മണിയൂർ : വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് പാലയാട് തുരുത്തിലേക്കുള്ള യാത്രാമാർഗം ഒരുങ്ങുന്നു. ഇതിന്റെ നിർമാണപ്രവൃത്തി ആരംഭിച്ചു. പൈലിങ്ങിനാവശ്യമായ തെങ്ങുതടികൾ ഉൾപ്പെടെയുള്ളവ സ്ഥലത്തെത്തിക്കുന്ന പ്രവൃത്തികൾ നടക്കുകയാണ്. ഇരിങ്ങണ്ണൂർ സൊസൈറ്റി 36.62 ലക്ഷത്തിനാണ് കരാർ ഏറ്റെടുത്തത്. എട്ടുമാസത്തിനുള്ളിൽ പണി പൂർത്തീകരിക്കാനാണ് കരാറെങ്കിലും അഞ്ചുമാസത്തിനകം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണെന്ന് സൊസൈറ്റി വ്യക്തമാക്കി.
പ്രധാന റോഡിൽനിന്ന് തുരുത്തുവരെ 140 മീറ്റർ നീളത്തിലുള്ള റോഡാണ് നിർമിക്കുക. ഇതിൽ താത്കാലിക സ്റ്റീൽ പാലവും ഉണ്ടാകും. നാലുമീറ്ററാവും റോഡിന്റെയും പാലത്തിന്റെയും വീതി. 55 മീറ്റർ വരുന്ന കരഭാഗത്ത് റോഡ് കോൺക്രീറ്റുചെയ്യും. പുഴയിൽ മണ്ണിട്ടുയർത്തി കോൺക്രീറ്റിനുപകരം കൊരുപ്പുകട്ടകൾ പാകിയായിരിക്കും നിർമാണം. ഇവിടുത്തെ മണ്ണിന്റെ ഘടനയനുസരിച്ച് റോഡ് താഴ്ന്നുപോകാൻ സാധ്യതയുണ്ട്. അങ്ങനെവരുമ്പോൾ കോൺക്രീറ്റുചെയ്താൽ അറ്റകുറ്റപ്പണികൾ നടത്താൻ പ്രയാസമാകും. അതിനാലാണ് കൊരുപ്പുകട്ടകൾ പാകുന്നത്. ചെറിയവാഹനങ്ങൾക്ക് ഉൾപ്പെടെ റോഡിലൂടെ പോകാൻസാധിക്കും. പാലത്തിനടിയിലൂടെ വെള്ളം ഒഴുകിപ്പോകുന്നതോടൊപ്പം തോണികൾക്ക് കടന്നുപോകാനുള്ള സംവിധാനവുമുണ്ടാകും.
തുരുത്തിലേക്ക് മുഴുവനായും പാലം നിർമിക്കണമെങ്കിൽ 14 കോടിയിലധികം രൂപവേണം. അത് പെട്ടെന്ന് കണ്ടെത്താൻ സാധിക്കാത്ത സ്ഥിതിയാണ്. അതിനാൽ അനുവദിച്ച തുകയ്ക്ക് യാത്രാമാർഗം ഒരുക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. കരാറേറ്റെടുത്തിട്ടും പണി വൈകുന്നതിൽ പ്രതിഷേധമുയർന്നിരുന്നു. ആദ്യത്തെ കരാറുകാരൻ പാലം നിർമിക്കുന്നതിനായി പുഴയ്ക്കുകുറകെ താത്‌കാലികമായി മണ്ണിട്ട് ബണ്ട് നിർമിച്ചിരുന്നു. ഇതുവഴിയാണ് തുരുത്ത് നിവാസികൾ ഇപ്പോൾ യാത്രചെയ്യുന്നത്. ഏഴുകുടുംബങ്ങളിലായി 50-ഓളം പേരാണ് ഇപ്പോൾ തുരുത്തിൽ താമസിക്കുന്നത്.
ബണ്ട് നിർമിച്ചതിനാൽ മത്സ്യത്തൊഴിലാളികൾക്ക് പാലയാട് ചീർപ്പിന് സമീപത്തേക്ക് തോണിയുമായി എത്തണമെങ്കിൽ ഏറെദൂരം ചുറ്റിക്കറങ്ങേണ്ട സ്ഥിതിയാണ്. മാസങ്ങളായി ഈ അവസ്ഥ തുടങ്ങിയിട്ട്. തേങ്ങ, വിറക് തുടങ്ങിയവ തോണിയിൽ കൊണ്ടുവരുന്നവരും ഇതിനുസമീപത്തുണ്ട്. ഇവർക്കും ഇത് ബുദ്ധിമുട്ടാകുന്നുണ്ട്. പുഴയിലേക്ക് മത്സ്യങ്ങൾ കയറിവരുന്നതിനും ബണ്ട് തടസ്സമാണ്.
ബണ്ട് പൊളിച്ചാൽ തുരുത്ത് നിവാസികൾക്ക് പുഴകടക്കാൻ ബുദ്ധിമുട്ടാണ്. മാത്രമല്ല, നേരത്തേ ഉണ്ടായിരുന്ന നടപ്പാലം ഇപ്പോൾ ജീർണിച്ച സ്ഥിതിയിലാണ്. അതുകൊണ്ടുതന്നെ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് സ്കൂളിൽപ്പോകാൻ ഇപ്പോൾ ഈ താത്‌കാലികബണ്ട് വളരെ ഉപകാരപ്രദമാണ്. പുതിയ യാത്രാമാർഗം നിർമിച്ചാൽമാത്രമേ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകൂ. അതുകൊണ്ടുതന്നെ എത്രയുംപെട്ടെന്ന് പ്രവൃത്തി പൂർത്തിയാക്കണമെന്നാണ് തുരുത്ത് നിവാസികളുടെയും നാട്ടുകാരുടെയും ആവശ്യം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group