ചേലക്കര : ചെറുപ്പത്തിൽ തുടങ്ങിയതാണ് റേഡിയോയുമായുള്ള രാമകൃഷ്‌ണന്റെ നടത്തം. ചേലക്കര അന്തിമഹാകാളൻകാവ് കാരപ്പറമ്പിൽ വീട്ടിൽ കെ.വി. രാമകൃഷ്ണന്റെ ശേഖരത്തിൽ ആകാശവാണി മുതൽ എഫ്.എം. വരെ ശ്രവിക്കാവുന്ന ഇരുനൂറ്റമ്പതിലധികം റേഡിയോകളാണുള്ളത്. അച്ഛനും അമ്മാവന്മാർക്കുമൊപ്പം സ്വർണപ്പണിയുടെ കാലംമുതലാണ് റേഡിയോ ശീലമാകുന്നത്.
ആകാശവാണിയിൽനിന്ന് ക്ലബ്ബ് എഫ്.എമ്മിലെത്തിയിരിക്കുകയാണ് ആസ്വാദനശീലമെന്നുമാത്രം. സ്വർണപ്പണി വളരെ ശ്രദ്ധിച്ചുചെയ്യേണ്ട ജോലിയാണ്. ടി.വി.യിലേക്ക് നോക്കിയിരിക്കാൻ സാധിക്കില്ല. അതിനാലാണ് റേഡിയോ ഉപയോഗിച്ചുതുടങ്ങിയത്.
വീടിന്റെ ഒരു മുറി നിറയെ റേഡിയോകളാണ്. ചെറിയ വാക്ക്മാൻ തുടങ്ങി രണ്ട് വലിയ സൗണ്ട് ബോക്സുകളോടെയുള്ള സി.ഡി. പ്ലേയർ വരെ വീട്ടിലുണ്ട്. തകരാറ് സംഭവിച്ചാൽപ്പോലും ഇവയൊന്നും വിൽക്കാൻ മനസ്സുവരുന്നില്ല. ഈ ഇഷ്ടങ്ങൾക്ക് ഭാര്യ രാജേശ്വരിയും എതിരുനിൽക്കാറില്ല. പൂരങ്ങൾക്കും വേലകൾക്കുംവരെ ടേപ്പ് റെക്കോഡർ കൊണ്ടുപോകും. പഞ്ചവാദ്യവും പാണ്ടിമേളവുമെല്ലാം റെക്കോഡ് ചെയ്ത് പിന്നീട് കേട്ടാസ്വദിക്കും.
ചേലക്കര ടൗണിൽ സബ് രജിസ്ട്രാർ ഓഫീസിന് സമീപത്തുതന്നെയാണ് രാമകൃഷ്ണന്റെ കടയും. റേഡിയോയുടെ കാര്യത്തിൽ മാത്രമല്ല, മക്കളുടെ പേരിലുമുണ്ട് ഈ കൗതുകം-ആൻഡ്രില ക്ലർക്ക്, മൃദുല, ബ്രിട്ടീഷൻ എന്നിങ്ങനെയാണ് പേരുകൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group