
വീട്ടുമുറ്റത്ത് മുന്തിരി വിരിഞ്ഞു,
മുസ്തഫ ഹാജിയുടെ മനം നിറഞ്ഞു
മാഹി: അപൂർവ്വ സസ്യജാലങ്ങളും, പഴവർഗ്ഗങ്ങളും കിഴങ്ങുകളുമെല്ലാം സ്വന്തം വീട്ടുപറമ്പിൽ വളർത്തുന്നത് ശീലമാക്കിയ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും, പ്രവാസി വ്യവസായിയുമായ ചാലക്കരയിലെ പി.മുസ്തഫ ഹാജിയുടെ കാസിനോ ഗാർഡൻസിൽ മുന്തിരി കുലകളായി വിരിഞ്ഞത് കാഴ്ചക്കാരുടെ നാവിൽ പുളിയും മധുരവും പകർന്നു.
ചെടികളേയും, പക്ഷികളേയും, ജീവജാലങ്ങളേയുമെല്ലാം
ഏറെ ഇഷ്ടപ്പെടുന്ന ഈ മനുഷ്യൻ പ്രാവുകൾക്കും കാക്കകൾക്കും ഭക്ഷണം നൽകുക പതിവാണ്.
ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്. ചെടികളെ മക്കളെ പോലെ പരിപാലിക്കും..
സ്റ്റാർ ഫ്രൂട്ട്, അവകാഡോ, റമ്പൂട്ടാൻ, ഉറു മാമ്പഴം, ചാമ്പക്ക, തായ്ലാൻ്റ് ആത്തചക്ക, ഒട്ട് മാവുകൾ, തുടങ്ങി പലതരം പഴവർഗ്ഗങ്ങള്യം മുസ്തഫാ ഹാജിയുടെ തോട്ടത്തിലുണ്ട്. സഹജീവികളേയും, പ്രകൃതിയേയും ഒരു പോലെ നെഞ്ചേറ്റിയ ഈ മനുഷ്യൻ നിരാലംബരുടെ ആശ്രയം കൂടിയാണ്
ചിത്രവിവരണം: മുന്തിരി പടർപ്പിന്നരികിൽ കാസിനോ പി.മുസ്തഫ ഹാജി

മഴ മർമ്മരങ്ങൾ
സാഹിത്യ ചർച്ച
ന്യൂമാഹി : ഒരു കാര്യവും പഠിക്കാത്ത ഒരു സമൂഹമാണ് മനുഷ്യരുടേത് എന്ന് തോന്നാറുണ്ടെന്നും, രണ്ടാം ലോക മഹായുദ്ധത്തിൽ കോടി കണക്കിന് മനുഷ്യരെ നഷ്ട്ടപ്പെട്ടിട്ടും ഒന്നും നാം പഠിച്ചില്ലെന്നും,നമ്മുടെ കാലത്ത് കൂടുതലും ഇറങ്ങുന്നത് യുദ്ധ വിരുദ്ധ സാഹിത്യമാണെന്നും
പ്രശ്സ്ത നോവലിസ്റ്റ് ഇ സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു
എങ്കിലും പലസ്തീനും , ഉക്രയിനിലും എല്ലാം യുദ്ധവും, ആൾ നാശവും ഉണ്ടായിക്കൊണ്ടിരിക്കുന്നു.
ചരിത്രത്തിൽ നിന്നും മനുഷ്യൻ ഒന്നും പഠിക്കുന്നില്ല. ബുദ്ധമതം പോലും പിന്നീട് ഹിംസാത്മകമായി. ദേശീയത എന്നുള്ളത് വളരെ സങ്കുചിതമായി.ഏറ്റവും തീവ്രമായ സംഘടനകൾ ഏറ്റവും തീവ്രമായി ജനാധിപത്യ വിരുദ്ധമാകുന്ന കാഴ്ചയും നാം കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഇ സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിൻ്റെ തപോമയിയുടെ അച്ഛൻ എന്ന നോവലിനെ കുറിച്ച് പുരോഗമന കലാ സാഹിത്യ സംഘം,പി ജി വായന കൂട്ടം, യങ്ങ് പയനിയേർസ് ലൈബ്രറി പുന്നോൽ കുറിച്ചിയിൽ എന്നിവർ സംഘടിപ്പിച്ച മഴ മർമ്മരങ്ങൾ സാഹിത്യ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ അഡ്വ: കെ കെ രമേഷ് അധ്യക്ഷത വഹിച്ചു. ഡോ: പ്രിയ വർഗ്ഗീസ്, ഡോ: ടി കെ അനിൽ കുമാർ, സബിത ബാലൻ ആസ്വാദന അവതരണങ്ങൾ നടത്തി. ടി എം ദിനേശൻ, കെ ജയപ്രകാശൻ സംസാരിച്ചു
ചിത്രവിവരണം:പ്രശ്സ്ത നോവലിസ്റ്റ് ഇ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

എം.പി.വീരേന്ദ്രകുമാറിനെ കേരളം എന്നും ഓർമ്മിക്കും: കെ.പി.മോഹഎംനൻ എം എൽ എ
തലശ്ശേരി :രാഷ്ട്രീയപരമായദാർശനികത്വത്തിനപ്പുറം പരിസ്ഥിതി വിഷയങ്ങളിലും സാഹിത്യ - സാംസ്കാരിക മേഖലകളിലും എം.പി.വീരേന്ദ്രകുമാർ കാണിച്ചിട്ടുള്ള സാമൂഹ്യമായ ഇടപെടൽ കേരളം എക്കാലത്തും ഓർമിക്കുമെന്ന് കെ.പി. മോഹനൻ എംഎൽഎ പറഞ്ഞു.
രാഷ്ട്രീയ മഹിളാ ജനതാദൾ സംസ്ഥാന കമ്മിറ്റി തലശ്ശേരി ഇ.നാരായണൻ സ്മാരക ഹാളിൽ സംഘടിപ്പിച്ച എം.പി. വീരേന്ദ്രകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യക്തികളെയും സമൂഹത്തെയും ചേർത്തു പിടിക്കാനും ദുരിതമനുഭവിക്കുന്നവന്റെ നാവാകാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്ന് മോഹനൻ പറഞ്ഞു.
രാഷ്ട്രീയ മഹിളാ ജനതാദൾ സംസ്ഥാന പ്രസിഡന്റ് ഒ.പി.ഷീജ അധ്യക്ഷത വഹിച്ചു. ആർജെഡി ജില്ലാ സെക്രട്ടറി കെ.കെ. ജയപ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തി. മഹിളാ ജനത സംസ്ഥാന ജനറൽ സെക്രട്ടറി സുജ ബാലുശ്ശേരി, രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി ഉഷരയരോത്ത്, മഹിളാ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. മോനിഷ, കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് പി.സി. നിഷാകുമാരി, ആർജെഡി തലശ്ശേരി മണ്ഡലം പ്രസിഡൻ്റ് പന്ന്യന്നൂർ രാമചന്ദ്രൻ, മഹിളാ ജനത ജില്ലാ സെക്രട്ടറി പി.ഷൈറീന സംസാരിച്ചു
ചിത്രവിവരണം: കെ.പി- മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

ലഹരിക്കെതിരെ സൈക്കിളിൽ ഒറ്റയാൾ പോരാട്ടം നടത്തുന്ന ഷാജഹാന് മാഹിയിൽ സ്വീകരണം
മാഹി:കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നും എസ്.ഐ ആയി വിരമിച്ച് വീട്ടിലേക്ക് പോകാതെ സ്വന്തം സൈക്കിളിൽ നിരോധിത ലഹരിക്കെതിരെ ഒറ്റയാൾ പോരാട്ടത്തിൻ്റെ ഭാഗമായി കേരളത്തിലെ പതിനാല് ജില്ലകളിലായി 2025 കിലോമീറ്റർ സൈക്കിൾ യാത്രയുടെ ഭാഗമായി മയ്യഴിയിലെത്തിയ ഷാജഹാന് മയ്യഴിയിലെ സൈക്കിൾ സവാരി കൂട്ടായ്മയായ 'കെവലിയേർസ് ദേ മായേ, സ്വീകരണം നൽകി.
മാഹി പള്ളിക്കു സമീപം നൽകിയ സ്വീകരണത്തിൽ കെവലിയേർസിൻ്റെ മുതിർന്ന അംഗം എ .ടി .വികാസ് ഷാൾ അണിയിച്ച് ആദരിച്ചു.ശ്രീകുമാർ ഭാനു സ്വാഗതവും കക്കാടൻ വിനയൻ നന്ദിയും പറഞ്ഞു '
സർവ്വീസിലിരിക്കെ 2019 ലും ഷാജഹാൻ സമാനമായ രീതിയിൽ ഹെൽമറ്റും സീറ്റ് ബെൽട്ടും ധരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് 1700 കിലോമീറ്റർ സൈക്കിൾ യാത്ര നടത്തി മയ്യഴിയിലും എത്തിയിരുന്നു.
മയ്യഴി പോലീസ് സ്റ്റേഷനും ഷാജഹാൻ സന്ദർശിച്ചു.
ഉച്ചഭക്ഷണത്തിനു ശേഷം കണ്ണൂർ ജില്ലയിലേക്ക് പ്രവേശിച്ച ഷാജഹാൻ്റെ സൈക്കിൾ യാത്രയെ കെവലിയേർസ് ദെ മായേ യുടെ അംഗങ്ങൾ ജില്ലാ അതിർത്തിയായ മാഹി പാലം വരെ അനുയാത്ര ചെയതു.
കണ്ണൂർ കാസർക്കോട് യാത്രക്കു ശേഷം വയനാട് വഴി സൈക്കിൾ യാത്ര കൊല്ലത്തു സമാപിക്കും.
ചിത്രവിവരണം: ഷാജഹാന് മാഹിയിൽ നൽകിയ സ്വീകരണം

നൈപുണ്യവികസനകേന്ദ്രം പ്രവേശനോത്സവം
തലശ്ശേരി: വിദ്യാഭ്യാസവകുപ്പും സമഗ്ര ശിക്ഷ കേരളയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കതിരൂർ ജി.വി.എച്ച്.എസ്.എസ് സ്കൂളിൽ ആരംഭിച്ച നൈപുണ്യ വികസന കേന്ദ്രത്തിന്റെ പ്രവേശനോത്സവം കതിരൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.റംസീന ഉദ്ഘാടനം ചെയ്തു.പിടിഎ വൈസ് പ്രസിഡന്റ് ടി.കെ.ഷാജി അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡന്റ് എൻ. സുധീഷ്,തലശ്ശേരി നോർത്ത് ബിആർസി ബി പി സി കെ.കെ.ചന്ദ്രമോഹനൻ, പ്രിൻസിപ്പൽ ഇൻചാർജ് ബിന്ദുശ്രീ,സ്റ്റാഫ് സെക്രട്ടറി വി.അനിൽകുമാർ മാസ്റ്റർ, ബി ആർ സി ട്രെയിനർ മിഥുൻ മുകുന്ദൻ,എസ് ഡി സി കോർഡിനേറ്റർ പി.കെ.അപർണ സംസാരിച്ചു.
ചിത്രവിവരണം: കതിരൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.റംസീന ഉദ്ഘാടനം ചെയ്യുന്നു.

പുനഃപ്രതിഷ്ഠാകർമ്മം നടന്നു
മാഹി: പന്തക്കൽ പന്തോക്കാവ് ക്ഷേത്രത്തിൽ നവീകരണ കലശത്തിൻ്റെ ഭാഗമായി നൂറു കണക്കിന് വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ
പ്രതിഷ്ഠ കർമം നടന്നു. 11 ന് രാവിലെ ധ്വജ പ്രതിഷ്ഠയും വൈകിട്ട് ഉത്സവവും കൊടിയേറും. 16 ന് രാവിലെ ആറാട്ട് ബലിക്ക് ശേഷം ഉത്സവം കൊടിയിറങ്ങും.
ചിത്രവിവരണം: പന്തോക്കാവ് ക്ഷേത്രത്തിൽ പ്രതിഷ്ഠ ദിനത്തിൽ തൊഴാൻ എത്തിയവർ

ബലി പെരുന്നാൾ
ആഘോഷിച്ചു.
കണ്ണൂർ: ബലി പെരുന്നാൾ ദിനത്തിൽ കണ്ണൂർ നഗരത്തിലെ തെരുവ് ജീവിതങ്ങൾക്ക് ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ പെരുന്നാൾ വിരുന്നൊരുക്കി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കഴിയുന്നവരെ എകോപിപ്പിച്ച് പ്രത്യേകം തയ്യറാക്കിയിടത്ത് വെച്ചായിരുന്നു പെരുന്നാൾ ആഘോഷം
കഴിഞ്ഞ ആറ് വർഷമായി എല്ലാ ആഘോഷ ദിവസങ്ങളിലും ഗ്രാമസ്വരാജ് ഫൗണ്ടേഷൻ തെരുവ് ജീവിതങ്ങൾക്ക് വിരുന്നൊരുക്കാറുണ്ട്
ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ, അഷറഫ് പുറവൂർ, സഞ്ന രാജീവ്, ബാല ശുഭ, സൗമി മട്ടന്നൂർ,
ദിവ്യ സഞ്ജയ്, സതീശൻ പുലൂപ്പിക്കടവ്, ശാന്തി പേരാമ്പ്ര, ശ്രീമ സതീശൻ ,രമ ബാലൻ, സി അബ്ദുൽ സലാം തുടങ്ങിയവർ നേതൃത്വം നൽകി

ജിഗീഷ് നിര്യാതനായി
ചൊക്ലി: നിടുമ്പ്രം കൊക്കോം മഠത്തിന് സമീപം പൂവടെന്റെവിടെ ജിഗീഷ് (44) .നിര്യാതനായി
അച്ഛൻ : പി .ജയദേവൻ.
അമ്മ: പി.ഗീത.
ഭാര്യ : രാജി.
മകൾ : അദൃജ ലക്ഷ്മി (വിദ്യാർഥി വി.പി.ഓറിയന്റൽ ഹൈസ്കൂൾ).
സഹോദരൻ : ജിതിൻ.

വൃക്കരോഗ നിർണ്ണയ കേമ്പ് സംഘടിപ്പിച്ചു
മാഹി . ലയൺസ് ക്ലബ്ബ് മാഹി, ചൊക്ലി മെഡിക്കൽ സെൻ്റർ, ചാലക്കര ദേശം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ വൃക്ക രോഗനിർണ്ണയ കേമ്പും സെമിനാറും സംഘടിപ്പിച്ചു.
ചാലക്കര പി.എം.ശ്രീ.യു.ജി. ഹൈസ്കൂളിൽ നടന്ന കേമ്പിൽ പ്രമുഖ
നെഫ്രോളജിസ്റ്റ് ഡോ: എ.പി. സന്ദീപ്ശ്രീധരൻ, തലശ്ശേരി ഗവ: ആശുപത്രി സൂപ്രണ്ട് ഡോ: വി.കെ.രാജീവൻ, യൂറോളജിസ്റ്റ് ഡോ: രമേഷ് ബാബു മൊട്ടേമ്മൽ എന്നിവർ രോഗികളെ പരിശോധിച്ചു.
ചിത്രവിവരണം: ഡോ: സന്ദീപ് ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു

എ.പി.മനോജ് നിര്യാതനായി.
ന്യൂ മാഹി പെരുമുണ്ടേരി കുനിയിൽ എ.പി. മനോജ് (55) നിര്യാതനായി.
അച്ഛൻ : പരേതനായ കുഞ്ഞിരാമൻ
അമ്മ : പരേതയായ ജാനകി
ഭാര്യ : ഷെർളി
മക്കൾ : അമൃത, അഞ്ജന
മരുമക്കൾ : ഷിനു, രമിത്ത്

മനോളി ഫാത്തിമ നിര്യാതയായി.
മാഹി : ചന്ദ്രികയുടെ മുൻ സബ് എഡിറ്ററും അബുദാബി കെ എം സി സി മുൻ സെക്രട്ടറിയുമായിരുന്ന പരേതനായ പൊന്നമ്പത്ത് തലായി മമ്മൂട്ടിയുടെ ഭാര്യ അഴിയൂർ ശംസ് ഓഡിറ്റോറിയത്തിന് സമീപത്തെ "മനോളി ഹൗസിൽ" മനോളി ഫാത്തിമ (73)നിര്യാതയായി.
മക്കൾ: സൗരിയ്യ, സഫ്രീന, ദാനിഷ് (ഹസീബ് ), സുഹൈൽ (ഖത്തർ), ജേഷ് (ദൂബൈ), ജംഷി, ഷമ്മാസ്. മരുമക്കൾ : ഹബീബ്, റഫീക്ക്, ഷബീന, അസ്ലമിയ്യ, ശാദിയ, ഷഹനിദ, ഫാത്തിമ. സഹോദരങ്ങൾ: മമ്മൂട്ടി (ദുബൈ), ഫസിലു (മുംബൈ), ഫൈറൂസ് (ദുബൈ), റംല, സറീന, റസ്മി, ഖദീജ.

നബീസ ഹജ്ജുമ്മ നബീസ ഹജ്ജുമ്മ.
മാഹി: ഗ്രാമത്തി ജുമാ മസ്ജിദിന്ന് സമീപം തട്ടാന്റവിട റാസിഖ് മൻസി ൽ, പറമ്പത്ത് കിഴക്കയിൽ നബീസ ഹജ്ജുമ്മ(80) നിര്യതയായി.
പരേതരായ പറമ്പത്ത് കാങ്ങാടൻ കുഞ്ഞബ്ദുള്ള യുടെയും നാവ ള്ളൂർ അയ്ച്ചുവിന്റെയും മകളാണ്. ഭർത്താവ്: പരേതനായ തട്ടന്റവിട പുളിക്കണ്ടി അന്ത്രു.
മക്കൾ: റാസിഖ്(ദുബായ്, സാജിത, റഷീദ, സഫീറ, ശബാന. മരുമക്കൾ: വാഹീദ(കുഞ്ഞിപ്പ ള്ളി), ഖാലിദ് ബഹ്‌റൈൻ, ജലീൽ (കുവൈറ്റ്), സിദ്ദിഖ് (ബാംഗ്ലൂർ), പരേതനായ അസീസ്. സഹോദരങ്ങൾ: ഇസ്മായിൽ, റഫീഖ്(ഖത്തർ), സുലൈഖ മാരാ ൻകണ്ടി, സകീന പാറാൽ, കദീസു, റാബിയ, പരേതനായ യൂസഫ്.

പരിസ്ഥിതി ദിനം ആഘോഷിച്ചു
മാഹി: ചാലക്കര എക്സൽ പബ്ലിക് സ്കൂൾ എൻ എസ്സ് എസ്സ് യൂണിറ്റിന്റെയും ഇക്കോ ക്ലബിന്റെയും നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു സ്കൂൾ പ്രിൻസിപ്പൽ സതി എം കുറുപ്പ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ ടി എം പവിത്രൻ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കളിൽ നിന്നും വിവിധ കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ക്ലാസ്സ് ക്രാഫ്റ്റ് അധ്യാപിക എ.ടി. രേഷ്മ നയിച്ചു. കുട്ടികൾ വിവിധങ്ങളായ ഉൽപ്പന്നങ്ങൾ ഉണ്ടാക്കി. എൻ എസ്സ് എസ്സ് യൂണിറ്റ് ലീഡർ മാസ്റ്റർ ശ്രേയസ്സ് സ്വാഗതവും കുമാരി ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു. എൻ എസ്സ് എസ്സ് പ്രോഗ്രാം ഓഫീസർ സുരേശൻ, ഇഷാനി. എസ്സ്, അലിയ മനോളി തുടങ്ങിയവർ സംസാരിച്ചു. ദേവിക സുരേഷ് കവിതാലാപനം നടത്തി
ചിത്രവിവരണം: പ്രിൻസിപ്പാൾ സതി എം കുറുപ്പ് അദ്ധ്യക്ഷ ഭാഷണം നടത്തുന്നു

അനുസ്മരണ സമ്മേളനവും യാത്രയപ്പ് യോഗവും നടത്തി.
മാഹി 'ഗവ:ഹോസ്പിറ്റൽ എംപ്ലോയിസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മാഹി ജനറൽ ഹോസ്പിറ്റലിൽ നിന്നും വിരമിച്ച ടി.എം .സുരേഷ് ബാബു, കെ.ഉഷ 'ഏലിയാമ്മ പുന്നൂസ്, എന്നിവർക്ക് യാത്രയയപ്പും,
ദീർഘകാലം സംഘടനാ പ്രസിഡന്റ് ആയിരുന്ന കെ . ജയപ്രകാശിൻ്റെ 17ാം അനുസ്മരണവും നടത്തി.
അസോസിയേഷൻ മുൻ സെക്രട്ടറി
കെ. എം. പവിത്രൻ ഉദ്ഘാടനവും, ഉപഹാരസമർപ്പണവും നടത്തി.
കവിത പറമ്മേൽ അധ്യക്ഷത വഹിച്ചു.
സി.എച്ച് വസന്ത ',കെ അജിത. എലിയമ്മ പുന്നൂസ്,ടി . എം സുരേഷ്ബാബു,കെ.ഉഷ ' സംസാരിച്ചു. എൻ മോഹനൻ സ്വാഗതവും. പി.പി. സീസൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം:കെ.എം.പവിത്രൻ ഉപഹാരം സമ്മാനിക്കുന്നു

എം.പി.രവീന്ദ്രൻ നിര്യാതനായി
തലശ്ശേരി: കോടിയേരി കൊമ്മൽ വയൽ അക്കാളി ഹൗസിൽ എം.പി. രവീന്ദ്രൻ (90) നിര്യാതനായി
ഭാര്യ: പരേതയായ സുശീല.
മക്കൾ: സജീവ്. സീബ, സൂര്യ.
മരുമക്കൾ: ഷീജ. പ്രവീൺ, വിജു.
സഹോദരങ്ങൾ: വിമല, പരേതയായ സത്യഭാമ.

ചരിത്ര പ്രാധാന്യമുള്ള തലശ്ശേരി കടൽ പാലം സംരക്ഷിക്കാനുള്ള സർക്കാർ ഇടപെടൽ ഉണ്ടാകണം
തലശ്ശേരി : ചരിത്ര പ്രാധാന്യമുള്ള തലശ്ശേരി കടൽ പാലം സംരക്ഷിക്കാനുള്ള സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന് എ ഐ. സി. സി അംഗം വി എ നാരായണൻ.
ലോക പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തലശ്ശേരി കടൽ പാലം ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരി മത്സ്യമാർക്കറ്റ് മുതൽ ഇന്ദിരാപാർക്ക് വരെ വോക്ക് വെ നീട്ടി വിനോദ സഞ്ചാര മേഖലയെ ശക്തി പ്പെടുത്താനുള്ള ഇടപെടലുകൾ സർക്കാരിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് അധ്യക്ഷ ഭാഷണത്തിൻ കെ എസ് യു ജില്ല പ്രസിഡൻ്റ് എം സി അതുൽ ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡന്റ് ആഷിത്ത് അശോകൻ, ജില്ല ട്രഷറർ അക്ഷയ് മാട്ടൂൽ, ജില്ല സെക്രട്ടറിമാരായ സൂരജ് പരിയാരം, തീർത്ഥനാരായണൻ, അക്ഷര എസ് മനോഹർ, മറ്റു ഭാരവാഹികളായ
സൂര്യ തേജ്, എം വൈഷ്ണവ്, അനിരുദ്ധ എംകെ ,അഭിജിത്ത് കാപ്പാട്
കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡന്റ് എം നസീർ , ടി വി ജഗദീഷ്, എൻ.സി സത്യജിത്ത്, എൻ മുജീബ് നേതൃത്വം നൽകി.
ചിത്രവിവരണം:കെ.എസ്.യു പ്രവർത്തകർ തലശ്ശേരി കടലോരം ശുചീകരിക്കുന്നു

ന്യൂസിലാൻ്റിൽ നിന്ന് വിവരം നൽകി.നാട്ടിലെ കള്ളൻ പിടിയിലായി
മാഹി: നാട്ടിലെ പൂട്ടിയിട്ട വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വി. കേമറയിലൂടെ വീട്ടിൽ കള്ളൻ കയറുന്നത് കണ്ട
ന്യൂസിലാണ്ടിലുള്ള വീട്ടുടമ ,
തൽസമയം വിവരം നാട്ടിലുള്ള അനുജനേയും, മാഹി പൊലീസിനേയും അറിയിച്ചു. കുതിച്ചെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് കട്ടിലിന്നടിയിൽ ഒളിച്ചിരുന്ന കള്ളനെ കൈയ്യോടെ പിടികൂടി.ന്യൂസിലാൻറി ലുള്ള മാഹി റെയിൽവെ സ്റ്റേഷൻ റോഡിലെ കെ.ഒ.സതീശൻ്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി കള്ളൻ കയറിയത്.സതീശൻ യാദൃശ്ചികമായി സി.സി.ടി.വി.ക്യാമറ പരിശോധിച്ചപ്പോഴാണ് ഒരു ചെറുപ്പക്കാരൻ വീട്ടിനകത്ത് കയറി സാധനങ്ങൾ മോഷ്ടിക്കുന്നത് ശ്രദ്ധയിൽ പെട്ടത്.കർണ്ണാടക ചിക് മാംഗലൂർ സ്വദേശി അനിൽകുമാറി (37) നെയാണ് നാട്ടുകാർ വളഞ്ഞിട്ട് കട്ടിലിന്നടിയിൽ നിന്നും പൊക്കിയത്.ഇയാൾക്കെതിരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിലായി രണ്ട് ഡസനിലേറെ കേസുകളുണ്ട്. ഇയാളെ മാഹി കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.
ചിത്രവിവരണം: മോഷ്ടാവ് അനിൽകുമാർ


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group