തലശ്ശേരി: ഗുരു തന്റെ പ്രതിമ സ്ഥാപിക്കുന്നതിന് എതിരായിരുന്നുവെന്ന ചിലരുടെ പ്രചാരണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന്ശ്രീമദ് ധർമ്മ ചൈതന്യസ്വാമികൾ ആലുവ അദ്വൈതാശ്രമത്തിലെ ശ്രീമദ് ധർമ്മ ചൈതന്യസ്വാമികൾ അഭിപ്രായപ്പെട്ടു.
പ്രതിമകണ്ട് ഗുരു പ്രതികരിച്ചതും, ഗുരുവിന്റെ അനന്തരഗാമിയായ ബോധാനന്ദസ്വാമികൾ തന്നെ പ്രതിമ പ്രതിഷ്ഠിച്ചതും നാം മറന്ന് കൂടാ.
ലോകത്താദ്യമായി ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ ഗുരുദേവ പ്രതിമ സ്ഥാപിച്ചതിന്റെ ശതവാർഷികാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് നടന്ന സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമികൾ .
തന്നെ തന്നെയും , പ്രപഞ്ചത്തേയും ഒരു പോലെ മനസ്സിലാക്കിയ താപസനായിരുന്നു ഗുരുദേവൻ.
സത്യദർശനത്തിന്റെ അനുഭവമാണ് ഗുരുവിനെ സമത്വബോധമുള്ള ദാർശനികനാക്കി മാറ്റിയത്. തമ്മിൽ വിരുദ്ധമെന്ന് തോന്നുന്നതിനെയെല്ലാം തമ്മിൽ കൂട്ടിയിണക്കാനായതാണ് ഗുരുവിന്റെ മാഹാത്മ്യം.
ജീവശാസ്ത്രത്തിൽ ഊന്നിനിന്നാണ് ഗുരു ഏക ജാതി ദർശനം ലോകത്തിന് പ്രദാനം ചെയ്തത്. ജാതി ഘടനയെ തകർക്കാൻ ഗുരുവിന് മുമ്പ് ഒരു താപസനോ , ഗുരുവോ മുതിർന്നിട്ടില്ല. സർവ്വ മത സമ്മേളനത്തിന്റെ പ്രസക്തി ലോകമാകെ ഏറിവരികയാണിന്ന്. ഏകമായ സത്യത്തെ പലരും പല പേരിട്ട് വിളിച്ചു. എല്ലാറ്റിന്റെയും സാരം ഒന്നു തന്നെയാണെന്ന് ഗുരു ഉദ്ബോധിപ്പിച്ചു. എല്ലാ ഭേദചിന്തകൾക്കും അതിതമായ കാഴ്ചപ്പാടുണ്ടാകണം. മതത്തെ മുൻനിർത്തി ഇന്ന് വിദ്വേഷ പ്രചാരണം വ്യാപകമായി നടക്കുന്നു. ഒന്ന് മാത്രമാണ് ശരി എന്ന് പറയുന്നതാണ് തെറ്റ്. ലോകമുള്ള കാലത്തോളം ഗുരുദർശനങ്ങൾ മാനവരാശിക്കൊപ്പം നിലനിൽക്കുമെന്നുറപ്പാണെന്ന് ധർമ്മ ചൈതന്യസ്വാമികൾ പറഞ്ഞു.
ശ്രീ ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ: കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീമദ് സുരേശ്വരാനന്ദ സ്വാമികൾ (ശിവഗിരി മഠം) അനുഗ്രഹഭാഷണം നടത്തി. നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ മുഖ്യാതിഥിയായിരുന്നു. .ടി.വി. വസുമിത്രൻ എഞ്ചിനീയർ മുഖ്യഭാഷണം നടത്തി. പത്മരാജ് ആർ. പൂജാരി, ഭാഗ്യശീലൻ ചാലാട്, പി.വി നയകുമാർ സംസാരിച്ചു
ഡയറക്ടർമാരായ സി.ഗോപാലൻ സ്വാഗതവും, ടി.സി. ദിലീപ് മാസ്റ്റർ നന്ദിയും പറഞ്ഞു.
സന്ധ്യക്ക് നൂറ് നിലവിളക്കുകൾ തെളിയിച്ച് പുഷ്പാർച്ചന നടത്തി.
തുടർന്ന് മ്യൂസിക്കൽ നൈറ്റ് അരങ്ങേറി.
ഇന്നലെ കാലത്ത് 10 മണിക്ക് സഹസ്ര ഗുരുപൂജാ യജ്ഞം നടന്നു. ഗുരുദേവ വിഗ്രഹത്തിൽ മാല ചാർത്തൽ , സമൂഹപ്രാർത്ഥന എന്നിവയുണ്ടായി. നൂറ് കണക്കിന് ഭക്തർ സംബന്ധിച്ചു.
ചിത്രവിവരണം.. ശ്രീമദ് ധർമ്മ ചൈതന്യസ്വാമികൾ ഉദ്ഘാടനം ചെയ്യുന്നു.
കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഓപ്പൺ സ്റ്റേജ് ഉദ്ഘാടനം; ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.
ന്യൂ മാഹി: ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ചെലവിൽ ജില്ലാ നിർമ്മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നിർമിച്ച കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ ഓപ്പൺ സ്റ്റേജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലെ സ്ഥലത്ത് സാംസ്കാരിക പരിപാടികൾ നടത്താൻ സൗകര്യമുള്ള രീതിയിലാണ് ഓപ്പൺ സ്റ്റേജ് നിർമ്മിച്ചിരിക്കുന്നത്. ഭാവിയിൽ ന്യൂ മാഹിയുടെ കൾച്ചറൽ സെന്ററായി മാറുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കേരളത്തിന്റെ മുൻ ആഭ്യന്തര മന്ത്രിയും തലശ്ശേരിയുടെ ദീർഘകാല എംഎൽഎയുമായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണനോടുള്ള ആദരസൂചകമായാണ് ഓപ്പൺ സ്റ്റേജിന് അദ്ദേഹത്തിന്റെ പേര് നൽകിയത്.
വെള്ളിയാഴ്ച വൈകുന്നേരം കേരള നിയമസഭ സ്പീക്കർ അഡ്വ. എ. എൻ. ഷംസീർ ഉദ്ഘാടനം നിർവഹിച്ചു. കോടിയേരി ബാലകൃഷ്ണന്റെ സഹധർമ്മിണി വിനോദിനി കോടിയേരി ബാലകൃഷ്ണന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് എം. കെ. സെയിത്തു സ്വാഗതം പറഞ്ഞു.
പി. പ്രസന്ന, സി. കെ. റീജ, ടി. എച്ച്. അസ്‌ലം, പി. പി. ഹസീന, കെ. ജയപ്രകാശൻ, കെ. സി. ബുദ്ധദാസ്, പി. സി. റിസാൽ, വി. കെ. അനീഷ് ബാബു, സഫുവാൻ അബ്ദുൽ കരീം നൂറാനി, ഇ. വിജയൻ മാസ്റ്റർ, കെ. എ. ലസിത എന്നിവർ സംസാരിച്ചു. ചടങ്ങിനുശേഷം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.
പഞ്ചായത്ത് സെക്രട്ടറി ടി. എസ്. പ്രണവ് നന്ദി രേഖപ്പെടുത്തി.
രാപ്പാടീ... വിഷാദരാഗങ്ങൾ
ഇനിയും നീ പാടുമോ ?
:ചാലക്കര പുരുഷു
പൊരി വെയിലിലും, പെരുമഴയിലും
ചില്ലകൾ തോറും പാറി നടന്ന് പാട്ടു പാടി ശ്രോതാക്കളെ രസിപ്പിച്ച ആ വാനമ്പാടി, ഒടുവിൽ മുഴപ്പിലങ്ങാട് തറവാട് എന്ന അഗതിമന്ദിരത്തിൽ വെച്ച് , അധിക മാരുമറിയാതെ , നൊമ്പരങ്ങളുടേയും, ദുരിതങ്ങളുടെയും ലോകത്ത് നിന്നും, വേദനകളില്ലാത്ത ഗന്ധർവ്വലോകത്തേക്ക് പറന്ന് പോയി.
ജീവിച്ചിരിക്കുമ്പോൾ തന്നെയും ,
ശ്യാമള, പരിചയ സീമകളിൽപ്പെട്ടവരുടേയെല്ലാം മനസ്സിൽ ഒരു നൊമ്പരമായിരുന്നു.
പാട്ടിനെ ജീവനോളം പ്രണയിക്കുകയും, ഗന്ധർവ ഗായകനെ ദൈവതുല്യം ആരാധിക്കുകയും ചെയ്ത കതിരൂർ വേറ്റുമ്മൽ കണ്ടോത്ത്പറമ്പ് വീട്ടിൽ പി.ശ്വാമള എന്ന ദുഃഖപുത്രിയെ ഓർക്കുമ്പോൾ , ക്ലൈമാക്സിൽ അറ്റ് പോയ വീണാതന്ത്രിയെയാണ് പലരും ഓർത്തു പോവുക.
തിരുവങ്ങാട്ടെ സംഗീത കൂട്ടായ്മയായ ശ്യാമയിലെ സ്ഥിരാംഗമായിരുന്നു അവർ. പാട്ടിനോടുളള ഉൽക്കടമായ അഭിനിവേശം മൂലം തനിച്ചാണെങ്കിലും, രാത്രി വൈകും വരെ അവർ പാടാനുളള അവസരവും കാത്തിരിക്കുമായിരുന്നു. എസ്.ജാനകിയുടേയും, സുശീലാമ്മയുട്രയും .വസന്ത ഗാനങ്ങളാണ് ഏറെയും പാടിയിരുന്നത്. യേശുദാസിനോടുളള ആരാധന മൂത്ത് സംഗിത ഭ്രാന്തായി മാറിയ അവർ , ക്ലാസ്സിക്കൽ കാഠിന്യമുള്ള ഗന്ധർവ്വ ഗാനങ്ങൾ പോലും പാടാൻ ധൈര്യം കാട്ടുമായിരുന്നു. കുറച്ച് കാലം ശാസ്ത്രീയ സംഗീതം അഭ്യസിച്ചിരുന്നു അക്കാലത്ത് യേശുദാസ് എവിടെ വന്നാലും ശ്യാമള അവിടെ എത്തിയിരിക്കും. മൂകാംബികയിൽ ഗന്ധർവ്വ ഗായകൻ വരുമ്പോഴൊക്കെ, തൊഴുകൈയോടെ തന്റെ സംഗീത ദൈവത്തിന് മുന്നിൽ ശ്യാമള നിൽപ്പുണ്ടാവും. നെഞ്ചോട് ചേർത്ത് എന്നും കൊണ്ടു നടക്കുന്ന തന്റെ പാട്ടു പുസ്തകത്തിൽ ഇഷ്ടഗായകനൊടൊപ്പമുള്ള പടം എപ്പോഴും മയിൽപീലിത്തുണ്ട് പോലെ സ്ഥിരമായി കൊണ്ടു നടക്കുമായിരുന്നു. പ്രശസ്ത ഫോട്ടോഗ്രാഫർ കൂടിയായ പ്രശാന്ത് സൗരാഗാണ് യുഗ്മഗാനങ്ങളിൽ പലപ്പോഴും ശബ്ദം പങ്ക് വെക്കുക. തലശ്ശേരിയിലും പരിസരങ്ങളിലുമുള്ള ഒട്ടേറെ ക്ഷേത്രങ്ങളിലെയും ഭജനമഠങ്ങളിലേയും സ്ഥിരം ഗായികയായിയിരുന്നു. എടത്തട്ട രമാദേവി ക്ഷേത്രത്തിൽ വർഷംതോറും നടക്കുന്ന സംഗീതാരാധനയിൽ ഗായികയും, സംഘാടകയുമായി നിറഞ്ഞ് നിൽക്കും.
കടുത്ത ജീവിത പ്രയാസ ങ്ങൾക്കിടയിലും അവരെ 67 വയസ്സ് വരെ പിടിച്ചു നിർത്തിയ ഔഷധം സംഗീതാമൃതം മാത്രമായിരുന്നു. ന്യൂജെൻ മീഡിയകളിലും അവർ നിറഞ്ഞു നിന്നും നല്ല ഒരു പാട്ടെഴുത്തുകാരി കൂടിയായിരുന്നു അവർ.
ജീവവായു പോലെ സംഗീതത്തെ പുൽകുകയും, പാട്ടുകാരെ സഹോദരങ്ങളായി കാണുകയും ചെയ്ത ശ്യാമളക്ക് ആരേയുംസ്നേഹിക്കാൻ മാത്രമേ അറിയുമായിരുന്നുള്ളൂ.
അന്തേവാസിനിയായി കഴിയുമ്പോഴും അവർ പാട്ടിൽ സ്വയം മറന്ന്, അനുഭൂതിയുടെ ലോകത്ത് ഏകാകിനിയായി കൂട്ടം തെറ്റി നിന്നു. പഴയ പാട്ടുകാർ ഒരു വിഷുത്തലേന്ന് ശ്യാമള താമസിക്കുന്ന തറവാട് അഗതിമന്ദിരത്തിലെത്തി ഓർമ്മകൾ പങ്ക് വെച്ച്, ആടിപ്പാടി, ഒരുമിച്ച് ഭക്ഷണവുംകഴിച്ച്, ഇനിയും കാണാമെന്ന് പറഞ്ഞാണ് പിരിഞ്ഞ് പോയത്.
പാടാൻ കഴിയാതെ പോയ ഒട്ടേറെ മധുവൂറും ഗാനങ്ങൾ ബാക്കി വെച്ചാണ് ശ്യാമള പോയത്. അങ്ങകലെ , മലഞ്ചെരിവിലെ പൂമരക്കൊമ്പിലിരുന്ന്, രാത്രിയുടെ ഏതോ യാമങ്ങളിൽ ഇനിയും നീ പാടുമായിരിക്കാം...
ശ്യാമളേച്ചിയുടെ കൂടെ മുഴപ്പിലങ്ങാട് തറവാട് എന്ന അഗതി അന്തേവാസി മന്ദിരത്തിൽ ഒത്തുകൂടിയപ്പോൾ
മദ്യപസംഘം നാട്ടുകാരോട് തട്ടിക്കയറി
മാഹി..മാഹി പള്ളിക്ക് പരിസരത്ത് വെച്ച് യുവതിയുടെ നേതൃത്വത്തിലുള്ള മദ്യപസംഘം നാട്ടുകാരുടെ നേരെ തെറിവിളിയും അക്രമവും നടത്തിയതായി പരാതി. . പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു
ജസ്റ്റിസ് ശശിധരൻ പിന്നോക്ക വിഭാഗത്തിന്റെ കണക്കെടുപ്പും ആയി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കുന്നു
ബിജെപി ബൂത്ത് തല കുടുംബസംഗമം സംഘടിപ്പിച്ചു
മാഹി: ഭാരതീയ ജനത പാർട്ടി മാഹി മണ്ഡലം ചെമ്പ്ര–ചാലക്കര മേഖലയിലെ അഞ്ച് ബൂത്തുകളുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. പുതുച്ചേരി സംസ്ഥാന കമ്മിറ്റി അംഗം അംഗവളപ്പിൽ ദിനേശൻ ഉദ്ഘാടനം ചെയ്തു.
നാട്ടിൽ വികസനം കൊണ്ടുവരാൻ കഴിവുള്ളവരെ തിരിച്ചറിഞ്ഞ് വോട്ട് രേഖപ്പെടുത്തിയാൽ പ്രദേശത്ത് മികച്ച മാറ്റങ്ങൾ സാധ്യമാകുമെന്ന് ഉദ്ഘാടനം പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
മാഹി മണ്ഡലം പ്രസിഡണ്ട് പ്രബീഷ് കുമാർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ഭരണകാലഘട്ടത്തിൽ നടക്കാതിരുന്ന നിരവധി വികസന പ്രവർത്തനങ്ങൾ എൻഡിഎ സർക്കാരിന് സാധിച്ചുവെന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ചിത്രൻ ചാലക്കര, തൃജേഷ്, ജയചന്ദ്രൻ, ഹരി പി.കെ., അഡ്വ. ഇന്ദ്രപ്രസാദ്, രാമചന്ദ്രൻ, ജീജ വള്ളിൽ, ഷാജിമ, രജിത ചെമ്പ്ര, പ്രകാശൻ ചാലക്കര, ജയസൂര്യ ബാബു, ധനേഷ്, ജിജേഷ് വള്ളിൽ, പവിത്രൻ എന്നിവർ സംസാരിച്ചു.
ചിത്രൻ ചാലക്കര സ്വാഗതവും മഗ്നീഷ് മഠത്തിൽ നന്ദിയും പറഞ്ഞു
പൂതുച്ചേരി മുസ്ലിം ലീഗിലെ അഭ്യന്തര കലഹം: ദേശീയ നേതൃത്വം ഇടപെടണം
പുതുച്ചേരി സംസ്ഥാന മുസ്ലിം ലീഗിൽ ഉടലെടുത്തിട്ടുള്ള അഭ്യന്തരകലഹത്തിന് പരിഹാരം കാണാൻ ദേശിയ നേതൃത്വം ഇടപെടണമെന്ന് മുസ്ലിം ലീഗ് ദേശിയ സമിതിയഗം ടി.ഇബ്രാഹിം കുട്ടി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡണ്ടിന്റെ ഏകപക്ഷിയമായ പ്രവർത്തനത്തിലൂടെ മാഹിയിലെ മുസ്ലിം ലീഗ് പ്രവർത്തകർക്കിടയിൽ ആശയ കുഴപ്പം സൃഷ്ടിച്ചിരിക്കയാണെന്ന് അദ്ദേഹം മാഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. 2022 ലും 2024 ലും പ്രശ്നങ്ങൾ പരിഹരിച്ച് ഒരുമയോടെ പാർട്ടിയെ നയിക്കാനുള്ള തീരുമാനം ഉണ്ടായെങ്കിലും ഒരു വിഭാഗം അതിനെതിരെ മുഖം തിരിച്ചു നിൽക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഭരണഘടനാപരമായി ലീഗിന് പഞ്ചായത്ത്, മുൻസിപ്പാലിറ്റി, ജില്ലാ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കാൻ അധികാരം ഉണ്ടെന്നിരിക്കെയാണ് മുൻസിപ്പാൽ കമ്മിറ്റികൾക്ക് രൂപം നൽകിയിരിക്കുന്നത്. ഇതിനായി മാഹിയുടെ ചുമതല സംസ്ഥാന പ്രിൻസിപ്പൽ വൈസ് പ്രസിഡണ്ട് ഇ.കെ.മുഹമ്മദലിക്ക് നൽകിയിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് മാഹി ടൗൺ, ഈസ്റ്റ് പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിൽ കമ്മിറ്റി രൂപീകരിച്ചത്. അല്ലാതെ യാതൊരുവിധത്തിലുള്ള പാർട്ടി വിരുദ്ധ പ്രവർത്തനവും നടന്നിട്ടില്ല. ലീഗിന് മാഹി ഉൾപ്പെടെ പുതുച്ചേരിയിൽ 4 സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടെന്നും അസംബ്ലി തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനമടക്കമുള്ള വിഷയങ്ങൾ ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും സംസ്ഥാന പ്രിൻസിപ്പൽ വൈസ് പ്രസിഡണ്ട് ഇ.കെ.മുഹമ്മദലി, മാഹി മുൻസിപ്പൽ പ്രസിഡണ്ട് എ.വി.യൂസഫ്, ജന.സിക്രട്ടറി മുഹമ്മദ് ഇഫ്തിയാസ്, ട്രഷറർ തയ്യുള്ളതിൽ റഫീഖ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അമ്മുഅമ്മ നിര്യാതയായി
നെല്ലാച്ചേരി : രയരോത്ത് അമ്മുഅമ്മ (97 ) നിര്യാതയായി. . ഭര്‍ത്താവ് പരേതനായ കുഞ്ഞപ്പ അടിയോടി (റിട്ട. മാഹി കൃഷി വകുപ്പ് ). മക്കള്‍ സതി (റിട്ട. പ്രധാന അധ്യാപിക , ജെ എൻ ജി എച്ച് എസ് എസ് മാഹി ) , ഗോപാലകൃഷ്ണന്‍ (റിട്ട. പ്രധാന അധ്യാപകൻ ഗവ: എൽ.പി.എസ് പാറക്കല്‍ മാഹി ) , ഷീല മണിയൂര്‍ , രാധാകൃഷ്ണന്‍ (റിട്ട.ഡെപ്യൂട്ടി തഹസില്‍ദാര്‍ ) . മരുമക്കള്‍ പരേതനായ ദേവരാജ് , ലത , പത്മനാഭന്‍ , സന്ധ്യ
സ്വച്ച് വിദ്യാലയം പുരസ്കാരം:ഗവ.എൽ.പി.
സ്കൂൾ ചെമ്പ്ര ദേശീയതല മത്സരത്തിലേക്ക്
മാഹി : സ്വച്ച് വിദ്യാലയം പുരസ്കാരം ഗവ.എൽ.പി.
സ്കൂൾ ചെമ്പ്ര ദേശീയതല മത്സരത്തിലേക്ക് യോഗ്യത നേടി.
സ്വച്ച് ഏവം ഹരിത വിദ്യാലയ - പുതുച്ചേരി സംസ്ഥാന തലത്തിൽ നടന്ന മത്സരത്തിൽ 5-സ്റ്റാർ റേറ്റിംഗ് ആണ്ഗവ.എൽ.പി. സ്കൂൾ ചെമ്പ്ര
കരസ്ഥമാക്കിയാണ് ഇതിനെ തുടർന്ന് രാജ്യത്തെ മികച്ച പതിനായിരത്തിലധികം സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച 509 സ്കൂളുകളുടെ പട്ടികയിൽ ഇടംപിടിക്കാൻ ജി.എൽ.പി.എസ് ചെമ്പ്രയ്ക്ക് സാധിച്ചു.
സ്കൂളിലെ ശുചിത്വ പരിപാലനം, ഹരിതാഭമായ അന്തരീക്ഷം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, കുട്ടികളുടെ സ്വഭാവ രൂപീകരണവും ശേഷി വർധനവും എന്നിവ മുൻനിർത്തിയാണ് ഈ അംഗീകാരം ലഭിച്ചത്. സംസ്ഥാനതലത്തിലെ ഈ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സ്കൂളിനെ ദേശീയതല മത്സരത്തിനായി നാമനിർദ്ദേശം ചെയ്തിട്ടുള്ളത്.
ഒരു സർക്കാർ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം ദേശീയതലത്തിൽ ഇത്തരമൊരു അംഗീകാരത്തിന് അർഹത നേടുന്നത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
മികച്ച വിദ്യാഭ്യാസത്തോടൊപ്പം പരിസ്ഥിതി സൗഹൃദമായ ഒരു സ്കൂൾ അന്തരീക്ഷം ഒരുക്കുന്നതിൽ അധ്യാപകരും രക്ഷകർത്താക്കളും ഒത്തൊരുമിച്ച് നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ '5-സ്റ്റാർ' പദവി എന്ന് പ്രധാന എ വി സിന്ധു പറഞ്ഞു
ചിത്രം : ഗവ.എൽ.പി.
സ്കൂൾ ചെമ്പ്ര
സിനീഷ് നിര്യാതനായി.
മാക്കുനി:മാക്കുനി കുന്നുമ്മൽപ്പാലത്തിനടുത്ത് ശ്രീരാഗത്തിൽ സിനീഷ് (46)നിര്യാതനായി.
ചമ്പാട് അനീഷ് ഹോട്ടൽ ഉടമയും ഗുഡ്സ് ഓട്ടോ ഡ്രൈവറുമാണ്.ശവസംസ്ക്കാരം കണ്ടിക്കൽ നിദ്രാതീരം പൊതു ശ്മശാനത്തിൽനടന്നു.
അച്ഛൻ:പരേതനായരാഘവൻ
അമ്മ:ലീല
സഹോദരങ്ങൾ:മിനി,പരേതതനായഅനീഷ്
സഹോദരിഭർത്താവ്:മുരളീധൻമാക്കുനി
നഗരസഭക്കെതിരെ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്..
മാഹി: നഗരസഭ മുൻസിപ്പാൽ ലൈസൻസ് പുതുക്കുവാൻ വ്യാപാരികൾക്ക്ഉണ്ടായിക്കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തയ്യാറാവാതെ ദ്രോഹനടപടികളുമായി മുന്നോട്ട് പോവുകയാണ് . ഓൺ ലൈൻ സമ്പ്രദായത്തിൽ അക്ഷയാ കേന്ദ്രത്തിലെത്തുന്ന ചില വ്യാപാരികൾക്ക്കഴിഞ്ഞ രണ്ടും മൂന്നും വർഷത്തെ ലൈസൻസ് ഫീസും യൂസർഫീയും അടക്കാൻഉണ്ട്എന്നഅറിയിപ്പാണ് ഓൺലൈനിൽ വരുന്നത് . ഇതുവരെ അടച്ച രശീതുമായി വ്യാപാരികൾ മുൻസിപാൽ അധികൃതരെ കണ്ടപ്പോൾ അവരുടെ മറുപടി ഞാങ്ങൾക്ക് ഒന്നുംചെയ്യാൻ പറ്റില്ല എന്നാണ് പോണ്ടിച്ചേരിയിൽനിന്നും ശരിയാക്കേണ്ട കാര്യമാണ് എന്നും ലൈസൻസ് അടിയന്തിരമായി വേണ മെങ്കിൽ രണ്ടും മൂന്നും വർഷത്തെ ലൈസൻസ് ഫീ യും യൂസർഫീയും അടച്ച് നിലവിലുള്ള ലൈസൻസ് കാൻസൽ ചെയ്ത് ബിൽഡിങ് ഉടമകളിൽനിന്നും പുതിയ കച്ചിട്ട് വാങ്ങി പുതിയ ലൈസൻസിന് അപേക്ഷിക്കാനാണ് അധികൃതർ നിർദ്ദേശിക്കുന്നത് . ഇത് വ്യാപാരിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉളവാക്കും എന്നുമാത്രമല്ല രണ്ട് മൂന്ന് വർഷമായി വ്യാപാരികൾ അടച്ച പണത്തിൻ്റെ കാര്യംപോലും ഇവർ പറയുന്നില്ല . ബിൽഡിങ്ങ് ഉടമകൾ പുതിയ കച്ചീട്ട് എഴുതി കൊടുക്കണമെങ്കിൽ വാടക വർദ്ധനവ് ഉൾപ്പെടെ വലിയഡിമേൻ്റുകൾ വ്യാപാരികളോട് ഉന്നയിക്കും എന്ന കാര്യം മുൻസി പാൽ അധികൃതർ മനസ്സിലാക്കുന്നില്ല . ഈ കാര്യങ്ങളും പ്രയാസങ്ങളും മാഹിസന്ദർശിച്ച പുതുച്ചേരി ലെഫ്റ്റൻ്റ് ഗർണർക്ക് മെമ്മോറണ്ടമായി നേരിൽകണ്ട് നൽകിയിട്ടു മുണ്ട് കൂടാതെ കമ്മീഷണറുടെ ചാർജ് വഹിക്കുന്ന മാഹി ആർ.എ. യെ ബോദ്ധ്യപ്പെടുത്തിയിട്ടുമുണ്ട് . ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ മുൻസിപാലിറ്റിക്ക് മുമ്പിൽ വ്യാപാരിവ്യവസായി ഏകോപന സമിതിയുടെ ആഭി മുഖ്യത്തിൽ ധർണ്ണാ സമരം ഉൾപ്പെടെ ശക്തമായ സമരപരിപാടികൾ ആവിഷ്കരിക്കുമെന്ന് സമിതി ചെയർമാൻ കെ.കെ.അനിൽകുമാറും, ജനറൽ സെക്രട്ടറി ഷാജു കാനത്തിലും അറിയിച്ചു.
വഖഫ് ബോർഡിൽ നിന്ന് ആർഎസ്‌എസുകാരെ പുറത്താക്കണം–സിപിഐ എം
മയ്യഴി
പുതുച്ചേരി വഖഫ് ബോർഡിൽ നിയമിച്ച ആർഎസ്എസുകാരെ ഉടൻ പുറത്താക്കണമെന്ന് സിപിഐ എം മാഹിമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 11 വർഷത്തിന് ശേഷമാണ് മാഹി സ്വദേശി വി പി അബ്ദുറഹ്‌മാൻ ചെയർപേഴ്‌സണായി വഖഫ് ബോർഡ് രൂപീകരിച്ചത്. ഏഴംഗങ്ങളിൽ സെൽവ ഗണപതി, വിദ്യാ റാം കുമാർ എന്നീ ആർഎസ്‌എസുകാരെയും നിയമിച്ചു. വഖഫ് ബോർഡിൽ ആർഎസ്‌എസുകാരെ നിയമിച്ചത് മതസ്‌പർധക്ക് കാരണമാവും. സംഘ്‌പരിവാറുകാരെ പുറത്താക്കി ന്യൂനപക്ഷ സമുദായത്തിൽപെട്ടവരെ നിയമിക്കാൻ പുതുച്ചേരി സർക്കാർ തയാറാകണമെന്നും സി പി ഐ എം . മാഹി മണ്ഡലം കമ്മിറ്റി പുതുച്ചേരി സർക്കാരിനോട് ആവശ്യപ്പെട്ടു
വിമല നിര്യാതയായി
പെരിങ്ങാടി: ശ്രീ മാങ്ങോട്ടും കാവ് ക്ഷേത്രത്തിനു സമീപം ഓടുവാതുക്കൽ പരേതരായ ഗോവിന്ദൻ അമ്മുകുട്ടിഅമ്മ എന്നവരുടെ മകൾ വിമല( 65)നിര്യാതയായി. സഹോദരങ്ങൾ ഓമന, നിർമ്മല, പരേതനായ കുഞ്ഞികൃഷ്ണൻ , അജിത.
ശവസംസ്‌കാരം
13/03/26. വെള്ളിയാഴ്ച്ച കാലത്ത് 10 മണിക്ക് തുണ്ടിയിൽ വീട്ടുവളപ്പിൽ.
സുരേഷ് കൂത്തുപറമ്പിന്
ഫോക്ലോർ അക്കാദമി അവാർഡ്
മാഹി:കേരള സർക്കാർ സംസ്കാരിക കാര്യ വകുപ്പിൻ്റെ കിഴിലുള്ള കേരള ഫോക് ലോർ അക്കാദമി 2024 വർഷത്തെ സംസ്ഥാന അവാർഡ് ടെറാക്കോട്ട ശില്പ നിർമ്മാണം (കളിമൺ )സുരേഷ് കുത്ത് പറമ്പിന് ലഭിച്ചു ദേശീയ തലത്തിൽ കേന്ദ്ര സർക്കാറിൻ്റെ ജെ.ആർ.എഫ്. നേടിയ സുരേഷ് കേരളത്തിലെ ആദിവാസി കലയും സംസ്കാരവും എന്ന വിഷയത്തിൽ ഗവേഷണവും, ദേശീയ ടെറാകോട്ട വർക്ക്ഷോപ്പ് കളിൽ സ്ഥിരം ക്ഷണിതാവും കേന്ദ്ര ടെക്സ്റ്റയിൽ മിനിസ്ട്രിയുടെ കീഴിൽ എംപാനൽ (ടെറാക്കോട്ട) ഡിസൈനറായി , വിവിധ സംസ്ഥാനങ്ങളിലെ കളിമൺ നിർമ്മാണമേഖലയിലെ പ്രവർത്തകർക്ക് വർക്ക്ഷോപ്പ് കളിൽ പങ്കെടുത്ത് പുതിയ ഉൽപന്നങ്ങൾ ഡിസൈൻ ചെയ്യുകയും കുഭംരന്മാരുടെ ഉന്നമനത്തിൽ പല പുതിയ പദ്ധതികളിലും , പ്രവർത്തിക്കുന്നു സംസ്കാര സാഹിതി ജില്ലാ ചെയർമാനും മുൻ ഫോക് ലോർ / ലളിതകലാ അകാദമി വൈസ്ചെയർമാനുമായിരുന്നു
അറിയിപ്പ്
നികുതി ദായകരുടെ സൗകര്യാർത്ഥം
2026 മാർച്ച് 14,15 ശനി, ഞായർ ദിവസങ്ങളിൽ ചൊക്ലി ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു
കെ കെ ബഷീർ സിപിഎം വിടാൻ ഒരുങ്ങുന്നു
ന്യു മാഹി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും, മുസ്ലിം ലീഗ് നേതാവുമായ കെ.കെ ബഷീർ അഞ്ച് വർഷം മുമ്പാണ് മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിലെത്തിയത്. മുമ്പൊക്കെ ന്യൂനപക്ഷത്തിൻ്റെ രക്ഷാകവചമായിരുന്ന
സിപിഎമ്മിന്റെ മതേതര നിലപാടുകളിൽ വന്ന മാറ്റത്തിലും, ന്യൂനപക്ഷങ്ങളോടുള്ള നിഷേധ സമീപനത്തിലും പ്രതിഷേധിച്ചാണ് മുതിർന്ന നേതാക്കളിലൊരാളായ ബഷീർ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നത്. പാർട്ടിയുടെ സമീപകാലത്തെ രാഷ്ട്രീയ നിലപാടുകൾ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട പ്രവർത്തകർക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
മുമ്പൊക്കെ മതേതരത്വത്തിൽ ഉറച്ചുനിന്ന പാർട്ടിയെന്ന വിശ്വാസത്തിലാണ് ഇത്രയും കാലം പ്രവർത്തിച്ചത്. എന്നാൽ അടുത്തിടെയായി ഈ നിലപാടിൽ മാറ്റം വന്നത് പ്രവർത്തകരെ വേദനിപ്പിക്കുന്നു.
മുൻപ് ന്യൂനപക്ഷങ്ങളുടെ രക്ഷാകവചമായിരുന്ന പാർട്ടി, ഇപ്പോൾ അവർക്കെതിരായ നിലപാടുകൾ സ്വീകരിക്കുന്നു. ഇതിന് ഉദാഹരണമാണ് വെള്ളാപ്പള്ളിയെപ്പോലുള്ളവരെ കൂട്ടുപിടിച്ച് മുസ്ലിം സമുദായത്തിനെതിരെ നിലപാടെടുക്കുന്നവരെ പാർട്ടി തിരുത്താൻ തയ്യാറാകാത്തത്. പാർട്ടി വേദികളിൽ തന്റെ ആശങ്കകൾ പലതവണ അറിയിച്ചിട്ടും യാതൊരു മാറ്റവും ഉണ്ടായില്ല. ചർച്ചകൾ കൂടാതെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് പാർട്ടി കൈക്കൊള്ളുന്നത്.
നിലവിൽ മതേതര നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ലാത്തതിനാലാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി വിട്ടാൽ ഏത് സംഘടനയിൽ ചേരണമെന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും, ഉചിതമായ സമയത്ത് സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനിക്കുമെന്നും കെ.കെ ബഷീർ വ്യക്തമാക്കി..
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














