
വികസന കുതിപ്പിലേറാന്‍
തലശ്ശേരി ജനറല്‍ ആശുപത്രി
തലശ്ശേരി :ജനറല്‍ ആശുപത്രിയുടെ ഭാവി വികസനം ലക്ഷ്യമാക്കി 50 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നബാര്‍ഡ് സഹായത്തോടെ നടപ്പിലാക്കുന്നതിന് അടിയന്തരമായി പ്രൊപ്പോസല്‍ സമര്‍പ്പിക്കും.
തലശ്ശേരി ജനറല്‍ ആശുപത്രി നഗരമധ്യത്തില്‍ നിന്നും കണ്ടിക്കലില്‍ പണി പുരോഗമിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപത്തേയ്ക്ക് മാറ്റുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
ഘട്ടംഘട്ടമായി ആശുപത്രി ഷിഫ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി ആദ്യം ജനറല്‍ മെഡിസിന്‍ വിഭാഗം ഇവിടേയ്ക്ക് മാറ്റും.
ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട് ലഭ്യമാക്കിയ തുകയില്‍ ഭൂമി നിരപ്പാക്കുന്നതിനും കോമ്പൗണ്ട് വാള്‍ പണിയുന്നതിനും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായെന്നും 5.3 കോടി രൂപയാണ് അതിനുള്ള എസ്റ്റിമേറ്റെന്നും ബാക്കി 4.7 കോടി രൂപ പുതിയ ബ്ലോക്ക് പണിയുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ഉപയുക്തമാക്കുന്നതിനും തീരുമാനിച്ചു.
നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി ആര്‍ക്കിടെക്ച്ചറല്‍ ഡ്രോയിംഗും സ്ട്രക്ച്ചറല്‍ ഡിസൈനും എസ്റ്റിമേറ്റും ജൂണ്‍ മാസം അവസാനത്തോടെ തയ്യാറാക്കി ജൂലൈ മാസം ആദ്യ ആഴ്ച പ്രോപ്പോസല്‍ സമര്‍പ്പിക്കുന്നതിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
സംസ്ഥാനത്തെ പ്രധാന ജനറല്‍ ആശുപത്രികളിലൊന്നായ തലശ്ശേരി ജനറല്‍ ആശുപത്രി പുതിയ സ്ഥലത്ത് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ മലബാര്‍ കാന്‍സര്‍ സെന്റര്‍, സ്ത്രീകളുടെയും കുട്ടികളുടെ ആശുപത്രി എന്നിവ സ്ഥിതി ചെയ്യുന്ന തിരുവങ്ങാട്-കോടിയേരി മേഖല തലശ്ശേരിയുടെ മെഡിക്കല്‍ ഹബ്ബായി മാറുമെന്നും രോഗികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ആധുനിക ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാകുമെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
ഹെല്‍ത്ത് സര്‍വ്വീസസ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.ഷിനു, അഡീഷണല്‍ ഡയറക്ടര്‍(പ്ലാനിംഗ്) ഡോ. സുകേഷ് രാജ്, പൊതുമരാമത്ത് ചീഫ് ആര്‍ക്കിടെക്ട് രാജീവ് പി.എസ്., ബില്‍ഡിംഗ് വിഭാഗം ചീഫ് എഞ്ചിനീയര്‍ എല്‍ ബീന, അസി. എക്സി. എഞ്ചിനീയര്‍ ലജീഷ് കുമാര്‍, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായ എം. കുഞ്ഞുമോന്‍, അര്‍ജ്ജുന്‍ എസ്.കുമാർ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ചിത്രവിവരണം: സ്പീക്കർ അഡ്വ: എ.എൻ ഷംസീറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗം

ഇ.വത്സരാജിൻ്റെ
'എൻ്റെ മയ്യഴി, പ്രകാശനം 31 ന്
മാഹി:കാൽനൂറ്റാണ്ടിലേറെക്കാലം മയ്യഴിയുടെ ജനപ്രതിനിധിയും, ഒരു വ്യാഴവട്ടക്കാലം പുതുച്ചേരിയിലെ ആഭ്യന്തരമടക്കം വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയും, എ.ഐ.സി.സി.സെക്രട്ടരിയും ,പ്രമുഖ ചിത്രകാരനുമായ ഇ. വത്സരാജ് രചിച്ച എൻ്റെ മയ്യഴി എന്ന ജീവചരിത്ര ഗന്ധിയായ പുസ്തകം മെയ് 31 ന് പ്രകാശനം ചെയ്യപ്പെടുന്നു.
മാഹി ബസലിക്കക്ക് മുന്നിലെ ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ വൈ. 4 മണിക്ക് നടക്കുന്ന പ്രകാശന ചടങ്ങ് മുൻ കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന വി.നാരായണസ്വാമി ഉദ്ഘാടനം ചെയ്യും വിഖ്യാത നോവലിസ്റ്റ് എം .മുകുന്ദന് ആദ്യ പ്രതി കൈമാറി, കേരള മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്യും. രമേശ് പറമ്പത്ത് എംഎൽഎ അദ്ധ്യക്ഷത വഹിക്കും
ഡി.സി.ബുക്സ് കോട്ടയം എഡിറ്റർ സാന്ദ്ര ആർ കുമാർ പുസ്തക പരിചയം നടത്തും.വി വൈദ്യലിംഗം എം.പി, ഷാഫി പറമ്പിൽ എം.പി, മുൻ ഡിജിപിടി.ആസഫലി, സി.എസ്.ഖൈർ വാൾ ഐഎഎസ്,ഡി.എസ്.നേഗി ഐ.എ.എസ്, ബി.വിജയൻ ഐ.എ.എസ്, കേരള ലളിതകലാ അക്കാദമി സെക്രട്ടരി എബി എൻ ജോസഫ് എന്നിവർ സംസാരിക്കും.ഇ.വത്സരാജ് മറുഭാഷണം നടത്തും. സജിത് നാരായണൻ സ്വാഗതവും, അസീസ് മാഹി നന്ദിയും പറയും

പ്രശാന്തിന്റെ ചിത്രങ്ങൾ 'എന്റെ
എംബസിക്കാല'ത്തിന് മൂർത്തരൂപമേകി:എം മുകുന്ദൻ.
മാഹി .തന്റെ ആത്മകഥാംശമുള്ള എൻ്റെ എംബസിക്കാലം
എന്ന കൃതിക്ക് മൂർത്തരൂപമേകിയത് പ്രശസ്ത ജലച്ഛായ ചിത്രകാരൻ പ്രശാന്ത് ഒളവിലമാണെന്ന് വിഖ്യാത നോവലിസ്റ്റ് എം.മുകുന്ദൻ.
ചിത്രകാരൻ പ്രശാന്ത്ഒളവിലം വരച്ച 64 ജലച്ചായ ചിത്രങ്ങളുടെ പ്രദർശനം, മലയാള കലാഗ്രാമം എം. വി. ദേവൻ ആർട്ട് ഗാലറിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ മലയാള കലാഗ്രാമം ട്രസ്റ്റി ഡോ. എ. പി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.നാടൻ കലാഗവേഷകനും ചിത്രകാരനുമായ കെ കെ മാരാർ ചിത്രപരിചയം നടത്തി. പുതുച്ചേരി മുൻ ഡപ്യുട്ടി സ്പീക്കർ പി. കെ. സത്യാനന്ദൻ, ഡോ
എ. വത്സലൻ, സുരേഷ് കൂത്തുപറമ്പ്, ചാലക്കര പുരുഷു, അസീസ് മാഹി, പ്രശാന്ത് ഒളവിലം സംസാരിച്ചു. പുന്നോൽ സർവീസ് സഹകരണ ബാങ്കിന്റെ 'എം.പുരുഷു മാസ്റ്റർ സമഗ്ര സംഭാവന പുരസ്കാരം' നേടിയ കെ. കെ. മാരാരെയും ഗ്രാഫിക് ഡിസൈൻ മേഖലയിലെ സർഗാത്മക സാന്നിധ്യമായ
ശ്രീശാന്തിനെയും എം. മുകുന്ദൻ ആദരിച്ചു. സെപിയ സാപ് ചിത്രകാര സംരംഭം ലോഗോ കെ കെ മാരാർ പ്രകാശനം ചെയ്തു.പ്രദർശനം 31 ന് സമാപിക്കും.
ചിത്രവിവരണം: ചിത്രപ്രദർശനം എം .മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു

മാഹി മലയാള കലാഗ്രാമത്തിൽ നടന്ന പ്രശാന്ത് ഒളവിലത്തിൻ്റെ ചിത്രപ്രദർശനത്തിൻ്റെ ഉദ്ഘാടന വേളയിൽ പുന്നോൽ ബേങ്കിൻ്റെ എം .പുരുഷു മാസ്റ്റർ പുരസ്ക്കാരം നേടിയ കെ.കെ.മാരാറെ എം.മുകുന്ദൻ ആദരിക്കുന്നു.
ഷില്ലോംഗിലുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ തലശേരി സ്വദേശിയായ യുവാവ് മരിച്ചു.
തലശ്ശേരി:മേഘാലയിലെ ഷില്ലോംഗില്‍ ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന തലശ്ശേരി പിലാക്കൂല്‍ നടമ്മല്‍ ഹൗസില്‍ റസീനുല്‍ അമീൻ (23) മരിച്ചു.ബാംഗ്ലൂർ പത്മശ്രീ ഇൻസ്റ്റിറ്റ്യൂട്ടില്‍ എം.എസ്.സി രണ്ടാം വർഷ വിദ്യാർത്ഥിയാണ്. ബൈറൂഹ ഫൗണ്ടേഷൻ തലശ്ശേരി, യൂത്ത് വിംഗ് സ്ഥാനങ്ങളില്‍ പ്രവർത്തിച്ചു വരികയായിരുന്നു. റഫീക്ക് - സീനത്ത് ദമ്ബതികളുടെ മകനാണ്. റഫ്സീന പർവീൻ (വിദ്യാർത്ഥിനി ഫക്ക് കോളജ്) സഹോദരിയാണ്.
പിൻവാതിൽ നിയമനങ്ങൾ ചെറുക്കും
മാഹി:പുതുശ്ശേരി സംസ്ഥാനത്തെ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റിൽ റിട്ടയർ ചെയ്ത ഉദ്യോഗസ്ഥന്മാരെ വീണ്ടും അതേ വകുപ്പിൽ നിയമനം നടത്തിയ പുതുശ്ശേരിയിലെ രംഗസ്വാമി സർക്കാരിൻറെ നടപടിയിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഇത്തരം ഹീനമായ നടപടിയെ കോൺഗ്രസ്സ് എന്നും എതിർഞിറ്റുണ്ട്.
രണ്ടുവർഷംമുമ്പ് റിട്ടയർ ചെയ്ത സ്കൂൾ അധ്യാപകരെ നിയമിക്കുന്നതിനെതിരെ സംസ്ഥാനതലത്തിൽ പ്രക്ഷോഭ നടത്തിയത് കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലാണ് .
അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരുടെ തൊഴിൽ നഷ്ടപ്പെടുത്തുന്ന നടപടിയേ അംഗീകരിക്കാൻ സാധ്യമല്ലെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മേഖലാ കോൺഗ്രസ് പ്രസിഡന്റ് കെ.മോഹനൻ മുന്നറിയിപ്പ് നൽകി
സംഘാടകസമിതി രൂപീകരിച്ചു
മാഹി:ജൂൺ 15ന് ചൂടിക്കോട്ടയിൽ നടക്കുന്ന കർഷകസംഘം മാഹി വില്ലേജ് സമ്മേളനത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു.
സിപിഎം മാഹി ലോക്കൽ സെക്രട്ടറി കേ പി നൗഷാദ് ഉദ്ഘാടനം ചെയ്തു.
കർഷകസംഘം മാഹി വില്ലേജ് പ്രസിഡൻ്റ് മനോഷ് പുത്തലം അധ്യക്ഷത വഹിച്ചുസി ടീ വിജീഷ്,റെജിൽ പി, യു ടീ സതീശൻ , രഞ്ചിന സംസാരിച്ചു.
സന്ദീപ് ചൂടിക്കോട്ടയെ കൺവീനറായും, കെ.ജി രാകേഷിനെ ചെയർമാനുമായി യോഗം തിരഞ്ഞെടുത്തു.

ഷമീർ ചോയ്സ് നിര്യാതനായി.
തലശ്ശേരി: പ്രശസ്ത റിതം ആർട്ടിസ്റ്റ് കിഴക്കെ കതിരൂർ ബ്രഹ്മാവ് മുക്ക് മീത്തലെ എറോത്തുംകണ്ടി ഷമീർ ചോയ്സ് (എം.പി.ഷമീർ) (54) നിര്യാതനായി. പരേതരായ കുഞ്ഞിമ്മൂസ - ഹലീമ ദമ്പതികളുടെ മകനാണ്. തലശ്ശേരി ചോയ്സ് ഓർക്കസ്ട്രയുടെ സ്ഥാപകനായിരുന്നു. എരഞ്ഞോളി മൂസ്സ, പീർ മുഹമ്മദ്, കണ്ണൂർ സലിം, കണ്ണൂർ ഷരീഫ് തുടങ്ങിയ മുൻകാല _ പിൻകാല ഗായകരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത മാപ്പിളപ്പാട്ടു ഗായകനായിരുന്ന പരേതനായ എം.പി.ഉമ്മർ കുട്ടിയുടെ അനന്തിരവനാണ്. ഭാര്യ: സറീന. മക്കൾ: ശിബിൽ, ഷമ്മ ഷിറോയിൻ. സഹോദരിമാർ: സുഹറ, ഷംഷാദ്, പരേതയായ ഷാഹിദ.
ഷമീർ ചോയിസിൻ്റെ നിര്യാണത്തിൽ മാപ്പിള കലാ കേന്ദ്രം അനുശോചിച്ചു. പ്രൊഫ.എ.പി.സുബൈർ, ഉസ്മാൻ വടക്കുമ്പാട്, ജാഫർ ജാസ്, ടി.കെ.ഡി. മുഴപ്പിലങ്ങാട് സംസാരിച്ചു
.മൺമറഞ്ഞത് മാപ്പിളപ്പാട്ട്
രംഗത്തെ നിറസാന്നിധ്യം
'തലശ്ശേരി: അന്തരിച്ച പ്രശസ്ത റിഥം ആർട്ടിസ്റ്റായ ഷമീർ ചോയിസിൻ്റെ ഭൗതിക ശരീരം കിഴക്കെ കതിരൂർ താഴത്തെ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. സംഗീത മേഖലയിലെയും സൗഹൃദ കൂട്ടായ്മയിലെയും വൻ ജനാവലിയാണ് അവസാനമായി ഒരു നോക്കു കാണാൻ തടിച്ചുകൂടിയത്.മാപ്പിളപ്പാട്ട് രംഗത്ത് ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് അകാലത്തിൽ പൊലിഞ്ഞത്. സൗമ്യ ശീലനും സൽസ്വഭാവിയുമായ ഷമീറിൻ്റെ വിയോഗം സംഗീത രംഗത്ത് മാത്രമല്ല നാടിന് തന്നെ തീരാനഷ്ടമാണുണ്ടാക്കിയിരിക്കുന്നത്.
അനുശോചന യോഗം ഗായകൻ കണ്ണൂർ ശരീഫ് ഉദ്ഘാടനം ചെയ്തു. തന്നെ മാപ്പിളപ്പാട്ട് രംഗത്ത് കൈപിടിച്ച് കൊണ്ട് വന്നത് ഷമീറാണെന്നും, തന്നെ മാത്രമല്ല മറ്റു പല മാപ്പിളപ്പാട്ടു കലാകാരന്മാരെയും ഷമീർ ഉയർത്തിക്കൊണ്ടുവന്നുവെന്നും കണ്ണൂർ ശരീഫ് പറഞ്ഞു. കൊല്ലം ഷാഫി അധ്യക്ഷനായി. എം.എ.ഗഫൂർ, കൊച്ചിൻ ഷമീർ,ജാഫർ ജാസ്, ബക്കർ തോട്ടുമ്മൽ, ബച്ചൻ അഷ്റഫ്, കെ.പി. യൂസഫ് സംസാരിച്ചു.

വീടിന് മുകളിൽ മരം വീണ്
ഭാഗികമായി തകർന്നു
മാഹി:ഈസ്റ്റ് പള്ളൂർ തുണ്ടിയിൽ തൊടിക്കളം ക്ഷേത്രത്തിന് സമീപത്തെ കണിയാൻ മീത്തൽ ചന്ദ്രിയുടെ വീട്ടുപറമ്പിലെ പ്ലാവിൻ്റ വൻ ശിഖരം പൊട്ടി വീണ് എതിർ വശത്തെ
നാരായണൻ മാസ്റ്റരുടെ
വീട്ടു മതിലിലേക്ക് വീണു. പ്ലാവിൻ്റെ ഉയരത്തിലുള്ള ശിഖരം ഇലക്ട്രിക് ലൈനിന് മുകളിൽ തട്ടി വീണതിനാൽ പ്രദേശത്തെ വൈദ്യുതി ബന്ധവും തകരാറിലായി. ഡപ്യൂട്ടി തഹസിൽദാർ മനോജ് വളവിലിൻ്റെ നേതൃത്വത്തിൽ മാഹി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി മരം മുറിച്ചുമാറ്റി.
ചിത്രവിവരണം: വീടിന് മുകളിൽ മരത്തിൻ്റെ ശിഖരം വീണ നിലയിൽ

കുഞ്ഞാമി നിര്യാതയായി
ന്യൂമാഹി: കേയി പുതിയോട്ടിൽ കുഞ്ഞാമി (78).
ഭർത്താവ്: പരേതനായ വൈദ്യരവിട അസ്സു.
മക്കൾ: ഷാഹിദ, നഫ്സി, സൈബു, ഉബൈസ് (ദുബൈ).
മരുമക്കൾ: സമീർ, ഫസൽ, അഷ്ക്കർ, സുമയ്യ.
സഹോദരങ്ങൾ: പരേതരായ മറിയു, റാബിയ, കുഞ്ഞലിമ, ആയിഷ.

അബൂട്ടി നിര്യാതനായി.
തലശ്ശേരി.കൊടുവള്ളി വീനസ് കോർണറിൽ "മസൽ" ഹൗസിൽ കെ അബൂട്ടി( 88 ) നിര്യാതനായി. സഹോദരങ്ങൾ: കെ സുബൈദ, പരേതരായ മൂസ, അബൂബക്കർ, ഉസ്മാൻ.
കൊടുവള്ളി വാർഡ് മുസ്ലിം ലീഗ് ശാഖാ മുൻ പ്രസിഡണ്ടായിരുന്നു, ദീർഘകാലം മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി ഭാരവാഹിയായിരുന്നു.

സജിത്ത് നിര്യാതനായി
മാഹി ..ഇടയിൽ പീടിക പള്ളിക്ക് സമീപം സജിത്ത് ഭവനിൽ താമസിക്കുന്ന പള്ളൂർ കോഹിന്നൂരിലെ എൻ.എം സജിത്ത് (53) നിര്യാതനായി. ഭാര്യ: പ്രസീത. മക്കൾ: വൈഷ്ണവ് (യു.കെ), വൈഭവ് ദ്രുബായ്)
മരുമകൾ: ഫിദ. സഹോദരങ്ങൾ: സുനിൽ കുമാർ, സുജിത്ത്, സഹിന.

മനോഹരൻ നിര്യാതനായി
മാഹി:ചാലക്കരയിലെ വള്ളിൽ മനോഹരൻ (52) നിര്യാതനായി
അച്ഛൻ പരേതനായ കൃഷ്ണൻ. അമ്മ: ശാരദ. സഹോദരങ്ങൾ. രാജൻ. രവീന്ദ്രൻ. അശോകൻ. ബിന്ദു ( പരേതരായ. പുരുഷു. അനീശൻ)
ഭാര്യ. റീന മക്കൾ ലക്ഷമി പ്രീയ. യദു
റെയിൽവേ ട്രാക്കിൽ മരം വീണു , ഗതാഗതം തടസ്സപ്പെട്ടു
മാഹി ..റെയിൽവേ ട്രാക്കിൽ മരം വീണു ,തീവണ്ടി ഗതാഗതം താറുമാറായി. വടകരക്കും മാഹിക്കും ഇടയിൽ റെയിൽവേ ട്രാക്കിൽ മരം വീണതിനെത്തുടർന്ന് തീവണ്ടി സർവീസ് തടസ്സപ്പെട്ടു പരശുറാം എക്സ്പ്രസ്സ് ഒരു മണിക്കൂർ തിക്കോടിയിൽ നിർത്തിയിടേണ്ടി വന്നു. മരം മുറിച്ചു മാറ്റിയതോടെ യാണ് മണിക്കൂറുകൾക്ക് ശേഷം ഗതാഗതം പുന:സ്ഥാപിച്ചത്.
തലശ്ശേരി നഗരസഭ: മഴക്കാല മുന്നറിയിപ്പ്
തലശ്ശേരി നഗരസഭാ പരിധിയിൽ വീടുകൾ. കെട്ടിടങ്ങൾ,വാഹനങ്ങൾ തുടങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയായി നിൽക്കുന്ന മരങ്ങൾ, ശിഖരങ്ങൾ എന്നിവ നിയമ വിധേയമായി മുറിച്ചു മാറ്റേണ്ടതാണ്. ഇത് മൂലം എന്തെങ്കിലും അപകടം സംഭവിച്ചാൽ മരത്തിന്റെ ഉടമസ്‌ഥർക്കായിരിക്കും അതിൻ്റെ പൂർണ്ണ ഉത്തരവാദിത്വമെന്ന്
തലശ്ശേരി നഗരസഭ സെക്രട്ടറി അറിയിച്ചു.

കിണർ കുഴിക്കുന്നതിനിടെ അപകടം; ഒരാൾ മരണപ്പെട്ടു.
മാഹി: അഴിയൂർ വേണുഗോപാല ക്ഷേത്രത്തിന് സമീപം തൈയുള്ളതിൽ സമീറിന്റെ ഉടമസ്ഥതയിലുള കൊക്കോന്റെവിട പറമ്പിൽ നിർമ്മാണത്തിൽ ഇരിക്കുന്ന കിണർ ഇടിഞ്ഞുവീണു ഒരാൾ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന തൊഴിലാളി രക്ഷപ്പെട്ടു. ഇന്നുച്ചയോടെയാണ് അപകടം നടന്നത്.
ആറ് തൊഴിലാളികളിൽ രണ്ട് പേരാണ് കിണറിൽ ഉണ്ടായിരുന്നത്.
അതിനിടെ മണ്ണിടിയുകയായിരുന്നു.
കരിയാട് പടന്നക്കരയിലെ കുളത്ത് വയൽ വീട് സാമി കുട്ടിയുടെ മകൻ രജീഷ് (48) ആണ് മരണപ്പെട്ടത്.
കൂടെ ഉള്ള അഴിയൂർ പരദേവത ക്ഷേത്രത്തിന് സമീപം ചാലിമേൽ വേണുവിനെ തലശേരി കൊടുവള്ളി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
മാഹി -വടകര ഫയർ ഫോയ്സും ചോമ്പാല പോലിസും നാട്ടുകാരും ചേർന്ന് രണ്ടര മണിക്കൂർ നീണ്ടു നിന്ന തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രശാന്ത് ഒളവിലത്തിന്റെ
ചിത്ര പ്രദർശനം ഇന്ന് തുടങ്ങും
മാഹി : എം മുകുന്ദൻ്റെ ആത്മകഥാംശമുള്ള 'എൻ്റെ എംബസിക്കാലത്തിന് ' വേണ്ടി പ്രശാന്ത് ഒളവിലം വരച്ച ചിത്രങ്ങളുടെ പ്രദർശനം മാഹിമലയാള കലാഗ്രാമത്തിലെ എം വി ദേവൻ ആർട്ട് ഗാലറിയിൽ മെയ് 25ന് രാവിലെ പത്ത് മണിക്ക് ആരംഭിക്കും. ചിത്രപ്രദർശനം വിഖ്യാത നോവലിസ്റ്റ് എം മുകുന്ദൻ ഉദ്ഘാടനം ചെയ്യും. ഡോ : എ പി ശ്രീധരൻ അധ്യക്ഷത വഹിക്കും. കെ കെ മാരാർ ചിത്ര പരിചയം നടത്തും. അസീസ് മാഹി, പി കെ സത്യാനന്ദൻ, ഡോ. വത്സലൻ, സുരേഷ് കൂത്തുപറമ്പ്, ചാലക്കര പുരുഷു സംസാരിക്കും. 31 വരെപ്രദർശനം തുടരും

റോഡരികിലെ മതിൽ
ഇടിയാൻ തുടങ്ങി
മാഹി .. മാഹി - തലശ്ശേരി ബൈപാസ് റോഡിൻ്റെ ഈസ്റ്റ് പളളൂർ സിഗ്നൽ ജംഗ്ഷൻ്റെ തൊട്ടടുത്ത് സർവ്വീസ് റോഡിനോട് ചേർന്നുള്ള മതിൽ ഏത് നിമിഷവും നിലംപൊത്തും ഒരു ഭാഗം നനഞ്ഞ് കുതിർന്ന് ഇടിയാൻ' തുടങ്ങിയിട്ടുണ്ട്.ഇതിനോട് ചേർന്ന് കിണറും സ്ഥിതി ചെയ്യുന്നുണ്ട്. അധികൃതരുടെ അടിയന്തിര ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ ഇതു വഴിയുള്ള ഗതാഗതം താറുമാറാകും. അപകട സാദ്ധ്യതയും ഏറെയാണ്.
ചിത്രവിവരണം:അപകടാവസ്ഥയിലായ മതിൽ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group