എടപ്പാൾ : ഗ്രാമപ്പഞ്ചായത്തിലാകെയുള്ളത് 19 വാർഡുകൾ. ഓരോ വാർഡിലും എല്ലാ വീടുകളിലും ഒരിനം പച്ചക്കറി. 19 വാർഡുകളിലായി 19 ഇനം പച്ചക്കറികൾ. ആകെ 9000 വീടുകളിൽ. സംസ്ഥാനത്തുതന്നെ ആദ്യമായി എടപ്പാൾ കൃഷിഭവൻ നടപ്പാക്കുന്ന വെജിറ്റബിൾ വില്ലേജ് 19-19 പദ്ധതിയുടെ രൂപരേഖയാണിത്.
ലക്ഷ്യം സമ്പൂർണ പച്ചക്കറിസമൃദ്ധ പഞ്ചായത്ത്. എടപ്പാൾ ഗ്രാമപ്പഞ്ചായത്ത്, കൃഷിഭവൻ, പൊന്നാനി ബ്ലോക്ക്പഞ്ചായത്ത്, സംസ്ഥാന ഹോർട്ടികൾച്ചർ എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലാ പ്ലാനിങ് കമ്മിറ്റിയുടെ പ്രത്യേകാനുമതിയോടെയാണ് പുതുമയാർന്നതും പ്രായോഗികവുമായ പദ്ധതിക്ക് തുടക്കമിട്ടത്.
ഒന്നാംവാർഡിൽ ചുവന്ന ചീര മുതൽ കാന്താരിമുളക്, ഉണ്ടപ്പച്ചമുളക്, നീളൻ പച്ചമുളക്, പയർ, കുറ്റി അമര, പച്ചച്ചീര, കുമ്പളം, വെണ്ട, കൊത്തമര, വെള്ള വഴുതന, പടവലം, വയലറ്റ് പയർ, കയ്പക്ക, നീളൻ വഴുതന, മത്തൻ, ചുരക്ക, വെള്ളരി, തക്കാളി എന്നിങ്ങനെയാണ് 19 വാർഡിൽ കൃഷി അവസാനിക്കുന്നത്.
ഓരോ വാർഡിലെയും വീടുകളുടെ കണക്കെടുത്ത് അവർക്കാവശ്യമായ തൈകൾ കൃഷിഭവൻ നേരത്തേ ഓർഡർചെയ്ത് ശേഖരിച്ചു.
ഒരു വാർഡിലെ എല്ലാ വീട്ടിലും ഒരിനമെന്ന പുതിയ ആശയം പ്രാവർത്തികമാക്കാൻ തൈകൾ സൗജന്യമായും ജൈവവളം, ജൈവ കീടനാശിനി എന്നിവ 75 ശതമാനം സൗജന്യമായും വീടുകളിലെത്തിക്കും. തൊഴിലുറപ്പ് പദ്ധതിപ്രകാരം തൊഴിലാളികളുടെ സഹായത്തോടെ തരിശുഭൂമികളിലും കൃഷിയിറക്കാനാണ് തീരുമാനം.
പച്ചക്കറികളുടെ വിളവെടുപ്പ് ആരംഭിച്ചാൽ പഞ്ചായത്തുതലത്തിൽ മാസത്തിലൊരുദിവസത്തിൽ കാർഷികച്ചന്ത നടത്തി വിൽപ്പനയ്ക്കുള്ള സൗകര്യവുമൊരുക്കും.
കൃഷിരീതി, കീടബാധ, പ്രതിവിധി എന്നിവ പഠിപ്പിക്കുന്നതിനായി വാർഡുതലത്തിൽ പരിശീലനം നൽകിയ മോണിറ്ററിങ് കമ്മിറ്റികൾ രൂപവത്കരിച്ച് വീടുവീടാന്തരമെത്തി ആവശ്യമായ നിർദേശങ്ങൾ നൽകും. വിഷലിപ്തമായ പച്ചക്കറികളുടെ അമിതോപയോഗംമൂലം രോഗാതുരമാകുന്ന സമൂഹത്തെ രോഗവിമുക്തമാക്കുകയെന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം വാർഡുകൾക്ക് പച്ചക്കറിത്തൈകൾ വിതരണംചെയ്ത് പ്രസിഡന്റ് സി.വി. സുബൈദ നിർവഹിച്ചു. കൃഷി ഓഫീസർ എം.പി. സുരേന്ദ്രൻ അധ്യക്ഷനായി. പൊന്നാനി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ, ആർ. ഗായത്രി, എ. ദിനേശൻ, ക്ഷമ റഫീഖ്, വി.പി. വിദ്യാധരൻ, ജനത മനോഹരൻ, പി.വി. വിജീഷ്, സി. ലിജുമോൻ, ജ്യോതി, ടി.എം. സുരഭി, എ.ടി.എം. രാഹിന എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










_h_small.jpg)




_h_small.jpg)

