കൂട്ടുകാരി വെളിച്ചമേകി;മൗന നൊമ്പരങ്ങൾ കവിതകളായി:ചാലക്കര പുരുഷു

കൂട്ടുകാരി വെളിച്ചമേകി;മൗന നൊമ്പരങ്ങൾ കവിതകളായി:ചാലക്കര പുരുഷു
കൂട്ടുകാരി വെളിച്ചമേകി;മൗന നൊമ്പരങ്ങൾ കവിതകളായി:ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Jun 27, 11:30 PM
MANNAN

കൂട്ടുകാരി വെളിച്ചമേകി;മൗന

നൊമ്പരങ്ങൾ കവിതകളായി:ചാലക്കര പുരുഷു


മാഹി: സാഹിത്യത്തെ ജീവിതത്തിൽ അലിയിച്ചു ചേർക്കുകയാണ്, ജീവിതത്തിൽ വേദനമാത്രം തിന്നുകയും, നെടുവീർപ്പുകൾ ശ്വസിക്കുകയും ചെയ്ത ശ്രീജ പെരിങ്ങാടി യെന്ന യുവ കവയിത്രി.

ചുട്ടുപൊള്ളുന്ന ജീവിതാനുഭവങ്ങളിൽ നിന്നും, നടന്നു പോയ കനൽ വഴികളിൽ നിന്നും, ഉരുവം പ്രാപിച്ചതാണ് ശ്രീജയുടെ കവിതകളിലെ ആശയങ്ങളത്രയും ദുരിതങ്ങളുടെ പെരുമഴ നനഞ്ഞ്, തകർന്നടിഞ്ഞ സ്വപ്നങ്ങളുടെ ശ്മശാനഭൂമികയിലലഞ്ഞ്,സ്നേഹത്തിൻ്റെ , ആശ്വാസത്തിൻ്റെ, ഒരു ചെറു കണികക്ക് വേണ്ടി വേഴാമ്പലിനെപ്പോലെ അനന്തതയിലേക്ക് നോക്കിയിരിക്കേണ്ടി വന്ന സംവത്സരങ്ങൾ അനവധിയായിരുന്നു.

കരൾനുറങ്ങിയ വേദനയുടെ ഓർമ്മകൾ വേട്ടയാടിയ ഒരു രാവിൽ അവളെഴുതി.

''ഉറങ്ങാത്ത രാവുകളിൽ നിന്നുതിർന്നു വന്ന ചിന്തകളെൻ്റെ മനസ്സിനെയേറെയുലച്ചു.

അകതാരിൽ നിന്ന് കൊഴിഞ്ഞു

കനവായി വന്ന മൃത്യുവിന്നോർമ്മ

നൊന്തുപിടയുന്ന -നുഭവങ്ങളാൽ,

ഉറങ്ങാത്ത രാവുകളായി മാറി.."

കണ്ടുകൊതിതീരും മുമ്പ് കൈവിട്ടു പോയ അരുമ മകളുടെ ഓർമ്മകൾ മനസ്സിനെ വല്ലാതെ മഥിച്ചപ്പോൾ അത് കണ്ണീരുപ്പുള്ള അക്ഷരക്കൂട്ടായി മാറി

"സ്നേഹിച്ച് കൊതി തീരും മുമ്പേ

ഞാൻ നിന്നെ മറക്കാനോ?

വെറുക്കാനുമകലാനുമാകാതെ

നിന്നിലലിയുന്നെൻമനം,

നീയെത്ര ദൂരെയാകിലും,

നിൻഉൾവിളിയെന്നെ

നിന്നിലേക്കടുപ്പിക്കുന്നു..

മാനത്തും, മനസ്സിലും, മണ്ണിലും,

നീ തന്നെ പൊന്നുമോളേ..."

whatsapp-image-2025-06-27-at-20.14.20_6f97af6e

ദുരന്തമായി പരിണമിച്ച ദാമ്പത്യം, അകാലത്തിൽ പൊന്നോമനയെ നഷ്ടപ്പെട്ടതിൻ്റെ മാനസികാഘാതം, താങ്ങായിരുന്ന അമ്മയുടെ വിയോഗം, ഒറ്റപ്പെടലിൻ്റെ ഏകാന്ത ദുഃഖം, മാനസിനെ നിയന്ത്രിക്കാൻ പോലും കഴിയാതെ പോയ നാളുകൾ ...

ഘനീഭവിച്ചു നിന്ന ദുഃഖമെന്ന വികാരം, ഒടുവിൽ ഒരു നിധിപോലെ വീണുകിട്ടിയ ആത്മസഖിയിലൂടെ കവിതയായി കിനിഞ്ഞിറങ്ങുകയായിരുന്നു.

'' എന്നു നീയെൻ മനസ്സിൽ

കാവ്യവുമായ് വന്നുവോ

അന്നുതൊട്ടെൻ മനം

തേടുന്നു, ആരാണ് നീ.?

ജീവിതത്തിന് ഒരർത്ഥവും, പ്രതീക്ഷയുമില്ലെന്ന് കരുതിപ്പോയ, ഒരു വേളയിലാണ് പഴയ കളിക്കൂട്ടുകാരിയും, പ്രശസ്ത ചിത്രകാരിയുമായ കെ.ഇ.സുലോചനയെ യാദൃശ്ചികമായി കണ്ടു മുട്ടുന്നത്. അത് ഒരു വഴിത്തിരിവായി. മനസ്സിൽ ചിതറിക്കിടന്ന ചിന്തകളും, കൈവിട്ടുപോയ കനവുകളും, പ്രത്യാശയുടെ നേരിയ പ്രകാശകിരണങ്ങളും, പ്രണയവും, പ്രകൃതിയുമെല്ലാം വീണ്ടും മനസ്സിൽ കടന്നുവന്നു. പഴയ സതീർത്ഥ്യ എഴുത്തു വഴിയിൽ പ്രചോദനമായി.

അതോടെ തൻ്റെ കവിതകൾ സ്വയം കാച്ചിയെടുത്ത ഔഷധക്കൂട്ടുകളു മായി.

ഇവിടെ ഒരു കവി മനസ്സ് ഉണരുകയായിരുന്നു.

അടക്കാനാവാത്ത നൊമ്പരങ്ങൾ അക്ഷര മഷിയായി പടർന്നു 'പാർവണം ' എന്ന ആദ്യ കവിതാ സമാഹാരത്തിൽ, നേരിയ ആശ്വാസത്തിൻ്റെ കുളിർ കാറ്റായി ശ്രീജയുടെ മനസ്സിനെ തഴുകി നിന്നു. സ്നേഹവും, വിരഹവു മെല്ലാം ആന്ദോളനങ്ങൾ തീർത്തു.. ഓരോ കവിത പിറക്കുമ്പോഴും അത് മനസിൻ്റെ മുറിവുണക്കാനുള്ള ദിവ്യ ഔഷധമായി. താമസിയാതെ 64 രചനകളിലൂടെ കവിതയുടെ ഒരു പൂക്കാലം തന്നെ ശ്രീജ തീർത്തു. കുടമല്ലപ്പൂവിൻ്റെ സുഗന്ധവും,

കാട്ടുതേനിൻ്റെ മാധുര്യവും, തുളസിയിലയുടെ വിശുദ്ധിയുമുള്ള കാവ്യശകലങ്ങൾ..

ഏകാന്തമായ ജീവിതത്തിൽ, അന്തിയുറങ്ങാൻ സ്വന്തമായൊരു വീടെന്ന സ്വപ്നം സഫലമായ നാളിലാണ് ' പാർവണം ' എന്ന ശ്രീജയുടെ ആദ്യ കവിതാ സമാഹാരവും പ്രകാശിതമായത്. കരിമേഘങ്ങൾക്കിടയിൽ നിന്നും പാർവ്വണേന്ദു നിലാവെളിച്ചം പൊഴിക്കവെ കവി പാടി

'' ഇനിയെത്ര സുന്ദരമെൻ ജീവിതം

സ്വർഗ്ഗീയ സുന്ദര ഭവനത്തിൽ

ഞാനൊന്നു ജീവിക്കട്ടെ

ജീവിക്കാൻ മറന്ന നാളുകൾക്കും

വിങ്ങലുകൾക്കും

വിടയേകിയെൻ

ജീവിതം തുടരട്ടെ.."

whatsapp-image-2025-06-27-at-20.14.26_b0117fc3

തലശ്ശേരി എഞ്ചിനീയറിംഗ്

കോളേജിനെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി ഉയര്‍ത്തും

     

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ കിഫ്ബി സഹായത്തോടെ സെന്റര്‍ ഓഫ് എക്സലന്‍സാക്കി ഉയര്‍ത്തും.   സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. കേപ്പ് അധികൃതരും സഹകരണ വകുപ്പുമന്ത്രി ചുമതലപ്പെടുത്തിയപ്രകാരം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുത്തു,

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ സ്റ്റാര്‍ട്ട്അപ്പ് ഇന്‍ക്യൂബേഷന്‍ സെന്റര്‍, ഐ.ടി. പാര്‍ക്ക്, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് എന്നിവ  ഉള്‍പ്പെടെ  സമഗ്രവികസനം ലക്ഷ്യമാക്കി ടെക്‌നിക്കല്‍ ഹബ്ബാക്കി  വികസിപ്പിക്കുന്നതിനുള്ള 50 കോടി രൂപയുടെ  പ്രോപ്പോസല്‍ കിഫ്ബി ധനസഹായത്തോടെ സഹകരണ വകുപ്പ് നടപ്പാക്കും. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സയന്‍സ്, സെമികണ്ടക്ടര്‍ ടെക്നോളി തുടങ്ങി പുതുതലമുറ കോഴ്സുകള്‍ ആരംഭിക്കും. 

പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിനേക്കാളുപരി യുവാക്കള്‍ക്ക് തൊഴിലവസരം കൂടി ഉറപ്പാക്കുന്ന നിലയില്‍ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.  

കോളേജിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം വര്‍ക്ക് നിയര്‍ ഹോം ഫെസിലിറ്റിയും ടെക്നോപാര്‍ക്കിന് സമാനമായ സൗകര്യങ്ങളും ഏര്‍പ്പെടുത്തി അക്കാദമികപരമായും വ്യവസായപരമായും പുരോഗതി നേടുന്നതിനുള്ള നൂതനമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കും. 

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിന്റെ നവീകരണത്തിന് എല്ലാവിധ സഹായവും സഹകരണ വകുപ്പുമന്ത്രിയും കിഫ്ബി അധികൃതരും ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് സ്പീക്കര്‍ വ്യക്തമാക്കി.  

വിശദമായ കണ്‍സെപ്ട് നോട്ട് തയ്യാറാക്കുന്നതിന് സ്പീക്കറുടെ അഡീ. പ്രൈവറ്റ് സെകട്ടറി അര്‍ജ്ജുന്‍ എസ്.കെ.യെ ചുമതലപ്പെടുത്തുന്നതിനും  ജൂലൈ 7-ന് വീണ്ടും യോഗം ചേര്‍ന്ന് തുടര്‍നടപടികളുമായി മുന്നോട്ടുപോകുന്നതിനും തീരുമാനമെടുത്തു.  

സഹകരണ വകുപ്പുമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. പി. കെ. പത്മകുമാര്‍, അഡീ. പ്രൈവറ്റ് സെക്രട്ടറി ദീപു പി നായര്‍, കേപ്പ് ഡയറക്ടര്‍ ഡോ. താജുദീന്‍ അഹമ്മദ്, ജോയിന്റ് ഡയറക്ടര്‍ ഡോ. എസ്. ജയകുമാര്‍  സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എം. കുഞ്ഞുമോന്‍, അര്‍ജ്ജുന്‍ എസ്. കെ. പങ്കെടുത്തു.


ചിത്രവിവരണം: സ്പീക്കറുടെ ചേമ്പറിൽ നടന്ന ഉന്നതതല യോഗം

മാഹി കമ്മ്യൂണിറ്റി കോളേജിൽ

ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു


മാഹി:പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല മാഹി കേന്ദ്രത്തിലുള്ള കമ്മ്യൂണിറ്റി കോളേജിൽ 2025 വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്

ബി.കോം ( ഹോണേർസ്/ മുന്നു വർഷം), മൂന്നു വർഷ തൊഴിലധിഷ്ടിത ബിരുദ കോഴ്സുകളായ ഫാഷൻ ടെക്കനോളജി, ഓഫീസ് അഡ്മിനിസ്ട്രേഷൻ ആൻ്റ് സെക്രട്ടേറിയൽ അസിസ്റ്റൻസ്, ജേർണലിസം ആൻ്റ് മാസ്സ് കമ്മ്യൂണിക്കേഷൻ എന്നീ കോഴ്സുകളിലേക്ക് ജൂലായ് 10 വരെ അപേക്ഷിക്കാം. എസ് സി, എസ്ടി, ഒബിസി, ഭിന്നശേഷി ' വിഭാഗങ്ങൾക്ക് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി നിയമാനുസൃത സംവരണമുണ്ടായിരിക്കു ന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.

94891 39709, 70349 15883

whatsapp-image-2025-06-27-at-20.14.32_350e1b0c

രാഷ്ടീയത്തിൽ വ്യക്തമായ

നിലപാടുള്ള നേതാവായിരുന്നു 

സി.കെ. ഗോവിന്ദൻ നായർ 


തലശ്ശേരി : രാഷ്ടീയത്തിൽ വ്യക്തമായ നിലപാടുള്ള നേതാവായിരുന്നു മുൻ കെ പി സി സി പ്രസിഡണ്ട് സി.കെ. ഗോവിന്ദൻ നായരെന്ന് (സി കെ ജി ) ഡിസിസി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് പ്രസ്താവിച്ചു. ആദർശ രാഷ്ടീയം മുറുകെ പിടിച്ച നേതാവായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രവർത്തകർ സി കെ ജി യെ മാതൃകയാക്കണമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

സി കെ ഗോവിന്ദൻ നായരുടെ 61-ാo ചരമവാർഷിക ദിനത്തിൽ, തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പാരീസ് പ്രസിഡൻസിയിൽ സംഘടിപ്പിച്ച സി കെ ജി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നുഅഡ്വ: മാർട്ടിൻ ജോർജ് .

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം പി അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.

എ ഐ സി സി മെമ്പർ വി എ നാരായണൻ ,കെ പി സി സി മെമ്പർ സജീവ് മാറോളി , വി.എൻ. ജയരാജ്, എം.പി.അസ്സൈനാർ സംസാരിച്ചു.

പി.വി.രാധാകൃഷ്ണൻ സ്വാഗതവും, ജെതീന്ദ്രൻ കുന്നോത്ത് നന്ദിയും പറഞ്ഞു.

ആയില്യം നാള്‍ - നാഗപൂജ ഇന്ന്


മാഹി:പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് ശനിയാഴ്ച ആയില്യം നാള്‍ ആഘോഷം. പൂജാദികര്‍മങ്ങള്‍ക്ക് പുറമെ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ അഖണ്ഡനാമസങ്കീര്‍ത്തനം. 11.30 ന് നാഗഭഗവതിയുടെ ഇഷ്ടവഴിപാടുകളായ നാഗപൂജ മുട്ടസമര്‍പ്പണം 

ഉച്ചക്ക് 1മണിക്ക് അന്നദാനം.

എസ്.ഡി.പി.ഐ.

പ്രതിഷേധ മാർച്ച് 30ന്


തലശേരി: വാഹനങ്ങൾക്കും വഴി യാത്രക്കാർക്കും ഒരുപോലെ ദുസ്സഹമായ തകർന്ന റോഡുകൾക്കും, സഞ്ചാരവഴികളിലെല്ലാം വിഹരിക്കുന്ന തെരുവ് നായകൾക്കും പരിഹാരം കാണണമെന്നും,

മഴക്കാല പൂർവ്വ ശുചീകരണം വേണ്ട രീതിയിൽ നടത്താതെ  പൊതുജനത്തെ പ്രയാസപ്പെടുത്തുന്ന ന്യൂമാഹി പഞ്ചായത്തിന്റെ കൊള്ളരുതായ്മകൾ തുറന്ന് കാട്ടാനും ന്യൂമാഹി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്.ഡി.പി ഐ പ്രവർത്തകർ 30 ന് ന്യൂമാഹി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് ചെയ്യും. രാവിലെ മാഹി പാലത്ത് നിന്നും പഞ്ചായത്ത് ഓഫീസിലേക്ക് പ്രകടനം ആരംഭിക്കും. ന്യൂമാഹി പഞ്ചായത്തിൽ പ്രതിപക്ഷമുണ്ടെങ്കിലും അവർ ഭരണപക്ഷത്തിന് ചൂട്ടുപിടിക്കുകയാണെന്നും ഇതേ തുടർന്നാണ് എസ്.ഡി.പി.ഐ. പ്രക്ഷോഭത്തിനിറങ്ങുന്നതെന്നും സംഘടനാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവുന്നത് വരെ സമരം തുടരുമെന്നും നേതാക്കളായ എം.കെ. ജാബിർ, പി.സി.ഷാബിൽ, പി.വി. ഹനീഫ, ഇ.കെ.നിസാമുദ്ദീൻ എന്നിവർ അറിയിച്ചു.

a-p-kunjikkannan

എ.പി.കുഞ്ഞിക്കണ്ണൻ

അനുസ്മരണം


മാഹി .മലയാള കലാഗ്രാമം മാനേജിങ്ങ് ട്രസ്റ്റി എ.പി.കുഞ്ഞിക്കണ്ണൻ്റെ രണ്ടാം ചരമവാർഷികം ജൂലായ് 12ന് വിവിധ പരിപാടികളോടെ ആചരിക്കും.

കാലത്ത് 8 മണിക്ക് കാഞ്ഞിരത്തിൽ കീഴിലെ ആക്കൂൽ പൊയിലിലെ.

സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും, ഉച്ചക്ക് ശേഷം 3 മണിക്ക് മലയാള കലാഗ്രാമം എം.വി.ദേവൻ ആർട്ട് ഗാലറിയിൽ ചിത്രപ്രദർശനവും, തുടർന്ന് എം.ഗോവിന്ദൻ ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം നടക്കും. സാഹിത്യ-സാംസ്ക്കാരിക - കലാരംഗത്തെ പ്രമുഖർ പങ്കെടുക്കും.

പരിപാടിയുടെ വിജയത്തിലേക്കായി കലാഗ്രാമം ട്രസ്റ്റി ഡോ: എ.പി. ശ്രീധരൻ്റെ അദ്ധ്യക്ഷതയിൽ വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി.

പി. ജയരാജൻ,അസീസ് മാഹി, സുരേഷ് കൂത്തുപറമ്പ് ,ഒ. അജിത്കുമാർ, ചാലക്കര പുരുഷു ,ടി.ടി.കെ.ശശി, പ്രശാന്ത് ഒളവിലം സംസാരിച്ചു.

whatsapp-image-2025-06-27-at-20.14.42_4aabfdcf

തണൽ മരം കടപുഴകി റോഡിലേക്ക് വീണു.- 4 വൈദ്യുതി പോസ്റ്റുകൾ ഇളകി 


തലശ്ശേരി കനത്ത മഴയിലും കാറ്റിലും റസ്റ്റ് ഹൌസ് പരിസരത്തെ ബി.എസ്.എൻ.എൽ ടവറിനടുത്ത് ഉയരത്തിലുള്ള മരം കടപുഴകി റോഡിലേക്ക് വീണു. മരം വീഴുന്നതിനിടയിൽ സമീപത്തെ വൈദുതി കമ്പികളിൽ തട്ടിയതിനെ തുടർന്ന് ഏതാനും കമ്പികൾ പൊട്ടുകയും. നാല് വൈദ്യുതി പോസ്റ്റുകൾ ഇളകി ചരിഞ്ഞു.. തത്സമയം പ്രദേശത്തെ വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടു. വിവരമറിഞ്ഞ് എത്തിയ അഗ്നിശമന സേനാംഗങ്ങൾ മരം മുറിച്ചു മാറ്റി. 

.ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. റസ്റ്റ് ഹൌസ് പരിസരം റോഡരികിൽ ഉയരത്തിലുള്ള മറ്റ്ചിലമരങ്ങളും അപകടാവസ്ഥയിലാണുള്ളത്. ഇവ അവധി ദിവസമായ ഞായറാഴ്ച മുറിച്ചു മാറ്റും -ഇളകിയ വൈദ്യുതി പോസ്റ്റുകളും അന്ന് മാറ്റുമെന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ പറഞ്ഞു. നഗരസഭാ ചെയർ പേഴ്സൺ കെ.എം. ജമുനാ റാണി, വാർഡ് കൌൺസിലർ എ.ടി. ഫിൽ ഷാദ്, എന്നിവരും സ്ഥലത്തെത്തിയിരുന്നു.

പി.എൻ പണിക്കർ സ്വരാജ്

പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.


തലശ്ശേരി: ഗ്രാമസ്വരാജ് ഫൗണ്ടേഷൻ പി.എൻ പണിക്കരുടെ ഓർമ്മയ്ക്കായ് ഏർപ്പെടുത്തിയ സ്വരാജ് പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. പുതു തലമുറ എഴുത്ത് കാർക്ക് അപേക്ഷിക്കാം .

വിദ്യാർത്ഥികൾക്കും , യുവതി - യുവാക്കൾക്കും മുൻഗണന

എഴുതി തുടങ്ങിയവരെയും പരിഗണിക്കും.

കവിത, കഥ, ചെറുകഥ, ലേഖനം, നിരൂപണം, യാത്രാ വിവരണം എന്നീ മേഘലയിലെ എഴുത്ത് കാരാണ് അപേക്ഷിക്കേണ്ടത്

ജൂലായ് രണ്ടാം വാരം കണ്ണൂരിൽ നടക്കുന്ന വായനാമാസാചരണ സമാപന പരിപാടിയിൽ പുരസ്കാരം സമർപ്പിക്കും

ജൂലായ് ഏഴിനകം അപേക്ഷകൾ ലഭിച്ചിരിക്കണം

ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ

താവക്കര ബിൽഡിംഗ്

താവക്കര റോഡ് കണ്ണൂർ-2

8075257574

whatsapp-image-2025-06-27-at-20.17.49_e858c262

പാലോളി രമേശൻ നിര്യാതനായി


ന്യൂ മാഹി:കവിയൂർ പാലോളിന്റവിട രമേശൻ (57) നിര്യാതനായി. (ഓട്ടോ ഡ്രൈവർ, ചൊക്ലി സ്റ്റാൻ്റ്). പരേതരായ പാലോളിന്റവിട ഗോപിയുടെയും ജാനകിയുടെയും മകനാണ്. ഭാര്യ:സുമിത. മക്കൾ: തീർത്ഥ, ഗോപിക. സഹോദരങ്ങൾ: അജിത, രാജീവൻ, രജീഷ്, അനീഷ്. സംസ്കാരം ശനിയാഴ്ച 28 രാവിലെ 9 മണി.


whatsapp-image-2025-06-27-at-22.27.46_570a2e23

പുതുച്ചേരിയിൽ ബി.ജെ.പിയിൽ പടല പിണക്കം:മന്ത്രി ജെ .സായി ശരവണ കുമാർ രാജിവച്ചു:ചാലക്കര പുരുഷു


മാഹി .കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം മുതൽ ഉടലെടുത്ത ബി.ജെ.പിക്കുള്ളിലെ കലാപം ഒടുവിൽ ഒരു മന്ത്രിയുടേയും, മൂന്ന് നോമിനേറ്റഡ് എം എൽ എ മാരുടേയും രാജിയിൽ കലാശിച്ചു. അസംബ്ലി തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കെ,

ബി.ജെ.പി.കേന്ദ്ര നേതൃത്വം ഇടപെട്ട് മുഖം മിനുക്കാനാണ് അടിയന്തിര നടപടികളുണ്ടായത്. ബി.ജെ.പി.നേതാവും,പുതുച്ചേരി സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുമായ ജെ .സായിശരവണ കുമാർ മുഖ്യമന്ത്രി എൻ . രംഗസ്വാമിക്ക് മുമ്പാകെ രാജി സമർപ്പിച്ചു.അതോടൊപ്പം മൂന്ന് നോമിനേറ്റഡ് എംഎൽഎ മാരുംരാജി നൽകിയിട്ടുണ്ട്.

പുതുച്ചേരിയിലെ ബി.ജെ.പിയിൽ പോര് രൂക്ഷമായതിനെ തുടർന്ന് കേന്ദ്ര നേതൃത്വത്തിൻ്റെ ഇടപെടൽ പലർക്കും സ്ഥാനചലനത്തിന് കാരണമായിട്ടുണ്ട്. ബി.ജെ.പി നോമിനേറ്റഡ് എം.എൽ.എമാരായ രാമലിംഗം, വെങ്കിടേശൻ, അശോക് ബാബു എന്നിവർ സ്പീക്കർ സെൽവവുമായി നടത്തിയ നീണ്ട കൂടിക്കാഴ്ചയിൽ ഇവർ മൂന്ന് പേരും സ്ഥാനങ്ങൾ രാജിവച്ച് നിയമസഭാ സ്പീക്കർക്ക് കത്ത് സമർപ്പിക്കുകയായിരുന്നു.

ബി.ജെ.പി മന്ത്രിമാരും മുതിർന്ന നേതാക്കളും ഇന്നലെ രാവിലെ മുതൽ ബിജെപി സംസ്ഥാന ഇൻ ചാർജ്ജ് നിർമ്മൽ കുമാർ സുരാനയുമായി മാരത്തോൺ കൂടിയാലോചനകൾ നടത്തിവരികയായിരുന്നു.

മുഖ്യകക്ഷിയായ മുഖ്യമന്ത്രി എൻ.രംഗസ്വാമിയുടെ എൻ.ആർ.കോൺഗ്രസ്സിൽ നിന്നും പിടിച്ചു വാങ്ങിയാണ് ബി.ജെ.പി നിലവിൽ ആഭ്യന്തര മന്ത്രിയായ എ. നമ:ശിവായത്തെ ഏക പാർലിമെൻ്റ് സീറ്റിലേക്ക് മത്സരിപ്പിച്ചിരുന്നത്. എന്നാൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായ വി.വൈദ്യലിംഗത്തോട് മൃഗീയ ഭൂരിപക്ഷത്തിന് ബി.ജെ.പി പരാജയപ്പെടുകയായിരുന്നു. 30 അസംബ്ലിനിയോജക മണ്ഡലങ്ങളിൽ 28 ലും കോൺഗ്രസ്സിനായിരുന്നു ഭൂരിപക്ഷം' ഇതോടെ ബി.ജെ.പി.ക്കുള്ളിൽ കലാപക്കൊടി ഉയർന്നു.ബി.ജെ.പി. എം എൽ എ മാരായ ജോൺ കുമാർ, മകൻ റിച്ചാർഡ്, മുൻ മന്ത്രി കല്യാണസുന്ദരം, എന്നിവരും ബി.ജെ.പിക്ക് പിന്തുണ നൽകി വരുന്ന സ്വതന്ത്ര എം എൽ എ മാരായ ശിവശങ്കർ, അങ്കാളൻ, പ്രകാശ് കുമാർ എന്നിവരും വിമതപക്ഷത്ത് നിലയുറപ്പിക്കുകയും, മന്ത്രിമാരെ മാറ്റണമെന്നാവശ്യപ്പെട്ട് ദില്ലിയിലെത്തി കേന്ദ്ര നേതാക്കളോടഭ്യർത്ഥിക്കുകയായിരുന്നു.പരാതികളുടെ കൂമ്പാരം തന്നെ നേതാക്കൾക്ക് മുന്നിൽ നിരത്തുകയും ചെയ്തു. ലോട്ടറി രാജാവ് സാൻ്റാ ഗോ മാർട്ടിൻ്റെ മകനാണ് വിമതർക്ക് കരുത്തേകുന്നത്.ഇവർ പ്രത്യേക ബ്ലോക്കായി നില നിൽക്കുകയാണ്.

തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വർഷം മാത്രം ബാക്കിനിൽക്കെ അപകടം മണത്തറിഞ്ഞ കേന്ദ്ര നേതൃത്വം തൽക്കാലം മുഖം രക്ഷിക്കാനാണ് ധൃതി പിടിച്ച് അഴിച്ചുപണിക്ക് നിർദ്ദേശം നൽകിയത്.

ബി.ജെ.പി യുടെ സംസ്ഥാന പ്രസിഡണ്ട് ശെൽവഗണപതിയെ മാറ്റി പകരം വി.പി.രാമലിംഗത്തെ കൊണ്ടുവരുമെന്ന് സൂചനയുണ്ട്. കാരിക്കലിൽ നിന്നുള്ള ജി.ആർ.രാജശേഖരൻ, മുൻ എംഎൽഎ തീപന്തൻ, മുൻ എം.പി.രാധാകൃഷ്ൻ എന്നിവരെ ഒഴിവ് വന്ന സീറ്റുകളിൽ നോമിനേറ്റഡ് എം എൽ എ മാരാക്കാനും നീക്കമുണ്ട്.

അതിനിടെ മുഖ്യ ഘടക കക്ഷിയായ എൻ.ആർ കോൺഗ്രസ്സിനെതിരെയും അഴിമതി ആരോപണങ്ങൾ ശക്തമായിട്ടുണ്ട്. മന്ത്രി തേനി ജയകുമാറിൻ്റെ ഗോഢൗണിൽ നിന്നും കോടികൾ വിലമതിക്കുന്ന ചന്ദനത്തടികൾ തമിഴ്നാട -ഫോറസ്റ്റ് അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. മറ്റൊരു ഗോഡൗണിൽ നിന്നും ഏതാനും ആഴ്ചകൾക്ക് മുമ്പ് വ്യാജ വിദേശമദ്യ ശേഖരവും തമിഴ്നാട് എക്സൈസ് അധികൃതർ പിടികൂടിയിരുന്നു.ഇത് മുഖ്യമന്ത്രി എൻ രംഗസ്വാമിക്ക് വലിയ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്.പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർ ഉൾപ്പടെയുള്ളവരെ കോടികളുടെ അഴിമതിക്കേസ്സിൽ സിബിഐ പിടികൂടിയിരുന്നു. വകുപ്പ് മന്ത്രി ലക്ഷ്മി നാരായണൻ്റെ പേരും കളങ്കിതമായി.എൻ.ആർ.കോൺഗ്രസ്സ് മന്ത്രിയായിരുന്ന എം.ചന്ദ്ര പ്രിയങ്കക്ക് കുടുംബ പ്രശ്നങ്ങളുടെ പേരിൽ ഒരു വർഷം മുൻപ് രാജിവെച്ചൊഴിയേണ്ടിവന്നിരുന്നു.


ചിത്രവിവരണം: മന്ത്രി സ്ഥാനം രാജിവെച്ച സായ് ജെ ശരവണകുമാർ

കത്തുകൾ

നഗരത്തിന് അപമാനകരം


തലശ്ശേരി: പഴയ സ്റ്റാന്റിനെയും പുതിയ സ്റ്റാന്റിനെയും ബന്ധിപ്പിക്കുന്ന നിരവധി ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോകുന്ന ലോഗൻസ് റോഡ് കാലപഴക്കത്താൽ ഇൻറ്റർ ലോക്ക് ഉപയോഗിച്ച് വർഷങ്ങൾ മുൻപ് നവീകരിച്ചെങ്കിലും, പെട്ടെന്ന് തന്നെ തകർച്ച നേടുന്നതാണ് കാണാൻ കഴിഞ്ഞത് എന്നാൽ കോൺക്രീറ്റ് റോഡ് പണി പൂർത്തിയാകുന്നതിന് മുൻപ് തന്നെ വിള്ളൽപ്രത്യക്ഷപെട്ടത് ശാസ്ത്രീയമായ രീതിയിൽ പ്രവൃത്തി മുന്നോട്ട് പോകാത്തതാണ് കാരണമാണ്. ബ്രിട്ടീഷ്കാർപണിതഒവിറോഡ് 100 വർഷം കഴിഞ്ഞതിന് ശേഷമാണ് പുനർ നിർമ്മിച്ചത് എന്ന സത്യം വിസ്മരിക്കരുത് കോടികൾ ചില വഴിച്ച് ഇത്തരം റോഡുകൾ പൈതൃക നഗരമായ തലശ്ശേരിക്ക്അപമാനകരമാണ്


സുജിത് പെരിങ്ങാടി

whatsapp-image-2025-06-27-at-22.41.10_81c80127

അന്താരാഷ്ട്ര ലഹരി

വിരുദ്ധ ദിനം ആചരിച്ചു

 മാഹി എക്സൽ പബ്ലിക് എൻ എസ്സ് എസ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ മോഹനൻ വി പി യുടെ അധ്യക്ഷതയിൽ സിവിൽ എക്സൈസ് ഓഫീസർ ഐശ്വര്യ പി പി, റീജേഷ് രാജൻ തുടങ്ങിയവർ ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു. എൻഎസ്എസ് വളണ്ടിയർമാരായ ദേവിക സുനിത്ത് സ്വാഗതവും അഭിനന്ദ് അശോക് നന്ദിയും പറഞ്ഞു. രാവിലെ അസംബ്ലിയിൽ വിദ്യാർത്ഥികൾ മയക്കുമരുന്ന് വിരുദ്ധ പ്രതിജ്ഞ എടുത്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുരേശൻ പി പരിപാടികൾക്ക് നേതൃത്വം നൽകി

santhigiri-advt-special
samudrapushpa
MANNAN
VASTHU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
mannan2