്രികയും തുമ്പികളായി പറന്നു നടക്കുന്നത് വെള്ളിയാങ്കല്ലിലാണ്.

മനസ്സിൽ ഓരോരോ കഥകൾ വേലിയേറ്റവും വേലിയിറക്കവും തീർക്കവേ, ആഴക്കടലിൽ മത്സ്യം പിടിക്കുന്ന ബോട്ടുകാർ കൈവീശി, യാത്രാമംഗളം ചൊരിഞ്ഞു. തിരകളടങ്ങി. കടൽ തീർത്തും ശാന്തമായി... ഒപ്പം മനസ്സും. കുറച്ച് കൂടി മുന്നോട്ട് പോയപ്പോൾ ഡോൾഫിനുകൾ കൂട്ടത്തോടെ മുകളിലേക്ക് ചാടി നടനമാടുന്നത് കൗതുക കാഴ്ച്‌ചയായി.

ഉച്ചവെയിലിന്റെ ചൂട് കടൽക്കാറ്റിൽ അലിഞ്ഞില്ലാതായി. കടൽ ചുരങ്ങ് മനം പുരട്ടലുണ്ടാക്കിയെങ്കിലും, ചിന്തകളെ വീണ്ടും വെള്ളി യാങ്കല്ലിലേക്ക് തന്നെ പായിച്ചു. യാത്ര ഒരു മണിക്കൂർ പിന്നിട്ടപ്പോൾ വെള്ളിയാങ്കല്ല് ഞങ്ങളോട് കൂടുതൽ അടുത്ത് വന്നു.

സമുദ്രനിരപ്പിൽ നിന്ന് അമ്പതടി ഉയർന്ന് നിൽക്കുന്ന ഈ പാറക്കെട്ടുകൾ വെണ്ണക്കല്ലായാണ് തോന്നിയത്. കാക്കകളില്ലെങ്കിലും പലതരം കടൽപക്ഷികളും ദേശാടനപറവകളും ഇവിടെ വട്ടം കറങ്ങുന്നു. രാത്രികാലമായാൽ നീർനായകൾ കൂട്ടത്തോടെ പാറക്കെട്ടുകളിലേക്ക് കയറി വരുമെന്ന് ബോട്ട് ഡ്രൈവർ അശോകൻ പറഞ്ഞു. നീലജലാശയം പോലെ തോന്നിച്ച ആഴക്കടലിൽ ഡോൾഫിനുകളുടെ വകഭേദങ്ങളായ കൂറ്റൻ മത്സ്യങ്ങൾ നയനമനോഹര കാഴ്‌ചതന്നെയാണ്. മത്സ്യപ്രേമികൾക്ക് ലഹരിയായ പയന്തി,വളോട്, കല്ലുമ്മൽപാര തുടങ്ങിയ മത്സ്യങ്ങളും ഇവിടെ സുലഭമാണ്.

ബോട്ട് ഏതാണ്ട് അടുത്തെത്താറായി ഇപ്പോൾ എല്ലാം വ്യക്തം. വെള്ളിയാങ്കല്ലിനുമപ്പുറം ഏറെ അകലയല്ലാതെ കടന്നുപോകുന്ന ചരക്കു

കപ്പൽ കാണാനായി. ബോട്ട് വെള്ളിയാങ്കല്ലിനെ വലംവെച്ചു. വെള്ളി യാങ്കല്ലിന് ചുറ്റും എട്ട് 'കുട്ടിപാറ'കളുണ്ട്. വെള്ളിയാങ്കല്ലിന് കടലിൽ പ്രദക്ഷിണം ചെയ്യുമ്പോൾ ഭീകരതയുടെയും, വിഹ്വലതകളുടെയും പ ലവിധ രൂപ സാദൃശ്യങ്ങൾ നമ്മുടെ മനസ്സിൽ' തെളിഞ്ഞു വരും. നൂറ്റാ ണ്ടുകളായി കടൽ പക്ഷികളുടെ കാഷ്‌ഠം പതിഞ്ഞ് കറുത്തപാറക്കെട്ടുകൾക്ക് വെളുത്ത മേലാവരണം കൈവന്നിരിക്കുന്നു.

വെള്ളിയാങ്കല്ലിലേക്ക് കയറിപ്പറ്റാൻ തിരകളൊഴിഞ്ഞ പാറകൾ തേടിയുള്ള പ്രദക്ഷിണം മനസ്സിൽ കോറിയിട്ട ചിത്രങ്ങൾക്ക് ഭീകരത യുടെ നിറമാണുള്ളത്. ഭയാനകമായ ഒരു തലയോട്ടിയെ ദ്യോതിപ്പി ക്കുന്ന കൂറ്റൻ 'തലയോട്ടിക്കല്ല്', രണ്ട് പടുകൂറ്റൻ പാറക്കല്ലുകൾക്ക് മീതെ മറ്റൊന്ന് ചേർത്ത് വെച്ചതുപോലെയുള്ള 'എടുത്തുവെച്ചകല്ല്' (ഇക്കഴിഞ്ഞ സുനാമിയിൽ മുകളിലേത്തെ കല്ല് വീണ്‌ പോയി) 'കുടക്കല്ല്' ആമയുടെ പുറം തോട് പോലെ വെള്ളത്തിൽ പരന്നുകിടക്കുന്ന 'ആമക്കല്ല്' തുടങ്ങി യവ ആരിലും കൗതുകമുണർത്തും. പടുകൂറ്റൻ പാറകൾക്കിടയിൽ ഒരേ സമയം ഇരുന്നൂറോളം പേർക്കെങ്കിലും വെയിലും, മഴയും കൊള്ളാതെ ഇവിടെ കഴിച്ചുകൂട്ടാനാവും. പാറക്കെട്ടുക്കിൾക്കിടയിൽ പ്രകൃത്യായുള്ള ശുദ്ധജലതടാകവുമുണ്ട്. ഇതിൽ വിചിത്രങ്ങളായ ഒട്ടേറെ മത്സ്യങ്ങളേയും കാണാം.

വൈദേശിക ഭരണ കാലത്ത് രാത്രിയിൽ കടലിൽ നങ്കൂരമിട്ട ശത്രു ക്കളുടെ കപ്പലാണെന്ന് തെറ്റിധരിച്ച്, വെള്ളിയാങ്കല്ലിന് നേരെ ബ്രിട്ടീഷു കാർ തുടർച്ചയായി പീരങ്കിയുണ്ട ഉതിർത്തത് തുളഞ്ഞ് കയറി പാറകൂട്ടങ്ങളിൽ ചിലതിനെ നിറയെ വസൂരികല പോലെ വികൃതമാക്കിയിട്ടുണ്ട്.

താരതമ്യേന തിരയൊഴിഞ്ഞ പടിഞ്ഞാറ് ഭാഗത്ത് കൂടെയാണ് ഞങ്ങൾ വെള്ളിയാങ്കല്ലിലേക്ക് കയറാൻ തീരുമാനിച്ചത്. വേലിയിറക്കങ്ങളിൽ മാത്രം ദൃശ്യമാകുന്ന പാറക്കൂട്ടങ്ങളിലൂടെ അതിവേഗം നടന്നു വേണം സാഹസികമായി വെള്ളിയാങ്കല്ലിലെത്താൻ. കത്തിമുനപോലെ മൂർച്ചയുള്ള 'മുരു' എഴുന്നു നിൽക്കുന്ന പാറകൂട്ടങ്ങളിലൂടെ നഗ്നപാദ രായി നടന്നാൽ കാലിൽ ആഴത്തിൽ മുറിവേറ്റത് തന്നെ.

ഞങ്ങൾക്കൊപ്പമുള്ള നീന്തൽ വിദഗ്‌ധരായ ബോട്ട് ജീവനക്കാരുടെ നിർദ്ദേശാനുസരണം ഞാനും സുഹൃത്ത് ന്യൂഇന്ത്യാ ഇൻഷൂറൻസ് മാനേജർ എം.പി. ശിവ ദാസും അതിവേഗം പാറക്കെട്ടുകൾ മറി കടന്ന് വെള്ളിയാങ്കല്ലിന്റെ താഴെതട്ടിൽ അള്ളിപ്പിടിച്ചു നിന്നു. ഇവിടെ നിന്ന് വേണം സാഹസികമായി പാറക്കെട്ടുകൾക്ക് മുകളിലേക്ക് നുഴഞ്ഞ് കയറാൻ.

കടലിന് അസ്വാഭാവികത ഒന്നുമുണ്ടായിരുന്നില്ല. മറ്റുള്ളവർ ബോട്ടിൽ നിന്നിറങ്ങാൻ ശ്രമിക്കവേ ബോട്ട് ജീവനക്കാർ ഞങ്ങളെ നോക്കി ഉറക്കെ വിളിച്ചുപറഞ്ഞു. “പുരുഷുവേട്ടാ കടലിലേക്ക് ചാടിക്കോ, ചാടിക്കോ..." കാരണമെന്തെന്നറിയാതെ ഞങ്ങൾ പകച്ചു നിന്നുപോയി. കണ്ണുചിമ്മി തുറക്കുന്ന മാത്രയിൽ ഒരു തെങ്ങോളം ഉയരത്തിൽ ആയിരം നാവുള്ള അനന്തനെപോലെ സംഹാരരൂപിയായെത്തിയ പടുകൂറ്റൻ തിര മാലക്കുള്ളിൽ ഞാൻ അകപ്പെട്ടിരുന്നു. ശക്തമായ അടിയൊഴുക്കിൽ ഏതാണ്ട് 110 കിലോമീറ്റർ വേഗതയിലാണ് കാലുകൾ മുന്നിലും തല പിറകിലുമായി ഞാൻ ഒഴുകിപോയത്. കൈകാലുകൾ ഒന്നിളക്കാൻ പോലും ആയില്ല. ശ്വാസതടസ്സം കൂടിക്കൂടി വന്നു. കണ്ണുകളടച്ചു... ഒരു മാത്ര വീടിനെക്കുറിച്ച് ഓർത്തുപോയി... മരണത്തെ മുഖാമുഖം കണ്ട നിമിഷം...

മൃതപ്രായമായി കിടക്കവേ പെട്ടെന്ന് ശ്വാസം തിരിച്ച് കിട്ടിയതു പോലെ ഒരാശ്വാസം. വിശ്വസിക്കാനായില്ല. ഒന്നര കിലോമീറ്റർ അകലെ ജലനിരപ്പിൽ ഞാൻ പൊങ്ങിക്കിടക്കുന്നു നീന്താനറിയാമെങ്കിലും രക്ഷകനായെത്തിയത് ലൈഫ്‌ജാക്കറ്റ്. അകലെ നിന്നും മുങ്ങിപ്പോയ എന്നെ കണ്ട ബോട്ട് അതിവേഗം കുതിച്ചെത്തി. അശോകൻ കടലിലേക്കെടുത്ത് ചാടി. രണ്ട് മാസം മുമ്പ് ഉണ്ടായ ഒരു ബൈക്ക് അപകടത്തിൽ കൈയെല്ല് പൊട്ടിയിരുന്ന എന്നെ സാഹസപ്പെട്ടാണ് ബോട്ടിൽ കയറിയത്.

ദേഹമാസകലം "മുരു'കൊണ്ടുള്ള മുറിപ്പാടുകളായിരുന്നു. കടലിൽ പൊങ്ങിക്കിടക്കുമ്പോൾ വെളുത്ത കാലടികൾ അകലെയുള്ള കൂറ്റൻ സ്രാവുകളെപ്പോലും ആകർഷിക്കുമെന്നും, തിരമാലകൾക്കിടയിൽപ്പെട്ട് പാറയിടുക്കുകളിൽ കുടുങ്ങിപ്പോയാൽ രക്ഷപ്പെടുന്ന പ്രശ്‌നമില്ലെന്നും അശോകൻ പറഞ്ഞപ്പോഴാണ് അപകടത്തിൻ്റെ ആഴമെന്തെന്ന് എനിക്ക് ബോധ്യമായത്.

അതിനിടെ എന്നോടൊപ്പം ബോട്ടിൽ നിന്നിറങ്ങിയിരുന്ന ശിവ ദാസ് തിരമാലക്കൾക്കിടയിൽപ്പെട്ട് മറ്റൊരു പാറയിലേക്ക് വലിച്ചെറിയ പ്പെട്ടിരുന്നു. ഇടിയുടെ ആഘാതത്തിൽ ദേഹമാസകലം സാരമായി പരിക്കേറ്റിരുന്നു.

ദുരന്തം യാത്രാസംഘത്തെയാകെ ഞെട്ടിച്ചുകളഞ്ഞു. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനുള്ള ചിന്തമാത്രമെ മറ്റുള്ളവർക്കുണ്ടായുള്ളു. പുതുച്ചേരി വിനോദസഞ്ചാര വകുപ്പിൻ്റെ കന്നിയാത്ര ഒടുവിലത്തെ യാത്രയായി പര്യവസാനിക്കുകയാHരുന്നു.

മാഹിയിലെ പ്രശസ്ത ഫുട്ബോൾ താരമായ അശോകൻ പോണ്ടിച്ചേരി സംസ്ഥാന സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ പോണ്ടിച്ചേരിയുടെ ചരിത്രത്തിൽ ആദ്യമായി ജേതാക്കളായ മാഹി റീജിയണൽ ഫുട്ബോൾ ടീം അംഗവും, മാഹി സ്പോർട്സ് ക്ലബ്ബ്, മൈതാനം ബ്രദേഴ്സ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞ താരവുമാണ് 

മികച്ച അത്‌ലറ്റ് കൂടിയായ അശോകൻ പോണ്ടിച്ചേരി സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിൽ 800 മീറ്റർ,1500 മീറ്റർ ,400 മീറ്റർ എന്നീ ഇനങ്ങളിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിയ കായിക താരമാണ്.

നിലവില്‍ എസ് എം എഫ് എ യുടെ സെക്രട്ടറിയാണ്


kj

ഫോട്ടോ: പി.അശോകൻ.

ഇന്ത്യൻ എക്സ്പ്രസ്സ് വാർത്ത


lahay

ലഹരി വിരുദ്ധ ഫ്ലാഷ് മോബ് നടത്തി


തലശ്ശേരി: കെൽസയുടെ ആഭിമുഖ്യത്തിൽ സേ നോ ടു ഡ്രഗ്സ് "എന്ന സന്ദേശവുമായി ലോക ലഹരി വിരുദ്ധ ദിനചാരണത്തിന്റെ ഭാഗമായി താലൂക്ക് നിയമ സേവന കമ്മിറ്റിയുടെ നേതൃത്വത്തിൽ തലശ്ശേരിയുടെ ഐക്യ നിര തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിലും,

 റെയിൽവേ സ്റ്റേഷനിലും ഫ്ലാഷ് മോബ് നടത്തി.

    നമ്മുടെ നാട് നവോത്ഥാനത്തിന്റ സൂര്യ ശോഭയിൽ ജ്വലിച്ചു കൊണ്ടിരിക്കുബോഴും, ഭാവി വാഗ്ദാനങ്ങളാ വേണ്ട യുവ തലമുറ സാസ്ക്കാരിക കേരളത്തിന്നപമാന മാകും വിധം മയക്കു മരുന്നുകളുടെ നീരാളി പിടുത്തത്തിലമർന്ന് പോകുന്നതിൻ്റെ ദൃശ്യാവിഷ്ക്കാരവുമായാണ് പ്രതിരോധ കാഹളവു മായി "ഫ്ലാഷ് മോബ്" ഐഖ്യ നിര അവതരിപ്പിച്ചത്. ആശാസുധീർ, എം എംശ്രീകല, കെ.പി.ശ്രീകല , ജെസ്സി, സുഷമ, രോഷിത, കെ.ഹരിദാസൻ, രാഘവൻ എന്നിവർ അരങ്ങിൽ നിറഞ്ഞുനിന്നു.


ചിത്രവിവരണം: തലശ്ശേരിയിൽ ഫ്ലേഷ് മോബ് അവതരിപ്പിക്കുന്നു.


fgh

ജാനകി നിര്യാതയായി.

എരുവട്ടി 

കാപ്പുമ്മൽ ദിനേശ് ബീഡി ക്ലബ്ബിനു സമീപം ചെരിച്ചൽ വീട്ടിൽ വെളുവക്കണ്ടി ജാനകി (81) നിര്യാതയായി. സംസ്കാരം ബുധൻ രാവിലെ പത്തിന് പന്തക്കപ്പാറ പ്രശാന്തിയിൽ. അച്ഛൻ: പരേതനായ കേളൻ. അമ്മ: മാണിക്യം. സഹോദരങ്ങൾ: മാധവി (പാച്ചപ്പൊയ്ക), പരേതരായ അനന്തൻ, ഗോപാലൻ, നാണി 



whatsapp-image-2025-07-02-at-21.42.12_f01eceff

ലക്ഷ്മണൻ നിര്യാതനായി


തലശ്ശേരി:എടത്തിലമ്പലത്തിന് സമീപം അഖിൽ നിവാസിൽ പൂവാടൻ ലക്ഷമണൻ (91) നിര്യാതനായി

ഭാര്യ :പങ്കജാക്ഷി മക്കൾ: അരുൺ കുമാർ, അജിത്ത്, അനൂപ്, അഖിൽ . പരേതനായ അനിൽ മരുമക്കൾ: പ്രവീണ, വിജിന


hjk

സുരേഷ് നിര്യാതയായി

മാഹി: ഇടയിൽ പീടിക പ്രിയദർശിനി ബസ് സ്റ്റോപ്പിന് സമീപം തുണ്ടിയിൽ സുരേഷ് (66) നിര്യാതയായി

അച്ഛൻ: പരേതനായ ഞള്ളിൽ കുറുങ്ങാര കൃഷ്ണൻഅമ്മ :പരേതയായ കുനിയിൽ കാരായി മാധവിഭാര്യ :സുമതി ( കുന്ദാപുരം)

മക്കൾ :സുരഭി (മുംബൈ),സുഭാഷ്

മരുമകൻ :നിധിൻ ജയരാജ് (ദുബായ്)സഹോദരങ്ങൾ: കമല, ജനാർദ്ധനൻ (ബാബു ), സരള ( കൊപ്പരക്കളം), രവീന്ദ്രൻ ( ചമ്പാട് ), ഷീജ (മഠത്തും ഭാഗം), മുരളീധരൻ (പി.എം മുക്ക് ചമ്പാട് ) 

  സംസ്ക്കാരം ഇന്ന് 03/07/2025 വ്യാഴാഴ്ച്ച രാവിലെ 8.30 ന് മാഹി വാതക ശ്മശാനത്തിൽ


whatsapp-image-2025-07-02-at-21.42.55_a4632b07

പൂന്തോട്ടം നിർമിച്ചു നൽകി


തലശ്ശേരി: തലശ്ശേരി മിഡ് ടൗൺ ലയൺസ് ക്ലബ്ബ് തലശ്ശേരി റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോം പരിസരത്ത് പൂന്തോട്ടം നിർമിച്ചു നൽകി. ലയൺസ് ക്ലബ്ബ് സേവന ദിനത്തിൻ്റെ ഭാഗമായായിരുന്നു ഇത്. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത ഉദ്ഘാടനം ചെയ്തു. മനോഷ് രാജൻ അധ്യക്ഷത വഹിച്ചു. റെയിൽവെ കമേഴ്സ്യൽ സൂപ്പർവൈസർ പ്രഭാവതി, ബോബി സഞ്ജീവ്, ടി. സി. സുരേഷ് ബാബു, സുധീർ കുമാർ, പ്രദീപ് കുമാർ, പി. മഹേഷ്, കെ. എം. സുമേഷ് എന്നിവർ പങ്കെടുത്തു.

സേവന ദിനത്തിൻ്റെ ഭാഗമായി തിരുവങ്ങാട് ഗവ. എച്ച്. എസ്. എസിൽ നടന്ന ട്രാഫിക് ബോധവൽക്കരണ പരിപാടിയിൽ റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ ബിന്ദു രാജ് ക്ലാസെടുത്തു. ഡോക്ടേഴ്സ് ദിനത്തിൻ്റെ ഭാഗമായി ഡോ. ജയലക്ഷ്മിയെയും ചാർട്ടേർഡ് അക്കൗണ്ടൻ്റ് ദിനത്തിൻ്റെ ഭാഗമായി ചാർട്ടേർഡ് അക്കൗണ്ടൻ്റ് മുഹമ്മദ് അൻവർ ഹനീഫിനെയും ആദരിച്ചു


.ചിത്ര വിവരണം:തലശ്ശേരി മിഡ് ടൗൺ ലയൺസ് ക്ലബ്ബ് തലശ്ശേരി റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോം പരിസരത്ത് നിർമ്മിച്ച പൂന്തോട്ടം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത ഉദ്ഘാടനം ചെയ്യുന്നു.

തനിയെ ഓടിയ കാറിൽ ഓടിക്കയറി യുവാവ് ബ്രേക്കിട്ട് നിർത്തി അപകടമൊഴിവാക്കി 


തലശ്ശേരി: റോഡരികിൽ അലക്ഷ്യമായി നിർത്തി; ഡ്രൈവർ ഇറങ്ങിപ്പോയ കാർ തനിയെ ഓടി. അപകടം മുന്നിൽ കണ്ട മാധ്യമ പ്രവർത്തകൻ പിറകെ ഓടി സാഹസികമായി കാറിനുള്ളിൽ ചാടിക്കയറി ബ്രേക്കിട്ടു നിർത്തി ' വാഹനത്തിരക്കൊഴിയാത്ത എൻ.സി.സി. ബൈപാസ് റോഡിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭ്രമജനകമായ സംഭവം അരങ്ങേറിയത്.മാധ്യമ പ്രവർത്തകനായ രാഗിൽ ചന്ദ്രൻ ,ബൈപാസ് റോഡിലൂടെ പഴയ ബസ് സ്റ്റാന്റ് ലഷ്യമാക്കി തന്റെ ഇരുചക്ര വാഹനത്തിൽ വരുന്നതിനിടയിലാണ് റോഡ് കുറുകെ, ഡ്രൈവറില്ലാത്ത ഒരു കാർ ഓടുന്നത് കണ്ടത്. കാറിനകത്ത് മുൻ സീറ്റിൽ ഉണ്ടായിരുന്നവയോധികൻ വെപ്രാളപ്പെടുന്നതും ശ്രദ്ധയിൽ പെട്ടതോടെ തന്റെ സ്കൂട്ടർ പെട്ടെന്ന് നിർത്തിയിട്ട ശേഷം രാഗിൽ കാറിന് പിറകെ ഓടി. മറ്റ് വാഹനങൾക്ക് അപകട സിഗ്നലും നൽകിയായിരുന്നു ഓട്ടം. വൈകാതെ അതിസാഹസികമായി കാറിന്റെ ഡോർ തുറന്ന് അകത്ത് കയറി വാഹനം ബ്രേക്കിട്ട് ഒതുക്കി നിർത്തുകയായിരുന്നു. 


whatsapp-image-2025-07-02-at-21.43.16_33d96eb1

ലോമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു


തലശ്ശേരി നഗരസഭ തിരുവങ്ങാട് വാർഡിൽ കുഞ്ഞിക്കണ്ടി ജംഗഷനിൽ സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റ് നഗരസഭ ചെയർപേഴ്സൺ കെ.എം ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് കൗൺസിലറും വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സനുമായ എൻ. രേഷ്മ അദ്ധ്യക്ഷത വഹിച്ചു.പി.സി നിഷാന്ത് ,തഫ്ളീഠമാണിയാട്ട് സംസാരിച്ചു


ചിത്രവിവരണം:നഗരസഭ ചെയർപേഴ്സൺ കെ.എം ജമുനാ റാണി ടീച്ചർ ലോ മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

കതിരൂർ വില്ലേജ് ഫീസ് ഇനി സ്മാർട്ട് ഓവില്ലേജ്ഓഫീ സ്. 


 തലശ്ശേരി: കതിരൂരിൽ 44 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നാടിന് സമർപ്പിച്ചു.

ശിലാഫലകം അനാഛാദനം സ്പീക്കർ അഡ്വ എ എൻ ഷംസീർ നിർവഹിച്ചു

 600 ഓളം വില്ലേജ്ഓഫീസുകൾ സ്മാർട്ട് ആയി മാറുന്ന അത്ഭുതകരമായമാറ്റത്തിലേക്ക് കേരളത്തിന്റെ റവന്യൂ മേഖല മാറുകയാണെന്ന് മന്ത്രി കെ. രാജൻ. ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

 കേരളത്തിന്റെ സർവ്വേ സൊല്യൂഷൻ ഇന്ത്യ തന്നെ ശ്രദ്ധിച്ച ഏറ്റവും സുതാര്യവും വേഗതയിലുമുള്ള സർവ്വേ സൊല്യൂഷൻ ആണെന്ന് ഭൂപരണത്തിൽ കേരളം ഇന്ത്യക്ക് മാതൃകയാക്കുന്നും 

ഡിജിറ്റൽ സംവിധാനങ്ങളിൽ കോർത്തിണക്കിയ ഒരു ഭൂഭരണം മോഡൽ കേരളത്തിൽ സാധ്യമാക്കാൻ സാധിച്ചത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.

 റവന്യൂ വകുപ്പിൽ വിപ്ലവകരമായ മാറ്റം നടക്കുമ്പോൾ, ഏറ്റവും പ്രകടമായി കാണേണ്ടത് പൂമുഖ പടിവാതിൽ ആയ റവന്യൂ വകുപ്പിന്റെ അടിസ്ഥാന ഘടകങ്ങളായ വില്ലേജ് ഓഫീസുകളിൽ നിന്നുമാണെന്നും തിരിച്ചറിവോടെയാണ് വില്ലേജുകളെ ജനങ്ങളുടെ പ്രശ്നങ്ങൾ എത്രയും വേഗത്തിൽ പരിഹരിക്കാൻ വേണ്ടി സ്മാർട്ട് വില്ലേജുകളായി മാറ്റുന്നതെന്നും മന്ത്രി പറഞ്ഞു 

 കതിരൂർ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ 

നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അധ്യക്ഷത വഹിച്ചു..

 എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എന്നത് അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാക്കുകയാണ് റവന്യൂ വകുപ്പ് എന്നും സാങ്കേതിക നൂലാമാലകൾ പൂർണമായും പരിഹരിച്ച് എല്ലാ സേവനങ്ങളും ലളിതവൽക്കരിക്കുകയാണ് സ്മാർട്ട് വില്ലേജിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്പീക്കർ പറഞ്ഞു.

 പുതിയ ഓഫീസ് കെട്ടിടങ്ങളിൽ സ്മാർട്ട് ആക്കുന്നതിലൂടെ ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ വളരെ വേഗത്തിൽ ലഭിക്കും. 

 വെയ്റ്റിംഗ് റൂം, ഓഫീസ് റൂം, ഓഫീസർ റൂം, ഡോക്യുമെൻറ് റൂം, ഡൈനിംഗ് ഹാൾ സൗകര്യങ്ങൾ എന്നിവയുൾക്കൊള്ളുന്നതാണ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം.

വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിനായി ഒന്നര സെന്റ് സ്ഥലം വിട്ടു നൽകിയ കെ. ഷൈമ, നിർമ്മാണ പ്രവർത്തി പൂർത്തീകരിച്ച കരാറുകാരൻ ഫൈസൽ എന്നിവർക്കുള്ള ഉപഹാരം നിയമസഭാ സ്പീക്കർ ഷംസീർ നൽകി

തലശ്ശേരി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി തയ്യിൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

എ ഡി എം കല ഭാസ്കർ,

തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, തലശ്ശേരി തഹസിൽദാർ എം വിജേഷ്,കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി സനിൽ, പുത്തലത്ത് സുരേഷ് ബാബു, എം എസ് നിഷാദ്, എംപി അരവിന്ദാക്ഷൻ, ബഷീർ ചെറിയാണ്ടി , കെ രജീഷ്,വി സത്യാലാൽ, സംസാരിച്ചു


വധശ്രമക്കേസില്‍ സി. പി എം പ്രവര്‍ത്തകര്‍ക്ക് 18 വർഷം തടവും 42000 രൂപ വീതം പിഴയും


തലശ്ശേരി :ബി.ജെ.പി പ്രവർത്തകരായ സഹോദരങ്ങളെ.വധിക്കാൻ ശ്രമിച്ച കേസില്‍ സി. പി എം പ്രവര്‍ത്തകരെ വിവിധ വകുപ്പുകളിലായി 18 വർഷവും ഒരു മാസവും തടവിനും 42000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു.

 ഇരിവേരി മുതുകുറ്റി ചാലില്‍ പൊയില്‍ വീട്ടില്‍ സി. പി രഞ്ജിത്ത്(30), സഹോദരന്‍ സി. പി രജീഷ്(28) എന്നിവരെ ബൈക്കില്‍ യാത്രചെയ്യവെ മുതുകുറ്റിയില്‍ വെച്ച് അക്രമിച്ചു കൊലപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്ന കേസിലാണ് 12 സി. പി. എം പ്രവര്‍ത്തകരെ കോടതി ശിക്ഷിച്ചത്. 2015 ഫിബ്രവരി 25 ന് രാവിലെ 8.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത്, ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തലയ്ക്കും കൈക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും വലത് കൈപ്പത്തി അറ്റു തൂങ്ങിയ നിലയിലുമായിരുന്നു. രണ്ടാം പ്രതി തലവില്‍ ചെമ്പിലോട് സ്വദേശി ലിജിന്‍(33), മൂന്നാം പ്രതി തലവില്‍ ചാലില്‍ പറമ്പത്ത് ഹൗസില്‍ വിജില്‍(39), നാലാം പ്രതി തലവില്‍ കുനിമേല്‍ ഹൗസില്‍ സുധി(44), അഞ്ചാം പ്രതി മൗവ്വഞ്ചേരി കണ്ണോത്ത് ഹൗസില്‍ മിഥുന്‍(32), ആറാം പ്രതി കണയന്നൂര്‍ മുക്കണ്ണന്‍മാര്‍ ഹൗസില്‍ ഷിനോജ്(38), ഏഴാം പ്രതി കണയന്നൂര്‍ പാടിച്ചാല്‍ ഹൗസില്‍ സായൂജ്(35), എട്ടാം പ്രതി ചെമ്പിലോട് പീടികക്കണ്ടി ഹൗസില്‍ ഹാഷിം എന്ന ബ്രോക്കര്‍ ഹാഷിം(45) ഒമ്പതാം പ്രതി ഇരിവേരി ഈയ്യത്തുംചാലില്‍ ഹൗസില്‍ ഷിനാല്‍(33), പത്താം പ്രതി തലവില്‍ കുളങ്ങരമഠത്തില്‍ ഹൗസില്‍ സുബിന്‍(37), പതിനൊന്നാം പ്രതി ചെമ്പിലോട് രമ്യ നിവാസില്‍ രാഹുല്‍(32), പന്ത്രണ്ടാം പ്രതി ചെമ്പിലോട് ലക്ഷം വീട് കോളനിയിലെ റനീഷ്(36), പതിമൂന്നാം പ്രതി ചെമ്പിലോട് വിനീത് നിവാസില്‍ പറമ്പത്ത് വിനീത്(37) എന്നിവരെയാണ് ശിക്ഷിച്ചത് ' ഒന്ന്, ഒൻപത്, പതിനൊന്ന് പ്രതികൾ ഒളിവിലായതിനാൽ പ്രത്യേകം പരിഗണിക്കും. പിഴയൊടുക്കിയാൽ 4 ലക്ഷം രൂപ പരിക്കേറ്റ രഞ്ചിത്തിന് നൽകണം.

ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.

അഡീഷണല്‍ സെഷന്‍സ് കോടതി (3) ജഡ്ജി റൂബി കെ. ജോസാണ്  കേസിലെ ഒന്നാം പ്രതി വിനു വിചാരണ വേളയില്‍ ഹാജരാവാത്തതിനാല്‍ കേസ് പിന്നീട് പ്രത്യേകം പരിഗണിക്കും. 9, 11 പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. പതിനൊന്നാം പ്രതി രാഹുല്‍ ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്യുകയാണ്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ രൂപേഷാണ് ഹാജരായത്.


whatsapp-image-2025-07-02-at-21.45.47_00fdb43f

കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തുന്നു

തലശ്ശേരി ടെമ്പിൾഗേറ്റ് പുലിക്കോട്ട് റോഡിൽ ശാന്താ നിവാസിൽ എം കെ സഞ്ജയ് കുമാറിന്റെ കിണറ്റിൽ വീണ പശുവിനെ തലശ്ശേരി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തുന്നു


whatsapp-image-2025-07-02-at-21.48.12_684a0d0b

പി കെ ഇബ്രാഹിം ഹാജി പ്രസിഡണ്ട്, സി എ അബൂബക്കർ ജനറൽ സെക്രട്ടറി


തലശ്ശേരി : കണ്ണൂർ ഡിസ്ട്രിക്ട് ലജ്നത്തുൽ ഇർഷാദ് സംഘം വാർഷിക ജനറൽ ബോഡിയോഗം നടത്തി. കമ്മിറ്റിക്ക് കീഴിലുള്ള പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിന് യു ജി സി നാക് എ ഗ്രേഡ് ലഭിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചവരെ യോഗം അഭിനന്ദിച്ചു. കോളേജിൽ പുതുതായി കൂടുതൽ കോഴ്സുകൾ അനുവദിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. 

കമ്മിറ്റിക്ക് കീഴിലുള്ള പാറാൽ ഡി ഐ യു പി സ്കൂൾ, പാറാൽ മാപ്പിള എൽ പി സ്കൂൾ, അൽഫിത്റ ഇസ്ലാമിക് പ്രീ - സ്കൂൾ എന്നീ സ്ഥാപനങ്ങളിൽ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും യോഗം തീരുമാനിച്ചു. പികെ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. റമീസ് പാറാൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വി ടി ഇർഷാദ് വാർഷിക വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. കേരള ഹൈക്കോടതി അഭിഭാഷകൻ അഡ്വ. എം കെ ഹസ്സൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.


whatsapp-image-2025-07-02-at-21.48.36_2557a05b

സി എ അബൂബക്കർ

പുതിയ ഭാരവാഹികളായി പി കെ ഇബ്രാഹിം ഹാജി (പ്രസിഡണ്ട്), കെ പി നജീബ്, ബാണോത്ത് അബൂബക്കർ, എം കെ താഹിർ (വൈസ് പ്രസിഡണ്ട്), സി എ അബൂബക്കർ (ജനറൽ സെക്രട്ടറി), പി പി മുസ്തഫ, വി പി മുഹമ്മദലി (ജോ: സെക്രട്ടറി)

whatsapp-image-2025-07-02-at-21.49.09_cbbd4e15_1751480823

വി ടി ഇർഷാദ്

വി ടി ഇർഷാദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.




ഏകദിന സാഹിത്യ ക്യാമ്പ് എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും


മാഹി: പള്ളൂർ വി.എൻ. പുരുഷോത്തമൻ ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസാചരണത്തോട് അനുബന്ധിച്ച് സ്കൂൾ ഭാഷാ ക്ലബ്ബും സീഡ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന സാഹിത്യ ക്യാമ്പ് വിഖ്യാത സാഹിത്യകാരൻ എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും.

കഥാകൃത്തും നോവലിസ്റ്റും പരിസ്ഥിതി പ്രവർത്തകനുമായ അംബികാസുതൻ മാങ്ങാട് മുഖ്യാതിഥിയാവും.

വൈസ് പ്രിൻസിപ്പൽ കെ.പ്രേമാനന്ദൻ അധ്യക്ഷത വഹിക്കും. മാഹി വിദ്യാഭാസ വകുപ്പ് മേലധ്യക്ഷ എം-എം. തനൂജ മുഖ്യഭാഷണം നടത്തും.

പിന്നണി ഗായകൻ എം. മുസ്തഫ മാസ്റ്റർ സംസാരിക്കും..

ക്യാമ്പ് ഡയറക്ടർക്കും. കെ.കെ. സ്നേഹ പ്രഭ സ്വാഗതവും സീനിയർ ടീച്ചർ എം.കെ. ബീന നന്ദിയും പറയും:

തുടർന്ന്

 വേണുദാസ് മൊകേരി, സി. നിഷാറാണി എന്നിവരുടെ നേതൃത്വത്തിൽ സാഹിത്യ ക്യാമ്പ് നടക്കും.

whatsapp-image-2025-07-02-at-21.40.17_2e75e918

സൗജന്യ നീന്തൽ പരിശീലനം തുടങ്ങി


മാഹി:ഡി.വൈഎഫ്.ഐ.മാഹി മേഖല കമ്മിറ്റി നടത്തി വരുന്ന സൗജന്യ നീന്തൽ പരിശീലനം നാലാം വർഷത്തിലേക്ക്‌..

കഴിഞ്ഞ വർഷം പരിശീലനം നേടിയവർക്കുള്ള സർട്ടിഫിക്കറ്റ്‌ വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ.സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി സനീഷ്‌, പി വി സച്ചിൻ, ഫിദ പ്രദീപ്, ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക്‌ എക്സിക്യൂട്ടീവ്‌ അംഗം കെ പി നൗഷാദ്‌‌, മേഖല സെക്രട്ടറി നിരജ്‌ പുത്തലം, പ്രസിഡന്റ്‌ സി ടി സുധീഷ്‌ സംസാരിച്ചു. നീന്തൽ പരിശീലകരെ അനുമോദിച്ചു.. തുടർന്ന് അപകടകങ്ങളെ നേരിടുവാനുള്ളപരിശീലനവും സംഘടിപ്പിച്ചു.



ചിത്രവിവരണം:ഡി.വൈ.എഫ്.ഐ.സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ ഉദ്ഘാടനം ചെയ്യുന്നു


loio

ധർമ്മടം ലയൺസ് ക്ലബ്ബ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.


തലശ്ശേരി: പുതിയ ലയണിസ്റ്റിക് വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ധർമ്മടം ലയൺസ് ക്ലബ്ബ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ലയൺ അന്നമ്മ കുര്യൻ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് 318 E സോൺ ചെയർപേഴ്സൺ ലയൺ നിത്യ റിച്ചു പാലയാട് ക്യാമ്പസിൽ ചെടികൾ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്നു മലബാർ കാൻസർ കെയർ സൊസൈറ്റി മെഡിക്കൽ ഓഫീസർ ഡോക്ടർ ഹർഷ ഗംഗാധരൻ, ചെറുപ്പകാലങ്ങളിൽ ക്യാൻസറിനെ ചെറുത്തു നിൽക്കാനുള്ള മാർഗങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു ധർമടം പ്രൈമറി ഹെൽത്ത്‌ സെന്റിരിലെ ഡോക്ടർമാരായ ഡോ: ദിൽനാഥ് കല്ലാട്ട്, ഡോ:നിമിഷ, ഡോ: അനുശ്രീ എ കരുൺ, ഡോ: എസ്.അനാമിക എന്നിവരെ ആദരിച്ചു.

എ.ടി.ടിഎഫ്. സ്ഥാപനത്തിന് പ്രമേഹരോഗ നിർണയതിനുള്ള കല്യാണി മെഡിക്കൽസ് സ്പോൺസർ ചെയ്ത ഗ്ളൂക്കോമീറ്റർ, അനുബന്ധ സ്ട്രിപ്സ് എന്നിവ വിതരണം ചെയ്തു.ചാർട്ടേർഡ് അക്കൗണ്ടന്റുമാരായ ലയൺ സി.എ. റെജീഷ് ടി കെ,ജെരാൾഡ് എന്നിവരെയും ആദരിച്ചു. ധർമടം സ്നേഹ കൂടിൽ സാമ്പത്തിക സഹായം നൽകി. തുടർന്ന് സുനിൽ പൊയിൽ എ.ടി.ടി.എഫ് വിദ്യാർത്ഥികൾക്ക് ട്രാഫിക് ബോധവത്കരണ ക്ലാസും, തലശ്ശേരി ഹെൽത്ത്‌ ഫിറ്റ്നസ് കോച്ച് പി.വി.സുധീഷ് ശരീരസംരക്ഷണത്തിനായുള്ളക്ലാസ്സുകളും, വ്യായാമപരിശീലനവും നൽകി. 

 പ്രിൻസിപ്പൽ ലയൺ ആർ. അയ്യപ്പൻ ഡിസ്ട്രിക്ട് ലിയോ കോർഡിനേറ്റർ ലയൺ പി.പി. സുധേഷ്‌ ,ലയൺ ടി.എം. ദിലീപ്കുമാർ ,, ലയൺ മേജർ പി ഗോവിന്ദൻ, ലയൺ സി.എം.ഷീജ, ലയൺ പി.ജെ കുര്യൻ സംസാരിച്ചു.

ധർമടം ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ ലയൺ അന്നമ്മ കുര്യൻ ചെടികൾ സോൺ ചെയർപേഴ്സൺ ലയൺ നിത്യ റിച്ചുവിന് കൈമാറുന്നു

വിദ്യാർത്ഥി പ്രതിഭകളെ അനുമോദിക്കുന്നു


മാഹി: അഖില ഭാരതിയ വിശ്വകർമ്മ മഹാസഭ മാഹി മേഖല 2025 മാർച്ച് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മാഹി മേഖലയിലെ വിശ്വകർമ്മജരായ മക്കളെ അനുമോദിക്കുന്നു അതിനായി അപേക്ഷ മാർക്ക് ലിസ്റ്റ് ഫോട്ടോ സഹിതം ജൂലായ് 25 ന് മുൻപായി . പ്രസിഡൻ്റ്, അഖില ഭാരതിയ വിശ്വകർമ്മ മഹാസഭ C/o ന്യു മാഹി വിശ്വകർമ്മ സംഘം ചെക്ക് പോസ്റ്റിന് സമീപം അഴീക്കൽ, പി.ഒ. ന്യു മാഹി 673311 എന്ന വിലാസത്തിൽ അയക്കേണ്ടതാണ് കുടുതൽ വിവരങ്ങൾക്ക് 9846225584 എന്ന നമ്പറിൽ ബന്ധപ്പെടണം


nishanth---copy---copy

kloi

പി .അശോകന് യാത്രയയപ്പ് നൽകി


മാഹി .മുപ്പത്തഞ്ച് വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നു വിരമിച്ച മാഹി പി.ടി.ഡി.സി. സീഗൾ (കഫെ) ഇൻ ചാർജ്ജ് പി. അശോകന് മാഹി സുധാകരൻ മാസ്റ്റർ മെമ്മോറിയിൽ ഫുട്ബോൾ അക്കാദമി യാത്രയയപ്പു നൽകി. അക്കാദമി പ്രസിഡന്റ് ജോസ് ബേസിൽ 

ഡിക്രൂസിന്റെ അദ്ധ്യക്ഷതയിൽ റിട്ടയർഡ് പി. ഡ.ബ്ല്യു. ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.. അഡീഷനൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി.കെ. വൽസരാജ്, അഡ്വ.ടി. അശോക് കുമാർ . മാഹി ഡപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ , സബ്ബ് ഇൻസ്പെക്ടർമാരായ റനിൽ കുമാർ , പി.പ്രദീപ്, 

ഉമേഷ് ബാബു, 

പ്രസാദ് വളവിൽ , രഞ്ജിത്ത് വളവിൽ , എന്നിവരും , അക്കാദമി ചീഫ് കോച്ച് സലീം.പി.ആർ, 

അജിത് വളവിൽ , റിട്ടയർഡ് മിലിട്ടറി ക്യാപ്റ്റൻ സുജിത്ത് വളവിൽ 

സുധേഷ് വളവിൽ . രാജീവൻ , എന്നിവർ നേതൃത്വം നൽകി. അജയൻ പൂഴിയിൽ സ്വാഗതവും, പോൾഷിബു നന്ദിയും പറഞ്ഞു


whatsapp-image-2025-07-03-at-07.26.42_edcb77f5

പത്മിനി നിര്യാതയായി


മാഹി: പന്തക്കൽ നവോദയ വിദ്യാലയത്തിന് സമീപം വണ്ട്യന്റവിട പദ്മിനി (73) നിര്യാതയായി. ഭർത്താവ് പരേതനായ വിജയൻ. മക്കൾ: ജയേഷ്, ജനീഷ, ജസ്‌ന. മരുമക്കൾ: അനിൽ കുമാർ (ഗോണിക്കുപ്പ), രാരിഷ് (വടകര) സഹോദരങ്ങൾ പ്രമീള, രജിത, മുരളീധരൻ (റിട്ട. ജീവനക്കാരൻ പള്ളൂർ വി.എൻ.പി.ഗവ.ഹയർ സെക്കൻ്ററി സ്കൂൾ)


മാഹി: പന്തക്കൽ നവോദയ വിദ്യാലയത്തിന് സമീപം വണ്ട്യന്റവിട പദ്മിനി (73) നിര്യാതയായി. ഭർത്താവ് പരേതനായ വിജയൻ. മക്കൾ: ജയേഷ്, ജനീഷ, ജസ്‌ന. മരുമക്കൾ: അനിൽ കുമാർ (ഗോണിക്കുപ്പ), രാരിഷ് (വടകര) സഹോദരങ്ങൾ പ്രമീള, രജിത, മുരളീധരൻ (റിട്ട. ജീവനക്കാരൻ പള്ളൂർ വി.എൻ.പി.ഗവ.ഹയർ സെക്കൻ്ററി സ്കൂൾ)


MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2