
മറക്കാനാവില്ല
ഇ.വി. ശ്രീധരനെ
കലാഗ്രാമത്തിന്
:ചാലക്കര പുരുഷു
മാഹി: മലയാള കലാഗ്രാമത്തിൻ്റെ ആവിർഭാവം തൊട്ടിന്നു വരെ ഈ കലാ സ്ഥാപനത്തിൻ്റെ ആന്തരികവും ഭൗതികവുമായ വളർച്ചയിൽ ശക്തമായ പങ്ക് വഹിച്ച മഹദ് വ്യക്തിത്വമായിരുന്നു ഇന്നലെ വിട പറഞ്ഞ പ്രമുഖ എഴുത്തുകാരനും, കഥാകൃത്തും, പത്രാധിപരും, നോവലിസ്റ്റും ചിന്തകനുമൊക്കെയായ ഇ.വി. ശ്രീധരൻ. മദിരാശിയിലെ 'പവിത്ര സംഘ'ത്തിൻ്റെ ആശയങ്ങളിൽ ആകൃഷ്ടനായ ഇ.വി. ശ്രീധരൻ, എം.ഗോവിന്ദൻ്റെയും, എം.എൻ. റോയിയുടേയും ചിന്തകളിൽ അനുധാവനം ചെയ്തു.
റാഡിക്കൽ ഹ്യൂമനിസത്തിൽ ആകൃഷ്ടനായ അദ്ദേഹം വടക്കൻ കേരളത്തിലെ സോഷ്യലിസ്റ്റ് പാരമ്പര്യത്തെ നെഞ്ചോട് ചേർത്ത് വെച്ചു. ഫാസിസത്തിനെതിരായ പോരാട്ടങ്ങളുടെ പരിമിതികളെക്കുറിച്ചുള്ള ബോധ്യമാണ് വ്യത്യസ്തമായ അന്വേഷണങ്ങൾക്ക് ശ്രീധരനെ പ്രേരിപ്പിച്ചത്.
കലാഗ്രാമം മാനേജിങ്ങ് ട്രസ്റ്റിയായിരുന്ന എ.പി. കുഞ്ഞിക്കണ്ണനും, വിഖ്യാത ചിത്രകാരൻ എം.വി. ദേവനുമായുള്ള ആത്മബന്ധമാണ് ശ്രീധരനെ കലാഗ്രാമവുമായി ഏറെ അടുപ്പിച്ചത്.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് കലാഗ്രാമത്തിൻ്റെ രൂപീകരണ വേളയിൽ പ്രസിദ്ധീകരിച്ച എം. ഗോവിന്ദനെക്കുറിച്ചുള്ള ബ്രഹദ്ഗ്രന്ഥം എഡിറ്റ് ചെയ്യാൻ അദ്ദേഹം സ്വയം സന്നദ്ധമായി മുന്നോട്ട് വരികയായിരുന്നു.
പിന്നീട് കലാഗ്രാമത്തിൽ നടന്ന എല്ലാ സാംസ്ക്കാരിക പ്രവർത്തനങ്ങളിലും പങ്കാളിയായി.
പഞ്ചമം,ദശമം, കലാഗ്രാമം സിൽവർ ജൂബിലി സ്മരണികകളുടെയെല്ലാം എഡിറ്റർ അദ്ദേഹമായിരുന്നു.
പ്രമുഖ സോഷ്യലിസ്റ്റ് കെ.ബി.മേനോൻ്റെയും, കലാഗ്രാമം സ്ഥാപകൻ എ.പി.'കുഞ്ഞിക്കണ്ണൻ്റെയും, ജീവചരിത്രങ്ങളും ശ്രീധരൻ്റെ പത്രാധിപത്യത്തിലാണ് പുറത്തിറങ്ങിയത്.
കലാഗ്രാമത്തിലെ ഗസ്റ്റ് ഹൗസായിരുന്നു ഏറെക്കാലം അദ്ദേഹത്തിൻ്റെ എഴുത്തുപുര .
സ്വന്തം ലേഖനങ്ങളുടെ സമാഹാരവും പുറത്തിറക്കിയിട്ടുണ്ട്.
എലികളും പത്രാധിപരും, ഈ നിലാവലയിൽ, താമരക്കുളത്തെ അമ്മുക്കുട്ടി, ഒന്നാംപ്രതി, ജാനകിയുടെ സ്മാരകം, ഓർമ്മയിലും ഒരു 'വിഷ്ണു, ലബോറട്ടറിയിലെ പൂക്കൾ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കഥാസമാഹാരങ്ങൾ. ദൈവക്കളി, ഏതോ പൂവുകൾ, നന്ദിമാത്രം, കാറ്റുപോലെ എന്നിവയാണ് നോവലുകൾ. വിവിധ
ആനുകാലികങ്ങളിലുമെഴുതിയ രാഷ്ട്രീയ ലേഖന ങ്ങളും സാഹിത്യസംബന്ധിയായ ലേഖനങ്ങളുമൊന്നും സമാഹരിച്ചിട്ടില്ല.
തൻ്റെഎഴുത്തുകളുടേയോ, ചിന്തകളുടേയോ പ്രചാരകനാവാൻ ഒരിക്കലും അദ്ദേഹം തയ്യാറായിരുന്നില്ല.
കലാഗ്രാമം ഗസ്റ്റ് ഹൗസായിരുന്നു ഏറെക്കാലം അദ്ദേഹത്തിൻ്റെ എഴുത്തുപുര. പതിഞ്ഞ ശബ്ദത്തിൽ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന അദ്ദേഹം പ്രസംഗത്തോട് എന്നും വിമുഖത കാട്ടി.
ഇ.വി. ശ്രീധരൻ ഒരു സദസ്സിലേക്കും പോകുന്നില്ല. പക്ഷേ, ഇ.വി. ശ്രീധരനു ചുറ്റും എന്നും ഒരു സദസ്സുണ്ടായിരിക്കും.
"ഞാൻ മനുഷ്യൻ മാത്രമാണ്. ഞാൻ എന്നെ 'മനുഷ്യനാക്കുകയാണ്. പ്രശ്നം മനുഷ്യനും മനുഷ്യനുമിടയിലല്ല.
പ്രശ്നം ഞാൻ തന്നെയാണ്. എന്നെ മനുഷ്യനാക്കുകയാണ് എൻ്റെ യുദ്ധം സ്വയം മനുഷ്യത്വമാവുക. സ്വയം മനുഷ്യത്വത്തിൻ്റെ പൗരുഷവും സൗന്ദര്യവും തീർപ്പുമാവുക. ഈ യുദ്ധത്തിൽ സന്ധിയില്ല. ഇ.വി. ശ്രീ ധരൻ ഇ.വി. ശ്രീധരനോട് ഒരൊത്തുതീർപ്പിനുമില്ല'.ശ്രീധരേട്ടൻ പല വേളകളിലും പറഞ്ഞു കേട്ട വാക്കുകളാണിത്.
ഒരു ഋഷിയുടെ നിസ്സoഗതയോടെ തന്റെ ജീവിതം ജീവിച്ചു തീർത്തു ശ്രീധരേട്ടൻ വിട വാങ്ങി. ഒരു പ്രലോഭനത്തിനും വഴങ്ങാത്ത ധിക്കാരി. കാരുണ്യത്തിന്റെ തിരയടങ്ങാത്ത ഒരു കടൽ എന്നും ഉള്ളിൽ സൂക്ഷിച്ചു. നൊന്ത കാൽ വിരലോടെ പഥികൻ എന്നും ഒറ്റയ്ക്ക് നടന്നു. ഇനിയൊരു ജന്മമുണ്ടെങ്കിൽ ആ ജന്മത്തിലും പ്രിയനായി ഒപ്പം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്ന ഒരാൾ യാത്രയാകുമ്പോൾ ഉള്ളിൽ ശൂന്യത നിറയുന്നു.
ചിത്രവിവരണം: ഇ.വി.ശ്രീധരൻ

ഇ.വി.ശ്രീധരൻ
വടകര:പ്രശസ്ത എഴുത്തുകാരനും പത്രാധിപരും സോഷ്യലിസ്റ്റുമായ ഇ.വി ശ്രീധരൻ നിര്യാതനായി.. ' കലാകൗമുദിയിൽ ജോലി ചെയ്യവെ തിരുവനന്തപുരത്തായിരുന്നു താമസിച്ചിരുന്നതെങ്കിലും കോവിഡ് കാലം മുതൽ ജന്മദേശമായ വടകര നാദാപുരം റോഡിൽ ബന്ധുവിന്റെ വീട്ടിലായിലായിരുന്നു.
ന്യൂമോണിയ ബാധയെ തുടർന്ന്, വടകര സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മദ്രാസിൽ പത്രപ്രവർത്തനം തുടങ്ങിയ ഇ.വി. ശ്രീധരൻ കലാകൗമുദിയിലൂടെ തിരുവനന്തപുരത്തെത്തി. തുടർന്ന് രണ്ട് വർഷം കോൺഗ്രസ്സിൻ്റെ മുഖപത്രമായിരുന്ന വീക്ഷണത്തിലും പ്രവർത്തിച്ചു.
എലികളും പത്രാധിപരും, ഈ നിലാവലയിൽ, താമരക്കുളത്തെ അമ്മുക്കുട്ടി, ഒന്നാംപ്രതി, ജാനകിയുടെ സ്മാരകം, ഓർമ്മയിലും ഒരു വിഷ്ണു, ലബോറട്ടറിയിലെ പൂക്കൾ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കഥാസമാഹാരങ്ങൾ. ദൈവക്കളി, ഏതോ പൂവുകൾ, നന്ദിമാത്രം, കാറ്റുപോലെ എന്നിവ നോവലുകളാണ്. ചോമ്പാലയിലെ പാഞ്ചാംപറമ്പത്ത് പരേതരായ ഗോപാലന്റെയും മാതുവിന്റെയും മകനാണ്. സഹോദരി: സരോജിനി. സംസ്‌കാരം ഇന്നലെരാത്രി (ബുധൻ) എട്ടുമണിക്ക് വള്ളിക്കാടിലെ വടവത്തുംതാഴെപ്പാലം വീട്ടിൽ നടന്നു
ഇ.വി.ശ്രീധരന് കലാഗ്രാമത്തിൻ്റെ അന്ത്യോപചാരം
മാഹി: പ്രമുഖ കഥാകാരനും,നോവലിസ്റ്റും,മാഹി മലയാള കലാഗ്രാമത്തിൻ്റെ വിവിധ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററുമായിരുന്ന ഇ.വി.ശ്രീധരൻ്റെ വേർപാടിൽ കലാഗ്രാമം അനുശോചിച്ചു.
കലാഗ്രാമംട്രസ്റ്റിമാരായ ഡോ: എ.പി.ശ്രീധരൻ, എ.പി.കരുണൻ, രജിസ്ട്രാർ .ജയരാജൻ, എം.ഹരീന്ദ്രൻ, ചാലക്കര പുരുഷു, ഡോ: മഹേഷ് മംഗലാട്ട്, സുരേഷ് കൂത്തുപറമ്പ് ,പ്രശാന്ത് ഒളവിലം എന്നിവർ വെള്ളികുളങ്ങരയിലെ വീട്ടിലെത്തി അനുശോചനമറിയിച്ചു.കലാഗ്രാമത്തിന് വേണ്ടി ഡോ: എ.പി.ശ്രീധരൻ പുഷ്പചക്രമർപ്പിച്ചു

വാർദ്ധക്യകാല പെൻഷൻ രേഖാ ശേഖരണം ആരംഭിച്ചു
മാഹി :വാർദ്ധക്യകാല പെൻഷൻ വാങ്ങിക്കുന്ന ഗുണഭോക്താക്കളുടെ ഡാറ്റ WCDSERVICES പോർട്ടലിലേക്ക് ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി
വാർദ്ധക്യകാല പെൻഷൻ രേഖാ ശേഖരണം ആരംഭിച്ചു.
ഇതിനായി ആധാർ കാർഡ്,
റേഷൻ കാർഡ്, ജനന രേഖ (ജനന സർട്ടിഫിക്കറ്റ് / ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് / മാർക്ക് ഷീറ്റ് / വിവാഹ സർട്ടിഫിക്കറ്റ്),
വോട്ടർ ഐഡി,
ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്, പാസ്പോർട്ട് സൈസ് ഫോട്ടോ,
പെൻഷൻ ബുക്ക് എന്നിവ സഹിതം ഏപ്രിൽ 15ന് മുമ്പ് അതാത് പ്രദേശത്തുള്ള അംഗനവാടികളെ സമീപിക്കേണ്ടതാണ് എന്ന് മാഹി വുമൺ ആൻഡ് ചൈൽഡ് വെൽഫെയർ ഡിപ്പാർട്ട്മെൻറ് വെൽഫെയർ ഓഫീസർ അറിയിച്ചു
അമിത വേഗത ചോദ്യം
ചെയ്തതിന് ക്രൂര മർദ്ദനം
ന്യൂ മാഹി: അമിത വേഗത ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവർക്ക് ക്രൂര മർദനം
സ്‌കൂട്ടർ യാത്രികനാണ് മർദ്ദിച്ചത്.
ന്യൂ മാഹി പെരിങ്ങാടിയിൽ.
അമിത വേഗതയെ ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദനം
ഓട്ടോറിക്ഷ തടഞ്ഞ് നിർത്തിയാണ് മർദിച്ചത്.
പരുക്കേറ്റത് പെരിങ്ങാടി സ്വദേശി രാഗേഷിനാണ്
മർദിച്ച സ്‌കൂട്ടർ യാത്രികനായ മുഹമ്മദ് ഷബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സ്കൂട്ടർ മോഷണം പോയി
തലശ്ശേരി: കോഴിക്കോട് കസ്ബ സ്വദേശി കണ്ട പറമ്പിൽ കെ.സുനിലിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ. 11 ബി.യു. 74 27 സ്കൂട്ടർ കാണാതായതായി പൊലീസിൽ പരാതി.
തലശ്ശേരി സായ്സെന്ററിൽ ജോലിക്കെത്തിയ സുനിൽ കഴിഞ്ഞ ദിവസം പുതിയ ബസ്സ് സ്റ്റാന്റിനടുത്തുള്ള മിൽമ ബൂത്തിനടുത്ത് പകൽനിർത്തിയിട്ടതായിരുന്നു വാഹനം. പിന്നീട് വാഹനം എടുക്കാൻ വന്നപ്പോൾകണ്ടില്ലെന്നുമാണ് പൊലീസിൽ നൽകിയ പരാതി. തലശ്ശേരി പൊലീസ് തൊട്ടടുത്തുള്ള സി.സി.ടി.വി. കളിലെ ദൃശ്യങ്ങൾ പരിശോധിച്ച് വരികയുമാണ്
തീവണ്ടിയിൽ നിന്നും തെറിച്ച് വീണ് പരിക്കേറ്റു
തലശ്ശേരി: ആലുവയിൽ നിന്നും പഴയങ്ങാടിയിലേക്ക് തീവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്ന പത്തൊമ്പത് കാരൻ തീവണ്ടിയിൽ നിന്നും വീണ് സാരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തി.
ആസ്സാം സ്വദേശിയായ റോബിൻ ഹുസ്സയാനെ (19) തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന തീവണ്ടിയിലെ യാത്രക്കാരനായിരുന്നു യുവാവ്. ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് ടെമ്പിൾ ഗേറ്റിനടുത്ത് വെച്ചാണ് റെയിൽ പാളത്തിലേക്ക് വീണതത്രെ. വാതിലിനടുത്ത് ഇരുന്ന് യാത്ര ചെയ്യുമ്പോൾ ഉറങ്ങിപ്പോയെന്നാണ് സൂചന. സംഭവം കണ്ടവർ റെയിൽവേ സ്റ്റേഷൻ അധികാരികളെ അറിയിക്കുകയാണുണ്ടായത്. ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് അപകടം.

മഹമൂദ് നിര്യാതനായി
തലശ്ശേരി :കതിരൂർ വേറ്റുമ്മൽ, കുനിയിൽ (മനാസ് ) സി. എച്ച്. മഹമൂദ് (72) നിര്യാതനായി. ഭാര്യമാർ :,സുലൈഖ, റൂഖിയ. മക്കൾ: നൗഷാദ്, (ദുബായ് ) ഷാനവാസ്, സുനൂപ്, (ദുബായ്) ഷബീർ, ദുബായ് )സുഹൈൽ (ശാലു,) നിയാസ് (മസ്‌കത്ത് ) സഹോദരൻ: ബഷീർ. മരുമക്കൾ : ഷസ്ന, ഷമീന. മുഹ്സിന, നഫീല, ഖദീജ, മദിന

യാത്രയയപ്പ് നൽകി
മാഹി ആരോഗ്യ വകുപ്പിൽ നിന്നും 37 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച പബ്ലിക് ഹെൽത്ത് നഴ്സിംങ്ങ് ഓഫീസർ ബി.ശോഭനയ്ക്ക് മാഹി ആരോഗ്യ വകുപ്പ് സമുചിതമായ യാത്രയയപ്പ് നൽകി.ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.എ.പി.ഇസ്ഹാഖിൻ്റെ അധ്യക്ഷതയിൽ ഡോ.ശ്രീജിത്ത് സുകമാരൻ, ഡോ.കെ.വി.പവിത്രൻ, കെ. അജിത, വസന്ത കുമാരി, സലോമി മാത്യു, കെ.എൻ.മോഹനൻ, ബി.ഉണ്ണികൃഷ്ണൻ, വി.പി.സുജാത, പി.ലീന, പ്രജീഷ് എന്നിവർ സംസാരിച്ചു.
ചിത്രവിവരണം: മാഹി.ആരോഗ്യ വകുപ്പ് ഡെ:ഡയറക്ടർ ഡോ.എ.പി.ഇസ്ഹാഖ് സംസാരിക്കുന്നു


സി.എച്ച്.സെൻ്റർ വക
കുടിവെള്ള പ്ലാൻ്റ്
മാഹി:പള്ളൂർ കസ്തൂർബാഗാന്ധി ഗവ: ഗവൺമെൻറ് ഹൈസ്കൂളിൽ മാഹി സി എച്ച് സെൻറർ ഏർപ്പെടുത്തിയ ശുദ്ധീകരിച്ച കുടിവെള്ള പദ്ധതിക്ക് തുടക്കമായി.സ്പോർട്സ് കരാത്തെ ഡോ അക്കാഡമി ഓഫ് ഇന്ത്യയുടെ മുഖ്യ പരിശീലകനും വേൾഡ് കരാത്തെ ഫെഡറേഷൻ കോച്ചുമായ സെൻസായി കെ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ മാഹി സി എച്ച് സെൻറർ പ്രസിഡണ്ട് എ വി യൂസഫ് അദ്ധ്യക്ഷത വഹിച്ചു . കസ്തൂർബാ ഗാന്ധി ഗവൺമെൻറ് ഹൈസ്കൂൾ പ്രധാന അധ്യാപകൻ കെ.പി.ഹരീന്ദ്രൻ, ടി.ജി. ഇസ്മായിൽ, സുലൈമാൻ ചാലക്കര സംബന്ധിച്ചു
ചിത്രവിവരണം: സെൻ സായ് കെ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
പള്ളൂർ ശ്രീ കോയ്യോട്ട് പുത്തനമ്പലം: പ്രതിഷ്‌ഠാദിന മഹോത്സവം ഇന്ന്
മാഹി:പള്ളൂർ ശ്രീ കോയ്യോട്ട് പുത്തനമ്പലം ശാസ്താ ക്ഷേത്രം - മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്‌ഠാദിന മഹോത്സവം ഏപ്രിൽ 3 ന്
ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ : കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ നടക്കും. സമ്പൂർണ്ണ നെയ്യ് വിളക്ക്, കളഭാഭിഷേകം എന്നിവയുമുണ്ടാവും.

ബംഗാളി നാടോടി ഈണം സിത്താറിൽ പടർന്നൊഴുകി.. മൃണാളിനി ധന്യയായി
തലശ്ശേരി:സിതാറിൽ ശ്രുതിശുദ്ധമായ വാദനംകൊണ്ട് വിസ്മയംതീർക്കുകയാണ് ചൊവ്വ ഹയർ സെക്കന്‍ററി സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥിനി മൃണാളിനി 'മനോജ്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ലയകാരി ശൈലിയിൽ ധാർവാർ ഘരാനയിൽ മൃണാളിനി പരിശീലനം നേടിയത് ഉസ്താദ് റഫീക്ക് ഖാനിൽ നിന്നാണ്. പ്രശസ്തശില്പിയായ പിതാവ് മനോജ്കുമാറാണ് സിതാറിൽമൃണാളിനിയുടെ ആദ്യഗുരു.
എട്ടാമത്തെ വയസ്സിലാണ് സിതാർ പഠനം ആരംഭിച്ചത്
തലശ്ശേരി ആർട്സ് സൊസൈറ്റിയിൽ ബദൽ രാഷ്ട്രീയ-സാംസ്കാരികപ്രവർത്തകനായിരുന്ന എസ്. നാരായണനെ അനുസ്മരിക്കുന്ന വേദിയിൽ ശ്രോതാക്കളെ വിസ്മയിപ്പിച്ച കച്ചേരിയാണ് മൃണാളിനി മനോജ് അവതരിപ്പിച്ചത്. ഭൂപ്, കീർവാണി രാഗങ്ങൾ വിളംബിത്, ദ്രുത് കാലങ്ങലളിൽ അവതരിപ്പിച്ചാണ് ആസ്വാദക മാനസം കവർന്നത്. ബംഗാളി നാടോടി ഈണം സിതാറിൽ മീട്ടി സ്ഥലകാലങ്ങളെ മറക്കുന്ന അനുഭൂതി വിതാനത്തിലേക്ക് ശ്രോതാക്കളെ നയിച്ചു.
ചിത്രവിവരണം: മൃണാളിനി മനോജ് സിത്താർവാദനത്തിൽ

വിചാരസ്‌മൃതി പ്രകാശനം ചെയ്തു
മാഹി:ഭാരതീയവിചാരകേന്ദ്രം മാഹി സ്ഥാനീയ സമിതി പുറത്തിറക്കിയ "വിചാരസ്‌മൃതി" മാഹി ശ്രീനാരായണ ബി എഡ് കോളേജിൽ നടന്ന വിചാരകേന്ദ്രം ജില്ലാ സമ്മേളനത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. കെ. കെ. സാജു, ഡോ.വി. രാമചന്ദ്രന് നൽകി പ്രകാശനം ചെയ്തു. വിചാരകേന്ദ്രം മാഹി സ്ഥാനീയസമിതി കഴിഞ്ഞ വർഷം അവതരിപ്പിച്ച പ്രബന്ധങ്ങളും, അംഗങ്ങളുടെ കലാസൃഷ്ടികളും അടങ്ങിയതാണ് വിചാരസ്‌മൃതി.
വിചാരസ്‌മൃതി ഭാരതീയവിചാരകേന്ദ്രം ജില്ലാ സമ്മേളനത്തിൽ പ്രകാശനം ചെയ്യുന്നു

ചന്ദ്രബാബു
നിര്യാതനായി
തലശ്ശേരി :ധർമ്മടം ബ്രണ്ണൻ കോളേജ് സായി സിന്തറ്റിക്ക് സ്റ്റേഡിയത്തിന് സമീപം നീലാംബരിയിൽ കോടാങ്കോട്ട് ചന്ദ്രബാബു ( 70 ] നിര്യാതനായി - ഓട്ടോ ഡ്രൈവറായിരുന്നു.. പരേതരായ ബാലന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ - വനജ - മക്കൾ - വിജിന, വിപിൻ - മരുമക്കൾ - മഹേഷ്, ബിഷ്ണ, സഹോദരങ്ങൾ - ധർമ്മരാജൻ, അശോകൻ, രമേശൻ, ദിവാകരൻ, ബേബി, പരേതയായ പുഷ്പ .
വീട്ടിൽ നിന്ന് കള്ളപ്പണം പിടികൂടി
തലശ്ശേരി: വീട്ടിൽ സൂക്ഷിച്ച അനധികൃതമായുളള പണവും വെള്ളി ആഭരണങ്ങളും പോലീസ് | പിടികൂടി.മേലൂട്ട് മoപ്പുരയ്ക്ക് സമീപം താമസിക്കുന്ന ശ്രീകാന്ത് സേട്ടുവിൻ്റെ വീട്ടിൽ കണ്ണൂർ ഡി ഐ.ജി.യതീഷ് ചന്ദ്രയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തലശ്ശേരി എ എസ്പി പി.വി.കിരണും സംഘവും നടത്തിയ പരിശോധനയിൽ നാല്പത്തി നാല് ലക്ഷത്തി തൊണ്ണൂറ്റായിരം രൂപ പതിനേഴ് കിലോ വെള്ളി ആഭരണങ്ങളും കണ്ടെടുത്തു.മഹാരാഷ്ട്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സേട്ടുമാരാണ് കേരളത്തിലേക്ക് വ്യാപകമായി സ്വർണ്ണവും പണവും കടത്തുന്നത്.കഴിഞ്ഞവർഷം തലശ്ശേരി എസ്.ഐ.ആയിരുന്ന വി.വി.ദീപ്തിയും സംഘവും നടത്തിയ വാഹന പരിശോധനയിൽ ഒന്നര കോടിയോളം രൂപ കാറിയിൽ നിന്ന് പിടികൂടിയിരുന്നു.




വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group