
ധർമ്മടം ഇനി മാലിന്യമുക്ത
ഹരിത പഞ്ചായത്ത്
തലശ്ശേരി:ധർമ്മടം ഗ്രാമപഞ്ചയത്ത് മാലിന്യമുക്ത ഹരിത പഞ്ചായത്തായും , അതിദാരിദ്ര്യമുക്ത പഞ്ചായത്തായും രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രഖ്യാപിച്ചു. നവകേരള സൃഷ്ടിക്കായി മാലിന്യമുക്ത സമൂഹം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാൻ സാധിക്കണമെന്നും അതിനായി കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ലൈഫ് ഭവന പദ്ധതിയിൽ പൂർത്തിയാക്കിയ 39 വീടുകളുടെ താക്കോൽ വിതരണവും മന്ത്രി നിർവഹിച്ചു. അതിദാരിദ്ര്യത്തിൽപ്പെട്ട 19 കുടുംബങ്ങളെ കണ്ടെത്തി ലൈഫ് മിഷൻ പദ്ധതിയിലൂടെ ഭവന നിർമ്മാണം നടത്തി, ആവശ്യമായ ചികിത്സ, ഭക്ഷണം തുടങ്ങിയവ നൽകിയാണ് അതിദാരിദ്ര്യത്തിൽ നിന്നും ഇവരെ മോചിപ്പിച്ചത്. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ മാതൃകാ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ധർമ്മടം പഞ്ചായത്തിനെ ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചത്.
മുഴുവൻ വീടുകളിലും റിംഗ് കമ്പോസ്റ്റ്, വാർഡിന്റെ വിവിധ ഭാഗങ്ങളിൽ 15 ഓളം ബോട്ടിൽ ബൂത്തുകൾ, എം സി എഫ് കെട്ടിടം എന്നീ അടിസ്ഥാന സൗകര്യങ്ങൾ പഞ്ചയത്തിൽ ഒരുക്കിട്ടുണ്ട്. 24 അംഗ ഹരിതകർമ്മ സേനയാണ് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്നത്. 18 വാർഡുകളും ഹരിത വാർഡുകളായി പ്രഖ്യാപിച്ചു.
ധർമ്മടം ഗ്രാമ പഞ്ചായത്ത് അതി ദരിദ്ര മുക്ത പ്രഖ്യാപനവും മാലിന്യ മുക്ത പഞ്ചായത്ത് തല പ്രഖ്യാപനവുംലൈഫ് ഭവന വീടുകളുടെ താക്കോൽ ദാനവും രജിസ്ട്രേഷൻ പുരാവസ്തുവകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കുന്നു

16 ഹരിത വിദ്യാലയങ്ങൾ, 240 ഹരിത അയൽകൂട്ടങ്ങൾ, ആറ് ഹരിതകലാലയങ്ങൾ, 25 ഹരിത സ്ഥാപനങ്ങൾ, 28 ഹരിത അങ്കണവാടി, ഏഴ് ഹരിത ടൗൺ, ഒൻപത് ഹരിത വായനശാല, ഒരു ഹരിത ടൂറിസം, രണ്ട് ഹരിത പൊതുവിടം എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിജിലൻസ് സ്‌ക്വാഡ് രൂപീകരിച്ച് പരിശോധനകൾ നടത്തിവരുന്നുണ്ട്. ഇതുവരെ 1,26,000 രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. രാത്രി കാലങ്ങളിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരടങ്ങുന്ന നൈറ്റ് സ്‌ക്വാഡും പ്രവർത്തിച്ചുവരുന്നു.
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത അധ്യക്ഷയായി. ധർമ്മടം പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ രവി, കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ കോങ്കി രവീന്ദ്രൻ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ സീമ, ധർമ്മടം ഗ്രാമപഞ്ചയത്ത് വൈസ് പ്രസിഡന്റ് കെ ഷീജ, ശുചിത്വ മിഷൻ റിസോഴ്സ് പെയ്‌സൺ പി അശോകൻ,ഹരിത കേരള മിഷൻ ജയപ്രകാശ് പന്തക്ക, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി എം പ്രഭാകരൻ, അസാപ്പ് പാലയാട് പ്രിൻസിപ്പൽ ആർ അയ്യപ്പൻ, ധർമ്മടം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ രതീഷ് തെരുവത്ത് പീടിക, ധർമ്മടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.എസ് മുഹമ്മദ് ഷാജി പങ്കെടുത്തു.
ചിത്രവിവരണം:ലൈഫ് ഭവന പദ്ധതിയിൽ പൂർത്തിയാക്കിയ 39 വീടുകളുടെ താക്കോൽ ദാനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവ്വഹിക്കുന്നു

വ്യാപാരി സംഗമവും
ഇഫ്താർ വിരുന്നും
തലശ്ശേരി: ലോഗൻസ് റോഡിലെ വ്യാപാരികളുടെ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.
താജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജാതിമതഭേദമെ ന്യേ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
ഹസീബ് ബരയിൽ, എ.റഫീഖ്, സാജിദ് ബാബു, ടി.കെ.റയീസ്. ഹാഷിം താജ് നേതൃത്വം നൽകി.
ചിത്രവിവരണം: താജ് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമം

ഭക്തമാനസങ്ങളെ സാക്ഷിയാക്കി
അഷ്ട ബന്ധ കലശത്തിന്
പ്രൗഢമായ തുടക്കം
തലശ്ശേരി: ജഗന്നാഥ ക്ഷേത്രത്തിൽ മാർച്ച് 30 വരെ നടക്കുന്ന
അഷ്ടമംഗല പ്രശ്നപരിഹാരം, അഷ്ട ബന്ധ കലശം എന്നി മഹനീയ കർമ്മങ്ങൾക്ക് ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ തുടക്കമായി. വൈകീട്ട് ഗുരുപൂജാ നന്തരം ആചാര്യവരണം നടന്നു
ബ്രഹ്മശ്രീ പരവൂർ രാകേഷ് തന്ത്രികൾ മുഖ്യ കാർമ്മികത്വം വഹിച്ചു.
ഗുരു മണ്ഡപത്തിലെ വിശേഷാൽ പൂജക്ക് ശേഷം,ക്ഷേത്രത്തിനകത്തും പൂജാദി കർമ്മങ്ങളുണ്ടായി.
മേൽശാന്തി ഉദയകുമാർ, വിനു ശാന്തി, വിനോയ് ശാന്തി രജനീഷ്ശാന്തി, തുടങ്ങിയവർ കാർമ്മികത്വംവഹിച്ചു ഒട്ടേറെഭക്തജനങ്ങളും പങ്കെടുത്തിരുന്നു.
ജ്ഞാനോദയയോഗം പ്രസിഡൻറ് അഡ്വ: കെ. സത്യൻ ഡയറക്ടർമാരായ രാഘവൻ പൊന്നമ്പത്ത്, രാജിവൻ മാടപ്പിടിക, സി.ഗോപാലൻ,കെ.കെ.പ്രേമൻ , ടി.പി. ഷിജു, വളയംകുമാരൻ ,മാതൃ സമിതി അദ്ധ്യക്ഷ രമാഭായ് ടീച്ചർ, സെക്രട്ടരി സീനസൂർജിത്ത്
നേതൃത്വം നൽകി
തുടർന്ന് ആമ്പിലാട്ട് നാട്യം കൈകൊട്ടിക്കളി സംഘത്തിന്റെ കൈകൊട്ടിക്കളിയും, സംഗിത നിശയും അരങ്ങേറി.
രണ്ടാം ദിവസമായ ഇന്ന് മഹാഗണപതി ഹോമം, ത്രികാല പൂജയായ ഭഗവതി സേവ മൃത്യുഞ്ജയ ഹോമം, സുദർശന ഹോമം എന്നിവയും, ലളിത സഹസ്രനാമാർച്ചനയുമുണ്ടാകും.
പൂജാദി കർമ്മങ്ങൾക്ക് ശേഷം ഇന്ന് രാത്രി 6.30 ന് തലശ്ശേരി
ഓർക്കസ്ട്രയുടെ ഭക്തി ഗാനസുധ അരങ്ങേറും
ചിത്രവിവരണം : ബ്രഹ്മശ്രീ പരവൂർ രാകേഷ് തന്ത്രികൾ ഗുരു മണ്ഡപത്തിൽ പുജാദി കർമ്മങ്ങൾ നടത്തുന്നു.
കോൺഗ്രസ് പ്രവർത്തകനെ
വധിക്കാൻ ശ്രമിച്ച കേസിൽ
സി. പി എം പ്രവർത്തകർക്ക് തടവും പിഴയും
തലശ്ശേരി : കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് തടവും പിഴയും കോടതി വിധിച്ചു. അഞ്ചരക്കണ്ടി ക്കടുത്ത മാമ്പകൈതപ്രത്തെ കോൺഗ്രസ് പ്രവർത്തകനായ പുതുക്കുടിച്ചാലിൽ ജെറിൻ നിവാസിൽ ജെറിൻ രാജ് (35) നെ അക്രമിച്ച കേസിലാണ് സി. പി. എം പ്രവർത്തകരെ കുറ്റക്കാരായി കോടതി കണ്ടെത്തിയത്.
മുഴപ്പാല കൈതപ്രത്തെ കൃഷ്ണാലയത്തിൽ കെ രജീഷ് (37) , പുലരി വീട്ടിൽ സിനിൽ , മാമ്പ മാവിലക്കണ്ടി വീട്ടിൽ സൂരജ് (37), കുനിയിൽ വീട്ടിൽ കെ ജോഷി (42), കൈതപ്രം മുത്തപ്പൻ മഠപ്പുരക്ക് സമീപത്തെ സി. കെ ഷിനിൽ (38), വണ്ണാത്തിക്കണ്ടി സജിൻ (36) എന്നിവരാണ് കേസിലെ പ്രതികൾ. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടുകൂടി മാരകായുധങ്ങളുമായി എത്തിയ സംഘം കത്തികൊണ്ട് കുത്തിയും ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് ജെറിൻ രാജിനെ പരിക്കേൽപ്പിക്കുക യായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
2012 ഫിബ്രവരി 9 ന് കൈതപ്രം ശ്രീമുത്തപ്പൻ മഠപ്പുരക്ഷേത്രത്തിനടുത്ത് വെച്ചാണ്കേസിനാസ്പദമായ സംഭവം.
വിവിധ വകുപ്പുകൾ പ്രകാരം 8 വർഷവും 2 മാസവും തടവിനും 49,500 രൂപ വീതം പിഴയടക്കുവാനുമാണ് വിധിച്ചത്. തലശ്ശേരി അഡീഷണൽ അസിസ്റ്റൻ്റ് സെഷൻസ് കോടതി ജഡ്ജ് എം. ശ്രുതിയാണ് വിധി പ്രസ്താവം നടത്തിയത്. കേസിലെ അഞ്ചാം പ്രതി അഞ്ചരക്കണ്ടി മാമ്പയിലെ കുനിയിൽ ഹൗസിൽ കെ ജ്യോതിഷ് (39) സ്ഥലത്തില്ലാത്തതിനാൽ കേസ് പിന്നീട് പ്രത്യേകം പരിഗണിക്കും.
കേസിലെ കൂടിയ ശിക്ഷയായ 2 വർഷംതടവ്അനുഭവിച്ചാൽ മതിയാകും. പിഴത്തുക അടക്കുക യാണെങ്കിലും കേസിലെ ഒന്നാം സാക്ഷിക്ക് നൽകുവാനും ഉത്തരവായി. കണ്ണൂർ സിറ്റി ഇൻസ്പെക്ടറും നിലവിലെ കണ്ണൂർ എ .സി .പിയുമായ ടി. കെ രത്നകുമാറാണ് കേസന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി. പ്രകാശൻ ഹാജരായി.
കലാഗ്രാമത്തിൽ അവധിക്കാല കലാപരിശീലന ക്ലാസ്സ്
മാഹി: മലയാള കലാഗ്രാമം അവധിക്കാല കലാപരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. ചിത്രകല, ഡോക്യുമെന്ററി, അഭിനയ കളരി: നാടൻ പാട്ട്, കുരുത്തോല കളരി, ഒറിഗാമി , ശാസ്ത്ര നിർമ്മാണം, കരകൗശലം, ശിൽപ്പകല, കൊളാഷ് വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നൽകും. നാല് മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക്പങ്കെടുക്കാം. കാലത്ത് 9.30 മുതൽ വൈ 4.30 വരെയാണ് ക്ലാസ്സുകൾ. ഏപ്രിൽ 5 നകം പേര് രജിസ്റ്റർ ചെയ്യണം ഏഴാം തരം മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുളള കുട്ടികൾക്ക് ഏപ്രിൽ 28, 29, 30 തിയ്യതികളിൽ ശിൽപ്പ നിർമ്മാണ കേമ്പ് നടത്തും. ഏപ്രിൽ 23 നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് രജിസ്ട്രാർ അറിയിച്ചു.

ആശാവർക്കർമാരുടെ സമരം ഉടൻ പരിഹരിക്കണം: ബിഡിജെഎസ്
തലശ്ശേരി: ആശാവർക്കർമാരുടെ സമരം കേരള സർക്കാർ ഉടൻ രമ്യമായി പരിഹാരം കാണാൻ തയ്യാറാകണമെന്ന് ബിഡിജെഎസ് കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ദുരിത നിവൃത്തി യാത്രയുടെ ഒരുക്കങ്ങളും യോഗം വിലയിരുത്തി ജില്ലാ പ്രസിഡണ്ട് പൈലി വാത്യാട്ടിന്റെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറിമാരായ ഇ. .മനീഷ്, കെ വി അജി, ജിതേഷ് വിജയൻ , ബി ഡി വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി അർജുൻ അരയാക്കണ്ടി ,ബി ഡി എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി നിർമ്മല അനിരുദ്ധൻ, കെ കെ സോമൻ , താടി സുരേന്ദ്രൻ , എം കെ സതീഷ് ചന്ദ്രൻ ,സിബാലചന്ദ്രൻ ,സി കെ വത്സരാജൻ, ശിവദാസൻ ആലക്കോട്, വി കെ വാസു , കെ പി രാജൻ , ശ്രീനി പനക്കൽ, സംസാരിച്ചു
ചിത്രവിവരണം:സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു

മാതൃകകളുടെ പുതുവഴികൾ
തീർത്ത് വീണ്ടും കതിരൂർ ബേങ്ക്
തലശ്ശേരി: കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ നാടിനു സമർപ്പിച്ചു . പുതിയകാല സംരംഭം എന്ന നിലയിലാണ് ഇത് ആരംഭം കുറിച്ചിട്ടുള്ളത് . കേരള സർക്കാർ നടപ്പിലാക്കുന്ന സീറോ കാർബൺ പദ്ധതിയുടെ ഭാഗമായിട്ടു കൂടിയാണ് ഈ പദ്ധതിയെ കാണുന്നത് . ഊർജ്ജ. സംരക്ഷണ മേഖലയിൽ നൂതന പദ്ധതികൾ ആണ് ബാങ്ക് നടപ്പിലാക്കി കൊണ്ടിരിക്കുന്നത് . ബാങ്കിന്റെ 12 ബ്രാഞ്ചുകളിലും സോളാർ പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ് . 10 ബ്രാഞ്ചുകൾ ഇതിനോടകം സോളാറിലേക്ക് മാറികഴിഞ്ഞു .
കഴിഞ്ഞവർഷം വൈദ്യുതിയുടെ ഗാർഹിക ഉപഭോഗം കുറക്കുന്നതിന് ഉപഭോക്താക്കൾക്ക് ഇ ബിൽ ചലഞ്ച് മത്സരവും നൂറോളം ഊർജ്ജ സംരക്ഷണ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. കോളേജ് വിദ്യാർഥികൾക്ക് ഐഡിയത്തോൺ മത്സരം രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചിരുന്നു. ആധുനിക ജീവിതത്തിന്റെ അടിസ്ഥാന ആവശ്യകതയായി മലിനീകരണം ഇല്ലാത്ത ഇലക്ട്രിക് വാഹനങ്ങൾ മാറിയ സാഹചര്യത്തിൽ വൈദ്യുതി വാഹനങ്ങൾ അനുദിനം വർദ്ധിച്ചുവരുന്നുണ്ട് . ബാങ്കിന്റെ ഹെഡ്ഓഫീസിന് മുൻവശത്ത് തന്നെ എല്ലാ തരം ഇലക്ട്രിക് വാഹനങ്ങളും ചാർജ് ചെയ്യാൻ ആരംഭിച്ച ഇ വി ചാർജിങ് സ്റ്റേഷന്റെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് കെ കെ രത്നകുമാരി നിർവഹിച്ചു. കേരള ഗവ: ബാങ്ക് മെമ്പർമാർക്ക് അനുവദിച്ചിട്ടുള്ള അംഗ സമാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായ വിതരണം കാരായി രാജൻ നിർവഹിച്ചു.
ബാങ്ക് ഇടപാടുകാർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ യുപിഐ സേവനങ്ങൾ നൽകുന്നതിന്റെ ഉദ്ഘാടനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ മാനേജർ സിജോയ് യും, നവീകരിച്ച ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം കതിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി സനിലും, പ്രതിഭകളെ ആദരിക്കലും നിക്ഷേപം സ്വീകരിക്കലും സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി അനിലും നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. .രാജേഷ് (KSEB കതിരൂർ ), വിനോദ് (സിലികോൺ സോഫ്ട് വെയർ ) , മധു ചെമ്പേരി (ടീം കോപ്പറേറ്റീവ്) , ഈ പ്രമോദ്, സംസാരിച്ചു. ബാങ്ക് സെക്രട്ടറി പി. സുരേഷ് ബാബു സ്വാഗതവും എം.രാജേഷ് ബാബു നന്ദിയും പറഞ്ഞു.
ചിത്രവിവരണം:ഇവി ചാർജിങ് സ്റ്റേഷന്റെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് കെ കെ രത്നകുമാരി നിർവഹിക്കുന്നു

ഹരിദാസൻ നിര്യാതനായി
തലശ്ശേരി:കാവുംഭാഗം തയ്യിൽ യു.പി സ്കൂളിന് സമീപം കണ്ണോത്ത് ഹൗസിൽ കെ.വി.ഹരിദാസൻ ( 73 ) നിര്യാതനായി.. സി.പി.ഐ.എം കുയ്യാലി ബ്രാഞ്ചംഗമാണ് ഭാര്യ: ശശികല,മക്കൾ: റിജേഷ്, റിൻഷ, റിജിൽ.
മരുമകൻ: -വിജീഷ്,സഹോദരങ്ങൾ: രാധാകൃഷ്ണൻ, ജയൻ,

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group