
എവറസ്റ്റ് കീഴടക്കി സഫ്രീന ലത്തീഫ് ചരിത്രം കുറിച്ചു
ചാലക്കര പുരുഷു
മാഹി: ചിത്ര-ശിൽപ്പ നിർമ്മിതിയിലും, സാഹിത്യത്തിലും പാചക കലയിലുമെല്ലാം പ്രതിഭ തെളിയിച്ച പുന്നോൽ സ്വദേശിനി സഫ്രീന ലത്തീഫ് ,യാദൃശ്ചികമായാണ്അതിസാഹസികതയുടെ കൂട്ടുകാരിയായി മാറിയത്.അതാകട്ടെ ലോകത്തെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിലെത്തിച്ചു.. അങ്ങിനെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി വനിതയുമായി.
സാഹിത്യാദി കലകളിൽ അഭിരമിച്ചിരുന്ന ഈ ചെറുപ്പക്കാരിക്ക്
കൊറോണക്ക് ശേഷമാണ് ഭൂമിയിലെ വിവിധ ഭൂഖണ്ഡങ്ങളിലെ ഉത്തുംഗശൃംഗങ്ങളിലെത്തിച്ചേരാനുള്ള മോഹങ്ങൾക്ക് ചിറക് മുളച്ചത്. ഈ ലക്ഷ്യം വെച്ച് അർജൻ്റീനയിലെ അങ്കമാൻകാഗ്വ, റഷ്യയില മൗണ്ട് എൽബ്രൂസ് തുടങ്ങിയ രാജ്യങ്ങളിലെ കൊടുമുടികൾ കയറി. ടാൻസാനിയയിലെ മൗണ്ട് കിളിമഞ്ചാരോ കീഴടക്കിയതോടെയാണ് ഭൂമിയിലെ ഏറ്റവും ഉന്നതമായ കൊടുമുടിയായ ഹിമഗിരിശൃംഗങ്ങളിലെ എവറസ്റ്റ് കീഴടക്കാനുള്ള ഉൽക്കടമയമോഹം മനസ്സിലുദിച്ചത്.
നന്നെ ചെറുപ്പത്തിലേ സാഹസിക കാര്യങ്ങളിൽ ഉൽകൃഷ്ടമായ മനസ്സായിരുന്നു
സഫ്രീനക്ക് ഹൈസ്ക്കൂൾ പഠന കാലത്ത് തന്നെ സി.ബിഎസ്.ഇ.സംസ്ഥാന കലോത്സവത്തിൽ കഥയെഴുത്തിന് ഒന്നാം സ്ഥാനം നേടിയിരുന്നു. വരവർണ്ണങ്ങളിൽ നീരാടിയ ആ മനസ്സ് ശിൽപ്പ നിർമ്മിതിയിലും പ്രതിഭ തെളിയിച്ചു.
പാഴ് വസ്തുക്കളടക്കമുപയോഗിച്ചുള്ളകരകൗശല വസ്തു നിർമ്മാണം ആരേയും അതിശയിപ്പിക്കും. മോഡലിങ്ങിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു' രുചി ക്കൂട്ടുകളുടെ രാജകുമാരിയായ ഇവർ കേക്ക് ആർട്ടിസ്റ്റായും അറിയപ്പെട്ടു വരുന്നു.
കെപി സുബൈദയുടെയും തലശ്ശേരി പുന്നോൽ സ്വദേശി പി എം അബ്‌ദുൾ ലത്തീഫിന്റെയും മകളാണ്.
ഖത്തറിൽ ഹമദ് ഹോസ്‌പിറ്റലിലെ സർജൻ ഡോ:ഷമീൽ ആണ് ഭർത്താവ്. മിൻഹ ഏക മകളും.
ഇതിനുമുമ്പ് ടാൻസാനിയയിലെ മൗണ്ട് കിളിമഞ്ചാരോ കീഴടക്കിയ ആദ്യ മലയാളി ദമ്പതികൾ കൂടിയായിരുന്നു സഫീനയും,ഷമീലും 'ഭർത്താവിൻ്റെ കലവറയില്ലാത്ത പിന്തുണയും, പ്രോത്സാഹനവുമാണ് എവറസ്റ്റോളം ഉയരമുള്ള സ്വപ്നങ്ങൾക്ക് നിറം പകർന്നതെന്ന് സഫ്റീന പറയുന്നു
ചിത്ര വിവരണം: എവറസ്റ്റിൻ്റെ നെറുകയിൽ സഫീന ലത്തീഫ്




തലശ്ശേരിയിൽ വ്യാപകമായ
മഴക്കെടുതി
തലശ്ശേരി :തിമർത്തു പെയ്ത ആദ്യ മഴയിൽ തന്നെ നഗരത്തിലും സമീപ പ്രദേശങ്ങളിലും വൻനാശനഷ്ടവും, വെള്ളപ്പൊക്കവും. നഗരത്തിലെ മൂന്ന് വാർഡുകളിൽ വെള്ളക്കെട്ടും, നാശനഷ്ടങ്ങളും സംഭവിച്ചു. കുയ്യാലി, കായ്യത്ത്, ചേററം കുന്ന് വാർഡുകളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. ഇവിടങ്ങളിലെ നാല് വീടുകളിൽ വെള്ളം കയറി 'ഇതേ തുടർന്ന് നാല് കുടുബങ്ങളും ബന്ധുവീടുകളിലേക്ക് മാറി പരിസരത്തെ ആറ് കടകൾ വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ടു. ചേറ്റംകുന്നിലെ സലീമിന്റെ പുറാംകണ്ടി വീട്ടിന്റെ മതിലിടിഞ്ഞു. തലശ്ശേരി റെയിൽവേ സ്റ്റേഷൻ,ഗുഡ്ഷെഡ്റോഡും കുയ്യാലി റോഡും പൊടുന്നനെയാണ് വെള്ളത്തിൽ മുങ്ങിയത്. തിങ്കളാഴ്ച രാത്രിയിൽ റോഡിൽ കെട്ടിനിന്ന വെള്ളംഇന്നലെ ഉച്ചവരെയും ഇറങ്ങിയില്ല. ഇതോടെ ഇതു വഴിയുള്ള വാഹന ഗതാഗതവും കാൽ നടയാത്രയും ദു:സ്സഹമായി. ഓട്ടോറിക്ഷകൾക്ക് ഉൾവശത്തും ഇരുചക്ര വാഹനങളിലും വെള്ളം കയറിനാശനഷ്ടമുണ്ടായി. വികസനപ്രവർത്തനത്തിന്റെ ഭാഗമായി വെള്ളം ഒഴുകിപ്പോകുന്ന തോട്ടിലും ചതുപ്പിലും റെയിൽവെ ക്കാർ മണ്ണിട്ട് നികത്തിയതാണ് ഈ ഭാഗത്ത് ഒഴുക്ക് തടസ്സപ്പെട്ട് റോഡിലേക്ക് മഴ വെള്ളം എത്താൻ ഇടയായതെന്ന് നാട്ടുകാർ പറയുന്നു..പ്രവൃത്തി നടക്കുന്ന സമയം തന്നെ റെയിൽവേഅധികൃതരുടെ ശ്രദ്ധയിൽ കാര്യം പെടുത്തിരുന്നുവെങ്കിലും അവർ ശ്രദ്ധിച്ചില്ല ' മഴക്കാല പൂർവ്വ മരാമത്ത് പണികൾ വേണ്ട രീതിയിൽ ചെയ്യാത്തതും വിനയായിട്ടുണ്ട്. ലോഗൻസ് റോഡ് പൂർണ്ണമായി പുനർനിർമ്മിക്കുന്നതിൻ്റെ ഭാഗമായി അടച്ചിട്ടതിനാൽ ഗതാഗതക്കുരുക്കിൽ നഗരം വീർപ്പ് മുട്ടുകയാണ്. മഴ തുടർന്നാൽ നഗരത്തിലെ വ്യാപാരികളടക്കമുള്ളവരുടെ ജീവിതം താളം തെറ്റും.

ഇടിമിന്നലിൽ വീടിന് നാശനഷ്ടം
മാഹി .തിങ്കളാഴ്ച്ച രാത്രി ഏഴ് മണിക്കുണ്ടായ ഇടിമിന്നലിൽ പന്തക്കലിൽ വീടിന് നാശനഷ്ടമുണ്ടായി. മൂലക്കടവ് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപത്തെ അരിയാരപ്പൊയിൽ ബൈജുവിൻ്റെ വീടിനാണ് നാശനഷ്ടമുണ്ടായത്
മീറ്റർ ബോക്സ് പൂർണ്ണമായും കത്തി നശിച്ചു. മുകളിലെ നിലയിലെ ചുമർ അടർന്ന് താഴത്തെ മുറിയിലേക്ക് വീണു 'ടി.വി., ഫ്രിഡ്ജ് തുടങ്ങിയ ഗൃഹോപകരണങ്ങളിൽ നിന്ന് പുക ഉയർന്നതായി വീട്ടുകാർ പറഞ്ഞു. സ്വിച്ച് ബോർഡും കത്തിപ്പോയി.- വൈദ്യുതി തുണിൽ നിന്ന് വീട്ടിലേക്കുള്ള സർവീസ് വയർ ആളിക്കത്തി പൊട്ടിവീണു. വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ അപകടത്തിൽപ്പെടാതെ രക്ഷപ്പെടുകയായിരുന്നു

മാഹി ഗവ: നഴ്സിങ്ങ് കോളജ് ആഗസ്തിൽ ഉദ്ഘാടനം ചെയ്യും.
മാഹി: മയ്യഴിക്കാരുടെ വർഷങ്ങളായുള്ള അഭിലാഷമായ സർക്കാർ ഉടമസ്ഥതയിലുള്ള നഴ്സിങ്ങ് കോളജ് എന്ന സ്വപ്നം ആഗസ്ത് മാസത്തോടെ സഫലമാകും.
സർക്കാർ ഉടമസ്ഥതയിലുള്ള പുതുച്ചേരി മദർ തെരേസാ പോസ്റ്റ് ഗ്രാജുവേറ്റ് ആൻ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിൻ്റെ കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുക., നേരത്തെ മാഹിഗവ:എൽ.പി.സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് നഴ്സിങ്ങ് കോളജ് ആരംഭിക്കുന്നത്.
40 വിദ്യാർത്ഥികൾക്കാണ് ഓരോ വർഷവും പ്രവേശനം ലഭിക്കുക.. സെൻടാക് വഴിയാണ് പ്രവേശനം.
നാല് വർഷ കോഴ്സായ ബി.എസ്.സി നഴ്സിങ്ങ് കോഴ്സിന് ഇനി മയ്യഴിയിലെ വിദ്യാർത്ഥികൾക്ക് പുതുച്ചേരിയിൽ പോകേണ്ടതില്ല.
ക്ലാസ്സ് റൂം,ലാബ്, കമ്പ്യൂട്ടർ ലാബ്, ന്യൂട്രീഷ്യൻ റൂം, കാഷ്വാലിറ്റി, ലൈബ്രറി, റീഡിങ്ങ് റൂം തുടങ്ങി നഴ്സിങ്ങ് കോളജിന് വേണ്ട എല്ലാ ആധുനീക സൗകര്യങ്ങളെല്ലാം ഇതിനകം ഒരുക്കിക്കഴിഞ്ഞു.
2022 ൽ രമേശ് പറമ്പത്ത് എംഎൽഎ നിയമസഭയിൽ ഉയർത്തിയ ആവശ്യമാണ് ഏറെ കടമ്പകൾ കടന്ന് ഇപ്പോൾ യഥാർത്ഥ്യമായത്. മാഹിയിൽ നിലവിലുള്ള ആയുർവ്വേദ മെഡിക്കൽ കോളജ്, ദന്തൽ കോളജ്, പോളിടെക്നിക്, ഐ.ടി.ഐ. മഹാത്മാഗാന്ധി ഗവ: ആർട്സ് & സയൻസ് കോളജ്, ബിരുദ - ബിരുദാനന്തര സഹകരണ കോളജ്, രണ്ട് ബി.എഡ്.കോളജുകൾ, പുതുച്ചേരി യൂണിവേർസിറ്റി സെൻ്റർ എന്നിവയടക്കം നഴ്സിങ്ങ് കോളജ് കോളജ് കൂടി വരുന്നതോടെ മാഹി സമ്പൂർണ്ണ പ്രൊഫഷണൽ എജുക്കേഷൻ ഹബ്ബായി മാറുമെന്ന് രമേശ് പറമ്പത്ത്എം എൽ എ പറഞ്ഞു.
അന്തിമപരിശോധനക്കായിപോണ്ടിച്ചേരി യൂണിവേർസിറ്റി അസി. രജിസ്ട്രാർ ഡോ: പുഷ്ക്കർസിങ്ങ് ,അംഗങ്ങളായ പ്രൊഫ.ഗാന്ധിമതി, ഡോ: സാറ, ഡോ: രാഖി ബിശ്വാസ് എന്നിവർ ഇന്നലെ നഴ്സിങ്ങ് കോളജ് കാമ്പസ് സന്ദർശിച്ചു.
സംഘത്തോടൊപ്പം
മാഹി എം എൽ എ രമേശ് പറമ്പത്ത് ,ആരോഗ്യ വകുപ്പ് ഡെ: ഡയറക്ടർ ഡോ: എ.പി ഇസ്ഹാഖ്, അസി: ഡയറക്ടർ ഡോ: സൈബുന്നിസ ബീഗം, ഡോ: പ്രമീള, വൈ. പ്രിൻസിപ്പാൾ ചിത്രാ രമേഷ്, നഴ്സിങ്ങ് ഓഫീസർ വി.വി.സിന്ധു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.പി.രാജേഷ്, സൂപ്രണ്ട് കെ.സന്തോഷ് കുമാർഎന്നിവരുമുണ്ടായരുന്നു.
ചിത്രവിവരണം: മാഹി ടൗണിൽ ആരംഭിക്കുന്ന ഗവ: നഴ്സിങ്ങ് കോളജ്

പോണ്ടിച്ചേരി യൂണിവേർസിറ്റിയിൽ നിന്നുള്ള പരിശോധക സംഘത്തലവൻ ഡോ: പുഷ്ക്കർ സിങ്ങിനെ രമേശ് പറമ്പത്ത് എംഎൽഎ പൊന്നാട അണിയിച്ച് സ്വീകരിക്കുന്നു

കരിദിനം ആചരിച്ചു
തലശ്ശേരി : പിണറായി വിജയൻ സർക്കാരിന്റെ , നാലാം വാർഷികം യു ഡി എഫ് കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി, തലശ്ശേരി നിയോജക മണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രകടനം നടത്തി. യു ഡി എഫ് നേതാക്കളായ
എം.പി. അരവിന്ദാക്ഷൻ,
എൻ. മഹമൂദ്, സജീവ് മാറോളി ,കെ സി അഹമ്മദ്, ഷാനിദ് മേക്കുന്ന്,ബഷീർ ചെറിയാണ്ടി, കെ. ശശിധരൻ , റഷീദ് കരിയാടൻ, സാഹിർ പാലക്കൽ, കെ ഖാലിദ് മാസ്റ്റർ നേതൃത്വം നൽകി.
ചിത്രവിവരണം:തലശ്ശേരിയിൽ നടന്ന പ്രതിഷേധ പ്രകടനം
ഭാര്യയെസ്വന്തമാക്കാൻ ഓട്ടോ ഡ്രൈവറെ വെടിവച്ചു കൊന്നു: പ്രതിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
തലശ്ശേരി: ഭാര്യയെ സ്വന്തമാക്കാൻ ഭർത്താവിനെ വെടിവച്ചു കൊന്ന പ്രതി നൽകിയ ജാമ്യ ഹരജിയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. കൈതപ്രം വായനശാലക്കു സമീപം ഗുഡ്‌സ് ഓട്ടോഡ്രൈവും ബി.ജെ.പി. പ്രാദേശിക നേതാവുമായ മാതമംഗലം പുനിയങ്കോട്ടെ കെ.കെ.രാധാകൃഷ്‌ണനെ (51) വെടിവച്ചു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി പെരുമ്പടവ് അടുക്കത്തെ എൻ.കെ. സന്തോഷിന്റെ ജാമ്യാപേക്ഷയിൽ വാദ-പ്രതിവാദങ്ങൾ പൂർത്തിയായി.
രാധാകൃഷ്ണന്റെ ഭാര്യയെ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ആറ് കിലോമീറ്റർ അകലെ നിന്ന് വീടു നിർമ്മാണം നടക്കുന്ന സ്ഥലത്തെത്തി നാടൻതോക്ക്ഉപയോഗിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജാമ്യം നൽകിയാൽ അത് സമൂഹത്തിൽ തെറ്റായ സന്ദേശമാവുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത് കുമാർ വാദിച്ചു. ഇക്കഴിഞ്ഞ മാർച് 20 ന് രാത്രി 7.30 ഓടെയാണ് രാധാകൃഷ്ണൻ തൻ്റെ പണി പൂർത്തിയാകാത്ത വീടിനടുത്ത് വെടിയേറ്റ് മരിച്ചത്. സംഭവ സ്ഥലത്ത് നിന്നു തന്നെ പ്രതി സന്തോഷ്അറസ്റ്റിലായിരുന്നു. ഇയാൾക്ക് തോക്ക് നൽകിയ സജോജോസഫ്, രാധാകൃഷ്‌ണൻ്റെ ഭാര്യയും ബി.ജെ.പി. ജില്ലാ നേതാവുമായിരുന്ന മിനി നമ്പ്യാർ, പ്രതി സന്തോഷ് എന്നിവർ ജയിലിലാണുള്ളത്.

ഫ്രഞ്ച് കോളനി ഭരണചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്യുന്നു
മാഹി . മാഹി മുൻ നഗരസഭാ കമ്മീഷണറും, കവിയും, ഭാരത ദേശം എഡിറ്ററുമായ അടിയേരി ഗംഗാധരൻ രചിച്ച
ഹിസ്റ്ററി ഓഫ് ഫ്രഞ്ച് കൊളോണിയൽ റൂൾ ഇൻ ഇന്ത്യ എന്ന ചരിത്ര ഗ്രന്ഥത്തിൻ്റെ പ്രകാശനം മെയ് 31 ന് നടക്കും.
കാലത്ത് 10.30 ന് തലശ്ശേരി കോസ് മോ പൊളിറ്റൻ ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ കവയിത്രി അജിത കൃഷ്ണ മുക്കാളിക്ക് ആദ്യ പ്രതി നൽകി ചൂര്യായി ചന്ദ്രൻ മാസ്റ്റർ നിർവ്വഹിക്കും പ്രൊഫ: ഇ.ഇസ്മായിൽ ആമുഖഭാഷണം നടത്തും.

കേശദാനം ചെയ്തു.
മാഹി: മാഹി കോ- ഓപ്പറേറ്റീവ് കോളജ് ഓഫ് ടീച്ചർ എജുക്കേഷനിൽ നടന്ന സന്നദ്ധ രക്തദാന ക്യാമ്പിൽ വെച്ച് കീമോ തറാപ്പിയിലൂടെ മുടി നഷ്ടപ്പെടുന്ന കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നിർമിച്ച് നൽകുന്ന ബ്ലഡ് ഡോണേഴ്സ് കേരളയും, തൃശൂർ അമല ആശുപത്രിയും നടത്തുന്ന പദ്ധതിയിലേക്ക് സഹോദരിമാരുടെ മക്കൾ കേശദാനം നടത്തി. ന്യൂമാഹി ആറൻഞ്ചേരി താഴെ കുനിയിൽ ബീനയുടെയും കെ പുരുഷോത്തമന്റെയും മകളായ ചൊക്ലി വി പി ഒറിയന്റൽ ഹൈ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി കെ വൈഗയും, ആറൻഞ്ചേരി താഴെ കുനിയിൽ ബിന്ദുവിന്റെയും മനോജ് കുമാറിന്റെയും മകളായ അഴിയൂർ ഈസ്റ്റ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയുമായ നിയാ മനോജും കേശദാനം നടത്തി. പ്രിൻസിപ്പൽ ഡോ: ശ്രീലത കെ മുടി ഏറ്റുവാങ്ങി. കോളേജ് വിദ്യാർത്ഥികളും, പി പി റിയാസ് മാഹി, റയീസ് മാടപ്പീടിക, രാജീവൻ പാറാൽ, രതീഷ് മഞ്ചക്കൽ, ആറഞ്ചേരി താഴെ കുനിയിൽ ബൈജു, ഫിസിക്കൽ എജുക്കേഷൻ അസി: പ്രൊഫസർ വിപിൻ കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ചിത്രവിവരണം: കുട്ടികൾ കേശദാനം നടത്തുന്നു
കെ.കെ.മാരാർക്ക് എം പുരുഷു മാസ്റ്റർ പുരസ്കാരം സ്പീക്കർ സമ്മാനിക്കും
തലശ്ശേരി ::പ്രമുഖ സഹകാരിയും സാമൂഹ്യ- രാഷ്ടിയ പ്രവർത്തകനും കോടിയേരി പഞ്ചായത്ത് പ്രസിഡണ്ടും, തലശ്ശേരി നഗരസഭാ മുൻ വൈസ് ചെയർമാനുമായിരുന്ന എം. പുരുഷു മാസ്റ്റരുടെ സ്മരണക്കായി പുന്നോൽ സർവ്വീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് ബഹുമുഖ പ്രതിഭയായ കെ.കെ. മാരാർ അർഹനായി. മെയ് 23 ന് വൈകിട്ട് 5 ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ
പുരസ്കാരം സമർപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. , സാമൂഹിക, കലാ-സാംസ്ക്കാരിക മണ്‌ഡലങ്ങളിൽ അതുല്യ സംഭാവനകൾ നൽകുന്ന വ്യക്തികൾക്ക് പുരസ്ക്കാരം നൽകാനാണ് ബാങ്ക് ഭരണ സമിതി തീരുമാനിച്ചിരുന്നത്. സി.കെ രമേശൻ, കെ.എം.രഘുരാമൻ, എ വത്സലൻ, കെ. ജയപ്രകാശൻ. ടി.എം.ദിനേശൻ എന്നിവർ അടങ്ങിയ പുരസ്കാര നിർണയ സമിതിയാണ് ചിത്രകാരനും ചരിത്ര ഗവേഷകനും കലാനിരുപകനും പ്രഭാഷകനുമായ കെ.കെ. മാരാരെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. 15,000 രൂപയും ശിൽപവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. വാർത്താ സമ്മേളനത്തിൽ പുരസ്കാര നിർണയ കമ്മിറ്റി ചെയർമാൻ ഡോ:എ. വത്സലൻ, പുന്നോൽ ബേങ്ക് പ്രസിഡണ്ട് കെ.എം.രഘുരാമൻ, ഡയറക്‌ടർ കെ. രത്നകുമാർ, ബേങ്ക് സെക്രട്ടറി കെ.വി സന്തോഷ്‌കുമാർ സംബന്ധിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group